കോടതി അനുവദിച്ച എസ്കോർട്ട് പരോളിനെ അട്ടിമറിച്ചു; നിരാഹാര സമരവുമായി മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരൻ അനൂപ്

കോടതി അനുവദിച്ച എസ്കോർട്ട് പരോൾ അട്ടിമറിച്ച കേരള-തമിഴ്നാട് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ അനൂപ് നിരാഹാര സമരം തുടങ്ങി.അനൂപിൻ്റെ കോവിഡ് വിമുക്ത സർട്ടിഫിക്കറ്റ് ഇതുവരെയും ലഭ്യമായില്ല എന്നതാണ് പരോൾ നിഷേധിച്ചതിന് കാരണമായി കേരളപോലീസ് പറയുന്നത്.കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞ 6 വർഷമായി വിചാരണത്തടവുകാരനായി കഴിയുകയാണ് അനൂപ് മാത്യു ജോർജ്. 2015 ലാണ് വീരമണി,കണ്ണൻ,രൂപേഷ്,ഷൈന എന്നിവരോടൊപ്പം കോയമ്പത്തൂരിൽ നിന്നും അനൂപ് അറസ്റ്റ് ചെയ്യപ്പെടുന്നത്.

നീണ്ടകാലത്തിന് ശേഷം കഴിഞ്ഞ ജനുവരി 22 ന് കൊല്ലം സെഷൻസ് കോടതി പത്തനംതിട്ടയിലെ വീട്ടിലേക്ക് പോകാൻ അനൂപിന് എസ്കോർട്ട് പരോൾ അനുവദിച്ചിരുന്നു. ജനുവരി 24 അല്ലെങ്കിൽ 31 തീയതികളിൽ പരോൾ നടപ്പാക്കണം എന്നായിരുന്നു കോടതി ഉത്തരവ്.രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരുന്നു പരോളിൻ്റെ സമയം അനുവദിച്ചിരുന്നത്.

അനൂപിന് പരോൾ നിഷേധിച്ച കേരള- തമിഴ്നാട് പോലീസിൻ്റെയും ജയിലധികൃതരുടെയും നടപടി അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ജനാധിപത്യ അവകാശങ്ങളുടെ ലംഘനവുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ തുഷാർ പ്രതികരിച്ചു.ജയിലിൽ തടവുകാരായി കഴിയുന്നവർക്ക് വീട്ടിലെ ആളുകളെ കാണാനായി പരോൾ അനുവദിക്കുക എന്നത് നിയമപരമായി നടക്കുന്ന ഒന്നാണ്.തടവ് ജീവിതത്തിനിടയ്ക്ക് അൽപ്പം ആശ്വാസം കിട്ടുന്ന ഒന്നാണ് വീട്ടുകാരെ കാണുക എന്നത്.അതിനാൽ തന്നെ പരോളിന്‌ സാധ്യത ഇല്ലാത്ത വിചാരണത്തടവുകാർക്കും മറ്റും കോടതി എസ്‌കോർട്ട് പരോൾ അനുവദിക്കാറുണ്ട്.അത് നിയമത്തിൽ അനുവദനീയവും ആണ്.അനൂപ് 2015 മുതൽ കോയമ്പത്തൂർ ജയിലിൽ വിചാരണത്തടവിൽ കഴിയുകയാണ്.മൊത്തം 11 കേസുകളാണ് അനൂപിന് നിലവിലുള്ളത്.അതിൽ 10 കേസുകൾക്ക് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. NIA യുടെ ഒരു കേസിൽ മാത്രമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്.

കഴിഞ്ഞ 6 വർഷത്തിനിടെ ഒരു പ്രാവശ്യം മാത്രമാണ് അനൂപിന് എസ്കോർട്ട് പരോൾ ലഭിച്ചിട്ടുള്ളത്. പ്രായമായ അമ്മയെ കാണാനാണ് അനൂപ് പരോളിനപേക്ഷിച്ചത്. അമ്മയ്ക്ക് പ്രായമായാതിനാൽ യാത്രചെയ്ത് കോയമ്പത്തൂർ വരെ പോകാനുള്ള ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ടാണ് അദ്ദേഹം എസ്കോർട്ട് പരോളിന് കൊല്ലം കോടതിയിൽ ഓൺലൈൻ വഴി അപേക്ഷ നൽകിയത്.അതനുസരിച്ചാണ് പരോളിന്‌ കൊല്ലം കോടതി ഓർഡർ നൽകിയത്. ജനുവരി 24 അല്ലെങ്കിൽ 31 തീയതികളിൽ അനൂപിനെ പത്തനംതിട്ടയിലെ വീട്ടിൽ എത്തിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹത്തിന് കുടുംബാംഗങ്ങളുമായി കുറച്ചു സമയം ചിലവഴിക്കാനുമുള്ള അനുവാദമാണ് കോടതി ഉത്തരവിൽ പറഞ്ഞിരികുന്നത്.

ഇന്നലെ വൈകിട്ട് അഞ്ചുമണിവരെ കോയമ്പത്തൂർ ജയിൽ അധികൃതർ അനുപിനോട് പറഞ്ഞത് പരോളിന് കൊണ്ടുപോകുമെന്ന് തന്നെയാണ്.രാത്രി എട്ടുമണിയായപ്പോഴാണ് അവർ തീരുമാനം മാറ്റുന്നത്. അനൂപിൻ്റെ കോവിഡ് വിമുക്ത സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല എന്നാണ് കേരള പോലീസ് പരോൾ നിഷേധിച്ചതിനു മറുപടിയായി കുടുംബാംഗങ്ങളോട് പറഞ്ഞത്.

നിയമത്തിൽ അദ്ദേഹം വിചാരണത്തടവുകാരനാണ്.ഒരു കുറ്റവും ചെയ്തു എന്ന് തെളിഞ്ഞിട്ടല്ല അദ്ദേഹം ജയിലിൽ കിടക്കുന്നത്. മറിച്ച് ഇപ്പോളും അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്. ഇങ്ങനെ ജയിലിൽ കിടക്കേണ്ടിവരുന്നത് തന്നെ യൂഎപിഎ പോലുള്ള ജനവിരുദ്ധ നിയമത്തിൽ കുറ്റം ചുമത്തി ജാമ്യം നിഷേധിക്കപ്പെടു ന്നതുകൊണ്ടാണ്. ഇത്തരം ഒരു അവസ്ഥയിൽ പോലും തടവുകാലത്തെ കൂടുതൽ ദുരിതപൂർണമാക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സർക്കാർ സംവിധാനങ്ങളും പോലീസും ജയിൽ അധികൃതരും ചേർന്ന് ഇത്തരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത്.കോടതിയുടെ ഉത്തരവിനെ തന്നെ അട്ടിമറിക്കുകയുമാണ് പോലീസും ജയിലധികൃതരും.ജയിലിൽ കഴിയുന്നവരെ മാനസികമായി കൂടി തളർത്താനുള്ള ഉപാധികളായി ഇത്തരം നടപടികളെ കാണാവുന്നതാണ്. ഭരണഘടനയോ നിയമങ്ങളോ അനുശാസിക്കുന്ന ഒന്നല്ല ഇത്. തടവുകാരനായി കഴിയുക എന്നത് തന്നെ ഒരു ശിക്ഷയായി മാറുന്നുണ്ട്. അനൂപ് ഒരു വിചാരണത്തടവുകാരനായിട്ടു കൂടി ഇത്തരം സമീപനങ്ങളാണ് ഭരണകൂടം അദ്ദേഹത്തോട് സ്വീകരിക്കുന്നത്. പരോളുമായി ബന്ധപ്പെട്ട് കോടതി അടുത്തൊരു ഓർഡർ ഇറക്കുന്നതുവരെ അനൂപ് നിരാഹാരം തുടരുമെന്നും തുഷാർ കൂട്ടിച്ചേർത്തു.