പുരുഷന്മാരും ആർത്തവവും; റുച്ച സത്തൂർ

വിവർത്തനം: നൗഫിയ & നിഹാരിക (എസ്.ഈ.കെ ഫൗണ്ടേഷൻ)


“പലപ്പോഴും പുരുഷന്മാർ തിരിച്ചറിയാതെ പോകുന്ന കാര്യം ആർത്തവം അവരുടെ കൂടി പ്രശ്നമാണെന്നതാണ് ”


‘ദസ്ര’ എന്ന എൻ.ജി.ഒ യുടെ 2014-ലെ റിപ്പോർട്ടായ “സ്പോട്ട് ഓൺ!” പ്രകാരം സാനിറ്ററി നാപ്കിനുകളുടെ ലഭ്യതകുറവ്, ശരിയായ ആർത്തവ ശുചിത്വ സൗകര്യങ്ങളുടെ അഭാവം, ശാസ്ത്രീയമായ ആർത്തവ അവബോധമില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ ഓരോ വർഷവും ഏകദേശം 23 ദശലക്ഷം പെൺകുട്ടികൾ സ്‌കൂൾ പഠനം മതിയാക്കുന്നു. ഡോ. ഭീംറാവു റാംജി അംബേദ്കർ പറയുകയുണ്ടായി, “സ്ത്രീകൾക്ക് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള പുരോഗതിയുടെ തോത് നോക്കിയാണ് ഞാൻ ഒരു സമൂഹത്തിന്റെ പുരോഗതി അളക്കുന്നത്” എന്ന്. ഈ ദർശനത്തിൽ നിന്ന് പ്രചോദനം കൈക്കൊണ്ട്, മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഋഷികേശ് ഖണ്ടാലെയെന്ന ജാതിവിരുദ്ധ ചിന്തകനും ആക്ടിവിസ്റ്റും പത്രപ്രവർത്തകനുമായ യുവാവ് ആധുനിക ഇന്ത്യ എന്നും അറപ്പോടെ കാണുന്ന ആർത്തവമെന്ന പ്രക്രിയയോടുള്ള വൈമുഖ്യങ്ങൾക്ക് (Menstrual Stigma) എതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചു. “ഓരോ വർഷവും 23 ദശലക്ഷം പെൺകുട്ടികൾ അവരുടെ ശരീരത്തിനകത്ത് സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയകാരണം നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്ന് പുറംതള്ളപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ, ഇത് ദുരന്തമാണ്, അത് മാറേണ്ടതുണ്ട്,” ഋഷികേശ് പറയുന്നു.

ഔറംഗബാദ് നിവാസിയായ ഋഷികേശ് പ്രശസ്‌തമായ പിരീഡ് ഫെലോഷിപ്പിന് 2021-ൽ തിരഞ്ഞെടുക്കപ്പെടുകയും മധ്യപ്രദേശിലെ ജബുവയിലെ ഒരു ആദിവാസി ജില്ലയിൽ പതിനഞ്ച് മാസത്തോളം ജോലി ചെയ്യുകയും ചെയ്തു. ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ആർത്തവത്തെ സംബന്ധിക്കുന്ന കാര്യങ്ങളിൽ മാറ്റം കൊണ്ടുവരുന്നതിനായി പ്രവർത്തിക്കുന്ന, ബാംഗ്ലൂർ ആസ്ഥാനമായുള്ള എൻ‌.ജി‌.ഒ ആയ ‘അൺഇൻ‌ഹിബിറ്റഡ്’ നൽകുന്ന ഫെലോഷിപ്പാണിത്. ആർത്തവത്തെ കുറിച്ചുള്ള മിഥ്യകൾ ഇല്ലാതാക്കാൻ പുരുഷന്മാർ പരിശ്രമിക്കുക എന്നതൊരു അപൂർവ്വ കാഴ്ചയാണ്, ഈ അപൂർവതയെ വെല്ലുവിളിക്കുകയാണ് ഋഷികേശ് ചെയ്യുന്നത്. പതിനഞ്ച് മാസക്കാലം, ഗ്രാമങ്ങളിലും കമ്മ്യൂണിറ്റികളിലുമുള്ള യുവാക്കൾക്കും പെൺകുട്ടികൾക്കും ‘സാമൂഹികപരവും പെരുമാറ്റപരവുമായ പ്രവർത്തനപരിപാടികൾ’ നൽകുന്നതിനോടൊപ്പം, ആർത്തവവുമായി ബന്ധപ്പെട്ട മിഥ്യകൾ ഇന്ത്യയിൽ രൂപപ്പെടുത്തുന്നതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ സങ്കീർണതകൾ മനസ്സിലാക്കാൻ ഋഷികേശ് ആഴത്തിൽ പഠനം നടത്തി. ഇവിടെ, അദ്ദേഹം പഠിച്ച കാര്യങ്ങൾ നമ്മളുമായി പങ്കിടുന്നു.

“പലപ്പോഴും പുരുഷന്മാർ തിരിച്ചറിയാതെ പോകുന്ന കാര്യം ആർത്തവം അവരുടെ കൂടി പ്രശ്നമാണെന്നതാണ് ”, ഋഷികേശ് പങ്കുവെക്കുന്നു. കുടുംബങ്ങളിലും അടുത്ത ബന്ധങ്ങളിലും ജോലിസ്ഥലങ്ങളിലും സമൂഹങ്ങളിലും പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും സ്ത്രീകളോടൊപ്പം സഹവസിക്കുന്ന ഒരു ലോകത്ത്, ആർത്തവമുള്ള ശരീരത്തിന്റെ ആവശ്യങ്ങളിൽ നിന്ന് പുരുഷന്മാർക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല.

“എന്റെ അമ്മയ്ക്കു ആർത്തവമുണ്ടായത് കാരണമാണ് ഞാനിന്നിവിടെയുള്ളത്. അതിനാൽ, ആർത്തവം സ്ത്രീകളെയെന്നപ്പോലെ പുരുഷനെയും ആവരണം ചെയ്യുന്ന യാഥാർത്ഥ്യമാണ് – ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളോട് നിശബ്ദത പാലിക്കുന്ന സംസ്കാരത്തിലാണ് നാം വളർന്നു വരുന്നത് എന്നതുകൊണ്ട് ഓരോ മാസവും ആർത്തവം അനുഭവിക്കുന്നവർ അവരുടെ ജീവിതത്തിൽ കടന്നുപോകേണ്ടി വരുന്ന തീവ്രമായ അനുഭവങ്ങളെക്കുറിച്ച് പുരുഷന്മാർക്ക് തീരേ ധാരണയില്ലെന്ന് മാത്രമല്ല, ജെൻഡർ എന്ന സാമൂഹ്യഘടന അവർക്ക് നൽകുന്ന സവിശേഷസംരക്ഷണങ്ങൾ കാരണം അവർ ആർത്തവത്തോടുള്ള അജ്ഞത തുടരാനുള്ള തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുന്നു. ആർത്തവമുള്ള ഒരാളുടെ ജീവിതകാലത്തിൽ ആർത്തവരക്തം വരുന്ന മുഴുവൻ ദിവസങ്ങൾ കണക്കിലെടുത്താൽ, ഇത് ഏകദേശം 7 വർഷത്തോളമുണ്ടെന്ന് മനസ്സിലാകും – അതൊരു വലിയ സംഖ്യയാണ്.”

“എന്റെ കുട്ടിക്കാലം മുഴുവനും എന്റെ അമ്മ ഒരു വാക്കുപോലും പറയാതെ ഫാർമസിസ്റ്റിനുള്ള കുറിപ്പ് മാത്രമുള്ളൊരു ബാഗ് എനിക്ക് കൈമാറുമായിരുന്നത് ഞാൻ ഓർക്കുന്നു. ഫാർമസിസ്റ്റ് ആ കുറിപ്പ് വായിച്ചശേഷം ഒരു പൊതിഞ്ഞ പാക്കറ്റ് ബാഗിൽ ഇട്ടുതരും, ഞാൻ അതുമായി വീട്ടിലേക്ക് പോകും. ഈ കൈമാറ്റം മുഴുവനും ഒരു വാക്കുപോലും പങ്കുവയ്ക്കപ്പെടാതെ, പൂർണ്ണ നിശബ്ദതയിൽ സംഭവിച്ചു പോന്നിരുന്നു. ഞാൻ വളർന്നുവന്നതിനു ശേഷമാണ് അത് അമ്മയ്ക്കും സഹോദരിമാർക്കുമുള്ള സാനിറ്ററി നാപ്കിനുകളായിരുന്നു എന്ന് മനസ്സിലാക്കിയത്.” അധികം ദൂരേക്ക് നോക്കാതെ തന്നെ, ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള മനോഭാവങ്ങളെയും പെരുമാറ്റങ്ങളെയും വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങൾ വീട്ടിൽ നിന്ന് തന്നെ ആരംഭിക്കാമെന്ന് ഋഷികേശ് മനസ്സിലാക്കി.

“എന്റെ ആദ്യത്തെ പ്രവർത്തിക്കായി, ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ എന്റെ കുടുംബത്തോടൊപ്പം ഇരുന്നു – എന്റെ ചേച്ചിമാരും അച്ഛനും അമ്മയും ആർത്തവത്തെ കുറിച്ച് പറയുന്നത് കേൾക്കുക എന്നതായിരുന്നു എന്റെ ആദ്യ ചുവട്.”

ഋഷികേശിനെ സംബന്ധിച്ച്‌, ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആരോഗ്യത്തിലേക്കും ശുചിത്വത്തിലേക്കും ഒതുങ്ങുന്നതല്ല, അവ ഒരാളുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും കാത്തുസൂക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്ന് കൂടിയാണ്.

“ജാതി, വർഗ്ഗം, ജെൻഡർ എന്നിവയുടെ സാമൂഹ്യഘടനയാൽ അത്രയധികം മിശ്രതമാണ് ഇന്ത്യയിലെ ആർത്തവാനുഭവം. ഉദാഹരണത്തിന്, ഇന്ത്യയിലെ സാനിറ്ററി സൗകര്യങ്ങളുടെ അഭാവംമൂലം ഏറ്റവുമധികം ബുദ്ധിമുട്ടുന്നവരുള്ള സ്‌കൂളുകൾ പൊതുവിദ്യാലയങ്ങളാണെന്ന വസ്തുത പരിശോധിക്കുക, അവിടുത്തെ വിദ്യാർത്ഥികൾ ഭൂരിഭാഗവും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള പെൺകുട്ടികളായിരിക്കും. താങ്ങാനാവാത്ത വിലയോടുകൂടി വിൽക്കപ്പെടുന്ന ആർത്തവശുചിത്വോപകരണങ്ങൾ ദരിദ്ര കുടുംബങ്ങൾക്ക് അപ്രാപ്യമാകുന്നു. അതല്ലെങ്കിൽ, ഇന്ത്യയിലെ എല്ലാ ദൈനംദിന ഇടപെടലുകളിലും ജാതി സർവ്വവ്യാപിയായ യാഥാർത്ഥ്യമായി പ്രതിഫലിക്കുന്നു എന്ന വസ്തുത – ആർത്തവ വൈമുഖ്യങ്ങളും അതിലൂടെ വാർത്തെടുക്കപ്പെടുന്നതാണ്. അടിസ്ഥാനപരമായി, ആർത്തവത്തോടുള്ള വൈമുഖ്യങ്ങൾ ഉടലെടുക്കുന്നത് ജാതി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങളിൽ നിന്നുമാണ്. ഒരു പെൺകുട്ടി പ്രായപൂർത്തിയാകുമ്പോൾ, അവൾ താഴ്ന്ന ജാതിയിൽ നിന്നോ അന്യമതത്തിൽ നിന്നോ വിവാഹം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനായി അവളുടെ ലൈംഗികതയ്ക്കും ഇച്ഛകൾക്കും മേൽ സമൂഹം സൂക്ഷ്മനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഇത്തരം പോലീസിങ്ങിന്റെ ഉൽപ്പന്നമാണ്, സ്ത്രീകൾക്കെതിരായ വിവേചനത്തിന്റെയും അക്രമത്തിന്റെയും മറ്റൊരു രൂപമായ ശൈശവ വിവാഹം.”

എല്ലാ വിഭാഗത്തിലെ പുരുഷന്മാർക്കും ആർത്തവ വൈമുഖ്യങ്ങൾ ഒരുപോലെയല്ല അനുഭവപ്പെട്ടിട്ടുള്ളത്. ജാതിവിരുദ്ധ ചിന്തകനായ കാഞ്ച ഐലയ്യ പങ്കുവയ്ക്കുന്നത് പോലെ,

“മേൽ ജാതിയിലും ഉപരി വർഗ്ഗത്തിലും പെട്ടവരുടെ ഭവനങ്ങളിൽ പുരുഷാധിപത്യം താരതമ്യന വലിയ പ്രശ്നമാണ്. ഞാൻ വിശദീകരിക്കാം – സമ്പന്ന കുടുംബങ്ങളിൽപ്പെട്ട മേൽജാതിക്കാരായ എന്റെ സുഹൃത്തുക്കളോട് ഞാൻ ഈ വിഷയങ്ങൾ സംസാരിക്കുമ്പോൾ അവർ പലപ്പോഴും ഞാൻ ഉന്നയിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാറുണ്ട്. എങ്കിൽപോലും, അവരുടെ വീട്ടിൽ പങ്കാളികളുടെ അടുത്ത് ഇത്തരം അതിരുകളെ മറികടക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നാൽ, ഞാൻ മധ്യപ്രദേശിൽ ഗോത്രവിഭാഗങ്ങളിലെ പുരുഷന്മാരോടൊപ്പം ജോലി ചെയ്തിരുന്ന കാലത്ത്, ആർത്തവത്തെക്കുറിച്ചുള്ള ഇന്നത്തെ ധാരണകൾ എത്രത്തോളം തെറ്റിധാരണ നിറഞ്ഞതാണെന്ന് മനസ്സിലാക്കാനായപ്പോൾ അവിടുത്തെ പുരുഷന്മാരും അതേപറ്റിയുള്ള മാറിവരുന്ന മനോഭാവങ്ങളും പെരുമാറ്റങ്ങളും സ്വീകരിക്കാൻ തയ്യാറായി. ഒരു ബസ്ത്തിയ്ക്ക് അകത്ത്, ഒരു സ്ത്രീ ഗാർഹിക പീഡനത്തിന് ഇരയാക്കപ്പെടുമ്പോഴെല്ലാം അവൾ പുരുഷനെ തിരിച്ചടിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നു. ഫ്ലാറ്റുകളിലും അപ്പാർട്ടുമെന്റുകളിലും ഒരുപക്ഷെ ഇത് എല്ലായ്പ്പോഴും സംഭവിക്കണമെന്നില്ല.”

ഋഷികേശിനെ സംബന്ധിച്ചിടത്തോളം, ആർത്തവത്തെക്കുറിച്ചുള്ള വൈമുഖ്യം ഇല്ലാതാക്കാൻ സ്ത്രീകളുടെ ഒപ്പം പ്രവർത്തിക്കുന്നതുപോലെ അടിയന്തിരപ്രാധാന്യമുള്ളതാണ് പുരുഷന്മാരുടെ ഒപ്പം പ്രവർത്തിക്കുന്നത്. ഭൂരിഭാഗം വീടുകളിലും തീരുമാനമെടുക്കുന്നത് പുരുഷന്മാരാണ് – സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ പോലും സ്ത്രീകൾ അവരുമായി കൂടിയാലോചിക്കേണ്ടതായി വരും. മിക്കപ്പോഴും, സ്ത്രീകൾക്ക് അവരുടെ വീടുകളിലെ പുരുഷന്മാരിൽ നിന്നുള്ള നീരസവും വൈമുഖ്യവും ഭയന്ന് അവർ ആർത്തവ സമയത്തു ഉപയോഗിച്ച തുണികൾ മറ്റ് തുണികൾക്കൊപ്പം തുറസ്സായ ഇടങ്ങളിൽ വെയിലത്ത് ഉണക്കാൻ പോലും കഴിയാറില്ല, ഇത് യോനിയിൽ തിണർപ്പിനും അണുബാധയ്ക്കും കാരണമാവുകയും ചെയ്യുന്നു. ഋഷികേശ് തന്റെ ഫെലോഷിപ്പ് അവസാനിച്ച ശേഷവും മറാത്ത്‌വാഡയുടെ ഗ്രാമപ്രദേശത്ത് ആർത്തവത്തെപറ്റിയുള്ള വിവേചനപരമായ ആചാരങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ആർത്തവ വൈമുഖ്യങ്ങൾക്കെതിരെ പൊരുതുന്നത് തുടരുകയാണ്.

ഋഷികേശ് പങ്കുവെക്കുന്നു, “എന്നെ സംബന്ധിച്ചിടത്തോളം, ഓരോ പുരുഷനും അവരുടെ ജീവിതത്തിലെ ആർത്തവമുള്ളവർക്ക് അവരുടെ പ്രശ്‌നങ്ങൾ പങ്കുവെക്കാനായി വിശ്വാസയോഗ്യവും സുരക്ഷിതവുമായ ഇടം ഒരുക്കാൻ കഴിയുന്ന ലോകം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പുരുഷന്മാർ ഈ പ്രശ്നത്തെക്കുറിച്ചും അവർ ഇക്കാര്യത്തിൽ അനുഭവിക്കുന്ന പ്രത്യേകാനുകൂല്യങ്ങളെ പറ്റിയും ബോധവാന്മാരാകുമ്പോൾ മാത്രമാണ് അവർ ആർത്തവത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുകയുള്ളു. സങ്കീർണ്ണമായ ഈ വിഷയത്തെ ആസ്പതമാക്കി ആരോഗ്യകരമായ സംഭാഷണങ്ങൾ ഉണ്ടാകുന്നതായിരിക്കും ഒരുപക്ഷേ ആർത്തവ വൈമുഖ്യങ്ങളെ ചരിത്രത്തിലേക്ക് ഒതുക്കിനിർത്തിയ പ്രതിഭാസമാക്കി മാറ്റാനായുള്ള പോരാട്ടത്തിന്റെ തുടക്കം.”


മഹാരാഷ്ട്രയിൽ നിന്നുള്ള വികസനമേഖലാ പ്രവർത്തകയായ റുച്ച സത്തൂർ തയ്യാറാക്കിയ റിപ്പോർട്ട് .

കടപ്പാട് : എം ആർ ഓൺലൈൻ


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal