അദ്ധ്വാനത്തെ സംരക്ഷിക്കുക എന്ന മൂല്യം സിഖ് മതക്കാരിൽ മാത്രമൊതുങ്ങുന്നതാണോ???

ഷാൻ്റോലാൽ

എന്തുകൊണ്ട് കർഷക സമരം പഞ്ചാബിലെ സിഖുകാർ നയിക്കുന്നു എന്ന കഞ്ചാ ഐലയ്യയുടെ ചോദ്യവും (‘ദി പ്രിൻ്റി’ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ) അദ്ദേഹമതിനു നൽകുന്ന വിശദീകരണവും, സിഖ് മതവും അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും അടിസ്ഥാനപ്പെടുത്തിയുള്ളതും സമരത്തിന്റെ വർഗ തലത്തെ തള്ളിക്കളയുന്നതും അവഗണിക്കുന്നതും ആണ്.ഈ പോരാട്ടം സിഖ് കർഷകർ ഏറ്റെടുത്തിരിക്കുന്നതിന്റെ മറ്റൊരു കാരണം അവരുടെ അദ്ധ്വാനത്തെ സംരക്ഷിക്കുക എന്ന നിലയിലാണ് എന്നും സിഖ് മതപ്രകാരം കായികാദ്ധ്വാനത്തിന് വലിയ മഹത്വമുണ്ട്,സിഖുകൾക്കിടയിൽ ജാതിയെ ഇല്ലാതാക്കുന്നതിനുള്ള പരിശ്രമങ്ങളിലാണ് ഇതിന്റെ വേരുകൾ,ഭൂരിപക്ഷം സിഖ് കൃഷിക്കാരും ജാട്ടുകളാണ്,ചരിത്രപരമായി അവരും ശൂദ്രവർണ്ണത്തിൽ പെടുന്നവരും ദ്വിജന്മാരുടെ (ബ്രാഹ്മണ-ക്ഷത്രിയ-വൈശ്യ) പീഢനം ഏറ്റുവാങ്ങിയവരും ആണ്, എന്ന് പറയുന്ന കാഞ്ച ഐലയ്യ ഇന്ന് ജാട്ടുകൾ, സമുദായം എന്ന നിലക്ക് എത്തി നിൽക്കുന്ന പ്രബല സ്ഥാനത്തെ മറച്ചു വെക്കുക കൂടി ചെയ്യുന്നുണ്ട്. മാത്രമല്ല ജാതിയെ ഇല്ലാതാക്കാനുള്ള പരിശ്രമത്തിന്റെ വേരുകൾ സമരം ചെയ്യുന്ന സിഖ് കാരല്ലാത്തവരിലും ഉണ്ടെന്നത് കാഞ്ചാ ഐലയ്യക്ക് കാണാൻ കഴിയാത്തത് എന്തുകൊണ്ടാണ്? അദ്ധ്വാനത്തെ സംരക്ഷിക്കുക എന്ന മൂല്യവും സിഖ് മതക്കാരിൽ മാത്രമൊതുങ്ങുന്നതാണോ? അല്ല എന്നതാണ് ശരിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ബ്രാഹ്മണ്യവിരുദ്ധത സിഖിസത്തിന്റെ ഒരു സ്രോതസ്സ് ആയിരുന്നു എന്നതും ഒരു മതമെന്ന നിലയ്ക്ക് അത് അദ്ധ്വാനത്തെ സേവനമായി മഹത്വവൽക്കരിക്കുന്നു എന്ന സവിശേഷതയും നിഷേധിച്ചു കൊണ്ടല്ല ഇത് പറയുന്നത്.എന്തുകൊണ്ട് കർഷകരൊഴികെയുള്ള എല്ലാ സിഖുകാരും ഈ സമരത്തിന് നേതൃത്വം വഹിക്കുന്നില്ല എന്ന് പരിശോധിച്ചാൽ മതമാണോ വർഗമാണോ (വർഗങ്ങളാണോ) സമരത്തിന്റെ ഉൽപ്രേരകമെന്ന് മനസിലാക്കാൻ കഴിയും. സിഖ് മതക്കാർ എല്ലാവരും ആ മതത്തിന്റെ മാത്രം സ്വാധീനത്തിലുള്ളവരല്ല എന്നതാണ് ഒരു കാര്യം. അടിസ്ഥാനപരമായ വർഗ വിഭജനം അതിലും കാണാം. അതിന്റെ ചൂഷണവും കാണാം.സിഖ് മതത്തിൽ ദല്ലാൾ ബൂർഷ്വാസിയുണ്ട്. ദേശീയ ബൂർഷ്വാസിയുണ്ട്‌. മറ്റ് ധനിക കർഷകരും, ഇടത്തരം കർഷകരും, ഇതിൽ തന്നെ ഉയർന്ന ഇടത്തരവും താഴ്ന്ന ഇടത്തരവും കർഷകരുണ്ട്.ദരിദ്ര കർഷകരും ഭൂരഹിത കർഷകരുമുണ്ട്. മാത്രമല്ല സാമൂഹ്യ വിഭാഗങ്ങളാണെങ്കിൽ ആയിരക്കണക്കിന് കർഷക സ്ത്രീകളുടെ പങ്കാളിത്തമുണ്ട്, അവരുടെ നേതൃത്വപരമായ പങ്കുമുണ്ട്. എന്നാൽ സിഖ്മതത്തെ സമരത്തിന്റെ പ്രേരകശക്തിയായി കൊണ്ടുവരുന്നവർ സ്ത്രീകളെ കൊണ്ടു വരാത്തതെന്തുകൊണ്ടാണ്? ജാതീയമായ കൊടിയ വിവേചനങ്ങൾ അനുഭവിക്കുന്ന മർദ്ദിത ജാതിവിഭാഗങ്ങൾ സമരത്തിലുണ്ട്. അവരുടെ പ്രശ്നത്തെയും സിഖ്മതത്തെ സ്ഥാപിക്കുന്നവർ കാണുന്നില്ല. ജാട്ട് വിഭാഗത്തിൽപ്പെട്ടവരും പല മത സമുദായ വിഭാഗങ്ങളിൽപ്പെട്ടവരും, ഉദാഹരണത്തിന് സ്ത്രീകൾ, യുവാക്കൾ, വൃദ്ധർ തുടങ്ങി പല സാമൂഹ്യ വിഭാഗങ്ങളും സമരത്തിലുണ്ട്.ഇതിനെ ഓരോന്നിനെയായി അടർത്തിയെടുത്ത് സമര നേതൃത്വം ഇവരാണെന്ന് വേണമെങ്കിൽ പറയാം. അതെല്ലാം പക്ഷെ, അന്ധൻ ആനയുടെ വാലിൽ പിടിച്ച് ആന, ചൂലുപോലെയാണെന്ന് പറഞ്ഞതുപോലെയേ ആകൂ.

സമരം ചെയ്യുന്നവരെ സിഖ് മതവിശ്വാസികളായല്ല കാണേണ്ടത് അവരെല്ലാം തന്നെ കർഷകരാണെന്ന ശരിയായ നിലപാടിനെതിരെ, സമരം ചെയ്യുന്നവരെ സിഖ് മതവിശ്വാസികളായും കർഷകരായും കാണണം എന്ന മറുവാദഗതിയും ഉയർന്നിട്ടുണ്ട്.ഇതിൽ ഒരു കാര്യം മേൽപ്പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. സമരം ചെയ്യുന്നതിൽ സിഖ് മതക്കാർ മാത്രമല്ല ഉള്ളത് .പിന്നെന്തിന് അവരെ മാത്രം ഉയർത്തിക്കാട്ടണം. എണ്ണത്തിൽ അവർ കൂടുതലുണ്ട് എന്നതും ഒരു യുക്തിയല്ല. അങ്ങനെ നോക്കിയാൽ തന്നെ സ്ത്രീകളുടെയും മർദ്ദിത ജാതികളുടെയും പ്രശ്നമാണ് ഉന്നയിക്കേണ്ടത്. അതുന്നയിക്കുന്നുമില്ല.ഇവിടെ കർഷക സമരത്തിൽ വിവിധ വർഗങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. ഈ മത-സാമൂഹ്യ വിഭാഗങ്ങളിലും മേൽപ്പറഞ്ഞ വർഗ വിഭജനം ഉണ്ട്. സിഖുകാരെല്ലാം അദ്ധ്വാനിക്കുന്ന കർഷകവർഗമല്ല.അവരിലും ചൂഷകവർഗമുണ്ട്. ദല്ലാൾ ബൂർഷ്വാസിയുണ്ട്. ഉദാഹരണത്തിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, മുൻ ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ മൊണ്ടെക് സിംഗ് അലുവാലിയ പോലുള്ള ഇന്നുള്ള പല സിഖ് മതത്തിലെ ദല്ലാൾ ബൂർഷ്വാസികൾ, ഉദ്യോഗസ്ഥമേധാവികൾ, ഇവരൊക്കെ ഈ കർഷക സമരത്തിൽ എന്തു നിലപാടെടുക്കും എന്ന് പരിശോധിച്ചാൽ പലതിനും ഉത്തരം ലഭിക്കും. ചുരുക്കിപ്പറഞ്ഞാൽ സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെ ദുരന്തങ്ങൾ അനുഭവിക്കുന്നവരും ആഭ്യന്തര ചൂഷകവർഗത്തിന്റെ ചൂഷണം അനുഭവിക്കുന്നവരുമായ വിവിധ കർഷക വർഗങ്ങളുടെ ഐക്യമാണ് ഈ സമരത്തിന്റെ നായകസ്ഥാനത്തുള്ളത്.ഈ ഐക്യം രൂപപ്പെടുത്തിയെടുത്തതു തന്നെ ദീർഘനാളത്തെ ശ്രമഫലമായിരുന്നു. വിവിധ കർഷക വർഗ സംഘടനകളിൽ സിഖ് മതക്കാരുണ്ടായിരുന്നെങ്കിലും അതിന്റെ പേരിൽ ഐക്യം ഉണ്ടായിരുന്നില്ല എന്നും കാണണം. ഒരു പന്തിയിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത വൈരുദ്ധ്യം വരെ ഇവർക്കിടയിൽ നിലനിന്നിരുന്നു എന്നതും വസ്തുതയാണ്.വിവിധ കർഷക വിഭാഗങ്ങളാണെങ്കിലും നമ്മളെല്ലാം സിഖുകാരല്ലേ എന്ന് ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ഐക്യം എന്ന് ചുരുക്കം.

നൂറിലേറെ കർഷക സംഘടനകൾ അംഗങ്ങളായിട്ടുള്ള രാഷ്ടീയ കിസാൻ സംഘിന്റേത് പോലുള്ള സംഘടനകളുടെ നേതൃത്വങ്ങളെ പരിശോധിച്ചാൽ ഇത് ഒന്നുകൂടി വ്യക്തമാകും. പഞ്ചാബിന് പുറത്ത് നിന്നുള്ളവരും, സിഖ് മതക്കാരല്ലാത്തവരും ഈ സമരത്തിലെ നിർണായക നേതൃത്വങ്ങളാണ് എന്നതാണ് യഥാർത്ഥ വസ്തുത.ഈ കർഷക വർഗങ്ങളുടെ ഐക്യം തകർന്നാൽ സമരവും ഇന്നത്തെ അവസ്ഥയിൽ നിന്നു പിന്നോട്ടടിക്കും എന്നതും അങ്ങനെ വന്നാൽ സിഖ് മതത്തിന് പ്രത്യേകമായി ഇതിലൊന്നും ചെയ്യാൻ കഴിയില്ലെന്നും മതത്തിന്റെ പ്രേരണ കൊണ്ട് സമരം തുടരില്ലെന്നതും വസ്തുതയാണ്.ഇതു കാണാതെ മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന ഒരു പൊതു പശ്ചാത്തലത്തിൽ, ഇത്തരം സമരങ്ങളിൽ മതവിശ്വാസികൾ ധാരാളമായി പങ്കെടുക്കുകയും ചെയ്യുമ്പോൾ, പ്രത്യേകിച്ച് സിഖ് മതക്കാരുടെ പ്രാർത്ഥനകളും മൂല്യങ്ങളും പ്രദർശിക്കപ്പെടുക കൂടി ചെയ്യുമ്പോൾ മനസും വിശകലനവും മത കേന്ദ്രീകൃതമായി വഴിമാറിപ്പോകുന്ന അപകടമാണ് കർഷക സമരത്തിൽ സിഖ് മതത്തിന്റെ ഉൾപ്രേരണ ദർശിക്കുന്നവരിൽ കാണാൻ കഴിയുന്നത്.അടിസ്ഥാനപരമായ വിഭജനം വർഗ വിഭജനമാണെന്നും അതിന് കീഴ്‌പ്പെട്ടതാണ് മറ്റു വിഭജനങ്ങളെല്ലാമെന്നും തിരിച്ചറിയാൻ കഴിയാത്ത വീക്ഷണത്തിന്റെ പരിമിതിയും കാഞ്ചാ ഐലയ്യയുടെ ലേഖനത്തിൽ പ്രകടമാണ്.

ലേഖകൻ പോരാട്ടം സംഘടനയുടെ ജന.കൺവീനറാണ്

കാഞ്ച ഐലയ്യ ദി പ്രിന്റ് വെബ്‌സൈറ്റിൽ എഴുതിയ ലേഖനം :https://theprint.in/opinion/why-the-farmers-protest-is-led-by-sikhs-of-punjab/574065/