‘ജാമ്യമാണ് നീതി’; പന്തീരങ്കാവ് കേസിലെ ഹൈക്കോടതി വിധിയെ അപലപിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയിറക്കി

പന്തീരങ്കാവ് യുഎപിഎ കേസിൽ NIA കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കുകയും ത്വാഹ ഫസലിനെ തിരിച്ച് ജയിലിലേക്കയക്കുകയും ചെയ്ത കേരള ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ച് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയിറക്കി.

യുഎപിഎ കേസുകളിൽ കുറ്റാരോപിതനായാൽ ജാമ്യം പോലും ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് ഹൈക്കോടതി വിധിയിലൂടെ നീതിന്യായ സംവിധാനം എത്തിച്ചേർന്നിരിക്കുന്നതെന്നും ഭരണകൂടത്തിന് അനഭിമതരായവരെയെല്ലാം എത്ര കാലം വേണമെങ്കിലും ജയിലഴിക്കുള്ളിലാക്കാനും കഴിയുന്ന ദുരവസ്ഥയാണ് നിലവിലുള്ളതെന്നും മനുഷ്യാവകാശ പ്രസ്ഥാനം പ്രസ്താവനയിൽ പറയുന്നു. വിശദമായി പരിശോധിച്ചാൽ നിലനിൽക്കാത്ത തെളിവുകളാണെങ്കിലും, കുറ്റാരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നു വിശ്വസിക്കാൻ തക്ക തെളിവ് മാത്രം മതി ജാമ്യം നിഷേധിക്കപ്പെടാൻ.ഇതോടെ വിചാരണാനടപടികൾ അവസാനിച്ചു കുറ്റാരോപണം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടു മാത്രമേ ആർക്കും ജയിൽ മോചിതനാകാൻ കഴിയൂ എന്നും പ്രസ്താവനയിലൂടെ വിമർശനമുന്നയിക്കന്നു.

പ്രസ്താവനയുടെ പൂർണരൂപം:

താഹയെ ജയിലിലേക്ക് തിരിച്ചയച്ച ഹൈക്കോടതി വിധി ജനാധിപത്യവിരുദ്ധവും അനീതിയുമാണ്

സുഹൃത്തെ,


പന്തീരാങ്കാവ് കേസ്സിൽ കീഴ്‌ക്കോടതിയുടെ ജാമ്യ ഉത്തരവ് അസ്ഥിരപ്പെടുത്തുകയും ത്വാഹ ഫസലിനെ ജയിലിലേക്ക് തിരിച്ചയക്കുകയും ചെയ്ത കേരള ഹൈക്കോടതി വിധിയിൽ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

പന്തീരാങ്കാവ് യു.എ.പി.എ കേസ്സിൽ താഹാ ഫസലിനെ ജയിലിലേക്ക് അയച്ച ഹൈക്കോടതി വിധി ജനാധിപത്യവിരുദ്ധവും അനീതിയുമാണ്. 11 മാസക്കാലം തടവിൽ കഴിഞ്ഞ ത്വാഹക്കും അലനും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നു. അതിനെതിരെ എൻ.ഐ.എ നൽകിയ അപ്പീൽ അനുവദിച്ചു കൊണ്ടാണ് കേരള ഹൈക്കോടതി താഹാ ഫസലിനെ ജയിലിലേക്കു അയക്കാൻ ഉത്തരവിട്ടത്. കൂട്ടു പ്രതിയായ അലന്റെ പ്രായവും വിഷാദരോഗത്തിന് ചികിത്സയിലാണ് എന്നതും കണക്കിലെടുത്ത് ജാമ്യത്തിൽ തുടരാൻ കോടതി അനുവദിച്ചു. എന്നാൽ ത്വാഹ ഫസലിൻ്റെ കാര്യത്തിൽ ഇത്തരത്തിൽ യാതൊരുപരിഗണനകളും നൽകാൻ കോടതി തയാറായതുമില്ല.

യു.എ.പി.എ കേസ്സുകളിൽ കുറ്ററാരോപിതനായാൽ ഇനി ജാമ്യം സാധ്യമല്ല എന്ന അതീവ ഗുരുതരമായ ഒരു സാഹചര്യത്തിലേക്കാണ് ഹൈക്കോടതിയുടെ വിധി നമ്മുടെ നീതിന്യായ സംവിധാനത്തെ എത്തിച്ചിരിക്കുന്നത്. ഒരു എഫ് ഐ ആറും, തൊണ്ടിയായി രണ്ടു പുസ്തകവും കുറച്ച് നോട്ടീസും കൂടി ചേർത്ത് വച്ചാൽ പിന്നെ ആരെയും യു.എ.പി.എ പ്രകാരം കേസ്സെടുത്ത്, ഭരണകൂടത്തിന് താത്പര്യമുള്ളിടത്തോളം കാലം തടവിലിടാം എന്നതാണ് ഈ വിധി മൂലം ഉണ്ടായിട്ടുള്ള ദുരവസ്ഥ. രാഷ്ട്രീയ എതിരാളികളെയും വിമതരെയും അടിച്ചമർത്താനും, ചിന്തകൾക്കും അഭിപ്രായപ്രകടനങ്ങൾക്കും മേൽ പോലീസിംഗ് ഏർപ്പെടുത്താനും കഴിയും വിധം പോലീസ് അധികാരത്തെ കയറൂരി വിടുന്നു എന്നതാണ് ഈ വിധിയിലെ ജനാധിപത്യവിരുദ്ധത.

ജാമ്യം ആണ് നീതി എന്ന നിയമതത്വം യു.എ.പി.എ കേസ്സിൽ ബാധകമല്ലെന്ന് ഈ വിധി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നു.ഇത് സൃഷ്ടിക്കുന്ന അപകടം ചെറുതല്ല. കീഴ്‌ക്കോടതി വിശദമായി പരിശോധിച്ചു പ്രതികൾക്കെതിരെയുള്ള കുറ്റാരോപണം ശരിയാണെന്ന് വിശ്വസിക്കാൻ തക്ക തെളിവില്ലെന്ന് കണ്ടെത്തിയത് തെറ്റാണെന്നും ജാമ്യഹർജി പരിഗണിക്കുമ്പോൾ വിശദമായ പരിശോധന നടത്തേണ്ടെന്നും കേസ് ഡയറി പരിശോധിച്ച് മൊത്തത്തിൽ കുറ്റാരോപണം വിശ്വസിക്കാൻ തക്ക വസ്തുതകൾ ഉണ്ടോ എന്ന് മാത്രമാണ് നോക്കേണ്ടതെന്നുമാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. 2019 ൽ സുപ്രീം കോടതിയുടെ ‘വാടാലി’ കേസിലെ വിധിയെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം ഒരു നിരീക്ഷണം കോടതി നടത്തുന്നത്. യു.എ.പി.എ നിയമത്തിലെ 43(5)ഡി വകുപ്പ് വ്യാഖ്യാനിച്ചു കൊണ്ടാണ് കോടതി ഇപ്രകാരം പറയുന്നത്. അനഭിമതരെ ദീർഘകാലം തടവറയിൽ അടക്കാൻ വേണ്ടി മാത്രമാണ് ഈ നിയമം എന്ന മനുഷ്യാവകാശപ്രവർത്തകരുടെ വിമർശനത്തെ ശരി വെക്കുന്നതാണ് ഈ വ്യാഖ്യാനം. വിശദമായി പരിശോധിച്ചാൽ നിലനിൽക്കാത്ത തെളിവുകൾ ആണെങ്കിലും കുറ്റാരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നു വിശ്വസിക്കാൻ തക്ക തെളിവ് മാത്രം മതിയത്രെ ജാമ്യം നിഷേധിക്കപ്പെടാൻ. ഇത് എത്രമാത്രം ക്രൂരമാണ്.ഇതോടെ വിചാരണാ നടപടികൾ അവസാനിച്ചു കുറ്റാരോപണം തെറ്റാണെന്ന് തെളിയിച്ചു കൊണ്ടു മാത്രമേ ഇനി ആർക്കും ജയിൽ മോചിതനാകാൻ കഴിയൂ. ഇതു ഭരണകൂടത്തിനു അമിതമായ അധികാരം നൽകുന്നതും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നതുമാണ്. പ്രത്യേക കോടതി ഉത്തരവ് തെറ്റാണെന്ന് പറയുക മാത്രമല്ല ഇവിടെ ഡിവിഷൻ ബെഞ്ച് ചെയ്യുന്നത്, ജാമ്യം നൽകിയ ന്യായാധിപനെ അനുചിതമായ വിധം വിമർശിക്കുക കൂടി ചെയ്യുന്നുണ്ട്.മൊബൈൽ ഫോൺ കൈവശമില്ലാതിരുന്നത് പോലും പോലീസ് ഭാഷ ഏറ്റുപിടിച്ച് കുറ്റമായി കണ്ട ഹൈക്കോടതി ഇവർക്കെതിരെ തെളിവില്ലാതിരുന്നത്, തെളിവുകളില്ലാതാക്കാനുള്ള അവരുടെ കഴിവു കൊണ്ടാണെന്ന വിചിത്രമായ യുക്തി പോലും അവതരിപ്പിക്കുന്നു.

ചുരുക്കത്തിൽ സമീപകാലത്ത് ഇന്ത്യൻ ജ്യുഡീഷ്യറിയിൽ ഉണ്ടായിരിക്കുന്ന മാറ്റത്തെ പ്രതിഫലിപ്പിക്കുന്നത് കൂടിയാണ് ഈ വിധി. ഭരണകൂടത്തിന്റെ താൽപര്യങ്ങൾക്കു യാതൊരു മടിയുമില്ലാതെ വഴങ്ങിക്കൊടുക്കുകയും പൗരസ്വാതന്ത്ര്യത്തെ അടിയറ വെക്കുകയും ചെയ്യുന്ന വിധിന്യായങ്ങൾ ഇന്ത്യൻ ജ്യുഡീഷ്യറിയുടെ ദുർബലതയെ കൂടിയാണ് വെളിവാക്കുന്നത്.