കർഷക സമരവും കോടതി ഉത്തരവും

സി പി റഷീദ് (സെക്രട്ടറി, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം)

പതിവിന് വിരുദ്ധമായി, കർഷക സമരവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സുപ്രീം കോടതി ഉത്തരവ് എല്ലാകോണിൽ നിന്നും വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ടു.സമീപകാലത്തെ
മറ്റ് പല കോടതി വിധികളിൽ നിന്നും വ്യത്യസ്തമായി തീർത്തും ഏകപക്ഷീയമായ ഒന്നല്ലാതിരിന്നിട്ടും കോടതിയുടെ കർഷക സമരവുമായി ബന്ധപ്പെട്ട ഇടപെടലിനെ ജനങ്ങൾ ഭയപ്പാടോടെയാണ് നോക്കി കണ്ടത്.ഇതിവിടെ രൂപപ്പെട്ട പുതിയൊരു സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. കോടതി വിധിക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങളെ സാധ്യമാക്കിയ ശ്രദ്ധേയമായ ഘടകവും ഇത് തന്നെ ആണ്. മുമ്പായിരുന്നെങ്കിൽ മുടിനാരിഴ കീറിയ വിശകലനങ്ങളിലൂടെ ഒരു പ്രമുഖ വിഭാഗം ഒന്നിച്ച് കോടതിയെ വാഴ്ത്തുകയും അതു വഴി ഇന്ത്യൻ ജനാധിപത്യത്തെ വല്ലാതെ പുകഴ്ത്തുകയുമാണുണ്ടാവുക. എന്നാലിന്ന്, കുറച്ച് മുമ്പ് വരെ ജുഡീഷ്യൽ ആക്ടീവിസമടക്കം പാടി നടന്നവർക്ക് പോലും കോടതികളെ പ്രതീക്ഷയോടെ കാണാൻ കഴിയാത്ത അവസ്ഥ കൈവന്നിരിക്കുന്നു. .ഇത് തീർത്തും ഗുണകരമായ ഒന്നു തന്നെ ആണ്. കാരണം ജനാധിപത്യത്തിൽ കോടതികളെ പരിശോധനക്ക് വിധേയമാക്കാൻ ജനങ്ങൾ ആരംഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല .കോടതി വിധിക്കെതിരായ വിമർശനങ്ങളിൽ പ്രാധാന്യമർഹിക്കന്നതും അതാണ്. പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമടക്കം ആരേയും വിമർശന വിധേയമാക്കിയാലും ജഡ്ജിമാരും കോടതികളും ജനകീയ വിമർശനത്തിൻ്റെ ഈ പരിധിയിൽ നിന്ന് പുറത്തായിരുന്നു. അത്തരമൊരു അവസ്ഥയിൽ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഈ തിരിച്ചറിവ് ഗുണകരമായ ഒരു വികാസം തന്നെ ആണ്. കാശ്മീർ വിഷയം, ബാബരി വിധി, പ്രശാന്ത് ഭൂഷൻ സംഭവം, ഭീമാ കൊറഗാവ് കേസ്, അർണബ് ഗോസ്വാമി ജാമ്യ വിധിയടക്കമുള്ള നിരവധി വിഷയങ്ങളിൽ കോടതികൾ പുറത്തുവിട്ട ഉത്തരവുകളാണ് ഈ തിരിച്ചറിവുകൾ വേഗത്തിലാക്കാൻ ഒരു പക്ഷെ ഇടയാക്കിയിട്ടുണ്ടാവുക.

സമകാലിക അനുഭവങ്ങളിൽ നിന്ന് അവർ പുതിയ തിരിച്ചറിവിൽ എത്തി ചേരുക സ്വാഭാവികമാണല്ലോ. തീർച്ചയായും എല്ലാ കാലത്തും ഇന്ത്യൻ കോടതികളുടെ പൊതുരീതി ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നെങ്കിലും അതൊന്നും ഇത്ര പ്രകടമായിരുന്നില്ല. ഭരണ വർഗ്ഗങ്ങളുടെ പ്രതിസന്ധികളിൽ, അവർ നടത്തുന്ന എന്ത് നെറികേടുകളേയും പിന്തുണക്കുകയും വിദഗ്ദ്ധമായി അവരെ അതിൽ നിന്ന് രക്ഷിച്ചെടുക്കുകയുമാണ് എന്നും കോടതികൾ ചെയ്തിട്ടുള്ളത് . പഞ്ചാബിൽ നൂറുകണക്കിന് ചെറുപ്പക്കാരെ കൊന്ന് ഭക്രാനംഗൽ കനാലിൽ തള്ളിയ സംഭവത്തോട് അനുബന്ധിച്ച് നൽകിയ ഹേബിയസ് കോർപ്പസുകൾക്കും, കാശ്മീരിലേയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേയുമൊക്കെ പാട്ടാള കൂട്ടകൊലകളിൽ കൈ കൊണ്ട സമീപനങ്ങളുമൊക്കെ പരിശോധിച്ചാൽ മാത്രം മതി കോടതികളുടെ പൊതു സ്വഭാവം മനസ്സിലാകാൻ. അടിയന്തിരാവസ്ഥക്ക് മുൻപ്പായാലും അടിയന്തിരാവസ്ഥ കാലത്തായാലും അതിന് ശേഷവും ഒക്കെ ഈ സ്വഭാവത്തിന് മൗലികമായ മാറ്റം ഒന്നും വന്നിട്ടില്ല. എന്നാലും ഇന്നത്തെ പോലെ ഈ കാര്യം അത്ര പ്രകടമായി പലവിഭാഗം ജനങ്ങളും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്നത് സാധ്യമായിരിക്കുന്നു എന്നത് വളരെ പ്രധാനമാണ്.

സർക്കാരിനെ പിന്തുണക്കുന്ന ഏതാനും കടലാസ് സംഘടനകളാണ് കർഷകസമരത്തെ എതിർത്ത് കോടതിയെ സമീപിച്ചത്. ജനുവരി 26 ലെ കർഷകരുടെ റിപ്പബ്ലിക്ക് പരേഡ് തടയുക, കർഷക സംഘടനകൾക്കിടയിൽ ആശയകുഴപ്പം സൃഷ്ടിക്കുക തുടങ്ങിയ നിരവധി താല്പര്യങ്ങളായിരുന്നു അവർക്ക് ഉണ്ടായിരുന്നത് എന്ന് വ്യക്തം. തീർത്തും ഏകപക്ഷീയമല്ലെങ്കിലും കോടതിയുടെ സർക്കാർപക്ഷ മനസ്സ് വിധിന്യായത്തിൽ പ്രകടമാണ്. അതിൽ ഏറ്റവും പ്രധാനം സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി തന്നെ ആണ്. സർക്കാർ, സമരത്തെ പൊളിക്കാൻ തുടക്കം മുതലെ മുന്നോട്ട് വെച്ച ഈ ആശയം കർഷകർ മുന്നെ തന്നെ തള്ളി കളഞ്ഞതാണ്. മാത്രമല്ല കോടതി രൂപീകരിച്ച നാലംഗ സമിതിലെ മുഴുവൻ പേരും കർഷക വിരുദ്ധ നിയമത്തെ പിന്തുണക്കുന്നവരാണ്. ഇതിൽ അശോക് ഗുലാത്തി, പികെ ജോഷി എന്നിവർ ആഗോളവത്ക്കരണ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ വക്താക്കളും കടുത്ത സാമ്പത്തിക പരിഷ്കരണത്തിന് വേണ്ടി പോലും അതിശക്തമായി വാദിക്കുന്നവരുമാണ്. കാർഷികമേഖലയിലെ നിയമ പരിഷ്കാരങ്ങളെ തുറന്നു പിന്തുണക്കുകയും മാധ്യമങ്ങളിൽ തങ്ങളുടെ നിലപാടുകൾ മുൻനിർത്തി എഴുതുകയും സർക്കാർ നിലപാടുകളെ പിന്തുണച്ച് സംവാദങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുള്ള വ്യക്തികളുമാണ്. സമിതി അംഗമായ അനിൽഘാൻ പാത് ആവട്ടെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കർഷക നിയമങ്ങളെ പിന്തുണച്ചുകൊണ്ട് മഹാരാഷ്ട്രയിൽ റാലികളും മറ്റും സംഘടിപ്പിച്ച വ്യക്തിയുമാണ്. ഭൂപീന്ദർ സിംഗ് മന്നിൻ്റെ നിലപാടും മറിച്ചല്ല. അദ്ദേഹം കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കാർഷിക പരിഷ്ക്കരണ നിയമം ആവിശ്യപ്പെട്ട് വളരെ മുമ്പ് തന്നെ നിവേദനം നൽകിയ വ്യക്തിയുമാണ്.എന്നിട്ടും കോടതി എന്ത് കൊണ്ട് ഇത്തരമാളുകളെ ഉൾപ്പെടുത്തി ഒരു സമിതിയെ ഈ വിഷയം പഠിക്കാൻ നിയോഗിച്ചു എന്നത് വളരെ പ്രധാനമായ ഒരു ചോദ്യമാണ്. ആ ചോദ്യം കർഷകർ ഉയർത്തികഴിഞ്ഞു.

കോടതിയെ ആശ്രയിക്കാതെ സ്വന്തം സമരോത്സുകതയെ ആശ്രയിച്ച് വിജയം വരിക്കാൻ മനുസ്സറപ്പിച്ച കർഷകർ സമരം തുടരുമെന്ന് ഒറ്റകെട്ടായി പ്രഖ്യാപിക്കുകയും ചെയ്തു. തീർച്ചയായും 76 ഓളം കർഷകർ രക്തസാക്ഷികളായ 47 ലധികം ദിവസങ്ങൾ പിന്നിടുന്ന ഈ കർഷക സമരം ഉജ്ജ്വലവും ആവേശകരവുമാണ്..