ഹാലിയുടെ ‘റൂട്സ്’; അമേരിക്കൻ വരേണ്യത നിർമിച്ച ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ

ദത്ത് പടവെട്ടി

അലക്സാണ്ടർ ഹാലി ‘റൂട്സ്‌’ എന്ന തൻ്റെ വിശ്വാവിഖ്യാതമായ നോവലിന്റെ അവസാനത്തിൽ ഇങ്ങനെ പറഞ്ഞ് വെക്കുന്നുണ്ട്. “നമ്മളുടെ ഈ കഥ പുരസ്‌കാര ജേതാക്കളാൽ എഴുതപ്പെട്ട കെട്ടുകഥകളാൽ നിർമ്മിതമായ, ചരിത്രത്തെ തന്നെ പൊളിച്ചെഴുതും”.ഇതു തന്നെയാണ് 1976 കളിൽ എഴുതപ്പെട്ട ഈ നോവലിനെ സമകാലീനമാക്കുന്നത്.ജോർജ് ഫ്ലോയിഡ്മാർ വംശീയതയുടെ ഷൂസിനടിയിൽ കിടന്ന് ശ്വാസം മുട്ടി മരിക്കുന്ന ഈ കാലഘട്ടത്തിൽ ഹാലിയുടെ ആത്മകഥാംശപരമായ ഈ നോവൽ വീണ്ടും വായനക്ക്‌ വിധേയമാക്കേണ്ടതുണ്ട്.

റൂട്ട്സ്‌ എന്നാൽ വേരുകൾ.ഹാലിയുടെ ഏഴുതലമുറകൾ തേടിയുള്ള, തൻ്റെ തന്നെ അടിവേര് തേടിയുള്ള അന്വേഷണം പറയാതെ മൂടിവച്ച അമേരിക്കയുടെ കടന്നുകയറ്റത്തിൻ്റെയും വംശീയാടിമത്വത്തിൻ്റെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതാണ്.തുടക്കം മുതൽ തന്നെ നോവൽ ആഫ്രിക്കയുടെ സ്വത്വത്തോട് ചേർന്നു നിൽക്കുന്നുണ്ട്.തെറ്റിധാരണകളാലും തെറ്റായവ്യാഖ്യാനങ്ങൾ കൊണ്ടും തീർത്ത് വച്ച ക്യാൻവാസിന്റെ മുകളിൽ മറഞ്ഞു കിടന്ന നഗ്നമായ സാംസ്കാരിക ചരിത്രത്തെ ‘റൂട്സ്’ പുറത്ത് കൊണ്ട് വരുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും ചരിത്രത്തിന്റെ മൊത്ത കച്ചവടക്കാർ കറുത്ത വംശജർക്കേൽപ്പിച്ച മുറിവിനെ തുന്നി ചേർക്കുന്നതാണ് ഈ സാഹിത്യ സൃഷ്ടി.അവഗണനയുടെയും ഇന്നും നില നിൽക്കുന്ന വിവേചനത്തിന്റെയും ഭയപ്പെടുത്തന്ന ഭീകരതയെ തുറന്നുകാണിക്കുകയാണ് ഹാലി ഈ നോവലിലൂടെ.

ആഫ്രിക്കൻ സംസകാരങ്ങളെ പരിചയപ്പെടുത്തുന്നതിനാണ് ആദ്യത്തെ നല്ലൊരു ഭാഗം കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്നത്.12 വർഷത്തെ തീക്ഷ്ണമായ ഗവേഷണത്തിലൂടെയാണ് ഹാലി ഏഴു തലമുറയുടെ ചരിത്രം നമുക്ക്‌ മുന്നിലേക്ക് എത്തിക്കുന്നത്.പാരമ്പര്യമായി പറഞ്ഞു കിട്ടിയ അറിവിനെ ഒരു പൂർണ ശില്പമാക്കി മാറ്റാൻ എഴുത്തുകാരന് ഈ ഗവേഷണങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

വെസ്റ്റ്‌ ആഫ്രിക്കയിലെ ഗാംബിയയിലുള്ള ജഫ്‌റി എന്ന ഗ്രാമത്തിൽ 1750 കളിലെ വസന്തകാലത്ത് ജനിക്കുന്ന ‘കുന്ത കിന്റെ’ യുടെ ജനനത്തിലൂടെയാണ് നോവൽ ആരംഭിക്കുന്നത്.തുടർന്ന് ‘കുന്ത’യുടെ കണ്ണിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ആ ചുറ്റുപാടുകളിലെ ഋതുക്കളും വിശപ്പും പ്രണയവും പഠനവും ഉത്തരവാദിത്തങ്ങളും എല്ലാം വായനക്കാരന് അനുഭവഭേദ്യമാകുന്ന രീതിയിൽ വർണിക്കുന്നുണ്ട് നോവലിസ്റ്റ്.അതിലൂടെ “മാൻഡിൻക”(mandinka) വിഭാഗത്തിലെ ജനതയുടെ സാംസകാരിക ജീവിതത്തിലേക്ക് എഴുത്തുകാരൻ നമ്മെ ക്ഷണിക്കുന്നു.തുടർന്ന് ‘കുന്ത’യെ ഒറ്റുകാരുടെ സഹായത്തത്തോടെ ടൗബോബ് ഷിപ്പുകളിൽ അകപ്പെടുത്തി അടിമയാക്കി വെള്ളക്കാർ കൊണ്ടുപോകുന്നതോടെ നോവൽ മറ്റൊരു തലത്തിലേക്ക് പ്രവേശിക്കുകയാണ്.

അമേരിക്കയിലെത്തിയ കുന്ത തുടർന്ന് ബെൽ എന്നു പേരുള്ള മറ്റൊരു അടിമയാക്കപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുകയും അവർക്ക് ഒരു മകൾ(കിസ്സി) ജനിക്കുകയും ചെയ്യുന്നു.അനുഭവിച്ച യാതനകളും തങ്ങളുടെ യഥാർത്ഥ സംസ്ക്കാരവും മകൾക്ക് പകർന്ന് കൊടുക്കാൻ കുന്ത ശ്രമിക്കുന്നുണ്ട്. സ്വന്തം മണ്ണിലേക്ക് തിരിച്ച്‌ പോകാനുള്ള,സ്വാതന്ത്ര്യം തിരിച്ച്‌ പിടിക്കാനുള്ള കുന്തയുടെ ത്വരയിലൂടെ ആണ് പിന്നീട് കഥ വികസിക്കുന്നത്. കിസ്സി ഒരു വെള്ളക്കാരന്റെ റേപ്പിന് വിധേയമാകുകയും ഇരു നിറത്തിലുള്ള ജോർജ് ജന്മമെടുക്കുകയും ചെയ്യുന്നതോടെ കുന്തയുടെ അടുത്ത തലമുറയുടെ കഥ ആരംഭിക്കുന്നു. ജോർജ് കോഴിപ്പോരുകളിൽ പേരെടുക്കുകയും തുടർന്ന് ‘ചിക്കൻ ജോർജ്’ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു.ഇങ്ങനെ കുന്തയുടെ ആറു തലമുറയുടെയും അവസാനം അത്‌ ഹാലി വരെ എത്തി നിൽക്കുന്നതും നോവലിലൂടെ അതി സൂക്ഷ്മതയോടെ, ആസ്വാദ്യകരമായി പറഞ്ഞു പോകുന്നു.പാശ്ചാത്തലത്തിൽ അമേരിക്കയുടെ റിവൊല്യൂഷനറി വാർ, സിവിൽ വാർ തുടങ്ങിയവയുടെ പൊയ് മുഖങ്ങൾ കെട്ടഴിഞ്ഞു വീഴുന്നതും കാണാം.

കറുത്തവർഗ്ഗക്കാരെ മനുഷ്യരായി കാണാൻ പോലും വിവേചന ശക്തിയില്ലാത്ത, കാടത്ത പൂർണമായി മാത്രം പെരുമാറുന്ന അമേരിക്കൻ വരേണ്യവർഗത്തിൻ്റെ ദുർഗ്ഗന്ധം വമിക്കുന്ന ചരിത്രത്തിലേക്ക് ‘റൂട്ട്സ്’ ശക്തമായി ആഴ്ന്നിറങ്ങുന്നുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്ന വരേണ്യബോധത്തിനെതിരെ ‘റൂട്ട്സ്’ വിരൽ ചൂണ്ടുന്നു. ലോകത്തെല്ലായിടത്തെയും പാർശ്വവത്കൃതരും വംശീയ-ജാതി-വർഗ വിവേചനങ്ങൾ നേരിടുന്നവരും തങ്ങളുടെ വേരുകൾ തിരിച്ചറിയാനും തങ്ങളെ രണ്ടാംനിര പൗരന്മാരാക്കുന്ന വരേണ്യവർഗ വ്യവസ്ഥിതിക്കെതിരെ സംഘടിതരായി പോരാടാനും നോവൽ ആഹ്വാനം ചെയ്യുന്നുണ്ട്.

അലക്സാണ്ടർ ഹാലി

അലക്സാണ്ടർ മുറെ പാമെർ ഹാലി എന്ന അലക്സണ്ടർ ഹാലി 1921 യുണൈറ്റഡ് സ്റ്റേറ്റ്സ്‌ ഇൽ ന്യൂയോർക്കിൽ ജനിച്ചു.1965 ൽ പുറത്തിറങ്ങിയ ‘ദി ഓട്ടോബൈയോഗ്രഫി ഓഫ് മാൽക്കം എക്സ്’ എന്ന കൃതിയുമായാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്.മാൽകം ആയി നടത്തിയ ഒരുപാട് വലിയ സംഭാഷങ്ങളിലൂടെ നേടിയ അറിവുകളിലൂടെ ആണ് ആ കൃതി ഹാലി തയ്യാറാക്കുന്നത് .ബ്ലാക്ക്‌ നാഷണലിസം ,പാൻ ആഫ്രിക്കനിസം തുടങ്ങിയ മൂവ്മെന്റ്കൾക്ക് നേതൃത്വം കൊടുത്ത മാൽക്കം എക്സിനെ പ്രതിപാദിച്ചുകൊണ്ട് തയ്യാറാക്കിയ ആദ്യത്തെ കൃതിയിലൂടെ തന്നെ തന്റെ പൊളിറ്റിക്കൽ സ്റ്റാന്റ് അദ്ദേഹം ലോകത്തോട് വിളിച്ച് പറഞ്ഞു.1976 ൽ പുറത്തിറങ്ങിയ ‘റൂട്സ് :ദി സാഗ ഓഫ് ആൻ അമേരിക്കൻ ഫാമിലി’ എന്ന നോവലിലൂടെ പുലിറ്റ്സർ അംഗീകാരത്തിന് ഹാലി അർഹനായി.