“അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ വേണ്ടിയാണ് ഹത്രാസിൽ പോയത്. മാധ്യമ പ്രവർത്തനം ഒരിക്കലും രാജ്യദ്രോഹ കുറ്റമല്ല”

ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, യുഎപിഎ ചുമത്തപ്പെട്ട്, ജയിലിൽ 250 ദിവസങ്ങൾ പിന്നിടുമ്പോൾ, തടവറയിൽ അദ്ദേഹം നേരിട്ടുക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് കാപ്പൻ എഴുതുന്നു…

റൈഹാനത്ത് കാപ്പൻ

ഏപ്രിൽ 30 ന് ആണ് സിദ്ധിക്കയെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഡൽഹിയിലെ എയിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. മെയ്‌ 1 ന് ഞാനും മോനും അദ്ദേഹത്തെ കാണാൻ ഡൽഹിയിൽ പോയി. രണ്ടാം തീയതി ഹോസ്പിറ്റലിൽ അദ്ദേഹത്തെ കാണാൻ വേണ്ടി ചെന്നെങ്കിലും അവർ കാണാൻ അനുവദിച്ചില്ല. അന്ന് അദ്ദേഹം ഉള്ളത് കോവിഡ് വാർഡിൽ അല്ല. 3 ദിവസം കഴിഞ്ഞ ശേഷം കോവിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവ് ആണ്. അപ്പോൾ കോവിഡ് വാർഡിലെക്കു മാറ്റി. അങ്ങനെയെങ്കിൽ കോടതിയിൽ കോവിഡ് നെഗറ്റീവ് എന്ന് പറഞ്ഞത് കളവ് ആണെന്ന് മനസിലാക്കാം.

ഷുഗർ ലെവൽ രണ്ടു നേരം ഇൻസുലിൻ വെച്ചിട്ടും 469 ഒക്കെ ആയിരുന്നു. കോവിഡ് വാർഡിൽ ആക്കി രണ്ടു ദിവസം ആയപ്പോഴേക്കും ഇക്കയെ ഹോസ്പിറ്റലിൽ നിന്നും നിർബന്ധിച്ചു ഡിസ്ചാർജ് വാങ്ങി മധുര ജയിലിൽ കൊണ്ട് പോയി. പോവുന്ന സമയത്ത് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണ്. ഷുഗർ 469, ജയിലിൽ നിന്നുള്ള വീഴ്ചയിൽ ഇക്കയുടെ പല്ലിനു എന്തൊക്കെയോ പരിക്ക് ഉണ്ട്. അതൊന്നും ടെസ്റ്റ് ചെയ്യാൻ സമയം തന്നില്ല.

അദ്ദേഹം ആരോഗ്യം മുഴുവനായി വീണ്ടെടുത്തിട്ടില്ലായിരുന്നു. രാത്രി ഒന്നര ആയപ്പോൾ ആണ് ജയിലിൽ എത്തിയത്. സുപ്രീം കോടതി ഉത്തരവ് ലംഘിച്ചു എന്ന കാരണത്താൽ യുപി സർക്കാരിന് നോട്ടീസ് അയച്ചു. സുപ്രീംകോടതിയിലും വെച്ചിട്ടുണ്ട്. മധുര കോടതിയിലും, ഹൈക്കോടതിയിലും ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്. മധുര ജയിലിൽ കൊണ്ടുപോയ ശേഷം അദ്ദേഹം എന്നെ വിളിച്ചിരുന്നു. ജയിലിലുള്ള ഹോസ്പിറ്റലിലാണ് ഇപ്പോൾ അദ്ദേഹം ഉള്ളത്. ഷുഗർ ഉള്ളതുകൊണ്ട് ഇൻസുലിൻ രണ്ടുനേരം വെക്കുന്നു. പല്ലിന് ഇതുവരെ ചികിത്സ ലഭിച്ചിട്ടില്ല, എങ്കിലും ഇപ്പോൾ ജയിലിൽ കുറച്ചു കെയറിങ് ഉണ്ട്. ജയിലിൽ എത്തിയശേഷം കോവിഡ് ടെസ്റ്റ് രണ്ടുപ്രാവശ്യം നടത്തി. പക്ഷേ റിസൾട്ട് അറിഞ്ഞിട്ടില്ല.

കോവിഡ് ഉള്ളത് കൊണ്ട് വക്കീലിന് കാണാൻ സാധിക്കില്ല എന്നാണ് ജയിൽ സൂപ്രണ്ട് പറഞ്ഞത്.
കേരള സർക്കാർ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ കിട്ടാൻ വേണ്ടി യുപി മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതല്ലാതെ അതിനു ശേഷം എന്തെങ്കിലും ചെയ്തതായിട്ട് എന്റെ അറിവിൽ പെട്ടിട്ടില്ല. എങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു. നിരപരാധി ആയ ഒരു പത്ര പ്രവർത്തകൻ ആണ് സിദ്ധിഖ്. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യാൻ വേണ്ടിയാണ് ഹത്രാസിൽ പോയത്. മാധ്യമ പ്രവർത്തനം ഒരിക്കലും രാജ്യദ്രോഹ കുറ്റമല്ല.