പരിസ്ഥിതി ദിനത്തിൽ ഖനന ഭൂമിയിൽ സമരമരം നട്ട് മലയോര സംരക്ഷണ സമിതി

കയൽവിഴി

ഒരു നാടിന്റെ മുഴുവൻ ജീവനാഡിയാണ് അവിടെയുള്ള ജല-വന സമ്പത്ത്.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ ചൂഷണം കേന്ദ്രീകരിക്കപ്പെടുന്നതും ആ മേഖലയിലാണ്.ഈ പരിസ്ഥിതി ദിനത്തിൽ ഖനന ഭൂമിയിൽ സമരമരം നട്ടുകൊണ്ട് മലയോര സംരക്ഷണ സമരസമിതി ഭരണാധികാരികൾക്ക് മുന്നിൽ പുതിയ പോരാട്ട ഭൂമിക തുറന്നിരിക്കുകയയാണ്. ഹൃദയഭേദക ദൃശ്യമാണ് ഇന്ന് പശ്ചിമഘട്ട മലനിരയുടെ ഭാഗമായ ധോണി വനമേഖല. നിലവിൽ തന്നെ റോയൽ സാൻഡ് ആൻഡ് ഗ്രേവാൾസ്, മേരി മാതാ ഗ്രാനൈറ്സ് എന്നി ക്വാറികൾ പ്രവർത്തിക്കുകയും മുൻപ് ഒരു ക്വാറി അനധികൃതമാണെന്ന് കണ്ടെത്തി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. വീണ്ടും ആ ക്വാറിയെ സജീവം ആക്കുന്നതിനുള്ള പ്രവർത്തനം പിന്നണിയിൽ നടക്കുകയാണ്. നിലവിലെ ധോണി വനമേഖലയിലെ സാഹചര്യങ്ങൾ മനസ്സിലാക്കാതെ പശ്ചിമഘട്ട മലനിരയിൽ മൂന്നാമത് ഒരു ക്വാറിക്ക് അനുമതി നൽകാൻ ഒരുങ്ങുകയാണ് ഭരണകൂടം.ഇതിനെതിരെയുള്ള പോരാട്ടത്തിലാണ് ധോണിയിലെ ജനങ്ങൾ എന്ന് സമര സമിതി കൺവീനർ ശരത് കുമാർ പറയുന്നു.

നിലവിൽ ഈ ക്വാറിയോട് ചേർന്നൊഴുകുന്ന അയ്യപ്പൻ ചാൽ അകത്തേത്തറ, പുതുപ്പരിയാരം തുടങ്ങിയ പഞ്ചായത്തിലെ കൃഷി ആവശ്യങ്ങളുടെ ആശ്രയമാണ്. എന്നിരിക്കെ, ഈ നീക്കം ഭാവിയിൽ കൃഷിയെ ഇല്ലാതാകുകയും ഫലപുഷ്ടി നഷ്ടപ്പെട്ട മണ്ണ് ക്രമേണ തരിശിടമാവുകയും ചെയ്യും. നിലവിൽ ചുറ്റുമുള്ള എസ്.സി , എസ് .ടി കോളനികൾ അവരുടെ നിത്യ ഉപയോഗത്തിന് ഈ ജലപ്രവാഹത്തെ ആണ് ആശ്രയിക്കുന്നത്. അത് മലിനപ്പെടുത്തുന്നത് വഴി ആദിവാസികളുടെ അവകാശങ്ങൾ പോലും ഹനിക്കപ്പെടുകയാണ്.

“അടച്ചുപൂട്ടിയ ക്വാറി വീണ്ടും പ്രവത്തിക്കാൻ വേണ്ടി പരിസ്ഥിതി ക്ലീയറൻസിന് തയ്യാറാക്കി നൽകിയ അപേക്ഷയിൽ പറയുന്നത് ക്വാറിക്ക് ചുറ്റുമുള്ള 500 മീറ്ററിൽ ഒരു ജലാശയങ്ങളും ഇല്ല എന്നാണ്.പക്ഷെ ക്വാറിയിൽ നിന്ന് വെറും 5 മീറ്റർ മാറി അയ്യപ്പൻ ചാൽ വർഷങ്ങളായി ഒഴുകുകയാണ്.”ശരത്.

ധോണിയുടെ വന്യമൃഗ സമ്പത്തായ കാട്ടാനകൾ ഖനന മേഖലയുടെ പ്രവർത്തനങ്ങളാൽ അസ്വസ്ഥരാകുകയും വഴിത്താര നഷ്ടപ്പെട്ട അവർ ഗ്രാമങ്ങളിലേക്കും കൃഷി സ്ഥലങ്ങളിലേക്കും ഇറങ്ങുകയും അത് ജനജീവിതത്തെ ബാധിക്കുകയും ചെയ്യുന്നു. മലമുകളിൽ തുടർച്ചയായി ഉണ്ടാകുന്ന ഉരുൾപൊട്ടലുകളുടെ പ്രധാനകാരണവും ക്വാറികൾ ആണ്.

ഖനനത്താൽ കാർന്നെടുക്കപ്പെട്ട ഒരിക്കലും വീണ്ടെടുക്കാൻ പറ്റാത്ത നഷ്ടങ്ങൾ തുടരാതെയിരിക്കാൻ ഇനിയെങ്കിലും നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രകൃതിക്കും മനുഷ്യർക്കും ദോഷമാകുന്ന ദീർഘവീക്ഷണമില്ലാത്ത,അശാസ്ത്രീയമായ ഒന്നിലധികം ക്വാറികൾക്ക് തന്നെ അനുമതി കൊടുക്കുന്നതിലൂടെ, ഈ പ്രദേശങ്ങളിലെ വനം കൊള്ളയ്ക്ക് സർക്കാർ കൂട്ടുനിൽക്കുന്നതിന് തുല്യമാണ്. വേനലിൽ വനമേഖലയിൽ ഉണ്ടാകുന്ന കാട്ടുതീ ക്വാറി മാഫിയ നിർമ്മിതമാണെന്ന് മലയോര സംരക്ഷണ സമരസമിതി സംശയിക്കുന്നു.

2006ൽ വനാവകാശ നിയമം പാർലമെന്റിൽ പാസാക്കിയതോടെ പരമ്പരാഗതമായി വനത്തിൽ കൃഷിചെയ്തും വനത്തെ ആശ്രയിച്ചും ജീവിക്കുന്ന ആദിവാസികൾക്ക്​ വനഭൂമിയിലെ അവകാശം അംഗീകരിച്ചിരുന്നു.സർക്കാരിനോ മറ്റ് ഏജൻസികൾക്കോ ഏറ്റെടുക്കാൻ കഴിയുന്നതല്ല അത്തരം ഭൂമി.അത് സർക്കാർ ഭൂമിയുമല്ല.വനാവകാശ നിയമത്തിലെ ശക്തമായ വ്യവസ്ഥകൾ അട്ടിമറിച്ചാണ് പിണറായി സർക്കാർ ആദിവാസികളുടെ ഊരുഭൂമികൾ (ഹിൽസ്മെൻ സെറ്റിൽമെൻറ് ഭൂമി) 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് സർക്കാർ ഭൂമിയാണെന്ന നിയമവിരുദ്ധ വ്യാഖ്യാനം നടത്തിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2019 ഏപ്രിൽ 29ന് നടന്ന യോഗത്തിലാണ് ഉടുമ്പന്നൂർ വില്ലേജിലെ സെറ്റിൽമെന്റുകളിൽ ആദിവാസികളുടെ കൈവശഭൂമിയുടെ അവകാശം റവന്യൂ വകുപ്പിനാണോ വനം വകുപ്പിനാണോ എന്ന ചർച്ചയുടെ അവസാനം വനാവകാശ നിയമത്തെ കാറ്റിൽപറത്തി കേരളസർക്കാർ ഉത്തരവിറക്കിയത് ചർച്ചകൾക്ക് വഴിയൊരുക്കിരുന്നു.

ഇത്തരത്തിൽ പരിസ്ഥിതി വിരുദ്ധ നയവുമായി മുമ്പോട്ട്പോകുന്ന പിണറായി സർക്കാർ കോർപ്പറേറ്റ് – ക്വാറി മാഫിയയ്ക്ക് പാദസേവയിൽ മുൻപന്തിയിലാണ്.എന്തൊക്കെ തന്നെയായാലും സംഘടിതരായ ജനങ്ങൾ എല്ല ജനവിരുദ്ധ ഭരണാധികാരികളെയും തൂത്തെറിഞ്ഞു കൊണ്ട് മുന്നോട്ട് പോവുമെന്നതാണ് ചരിത്രത്തിൽ നടന്നിട്ടുള്ള പാഠം..ക്വാറിമാഫിയക്കെതിരായി സംഘടിതരാവുക,പോരാടുക എന്നതാണ് ഏക മാർഗം.ആ വഴിയിൽ തന്നെ സമിതി ഉറച്ചു നിൽക്കുന്നതായും ശരത് കുമാർ പറഞ്ഞു.