ഗ്രീൻ ഹണ്ടിനു പിന്നാലെ വംശഹത്യാനീക്കങ്ങളുമായി ‘ഓപ്പറേഷൻ സമാധാൻ’ രൂപം കൊള്ളുമ്പോൾ!!!

<strong><span class="has-inline-color has-vivid-red-color">അഡോൾഫോ നയ ഫെർണാണ്ടസ്</span></strong>
അഡോൾഫോ നയ ഫെർണാണ്ടസ്

സോഷ്യൽ ആന്ത്രപോളജിസ്റ്റും ട്രേഡ് യൂണിയൻ നേതാവുമായ അഡോൾഫോ നയ ഫെർണാണ്ടസ് ‘ദസിബാവോ റോജോ’ എന്ന വിദേശബ്ലോഗിൽ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര പരിഭാഷ. ഫോറിൻ ലാംഗ്വേജ് പ്രസ് പ്രസിദ്ധീകരിച്ച, ‘ഓപ്പറേഷൻ ഗ്രീൻ ഹണ്ട് ഇൻ ഇന്ത്യ: സോഷ്യൽ പ്രാക്ടീസസ് ഓഫ് ദി ജെനോസിഡൽ കൗണ്ടർഇൻസർജൻസി സ്ട്രാറ്റജി ”ഹാർട്ട്സ് ആൻഡ് മൈൻഡ്സ്” എന്ന വളരെ പ്രസിദ്ധമായ പുസ്തകത്തിൻ്റെ രചയിതാവ് കൂടിയാണ് ലേഖകൻ

മൊഴിമാറ്റം : വരുൺ

‘ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട്’ എന്ന വംശഹത്യനടപടികളുടെ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ‘ഓപ്പറേഷന്‍ സമാധാന്‍’ എന്ന പുതിയ ആക്രമണപദ്ധതിയെ കഴിഞ്ഞ മാസം തുടക്കത്തില്‍ തന്നെ സിപിഐ (മാവോയിസ്റ്റ്) തങ്ങളുടെ പരസ്യ പ്രസ്താവനയില്‍ അപലപിച്ചിരുന്നു. നിരവധി മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചുകൊണ്ടു നടത്തിയ പ്രസ്താവനകളെ ശരിവയ്ക്കുന്നതിന്റെ വ്യക്തമായ സൂചനകളാണ് അടുത്ത കാലത്തായി ഹിന്ദുത്വ-ഫാസിസ്റ്റ് മോദി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ദലിത് പ്രസ്ഥാനങ്ങളുടെ നേതാക്കള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങള്‍ക്കെതിരെയെുള്ള കൂട്ടത്തോടെയുള്ള അറസ്റ്റുകളും അതിക്രമണങ്ങളും. കഴിഞ്ഞ 2020 ജൂലൈ മുതല്‍, തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരെ നിശബ്ദമാക്കുന്നതിനായി പോലീസ് ദലിത്, ആദിവാസികള്‍, അധ്യാപകര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ വേട്ടയാടുകയും ഭീഷണിപ്പെടുത്തുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. പിടിയിലായവരും അറസ്റ്റിലായവരുമെല്ലാം ‘മാവോയിസ്റ്റ് അനുഭാവികള്‍’ ആണെന്നായിരുന്നു ആരോപണം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരായ നൗദീപ് കൗര്‍, ശിവകുമാര്‍ എന്നിവരുടെ അറസ്റ്റും തുടര്‍ന്നുണ്ടായ പീഡനവുമെല്ലാം കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 9 ന് ഛത്തീസ്ഗഡില്‍ വെച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയായ ഹിഡ്മേ മര്‍ക്കത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ അറസ്റ്റും മാവോയിസ്റ്റ് മുദ്രകുത്തിയായിരുന്നു.

ഏപ്രില്‍ ഒന്നിന് തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും എതിരെ വലിയ രീതിയിലുള്ള അടിച്ചമര്‍ത്തലാണ് പോലീസ് നടത്തിയത്. ദേശീയ രഹസ്യാന്വേഷണ ഏജന്‍സിയും പ്രാദേശിക പോലീസും ചേര്‍ന്ന് 22 ഓളം റെയ്ഡുകള്‍ നടത്തി. ഹൈദരാബാദില്‍ എന്‍ഐഎയും പ്രാദേശിക പോലീസ് സംഘങ്ങളും തെലങ്കാന ഹൈക്കോടതി അഭിഭാഷകന്‍ വി രഘുനാഥ്, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ദാപ്പു രമേഷ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തി. ആന്ധ്രയില്‍ എപി അംഗവും മനുഷ്യാവകാശ ഫോറത്തിന്റെ തെലങ്കാന ഏകോപന സമിതി അംഗവുമായ വി എസ് കൃഷ്ണ, ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചിലിക ചന്ദ്രശേഖര്‍, വരലക്ഷ്മി, എപിസിഎല്‍സി പ്രസിഡന്റ് സി ബാബു, കെ പത്മ, കെ ചല്ലം, റെവല്യൂഷണറി റൈറ്റേഴ്സ് അസോസിയേഷന്റെ ജി പിനകപാനി,രായലസീമ വിദ്യവന്തുല വേദികയുടെ പ്രസിഡന്റ് സോമശേഖര്‍സര്‍മ്മ എന്നിവരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. റെവല്യൂഷണറി റൈറ്റേഴ്‌സ് അസോസിയേഷന്‍, സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി (സിഎല്‍സി), അമരവീരുള ബന്ദുമിത്രുലസംഘം (രക്തസാക്ഷികളുടെ ബന്ധുമിത്രാദികളുടെ സംഘടന), പ്രജാ കലാ മണ്ഡലി (പീപ്പിള്‍സ് ആര്‍ട്ട് ഫ്രണ്ട്), രാഷ്ട്രീയ തടവുകാരുടെ മോചന സമിതി (സിആര്‍പിപി) , ചൈതന്യ മഹിളസംഘം (സിഎംഎസ്), പാട്രിയോട്ടിക് ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) എന്നീ സംഘടനകളുടെ ഓഫീസുകളിലും റെയ്ഡ് നടന്നു.(2021 മാർച്ച് 30 മുതൽ ഒരു വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കൊണ്ട് തെലങ്കാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചെങ്കിലും നിരോധനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരസ്യപ്പെടുത്തിയത് ഏപ്രിൽ 23നാണ്!)

രാഷ്ട്രീയ തടവുകാരെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തില്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബ, സുധാ ഭരദ്വാജ്, ഫാദര്‍ സ്റ്റാന്‍ സ്വാമി, ഷോമ സെന്‍, വരവര റാവു (ഈയ്യിടെ ജാമ്യത്തില്‍ പുറത്തിറങ്ങി) തുടങ്ങിയവര്‍ക്കെതിരെ ജയിലുകളില്‍ പീഡനവും മനുഷ്യത്വരഹിതവുമായ സമീപനവുമാണുണ്ടായത്. ഈ കേസുകളിലെല്ലാം ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും അപലപിക്കുകയുണ്ടായി.

‘ഏറ്റുമുട്ടലുകള്‍’ എന്ന വ്യാജേന ഏകപക്ഷീയമായി രാഷ്ട്രീയ പ്രവര്‍ത്തകരെ പീഡിപ്പിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തു.2020 സെപ്റ്റംബറിനും ഒക്ടോബറിനുമിടയില്‍ തെലുങ്കാനയില്‍ മാത്രം 10 മാവോയിസ്റ്റുകളാണ് വ്യാജ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച് 16 ന് നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വ്യാജ ഏറ്റുമുട്ടലിൽ പ്രതിഷേധിച്ച് മാര്‍ച്ച് 16, 25 തീയതികളില്‍ സി.പി.ഐ (മാവോയിസ്റ്റ്) പണിമുടക്ക് നടത്തുകയുണ്ടായി. 2020 നവംബര്‍ മുതല്‍ മാവോയിസ്റ്റ് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ 150 ലധികം പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്.മറ്റൊന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗമായ വേല്‍മുരുകന്റെ കൊലപാതകമാണ്. കേരളത്തിലെ എടിഎസ്- തണ്ടര്‍ബോള്‍ട്ട് അദ്ദേഹത്തെ വെടിവച്ച് കൊല്ലുകയായിരുന്നു. അദ്ദേഹത്തിന് നിരവധി തവണ വെടിയേറ്റതായും അനേകം മുറിവുകളുണ്ടെന്നും മരണാനന്തരം ആക്രമിക്കപ്പെട്ടിരിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് ഉദ്യോഗസ്ഥര്‍ വേല്‍മുരുകനെ ‘മരണാനന്തരം മനുഷ്യത്വരഹിതമായ പീഡനത്തിന്’ വിധേയമാക്കി എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചിരുന്നു..

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, നേതാക്കള്‍ എന്നിവരെ ഇല്ലാതാക്കുകയും തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്യുന്നതുള്‍പ്പടെയുള്ള ഇത്തരം വംശഹത്യനടപടികള്‍ക്ക് പ്രേരണയായി ഭരണകൂടങ്ങൾക്ക് മുന്നിലുള്ളത് ബ്രിട്ടീഷ് മാര്‍ഷല്‍ ജെറാള്‍ഡ് ടെംപ്ലറിന്റെ ‘ഹാര്‍ട്ട്‌സ് ആന്റ് മൈന്‍ഡ്‌സ്’ എന്ന പ്രത്യാക്രമണ തന്ത്രമാണ്. മലേഷ്യയിലും വിയറ്റ്‌നാമിലും നടത്തിയ പ്രത്യാക്രമണങ്ങളില്‍ നേടിയ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് സര്‍ റോബര്‍ട്ട് തോംസണ്‍ ഈ തന്ത്രത്തെ സമന്വയിപ്പിച്ചത് ഇപ്രകാരമാണ്.”സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത് ഗറില്ലകളെ തകര്‍ക്കുന്നതിനല്ല, മറിച്ച് അവയ്ക്ക് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിയമവിരുദ്ധമായി അടിച്ചമര്‍ത്തുന്നതിലാണ്. രാഷ്ട്രീയ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിലൂടെ, മത്സ്യത്തെ വെള്ളത്തില്‍ നിന്ന് ഒറ്റപ്പെടുത്തുക, ജനങ്ങളെ രഹസ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് വിലക്കുക.”

സാമൂഹിക സൈദ്ധാന്തികനായ സിഗ്മണ്ട് ബൗമാന്‍ വംശഹത്യയെക്കുറിച്ച് ഇപ്രകാരം പറയുന്നു, ”വംശഹത്യയുടെ ആദ്യ ലക്ഷ്യം അതിന്റെ നേതാക്കളെയും അധികാര കേന്ദ്രങ്ങളെയും ‘ശിരഛേദം ചെയ്യുക’ എന്നതാണ്, അതിനാല്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും തങ്ങളുടെ സ്വത്വം നിലനിര്‍ത്താനുമുള്ള കഴിവും ഇല്ലാതാകുന്നു, അങ്ങനെ സ്വയം പ്രതിരോധിക്കാനുള്ള ശേഷി നഷ്ടപ്പെടുന്നു.”

ഇന്ത്യയിലെ ഹിന്ദുത്വ-ഫാസിസ്റ്റ് സര്‍ക്കാര്‍ പുതിയ വംശഹത്യ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ സൂചനകള്‍ ഇവിടെ അവസാനിക്കുന്നില്ല. ‘ഹാര്‍ട്ട്‌സ് ആന്റ് മൈന്‍ഡ്‌സ്’ തന്ത്രത്തിന്റെ മറ്റൊരു ഭാഗത്ത് ഇത് പറയുന്നു: ”സൈനിക നടപടികളിലൂടെ ക്രമസമാധാനം പുന:സ്ഥാപിക്കുന്നതില്‍ മാത്രം സര്‍ക്കാര്‍ സ്വയം പരിമിതപ്പെടുത്തരുത്, മറിച്ച് സാഹചര്യത്തെക്കുറിച്ചും സൈനിക, സിവില്‍ ക്രമത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും രാഷ്ട്രീയവും സാമൂഹികവും ഭരണപരവും സാമ്പത്തികവുമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം.”

അഡോൾഫോ നയ ഫെർണാണ്ടസ്

ഇതിനായി, ഇന്ത്യൻ സർക്കാർ 2009 ല്‍ ‘ഗ്രീന്‍ ഹണ്ട്’ ഓപ്പറേഷന്റെ തുടക്കം മുതല്‍, മാവോയിസ്റ്റ് പ്രസ്ഥാനത്തിനു വേരോട്ടമുള്ള സംസ്ഥാനങ്ങളില്‍ 5,422 കിലോമീറ്ററില്‍ കൂടുതല്‍ ശൃംഖലകളുള്ള റോഡുകള്‍ നിര്‍മ്മിക്കാനുള്ള തന്ത്രം രൂപീകരിച്ചു. ഒരു വംശഹത്യ സാക്ഷാത്കരിക്കാനുള്ള അടിസ്ഥാനം ഒരുക്കുന്നതിന്റെ ഭാഗമായാണിത്. ഇതില്‍ 1,988 കിലോമീറ്ററിൽ 54 റോഡുകൾ (മൊത്തം റോഡുകളുടെ 27 ശതമാനം) ഛത്തീസ്ഗഡ് സംസ്ഥാനത്തിനായുള്ളതാണ്. ഇടത് തീവ്രവാദ ബാധിത പ്രദേശങ്ങളിലെ റോഡ് കണക്റ്റിവിറ്റി പ്രോജക്ടിന് (ആര്‍സിപിഎല്‍ഡബ്ല്യുഇ) 2016 ഡിസംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കുകയുണ്ടായി. മൊത്തം അംഗീകാരമുള്ള 8,214 കിലോമീറ്റര്‍ (802 റോഡുകള്‍) 2,479 കിലോമീറ്റര്‍ (291 റോഡുകള്‍) വീണ്ടും ഛത്തീസ്ഗഡ് സംസ്ഥാനത്തിനായി മാറ്റിവെച്ചു.റോഡ് നിര്‍മാണം സുഗമമാക്കുന്നതിന് 2020 ല്‍ ഹിന്ദുത്വ-ഫാസിസ്റ്റ് സര്‍ക്കാര്‍ 16 പോലീസ് ബേസ് ക്യാമ്പുകള്‍ തുറന്നു. 2021 ജനുവരിയില്‍ ബിജാപൂര്‍-സുക്മ അതിര്‍ത്തിയിലെ ടാരെമിലില്‍ ഒരു പോലീസ് സ്റ്റേഷനും ബൈലാഡില കുന്നുകള്‍ക്ക് അഭിമുഖമായി ബെച്ചാപാലില്‍ ഒരു പോലീസ് ക്യാമ്പും സ്ഥാപിച്ചു. ബിജാപൂരിലെ ഫണ്ടാരിയെ അബുജമദുമായി ബന്ധിപ്പിക്കുന്ന ഇന്ദ്രാവതി നദിക്ക് കുറുകെ 650 മീറ്റര്‍ പാലത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. 165 സിആര്‍പിഎഫ് ബറ്റാലിയന്റെ ഒരു ക്യാമ്പ് 2020 ഡിസംബറില്‍ അവിടെ ആരംഭിച്ചിക്കുകയുണ്ടായി. ഹിന്ദു-ഫാസിസ്റ്റ് സര്‍ക്കാര്‍ അഞ്ച് സിആര്‍പിഎഫ് ബറ്റാലിയനുകള്‍ കൂടി ഛത്തീസ്ഗഡിലേക്ക് അയച്ചിട്ടുണ്ട്, അതില്‍ മൂന്ന് ബറ്റാലിയനുകളെ ബിജാപൂരിലും ബാക്കി സുക്മയിലും വിന്യസിച്ചിട്ടുണ്ട്.

വികസനത്തിന്റെ പേരില്‍ സൈനികരെ അണിനിരത്തുന്നത് എല്ലായിടത്തെയും പോലെ അവിടങ്ങളിലെ ജനങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്രദേശങ്ങളില്‍ സൈന്യവും പൊലീസും ചേർന്ന് ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി അതിക്രമിക്കല്‍, വ്യാജ ഏറ്റുമുട്ടലുകള്‍, പോലീസ് കസ്റ്റഡിയില്‍ പീഡനം, കൊലപാതകങ്ങള്‍, വീടുകള്‍ തകര്‍ക്കുക, വിളകള്‍ നശിപ്പിക്കുക തുടങ്ങി അനവധി അതിക്രമങ്ങളാണ് നടത്തുന്നതെന്ന് സിഡിആര്‍ഒ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ സൈനികവല്‍ക്കരണത്തില്‍ ശ്രദ്ധേയമായത്, ഇസ്രേയൽ വിതരണം ചെയ്യുന്ന ഡ്രോണുകള്‍ പോലുള്ള ആധുനിക ആയുധങ്ങളും സൈനിക സൈബര്‍ സുരക്ഷാ സാങ്കേതികവിദ്യയുമാണ്. 2018 ല്‍ മാത്രം ഇന്ത്യ 5.84 ബില്യണ്‍ ഡോളര്‍ അത്തരം ആയുധങ്ങള്‍ക്കായി ചെലവഴിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍, ആയുധങ്ങള്‍, സൈനിക സാങ്കേതികവിദ്യ എന്നിവ മാത്രമല്ല, സിവിക് ആക്ഷന്‍ പ്രോഗ്രാമുകളും നിക്ഷേപ കോഴ്‌സുകള്‍, കായിക പ്രവര്‍ത്തനങ്ങള്‍, ഹാന്‍ഡ് ഔട്ടുകള്‍ എന്നിവയും ഇതിൽ ഉള്‍ക്കൊള്ളുന്നു.

2020 ഓഗസ്റ്റില്‍ ദില്ലിയില്‍ നടന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ വന്‍തോതില്‍ ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതികള്‍ തീരുമാനിച്ചിരുന്നു. 2021 ഏപ്രില്‍ 3 ന് മോദിയുടെയും അമിത് ഷായുടെയും ഫാസിസ്റ്റ് പോലീസ്, ബസ്തര്‍ ഉദ്യോഗസ്ഥന്‍ ഐ ജി സുന്ദര്‍ രാജുവിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പേരുമായി സുക്മ-ബിജാപൂര്‍ ജില്ലകളിലെ ഗ്രാമങ്ങള്‍ക്ക് നേരെ ‘സമാധാന്‍-പ്രഹാര്‍’ ആക്രമണം നടത്തുകയുണ്ടായി.

2005 നും 2009 നും ഇടയില്‍ സാല്‍വ ജുദൂമിന്റെ ഫാസിസ്റ്റ് സൈനിക പ്രചാരണവും പിന്നീട് ‘ഗ്രീന്‍ ഹണ്ട്’ എന്ന വംശഹത്യ പ്രവര്‍ത്തനവും അതു മൂലമുണ്ടായ ഭീകരതയും എല്ലാവര്‍ക്കും അറിയാവുന്നതാണ്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ സൈന്യത്തിന്റെ ചെറുത്തുനില്‍പ്പിന് പുറമെ, ജനങ്ങളുടെ പ്രക്ഷോഭവും ജനാധിപത്യ ബുദ്ധിജീവികള്‍, കലാകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ലോകമെമ്പാടുമുള്ള കര്‍ഷകര്‍ എന്നിവരുടെ ഉറച്ചതും ദൃഢനിശ്ചയത്തോടെയുള്ള പിന്തുണയും സാല്‍വ ജുദൂമിനെ പരാജയപ്പെടുത്താനും വംശഹത്യ പ്രവര്‍ത്തനം അവസാനിപ്പിക്കാനും സഹായിച്ചു.അതുകൊണ്ട് തന്നെ ഹിന്ദുത്വ-ഫാസിസ്റ്റ് മോദി സര്‍ക്കാരിന്റെ പുതിയ വംശഹത്യ ആക്രമണത്തെ വിശദീകരിക്കാനും നേരിടാനും ലോകമെമ്പാടും പ്രക്ഷോഭവും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുക എന്നതാണ് നിലവിലെ ചരിത്രപരമായ കടമ.