ഇഎംഎസ് മുതൽ വിജയരാഘവൻ വരെ; സിപിഎമ്മിൻ്റെ വർഗീയതയും പാർലമെൻ്ററി വ്യവസ്ഥയുടെ ജീർണതയും!

അജിത്ത്

തെരഞ്ഞെടുപ്പ് നേട്ടത്തിന് മലക്കം മറിഞ്ഞ് വർഗീയ പ്രീണനം നടത്താൻ മടിക്കാത്ത സിപിഎം നേതൃത്വം, വെൽഫേർ പാർട്ടിയുമായുള്ള യുഡിഎഫ് ബാന്ധവത്തെ മുൻനിർത്തിയും അല്ലാതെയും ഇന്ന് നടത്തുന്ന മുസ്ലീംവിരുദ്ധ പ്രചരണത്തിന് നീണ്ട ചരിത്രമുണ്ട്. ഇന്ത്യയിലും കേരളത്തിലും ഉരുത്തിരിയുന്ന രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക പ്രവണതകളെ മുൻനിർത്തി ഇതു പരിശോധിച്ച ‘ജമാത്തെ വിമർശനത്തിന്റെ അടിയൊഴുക്ക് ‘ എന്ന അജിത്തിന്റെ ‘മുന്നണിപ്പോരാളി’ യിലെ ലേഖനത്തിൽ നിന്ന് ഒരു ഭാഗം പ്രസിദ്ധീകരിക്കുന്നു.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം, ഇടക്കാലത്ത്‌ പ്രതീക്ഷിച്ച പോലെ ന്യുനപക്ഷവോട്ടുകളില്‍ ഭാവി ഉറപ്പിക്കാനാവില്ലെന്ന തിരിച്ചറിവ്‌ അതിനെ 1980കളിലെ ഇ.എം.എസ്സിന്റെ അടവു നയത്തി ലേയ്ക്ക്‌ മടക്കികൊണ്ടുപോവുകയാണ്‌. ശരിയത്തി നെതിരെ തീവ്ര ആക്രമണം നടത്തി മതേതര വേഷമണിഞ്ഞാണ്‌ സിപിഎം സവര്‍ണ്ണ ഹിന്ദു വോട്ടു നേടി 1987ല്‍ ഭൂരിപക്ഷം ഉറപ്പിച്ചത്. ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യസമരകാലം മുതല്‍ രൂപപ്പെടുത്തി, 1947ല്‍ ദൃഡീകരിച്ച ഭരണവര്‍ഗ അധിനായക പൊതുസമ്മതം പൊളിച്ചെഴുതിയ കാലഘട്ടമാണ്‌ 1980-90ദശകങ്ങള്‍. സംവരണ-മണ്ഡല്‍-ബാബരി വിവാദങ്ങള്‍, കലാപങ്ങള്‍, പഞ്ചാബ് ഉള്‍പ്പെടയുള്ള ദേശീയ സമരങ്ങളെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ, ആശയശാസ്ത്ര, സൈനിക നീക്കങ്ങള്‍, ഇങ്ങനെ പല വഴികളിലൂടെ നടന്ന പൊളിച്ചെഴുത്തില്‍ ഗാന്ധിയന്‍ മിത ബ്രാഹ്മണ്യവാദം പിന്തള്ളപ്പെട്ടു. സംഘ പരിവാരത്തിനായിരുന്നു ഇതില്‍ മുന്‍കൈ. പക്ഷെ മിത ബ്രാഹ്മണ്യവാദ ഹൈന്ദവികതയുടെ പരോക്ഷ സാന്നിധ്യത്തിനു പകരം അതിന്റെ കടുത്ത രൂപത്തിനുള്ള പ്രത്യക്ഷ അംഗീകാരത്തിലേയ്ക്ക് മാറുന്നതില്‍ ഇന്ത്യന്‍ ഭരണവര്‍ഗങ്ങളിലെ എല്ലാ വിഭാഗങ്ങളും യോജിച്ചു. എങ്ങനെ, എത്രത്തോളം, പഴയ ഗാന്ധി – നെഹ്രു ചിഹ്നങ്ങള്‍ എത്രവരെ കൈയ്യൊഴിയണം, എന്നിങ്ങനെയുള്ള കാര്യങ്ങളിലേ അവ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുള്ളു. ഭരണവര്‍ഗ നീതീ കരണത്തില്‍ നടന്ന ഈ പുനര്‍സംവിധാനത്തിന്‌ അനുസൃതമായി സിപിഎമ്മിന്റെ സ്ഥാനം പുതുക്കി നിശ്ചയിക്കുന്ന ദൗത്യവും അന്നത്തെ ഇഎംഎസ്സ്‌ അടവു നയത്തിനുണ്ടായിരുന്നു. നീതീകരണ പൊളിച്ചഴുത്തിനായി കോണ്‍ഗ്രസ്സ്‌ ഉപേക്ഷിക്കുന്ന, പ്രാധാന്യത്തില്‍ തരംതാഴ്ന്ന,ഗാന്ധി-നെഹ്രു ശേഷിപ്പുകള്‍ ‘വാശിയുള്ള’ മതേതരത്വത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ട ഒരു വശത്തത്‌ ഏറ്റെടുക്കാനും, അതേസമയം സവര്‍ണ്ണ ഹൈന്ദവ ചായ്‌വ് പരോക്ഷമായി
നിറവേറ്റിയെടുക്കാനും ഇഎംഎസ്സിന്റെ ശരിയത്ത്‌ ആക്രമണം ഉപകരിച്ചു. ഇന്നത്തെ സിപിഎം നേതൃത്വത്തിന്റെ സ്വത്വ രാഷ്ട്രീയഖണ്ഡനവും ജമാത്തേ ക്കെതിരെയുള്ള വിമര്‍ശന വര്‍ഷവും ലക്ഷ്യംവെയ്ക്കുന്നതും എതാണ്ടിതൊക്കെതന്നെയാണ്‌. ഒന്നു രണ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മത്തായി ചാക്കോ വിഷയത്തില്‍ പിണറായി വിജയന്‍ നടത്തിയ പ്രകോപനപരമായ പ്രസ്താവനയുടെ തുടര്‍ച്ച അതിലുണ്ട്‌. കേരളത്തിലെ സാഹചര്യത്തില്‍ പ്രകടമായി തുടങ്ങിയിരിക്കുന്ന ചില മാറ്റങ്ങള്‍, അസമാനതകള്‍ – 1980കളില്‍ നിന്ന്‌ കാണുന്ന വ്യത്യാസമിതാണ്‌. സിപിഎമ്മിന്റെ അടിയന്തിര രാഷ്ട്രീയ ആവശ്യം മറ്റുപല താല്‍പര്യങ്ങളുമായി ഒത്തുവരുന്നതിന് ഇത്ത്‌ സാഹചര്യ മൊരുക്കുന്നു.

1987ലെ കേരള മന്ത്രിസഭാ അംഗങ്ങൾ.

മുറതെറ്റാതെ ഭരണത്തിലേറുന്ന ഐക്യ, ഇടത്‌ ജനാധിപത്യ മുന്നണി കളുടെ പതിവ് 1980കളോടെ കാണാന്‍ തുടങ്ങിയതാണ്‌. പേരില്‍ പോലും നേരിയ വ്യത്യാസം മാത്രമുള്ള ഇവയ്ക്ക്‌ അടിസ്ഥാന നയങ്ങളിലും ചെറിയ മാറ്റങ്ങളെയുള്ളൂ. കേരളത്തില്‍ ഉരുത്തിരിഞ്ഞ വര്‍ഗ, ജാതി, മതസമുദായ ചേരുവയുടെ ദൃഢപ്രതിഫലനമാണ്‌ ഭരണത്തിലെ നയസമാനതകളും
ഭരണമാറ്റത്തിലെ ഈ പതിവും. ജനസംഖ്യാനുപാതത്തില്‍ അടുത്തുനില്‍ക്കുന്ന നായര്‍, സവര്‍ണ്ണ കൃസ്ത്യാനി, മുസ്ലിം, ഈഴവ വിഭാഗങ്ങളിലെ സമ്പന്നര്‍ രാഷ്ട്രീയ-സാമൂഹ്യ ശക്തിയിലും
സമ്പത്തിലും ഏറെക്കുറെ ഒപ്പംനിന്നു. ഇതായിരുന്നു ഈ ചേരുവയുടെ ആപേക്ഷിക സ്ഥിരതയ്ക്ക്‌ അടിത്തറ. മധ്യകാല സാമൂഹ്യഘടനയെകുറിച്ച് ‌ പണ്ട് എംജിഎസ്സ്‌ നാരായണന്‍ സിദ്ധാന്തിച്ച കേരളത്തിലെ ‘സാംസ്കാരിക സഹജീവന’ത്തിന്റെ (കള്‍ച്ചറല്‍ സിമ്പിയോസിസ്) പരിഷ്കൃത പതിപ്പ്‌! അന്നത്തെപൊലെ ഇന്നും പ്രമുഖ സാമൂഹ്യ വിഭാഗങ്ങളിലെ സമ്പന്നരുടെ ഭരണ, സാമൂഹ്യ, സാമ്പത്തിക സഖ്യമായിരുന്നു സഹജീവനത്തിന്റെ പശ. അന്നത്തെപോലെ ഇന്നും സവര്‍ണ്ണ പൊതുബോധമാണ്‌ ഇവര്‍ പങ്കുവെച്ച സാംസ്കാരം. അടിത്തട്ടിലെ വര്‍ഗ, ജാതി വിഭാഗങ്ങള്‍ക്കെതിരെയുള്ള ഭരണസഖ്യം പണ്ടത്തെ അപേക്ഷിച്ച്‌ വര്‍ഗപരമായും ജാതിപരമായും ഒന്നുകൂടി വിപുലമായതാണ്‌ എടുത്തുപറയേണ്ട സവിശേഷത. മധ്യകാലത്ത്‌ അടിത്തട്ടിലായിരുന്ന ഈഴവരില്‍ നിന്നുള്ള സമ്പന്നര്‍ സഖ്യത്തിലേയ്ക്ക്‌ പ്രവേശനം നേടി. പലതലങ്ങളിലും രംഗങ്ങളിലുമുള്ള നടത്തിപ്പിലെ പ്രമുഖ പങ്കിലൂടെ മധ്യവര്‍ഗം അംഗത്വമില്ലാത്ത ‘സ്ഥിരം’ക്ഷണിതാവായി. ഭരണസഖ്യത്തിലെ നാലു വിഭാഗങ്ങളും, പ്രത്യേകിച്ചും ഈഴവസമ്പന്നര്‍, തീര്‍ച്ചയായും ഒരിക്കലും തുല്യസ്ഥാനത്തായിരുന്നില്ല. നായര്‍, സവര്‍ണ്ണ കൃ സ്ത്യന്‍ മുന്‍തൂക്കം ഉടനീളമുണ്ടായിരുന്നു. എങ്കിലും എല്ലാവരും ഏറെക്കുറെ ഒപ്പം നിന്നു.

സമീപ വര്‍ഷങ്ങളില്‍, സാമ്പത്തികരംഗത്ത്‌, ഇതില്‍ മാറ്റം വന്നു തുടങ്ങിയതിന്റെ സൂചനകളുണ്ട്‌. കൃത്യമായ സ്ഥിതി വിവരകണക്കുകള്‍ നിരത്തി വാദിക്കാനാവില്ലെങ്കിലും സാമാന്യനിരീക്ഷണങ്ങളുടെ ബലത്തില്‍ പറയാവുന്ന ഒരു കാര്യം പുതിയ സാമ്പത്തിക മേഖലകളില്‍ പ്രകടമാകുന്ന സവര്‍ണ്ണ കൃസ്ത്യന്‍, മുസ്ലിം സമ്പന്നരുടെ പ്രബല പങ്കാണ്‌. ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം, ഐടി, അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ള വമ്പന്‍ റിയല്‍എസ്‌റ്റേറ്റ്‌, ജ്വല്ലറി മുതലായ മേഖലകളിലെ കാര്യമാണ്‌ ഉദ്ദേശിച്ചത്. കൃസ്ത്യാനികളും മുസ്ലീങ്ങളും അവസരങ്ങളും സമ്പത്തും കൈയ്യടക്കിയെന്ന വര്‍ഗീയപരാതി ഇടത്-വലത്‌ വകഭേദമില്ലാതെ ഹിന്ദുക്കള്‍ക്കിടയില്‍ നിന്ന്‌ കേള്‍ക്കാം. മതസമുദായ തലത്തിലേയ്ക്ക്‌ പ്രശ്നത്തെ ചുരുക്കുന്ന ഈ ധാരണ ദാരിദ്ര്യത്തില്‍ മൂന്നാം സ്ഥാനത്താണ്‌ മുസ്ലീം ഭൂരിപക്ഷം, കൃസ്ത്യാനികളില്‍ പകു
തിയെങ്കിലും ദളിതരാണ്‌ എന്നൊന്നും പരിഗണിക്കുന്നില്ല. എങ്കിലും ഭാഗികമായ ഒരു തിരിച്ചറിവ്‌ അതിലുണ്ട്‌. രാഷ്ട്രീയ മണ്ഡലത്തിലും ഇതിന്റെ തിക്ക്‌ കാണുന്നു. കൃസ്ത്യന്‍, മുസ്ലിം വര്‍ഗീയത വളര്‍
ത്താന്‍ ബോധപൂര്‍വ്വ ശ്രമങ്ങള്‍ നടക്കുന്നതായുള്ള വിഎസ്‌ അച്ചുതാനന്ദന്റെ ആരോപണം ഇതിനൊരു സൂചകമായി. സിപിഎമ്മിന്റെ അടിയന്തിര തെരഞ്ഞെടുപ്പു ലക്ഷ്യങ്ങളിലേയ്ക്കു മാത്രമായി ഇത്‌ ചുരുക്കാനാവില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആന്റണിയും ഏതാണ്ടിതുപോലെ പരിഭവിച്ചതാണ്‌. മാണി ജോസഫ് ലയനത്തില്‍ കത്തോലിക്ക സഭക്കുള്ള പങ്ക്‌ ഇതിനോട്ചേര്‍ത്ത്‌ വായിക്കുക. ഈ ലയനം ഏറ്റവുമധികം അസ്വസ്ഥതയുണ്ടാക്കിയത് ‌കോണ്‍ഗ്രസ്സിലെ ഉമ്മന്‍ ചാണ്ടി വിഭാഗത്തിനായിരുന്നു. എന്നിട്ടും, മെത്രാന്മാരുടെ രാഷ്ട്രീയ ഇടപെടല്‍ വിവാദമായപ്പോള്‍, എങ്ങും തൊടാതെയുള്ള വിശദീകരണങ്ങളുടെ പതിവുരീതിയല്ല കേട്ടത്.കത്തോലിക്കാ സഭയുടെ വിഷയങ്ങളില്‍ രാഷ്ട്രീയവും ഉള്‍പ്പെടുമെന്ന അറുത്തു മുറിച്ച പ്രഖ്യാപനമുണ്ടായി. കേരളത്തില്‍ ഇന്നേവരെ പ്രത്യക്ഷത്തില്‍ വരാത്ത കൃസ്ത്യന്‍-മുസ്ലിം വര്‍ഗീയ വൈരുദ്ധ്യ ങ്ങള്‍ കത്തിച്ചുവിടുന്ന വിവിധ സംഭവങ്ങളും സമീപകാല ത്തുണ്ടായി, അതും വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ. കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ‌ ചോദ്യപേപ്പര്‍ വിവാദമാണ്‌. വാസ്തവത്തില്‍ അതിനേക്കാള്‍ ദുര്‍സ്സൂചകമായിരുന്നു മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ തട്ടമിടുന്നത്‌ തടയാന്‍ ചില ക്രൈസ്തവ സ്കൂള്‍ അധികൃതര്‍ കാട്ടിയ അതിയായ താല്‍പര്യം. ഇത്രയും കാലം നടന്നുവന്നത്‌ നിരോധിക്കാനുള്ള തിടുക്കത്തിലെ കരുതികൂട്ടിയുള്ള പ്രകോപനം സ്പഷ്ടമാണ്‌. മറ്റു പലതിനേയും കുറിച്ചു കടന്നുകയറി അഭിപ്രായപ്രകടനം നടത്തുന്ന ബിഷപ്പ്‌ സമിതി ഒന്നും പറഞ്ഞു കേട്ടില്ലെന്നു മാത്രമല്ല, വേണമെങ്കില്‍ സര്‍ക്കാര്‍, നിര്‍ദ്ദേശം തരട്ടെ എന്നാണ്‌ ഒരു സഭാദ്ധ്യക്ഷന്‍ പ്രതികരിച്ചത്‌. ഇതിനിടയിലാണ്‌ കൈവെട്ട്‌. വര്‍ഗീയ വേര്‍തിരിവുകള്‍ സ്പ്ഷ്ടമാക്കാന്‍, നിലപാടുകളെടുപ്പിക്കാന്‍, ഏതെങ്കിലും ഒന്നു മാത്രമല്ല എല്ലാ കോണുകളില്‍നിന്നും, വല്ലാത്തൊരു ഉത്സാഹം! ഭരണവര്‍ഗരാഷ്ട്രീത്തലെ വര്‍ഗീയതയെ പുതിയൊരു രീതിയില്‍, ദിശയില്‍, ഇവരെല്ലാം ചേര്‍ന്ന്‌ തീവ്രമാക്കുന്നു. ജമാത്തെയെ മുന്‍നിര്‍ത്തിയുള്ള മാധ്യമവിചാരണയെ കൊഴുപ്പിക്കുന്ന അടിയൊഴുക്കിതാണ്‌. ചിലര്‍ക്ക്‌ മുസ്ലിംവിരുദ്ധവികാരം ശക്തിപ്പെടുത്താന്‍. മറ്റ് ചിലര്‍ക്ക്‌ അത് ‌ ഉപയോഗപ്പെടുത്താന്‍. വേറെ ചിലര്‍ക്ക്‌ രാഷ്ട്രീയത്തിലെ വര്‍ഗീയ വേര്‍തിരുവുകള്‍ പൊതുവില്‍ മൂര്‍ച്ചവെയ്പ്പിക്കാന്‍.

ആഗോളവല്‍ക്കരണം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒട്ടുമിക്കതും ഇല്ലാ താക്കും എന്നാണ്‌ വെയ്‌പ്‌. മറ്റൊന്നാണ്‌ അനുഭവം. പുതിയ സാമ്പ ത്തിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിലും (പരിമിതപ്പെടുത്തുന്നതിലും) ഭരണസ്വാധീനത്തിന്‌ ഇപ്പോഴും വലിയ പങ്കുണ്ട്‌. ഒരു പക്ഷെ പണ്ടത്തേതിലധികം. പ്രതിപക്ഷ ത്തായാലും വേണ്ടില്ല, കേന്ദ്രം മുതല്‍ പഞ്ചായത്തുവരെയുള്ള സ്ഥാനങ്ങള്‍ മുമ്പെങ്ങും കാണാത്ത വിധമുള്ള മൂലധനസമാഹരണ അവസരങ്ങളുടെ വാഗ്ദാനങ്ങളാണ്‌. കഴിയുന്നിടത്തൊക്കെ, കഴിയുന്നപോലെ,അധികാരഘടനയില്‍ നിലയുറപ്പിക്കുന്നത് ‌ സാമ്പത്തിക ഏറ്റതാഴ്ചയില്‍ പൂര്‍വ്വാധികം നിര്‍ണ്ണായ കമായിരിക്കുന്നു. ഭരണവര്‍ഗ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതൃശൃംഘലയെ സംബന്ധിച്ചിടത്തോളം, അവര്‍ മുഖ്യമായും പ്രതിനിധീകരിക്കുന്ന ഭരണവര്‍ഗത്തിലെ ജാതി-മത വിഭാഗങ്ങളുടെ താല്പര്യം മാത്രം ഇന്ന്‌ നോക്കിയാല്‍ പോര. സ്വന്തം സാമ്പത്തികനില
മെച്ചപ്പെടുത്തുന്നതിന്‌ അനുയോജ്യമായ കൂട്ടും സ്ഥാനവും ശ്രദ്ധി ച്ചില്ലെങ്കില്‍ ചിലപ്പോള്‍ രാഷ്ട്രീയ ഗോദയില്‍ നിന്നുതന്നെ പുറത്തായേക്കാം. ഓരോ തെരഞ്ഞെടുപ്പ് സമയത്തും പരസ്യ പ്പെടുന്ന സ്ഥാനാര്‍ത്ഥികളുടെ ആസ്തിനില അവരതു വേണ്ടപോലെ ശ്രദ്ധിക്കുന്നതിന്‌ മതിയായ തെളിവാണ്‌. സഹകരണ സംഘ രൂപത്തിലുള്ള ഉദ്യോഗസ്ഥമേധാവിത്വ മുതലാളിത്തത്തിന്‌ ഏറെ വേരോട്ടമുള്ള കേരളത്തില്‍ ഇതിന്‌ സവിശേഷ പ്രാധാന്യം കൈവരുന്നു. പഴയ ഭരണസഖ്യത്തെ ഉലയ്ക്കുന്നതില്‍ ഇത്തരം ഘടകങ്ങള്‍ക്കും പങ്കുണ്ട്‌.

കേരളത്തിലെ പ്രബല ജാതി-മത വിഭാഗങ്ങളിലെ സമ്പന്നര്‍ ക്കിടയില്‍ വളര്‍ന്നുവരുന്ന അസമാനതകള്‍ പഴയ സഖ്യത്തിന്റെ ആത്മനിയന്ത്രണങ്ങളെ ദുര്‍ബലമാക്കുന്നു. പുതിയ സാമ്പത്തിക മേഖലകളില്‍ മുന്‍തൂക്കം കിട്ടുന്നവര്‍ക്ക്‌ സ്വന്തം നിലയ്ക്കുതന്നെ ഭരണസംവിധാനത്തില്‍ സ്ഥാനങ്ങള്‍ ഉറപ്പിക്കണം. വിലപേശി അധികമായി നേടണം. മറ്റുള്ളവര്‍ക്ക്‌ ഇത് തടയണം. സംരംഭ കത്വത്തിന്റെ ജാതി-മത ഉറവിടങ്ങളില്‍ കാണുന്ന പുതിയ പ്രവണ തകള്‍ സാഹചര്യത്തെ മറ്റൊരു കോണില്‍ നിന്ന്‌ സങ്കീര്‍ണ്ണ മാക്കുന്നുമുണ്ട്‌. 1930 കളിലെ സാമ്പത്തികതകര്‍ച്ചയ്ക്ക് ശേഷം കേരളത്തിലെ സവര്‍ണ്ണ ഹിന്ദുക്കള്‍ കച്ചവട, വ്യാവസായിക
സംരംഭകത്വത്തില്‍നിന്ന്‌ ഏറെക്കുറെ പിന്‍വാങ്ങിയതാണ്‌. ഉദ്യോഗങ്ങളുടെ സുരക്ഷിതമണ്ഡലത്തില്‍ അവര്‍ ഒതുങ്ങി. കഴിഞ്ഞ രണ്ടു-മൂന്നു ദശകങ്ങളായി ഇതില്‍ ശ്രദ്ധേയമായ മാറ്റം വന്നിരിക്കുന്നു. സവര്‍ണ്ണ ഹിന്ദുക്കള്‍ക്കിടയിലെ സംരഭകത്വം വര്‍ദ്ധിക്കുകയാണ്‌.അബ്കാരി, പരമ്പരാഗത വ്യവസായങ്ങള്‍ എന്നിവയ്ക്കപ്പുറം പുതിയ മേഖലകളിലേയ്ക്ക് കടക്കാനുള്ള സംരഭകപ്രവണതകള്‍ ഈഴവര്‍ക്കിടയിലും കാണാം. പഴയ ഭരണസഖ്യത്തിലെ ചില പങ്കാളികള്‍ പിടികിട്ടാത്ത ഉയരങ്ങ ളിലേയ്ക്ക്‌ മുന്നേറുന്നതില്‍ മികവിലുപരി ഭരണസ്വാധീനവും ന്യൂനപക്ഷപദവിയുടെ ആനുകൂല്യങ്ങളുമാണ്‌ പ്രമുഖ പങ്കുവഹിക്കുന്നത് എന്ന്‌ ഈ രണ്ട് ‌ കൂട്ടരും വാദിക്കുന്നു.

ചുരുക്കത്തില്‍, കഴിഞ്ഞ നാല്പത് ദശകങ്ങളായി നിലനിന്നുവന്ന വര്‍ഗ, ജാതി, മതസമുദായ ചേരുവയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഭരണവര്‍ഗ രാഷ്ട്രീയത്തിലൊരു പുനര്‍സംഘടന
അനിവാര്യമാക്കുന്നുണ്ട്‌. അതിലെ എല്ലാ വിഭാഗങ്ങള്‍ക്കും കക്ഷികള്‍ക്കും അത് ‌ ആവശ്യമായിരിക്കുന്നു. മേല്‍വിവരിച്ച നിര്‍ബന്ധങ്ങള്‍ രാഷ്ട്രീയരംഗത്തെ പ്രതിഫലനങ്ങളെ ഒന്നുകൂടി തീവ്രവും കലുഷിതവുമാക്കും. പക്ഷെ, ഇടതും വലതുമെന്ന വേര്‍തിരിവില്ലാതെ എല്ലാ ഭരണവര്‍ഗ രാഷ്ട്രീയ ചേരികളും ഏതാണ്ടു ഒത്തൊരുമിച്ചു നടത്തുന്ന പരിശ്രമം എന്തുകൊണ്ടാണ്‌ വര്‍ഗീയവല്‍ക്കരണം എന്ന സവിശേഷ സ്വഭാവം സ്വീകരിക്കുന്നത്? അഥവാ ഭരണവര്‍ഗ രാഷ്ട്രീയ, സാമൂഹ്യ പുനര്‍സംഘടനയുടെ അവസരങ്ങളില്‍ അതിലെ വിവിധ ചേരികള്‍ നിലയെടുത്തു നില്‍ക്കാനുള്ള ആത്യന്തിക താങ്ങായി ജാതി, മത വര്‍ഗീയ കൂട്ടായ്‌മകളെ എന്തുകൊണ്ട് ആശ്രയിക്കുന്നു?

ഇതാണ്‌ നമ്മുടെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ്യം. അതിന്റെ അകംപൊരുള്‍. ജാതി-ജന്മിത്ത ജീര്‍ണ്ണ ശരീരത്തില്‍ വാരിതേച്ച ആധുനികതയുടെ നിറക്കൂട്ടുകള്‍ ഒളിപ്പിച്ചുവെക്കുന്ന
‘ഇന്ത്യന്‍ തനിമ’. ജീവിതത്തിന്റെ എല്ലാ സ്ഥലകാലങ്ങളെയും ജാതിക്രമം ഭരിക്കുന്ന നമ്മുടെ അവസ്ഥയില്‍ ‘ഒരാള്‍ക്ക്‌ ഒരു വോട്ട്‌’ എന്ന തത്വം പ്രഹസനമാകുന്നതും രാഷ്ട്രീയ ഭൂരിപക്ഷങ്ങള്‍
ക്കു പകരം മാറ്റമില്ലാത്ത സാമുദായിക ഭൂരിപക്ഷങ്ങള്‍ ആവര്‍ത്തിക്കുന്നതും ഡോ: ബിആര്‍ അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സാമുദായികമായതുകൊണ്ടുതന്നെ അവ വര്‍ഗീയവുമായിരിക്കും. സവര്‍ണ്ണ ജാതികളുടെ രാഷ്ട്രീയാധിപത്യമാണ്‌ ഇത്. ഇങ്ങനെ രൂപംകൊള്ളുന്ന
ഭൂരിപക്ഷങ്ങളെ പക്ഷെ, സാമുദായിക അടയാളങ്ങള്‍ മാത്രം ഉപയോഗിച്ച്‌ തിട്ടപ്പെടുത്താനാവില്ല. അതിന്‌ വര്‍ഗസ്വഭാവമുണ്ട്‌. ഈ ഭൂരിപക്ഷങ്ങള്‍ക്ക്‌ നിശ്ചിതമായ ഭരണവര്‍ഗ ഉള്ളടക്കമുണ്ട്‌.
ആധിപത്യ സമുദായത്തിന്റെ (സമുദായങ്ങളുടെ) മുഴുവന്‍ പ്രാതിനിധ്യമല്ല, ഭരണവര്‍ഗങ്ങളുടെ സവിശേഷ താല്‍പര്യങ്ങളാണ്‌ അതിന്‌ രൂപംകൊടുത്തു നിലനിര്‍ത്തുന്നത്. വര്‍ഗവിശകലന
സമീപനത്തിന്റെ അഭാവത്തില്‍ അംബേദ്ക്കര്‍ ഇതൊന്നും കണ്ടില്ല. സംവരണത്തിലും വേറിട്ട തെരഞ്ഞെടുപ്പു നിയോജക മണ്ഡലങ്ങളിലും പരിഹാരം തേടി രാഷ്ട്രീയാധികാരത്തിന്റെ കാതലായ പ്രശ്നത്തില്‍നിന്ന്‌ അകന്നു. കൂടാതെ, ബിഎസ്പി, എസ്പി മുതലായ നിരവധി ഉദാഹരണങ്ങളില്‍ കാണുന്നതുപോലെ മര്‍ദ്ദിത ജാതികളിലെ ചില അടരുകള്‍ ഭരണവര്‍ഗങ്ങളില്‍ ഉള്‍ചേരുന്നതും ഇതോടൊപ്പം നടക്കുന്ന അവരുടെ സവര്‍ണ്ണവല്‍ക്കരണവും (ബ്രാഹ്മണ്യവല്‍ക്കരണം) അംബേദ്ക്കറുടെ സാമുദായിക ഭൂരിപക്ഷ സങ്കല്‍പനത്തിന്റെ പരിധിക്കു പുറത്താണ്‌.

എന്നാല്‍, ഈ കുറവുകളൊക്കെയുള്ള പ്പോഴും, ബൂര്‍ഷ്വാ ജനാധിപത്യ ത്തിന്റെ ഏറ്റവും പ്രാഥമികമായ തത്വംപോലും നമ്മുടെ ജാതി യാഥാര്‍ത്ഥ്യത്തില്‍ നിഷ്ഫലമാകുമെന്ന
നിരീക്ഷണ ത്തിലെ മൗലികത ഇതുകൊണ്ടൊന്നും മങ്ങില്ല. ബൂര്‍ഷ്വാ മിതവാദ വീക്ഷണത്തിന്റെ പരിധികള്‍ ലംഘിക്കാതെ തന്നെ സാധ്യമായ ഈ തിരിച്ചറിവ്‌ ഇന്ത്യന്‍ പാര്‍ലമെന്ററി
വ്യവസ്ഥയുടെ ജീര്‍ണ്ണ അടിത്തറയെ തുറന്നുകാട്ടി. അതോടൊപ്പം വര്‍ഗീയ വിഭാഗീയതയുടെ മുഖ്യഉറവിടമെന്ന നിലയ്ക്ക്‌ ജാതിയുടെ സ്ഥാനവും കുറിച്ചിട്ടു. മറ്റൊരു സന്ദര്‍ഭത്തില്‍ സഹോദരന്‍
അയ്യപ്പനും ഈ ബന്ധം നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയതലത്തിലെ വര്‍ഗീയവല്‍ക്കരണം ശക്തമാകുന്ന നമ്മുടെ സാഹചര്യത്തില്‍ ഇവരുടെ ഈ പാഠങ്ങള്‍ക്ക്‌ അതിയായ പ്രാധാന്യമുണ്ട്‌.