കൊസ ഭരണകൂടം ജനങ്ങളെ‘മാവോയിസ്റ്റുകളാക്കുന്ന’ കഥ

പ്രശാന്ത് പ്രഭ ശാർങ്ഗധരൻ

“അധികാരമുള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സംഘർഷത്തിൽ പക്ഷം ചേരാതെ നിക്ഷ്പക്ഷമാകുക എന്നാൽ, അധികാരമുള്ളവരുടെ പക്ഷം ചേരുക എന്ന് തന്നെയാണ് അർത്ഥം..”

വമ്പൻ കുത്തകകൾക്ക് മൈനിംഗിനും, വ്യവസായ ആവശ്യങ്ങൾക്കും വേണ്ടി ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയിൽ നിന്ന് അവരെ ആട്ടി പായിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ ബ്രാഹ്മണിക് ഭരണകൂടം എത്രമാത്രം ഭീകരതയാണ് മധ്യേന്ത്യയിൽ കാട്ടികൂട്ടുന്നത് എന്നതിന്റെ നേർചിത്രമാണ് എഴുത്തുകാരനും സംവിധായകനുമായ മോഹിത് പ്രിയദർശി എഴുതി സംവിധാനം ചെയ്ത ‘കൊസ’ എന്ന 2021 ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ…

ആദിവാസി ജനതയുടെ ആവാസ കേന്ദ്രമായ ഛത്തീസ്ഗഡിലെ ബസ്തറിനെപ്പോലെ സൈനികവൽക്കരി ക്കപ്പെട്ട ഒരു ഭൂപ്രദേശത്ത് സൈന്യം നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഭീകരതയേയും തുറന്ന് കാട്ടുന്ന സിനിമ, ഭരണകൂടത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ പെട്ടുപോകുന്ന ജനങ്ങൾ എന്ന പതിവ് ബാലൻസിംഗ് (സാന്റ് വിച്ച് തിയറി) ആഖ്യാനങ്ങൾക്കപ്പുറം ഭരണകൂട ഭീകരത ജനങ്ങളെ എങ്ങിനെ മാവോയിസ്റ്റുകളാക്കി മാറ്റുന്നു എന്നാണ് പറയുന്നത്..

നിരപരാധികളായ ആദിവാസി ബാല്യ-യൗവനങ്ങളെ വീട്ടിൽ നിന്ന് പിടിച്ചോണ്ട് പോയി വ്യാജ ഏറ്റുമുട്ടൽ നടത്തി കൊല്ലുന്നത്,കാട്ടിൽ വിറക് ശേഖരിക്കാൻ പോകുന്ന സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണി പെടുത്തുന്നത്,ആദിവാസി യുവതികൾക്കെതിരെ സൈന്യം നടത്തുന്ന ലൈംഗീകാതിക്രമങ്ങൾ, കള്ളക്കേസിൽ കുടുക്കൽ തുടങ്ങീ മധ്യേന്ത്യയിൽ നടക്കുന്നതെന്തെന്ന് യാതൊരു കൊമ്പ്രമൈസിങ്ങും നടത്താതെ സംവിധായാകാൻ വ്യക്തമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്..

കഥ നടക്കുന്നത് ഛത്തീസ്ഗഢിലാണ്. പതിനേഴുവയസ്സുള്ള ‘കോസ മുസാക്കി’ എന്ന സ്കൂൾ ടോപ്പറായ ആദിവാസി പയ്യൻ തന്റെ പിതാവിനും പരേതയായ അമ്മയ്ക്കും കൊടുത്ത വാഗ്ദാനം തന്നെ താൻ പഠിച്ച് ഒരു സർക്കാർ ഉദ്യോഗം നേടുമെന്നാണ്..ഒരു ദിവസം വീട്ടിലെ കടം തീർക്കാൻ ആടിനെ വിറ്റ് തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ കോസയെ പോലീസ് പിടികൂടുന്നു. 30 വയസ്സുള്ള അതേ പേരിലു ള്ള ഒരു നക്സൽ നേതാവിനെ തിരയുന്നതിന്റെ ഭാഗമായി പോലീസ് കോസയെ കസ്റ്റഡിയിലെടുക്കുന്നത്.. പിന്നീട് പോലീസും കോടതിയും കൂടി പിടികൂടിയ ആൾ യഥാർഥത്തിൽ തങ്ങൾ തിരയുന്ന മാവോയിസ്റ്റ് ആണെന്ന് വരുത്തിത്തീർക്കാൻ വേണ്ടി 17 വയസുള്ള കൗമാരക്കാരനുമേൽ കൊടിയ മർദ്ദനമഴിച്ചു വിട്ട് കൊണ്ട് കുറ്റസമ്മത മൊഴിയിൽ ഒപ്പിടീപ്പിക്കാൻ ശ്രമിക്കുന്നുതും ഈ അനീതിക്കെതിരെ പ്രാദേശിക മാധ്യമ പ്രവർത്തകനും അദ്ദേഹത്തിന്റെ സുഹൃത്തായ വക്കീലും കൂടി കോസക്കെതിരെ ചുമത്തിയ കള്ളക്കേസിൽ നിന്ന് രക്ഷപെടുത്താൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം..

ഇന്ത്യൻ ജയിലുകളിൽ തീവ്രവാദ ചാപ്പ ചുമത്തി ജാമ്യം പോലും നൽകാതെ വിചാരണ കാത്തിരിക്കുന്ന ആയിരക്കണക്കിന് പേരിൽ ഒരാൾ മാത്രമാണ് കൊസ…ആക്രമണാത്മക മുതലാളിത്ത വികസനത്തെ സഹായിക്കുന്നതിനായി ഇന്ത്യൻ ഭരണകൂടം ആദിവാസികളായ തദ്ദേശീയ ജനതയുടെ ജീവനും സ്വത്തും പിടിച്ചെടുക്കുകയും അതിനെതിരെ ശബ്ദിക്കുന്നവരെ അടിച്ചമർത്തുകയും കള്ളക്കേസിൽ കുടുക്കി തുറുങ്കിൽ തള്ളുകയുമാണ് പതിവ്..അതിന് ഏറ്റവും നല്ല ഉദാഹരണമാണ് സോണി സോറിയുടേയും,ഭീമ കൊറേഗാവ് സമരവുമായി ബന്ധപ്പെട്ട് 16 പേരെ കള്ളകേസിൽ കുടുക്കി വർഷങ്ങളായി ജാമ്യം പോലും നൽകാതെ വിചാരണ നീട്ടി തുറങ്കിൽ ഇട്ടിരിക്കുന്നതുമായ കേസുകൾ..

സോണി സോറി ഛത്തീസ്ഗഢിലെ ആദിവാസികള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2011ല്‍ സോണി സോറിയെ ഛത്തീസ്ഗഢ് പോലീസ് അതി ക്രൂരമായി പീഡിപ്പിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം ജയിലില്‍ കിടന്ന സോണി സോറിയെ സുപ്രീം കോടതിയാണ് മോചിപ്പിച്ചത്.. ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടും പോലീസ് ക്രിമിനലുകൾ അവരെ വെറുതെ വിട്ടില്ല.. ജഗദല്‍പൂരില്‍ നിന്ന് ഗീതമിലേക്ക് ബൈക്കില്‍ പോകുമ്പോൾ ബൈക്കിലെത്തിയ മൂന്നംഗ ആക്രമി സംഘം സോണി സോറിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഈ സിനിമയിലും അതുമായി സാമ്യം തോന്നും വിധമുള്ള ഒരു രംഗം സംവിധായാകാൻ ഒരുക്കിയിട്ടുണ്ട്..

മോഹിത് പ്രിയദർശി

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഈ സാങ്കൽപ്പിക കഥയെ ജീവസുറ്റതാക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് തന്നെ പറയാം.. വയലൻസ് രംഗങ്ങളിൽ അവ്യക്തമായതും ഇരുണ്ടതുമായ ഫ്രെയിമുകൾ ഉപയോഗിച്ചും മനോഹരമായ ഭൂപ്രകൃതിയുടെ വൈഡ് ആങ്കിൾ ഷോട്ടുകളിലൂടെയും മികച്ച ഒരു ഗാനം ഉൾപ്പെടുത്തിയും ശക്തമായ തിരക്കഥയൊരുക്കി ലോകത്തിലുള്ള ‘ഇൻഡിജെനസ് പീപ്പിളി’ന് സമർപ്പിച്ചിരിക്കുന്ന സിനിമ എല്ലാവരും കണ്ടിരിക്കേണ്ടതാണ്..ഇത്രയും നീറുന്ന പ്രേമേയമായിട്ടും ചില അഭിനേതാക്കളുടെ അമേച്ചർ സ്വഭാവത്തിലുള്ള അഭിനയം കല്ല് കടിയായ് തോന്നിയെന്ന് പറയാതെ വയ്യ..

സംവിധായകൻ മോഹിത് പ്രിയദർശി സ്വന്തം കൈയ്യിൽ നിന്നും ജനങ്ങളുടെ പക്കൽനിന്നും സ്വരൂപിച്ച പണം കൊണ്ട് പരിമിതമായ രീതിയിൽ നിർമിച്ച സിനിമയുടെ നിർമ്മാണത്തിൽ ‘കോർട്ട്’ സിനിമയിൽ അഭിനയിച്ച സംസ്കാരിക പ്രവർത്തകൻ വീര സത്തീദാറും സഹകരിച്ചിട്ടുണ്ട്…

“ആദിവാസികളുടെ അവസ്ഥ വളരെക്കാലമായി ഇങ്ങനെതന്നെ തുടരുകയാണ്. അവരുടെ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുകയും കെട്ടിച്ചമച്ച ആരോപണങ്ങളാൽ അവർ അറസ്റ്റുചെയ്യപ്പെടുകയും ചെയ്യുന്നു. ഇപ്പോൾ, നഗരങ്ങളിലും അക്കാദമിക് സ്ഥലങ്ങളിലും ഇതേ രീതി പ്രയോഗിക്കുന്ന, കൂടുതൽ വിചിത്രമായ ഘട്ടത്തിലേക്ക് ഭരണകൂടം എത്തിക്കഴിഞ്ഞു. എല്ലാവരേയും ‘അർബൻ നക്സലുകൾ’ എന്ന് മുദ്രകുത്തുന്നത് വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനുള്ള ഒരുപാധിയാണ്. ഭയത്തിന്റേതായ ഒരു അവസ്‌ഥ സൃഷ്ടിക്കുക എന്നതാണ് അവരുടെ യഥാർത്ഥ ഉദ്ദേശം. ഒരു കുറ്റവും ചെയ്യാത്ത ആളുകളെ പത്തുവർഷം ജയിലിൽ അടയ്ക്കുമ്പോൾ അവർ നിശ്ശബ്ദരാക്കപ്പെടുന്നു, മറ്റുള്ളവർ ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതിനും അവരെ സഹായിക്കുന്നതിനും അവരെ സംഘടിപ്പിക്കുന്നതിനും തയ്യാറാകാതെയാവുന്നു.” സംവിധായകൻ മോഹിത് പ്രിയദർശി ‘ദി ഹിന്ദു’ പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ നിന്ന് തന്നെ വ്യക്തമാണ്, ജനവിരുദ്ധ ഭരണകൂടങ്ങൾക്കെതിരെ ശബ്ദിക്കുന്ന നീതി ബോധമുള്ളവരെ തുറുങ്കിലടയ്ക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെയുള്ള തന്റെ നിലപാട്..