‘ഇനി സ്റ്റെതസ്കോപ്പിനൊപ്പം ഒരോ കൈത്തോക്കോ മലപ്പുറം കത്തിയൊ കൂടി ഡോക്ടർമാർക്ക് നൽകണം’ എന്ന കോടതി വിധിയുണ്ടാകുമോ

ഈ സാമുഹൃവസ്ഥയുടെ ഉത്തരവദികളായവർ തന്നെയാണ് പുര കത്തുമ്പോൾ വാഴവെട്ടിനുള്ള തത്രപ്പാട്ട് ഒട്ടും മറയില്ലാതെ പ്രകടിപ്പിക്കാൻ ഇന്ന് മുന്നോട്ടുവന്നിട്ടുള്ളത്. ഇത് തിരിച്ചറിയുക എന്നത് മാത്രമാണ് ഇന്ന് ഈ അവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള ഇരകളാക്കപ്പെട്ടിട്ടുള്ള , സാമാന്യജനത്തിൻ്റെ മുമ്പിലെ ഏക പോംവഴി.

എം.എൻ. രാവുണ്ണി

തൻ്റെ സേവനത്തിനിടയിൽ സ്വബോധം നഷട്ടമായ രോഗിയുടെ കുത്തേറ്റ് മരിച്ച- രക്തസാക്ഷിയായ ഡോക്ടർ വന്ദനക്ക് മഹത്വങ്ങൾ. എന്നാൽ, ഈ ദാരുണ മരണത്തെ തുടർന്നുണ്ടായ സ്വഭാവികമായ ഡോക്ടർമാരുടെ വൈകാരിക പ്രകടനമുണ്ടാക്കിയ അന്തരീക്ഷത്തെ മുതലാക്കാൻ ഹൃദയശൂന്യമായ അശ്ലീലസങ്കുചിത കക്ഷിരാഷ്ടീയം അന്തരീക്ഷത്തെ കൂടുതൽ മലീമസമാക്കുകയായിരുന്നു.ഇതേ ഹൃദയശൂന്യതയിൽ നിന്ന് കൊണ്ട് തന്നെയാണ്, എല്ലാ വിരോധ ക്രോധങ്ങൾക്കതീതമായി അവധാനതയോടെ വസ്തുതകളിൽ നിന്ന് സത്യത്തിൽ എത്തിച്ചേരേണ്ട കോടതികൾ സൂപ്പർ സർക്കാരുകളാകാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്. ഇതെല്ലാം തികച്ചും ലജ്ജാകരവും അപലപനീയവും അറപ്പുളവാക്കുന്നവയുമായിരുന്നു. ‘ഇനി സ്റ്റെതസ്കോപ്പിനൊപ്പം ഒരോ കൈത്തോക്കോ മലപ്പുറം കത്തിയൊ കൂടി ഡോക്ടർമാർക്ക് നൽകണം’ എന്ന കോടതി വിധിയുണ്ടാകുമോ എന്ന് ഒരാൾ ഉൽക്കണ്ഠപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. ആവശ്യത്തിനും അതിലും ഏറെ അനാവശ്യമായും ചടുലത കാണിക്കുന്ന ദേവൻമാരൊ ചന്ദ്രൻമാരൊ അല്ലാത്ത രാമന്മാർ,വെറും രാമൻമാർ മാത്രമായവർ, സ്ഥാനത്തിന് നിരക്കാത്ത പ്രസ്താവന നടത്തി സ്വന്തം അപക്വതയേയും അൽപ ത്വത്തേയും ഒരിക്കൽ കൂടി പ്രകടമാക്കിയിരിക്കുകയുമാണ്.

“പോലിസുകാർക്ക് കൈയിൽ തോക്കെന്തിനാണു് വെടിവെക്കാമായിരുന്നില്ലെ” എന്ന അർത്ഥം വരുന്ന പ്രസ്താവനയാണ് ആ തിരുവായകളിൽ നിന്നും മൊഴിഞ്ഞിട്ടുള്ളത്.മീഡിയകളും പരസ്പരം മത്സരച്ചുള്ള വിചരണകളും അഭിപ്രയ പ്രകടനങ്ങളും നടത്തി,ഹൃദയശൂന്യമായ കക്ഷിരാഷ്ട്രീയ കങ്കാള നൃത്തങ്ങൾക്ക് മേളക്കൊഴുപ്പുക്കുട്ടി തങ്ങളുടെ പങ്ക് നിർവ്വവിക്കാനുള്ള തത്രപ്പാടിൽ സ്വയം തുറന്നു കാണിക്കുകയായിരുന്നില്ലെ? അതെ അത് തന്നെയാണവരും ചെയ്തത്. മയക്കുമരുന്നുകളുടേയും മദ്യത്തിൻ്റേയും കൂത്തി ഒഴുക്ക് ‘ഹൃദയശൂന്യമായ ,അശ്ലീല സങ്കുച്ചിത കക്ഷി രാഷ്ടീയം ഇവക്കെല്ലാം ആധാരമായി ഹൃദയശൂന്യമായ കക്ഷിരാഷ്ട്രീയവും സാമ്രാജ്യത്ത സേവയിലധിഷ്ഠിതമായ കഴിഞ്ഞ 75 വർഷങ്ങളായി പടുത്തുയർത്തി വന്ന സാമ്പത്തിക അടിത്തറയിൽ ആധാരമാക്കിയുള്ള അങ്ങേയറ്റം ജീർണ്ണതയിൽ നിന്ന് ജീർണ്ണതയിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യാന്തരീക്ഷവും, ഇതാണ് ഇന്നത്തെ ഇന്ത്യയുടെ അതിൻ്റെ ഭാഗമായ കേരളത്തിൻ്റെയും അവസ്ത. ജിർണ്ണത അതിൻ്റെ പാരമ്യത്തിൽ തന്നെ സമൂഹത്തിൻ്റെ സമസ്ത മേഖലകളേയും അങ്ങേയറ്റം ബാധിച്ച അവസ്തയിലാണു ളളത്. അതിൻ്റെ ഗോഷ്ടി കളാണ് അഥവാ കങ്കാള നൃത്തങ്ങളാണ് നാം ഓരോ ദിവസവും കണ്ടു കൊണ്ടിരിക്കുന്നത്.

മനുഷ്യർ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഇവിടെ മനോരോഗികൾ ആക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ കേടുകെട്ട അവസ്ഥയിലേക്കാണ് ശ്രദ്ധയും ചർച്ചകളും തിരിയേണ്ടതെന്നാണ് അനുനിമിഷം ആരങ്ങേറിക്കൊണ്ടിരിക്കുന്ന ആശുപത്രി ദുരന്തങ്ങൾ അടക്കമുള്ളവ വിളിച്ചു പറയുന്നത്. എന്നാൽ ഈ സാമുഹൃവസ്ഥയുടെ ഉത്തരവദികളായവർ തന്നെയാണ് പുര കത്തുമ്പോൾ വാഴവെട്ടിനുള്ള തത്രപ്പാട്ട് ഒട്ടും മറയില്ലാതെ പ്രകടിപ്പിക്കാൻ ഇന്ന് മുന്നോട്ടുവന്നിട്ടുള്ളത്. ഇത് തിരിച്ചറിയുക എന്നത് മാത്രമാണ് ഇന്ന് ഈ അവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടിട്ടുള്ള ഇരകളാക്കപ്പെട്ടിട്ടുള്ള , സാമാന്യജനത്തിൻ്റെ മുമ്പിലെ ഏക പോംവഴി.

ഇവിടെ രണ്ട് ചേരികളാണുള്ളത്. ഒന്ന് മേൽപ്പറഞ്ഞ അവസ്ഥക്ക് മാറ്റമുണ്ടാകണമെന്ന് അദമ്യമായ് ആഗ്രഹിക്കുകയും അറിയുന്ന രീതിയിൽ കഴിയുന്ന വിധം മേൽപ്പഴഞ്ഞ സാമുഹ്യ തിന്മകൾക്കെതിരായി പ്രതികരിക്കുകയും ചെയ്യുന്ന ജനം, വഴിക്കോട്ടകൾക്കപ്പുറത്ത്, അപ്പുറത്താകട്ടെ ഈ തിന്മകൾ വളർത്തി എടുക്കുന്നതിലും സംരക്ഷിക്കുന്നതിലും കഴിഞ്ഞ 75 വർഷങ്ങളായി പാടുപെട്ടു കൊണ്ടിരുന്നവർ ഈപ്പാഴും വികസനമെന്ന ഓമനപ്പേരിൽ ഭൂതകാലത്തെ കുറിച്ച് ഒരു വിശകലനവും കൂടാതെ ദുർശ്ശാഠ്യത്തോടെ അത് സംരക്ഷിക്കാനും തുടരാനും തത്രപെടുന്നവർ അടക്കമുള്ള ഹൃദയശൂന്യമായ സങ്കുചിത കക്ഷിരാഷ്ട്രീയക്കാർ ,അവർക്ക് പിന്നിലെ ഭരണവർഗ്ഗങ്ങളും വർഗ്ഗ താൽപര്യങ്ങളും.ഇതിൽ എവിടെ നിൽക്കണം? ഇപ്പുറത്തൊ അപ്പുറത്തോ ? എന്ന ചോദ്യമാണ് ഓരോ ദുരന്തവും നമുക്ക് മുമ്പിൽ ഉയർത്തുന്നത്?

ഈ കാതലായ ചോദ്യത്തിനുത്തരം കാണാതെ ആർക്കും ഇനി ഒരടിപോലും മുന്നോട്ടു വെക്കാനനുവദിക്കാത്ത സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്.ഇവയെ കണ്ടില്ലെന്ന് നടിക്കുകയും ചർച്ചകളേയും വിവാദങ്ങളേയു വീണ്ടും വഴിതിരിച്ചുവിടാനുമുള്ള ഉപരിവിപ്ലവങ്ങൾ സൃഷ്ഠിക്കുകയുമാണ് മാധ്യമ മൂലധനശക്തികളും അതിൻ്റെ വാടക എഴുത്തുകാരും വാചകമടിക്കാരും. ചികിത്സാലയങ്ങൾക്കും, ഡോക്ടർമാർ അടക്കമുള്ള ചികിത്സകർക്കും സുരക്ഷിതത്വം അനുപേക്ഷണീയമാണ്. എന്തിന്?പ്രഥാനമായും രോഗി കളുടെ സുരക്ഷ ഉറപ്പാക്കാൻ അല്ലെങ്കിൽ ഈ സുരക്ഷാ ഏർപ്പാട് കൊണ്ട് മറ്റെന്തു് പ്രയോജനമാണുള്ളത്. അതിൽ കാണുന്ന അവഗണനയും അലസമായ സമീപനവും അക്ഷന്തവ്യമാണ്.

എന്നാൽ, ഇന്ന് സുരക്ഷയെ മറയാക്കി ആതുരാ ശ്രിശ്രുഷാലയങ്ങളെ പോലിസ് സ്റ്റേഷനുകളാക്കാനുള്ള ശ്രമങ്ങൾക്കെതിരെ, വഴിക്കോട്ടകൾക്കിപ്പുറത്തു ജനങ്ങളോടൊപ്പം അണിനിരക്കേണ്ട ചികിത്സകർ / ഡോക്ടർമാരടക്കമുള്ളവർ, ഇന്നത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും വൈകാരികതകൾക്കതീതമായി നിലപാടെടുക്കേണ്ടതുണ്ട്. സഹ പ്രവർത്തകരുടെ ക്രൂരവും ദാരുണവുമായ അന്ത്യവും ആക്രമണങ്ങളും തീർച്ചയായും അവരിൽ ഏറെ ദുഃഖവും അരക്ഷിതാബോധവും സൃഷ്ടിക്കപ്പെടുമെന്നതിൽ സംശയമില്ല. അങ്ങിനെ ആക്രമിക്കപ്പെടേണ്ടതല്ല ഡോക്ടർമാരും ആതുര ശ്രിശ്രുഷാലയങ്ങളും .കാരണം ഡോക്ടർമാർ അടക്കമുള്ള ചികിത്സകർ ചെയ്യുന്ന പണി ജീവൻ രക്ഷാപ്രവർത്തനങ്ങളാണ്. അത് കൊണ്ട് തന്നെ മറ്റേതൊരു പ്രവർത്തിയേക്കാളും വൈദ്യമെന്നത് അങ്ങേയറ്റം ഉദാത്തമായ ജോലിയാണ്. ആ അർത്ഥത്തിൽ ആശുപത്രകൾക്കും അത്രയും ഉദാത്തമായ സ്ഥാനങ്ങളാണുള്ളത്.

ജനം ഇതെന്നും തിരിച്ചറിഞ്ഞു പെരുമാറിയിട്ടെ ഉള്ളു. ദൈവത്തെ കഴിഞ്ഞാൽ അവർ അടുത്ത സ്ഥാനം വൈദ്യർക്കും വൈദ്യത്തിനും കൽപ്പിച് ജീവിക്കുന്ന ചരിത്രാനുഭവങ്ങളാണുള്ളത്. എന്നാൽ പണക്കൊതി മൂത്ത് ഡ്രാക്കുളകളായി മാറിയ ചിലരെങ്കിലും ആതുരശിശ്രൂഷാലയങ്ങളെ ,അത് പ്രത്യേകിച്ച് സ്വകാര്യമൊ ,സർക്കാർ ഉടമയിലുള്ള തോ ആകാം, ഉപേക്ഷയുള്ള ഉദ്യോഗസ്ത മേധാവിതപരമായ കേവലം അറവുശാലകളായി മാറ്റാൻ തുടങ്ങിയതോടെയാണ് ഡോക്ടർമാർക്കെതിരെ ആശുപത്രികൾക്കെതിരെ ആക്രമണമുണ്ടാകാൻ തുടങ്ങിയിട്ടുള്ളത് എന്നതാണ് വസ്തുത. ഇവിടെ ഡോ.വന്ദന ദാസിനെതിരായ കൊലപാതകത്തെ തൽക്കാലം മാറ്റി നിറുത്തിക്കൊണ്ടാണ് പറയുന്നത്. ഡോക്ടർമാർക്കെതിരെ
നൂറിലേറെ ആക്രമണങ്ങൾ സമീപ കാലത്തുണ്ടായി എന്ന് ഐഎംഎയും, കെജിഎംഓഎയും അക്കമിട്ട് കണക്കുകൾ അവതരിപ്പിക്കുന്നു. ശരിയാണ്. പക്ഷെ അവ എല്ലാം ഒരു പ്രകോപനവുമില്ലതെ, ഡോ. വന്ദന ക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് സമാനതയുള്ളതായിരുന്നോ? 100ൽ ഒന്നുപോലും അത്തരം ഗണത്തിൽ പെട്ടുത്താവുന്നവയുണ്ടാകില്ല എന്നതായിരിക്കില്ലെ വസ്തുത ?

എന്നാൽ , വൈദ്യ ശാസ്ത്രപരമായി തികച്ചും കുറ്റകരമായ ഉപേക്ഷ കാരണം എത്ര രോഗികൾ ഇതേ കാലയളവിൽ ദാരുണമായി മരിച്ചിട്ടുണ്ട് / കൊല ചെയ്യപ്പെട്ടിട്ടുണ്ട് എന്നതിന് വല്ല കണക്കും ഈ സംഘടനകൾക്ക് സത്യാ സന്ധമായി അവതരിപ്പിക്കാൻ കഴിയുമോ? എന്ന മറുചോദ്യം ബാക്കി നിൽക്കുന്നുണ്ട്. ഈ കുറിപ്പെഴുതുന്ന എനിക്കും തൽക്കാലം അങ്ങിനെ ഒരു കണക്കില്ല. അതേ സമയം “ഒരു കുടം വെളളത്തിൽ ഒരു തുള്ളി മീൻ വെള്ളം ” എന്ന് പറയുന്ന പോലെ എല്ലാ പ്രഭാവങ്ങളേയും നാറ്റിക്കുന്ന ഒരു ചില ഉദാഹരണങ്ങൾ പറയാം. ഇതിൽ, പാലക്കാട്ട് ചിറ്റൂർ താലൂക്കാശുപത്രിക്കെതിരെ നാട്ടുകാർ നടത്തിയ ആക്രമണം ഒരു പക്ഷെ, ഏതാനും ആഴ്ചകൾക്ക് മുമ്പ് നടന്ന ഏറ്റവും പുതിയ സംഭവമാണ്. ഒരു നവജാത ശിശുവും കന്നിപ്രസവക്കാരിയായ യുവതിയായ അമ്മയും മരിക്കാനിടയായതിനെ തുടർന്ന് സംഭവിച്ചതാണത്. ഈ ഇരട്ട മരണം / കൊലപാതകം, ഒരു കടുംമ്പത്തിൻ്റേയും അയൽക്കാരുടേയും എത്രവലിയപ്രതീക്ഷയെയാണ് തല്ലിക്കെട്ത്തിയത്?.ബന്ധപ്പെട്ട ഡോക്ക്ടറെകാണേണ്ട രീതിയിലൊക്കെ കണ്ട ശേഷമാണ് ഇത് സംഭവിച്ചത് എന്ന് കുടി ഓർക്കണം. ഡോക്ടർമാർ ആശുപത്രി ഒഴുവാക്കി സ്ഥലം വിട്ട കാരണം അവർ ആരും ഈ സംഭവത്തിൽ ആക്രമിക്കപ്പെട്ടില്ല എന്ന് മാത്രം.ഇ സംഭവത്തിൽ ശരിയായി അന്വേഷണം നടത്താനും ഇടപെടാനും കഴിഞ്ഞ ഒരു വ്യക്തി എന്ന നിലക്ക് സത്യസന്ധമായി പറയാൻ കഴിയുന്ന ഒരു കാര്യമുണ്ട്.ഇവിടെ ഒരു ബംഗ്ലിങ്ങ് (കഴിവുകേട്‌) മാത്രമല്ല കുറ്റക്കാരമായ മെഡിക്കൽ നെഗ്ലിജൻസിയും (ഉപേക്ഷ) സംഭവിച്ചിട്ടുണ്ട്.

ഞങ്ങളുടെ കുടുംമ്പ ത്തിൽ നടന്ന മറ്റൊരനുഭവം പറയാം .ബൈപാസ് കഴിച്ച് സമയ ബന്ധിതമായ പരിശോധനക്ക് വിധേയമായിക്കൊണ്ടിരുന്ന ഞങ്ങളുടെ മധ്യവയസ്കനായ സഹോദരൻ.ഒരു ശനിയാഴ്ച പുലർച്ചെ എന്തൊ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. തൊട്ടടുത്ത തിങ്കളാഴ്ച കാലത്ത് അയാൾ മരിക്കുന്നു. ഇതിനിടയ്ക്ക് അയാളെ പരിശോധിച്ചു കൊണ്ടിരുന്ന അതെ ആശുപത്രിയിലെ കാർഡിയോളജിസ്റ്റിനെ വീട്ടിൽ ചെന്ന് ബന്ധുക്കൾ കാണാൻ ശ്രമിക്കുന്നുണ്ട്. സോക്ടർ സ്ഥലത്തില്ല തിങ്കളാഴ്ച വരും എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മറ്റ് ഡോക്ടർമാരെ സമീപിക്കുന്നു. വന്ന് നോക്കി പോകുന്നുണ്ടെങ്കിലും ഒരു പ്രഥമ ശിശ്രൂഷ പോലും നിർദ്ദേശിക്കപ്പെടുന്നില്ല. പിറ്റേന്ന് ഞായറാഴച്ച ഒരു ഡ്യൂട്ടി ഡോക്ടർ പോലും വന്നിരുന്നില്ല എന്നാണ് അറിവു്. ഡ്യൂട്ടി നേഴ്സുമാർക്ക് പറയാനുണ്ടായിരുന്നത് “നാളെ തിങ്കളാഴ്ച ബന്ധപ്പെട്ട കാർഡിയോളജിസ്റ്റ് വരും അദ്ദേഹത്തിൻ്റെ രോഗിയല്ലെ “എന്നായിരുന്നു. അന്നു രോഗിയെ കാണാൻ ചെന്ന ചിലർ രോഗിയുടെ അവസ്ഥകണ്ട് ഒരു ‘പക്ഷെ സ്ട്രോക്ക് ആകാം ഡോക്ടർമാരെ ചെന്ന്കാണ് എന്ന് അഭിപ്രയപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ കൂടെ സഹായി ആയി നിൽക്കുന്ന ആൾ വീണ്ടും ചെന്ന് നേഴ്സുമാരോടു വിവരംപറയുന്നുണ്ട്. ഡോക്ടർമാരാരും ഇല്ല. സാരമില്ല പേടിക്കാനൊന്നുമില്ല.എന്ന മറുപടിയാണ് അപ്പോഴും ലഭിച്ചതത്രെ.

തിങ്കളാഴ്ച കാലത്ത് ബന്ധപ്പെട്ട ഡോക്ടർ കൃത്യം 9 മണിക്ക് വാർഡ് സന്ദർശിക്കാനെത്തി എന്നാൽ മറ്റെല്ലാ നിലക്കും ആരോഗ്യവാനായ രോഗിയെ അതിന് തൊട്ടുമുമ്പെ മരണം തട്ടിയെടുത്തു. വിവരമറിഞ്ഞെത്തിയ ഈയുള്ളവൻ ബന്ധപ്പെട്ട ഡോക്ടറുമായി ചികിത്സ നൽകാതിരുന്നതിന് കാരണമായ ഉപേക്ഷയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ അങ്ങിനെയൊരു സംഭവം അറിയില്ലെന്നും അങ്ങിനെയൊരു രോഗി തനിക്കിണ്ടായിരുന്നില്ലെന്നുമാണ്,പാലക്കാടു് സാമാന്യം നല്ല പേരുള്ള പ്രസ്തുത ഡോക്ടർ പറഞ്ഞത്. ആശുപത്രിയിലുണ്ടായിരുന്ന അറിയുന്ന പലരും ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിൻ്റെ ഫലമായി തുടർ സംഭാഷണം പോലും ഈ വിഷയത്തിൽ ഉണ്ടായില്ല. ഇതേ സന്ദർഭത്തിൽ മറ്റ് രണ്ട് ജീവനുകളുടെ രക്ഷപ്രധാനമായി മുന്നിലുണ്ടായിരുന്നത് കൊണ്ടു മാത്രം തൽക്കാല്ലം ശവശരീരം പോസ്റ്റ്മാർട്ടംചെയ്യാതെ എങ്ങിനെ വേഗം വീട്ടിലെത്തിക്കാം എന്നത് ഞങ്ങളുടെ അടിയന്തിര പ്രശ്നമായി മാറുകയായിരുന്നു. ഈ സംഭവത്തെ എങ്ങിനെയാണ് ശരാശരി ജനം നേരിടുക എന്ന് ഐഎംഎക്ക് പറയാമോ?

ഗർഭ പരിശോധനക്ക് എത്തിയ ഒരു യുവതിയോട്ട് ഒരു ഡോക്ടർ തൻ്റെ കടമക്ക് നിരക്കാത്തവിധം അപമര്യദയായി പെരുമാറി എന്ന സംഭവത്തിൽ നാട്ടുകാർ ഇടപെട്ടു ഉടനെ സ്ഥലം മാറ്റിയ മറ്റൊരു സംഭവത്തിന് കൂടി പാലക്കാട്ട് ജില്ലാ ആശുപത്രി സാക്ഷിയായിട്ടുണ്ടു്. സ്ഥലം മാറി മഞ്ചേരിയിലേക്ക് പോയ ഇതേ ഡോക്ടർക്ക്, തൻ്റെ അതേ പണി തുടന്നതിൻ്റെ അടിസ്ഥാനത്തിൽ അയ്യങ്കാളി പടയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടതായുംവന്നിട്ടുണ്ട്. ഇതൊരു പഴയ സംഭവമണ്. ഏറെ കുറെ ഇതേ കാലയളവിൽ നടന്ന മറ്റൊരു സംഭവം പറയാം. രക്തശ്രാവം കാരണം അവശയായ ഒരു ആദിവാസി സ്ത്രീയെ അവരുടെ ബന്ധുവോടൊപ്പം രണ്ട് പോലീസുകാർ രാത്രി11 മണിക്ക് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ടു വരുന്നു. മണ്ണാർക്കാടു് ആശുപത്രി അഡ്‌മിറ്റ് ചെയ്യാതെ മടക്കിയതാണ്. അഗളി റോഡരുകിലൊ മറ്റൊ അവശയായി കിട്ടന്ന അവസ്ഥയിലാണ് പോലീസ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചത്.

എന്നാൽ, ജില്ലാ ആശുപത്രിയിൽ അന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടർ അഡ്മിഷൻ എടുക്കാൻ വിസമ്മതിക്കുന്നു. ഈ അവസ്തയിൽ പോലിസ് എന്ത് ചെയ്യണം?പോലീസ് രോഗിയേയും കൂട്ടി നേരെ കലക്ടർ ബംഗ്ലാവിൽ ചെന്ന് കയറി കലക്ടറെ തങ്ങളുടെ നിസ്സഹായാവസ്ത ബോധ്യപ്പെടുത്തുന്നു’. കലക്ടർ, ആർഡിഒ യെ വിളിച്ച് ഇടപെടാൻ പറയുന്നു. ആർഡിഒ ,ഡിഎംഓ യുമായി സംസാരിച്ച് രോഗിയെ അഡ്മിറ്റ ചെയ്യിക്കുന്നു.അതോടൊപ്പം കലക്ടർ തുടർന്നിടപെട്ടതിനെ തുടർന്ന് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ബന്ധപ്പെട്ട ലേഡി ഡോക്ടറെ സസ്പ്പെൻ്റെ ചെയ്യുന്നു.

ഉടനെ ആശുപത്രി ഡോക്ടർമാർ ഒന്നടങ്കം മിന്നൽ പണിമുടക്കിലേർപ്പെടുകയാണുണ്ടായത്. നർസുമാർ ഐക്യദാർഡം എന്ന നിലക്ക് അവരും പണിമുടക്കാനുള്ള ഒരുക്കത്തിലായിരുന്നു.അവർ ഒരു വിധം രോഗികളോടൊക്കെ വിട്ടിൽ പോകാനോ വേറെ ചികിത്സ തേടാനോ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടക്ക് രണ്ടു രോഗികൾ ശ്വാസം മുട്ടി മരിച്ചു .ഒരാൾ പന്നിരാമൻ എന്ന് പറയുന്ന മുണ്ടൂർ സ്വദേശിയാണ്. ഭാര്യ, പതിവുപോലെകാലത്തെ കോഫി വാങ്ങി തിരിചെത്തുമ്പോൾ കണ്ടത് വിറങ്ങലിച്ചു കിടക്കുന്ന സ്വന്തം ഭർത്താവിൻ്റെ ശരീരം !ഒരു പത്ര സുഹൃത്ത് വിളിച്ചു പറഞ്ഞതിനെ തുടർന്ന് ആശുപത്രയിൽ എത്തിയ ഈ ലേഖകൻ കണ്ട നേർകാഴ്ചയും അന്വേഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുമാണ് മുകളിൽ കുറിച്ചത്.

ഡോക്ടർമാർ പുറത്ത് നിന്ന് മുദ്രാവാക്യം വിളിക്കുകയാണ്, സസ്പെൻഷൻ ഉടൻ പിൻവലിച്ച് ഡോക്ടറെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന്. ഒരു അർപ്പിത തൊഴിലാളി യൂണിയൻ പ്രവർത്തകൻ കൂടിയായ എനിക്ക് ആദ്യം അനുഭാവപൂർവം ഡോക്ടർമാരോട്ട് സംസാരിക്കാനെ കഴിഞ്ഞുള്ളു. തൽക്കാലം പ്രതിക്ഷേധം രേഖപ്പെത്തി സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്ക് കയറണമെന്നതായിരുന്നു എൻ്റെയും കൂടെ ഉണ്ടായിരുന്നവരുടേയും ദൗത്യം. അറിയുന്ന പല സോക്ടർമാരും സമരരംഗത്തുണ്ട്. ഡബ്ല്യൂ സി വാര്യർ എന്ന ഗൈനക്കിനെ ഞാനിപ്പോൾ ഓർക്കുന്നു .പക്ഷെ ഫലമുണ്ടായില്ല മറ്റ് പല ഡോക്ടർമാരും അങ്ങേയറ്റം പിടിവാശിയിലും ധിക്കാരത്തിലുമായിരുന്നു എന്ന് തന്നെ പറയാം. ഹോസ്പിറ്റൽ സൂപ്രണ്ട് നിസ്സഹായനായി കൈമലർത്തി.ഇതിനിടക്ക് ചേകനി പുരം ഗ്രന്ഥശാലയിൽ നിന്നും പരിസരങ്ങളിൽ നിന്നും യുവാക്കളും പൊതുജനങ്ങളും തടച്ചു കൂടി. ജനം രോഷാകുലരായി അവർക്കറിയാം ചില ഡോക്ടർമാരെ നല്ലപോലെ തിരഞ്ഞ്പിടിച്ച് അവർ അവരെ കൈകാര്യം ചെയ്തു. സമരം അതോടെ അവസാനിച്ചു.സംഭവം വലിയ വാർത്തയായി സർക്കാർ ഇടപെട്ടു. അന്ന് നയനാർ സർക്കാരാണന്നാണ് ഓർമ്മ.

പക്ഷെ, 6 ഡോക്ടർമാർ രാജിവെച്ചു കൊണ്ട് സർക്കാരിനെ തോൽപിക്കുകയായിരുന്നു. അടുത്ത് തന്നെ അവർ ആറ്പേരും ചേർന്ന് മറ്റൊരുസ്വകാര്യ ആശുപത്രി സമാന്തരമായി ആരംഭിക്കുകയും ചെയ്തു. ഈ സംഭവത്തെ തുടർന്ന് ഒരു അന്വേഷണ കമ്മീഷൻ രൂപികരിച്ച് പരമാവധി വസ്തുതകൾ ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സജിവ പങ്കു വഹിക്കാൻ കഴിഞ്ഞ വ്യക്തി എന്ന നിലക്കാണ് സംഭവത്തെപ്പറ്റി ഇത്രയും ആത്മവിശ്വാസത്തോടെ കുറിക്കാൻ കഴിഞ്ഞത്. സംഭവിച്ചതെല്ലാം ദൗർഭാഗ്യകരം തന്നെ. പോലീസുകാർ രക്തത്തിൽ മുങ്ങിയ ഒരു സ്ത്രീയേയും കൊണ്ടുവന്നതിൽ സംശയം തോന്നിയാണത്രെ രാത്രി ഡൂട്ടി ഡോക്ടർ അഡ്മിഷൻ എടുക്കാൻ മടിച്ചത്. മാത്രമല്ല അവരുടെ കുടുംമ്പത്തിലെ പ്രശ്നം അവരെ വല്ലാതെ തളർത്തിയിരുന്ന സന്ദർഭം കുടി ആയിരുന്നു അത്, എന്നായിരുന്നു അഡ്മിഷൻ നിക്ഷേച്ചതിനെ ന്യായീകരിച്ചും അവരുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തെ മുൻനിറുത്തി നടത്തിയ ഡോക്ടർമാരുടെ സമരത്തെ ന്യായീകരിച്ചുംമുള്ള വാദം! എല്ലാം വസ്തുതാപരമായി ശരിയാണ്. പക്ഷെ ജീവൻ രക്ഷിക്കേണ്ടവർ രണ്ടു പേരുടെ ജീവനെടുത്തു, പല രോഗികളേയും കൊണ്ട് ബന്ധുക്കൾക്ക് ആശുപത്രി വിട്ട് നിസ്സായതയിലക്ക് ഓടേണ്ടി വന്നു.

മണ്ണാർക്കാട്ട് താലൂക്കാശുപത്രിയിൽ നടന്ന ഒരു സംഭവം കൂടി വിശദീകരിക്കാം. പ്രസവത്തിനായി ഒരു സ്ത്രി അവിടെ അഡ്മിറ്റ് ചെയ്യപ്പെടുന്നു. സ്ഥിതി സങ്കീർണ്ണമാക്കുന്നു. മറ്റെവിടെയെങ്കിലും കൊണ്ടുപോകാം എന്ന് പറഞ്ഞ് രക്തസ്രാവം നിൽക്കാത്ത അവസ്ഥയിൽ സ്ത്രീയെ ഡിസ്ചാർജ് ചെയ്യുന്നത്. ബന്ധുക്കൾ പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയിൽ സ്ത്രീയെ അഡ്മിറ്റ് ചെയ്യുന്നു. അവർ അവിടെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി കുട്ടിയെ പുറത്തെടുക്കുന്നു. തള്ളയെ അങ്ങനെ രക്ഷപ്പെടുത്തിയെങ്കിലും പുറെത്തെടുത്ത കുട്ടിക്ക് തലയില്ല എന്ന അവസ്തയാണ് കാണുന്നത്.തല എവിടെ? അന്വേഷിച്ച് ചെന്നവർക്ക് വേസ്റ്റ് കൊട്ടയിൽ നിന്നും അറ്റു പോയ തല പ്ലാസ്റ്റിക്ക് കിറ്റിൽ ഇട്ട് ലാഘവത്തോടെ കൊടുത്തയയ്ക്കുകയാണ് മണ്ണാർക്കാടു് ആശുപത്രി അധികൃതർ ചെയ്തത്. അന്നത്തെ പത്രവാർത്ത ആധാരമാക്കി ഓർമ്മയിൽ നിന്നാണ് ഞാനിവിടെ ഇത് കുറിക്കുന്നത്. സർക്കാർ ആശുപത്രികളിലെ അനാസ്ഥക്കും നിരുത്തരവാദത്തിനും തെളിവായി ചിലത് പറഞ്ഞു എന്ന് മാത്രം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അറിയപ്പെടുന്ന ഒരു ഓർത്തൊ ഡോക്ടറെ പരസ്യമായി ജനകീയ വിചരണ ചെയ്ത് റോഡിലൂടെ നടത്തിക്കൊണ്ടുപോയ സംഭവ കേരളവും ഇന്ത്യ ആകെത്തന്നെയും ചർച്ച ചെയ്ത കാര്യം ഐഎംഎ മറക്കാനിടയില്ല. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിൻ്റെ പ്രശംസ നേടിയ സംഭവം കൂടിയായിരുന്നു അത്. നിരവധി മെഡിക്കൽ വിദ്യാർത്ഥികൾ പരസ്യമായിത്തന്നെ, ചില ഡോക്ടർമാർ പരോക്ഷമായും ഈ വിചാരണയിൽ പങ്കെടുത്തിരുന്നു എന്നതു് സഭവത്തിൻ്റെ ഗൗരവത്തിലേക്ക് വിരൽ ചൂണ്ടുന്നു. എറണാകുളം ജില്ലാ ആശുപത്രിയിലെ വിരമിക്കാനിരിക്കുന്ന ഒരു ലേഡി ഡോക്ടറെ നാട്ടുകാർ ചെരിപ്പ് മാലയണിയിച്ച സംഭം , ഐഎംഎ പ്രതിനിധികളുമൊത്ത് ഈയുള്ളവൻ ഏഷ്യാനെറ്റിൻ്റെ ഒരു പരിപാടിയിൽ,വർഷങ്ങക്കു മുൻപ് ചർച്ച ചെയ്തതാണ്. ഇത് പോലെ എത്രയൊ അനുഭവങ്ങൾ പലർക്കും പറയാനുണ്ടാകും. ചില ഡോക്ടർമാരുടെയെങ്കിലും കൈകളും സർക്കാർ ആശുപത്രികളും അത്രക്ക് പരിശുദ്ധമല്ല എന്നതിനെയാണ് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ അതിക്ര മകാര്യങ്ങൾ കുറിപ്പിൻ്റെ ദൈർഘ്യം ഭയന്ന് ഇവിടെ വിസ്തരിക്കുന്നില്ല. അവയവ ചോരണത്തിൻ്റേയും പിഴിഞ്ഞെടുക്കലിൻ്റേയും അറവ് കേന്ദ്രങ്ങളായി അവ അധപതിച്ചിരിക്കുന്നു് എന്ന് മാത്രം പൊതുവെ പറഞ്ഞു വെക്കട്ടെ. ഇതിൻ്റെയൊക്കെ മാപ്പ് സാക്ഷികളായി ഡോക്ടർമാരും. സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഫലവത്തായ ചികിത്സ ലഭിക്കാൻ ഡോക്ടർമാരെ വിട്ടിൽ ചെന്ന് കണണം. ഒരു പരിശോധനക്ക് 800 മുതൽ 900 രൂപ വരെ ഫീസ് വാങ്ങുന്ന സമുന്നരായ ഡോക്ടർമാരെ കുറച്ച് പറഞ്ഞു കേട്ട അറിവുണ്ട്. ഇതൊരു പിടിച്ചു പറികൊള്ളയല്ലെ ?

ഒരു ഡോക്ടർ എന്ന നിലക്ക് മാന്യമായ ജീവിതവും മെച്ചപ്പെട്ട ശമ്പളവും ഉറപ്പാക്കേണ്ടതുണ്ട്. അതിനുപരിയായി ദുരമൂത്ത ഷൈലോക്കുകളാകുന്നത് ഉദ്യോഗസ്ഥമേധാവികളാകുന്നത് ഡോക്ടർമാരുടെ തൊഴിലുമായി ബന്ധപ്പെട്ട എത്തിക്സിന് നിരക്കാത്തതാണ്. തുടിച്ച് മാറ്റപ്പെേടേണ്ട ഒരു കളങ്കം തന്നെയാണിത്. നീതിബോധമുള്ള ബഹുഭൂരിപക്ഷം ഡോളർമാരും അവരുടെ സംഘടനകളും തന്നെയാണ് ഇതിന് മുൻകൈ എട്ടക്കേണ്ടത്.ഇതിൽ ജനം അവരോടൊപ്പം അണിനിരക്കും എന്നതിൽ സംശയമില്ല.

നമുക്ക് ഡോകടർ വന്ദന ദാസ് സംഭവത്തിലേക്ക് മടങ്ങി വരാം.ഡോ. വന്ദനയുടെ മരണത്തിനുത്തരവാദിയായ സന്ദീപ്, ഡോ. വന്ദനയെ കൊല്ലാനോ മറ്റുള്ളവരെ കരുതിക്കൂട്ടി ആക്രമിക്കാനോ ആശുപത്രിയിൽ കയറി വന്ന ആളായിരുന്നില്ലെന്ന് എല്ലാവർക്കുമറിയാം.” എന്നെ കൊല്ലാൻ വരുന്നു” എന്ന് അയാൾ വിലപിക്കുന്നുണ്ടായിരുന്നു എന്ന് മൊഴിയുണ്ട്. ശരിയാണെങ്കിൽ ,മയക്ക് മരുന്നിനടിമയാണ് എന്നതിനോടൊപ്പം അയാൾ ഒരു ‘സികസോ ഫ്രീണിയ ‘ രോഗിയാണോ എന്ന് കൂടി അറിയേണ്ടതുണ്ടു്. എങ്കിൽ അത്തരം രോഗികൾ എങ്ങിനെ യാണ് പെരുമാറുക എന്ന് വൈദ്യശാത്രം പഠിച്ചിട്ടില്ലാത്ത എന്നാൽ സാമാന്യ അറിവു് വെച്ച് ഒരാൾക്ക് അനുമാനിക്കാവുന്നതാണ്.ഇവിടെ ജൂനിയറായ ഡോ.വന്ദനയോടൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഡോക്ടർമാർ ഇക്കാര്യം ഗൗരവത്തോടെ കണ്ടില്ല എന്ന് മാത്രമല്ല; ഡോക്ടർ വന്ദന ആക്രമിക്കപ്പെടുമ്പോൾ സീനിയറായ ആർഎംഓ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ട് ആത്മരക്ഷ ഉറപ്പിക്കുകയായിരുന്നുവത്രെ! വെറുപ്പിക്കുന്ന സ്വാർത്ഥതയുടെ മൂർത്തിമത് ഭാവം.! .കുത്തു കൊണ്ട് പോലീസുകാർ അത്രയും ഓടി രക്ഷപ്പെട്ടപ്പോഴും, സ്വന്തം ജിവൻ മറന്നും സ്വയം കുത്തേറ്റൂ വാങ്ങി സന്ദീപിനെ കീഴ്പ്പെടുത്താൻ ശ്രമിച്ച ഒരു പൊതു പ്രവർത്തകനും ഇതിനിടയിൽ ഉണ്ടായിരുന്നു എന്നത് ഈ കൂരിരുട്ടിലെ ഒരു രജതരേഖയാണ്.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ സുരക്ഷയെക്കുറിച്ച് ശിശ്രൂഷകർ ഉൽക്കണ്ഠപ്പെടുന്നത്. എന്നാൽ പ്രഥമവും പ്രഥാനവുമായി അവർ അവരുടെ സുരക്ഷ കാണുന്നത് മനുഷ്യത്വ മുഖമില്ലാത്ത പോലിസിലോ മറ്റ് സെക്യൂരിറ്റി ഏർപ്പാടുകളിലോ കർശ്ശനമായ നിയമനിർമ്മാണങ്ങളിലൊ ആണ്. ഇവ മൂന്നും ഒരു കാലത്തും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ചരിത്രമില്ല. ചില മനുഷ്യത്വപരമായ ബുദ്ധിപൂർവ്വമായ സുരക്ഷ ഏർപ്പാടുകൾ അടിയന്തിരമായി ഉണ്ടാകണമെന്നതിൽ സംശയമില്ല. എന്നാൽ, ഡോക്ടർമാർ അടക്കമുള്ള ചികിത്സകരുടെ ഫലവത്തായ സുരക്ഷ കവചം രോഗികളോടുള്ള സാമാന്യ ജനത്തോടുള്ള അവരുടെ നിലപാടും സമിപനവും മാത്രമാണ്. ഇത് കുറിക്കുമ്പോൾ ഇത് സംമ്പന്ധിച്ച സുരക്ഷാ നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി എന്ന വാർത്ത വന്നിരിക്കുന്നു. പ്രതീക്ഷിച്ച പോലെ തന്നെ “വാക്ക് കൊണ്ട് പോലും ഡോക്ടർമാരെ അധിക്ഷേപിക്കുന്നതോ അപമാനിക്കുന്നതോ കടുത്ത ശിക്ഷക്കിടയാക്കും” എന്ന് അത് അനുശാസിക്കുന്നു. എങ്കിൽ, ഇത് അങ്ങേയറ്റം ബുദ്ധി നിരപേക്ഷം മാത്രമല്ല ചികിത്സാലയങ്ങളെ ഇന്ന് വിഴുങ്ങിക്കൊട്ടിരിക്കുന്ന ഉദ്യോഗസ്ഥമേധാവിത്വത്തിനും കൊള്ളക്കും, നിരുത്തരവാദിത്വത്തിനം കൂടുതൽ പ്രോത്സാഹനം നൽകും എന്നതിൽ സംശയമില്ല.

ഡോ.വന്ദന ദുരന്തം നടന്ന് രംഗം ചൂടാറുന്നതിന് മുമ്പാണ് കളമശ്ശേരി മെഡിക്കൽ ഹോസ്പ്പിറ്റലിലെ ഡോക്ടറെ ഡോയൽവാൾഡിൻ എന്നരോഗി ആക്രമിച്ച സംഭവമുണ്ടാകുന്നത്. തൊട്ടു ദിവസം തന്നെയാണ് കോങ്ങാട് എംഎൽഎയും ഡൂട്ടി ഡോക്ടർമാരും തമ്മിലുള്ള പ്രശ്നമുണ്ടാകുന്നതും. ഇതൊകെ എന്തിലേക്കാണ് വിരൽ ചൂണ്ടുന്നത്? അടിയന്തിരവും അനുപേക്ഷണീയവുമായ ഒരു ശസ്ത്രക്രിയ കൊണ്ടു മാത്രം രക്ഷപ്പെടുത്താൻ കഴിയുന്ന ഒരു രോഗിയായി നമ്മുടെ സമൂഹം മാറിക്കഴഞ്ഞിരിക്കുകയാണ്. അതു് സന്ദീപ് മാരേയും ഡോയൽവാൾഡി പോലുള്ളവരേയും അനുനിമിഷം ഉൽപാദിച്ചുകൊണ്ടിരിക്കുമ്പോൾ, ‘ദൈവ’തുല്യരായ ഡോക്ടർമാർ, മറ്റ് ചികിത്സകർ എന്നിവർക്ക് പകരം ഷൈലോക്കുകളായ രക്തരക്ഷ സുകളേയും ഹൃദയ ശൂന്യതകളേയും സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോൾ കേവലം യുക്തിക്ക് പോലും നിരക്കാത്ത ഇത്തരം നിയമങ്ങൾ പ്രശ്ന പരിഹാരത്തിന് പകരം പ്രശ്നങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കാനെ ഉപകരിക്കു.

രോഗിയുടെ സുരക്ഷ ഉറപ്പാക്കുന്നവശം കൂടി ഉദ്ദിഷ്ടനിയമത്തിൽ ഇടം പിടിക്കുന്നില്ലെങ്കിൽ അത് സുരക്ഷയല്ല അരക്ഷയായിരിക്കും ഉറപ്പാക്കുക എന്നതിൽ സംശയമില്ല. ഇവിടെ ഡോക്ടർമാരെ വിവേചനരഹിതമായി അധിക്ഷേപിക്കുകയല്ല; നല്ലൊരു ഭാഗം ദുരമൂത്ത് മനുഷ്യ മുഖം നഷ്ടപ്പെട്ടവരായി മാറ്റപെടുന്നു എന്നെ വിവക്ഷയെയുള്ളു. കുഞ്ചൻ നമ്പ്യാർ പാടിയ പോലെ: “ലക്ഷം പേരതിൽ ഉള്ളത് ലക്ഷണമൊത്തവർ ഒന്നൊ രണ്ടോ ” എന്ന യാഥാർത്ഥ്യത്തെ അടിവരയിടാൻ ആഗ്രഹിക്കുന്നു. സൂപരിചിതരായ ഈ ഇനത്തിൽ പെടുന്ന നിരവധി ഡോക്ടർമാർ ഇത് കറിക്കുമ്പോൾ ഈ ലേഖകൻ്റെ മനസിലുണ്ടു്. ഈ കേട്ട് കെട്ട ജീർണമായ സാമൂഹ്യാവസ്ഥയിലും അങ്ങിനെയുണ്ടെങ്കിൽ അത് ശുഭാപതി വിശ്വാസം തരുന്നത് തന്നെ. മേഡം മേരി ക്യൂറിയെ കുറിച്ച് അധികപേരും ചെറു ക്ലാസുകളിൽ പഠിച്ചു കാണും. ഡോടർ നോർറോമൻബത്യൂണയെക്കുറിച്ച് ,ഡോക്ടർ. കോട്നീസ്നെക്കുറിച്ച് പുതിയ തലമുറ അധികമൊന്നും അറിഞ്ഞിരിക്കാനിടയില്ല.

ഇതവസാനിപ്പിക്കുന്നതിന് മുമ്പ് അവരെ കൂടി ഓർമ്മപ്പെടുത്തുന്നതു് ഇവിടെ ഉചിതമാകുമെന്ന് കരുതുന്നു. ഒട്ടും മോശമല്ലാത്ത തിരക്കുള്ള ഒരു കനഡക്കാരൻ ഡോക്ടർ ആയിരുന്നു ഡോ. നോർമൻബത്യൂ ണെ.ലോകമെമ്പാടും സ്വാതന്ത്ര്യത്തിനും നീതിയും വേണ്ടി അങ്ങേയറ്റം ദാഹിക്കുന്ന 1930കൾ.ഈ ഘട്ടത്തിലാണ് സ്പെയ്നിൽ ഒരു റിപബ്ലിക്ക് ഭരണം രൂപം കൊള്ളുന്നത്. ഒപ്പം, അതിനെ കഴുത്തുഞെരിച്ച് കൊല്ലാനുള്ള പിന്തിരിപ്പൻ മുതലാളിത്ത അണിചേരലുകൾ ഒരു ഭാഗത്ത് മറുഭാഗത്ത് റിപ്പബ്ലിക്കിനെ ഏത് വിധേനയും സംരക്ഷിക്കണമെന്നാഗ്രഹിച്ച സെപെയ്ൻജനത മറുഭാഗത്ത്. പോരാട്ടം അതിരൂക്ഷമായിരുന്നു. സ.സ്റ്റാലിൻ ഈ സന്ദർഭത്തിലാണ് മൂന്നാം കമ്യൂണിസ്റ്റ് ഇൻ്റെർനാഷലിൻ്റെ തീരുമാനപ്രകാരം യുവ സ്പെയ്ൻ റിപ്പബിക്കിനെ സഹായിക്കാൻ ഒരു ” ഇൻ്റെർനാഷണൽ ബ്രിഗേഡ് രൂപീകരിക്കാനുള്ള ” ആഹ്വാനം പുറപ്പെടുവിക്കുന്നത്. അന്നത്തെ ബുദ്ധിജീവികളായ ജനാധിപത്യ ബോധവും നീതിബോധവുമുള്ള യുവാക്കൾ ലോക അടിസ്ഥാനത്തിൽ തന്നെ അതിൽ അണിനിരന്നു.അന്ന് വിദ്യാത്ഥിയായിരുന്ന നെഹ്റു അടക്കമുള്ള ഇന്തൻ യുവാക്കൾ അതിൽ പെടും.ഡോ.നോർമൻ ബത്യൂണെയും തൻ്റെ തിരക്കുള്ള തൊഴിൽ ഉപേക്ഷിച്ച് തോളിൽ സ്റ്റെത്സ്കോപ്പും കൈയിൽ സ്കാൽ പൽ [ഓപ്രേഷൻ കത്തിയും] സാധ്യമായത്ര മരുന്നുകളുമയി യുദ്ധമുന്നണിയിൽ മുറിവേറ്റവരെ ചികിത്സിക്കാനായി എത്തി .

സ്പെയിൻ അഭ്യന്തര യുദ്ധത്തിലുടനീളം അദ്ദേഹം യുദ്ധമുന്നണിയിൽ തന്നെ പ്രവർത്തിച്ചു. റിപ്ബ്ലിക്കൻ മാർ അടിച്ചമർത്തപ്പെട്ടു. അവിടെ നിന്നും ഡോക്ടർ ബത്യുണെ നേരെ ചെന്നത് ചൈനയിൽ നടന്ന് കൊണ്ടിരുന്ന വിപ്ലവത്തിൽ മുറിവേറ്റവരെ ചികിത്സിക്കാന്ണ്. അദ്ദേഹം വിപ്ല മുന്നണിയിൽ തന്നെ തൻ്റെ ആയുധമായ സ്റ്റെറ്റ്സ് കോപ്പും സ്കൽപ്പലുമായി പൊരുതി- മുറിവേറ്റവരെ രോഗികളെ രക്ഷിക്കാൻ.ശരീരത്തിന് ചികിൽസിച്ചാൽ മാത്രം പോര രോഗഗ്രസ്തമായ സമൂഹത്തിന് കുടി ചികിത്സിക്കണമെന്ന തിരിച്ചറിവാണ് ഡോ.ബത്യൂണയെ നയിച്ചത്.തൻ്റെ പോരാട്ടത്തിനിടയിൽ രക്തത്തിൽ വിഷബാധയേറ്റ് (ടെററർ നസ്സ് ) അവസാനം ബത്യൂണെ ജനങ്ങൾക്ക് വേണ്ടി തൻ്റെ ജീവൻ ബലിയർപ്പിച്ചു.( സ്കല്പൽ എന്ന പുസ്തകം കാണുക).ഇതേ സന്ദർഭത്തിൽ മറ്റൊരു മെഡിക്കൽ സംഘവുമായി ഒരേ ദൗത്യവുമായി ഇന്ത്യയിൽ നിന്ന് ചൈനക്ക് പോയ യുവ ഡോക്ടറാണ് ഡോ.കേട്നീസ്.ചൈനയുടെ വിപ്ലവ വിജയത്തിന് ശേഷം ഡോ. കോട്നീസ് ഒരു ചൈന സുഹൃത്തിനെ വിവാഹം കഴിച്ച് ചൈന പൌരത്വം സ്വീകരിച്ച് ചൈനയിൽ തന്നെ സ്ഥിരതാമസമാക്കി. ഡോക്ടർ കോട്നീസിനേയും സംഘത്തേയും ചൈനക്ക് യാത്രയാക്കിയവരിൽ നെഹ്റുമുണ്ടായിരുന്നു.

90 കളിൽ നേപ്പാൾ വിപ്ലവം ലോകത്തെ ആവേശഭരിതമാക്കിക്കൊണ്ടിരുന്ന സന്ദർഭം. അന്ന് മുറിവേറ്റവരേയും രോഗികളേയും ചികിത്സിക്കാൻ വിപ്ലവ നേപ്പാളിൻ്റെ ആഹ്വാനം ചെവിക്കൊണ്ട് നേപ്പാളിലേക്ക് വണ്ടി കയറാൻ തയ്യാറായ മലയാളി ഡോക്ടർമാരെ അറിയാം.ഇത്രയും കുറിച്ചത് ഡോക്ടമാർ അടക്കമുള്ള ഈ മുറിവുണക്കുന്നവർക്ക് അതിമഹത്തും ബ്രഹത്തുമായ ചരിത്രം അവകാശപ്പെടാനുണ്ട് എന്ന് ഈ സന്ദർഭത്തിൽ ഓർമ്മിപ്പിക്കാനാണ്. ഈ മഹത്വങ്ങളുടെ പിന്തുർച്ചകാരാകാൻ ചരിത്രാനുഭവങ്ങൾ ഡോക്ടർമാർ അടക്കമുള്ള ചികിത്സകരെ പ്രാപ്തമാക്കട്ടെ. ഇന്നത്തെ നമ്മുടെ സമൂഹത്തിൻ്റെ ആവശ്യവും അതാണ് .


*ചില സാങ്കേതിക കാരണങ്ങളാൽ ഈ ലേഖനം പ്രസിദ്ധീകരിയ്ക്കാൻ വൈകിയതിൽ ലേഖകനോട് അറോറ എഡിറ്റോറിയൽ ക്ഷമ ചോദിയ്ക്കുന്നു.


<strong>എം.എൻ. രാവുണ്ണി</strong>
എം.എൻ. രാവുണ്ണി

പോരാട്ടം എന്ന സംഘടനയുടെ സംസ്ഥാന ചെയർപേഴ്സണാണ് ലേഖകൻ.