ലൈംഗികതയെ സാമൂഹികചട്ടക്കൂടുകളിൽ ഒതുക്കാനുള്ള ശ്രമങ്ങൾ; അശാസ്ത്രീയവും അവകാശലംഘനവും

പ്രത്യുൽപാദനത്തിലേക്ക് നയിക്കുന്ന ലൈംഗികബന്ധങ്ങൾക്ക് മാത്രം സാമൂഹികസാധുത നൽകുന്നതിനു പുരുഷാധിപത്യ വ്യവസ്ഥയ്ക്കും മതങ്ങൾക്കും വലിയ പങ്കുണ്ട്.


നിഹാരിക പ്രദോഷ് (ശ്രീ കൃഷ്ണ കോളേജ്, ഗുരുവായൂർ)


രണ്ട് വ്യക്തികൾ തമ്മിൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അവർ പരസ്പരം തൊടുകയും തലോടുകയും ഉമ്മ വയ്ക്കുകയും നക്കുകയും കടിക്കുകയും കെട്ടിപ്പിടിക്കുകയും ശരീരഭാഗങ്ങൾ ഉരുമ്മുകയും സ്വയംഭോഗം ചെയ്യുകയും ഓറൽ സെക്സ് ചെയ്യുകയും പ്രവേശരതിയിൽ ഏർപ്പെടുകയും ചെയ്യുന്നുണ്ട്. പ്രവേശരതിയിൽ തന്നെ ലിംഗവും യോനിയും മാത്രമല്ല; ലിംഗവും മലദ്വാരവും, വിരലും യോനിയും തമ്മിലുള്ള പ്രവേശവും ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന്റെ ഭാഗമാണ്. ‘ലൈംഗിക ബന്ധത്തിലേർപ്പെടുക’ എന്നാൽ “യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കുക” എന്നത് മാത്രമായി കാണുന്ന തെറ്റായ പ്രവണതയിലേക്ക് മനുഷ്യർ എത്തിച്ചേരാൻ സാമൂഹികമായ കാരണങ്ങളുണ്ട്.

പ്രത്യുൽപാദനത്തിലേക്ക് നയിക്കുന്ന ലൈംഗികബന്ധങ്ങൾക്ക് മാത്രം സാമൂഹികസാധുത നൽകുന്നതിനു പുരുഷാധിപത്യ വ്യവസ്ഥയ്ക്കും മതങ്ങൾക്കും വലിയ പങ്കുണ്ട്. സമൂഹം മനുഷ്യന്റെ സ്വാഭാവിക ഇച്ഛകളെ നിയന്ത്രിക്കുകയും ലൈംഗികതയോട് അശാസ്ത്രീയമായ അടഞ്ഞ സമീപനം കാണിക്കുകയും ചെയ്യുന്നു. “ലൈംഗികബന്ധം കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ” എന്നുള്ള ധാരണ തന്നെയാണ് ഗർഭനിരോധന മാർഗ്ഗങ്ങളോടും ഗർഭഛിദ്രത്തോടും അസഹിഷ്ണുതയുണ്ടാകാനുള്ള കാരണവും.

അണ്ഡവും ബീജവും നൽകാൻ കഴിയുന്ന രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധമേ യാഥാസ്ഥിതിക സമൂഹം അംഗീകരിക്കുകയുള്ളു എന്നതിൽ അത്ഭുതം തോന്നേണ്ടതില്ല. ഇതിന് ഇതരമായ എല്ലാ ലൈംഗികാഭിമുഖ്യങ്ങളോടും ബന്ധങ്ങളോടും അക്രമോത്സുകമായ പെരുമാറ്റമുണ്ടാകുന്നു. രണ്ട് വ്യക്തികളുടെ ജാതിയും മതവും കുലവും നിറവും വർഗ്ഗവും “നമുക്ക് ചേർന്നത്” ആവണമെന്നും നിബന്ധനകളുണ്ട്. രണ്ട് വ്യക്തികളുടെ തീരുമാനങ്ങളിലും ഇഷ്ട്ടാനിഷ്ട്ടങ്ങളിലും തോന്നിയ പോലെ കൈകടത്താൻ മാതാപിതാക്കൾ, കുടുംബങ്ങൾ, ബന്ധുക്കൾ, സമുദായം, സമൂഹം എന്നിവർക്കെല്ലാം അധികാരം ലഭിച്ചതെങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കുക എന്നത് ഇത്തരം അലിഖിതനിയമങ്ങൾക്കെതിരെയുള്ള സമരമാർഗ്ഗങ്ങളും സമരമുറകളും ശക്തിപ്പെടുത്താൻ ആവശ്യമാണ്‌.

‘കൂട്ടങ്ങൾ’ എന്നതിൽ നിന്ന് ‘കുടുംബങ്ങളിലേക്ക്’ മനുഷ്യന്റെ സാമൂഹികഘടന വളരുകയും നാം കൃഷിയിലേക്ക് കടക്കുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് സ്വകാര്യസ്വത്ത് സ്വരൂപിക്കേണ്ടതും സ്വന്തം കുഞ്ഞുങ്ങളിലേക്ക് കൈമാറേണ്ടതും പരമ്പരാതുടർച്ച ഉറപ്പു വരുത്തേണ്ടതും സുപ്രധാനമായി മാറുന്നത്. പ്രത്യുൽപാദനപ്രക്രിയയിൽ നിമിഷനേരം മാത്രം ചിലവഴിക്കേണ്ട ബാധ്യതയുള്ള പുരുഷൻ ആരെല്ലാമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുവെന്ന് നിർണ്ണയിക്കാൻ അന്ന് വഴികളില്ലായിരുന്നു. ഒൻപതുമാസം ഗർഭംപേറി പുറത്തുവരുന്ന കുഞ്ഞിന്റെ അച്ഛനാരാണ് എന്നു നിർണ്ണയിക്കാനും വഴിയില്ലായിരുന്നു. അതുകൊണ്ടാണ് പുരുഷൻ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സ്ത്രീയെ വിവാഹം കഴിച്ചു സ്വകാര്യസ്വത്തെന്ന് അടയാളപ്പെടുത്തുന്ന രീതി ഉരുത്തിരിഞ്ഞു വന്നതെന്ന് മനസ്സിലാക്കാം. ബഹുപങ്കാളിത്തത്തിൽ നിന്ന് ഏകപങ്കാളിത്തത്തിലേക്കുള്ള സാമൂഹികമാറ്റത്തിന്റെ അടിത്തറയും ഇതാണ്. സ്ത്രീയുടെ യാത്രാസ്വാതന്ത്ര്യത്തെ വിലക്കുന്നതും അവളുടെ ലൈംഗികതയ്ക്കുമേൽ നിയന്ത്രണം ഉണ്ടാകാനാണ്. ശിശുപരിപാലനത്തിന്റെ പ്രാധാന്യത്തെ പെരുപ്പിച്ചു കാണിച്ച്; സ്ത്രീകളുടെ എല്ലാ വിഭവങ്ങളെയും തട്ടിയെടുത്ത് മേൽനോട്ടവും ക്രയവിക്രയവും ഉത്പാദനവും കൈക്കലാക്കി, സാമൂഹികവത്കരണത്തിൽ സ്ത്രീയുടെ പങ്കിനെ പുതുതലമുറയെ “ഏറ്റവും മികച്ചതായി” വളർത്തിക്കൊണ്ട് വരുക എന്നത്തിലേക്ക് ചുരുക്കുകയും ചെയ്തു. കുടുംബങ്ങളിലെ അധികാരവർഗ്ഗമായി പുരുഷൻ മാറുന്നത് ഈ രീതിയിലാണ്. അധികാരവർഗ്ഗങ്ങളാണ് വ്യവസ്ഥയെയും ഭരണകൂടത്തെയും വിഭാവനം ചെയ്യുന്നത് എന്നതിനാൽ തന്നെ, പുരുഷാധിപത്യ വ്യവസ്ഥ രൂപീകരിക്കപ്പെടുകയും ചെയ്തു.


Journalist booked in Kerala for making remarks against Pinarayi Vijayan
“If our magazine is associated with a banned organisation, how did we get our …
സര്‍ഫാസി നിയമം റദ്ദാക്കാൻ ഇന്ത്യയിലെ രാഷ്ട്രീയപാർട്ടികൾ തയ്യാറാകുമോ?സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം
സര്‍ഫാസി നിയമം റദ്ദാക്കുക! കിടപ്പാടങ്ങള്‍ ജപ്തി ചെയ്യരുത്‌! എറണാകുളം കാക്കനാടിൽ 28 ജനുവരി 2024 ഞായറാഴ്ച രാവിലെ 10ന്‌ …

വർഗ്ഗങ്ങളുടെ സങ്കലനം സംഭവിക്കാതിരിക്കാൻ അടഞ്ഞ സമൂഹങ്ങളിൽ (Endogamous Societies) ഏറെക്കുറെ 50-50 അനുപാതത്തിലാണ് സ്ത്രീയും പുരുഷനുമുള്ളത്. പ്രത്യുൽപാദനക്ഷമതയുള്ള മനുഷ്യരെ നഷ്ടപ്പെടാതിരിക്കാനും അവർ പുതുതലമുറയെ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് സമൂഹങ്ങൾ ഇതരലൈംഗികതയുള്ളവരെ അവരവരുടെ ഇച്ഛയ്ക്ക് ജീവിക്കാൻ സമ്മതിക്കാത്തത്. ഈയൊരു സാമൂഹിക പരിതസ്ഥിതിയിൽ നിന്നാണ് സ്വവർഗ്ഗാനുരാഗം പാപമാണെന്ന് കൽപ്പിക്കപ്പെടുന്നത്. മിശ്രവിവാഹങ്ങൾ പോലെ സ്വവർഗ്ഗാനുരാഗവും വ്യവസ്ഥയ്ക്കെതിരായി കാണപ്പെടുന്നതിന്റെ കാരണവും ഇതാണ്.

മതങ്ങളുടെ പ്രധാന പ്രത്യേകത, അവർ തുടങ്ങിയ ഇടത്തുതന്നെ നിൽക്കാൻ ആഗ്രഹിക്കുന്നു എന്നതാണ്. അതിനുവേണ്ടി, ഇന്നത്തെ ചൂഷണാധിഷ്ഠിത സാമൂഹികവ്യവസ്ഥയെ അതേപടി നിലനിർത്താനുള്ള എല്ലാ ശ്രമവും തുടരുന്നു. അതിനുള്ള ലളിതമായ കാരണം; ഈ വ്യവസ്ഥ അവരുടെ താല്പര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായതാണ് എന്നുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള അസമത്വം ഇതേപടി തുടർന്നുപോകുക എന്നത് വ്യവസ്ഥയുടെ നിലനിൽപ്പിനു അത്യാവശ്യമാണ്. അതിനു 1) സ്ത്രീശരീരങ്ങൾക്ക് മേലുള്ള അധികാരം 2) ഇതര ലൈംഗികാഭിമുഖ്യങ്ങളെ അടിച്ചമർത്തൽ 3) മിശ്രവിവാഹങ്ങൾക്കും ബന്ധങ്ങൾക്കും മേലുള്ള കർശന വിലക്ക്, എന്നിവ നിർബന്ധമാണ്. ഇത്തരം പ്രഖ്യാപിത അജണ്ടകളെ ഒളിച്ചുകടത്താൻ വേണ്ടിയാണ് “അഴിഞ്ഞാട്ടം”, “കയറൂരിവിടൽ”, “പ്രകൃതിവിരുദ്ധത” എന്നിങ്ങനെയുള്ള ന്യായവാദങ്ങൾ ഉപയോഗിക്കുന്നത്. മതങ്ങൾ, പുരുഷാധിപത്യ വ്യവസ്ഥ, ഭരണകൂടം എന്നിവർ ഒത്തുപ്രവർത്തിച്ച് സ്വകാര്യസ്വത്ത് കൈമാറ്റത്തെയും വർഗ്ഗധ്രുവീകരണത്തെയും (Class Antagonism) അടിയുറപ്പിക്കാനുള്ള ഒരു ഉപാധിയായാണ് ലൈംഗികതയ്ക്ക് മേലുള്ള നിയന്ത്രണത്തെ ഉപയോഗിക്കുന്നത്.

മനുഷ്യന്റെ ലൈംഗികതയിൽ (Sexuality) പ്രത്യുൽപാദനത്തിനും (Reproduction) ലൈംഗിക സുഖത്തിനും (Pleasure) വ്യത്യസ്ത തലങ്ങളിൽ പ്രാധാന്യമുണ്ട്. ഇവയിൽ ഏതിനു കൂടുതൽ പ്രാധാന്യം കൊടുക്കണമെന്നത് വ്യക്തികളുടെ ഇഷ്ടവും തീരുമാനവുമാണ് (Choice). മനുഷ്യലൈംഗികതയുടെ ഏക കർമ്മം കുഞ്ഞുങ്ങളെ സൃഷ്ടിക്കുക എന്നതാണ് എന്നത് ചരിത്രബോധവും ശാസ്ത്രബോധവും ഇല്ലായ്മയാണ്. വിചാര-വികാര-ബോധമുള്ള (Sentient) ജന്തുക്കളിലും ലൈംഗികസുഖത്തിനും രതിമൂർച്ഛയ്ക്കും മനുഷ്യനോട് താരതമ്യം ചെയ്യാൻ പറ്റുന്ന രീതിയിലുള്ള പ്രാധാന്യമുള്ളതായി കാണാം. ലൈംഗികസുഖം ലൈംഗികതയുടെ പ്രകൃതിപരമായ അവിഭാജ്യഘടകം തന്നെയാണ്. മനുഷ്യബന്ധങ്ങളിലും ലൈംഗികതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ആരെയും ഉപദ്രവിക്കാത്ത സ്വാഭാവിക ഇച്ഛകളെ പൂട്ടിക്കെട്ടാൻ ആവശ്യപ്പെടുന്നതിലെ അസ്വാഭാവികത വ്യക്തമാണ്.

നമുക്ക് സുപരിചിതമായ പല മൃഗങ്ങളിലും പല തരത്തിലുള്ള ലൈംഗികാഭിമുഖ്യമുണ്ട്. മനുഷ്യരോട് ഏറ്റവും അടുത്തു നിൽക്കുന്ന ബന്ധുക്കളിൽ ഒന്നായ ഡ്വാറഫ് ചിമ്പാൻസികൾ മുഴുവനും ബൈസെക്ഷ്വലാണ്. സിംഹങ്ങൾ സ്വവർഗ്ഗാനുരാഗികളാണ്. ഡോൾഫിനുകളിലും കില്ലർ വെയിലുകളിലും സ്വവർഗ്ഗലൈംഗികത കാണാറുണ്ട്. സങ്കീർണമായ പറ്റങ്ങളായുള്ള ജീവിതരീതി (Complex Herd Life) പിന്തുടരുന്ന ഒട്ടേറെ ജീവജാലങ്ങളിലെയും സ്വാഭാവികമായ സാമൂഹികപ്രതിഭാസമാണ് സ്വവർഗ്ഗലൈംഗികത. നമുക്ക് അറിയാവുന്നവയിൽ ഒരു ജീവിവർഗ്ഗത്തിലും സ്വവർഗ്ഗലൈംഗികത ഇല്ലായെന്ന് കണ്ടെത്തിയിട്ടില്ല. സ്വവർഗ്ഗരതി പ്രകൃതിവിരുദ്ധമായിരുന്നുവെങ്കിൽ അത് പരിണാമത്തിന്റെ ഫലമായി നശിച്ചു പോകുമായിരുന്നല്ലോ?

പരിണാമപ്രക്രിയയുടെ (Evolution) ഭാഗമായി, പ്രത്യുൽപാദനത്തിലേക്ക് നയിക്കാൻ രണ്ട് ഗമീറ്റുകളുടെ സംഗമവും വളർച്ചയും ലൈംഗികമായി പ്രത്യുൽപാദനം നടത്തുന്ന എല്ലാ ജീവികളിലും ആവശ്യമാണ്‌. മനുഷ്യരോട് സമാനമായ രീതിയിൽ പ്രത്യുൽപാദന പ്രക്രിയയിൽ ഏർപ്പെടുന്ന മൃഗങ്ങളിൽ രണ്ട് ഗമീറ്റുകളുടെയും വലുപ്പം വ്യത്യസ്തപ്പെട്ടിരിക്കും. ഗമീറ്റുകളിൽ വലുതിനെ അണ്ഡമെന്നും (Female) ചെറുതിനെ ബീജമെന്നും (Male) വിളിച്ചത് മനുഷ്യരാണ്. പ്രത്യുൽപാദന പ്രക്രിയയിൽ നിമിഷനേരത്തെ പങ്ക് വഹിക്കുന്നവരെ ‘പുരുഷനെ’ന്നും ഒൻപതുമാസം ഗർഭം പേറുന്നവരെ ‘സ്ത്രീ’യെന്നും വിളിച്ചത് മനുഷ്യരാണ്. ശരീരത്തിൽ ലിംഗമുള്ളവരെ ‘പുരുഷനെ’ന്നും യോനിയുള്ളവരെ ‘സ്ത്രീ’യെന്നും വിളിച്ചത് മനുഷ്യനാണ്. പ്രകൃതിയിൽ സ്ത്രീയും (female) പുരുഷനുമില്ല (male) – പല തരത്തിലുള്ള ലൈംഗിക/പ്രത്യുൽപാദന പ്രക്രീയകളും (Vegetative, Asexual, Hermaphrodic, Sexual Reproduction) ഗമീറ്റുകളും (Isogamous, Anisogamous, Oogamous, Spores etc.) ആണുള്ളത്. ഇവയിൽ മനുഷ്യരിൽ നടക്കുന്ന പ്രത്യുൽപാദനപ്രക്രിയ മാത്രമാണ് പ്രകൃതിപരം എന്ന് പറയുന്നത് വിരോധാഭാസമാണ്. രണ്ടുതരം ഗമീറ്റുകളെ ഉത്പാധിപ്പിക്കാൻ രണ്ടുതരം ശരീരങ്ങൾ പൊതുവെ കാണപ്പെടുന്നു എന്നേ പറയാൻ കഴിയൂ. മനുഷ്യരെ സ്ത്രീപുരുഷ ദ്വന്ദങ്ങളിൽ അടച്ചിടാൻ ശ്രമിക്കുന്നത് ലോകത്തെ 1.7% വരുന്ന ഇന്റർസെക്സ് മനുഷ്യരെ അദൃശ്യവത്കരിക്കലാണ്. ‘സ്ത്രീ’ശരീരം ഉള്ളവരും ‘പുരുഷ’ശരീരം ഉള്ളവരും എങ്ങനെയൊക്കെ പെരുമാരണമെന്ന ലിംഗപദവി (Gender Roles) കൽപ്പിക്കുന്നതും വ്യവസ്ഥയുടെ കെട്ടുറപ്പുള്ള അടിത്തറ തകരാതിരിക്കാനാണ്. വൈവിദ്യങ്ങളായ ലിംഗത്വമുള്ളവരോടും (Gender Identity) വ്യത്യസ്ത രീതികളിൽ അവയെ ആവിഷ്കരിക്കുന്നവരോടും (Gender Expression) കാണിക്കുന്ന അനീതിയാണത്. ലിംഗം (Biological Sex) രണ്ടുതരം മാത്രമല്ല എന്നതിൽനിന്ന് തിരുത്തിപഠിക്കൽ (Unlearn) തുടങ്ങേണ്ടതാണ്. ആൺ-പെണ്ണ് വാർപ്പുമാതൃകകളെ ഭേദിച്ച് അനേകമനേകം ലിംഗത്വങ്ങളെ ഉൾക്കൊള്ളാൻ ശാസ്ത്രബോധവും തുറന്നചിന്താഗതിയും അത്യാവശ്യമാണ്. പ്രത്യുൽപാദനത്തിന് കാരണമാകാത്ത ലൈംഗിക ബന്ധങ്ങളെല്ലാം പ്രകൃതിവിരുദ്ധമാണ് എന്നുപറയുന്നത് മാനുഷികമായും ധാർമികമായും ശാസ്ത്രീയമായും തെറ്റാണ്. ലൈംഗികത സ്നേഹത്തിനും സുഖത്തിനും അടുപ്പത്തിനും സന്തോഷത്തിനും എല്ലാം കാരണമാകുമെന്ന് മനസ്സിലാക്കേണ്ടതാണ്.

നിലവിലെ സാമൂഹിക വ്യവസ്ഥ ചൂഷണാധിഷ്ഠിതവും പലവിധ അടിച്ചമർത്തലുകളിലൂടെ രൂപംകൊണ്ടതുമാണെന്ന് സംശയമില്ല. എന്നാൽ, ചൂഷകരും ചൂഷിതരും എല്ലാ സാഹചര്യത്തിലും ഒരേ വിഭാഗങ്ങളാകണമെന്ന് നിർബന്ധമില്ല. സങ്കീർണമായ നിലയിൽ ശ്രേണീകൃതമായ സമൂഹത്തിൽ അടിച്ചമർത്തപ്പെടുന്ന വിഭാഗത്തിന് ഉള്ളിൽ അതിലുംകൂടുതൽ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളുണ്ടാകും. അധികാരം കയ്യാളിയ ഭൂരിപക്ഷമതം ന്യൂനപക്ഷ മതങ്ങളെ വേട്ടയാടുമ്പോൾ; ഈ ന്യൂനപക്ഷ മതങ്ങൾക്കകത്ത് സ്ത്രീകളും ക്വീർ മനുഷ്യരും വേട്ടയാടപ്പെടുന്നത് ഇത്തരത്തിലാണ്. ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ബ്രാഹ്മണിക്കൽ ഹിന്ദുക്കളല്ലാത്ത എല്ലാവരെയും ഘട്ടംഘട്ടമായി വേട്ടയാടി ഉന്മൂലനം ചെയ്യാനൊരുങ്ങുമ്പോൾ, മതങ്ങളുടെ യാഥാസ്തിതികതയിൽ നിന്ന് പുറത്തുവന്ന് സംഘടിതമായ ചെറുത്തുനിൽപ്പ് ഉയർത്തികൊണ്ടുവരേണ്ടതുണ്ട്. അധീശവർഗ്ഗത്തിന്റെ അടിച്ചമർത്തലിനെ ചെറുക്കുമ്പോൾ മറ്റൊരു കൂട്ടരോട് അധീശത്വ മനോഭാവം തുടരുന്നത് ഇരട്ടത്താപ്പാണ്. ഒരാളുടെയും ലിംഗമോ (Sex) ലിംഗത്വമോ (Gender) ലൈംഗികതയോ (Sexuality) വട്ടമേശയിട്ടിരുന്ന് ചർച്ച ചെയ്യേണ്ട വിഷയങ്ങളല്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ നടത്തുന്ന ഹീനമായ അവകാശലംഘനങ്ങളാണ്. ഓരോ മനുഷ്യനും അവരുടെ സ്വത്വം മുറുകെ പിടിക്കാനും വിശ്വാസം പിന്തുടരാനും അവകാശമുണ്ട്. അത് മറ്റൊരു മനുഷ്യന്റെ ഇതേ അവകാശങ്ങളെ ലംഘിച്ചു കൊണ്ടാകരുത് എന്ന് നിർബന്ധവുമാണ്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal