”നഷ്ടപ്പെടുവാൻ ഇല്ലൊന്നും ഈ കൈവിലങ്ങുകളല്ലാതെ,നേടാനുണ്ടൊരു പുതിയൊരു ലോകം നമ്മെ നമ്മൾ ഭരിക്കും ലോകം”

ഷാന്റോലാൽ(ജന. കൺവീനർ,പോരാട്ടം)

വന്നെത്തുന്ന മെയ്ദിനങ്ങൾ
കശാപ്പു ചെയ്യപ്പെടുന്ന തൊഴിലവകാശങ്ങൾ
ഊട്ടിയുറപ്പിക്കപ്പെടേണ്ട
വർഗബോധവും ഐക്യവും
കെട്ടഴിച്ചുവിടേണ്ട വർഗസമരം..
സൃഷ്ടിക്കേണ്ടുന്ന പുതിയ ലോകം..

വീണ്ടുമൊരു മെയ്ദിനം കടന്നു വന്നിരിക്കുകയാണ്.ലോക തൊഴിലാളി വർഗത്തിന്റെ ഇച്ചാശക്തിയുടെയും,പോരാട്ട വീര്യത്തിന്റെയും വർഗബോധത്തിന്റെയും രാഷ്ട്രിയ സത്തയെ മുന്നോട്ട് വക്കുന്ന ദിനമാണ്,അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗത്തെ സംബന്ധിച്ച് സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ്ദിനം.

8 മണിക്കൂർ ജോലിക്കും 8 മണിക്കൂർ വിശ്രമത്തിനും 8 മണിക്കൂർ വിനോദത്തിനുമുള്ള ആവശ്യമുന്നയിച്ച് ചിക്കാഗോയിലെ ഹേ മാർക്കറ്റിൽ തൊഴിലാളികൾ സമാധാനപരമായി നടത്തിയ റാലിയിൽ അന്നത്തെ ഗവർണറുടെ നിർദ്ദേശപ്രകാരം ബോംബ് സ്ഥോടനം നടത്തുകയും 4 പോലീസുകാർ കൊല്ലപ്പെടുകയും ചെയ്തു.ഇതിനെ ഉപയോഗപ്പെടുത്തി നടന്ന വെടിവെപ്പിൽ ഏഴ് തൊഴിലാളികൾ രക്തസാക്ഷികളായി.വെടിവെപ്പിൽ രക്തസാക്ഷികളായവരുടെയും ചരിത്രപ്രസിദ്ധമായ ചിക്കാഗോ സമരത്തിന്റെയും ഓർമ്മ ദിനം കൂടിയാണ് മെയ്ദിനം.

ഐക്യത്തിന്റെയും പോരാട്ടത്തിൻ്റെയും അവകാശത്തിന്റെയും ദിനമായി ‘മെയ് ഒന്ന്’ ലോക തൊഴിലാളി ദിനമായി ആചരിക്കണമെന്ന് കമ്യൂണിസ്റ്റ് ഒന്നാം ഇന്റർനാഷണൽ ആഹ്വാനം ചെയ്തു.തൊഴിലാളി വർഗത്തിന്റെ കൊടി ചെങ്കൊടി ആയിരിക്കണമെന്നും തീരുമാനിക്കപ്പെട്ടു.ഇതാണ് മെയ്ദിനത്തിന്റെയും ചെങ്കൊടിയുടെയും ചരിത്രം.ഈ ആഹ്വാനമാണ് ലോക തൊഴിലാളി വർഗത്തിന്റെ ദിനമായി മെയ് ദിനത്തെ എറ്റെടുക്കാൻ തൊഴിലാളി വർഗത്തിനുള്ള പ്രേരണ.

ലോകമെമ്പാടുമുള്ള അദ്ധ്വാനിക്കുന്ന തൊഴിലാളിവർഗം ഒന്നാം ഇന്റർനാഷണലിന്റെ ഈ ആഹ്വാനം ഏറ്റെടുത്ത് ഒട്ടേറെ സമരങ്ങൾ നടത്തി അവകാശങ്ങൾ നേടിയെടുത്തു. ലോകത്തെമ്പാടുമുള്ള തൊഴിലാളി വർഗത്തിന്റെ ഐക്യത്തിന് പ്രേരണയായി.തൊഴിലാളി വർഗ ഐക്യം കമ്മ്യൂണിസ്റ്റ് പാർട്ടിക്കും,മറ്റിതര സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പിറവിക്കും കാരണമായി. റഷ്യയിൽ നടന്ന സോഷ്യലിസ്റ്റ് വിപ്ലവത്തിനും ചൈനയിൽ നടന്ന പുത്തൻ ജനാധിപത്യ വിപ്ലവത്തിനും സോഷ്യലിസ്റ്റ് മുന്നേറ്റത്തിനും, ലാറ്റിനമേരിക്കൻ നാടുകൾ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളിലുണ്ടായ തൊഴിലാളി വർഗ മുന്നേറ്റങ്ങൾക്കും അടിത്തറയായതും ഈ ഐക്യവും,പോരാട്ടങ്ങളുമാണ്.ഇത് സാമ്രാജ്യത്വവാദികളുടെ സ്വകാര്യ മൂലധന സമാഹരണത്തിനും കുത്തകവത്കരണത്തിനുമെതിരായി നിലകൊള്ളുകയും പൊതുവത്കരണത്തിന്റെ രാഷ്ട്രീയത്തെ ഊട്ടിയുറപ്പിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ കടന്നുകൂടിയ സൈദ്ധാന്തിക തെറ്റുകളും ആശയപരമായ അവസരവാദ സമീപനങ്ങളും, വഞ്ചനയും എല്ലാം ചേർന്ന്, മൂലധനത്തിന്റെ കടന്നാക്രമണത്തിൽ തൊഴിലാളി വർഗത്തിന്റെ പോരാട്ടങ്ങളെ പ്രതിരോധ സമരങ്ങളിൽ തളച്ചിടുകയും ചെയ്തതിലൂടെ പ്രതിരോധം നിഷ്ക്രിയ പ്രതിരോധമായി മാറുകയും പിന്നീടതൊരു തിരിഞ്ഞോട്ടമായി മാറുകയും ചെയ്തു.

ഇതിപ്പോൾ ഇവിടെ പല മേഖലകളിലും നടക്കുന്ന . നിരവധിയായ സമരങ്ങൾ നേരിടുന്ന ഒരു പ്രതിസന്ധിയാണ്. തൊഴിൽ അവകാശങ്ങൾക്ക് നേരെ കശാപ്പ് കത്തിയുമായി ഇറങ്ങിയ ഭരണാധികാരികൾ നിരവധി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്ത് തൊഴിലാളികൾ പടവെട്ടി നേടിയ തൊഴിലവകാശങ്ങൾ റദ്ദ് ചെയ്തു കൊണ്ടിരിക്കുകയാണ്.8 മണിക്കൂർ ജോലിയെന്നത് ഇവിടെ 12 മണിക്കൂർ എന്നാക്കി മാറ്റിയപ്പോൾ മേൽപ്പറഞ്ഞ നിഷ്ക്രിയ പ്രതിരോധത്തിന്റെയും കീഴടങ്ങലിന്റെയും രാഷ്ട്രീയം തൊഴിലാളി പ്രസ്ഥാനങ്ങളെ പിടിമുറുക്കിയതിന്റെ കാഴ്ച്ചകൾ നമുക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്.

നിലവിലുള്ളതും ഇനിയും നടപ്പാക്കാത്തതുമായ ഇൻറർസ്റ്റേറ്റ് ലേബർ മൈഗ്രന്റ് ആക്ടിന്റെ കാര്യത്തിലും, ബാങ്ക് ജീവനക്കാർ ഉയർത്തുന്ന സമരങ്ങളിലുമെല്ലാം ഇതു തന്നെ നമുക്ക് കാണാവുന്നതാണ്.

നിരവധിയായ തൊഴിലാളി വിഭാഗങ്ങൾ അനുഭവിക്കുന്ന തൊഴിൽ ചൂഷണത്തെ സംബന്ധിച്ച് ഇന്ന് നിരവധിയായ പഠനങ്ങൾ ലഭ്യമാണ്.അതുകൊണ്ടതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തോട്ടം തൊഴിലാളികളുടെ അടിമ സമാനമായ തൊഴിൽ സാഹചര്യം, സ്ത്രീകൾ ഉൾപ്പെടുന്ന ഷോപ്പ് തൊഴിലാളികൾ അനുഭവിക്കുന്ന യാതനകൾ, കുടിയേറ്റ തൊഴിലാളികളുടെയും, നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെയും പ്രശ്നങ്ങൾ, അഭ്യസ്ഥവിദ്യരായവരുടെ കരാർ നിയമനങ്ങളും, ഐ.ടി കമ്പനികളുടെ കീഴിലുൾപ്പെടെ അവരനുഭവിക്കുന്ന ചൂഷണവും എല്ലാം നമുക്ക് മുന്നിലുണ്ട്.

തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങളുടെ പൂർത്തീകരണം എന്നതിലുപരിയായി സർവ്വവ്യാപിയായ മുതലാളിത്തത്തിന്റെ മൂലധന താത്പര്യങ്ങളുടെ സൃഷ്ടിയാണ് തൊഴിലാളികളുടെ പ്രശ്നങ്ങൾ എന്ന തിരിച്ചറിവിലേക്ക് കൂടുതൽ തൊഴിലാളി വിഭാഗങ്ങളെ തട്ടിയുണർത്തേണ്ടതുണ്ട്. അതിലൂടെ വികസിക്കുന്ന വർഗബോധത്തിൽ നിന്നാണ് തൊഴിലാളി വർഗത്തിന്റെ യഥാർത്ഥ ഐക്യവും പോരാട്ടങ്ങളും ഇനിയുമുണ്ടാവുകയുള്ളൂ.മുതലാളിത്തത്തിന്റെ, സ്വകാര്യ മൂലധനത്തിന്റെ കടന്നാക്രമണത്തിനെതിരായി തൊഴിലാളി വർഗത്തിന്റെ രാഷ്ടീയവും കായികവുമായ കടന്നാക്രമണങ്ങളിലൂടെ സ്വകാര്യ സ്വത്തുടമസ്ഥതയെ മാറ്റി പൊതു സ്വത്തുടമസ്ഥതയിലേക്ക് ലോകത്തെ പരിവർത്തനപ്പെടുത്തുക എന്ന വെല്ലുവിളിയാണ് ലോക തൊഴിലാളി വർഗത്തിന് മുന്നിലുള്ളത്. ആ വെല്ലുവിളിയാണ് നാം ഏറ്റെടുക്കേണ്ടതും.

പുതുലോകം സൃഷ്ടിക്കാനുള്ള അത്തരം പോരാട്ടങ്ങളിൽ ഏർപ്പെടുമ്പോൾ മാത്രമാണ് സാർവ്വദേശീയ തൊഴിലാളിദിനത്തിന്റെ സന്ദേശത്തോടും,മെയ്ദിനത്തോടും, രക്തസാക്ഷികളോടും നമുക്ക് കുറ് പുലർത്താനാവുകയുള്ളൂ.