പ്രണയബന്ധങ്ങളെ ലൈംഗികതയിലേക്ക് പരിമിതപ്പെടുത്തുന്നുണ്ടോ?

ഓരോരുത്തരും വ്യക്തിപരമായി അവരവരുടെ ലൈംഗികതയെ സൂക്ഷ്മപരീക്ഷണത്തിനും (Exploration) നിരീക്ഷണത്തിനും (Observation) വിധേയമാക്കുമ്പോഴാണ് ലൈംഗികതയേക്കുറിച്ചുള്ള സാമൂഹിക വാർപ്പുമാതൃകകളിൽ നിന്ന് പുറത്തുവന്ന് സ്വന്തം ലിംഗ-ലൈംഗിക സ്വത്വങ്ങൾ തിരിച്ചറിയാൻ കഴിയുക.


നിഹാരിക പ്രദോഷ്

ഇറ്റ്സ് നോട്ട് യു, ഇറ്റ്സ് നോട്ട് മി(2020) എന്നത് രണ്ട് വ്യക്തികൾക്കിടയിലുള്ള പ്രണയം, വൈകാരികത, ലൈംഗികത എന്നിവയിലേക്ക് അലൈംഗികത (Asexuality) എങ്ങനെ കടന്നുവന്നുവെന്നും ബാധിക്കുന്നുവെന്നും സംസാരിക്കുന്ന ഹൃസ്വചിത്രമാണ്. തന്റെ ലൈംഗികാഭിമുഖ്യം (Sexual Orientation) അലൈംഗിക വർണ്ണരാജിയിലാണ് (Asexual Spectrum) എന്ന് തിരിച്ചറിയുന്ന ക്രിസ്സും അവരുടെ പങ്കാളിയായ ടീനയും തമ്മിലുള്ള ഒരു രാത്രിയാണ് സിനിമയുടെ പ്രമേയം. ലൈംഗിക ആകർഷണം അനുഭവിക്കുകയും പ്രണയബന്ധങ്ങളിൽ സെക്സിനു പ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ടീന. തന്റെ ലൈംഗികാഭിമുഖ്യവും ആകർഷണവും എങ്ങനെയാണെന്ന മനസ്സിലാക്കലുകളുടെ യാത്രയിലാണ് ക്രിസ്സ്. അവർക്കിടയിലെ ലൈംഗികതയെ ചൊല്ലിയുള്ള ആശങ്കകളും പേടിയും ഇഷ്ടവും ആഗ്രഹവുമെല്ലാം സംവദിക്കാനും മനസ്സിലാക്കാനുമുള്ള ശ്രമം കൂടിയാണ് സിനിമയിൽ കാണാൻ കഴിയുന്നത്.

ഈ സിനിമ പറയാനുദ്ദേശിക്കുന്ന ആശയം അതിന്റെ തലക്കെട്ടിൽ നിന്നുതന്നെ വ്യക്തമാണ്: “എന്റെയോ നിന്റെയോ തെറ്റല്ല” ഇതെന്ന് അത്രമേൽ സ്പർശിയായി പറയാൻ ‘ഇറ്റ്സ് നോട്ട് യു, ഇറ്റ്സ് നോട്ട് മി’ ക്ക് കഴിയുന്നുണ്ട്. ലൈംഗികതയുടെ രണ്ട് (Allosexual & Asexual) വശത്ത് നിൽക്കുന്ന മനുഷ്യരാശിയുടെ വിശാലമായ ക്യാൻവാസിലൂടെയും സിനിമയെ നോക്കിക്കാണാൻ കഴിയും. ഓരോ മനുഷ്യർക്കും വ്യത്യസ്തവും വൈവിധ്യപൂർണ്ണവുമായ രീതിയിലാണ് അവരുടെ ലൈംഗികതയും ലൈംഗികതയില്ലായ്മയും അനുഭവപ്പെടുന്നതും മനസ്സിലാകുന്നതും ആസ്വദിക്കാൻ കഴിയുന്നതും. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തിൽ ലൈംഗികതയ്ക്കുള്ള പ്രാധാന്യത്തിലേക്കോ പുരുഷാധിപത്യവ്യവസ്ഥയിൽ പ്രത്യുൽപാദനത്തിലേക്ക് നയിക്കുന്ന ലൈംഗികബന്ധത്തിനു നൽകുന്ന അധികപ്രാധാന്യത്തിലേക്കോ കടക്കാതെ; ലൈംഗികതയുടെ കാഴ്ച്ചയിലേക്ക് പരിമിതപ്പെടുത്തപ്പെടുന്ന മനുഷ്യബന്ധങ്ങളെ പറ്റി സംസാരിക്കാൻ ശ്രമിക്കാം.

ഓരോരുത്തരും വ്യക്തിപരമായി അവരവരുടെ ലൈംഗികതയെ സൂക്ഷ്മപരീക്ഷണത്തിനും (Exploration) നിരീക്ഷണത്തിനും (Observation) വിധേയമാക്കുമ്പോഴാണ് ലൈംഗികതയേക്കുറിച്ചുള്ള സാമൂഹിക വാർപ്പുമാതൃകകളിൽ നിന്ന് പുറത്തുവന്ന് സ്വന്തം ലിംഗ-ലൈംഗിക സ്വത്വങ്ങൾ തിരിച്ചറിയാൻ കഴിയുക. ലൈംഗികവും (Sexual) യുക്തിപൂര്‍വ്വവും (Cognitive) ആയ അന്വേഷണസഞ്ചാരങ്ങൾ നടത്താൻ ശ്രമിക്കുന്ന ഓരോരുത്തരെയും പിന്തിരിപ്പിക്കാനുള്ള വ്യവസ്ഥാപിത ശ്രമങ്ങൾ ശക്തമാണെന്നിരിക്കെ, അവയെ പൊളിച്ചുപുറത്തു വരാനുള്ള ശ്രമങ്ങൾ ശ്രമകരമാണ്. ഹെട്ട്റോസെക്ഷ്വൽ ലൈംഗികതയ്ക്ക് പുറത്തുള്ള ഏതുതരം സ്വത്വങ്ങളേയും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും ബഹുമാനിക്കാനും ഉൾകൊള്ളാനുമുള്ള വിശാലത സമൂഹം കൈവരിക്കേണ്ടതിനായുള്ള അവകാശസമരങ്ങൾ കൂടിയാണ് ക്വീർ സമൂഹം അതിന്റെ അകത്തും പുറത്തും നടത്തുന്നത്.

ലൈംഗികതയെ കുറിച്ചുള്ള ചർച്ചകൾ പ്രത്യുൽപാദനത്തിൽ നിന്ന് ഉത്തേജനത്തിലേക്കും (Arousal) ലൈംഗികസുഖത്തിലേക്കും (Pleasure) രതിമൂർച്ഛയിലേക്കും (Orgasm) വികസിക്കാൻ തുടങ്ങിയിട്ട് ഏറെയാകുന്നില്ലെങ്കിലും ഇവിടെ ഇപ്പോഴും അദൃശ്യവത്കരിക്കപ്പെടുന്നത് നിർബന്ധിത ലൈംഗികതയും (Forced Sexuality) അലൈംഗികതയും (Asexuality) ആണ്. ലൈംഗികാതിക്രമങ്ങളുടെ പരിസരത്തിലുള്ള ചർച്ചകളിൽ നിർബന്ധിത ലൈംഗികത, സമ്മതം (Consent), അധികാരപ്രയോഗം എന്നിവ ചർച്ചയാകുന്നുവെങ്കിലും ലൈംഗികതാല്പര്യം ഇല്ലാതിരിക്കുന്ന അവസ്ഥകൾ പരിഹസിക്കപ്പെടേണ്ട കാര്യങ്ങളായി ചുരുങ്ങുന്നു. ലൈംഗികചോദനകൾ സ്വാഭാവികമാണെന്ന് പറയുന്നതിന്റെ ഒപ്പംതന്നെ ലൈംഗികചോദനകൾ ഇല്ലാതിരിക്കുന്നതും സ്വാഭാവികമാണെന്ന ആശയം ആഴത്തിൽ പ്രതിഫലിക്കേണ്ടതുണ്ട്. ദൃശ്യവും സാഹിത്യപരവുമായ മാധ്യമങ്ങളിലെ ലൈംഗികചിത്രീകരണങ്ങൾ സദാചാര ചിന്തകളെ വെല്ലുവിളിക്കാൻ ക്രിയാത്മകമായി ശ്രമിക്കുന്നത് വിപ്ലവാത്മകമായ മുന്നേറ്റം തന്നെയാണ്. എന്നാൽ, അത് നിർബന്ധിത ലൈംഗികതയിലേക്കും ലൈംഗികബന്ധത്തിന് അപ്പുറത്തേക്ക് മനുഷ്യന്റെ പ്രണയബന്ധങ്ങളിലെ മറ്റ് സംങ്കീർണ്ണതകളെ അഭിസംബോധന ചെയ്യാതിരിക്കുന്നതിലേക്കും പോകുന്നതിനെ വിമർശനാത്മകമായി നോക്കേണ്ടതുണ്ട്.

പ്രണയബന്ധങ്ങളിൽ വ്യക്തികൾക്ക് പരസ്പരം ലൈംഗികസുഖം പകരാൻ കഴിയുന്നില്ലെങ്കിൽ ആ ബന്ധത്തിൽ എന്തോ കുഴപ്പമുണ്ടെന്ന പൊതുബോധം നിലനിൽക്കുന്നുണ്ട്. ഇതുതന്നെയാവാം ടീനയെ ക്രിസ്സുമായുള്ള ബന്ധത്തിന്റെ ഭാവിയെപ്പറ്റി ആശങ്കപ്പെടുത്തുന്ന പ്രധാനകാരണം. അവിടെയാണ് അലൈംഗികതയെന്നാൽ ‘പ്രണയമില്ലായ്മ’യല്ല എന്ന യാഥാർഥ്യം ദൃശ്യവത്കരിക്കാൻ ഇറ്റ്സ് നോട്ട് യു, ഇറ്റ്സ് നോട്ട് മിക്ക് കഴിയുന്നത്. ടീനയിൽ ചിരിയുണർത്താൻ എന്തുചെയ്യണമെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടുണ്ട് എന്നത് ക്രിസ്സെന്ന പങ്കാളിയുടെ പ്രണയത്തിന്റെ വിജയമാണ്. ടീനയുമായുള്ള ബന്ധത്തെ ക്രിസ്സ് വിലമതിക്കുന്നുണ്ട് എന്നും ടീനയുടെ ആശങ്ക പരിഹരിക്കാൻ പറ്റുമോ എന്ന ശ്രമത്തെയും സൂചിപ്പിക്കുന്നതാണ് അവർ ലൈംഗികബന്ധത്തിലേർപ്പെടാൻ തയ്യാറാവുന്ന, അതിനു ക്രിസ്സ് മുൻകൈയെടുക്കുന്ന രംഗം.

ഒരു ലൈംഗിക വ്യക്തിക്ക് തന്റെ പ്രണയബന്ധത്തിൽ സെക്സ് എത്രത്തോളം പ്രാധാന്യമുള്ളതാണോ അതുപോലെതന്നെയാണ് ഒരു അലൈംഗിക വ്യക്തി തന്റെ ജീവിതത്തിൽ സെക്സിനെ പ്രധാനമല്ലാത്തതായി കാണുന്ന യാഥാർഥ്യവും എന്ന് അവസാനത്തെ ഷോട്ട് വരെയും ലളിതമായി കാണിക്കുന്നു. അലൈംഗികതയേക്കുറിച്ചും ലൈംഗികബന്ധത്തിന് പ്രണയബന്ധത്തിലുള്ള സ്ഥാനവും സ്ഥാനമില്ലായ്മയും പറ്റിയും ഉള്ള തുറന്ന സംസാരത്തിലൂടെ മാത്രമേ സാധ്യമായ പരിഹാരത്തിലേക്ക് എത്താൻ കഴിയുകയുള്ളു. സിനിമയുടെ അവസാനത്തിൽ രണ്ടുപേരുടെയും മുഖത്ത് പ്രതിഫലിക്കുന്ന നിരാശ അവർക്ക് രണ്ടുപേർക്കും ലൈംഗികതയോടുള്ള സമീപനത്തെ വ്യക്തമാക്കുന്നു. ലൈംഗികബന്ധത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളെ സംബന്ധിച്ച് ഇവിടെ എന്താണ് തിരഞ്ഞെടുക്കേണ്ടത് എന്നും അവർ കൂട്ടമായും വ്യക്തിപരമായും ആലോചിച്ചു തീർപ്പാക്കേണ്ടതുണ്ട്. സെക്സ് ഒരു ആക്ടിവിറ്റിയാണെന്നും അത്തരം അനേകം ആക്ടിവിറ്റികൾ ചേർന്നാണ് ഓരോ മനുഷ്യബന്ധവും പുരോഗമിക്കുന്നത് എന്നും ഏതെങ്കിലുമൊരു ആക്ടിവിറ്റിയുടെ അഭാവം ആ ബന്ധത്തിന്റെ തകർച്ചയോ സംങ്കീർണ്ണതയില്ലായ്മയോ അർത്ഥമാക്കുന്നില്ല എന്നും ഇറ്റ്സ് നോട്ട് യു, ഇറ്റ്സ് നോട്ട് മി അടിവരയിടുന്നു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal