UAPA നിയമവും ഭരണകുടഭീകരതയും

മൊഴിമാറ്റം : കയൽവിഴി

സുപ്രീംകോടതി ജഡ്ജി 2016 ൽ മഹാരാഷ്ട്ര സംസ്ഥാനത്തോടിയി ചോദിച്ചു, “നിങ്ങൾക്ക് ഒരു പൗണ്ട് മാംസം പുറത്തെടുക്കാൻ ആഗ്രഹമുണ്ടോ?” ദില്ലി യൂണിവേഴ്‌സിറ്റി പ്രൊഫസർ ജി.എൻ.സായിബാബയുടെ ജാമ്യാപേക്ഷയെ എതിർത്തതിനെ തുടർന്നായിരുന്നു ചോദ്യം.2014 ലാണ് സായിബാബയെ അറസ്റ്റുചെയ്യുന്നത്. ഇതിനെ പോലീസ് ന്യായീകരിക്കുന്നത് ‘ദേശവിരുദ്ധ പ്രവർത്തനങ്ങൾ’ തടയുന്നതിനു വേണ്ടി എന്നാണ്..

90% വികലാംഗനായ സായിബാബയെ ഏകാന്തതടവിൽ പാർപ്പിച്ചു.സുപ്രീംകോടതി ജാമ്യം അനുവദിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. മഹാരാഷ്ട്ര ജില്ലാ കോടതി 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം(UAPA) സായിബാബയെയും ജെഎൻയു വിദ്യാർത്ഥി ഹേം മിശ്ര, പ്രശാന്ത് റാഹി, മഹേഷ് തിർക്കി, പാണ്ഡു നരോട്ടെ, വിജയ് തിർക്കിഎന്നിവരെ മാവോയിസ്റ്റ് രാഷ്ട്രീയ ബന്ധമാരോപിച്ച് ശിക്ഷിച്ചു.യു‌എ‌പി‌എയെക്കെതിരെയും ഈ കേസുമായി ബന്ധപ്പെട്ടും മറ്റും ഉയരുന്ന പ്രധന ചോദ്യങ്ങളാണ് ‘എന്താണ് കുറ്റകൃത്യം?’ ‘ആരാണ് കുറ്റവാളി?’ എന്നത്.

ഓപ്പറേഷൻ ഗ്രീൻഹണ്ടിനെതിരെ പ്രചാരണം നടത്തിയ ആളുകളിൽ ഒരാളാണ് സായിബാബ. യഥാർത്ഥ കുറ്റകൃത്യം അർദ്ധസൈനിക വിഭാഗങ്ങളെ മധ്യേന്ത്യയിലെ വനത്തിലേക്ക് മാറ്റുകയും അവിടെ സർക്കാർ കാവല്‍ക്കാരുടെ ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ഖനന കമ്പനികൾക്ക് തദ്ദേശവാസികളുടെ ഭൂമി കൈമാറുന്നതിനുള്ള ധാരണാപത്രം ഒപ്പുവെപ്പിക്കുകയും ചെയ്തു എന്നതാണ്. അതുപോലെ ഖനന കമ്പനികൾക്ക് കൈമാറുന്നതിനായി തദ്ദേശവാസികളെ അവരുടെ ഭൂമിയിൽ നിന്ന് ഉന്മൂലനം ചെയ്യാനും തുടങ്ങി.ആ ഗ്രാമങ്ങൾക്കിടയിൽ ഇന്ത്യൻ സർക്കാരുടെ കൂലിപട്ടാളത്തിന്റെ അക്രമങ്ങളുടെ കൂമ്പാരമായിരുന്നു. ആളുകളെ തീകൊളുത്തുക, ബലാത്സംഗം ചെയ്യുക അങ്ങനെ…. 2009 ൽ ആരംഭിച്ച ആന്റി-നക്സലൈറ്റ് ഓപ്പറേഷന്റെ പേരിലാണ് ഇവയെല്ലാം ഇന്ത്യൻ ഗവണ്മെന്റ് നടത്തിയത്.ഇതൊക്കെയാണെങ്കിലും, തദ്ദേശവാസികളുടെ നാടുകടത്തലിൽ പ്രതിഷേധിക്കുന്ന ജനങ്ങളെ ദേശവിരുദ്ധർ എന്ന് വിളിക്കാൻ തുടങ്ങി സർക്കാർ.ആക്ടിവിസ്റ്റും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് ഒരു പാരാപ്ലെജിക് പ്രൊഫസറെ പ്രോസിക്യൂഷൻ ചെയ്യുകയും തടവിലാക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട ലേഖനത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, കോടതിയലക്ഷ്യത്തിന് കേസെടുക്കുകയും അവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

ന്യൂനപക്ഷങ്ങൾ (മുസ്‌ലിംകൾ, ദലിതർ, ആദിവാസികൾ), ആക്ടിവിസ്റ്റുകൾ, മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയ എതിരാളികൾ എന്നിവർക്കെതിരെയാണ് യു‌എ‌പി‌എയെ അനുപാതമില്ലാതെ ലക്ഷ്യമിടുന്നത്. 53% ജയിൽ ജനസംഖ്യയിൽ, ജയിൽ സ്ഥിതിവിവരക്കണക്കനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ 39% മുസ്‌ലിംകളും ദലിതരും ആദിവാസികളുമാണ്.സായിബാബയെ കൂടാതെ മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർത്ഥികൾ, ഗോത്രവർഗക്കാർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടവർ.ഇവരുടെ വിധിന്യായത്തിൽ പറയുന്ന പ്രധാന ഭാഗം ‘അവർ ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യുന്നതിനും ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ ആളുകളെ സംഘടിപ്പിക്കുന്നതിനും ക്രിമിനൽ ഗൂഢാലോചന നടത്തി’എന്നാണ്.മാവോയിസ്റ്റ് സാഹിത്യം സായിബാബയുടെ കൈവശം കണ്ടെത്തിയെന്ന് പോലീസ് പരാമർശിക്കുകയും ചെയ്തിരുന്നു.

യു‌എ‌പി‌എയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ നിലവിലുണ്ട്.ഭീകരതയുടെ വിശാലവും അവ്യക്തവുമായ നിർവചനങ്ങൾ നിയമസാധുതയുടെ തത്വത്തെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നു.
2008 ലെ യു‌എ‌പി‌എയുടെ ഭേദഗതി അതിന്റെ മുൻ‌ രൂപമായ പോട്ടയെ പിന്തുടർന്ന് ‘ഇന്ത്യയുടെ ഐക്യം, സമ്പൂര്‍ണ്ണത, സുരക്ഷ അല്ലെങ്കിൽ പരമാധികാരത്തെ ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ… ജനങ്ങളിൽ ഭീകരത അടിച്ചമർത്തുകയോ ചെയ്യുക’ എന്നതിനെയാണ് നിയമവിരുദ്ധമായ ഒരു പ്രവൃത്തി എന്ന് വ്യക്തമാക്കുന്നത്.ഏതെങ്കിലും പ്രവൃത്തി ‘ഇന്ത്യയുടെ ഐക്യം, സമ്പൂര്‍ണ്ണത, സുരക്ഷ അല്ലെങ്കിൽ പരമാധികാരത്തെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്’ അല്ലെങ്കിൽ ‘ജനങ്ങളിൽ ഭീകരത സൃഷ്ട്ടിക്കാൻ സാധ്യതയുള്ള ഏതെങ്കിലും പ്രവൃത്തി ഇന്ത്യയിലോ ഏതെങ്കിലും വിദേശ രാജ്യത്തിലോ നടന്നാലും അത് തീവ്രവാദ പ്രവർത്തനമാണ് എന്ന് ഭേദഗതിയിൽ ഊന്നിപ്പറയുന്നു.അതിനാൽ, ഈ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്നതിന് നിങ്ങൾ യഥാർത്ഥത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടതില്ല.ഒരു പ്രതിഷേധ യോഗത്തിൽ പങ്കെടുത്തതിനോ വിപ്ലവത്തെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചതിനോ ദേശീയഗാനത്തിന് എഴുന്നേറ്റു നിന്നില്ലെങ്കിലോ നിങ്ങളെ അറസ്റ്റ് ചെയ്യാം.സർക്കാരിന്റെ പ്രത്യശാസ്ത്രത്തിൽ നിന്ന് മാറി ചിന്തിക്കുന്ന ആളുകളെ ഈ നിയമം ശിക്ഷിക്കുന്നുവെന്ന് ഗൗതം നവലാഖ നിരവധി തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.UAPA ആക്ടിന് കീഴിലുള്ള ശിക്ഷകൾ വളരെ കുറവാണ്.2014 മുതൽ 2016 വരെ ശരാശരി 75 ശതമാനം കേസുകൾ കുറ്റവിമുക്തരാക്കൽ/ഡിസ്ചാർജ് എന്നിവയിൽ അവസാനിച്ചു. കാരണം ഏറ്റവും ചെറിയ തെളിവുകളിലാണ് അറസ്റ്റ് നടന്നിരുന്നതെന്ന് തന്നെ.

സിമിയുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന മുസ്ലീങ്ങളെന്ന് മുദ്രകുത്താൻ അധികാരികൾ അവ്യക്തമായ നിർവചനങ്ങൾ ഉപയോഗിച്ചിരുന്നു (2001 സെപ്റ്റംബർ മുതൽ സംഘടന നിരോധിച്ചു). സ്വന്തം സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചാൽ സിമിക്ക് ധനസഹായം നൽകുന്നതായി കണക്കാക്കി, മസ്ജിദ് കമ്മിറ്റി അംഗത്തെ സിമി സൂത്രധാരനാക്കി മാറ്റിയതാണതിലൊന്ന്.അതുപോലെ, നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളിലെ അംഗങ്ങളായി രാഷ്ട്രീയ വിമതരെ (ദലിത്, ഗോത്ര സമുദായങ്ങളിലെ അംഗങ്ങൾ ഉൾപ്പെടെ) ചിത്രീകരിക്കുന്നത്,’എൽഗർ പരിഷത്തുമായി’ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ദലിത് പ്രവർത്തകരായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെൻ, മഹേഷ് റൗത്ത്, റോണ വിൽസൺ എന്നിർക്കെതിരെ ഭീമ കൊറെഗാവ് കേസ് രജിസ്റ്റർ ചെയ്തതൊക്കെ ഉദാഹരണങ്ങളാണ്.അവ്യക്തത, ജുഡീഷ്യൽ അവലോകനത്തിന് തടസം സൃഷ്ടിക്കുന്നു.അതോടൊപ്പം ക്രമസമാധാനം, ദേശീയ പരമാധികാരം എന്നിവ വേർതിരിക്കുന്നതിൽ ജുഡീഷ്യറി പരാജയപ്പെട്ടിരിക്കുന്നു.സായിബാബയുടെ കേസിലെ ജഡ്ജി പറഞ്ഞത്, ‘ജീവപര്യന്തം തടവും പ്രതികൾക്ക് മതിയായ ശിക്ഷയല്ല’ എന്നാണ്!

പ്രീ ട്രയൽ അന്വേഷണവും തടങ്കലിൽ വയ്ക്കാനുള്ള നടപടിക്രമങ്ങളും വ്യക്തിഗത സ്വാതന്ത്ര്യത്തെ ലംഘിക്കുന്നു.ജാമ്യമില്ലാതെ 180(UAPA കേസിൽ അറസ്റ്റ് ചെയ്യപെടുന്നവർ) ദിവസം ജയിലിൽ കഴിയുമ്പോൾ പ്രതികൾക്കെതിരെ പ്രതികൂല തെളിവുകൾ ശേഖരിക്കാൻ അധികാരികൾക്ക് മതിയായ സമയം ലഭിക്കുന്നു.അതോടോപ്പോം പോലീസിന്റെയും പ്രോസിക്യൂട്ടർ തീരുമാനമെടുക്കുന്നതിന്റെയും മതിയായ മേൽനോട്ടത്തിന്റെ അഭാവവുമുണ്ട്. ആ തീരുമാനം ഏകപക്ഷീയവും വിവേചനപരവും ഏകീകൃതവുമായ രീതിയിലാണ് നടപ്പാക്കുന്നത്.തീവ്രവാദബാധിത പ്രദേശങ്ങളിൽ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനും, തിരയൽ, ബലപ്രയോഗം, വ്യക്തികളെ തടയുക തുടങ്ങിയ ജുഡീഷ്യൽ ക്രിമിനൽ നടപടിക്രമങ്ങൾ അനുവദിക്കുന്നതിനും ദേശീയ, സംസ്ഥാന സർക്കാരുകൾക്കും സൈനികർക്കും പൊലീസിനും UAPA നിയമം വിപുലമായ അധികാരം നൽകുന്നു.

മുൻ‌കൂർ ജാമ്യത്തിനുള്ള വ്യവസ്ഥ UAPA നിയമത്തിൽ ഇല്ല എന്നതാണ് മറ്റൊരു പ്രശ്നം.ജാമ്യം ബുദ്ധിമുട്ടാണ്, കാരണം ഒരു കുറ്റവും ചെയ്തതിട്ടില്ലെന്ന് നിങ്ങൾ തെളിയിക്കണം.ഈ വ്യവസ്ഥകളെല്ലാം തന്നെ, വിചാരണയിലൂടെ കടന്നുപോകുന്ന പ്രക്രിയ വളരെയധികം പീഡനമാണെന്ന് ഉറപ്പാക്കുന്നു.
ഭീകരവിരുദ്ധ നിയമനിർമ്മാണത്തിന്റെ മുമ്പത്തെ പതിപ്പുകൾക്ക് ‘സൂര്യാസ്തമയം’ എന്ന ഉപവാക്യം ഉണ്ടായിരുന്നു. ഒരു നിശ്ചിത സമയത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരുന്നത് അവസാനിപ്പിച്ചിരുന്നു.ഡോ. സായിബാബയുടെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിക്ക് അടിയന്തിരവുമായ വൈദ്യസഹായം ആവശ്യമാണെന്നും അത് ലഭിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്നും യുഎനിൽ പല അംഗങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.പ്രത്യേകിച്ച് പ്രായമായവർക്ക് ഇന്ത്യൻ ജയിൽ സമ്പ്രദായം കഠിനമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.വേണ്ടത്ര വൈദ്യസഹായവും ജയിൽ അധികൃതരുടെ പിന്തുണയുടെ അഭാവവും ജയിലുകളുടെ വാസയോഗ്യമല്ലാത്ത അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നു.മനുഷ്യാവകാശ പ്രവർത്തകനായ ഗൗതം നവലഖയ്ക്ക് കണ്ണട നിഷേധിച്ചതും ഇതിൻ്റെ തുടർച്ചയാണ്.

ഫാ.സ്റ്റാൻ സ്വാമി പാർക്കിൻസൺസ് രോഗം ബാധിച്ചതു മൂലം ജയിൽ തടവുകാരുടെ സഹായത്തെ ആശ്രയിച്ചിരിക്കു കയാണിപ്പോൾ. വടക്കുകിഴക്കൻ ദില്ലി കലാപക്കേസിൽ സഫൂറ സർഗറിനെതിരെ യു‌എ‌പി‌എ കേസെടുക്കുകയും ജാമ്യം ലഭിക്കാതെ ഒരു മാസത്തോളം അവർ ജയിലിൽ കഴിയുകയും ചെതിരുന്നു.അവരുടെ ഗർഭാവസ്ഥയും ദില്ലിയിലെ തിരക്കേറിയ ജയിലിൽ കൊറോണ വൈറസിന് വിധേയമാകാനുള്ള സാധ്യതയിലും അവർ കോടതിയിൽ വാദിച്ചിരുന്നു.അതിനെ തുടർന്നാണ് കോടതി ചികിത്സക്കും പ്രസവാനന്തര പരിചരണത്തിനും മറ്റും, അടുത്തിടെ രണ്ടുമാസം സഫൂറക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ ജാമ്യം അനുവദിച്ചത്.

യു‌എ‌പി‌എ കേസുകളുടെ ഭവിഷ്യത്തുകൾ വ്യക്തികൾക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. മറിച്ച് മുഴുവൻ കമ്മ്യൂണിറ്റികളിലേക്കും ഗ്രാമങ്ങളിലേക്കും അത് ബാധിക്കുന്നു.ഇതിനുള്ള തെളിവാണ് ‘വലിയ വിദ്യാഭ്യാസമില്ലാത്ത മുസ്‌ലിം യുവാക്കൾ’എന്ന വ്യാജേന മുസ്‌ലിം ഭൂരിപക്ഷ സമുദായത്തെ ഭീകരതയുടെ പ്രചാരണ കേന്ദ്രങ്ങളായി വിശേഷിപ്പിക്കുന്നത്. അസംഘർ (യുപി), ഭട്കൽ (കർണാടക) എന്നിവ ഭീകരരുടെ താവളമായി ഇപ്പോഴും ചിത്രീകരിക്കപ്പെടുന്നത് ഇതിനുദാഹരണമാണ്.ഇതുമൂലം ഇന്ത്യയുടെ ഏത് ഭാഗത്തുമുള്ള കേസുകൾ ഈ പട്ടണങ്ങളുമായി ബന്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.ഭട്കൽ (94.1% സാക്ഷരതാ നിരക്ക്) യാസിൻ ഭട്കലിന്റെ (ഇന്ത്യൻ മുജാഹിദിനുമായി ബന്ധപ്പെട്ടിരിക്കുന്നു) പര്യായമായി മാറി.തൽഫലമായി, പ്രീമിയർ വിദ്യാഭ്യാസ സൗകര്യങ്ങളും ഏതാനും ആശുപത്രികൾ കൂടുതൽ ഉണ്ടായിരുന്നിട്ടും, ഈ പ്രദേശങ്ങളിൽ ഡോക്ടർമാരുടെയും (പ്രത്യേകിച്ച് ഗൈനക്കോളജിസ്റ്റുകളുടെയും) അധ്യാപകരുടെയും കടുത്ത ക്ഷാമവും നിലനിൽക്കുന്നു!

യു‌എ‌പി‌എ പോലുള്ള നിയമങ്ങൾ ഭരണഘടനയെക്കുറിച്ചും പൗരസ്വാതന്ത്ര്യത്തെ ബാധിക്കുന്നതിനെ ക്കുറിച്ചും ധാരാളം ചോദ്യങ്ങൾ ഭരണകൂടത്തോട് ഉയർത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ കരിനിയമങ്ങളാൽ രാജ്യം ഫാസിസത്തിലേക്ക് നയിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോൾ പോലുമുണ്ടാവുന്ന ഈ നിസംഗതയും നിശബ്ദതയും ഭീതിപ്പെടുത്തുന്നത് തന്നെയാണ്. അടുത്തത് ആര് എന്ന ചോദ്യം മാത്രം അപ്പോഴും അവശേഷിക്കുന്നു.

(ഐഐഎം അഹമ്മദാബാദിലെ രണ്ടാം വർഷ വിദ്യാർത്ഥിയായ കുനാൽ പന്ത് ‘കൗണ്ടർ കറൻ്റസി’ൽ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ)