ശ്വസിക്കുക ഇന്ത്യയ്ക്കായ്

എസ് മറിയ റീഗൻ

സംസ്കരിക്കപ്പെട്ട മൃതശരീരത്തിലൂടെ ഒരു ശബ്ദം ചോദിക്കുന്നതിങ്ങനെ:
“ഓക്സിജൻ സിലിണ്ടർ നൽകാൻ കഴിയാത്ത രാജ്യം
സ്വാതന്ത്ര്യത്തിൻ്റെ ജീവശ്വാസം നൽകുന്നതെങ്ങനെ?”


മൊഴിമാറ്റം : അനൂപ്

ശരത്കാലമാണിത്.
മരിച്ചു വീഴും മനുഷ്യരിനിയും.
ശരത്കാലമാണിത്.

ആർക്കുവേണ്ടി എഴുതണം? : ഇന്ന് പുലർച്ചെ മരിച്ചവർക്കുവേണ്ടിയോ?
ആർക്കുവേണ്ടി എഴുതണം? : ഓരോ പുലരിയിലും മരിക്കുന്നവർക്കുവേണ്ടിയോ?
ആർക്കുവേണ്ടി എഴുതണം? : പ്രാണവായുവിനായി അലയുന്നവർക്കു വേണ്ടിയോ?
ആർക്കുവേണ്ടി എഴുതണം? : ചേതനയറ്റ പ്രിയതമൻ്റെ ശരീരം മടിയിലേറ്റി വിതുമ്പുന്നവൾക്കുവേണ്ടിയോ ?
ആർക്കുവേണ്ടി എഴുതണം? : വയറ്റിൽ നനഞ്ഞ തുണി ചുറ്റുന്നവർക്കുവേണ്ടിയോ?
ആർക്കുവേണ്ടി എഴുതണം? : ഉപയോഗശൂന്യമായ ഒരു ഭരണകൂടത്തിനുവേണ്ടിയോ?
ആർക്കുവേണ്ടി എഴുതണം? : ഇരക്കുന്ന രാഷ്ട്രീയക്കാരനുവേണ്ടിയോ?

മരണത്തിൻ്റെ അപശബ്ദങ്ങളാണെവിടെയും.

 • ഉദ്യാനങ്ങളിൽ
 • ആംബുലൻസുകളിൽ
 • ടി.വി. വാർത്തകളിൽ
 • സൈബറിടങ്ങളിൽ
  മരിച്ചവരുടെ കണ്ണുകളിൽ ഞാൻ കവിത കണ്ടു.
  മൃതമായൊരു ത്രിവർണപതാക നെഞ്ചിലേന്തി,
  ഒരു കളിപ്പാട്ടത്തെപ്പുണർന്ന്,
  ചേതനയറ്റ് കിടന്നൊരു കൊച്ചുപെൺകുട്ടി.
  2018ൽ ‘അയൺ മാൻ പട്ടേ’ലായി വേഷമിട്ട കുട്ടി
  ഇന്ന് 2021ൽ ശ്വാസത്തിനായി കേഴുന്നു.
  സ്വാതന്ത്ര്യദിനത്തിനു വാങ്ങിയ മിഠായി വർഷം മുഴുവൻ നല്കിയ മുത്തച്ഛൻ
  ഐ.സി.യു.വിൽ മരണത്തിൻ്റെ തുലാസിൽ.
  സംസ്കരിക്കപ്പെട്ട മൃതശരീരത്തിലൂടെ ഒരു ശബ്ദം ചോദിക്കുന്നതിങ്ങനെ:
  “ഓക്സിജൻ സിലിണ്ടർ നൽകാൻ കഴിയാത്ത രാജ്യം
  സ്വാതന്ത്ര്യത്തിൻ്റെ ജീവശ്വാസം നൽകുന്നതെങ്ങനെ?”

ശരത്കാലമാണിത്.
മരിച്ചു വീഴും മനുഷ്യരിനിയും.
ശരത്കാലമാണിത്, പക്ഷേ,

ജീവിതം ഇരുൾ മൂടുമ്പൊഴാണ് തീപ്പന്തമുയർത്തുവാനെളുപ്പം,
പ്രാണവായുവിനായി പോരാടുക… രാജ്യമേ..
പ്രാണവായുവിനായി പോരാടുക…

(മെയിൻ സ്ട്രീം വീക്കിലിയിൽ എസ്. മറിയ റീഗൻ എഴുതിയ കവിതയുടെ സ്വതന്ത്ര പരിഭാഷ.)


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal