സമരത്തെ മുൻനിരയിൽ നിന്ന് നയിക്കുന്ന കർഷക സ്ത്രീകൾ

മൊഴിമാറ്റം : ദ്രാവിഡൻ

“ആദ്യം കാർഷികവിളകൾ വളർത്തുകയും അതുവഴി കാർഷിക ശാസ്ത്രത്തിന് തുടക്കം കുറിക്കുകയും ചെയ്തത് സ്ത്രീകളാണ് എന്നാണ് ചില ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഭക്ഷണം തേടി പുരുഷന്മാർ വേട്ടയാടാൻ പോയപ്പോൾ, സ്ത്രീകൾ വിത്ത് ശേഖരിക്കുകയും ഭക്ഷണം, തീറ്റ, കാലിത്തീറ്റ, നാരുകൾ, ഇന്ധനം തുടങ്ങിയ ആവശ്യങ്ങളെ മുൻനിർത്തി കൃഷി ചെയ്യാൻ തുടങ്ങി. ” എന്ന് ഒരിക്കൽ പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിൽ, കാർഷിക മേഖലയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നമ്മൾ പുരുഷന്മാരെ മാത്രം കൃഷിക്കാരായി കരുതുന്നു. എന്നാൽ ഇത് സത്യമല്ല. കാർഷിക സെൻസസ് അനുസരിച്ച് 73.2% ഗ്രാമീണ സ്ത്രീകൾ കാർഷികവൃത്തിയിൽ ഏർപ്പെടുന്നു, എന്നാൽ 12.8% പേർ മാത്രമാണ് ഭൂവുടമകൾ. സാംസ്കാരിക, സാമൂഹിക, മതശക്തികളുടെ സ്വാധീനത്താൽ സ്ത്രീകൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിച്ചിരിക്കുന്നു. കൃഷി പുരുഷന്റെ തൊഴിലാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇന്ത്യൻ ഹ്യൂമൻ ഡെവലപ്‌മെന്റ് സർവേ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 83 ശതമാനം കാർഷിക ഭൂമിയുടെയും അനന്തരവകാശികൾ കുടുംബത്തിലെ പുരുഷന്മാരാണ്. 2 ശതമാനത്തിൽ താഴെയാണ് സ്ത്രീകളുടെ അവകാശം. അതിനാൽ സ്ത്രീകൾക്ക് അവരുടെ പേരിൽ ഭൂമിയില്ല. അതുപോലെ തന്നെ അവരെ കർഷകരുടെ നിർവചനത്തിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. 81% സ്ത്രീ കാർഷിക തൊഴിലാളികളും പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവരാണ്, അതിനാൽ ഭൂരഹിത തൊഴിലാളികളിൽ ഏറിയ പങ്കും ഇവരാണ്.

അവരെ കർഷകർ എന്ന ഗണത്തിൽ കൂട്ടാതെ കർഷക തൊഴിലാളികൾ എന്ന ലേബൽ നൽകി അർഹിക്കുന്ന പ്രാധാന്യം നൽകാതെ സർക്കാരും അവരുടെ പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകയാണ്. യാതൊരു അംഗീകാരവുമില്ലാതാകുന്നതോടെ സർക്കാർ പദ്ധതികളുടെ എല്ലാ ആനുകൂല്യങ്ങളിൽ നിന്നും സ്ത്രീകൾ ആസൂത്രിതമായി ഒഴിവാക്കപ്പെടുന്നു. കൂടാതെ കൃഷിക്കായി നൽകുന്ന വായ്പ, വായ്പ എഴുതിത്തള്ളൽ, വിള ഇൻഷുറൻസ്, സബ്‌സിഡികൾ അല്ലെങ്കിൽ കർഷകർ ആത്മഹത്യ ചെയ്യുന്ന കേസുകളിൽ അവരുടെ കുടുംബങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം എന്നിങ്ങനെ കർഷകരായി അംഗീകരിക്കപ്പെട്ടാൽ ലഭിക്കുന്ന യാതൊരു അവകാശങ്ങളും ഇവർക്ക് ലഭ്യമല്ല.

കർഷകരായി അംഗീകരിക്കപ്പെടാത്തത് അവരുടെ ഒരു പ്രശ്നം മാത്രമാണ്. ഭൂമി, ജലം, വനങ്ങൾ എന്നിവക്ക് മേലുള്ള അവകാശങ്ങളിൽ അവർക്ക് തുല്യ പരിഗണന ലഭിക്കുന്നില്ല എന്നാണ് മഹിള കിസാൻ അധികാർ മഞ്ച് (MAKAAM) സൂചിപ്പിക്കുന്നത്. സംഭരണ ​​സൗകര്യങ്ങൾ ലഭ്യമാകുന്ന കാര്യത്തിൽ, ഗതാഗത ചെലവുകൾ, പുതിയ നിക്ഷേപങ്ങൾക്കുള്ള പണം അല്ലെങ്കിൽ പഴയ കുടിശ്ശിക അടയ്ക്കുന്നതിന് അല്ലെങ്കിൽ കാർഷിക വായ്പയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിങ്ങനെയുള്ള സംവിധാനങ്ങളിലെല്ലാം തന്നെ ലിംഗപരമായ വിവേചനം നിലനിൽക്കുന്നു. വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിലും മാർക്കറ്റിന്റെ കാര്യത്തിലും ലിംഗപരമായ വിവേചനമുണ്ട്. അങ്ങനെ കാർഷിക മേഖലയിൽ മികച്ച സംഭാവന നൽകുന്ന സ്ത്രീകളെ വലിയ രീതിയിൽ ചൂഷണം ചെയ്തുകൊണ്ട് അവരെ അരികുവത്കരിക്കുന്നു.

കാർഷിക നിയമങ്ങൾ

ഇപ്പോൾ അവർക്ക് ഒരു പുതിയ ആശങ്കയുണ്ട്, കാർഷിക നിയമങ്ങൾ. ഗവൺമെന്റിന്റെ നയങ്ങൾ ഒരിക്കലും അസമത്വം കുറയ്ക്കുന്നതിനോ അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനോ ലക്ഷ്യമിടാത്തതിനാൽ, കാർഷിക നിയമങ്ങൾ ഈ മേഖലയിലെ ലിംഗ അസമത്വം കൂടുതൽ ശക്തമാക്കുമെന്ന് കർഷക സ്ത്രീകൾ ആശങ്കപ്പെടുന്നു. MAKAAM അതിന്റെ പ്രസ്താവനയിൽ, നിയമങ്ങളിലെ നിരവധി പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഒന്നാമത്തേത്, കർഷകരെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്ന എം‌എസ്‌പിയെ (മിനിമം സപ്പോർട്ട് പ്രൈസ്) പറ്റി പരാമർശിക്കാത്തതാണ്. തങ്ങളുടെ ഉൽ‌പ്പന്നങ്ങൾ‌ വാങ്ങുന്നതിനോ അല്ലെങ്കിൽ‌ മറ്റ് സേവനങ്ങൾ‌ക്കോ കർഷകരുമായി കരാറുകളിൽ‌ ഏർപ്പെടാൻ‌ താൽ‌പ്പര്യപ്പെടുന്ന വ്യാപാരികളുമായും കോർപ്പറേറ്റ് സ്ഥാപനങ്ങളുമായും ഉണ്ടാക്കുന്ന കരാറുകൾ‌ മനസിലാക്കാനോ ചർച്ച ചെയ്യാനോ കഴിയുന്ന തരത്തിൽ സ്ത്രീകൾ‌ ശാക്തീകരിക്കപ്പെട്ടിട്ടില്ല എന്നും എടുത്തുകാണിക്കുന്നു. കൃഷിയുടെ കോർപ്പറേറ്റ് വത്കരണത്തിൽ കർഷകർക്ക് വിലപേശൽ ശക്തിയുണ്ടാകില്ലെന്ന് വ്യക്തമാണ്. വില സംരക്ഷിക്കാൻ മാനദണ്ഡങ്ങളോ വിലയിടിവ് സംഭവിച്ചാൽ പരിഹാര സംവിധാനങ്ങളോ ഇല്ലാത്ത അവസ്ഥയിൽ കോർപറേറ്റുകളാകും വില തീരുമാനിക്കുന്നത്. തന്മൂലം, ചെറുകിട, ഇടത്തരം കർഷകർ തങ്ങളുടെ ഭൂമി വൻകിട കാർഷിക ബിസിനസുകൾക്ക് വിൽക്കാനും കൂലിത്തൊഴിലാളികളാകാനും നിർബന്ധിതരാകും.

ഈ സമരം മുന്നോട്ടുപോകുന്ന ഘട്ടത്തിൽ നമ്മുടെ കർഷക സ്ത്രീകളുടെ പ്രശ്‌നങ്ങൾ നാം മറക്കരുത്. ഒരുപക്ഷേ അതുകൊണ്ടുതന്നെയാണ് അവർ ഈ പ്രതിഷേധത്തിന്റെ മുൻനിരയിലുള്ളത്- അവരും കർഷകരാണെന്നും ഈ പോരാട്ടത്തിൽ തുല്യ പങ്കുണ്ടെന്നും ഓർമ്മിപ്പിക്കാൻ.

റ്റി സുമതി അക്ക തമിഴച്ചി തങ്കപാണ്ട്യൻ ദി ഹിന്ദുവിൽ എഴുതിയ ലേഖനത്തിന്റെ സ്വന്തന്ത്ര പരിഭാഷ.
റ്റി സുമതി തമിഴ് കവയത്രിയും
സൗത്ത് ചെന്നൈ എം പി യുമാണ്.