”ജാതിപ്രശ്നം ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്”

പത്ത് വർഷത്തോളം ഇന്ത്യയിലെ വിവിധ ജയിലുകളിലായി മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായിരുന്ന കൊബാഡ് ഗാണ്ടിയുമായി ‘ദി വീക്കി’ലെ മന്ദിര നയ്യാർ നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ. കൊബാഡ് ഗാണ്ടി ജയിൽ മോചിതനായ ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ‘ഫ്രാക്ചർഡ് ഫ്രീഡം:എ പ്രിസൺ മെമ്മോയിർ’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനം, അനുരാധ ഗാണ്ടിയുമായുള്ള ബന്ധം, ദീർഘകാലത്തെ ജയിൽ വാസം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച്, തൻ്റെ അനുഭവ പരിസരങ്ങളിലൂടെ പ്രതിപാദിക്കുന്ന പുസ്തകം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെക്കൂടി വരച്ചുകാട്ടുന്നു. പുസ്തകത്തിലെ പ്രസക്തഭാഗങ്ങളെ അധികരിച്ച് കൊബാഡ് ഗാണ്ടിയുമായി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം…..

മൊഴിമാറ്റം : സി പി നൂർജഹാൻ

താങ്കൾ ഒരു അന്തർ മുഖനായിരുന്നല്ലോ, പെട്ടന്നുള്ള ഇളകിമറിച്ചിൽ എങ്ങനെയായിരുന്നു സംഭവിച്ചത്. താങ്കൾ, താങ്കളിലെ ആ മാറ്റത്തെ കുറിച്ച് ബോധവനായിരുന്നോ?

ഞാൻ സാമൂഹിക അവബോധം ഇല്ലാത്ത ഒരു അന്തർ മുഖനായിരുന്നു. ലണ്ടനിൽ വെച്ച് ചെറുപ്പക്കാരായ വെള്ളക്കാർ ഒരിന്ത്യക്കാരനെ ആക്രമിക്കുന്നതും,അത്തരത്തിലുള്ള വംശീയാധിക്ഷേപങ്ങൾ മനുഷ്യരിലും, സൂക്ഷ്മമായി എന്റെ മനസ്സിൽ തന്നെയും, സൃഷ്ട്ടിച്ച അസ്വസ്ഥതകൾ എന്നെ വലിയ രീതിയിൽ സ്വാധീനിക്കുകയുണ്ടായി. ആ ഒരു സംഭവത്തിന് മുൻപ് കമ്മ്യൂണിസം, സോഷ്യലിസം, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, അല്ലെങ്കിൽ സമൂഹം എന്നതിനെ പറ്റിയൊന്നും ഞാൻ ബോധവാൻ ആയിരുന്നില്ല. അതേ സമയം ലണ്ടനിൽ ആയിരുന്നു എന്ന കാരണം കൊണ്ടുതന്നെ,എനിക് സ്വാതന്ത്ര്യവും അവസരങ്ങളും ഉണ്ടായിരുന്നു. ഞാൻ കണ്ണു തുറന്നു ചുറ്റും നോക്കി തുടങ്ങിയപ്പോൾ നിറയെ കാഴ്ചകളായിരുന്നു. 1960 കളിലും 70 കളിലും ലോകത്ത് നടന്ന ഊർജസ്വലമായ ചലനങ്ങളും,വിയറ്റ്‌നാം യുദ്ധവും; അധികാരവും , പിന്തിരിപ്പൻ മൂല്യങ്ങൾ ചേർന്ന് നിന്നിട്ടും ചെറുത്തു തോൽപ്പിച്ച ചൈനയിലെ സാംസ്കാരിക വിപ്ലവവും; നക്സൽ ബാരിയുടെ ഉദയവും ഉൾപ്പെടെ അക്കാലത്ത് സംഭവിച്ചിരുന്നു. ഇതിന്റെയെല്ലാം സാഹിത്യം ലണ്ടനിൽ ലഭ്യമായിരുന്നു. എന്തൊക്കെ അറിവുകളാണോ നിങ്ങൾക് വേണ്ടത്, ലണ്ടനിൽ ഇതിനൊന്നും വിലക്കുകൾ ഉണ്ടായിരുന്നില്ല.

അതൊരു ദൃഡമായ തീരുമാനമായിരുന്നോ?

അക്കാലത്ത് യുവജനങ്ങൾക്കിടയിൽ പലതരത്തിലുള്ള ആശയങ്ങൾ ഉണ്ടായിരുന്നു.ലോകത്താകമാനം അത്തരത്തിലുള്ള പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ പല കാരണങ്ങളാൽ അവയെല്ലാം വിട്ടുപോവുകയുണ്ടായി. അതേ കാലയളവിൽ ഞാൻ ലണ്ടനിൽ മാതാപിതാക്കളോടൊപ്പം സാധരണ ജീവിതം നയിക്കുകയായിരുന്നു. അവർ അത്ര ധനികരായിരുന്നില്ലെങ്കിലും,അച്ഛന് ഗ്ലാക്സോയിൽ ജോലിയും തരക്കേടില്ലാത്ത ശമ്പളവും ഉണ്ടായിരുന്നു.അതിനുമുമ്പ് ഞാൻ പഠിച്ചിരുന്നത് ലണ്ടനിലെ ഡൂൺ സ്‌കൂളിലായിരുന്നു. ആ കാലം ബുദ്ധിമുട്ടേറിയതായിരുന്നു. മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന സമയത്ത് അവരായിരുന്നു എല്ലാ പിന്തുണയും തന്നിരുന്നത്. പിന്നീട് ഞങ്ങൾ(ഭാര്യയോടൊത്ത്) നാഗ്പൂരിലേക് മാറി .ഞങ്ങൾ തെരുവിലകപ്പെട്ടു എന്നല്ല,ഭാര്യ അനുരാധക്ക് ലക്ച്ചറർ ജോലി ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ താമസിച്ചിരുന്നത് ഒരു ചേരിയിൽ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ താമസവും ജീവിതവും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു.

താങ്കൾ ഐഡിയലിസത്തെ കുറിച്ച് പറയുന്നു, ഇത്തരം ആദർശങ്ങൾ പ്രാവർത്തികമാക്കുന്നതിന് ചേരിയിൽ തന്നെ താമസിക്കേണ്ടതുണ്ടോ?

പെട്ടന്ന് ഒരാൾ അസുഖ ബാധിതനയാൽ പോലും വരാവുന്ന അസ്വസ്ഥത നിറഞ്ഞ ഒരു ചിന്തയാണ് ഇത്.പക്ഷേ ഞങ്ങളെ സംബന്ധിച്ച്, കിട്ടിയ സോഷ്യൽ ക്ലാസ്സിൽ നിന്നും ഞങ്ങളെ സ്വയം ‘തൊഴിലാളി വർഗ്ഗവൽക്കരിക്കുക’ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. നിങ്ങൾ ജനങ്ങളുമായി ഇടപഴകാതെ അതിൽ ഒരാളാവാതെ ഒരിക്കലും സമൂലമായ മാറ്റത്തിലേക്ക് അവരെ നയിക്കാൻ നിങ്ങൾക് കഴിയില്ല. അതുകൊണ്ട് തന്നെ ദന്തഗോപുരത്തിൽ ജീവിക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് അത്യന്തം കപടമായ ഒരു കാര്യം ആയിരുന്നു.

താങ്കളെ ഒരു മാവോയിസ്റ്റ് നേതാവായി നിർവചിച്ചിരിക്കുന്നു,നക്സൽ എന്ന് വിളിക്കുന്നു. എങ്ങനെയാണ് താങ്കള്‍ സ്വയം നിർവചിക്കുന്നത്?

ഞാൻ സമൂലമായ സാമൂഹിക മാറ്റം ആഗ്രഹിക്കുന്ന ഒരാളാണ്. സമൂഹത്തിനെ മനസ്സിലാക്കുന്നതിനും, അതിനെ മാറ്റിത്തീര്‍ക്കുന്നതിനും അടിസ്ഥാനപരമായി മാര്‍ക്സിസ്റ്റ് രീതിശാസ്ത്രമാണു ഞാൻ അവലംബിക്കുന്നത്. എങ്കിലും,സുഭാഷ്‌ചന്ദ്ര ബോസ്, ഭഗത് സിംഗ്, അംബേദ്കർ, ലെനിൻ, മാവോ സേതുങ് എന്നിവരെയുൾപ്പെടെ ഞാൻ പിന്തുടരുന്നുണ്ട്. ദളിതരുടെ ക്ഷേമവുമായി ബന്ധപ്പെട്ട പല സംഭവങ്ങളിലും സജീവമായി ഇടപെടാറുണ്ട്. മീഡിയയാണ് എന്നെ അത്തരത്തിൽ മാവോയിസ്റ്റ് ആയി ചിത്രീകരിക്കുന്നത്.

നാല് സംസ്ഥാനങ്ങളിൽ അത്തരം കേസുകളിൽ നിന്ന് എന്നെ കുറ്റവിമുക്തനാകിയിട്ടുണ്ട്.
മുതലാളിത്ത സമ്പദ് വ്യവസ്ഥയിൽ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നില്ല. അതേ സമയം സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥ സോവിയറ്റ് യൂണിയനിലും, ചൈനയിലും, ക്യൂബ യിലും ഉൾപ്പെടെ യഥാർത്ഥത്തിൽ ദശലക്ഷ കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിന് പുറത്ത് കൊണ്ടെത്തിക്കുകയും ചെയ്തു.അടിസ്ഥാനപരമായി ലോകത്തിനും ഇന്ത്യക്കും വേണ്ടത് സോഷ്യലിസ്റ്റ് സമ്പദ് ഘടന തന്നെയാണ്. അതിന്‍റെ രൂപം മാറാൻ സാധ്യത ഉണ്ടെങ്കിൽ പോലും.

ഒരു മാർക്സിയൻ സാമ്പത്തിക ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ സാമൂഹിക ഘടകങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നത് സാമ്പത്തിക അനിവാര്യതകളെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടിലൂടെയാണ്. നമ്മുടെ രാജ്യത്തിന്‍റെ പുരോഗതിക്ക് സാമ്പത്തിക ഘടനയിലുള്ള മാറ്റം അത്യന്താപേക്ഷിതമാണ്. അത് സാധ്യമാകുന്നതാകട്ടെ സമൂലമായ രാഷ്ട്രീയ നടപടികളിലൂടെയും. അത്തരത്തിലുള്ള രാഷ്ട്രീയ മാറ്റം തിരഞ്ഞെടുപ്പ് രീതിയിലൂടെയാകണോ വേണ്ടയോ എന്നത് നിലനിൽക്കുന്ന സാമ്പത്തിക സാമൂഹിക അസന്തുലിതാവസ്ഥയുടെ തോതിനെ ആശ്രയിച്ചിരിക്കുന്നു.

സമൂലമായ മാറ്റം എന്നത് കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത്?

ഞാൻ ഉദ്ദേശിക്കുന്നത് ഒരു മുതലാളിത്തേതര ,എന്നാൽ അടിസ്ഥാന പരമായി സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥ എന്നതു തന്നെയാണ്. നിലവിൽ സോഷ്യലിസ്റ്റ് എന്നത് വളരെ അവ്യക്‌തത നിറഞ്ഞ ഒരു പദമാണ്. യുഎസ് സെനറ്റർ- ബെർണി സാൻഡേഴ്സ് മുതൽ യുകെ എംപി ഫെർണി കോറിബൻ വരെ തങ്ങൾ സോഷ്യലിസ്റ്റുകൾ ആണെന്ന് വാദിക്കുന്നു. അത്തരത്തിലുള്ള സോഷ്യലിസ്റ്റ് രീതി യഥാർത്ഥത്തിൽ മുത്തലാളിത്ത രീതി തന്നെയാണ്. ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ സർവ്വീസ് മേഖലളിൽ വലിയ നിക്ഷേപം നടത്തുകയും ,അതേ സമയം സമ്പത്തിന്റെ സിംഹഭാഗവും കയ്യടക്കി വെച്ചിരിക്കുന്ന കോർപ്പറേറ്റുകളെ നിലനിർത്തി പോകുന്ന സമീപനങ്ങൾ തുടരുന്നു. താൽകാലികമായ സാഹചര്യങ്ങളിൽ ഇത് ഒരു പോസിറ്റീവ് പ്രതീതി സൃഷ്ടിക്കാമെങ്കിലും ഇതൊരു ദീർഘകാല പരിഹാരമല്ല.

ഒരേ സമയം താങ്കൾ റവല്യൂഷനറി, റാഡിക്കൽ, എന്നിവയെ പറ്റി പരാമർശിക്കുന്നു. എങ്ങനെയാണ് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നത്?

യഥാർത്ഥത്തിൽ ഇവ രണ്ടും ഒന്ന് തന്നെയാണ്. സാമ്പത്തിക ഘടനയിലെ അടിസ്ഥാനമാറ്റത്തിന് കാരണമായേക്കാവുന്ന വഴികളാണ് രണ്ടും . സാഹചര്യത്തിന്‍റെ അനിവാര്യതയാണ് ബാക്കിയെല്ലാം.

എന്തുകൊണ്ട് അങ്ങനെ?

പല തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ട്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്‍റെ രീതി, തെരഞ്ഞടുപ്പ് സംവിധാനത്തിന്‍റെ അപ്പോഴത്തെ അവസ്ഥ അങ്ങനെ പലതും. ഉദാഹരണത്തിന്, പ്രധാനപ്പെട്ട രണ്ട് വിപ്ലവങ്ങൾ നടന്നത് ലോക മഹായുദ്ധം നടന്നു കൊണ്ടിരിക്കേയായിരുന്നു. അതായത് ഭരണവര്‍ഗ്ഗങ്ങള്‍ തമ്മിൽ യുദ്ധത്തിലായിരുന്ന സമയത്ത്. ആദ്യത്തെ സോഷ്യലിസ്റ്റ് വിപ്ലവമായ പാരീസ് കമ്മ്യൂൺ പോലും നടന്നത് ഫ്രാങ്കോ – പ്രഷ്യൻ യുദ്ധം നടന്നുകൊണ്ടിരിക്കേയായിരുന്നു. എന്നിരുന്നാലും സമാധാന കാലത്ത് വ്യത്യസ്ഥ രീതികൾ അവലംബിക്കേണ്ടതുണ്ട്. പക്ഷേ ഒരു ഇടത് സാഹിത്യത്തിലും ആ രാജ്യത്ത് ഉണ്ടായ സമൂലമായ മാറ്റം അവിടുത്തെ യുദ്ധവുമായി ബന്ധപ്പെടുത്തി പറയുന്നതായി ഞാൻ കണ്ടിട്ടില്ല. നിലവിലെ എന്‍റെ ഗവേഷണത്തിന്‍റെ ഭാഗമായിട്ടാണ് ഈ വസ്തുതകൾ പോലും മനസ്സിലാക്കാൻ കഴിഞ്ഞത്. അതു കൊണ്ട് തന്നെ സാമ്പത്തിക ഘടനയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയും അതു വഴി സാമൂഹിക രാഷ്ട്രീയമാറ്റത്തിന് കാരണമാവുകയും ചെയ്യുന്ന ഊർജ്ജ്വസ്വലമായ മുന്നേറ്റങ്ങളെ നിങ്ങൾ റാഡിക്കൽ, റവല്യൂഷനറി എന്നിങ്ങനെ ഏത് പേരിൽ വിളിക്കുന്നു എന്നതിലുപരി, അതിന്‍റെ ഉദ്ദേശ്യവും അത് ആവശ്യപ്പെടുന്ന സാഹചര്യവുമാണ് പ്രധാനം.

മാറ്റങ്ങൾക്ക് ബലപ്രയോഗം (അക്രമം) അനിവാര്യമാണെന്നാണാ താങ്കൾ പറയുന്നത്?

യുദ്ധരഹിത സാഹചര്യത്തിൽ ഏതു തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത് എന്നത് തീരുമാനിക്കേണ്ടതുണ്ട്. ഏതു തരത്തിലുള്ള സാമൂഹിക സാമ്പത്തിക ഘടനയാണ് ഇന്ത്യയ്ക്ക് ആവശ്യം എന്നതിനെ പറ്റി എനിക്ക് വ്യക്തതയുണ്ട്. നിലവിലുള്ളതിനെകാൾ വലിയ ഒരളവിൽ അത് മനുഷ്യത്വപരമാവേണ്ടതുണ്ട്. സമൂഹത്തിൽ ബലപ്രയോഗമുണ്ട്. ചരിത്രവും കലാപങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. ഇന്നും ലോകത്ത് ദശലക്ഷകണക്കിന് പേർ യുദ്ധം, അസുഖം, മനുഷ്യനിർമ്മിത ദാരിദ്ര്യം എന്നിവ മൂലം കൊല്ലപ്പെടുന്നു. എല്ലാം അക്രമമാണ്. പക്ഷേ അതൊന്നും പ്രശ്നമായി കണക്കാക്കപ്പെടുന്നില്ല. അക്രമാസക്തവും അസഹിഷ്ണുതയും നിറഞ്ഞ നിലവിലുള്ള വ്യവസ്ഥിതിയിൽ നിന്ന് കൊണ്ടാണ് ബലപ്രയോഗത്തെപറ്റി (അക്രമത്തെപ്പറ്റി) അവർ ഞങ്ങളോട് സംസാരിക്കുന്നത്. ആദ്യം അവരാണ് ഉത്തരം പറയേണ്ടത്. സമാധാനപരമായി ഭരിക്കേണ്ടതും അവരാണ്. ജനാധിപത്യപരമായ മാറ്റങ്ങളെ എന്തിനാണ് അവര്‍ ഭയക്കുന്നത്.

താങ്കൾ പറയുന്നത് ജനാധിപത്യം അടിസ്ഥാനപരമായി ഒരു മാറ്റവും കൊണ്ടുവരുന്നില്ല എന്നാണ്…

ഞാൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങൾ എന്‍റെ വാക്കുകൾ വളച്ചൊടിക്കുകയാണ്. വെനസ്വേലയും, ഗ്രീസും ഉള്‍പ്പടെയുള്ള രാജ്യങ്ങളിൽ അത്തരത്തിലുള്ള ജനാധിപത്യ മാറ്റങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അമേരിക്ക അത്തരം ഗവൺമെന്‍റുകളെ അസ്ഥിരപ്പെടുത്തുന്നു. ലോകത്ത് നൂറ്റിഅമ്പതോളം രാജ്യങ്ങളിൽ അവർക്കു സേനാസാന്നിധ്യമുണ്ട് . എന്തിനാണത്?

ജനാധിപത്യത്തിന് യഥാർത്ഥത്തിൽ സാമൂഹിക മാറ്റം കൊണ്ടുവരാൻ കഴിയുമോ?

എനിക്ക് തോന്നുന്നത് ഒരു രാജ്യത്ത് യാഥാർത്ഥത്തിലുള്ള ജനാധിപത്യമാണ് നിലനില്‍ക്കുന്ന തെങ്കിൽ സാധിക്കുമെന്ന് തന്നെയാണ്. അതായത് ,അങ്ങനെയൊരു ജനാധിപത്യത്തിൽ ഞാൻ സോഷ്യലിസ്റ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടാൽ പോലും അട്ടിമറിക്കപ്പെടരുത്. മാത്രമല്ല, അംബാനി – അദാനി പോലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ സ്വത്ത് വിഭജിച്ച് കൂടുതൽ മാനുഷികമായ രീതിയിൽ സാധാരണക്കാരായ ജനങ്ങൾക്ക് നൽകണം എന്ന് പറഞ്ഞാൽ പോലും അംഗീകരിക്കപ്പെടണം. എന്താണ് അതിൽ തെറ്റ്? എന്നാല്‍ ഇപ്പോൾ ജനങ്ങൾക്ക് അവകാശപ്പെട്ട, ഭരണകൂടത്തിന്‍റെ കൈവശമുള്ള മുഴുവൻ സമ്പത്തും കോർപ്പറേറ്റുകൾക്ക് ദാനം ചെയ്യുകയാണ്.
ജനാധിപത്യം എന്ന വാക്ക് യഥാർത്ഥ അർത്ഥതലത്തിൽ ഒരേ സമയം ഭൂരിഭാഗം വരുന്ന ജനങ്ങളുടെ താൽപര്യങ്ങളെയും, പരിസ്ഥിതിയെയും സംരക്ഷിക്കുന്നതായിരിക്കണം.

കമ്മ്യൂണിസത്തിന്‍റെ പരാജയത്തെ കുറിച്ച് താങ്കൾ സംസാരിച്ചു. ചുവപ്പന്‍ വിപ്ലവം പരാജയപ്പെട്ടതിന്‍റെ കാരണങ്ങൾ എന്തൊക്കെയാണ്? അത് പരാജയപ്പെട്ടു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ?

ഞാൻ കമ്മ്യൂണിസത്തിലോട്ട് വന്നത് അറുപതുകളുടെ അവസാനത്തിലും ഏതാണ്ട് എഴുപതുകളുടെ തുടക്കത്തിലുമായിരുന്നു. അന്ന് ലോകത്തിന്‍റെ പകുതിയും കമ്മ്യൂണിസമായിരുന്നു. ലോകത്താകമാനം ഒരു വിപ്ലവം നടക്കാൻ പോകുന്നതു പോലെ തോന്നിയിരുന്നു. പക്ഷേ ഇപ്പോൾ അത്തരം കമ്മ്യൂണിസ്റ്റ് ചലനങ്ങൾ ഒന്നും കാണുന്നില്ല. ജനജീവിതം എഴുപതുകളിലേക്കാൾ പത്തിരട്ടി ദുരിതത്തിലാണുതാനും. ഇന്ന് ജനങ്ങൾക്കു മുമ്പിൽ പ്രതീക്ഷകളില്ല. കമ്മ്യൂണിസ്റ്റ് സമൂഹങ്ങള്‍ ഒന്നും തന്നെ സ്ഥിരതയുള്ളതാകുന്നില്ല. ചൈന പോലും പേരിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ,അവിടെയും ശതകോടീശ്വരന്മാർ ഉണ്ട്. പക്ഷേ സാമ്പത്തിക മേഖല വളരുന്നതിനനുസരിച്ച് അവർക്ക് തങ്ങളുടെ ജനതക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാൻ കഴിയുന്നു. അമേരിക്കയോട് കിടപിടിക്കത്തക്ക രീതിയിലുള്ള സാമ്പത്തികാവസ്ഥയാണ് ചൈനയിലും.

ഇത് ഇത്ര ക്രൂരതയാണോ?

തീർച്ചയായും അതെ. ജനാധിപത്യരാജ്യങ്ങൾ എന്ന് വിളിക്കപ്പെടുന്ന പലതും ക്രൂരത കുറഞ്ഞവയല്ല. സാമൂഹിക മറ്റത്തിനായുള്ള ഏത് പദ്ധതിയിലും മൂന്ന് പ്രധാന പ്രശ്നങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. അത്തരത്തിലൊരു മാറ്റം ദീർഘകാലം നിലനിൽക്കുന്നതിനും കൂടുതൽ മാനുഷികമാവേണ്ടതിനുമാണ് അത്. എന്‍റെ പുസ്തകത്തിൽ ഞാൻ അവയെ പറ്റി പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഏതൊരു പ്രസ്ഥാനത്തിലും സാമൂഹിക മാറ്റം ആഗ്രഹിക്കുന്ന ആർക്കും, നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമെല്ലാം ആ മൂല്യവ്യവസ്ഥ ഉണ്ടായിരിക്കണം. എന്‍റെ പുസ്തകങ്ങളിലും ലേഖനങ്ങളിലുമെല്ലാം ഞാൻ അവയുടെ രൂപരേഖ നൽകിയിട്ടുണ്ട്. ആദ്യത്തേത് – എന്‍റെ ഭാര്യയെ പോലെ ആയിരിക്കണം. ഏറ്റവും സത്യസന്ധതയും, നേരും ഉള്ള , അധികാരത്തോട് ആർത്തിയില്ലാത്ത ഒരു സംവിധാനം. നിലവിലെ ഇടതു സർക്കിളുകളിൽ പണത്തെക്കാൾ പ്രാധാന്യം അധികാരത്തിനാണ്. മറ്റിടങ്ങളിൽ പണവും അധികാരവും ഒരുപോലെ ദുഷിപ്പിക്കുന്നു.

രണ്ടാമത്തേത്-ഏതൊരു പ്രസ്ഥാനത്തിന്‍റെയും ലക്ഷ്യം സന്തോഷമായിരിക്കണം. ഇത്തരം സന്തോഷം നിങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളിലും പദ്ധതികളിലും പ്രതിഫലിക്കും. വളരെ സ്വാഭാവികമായി ഇത്, ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്ക്, ആരുടേയും ജീവിതത്തിൽ സന്തേഷത്തിന്‍റെ ഒരു തുടക്കം എന്ന രീതിയിലേക്ക് മാറ്റപ്പെടുന്നു. മൂന്നാമത്തെ വശം – ജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും ഉണ്ടായിരിക്കണം. മിക്ക ഇടത്തും ഇല്ലാത്തതാണ് ഇത്.

കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കിടയിലും?

അതെ. ഞങ്ങളുടെ സർക്കിളുകളിലും. എന്‍റെ പുസ്തകത്തിൽ ജനാധിപത്യം എന്ന പേരിൽ , ജനാധിപത്യ കേന്ദ്രീകരണം നടക്കുന്നതെങ്ങനെയെന്ന് ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. നേരത്തെ നമ്മൾ പറഞ്ഞ മൂന്ന് വശങ്ങളും ഒരു പ്രസ്ഥാനത്തിൽ അന്തർലീനമായിരിക്കണം. പ്രത്യേകിച്ച് ജനനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്ക് ശ്രേഷ്ഠത കൽപ്പിച്ചു കിട്ടുന്ന ഇന്ത്യയിയിൽ നമുക്ക് പണവും അധികാരവും ഇല്ലാതാക്കാൻ കഴിയില്ല , പക്ഷേ അവയുടെ നെഗറ്റീവ് ഫലങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കണം.

യഥാർത്ഥ സ്വാതന്ത്ര്യത്തെക്കാൾ ആളുകൾ ‘വിപണിസ്വാതന്ത്ര്യം’ തിരഞ്ഞെടുത്തത് എന്ത് കൊണ്ടാണെന്ന് ആത്മ പരിശോധന നടത്തേണ്ടതുണ്ടെന്ന് താങ്കളുടെ പുസ്തകത്തിൽ പറയുന്നു. അതാണ് യഥാർത്ഥ പ്രശ്നമെന്ന് നിങ്ങൾ വിശ്വാസിക്കുന്നുണ്ടോ?

ഇതൊരു യഥാർത്ഥ ചോദ്യമാണ്. മനശാസ്ത്രത്തെ കുറിച്ചും, ആളുകൾക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുമിടയിൽ ആന്തരികമായ മാറ്റം എങ്ങനെ വരുത്താം എന്നതിനെ കുറിച്ചുമെല്ലാം, ഞാൻ പഠിക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ മാർക്സിസ്റ്റുകൾ തങ്ങളിലെ ആന്തരികമാറ്റം മനസ്സിലാക്കുന്നതിൽ അൽപ്പം യാന്ത്രികത വച്ചുപുലര്‍ത്തുന്നു. ഒരാൾ മാർക്സിസം-മാവോയിസം എന്നിവ വായിക്കുകയും, അവ തങ്ങളുടെ മൂല്യങ്ങളിലും, വികാരങ്ങളിലും സ്വയമേവ മാറ്റം വരുത്തുമെന്നും വിചാരിക്കുന്നു. പക്ഷേ മനശാസ്ത്രം പറയുന്നത് , നമ്മുടെ ചെറുപ്പത്തിൽ, ആറ്‍‍‍‍‍‍‍-ഏഴ് വയസ്സുള്ള കാലഘട്ടത്തിൽ നിർമ്മിക്കപ്പെടുന്നതാണ് ഉപബോധമനസ് എന്നാണ്. അതിനാൽ നമ്മുടെ ആശയ ശസ്ത്രത്തിലെ മാറ്റത്തിനോടൊപ്പം ഇത് യാന്ത്രികമായി മാറില്ല. ജാതി, പുരുഷാധിപത്യബോധങ്ങൾ എന്നിവ നമ്മുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. നിങ്ങളൊരു മാര്‍ക്സിസ്റ്റ് ആയി മാറിയാലും ബോധമനസ്സ് മേല്‍പ്പറഞ്ഞവയെ ഉൻമൂലനം ചെയ്യാൻ ശ്രമിക്കുന്നില്ലെങ്കിൽ അത് എപ്പോഴും നമ്മുടെ ഉള്ളിൽ വസിച്ച് ,നമ്മുടെ ബോധത്തിൽ സൂക്ഷ്മമായി നിലനിൽക്കും. മറ്റെല്ലാ മൂല്യവ്യവസ്ഥകളിലും ഇത്തരം ബോധം പ്രതിഫലിക്കുകയും ചെയ്യും.പ്രത്യേകിച്ച് നാം ജീവിക്കുന്നത് ഒരു ബൂർഷ്വാ അന്തരീക്ഷത്തിലാണ്. അവിടെ സ്വാർത്ഥതയും ആളുകൾ മറ്റുള്ളതിനെയെല്ലാം തള്ളി താഴെയിട്ട് സ്വയം സ്വയം ഉന്നതങ്ങളിലേക്ക് കയറിക്കൂടാനുള്ള ത്വരയും സൃഷ്ടിക്കപ്പെടുന്നു.. ഞങ്ങൾ ഉൾപ്പെടുന്ന കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളിൽപ്പോലും ഇത്തരത്തിലുള്ള പ്രവണതകൾ വിരളമല്ല.

താങ്കൾ ജാതി വ്യവസ്ഥയെ കുറിച്ച് സംസാരിക്കുന്നു. കമ്മ്യൂണിസം, ജാതി പരിഗണനാവിഷയമാക്കുന്നില്ല എന്നാണ് താങ്കൾ പറയുന്നത്

കമ്മ്യൂണിസമല്ല, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളാണ് ജാതി പരിഗണനാവിഷയമാക്കാത്തത്. അവർ അതിനെ യാന്ത്രികമായി വ്യാഖ്യാനിക്കുന്നു. മാർക്സിസം ഒരു മത ഗ്രന്ഥമല്ല. മറിച്ച് അത് പ്രയോഗിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്‍റെ സമൂഹ്യ സാഹചര്യത്തിനനുസരിച്ച് ക്രിയാത്മകമായി വ്യാഖ്യാനിക്കപ്പെടേണ്ട ഒരു തത്വ ചിന്തയാണ്. ജാതിയോടുള്ള ഇത്തരം പിടിവാശിയോടുകൂടിയ സമീപനം കാരണം ജാതി പ്രശ്നം ഏറ്റെടുക്കുന്നതിനെ ഇവിടത്തെ കമ്യൂണിസ്റ്റ് പാർട്ടികൾ എതിർത്തിട്ടുണ്ട് എന്നെനിക്ക് തോന്നുന്നു. ഒരു സാമൂഹിക പരിഷ്കരണ പ്രസ്ഥാനവും കണ്ടിട്ടില്ലാത്ത ഹിന്ദി ബെൽറ്റിൽ നിന്നും ഇത് മനസ്സിലാക്കാം. ഭക്തി പ്രസ്ഥാനം നടത്തിയ മഹാരാഷട്ര പോലുള്ള സ്ഥലങ്ങളിലും അംബേദ്കർ, ജ്യോതി റാവു ഫുലെ എന്നിവർ ഉൾപ്പെടെയുള്ളവര്‍ പ്രവര്‍ത്തിച്ചിടങ്ങളില്‍ പോലും അവര്‍ ‘എന്ത് ജാതി?’ എന്ന് ചോദിക്കുന്നു. ബീഹാറിൽ ഒരു കാലത്ത് സിപിഐ ക്കും എംസിസി ക്കും ശക്തമായ അടിത്തറ ഉണ്ടായിരുന്നു. സിപിഐ കടുതലായും ഭൂവുടമകൾക്ക് (ഭൂമിഹാറുകൾ) ഒപ്പമായിരുന്നു. അൽപ്പം കൂടി സമൂലമായ രാഷ്ട്രീയം പറഞ്ഞിരുന്ന എംസിസി(മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്‍റര്‍) ഏറ്റുവും ദരിദ്രരായ ജനങ്ങള്‍ക്കിടയില്‍-ഹരിജന്‍സ് എന്നു വിളിക്കപ്പെടുന്നവര്‍ക്കിടയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അവര്‍ ജാതിപ്രശ്നത്തെ കൈകാര്യം ചെയ്തിരിന്നുവെങ്കിലും അതെല്ലാം വര്‍ഗ്ഗസമരം ആണെന്നാണ് പറഞ്ഞിരുന്നത്. യാന്ത്രിക വ്യാഖ്യാനത്തിന്‍റെ ഉദാഹരണമാണിത്. ഒരുപക്ഷെ നേതൃത്വത്തിന്‍റെ സവര്‍ണ പശ്ചാത്തലം, അതുമൂലം ഉണ്ടാവുന്ന വ്യതിയാനങ്ങളും മറ്റുമായിരിക്കാം ഇതിന്‍റെ കാരണം.

താങ്കൾക്ക് ഇപ്പോഴും പ്രസ്ഥാനവുമായി ബന്ധമുണ്ടോ?

ഒരു നിരീക്ഷകനും സാമൂഹിക പ്രവർത്തകനുമാണ്. കുടുതലും ദളിതർക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു. എങ്കിലും എല്ലാ പുരോഗമന പ്രസ്ഥാനങ്ങളെയും നിരീക്ഷിക്കാറുണ്ട്. പോസിറ്റീവ് ആയതിനെ സ്വീകരിക്കുന്നു. നെഗറ്റീവിനെ വിമർശിക്കുന്നു.

ഒരുതരം നിരാശാബോധം അലട്ടുന്നുണ്ടല്ലോ ..അത്തരമൊരു സംഘർഷം ജീവിതത്തിലുടനീളം ഉണ്ടായിരുന്നോ?

ഇത് ഒരു നിരാശയാണെന്ന് ഞാൻ പറയില്ല. ചില സമയങ്ങളിൽ ഞാൻ പ്രകോപിതനും അസംതൃപ്തനുമായിരിക്കാം. എന്നാൽ ഇതിനെയെല്ലാം എന്‍റെ അനുഭവ പാഠങ്ങളായി കാണുന്നു. വ്യക്തികളേയൊ സംഘടനകളെയോ പാർട്ടികളെയോ ഞാൻ വിമർശിക്കാറില്ല. പകരം തിരുത്തപ്പെടേണ്ടത് എന്താണെന്ന് മാത്രം ദാർശനികമായി പറയാൻ ശ്രമിക്കുന്നു. സമ്പന്നമായ ഈ ജീവിതത്തിൽ ആളുകൾക്കു വേണ്ടി അവരുടെ കഷ്ടപ്പാടുകൾ നീക്കുവാൻ വേണ്ടി പരമാവധി ശ്രമിച്ചു. എല്ലാം അനുഭവങ്ങളാണ്.

മാറ്റം എന്നത് സോഷ്യലിസ്റ്റ് മാറ്റമാവണം. പരമാവധി നീതി ലഭിക്കുന്നതിന് അത്തരമൊരു സോഷ്യലിസ്റ്റ് മോഡൽ ആവശ്യമാണ്. ഏതൊരു മാറ്റത്തിന്‍റെ മാതൃകയിലും എന്തൊക്കെ ഘടകങ്ങൾ ഉൾപ്പെടുത്തണമെന്ന് ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നു. ഈ അരനൂറ്റാണ്ടു കാലത്തെ അനുഭവം ഇല്ലായിരുന്നെങ്കിൽ ഇത് സങ്കൽപ്പിക്കാൻ കൂടി കഴിയുമായിരുന്നില്ല.

ജാതിയെ അംഗീകരിക്കുന്നതിൽ കമ്മ്യൂണിസ്റ്റുകളുടെ പരാജയത്തെ പറ്റി താങ്കൾ പറയുന്നു. ജയിലിലായിരുന്ന സമയത്ത് ഇതിനെ പറ്റി ചിന്തിച്ചിരുന്നുവോ?

ഞാൻ പുറത്തായിരുന്നപ്പോൾ ഇതിനെ കുറിച്ചെല്ലാം ബോധവാനായിരുന്നെങ്കിലും വേണ്ട രീതിയിൽ ക്രിയാത്മകമായി ഇതിനെ പറ്റി പ്രതിപാദിക്കുവാനോ പ്രതിഫലിപ്പിക്കുവാനോ സമയവും സാഹചര്യവും ഒത്തുവന്നില്ല. ജയിലിലാണെങ്കിൽ പോലും ഇതിനൊന്നും സാധ്യമായിരുന്നില്ല. ആദ്യത്തെ മൂന്ന് വർഷങ്ങളിൽ ഞാൻ ഭാഗ്യവാനായിരുന്നു. അതിന് ശേഷം രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒരു ജയിലിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ തുടങ്ങി. ചിന്തിക്കാനോ എഴുത്താനോ പോലും കഴിയാത്ത അവസ്ഥ. ചുരുക്കത്തിൽ ആ ജീവിതം ഒരു പോരാട്ടം തന്നെയായിരുന്നു. ഒരാൾക്ക് ഒരിക്കലും പുറത്തു വരാൻ കഴിയില്ല എന്ന ചിന്ത ഉണ്ടാക്കുന്ന തരത്തിൽ തീഹാർ ജയില്‍ തീർത്തും മനുഷ്യത്വരഹിതമായ ഒന്നാണ്. ആ ഒരവസ്ഥയിൽ മറ്റൊന്നും ചെയ്യാൻ കഴിയാതെ നിങ്ങൾ മാനസികമായി തളരും. പക്ഷേ എന്‍റെ ശരീരത്തെ ചേർത്തുപിടിച്ച് യോഗയും വ്യായാമവും ചെയ്തു തുടങ്ങി, ഞാനതിനെ കർകശമായി അതിജീവിക്കാൻ ശീലിച്ചു. അങ്ങനെ എഴുതി തുടങ്ങി. ഭാഗ്യവശാൽ മെയിൻസ്ട്രീം എഡിറ്ററായ സുമിത്ത് ചക്രവർത്തി എന്‍റെ ആർട്ടിക്കിളുകൾ എടുത്തു. നിങ്ങൾ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്നത് വായിക്കപ്പെടുന്നില്ലെങ്കിൽ , നിങ്ങൾക്ക് ഒരു സംതൃപ്തിയും ലഭിക്കാതെ ആത്മവിശ്വാസം നഷ്ടപ്പെട്ടു പോകും. അടുത്ത വർഷങ്ങളിൽ മുൻ ബിജെപി വക്താവ് സുധീന്ദ്ര കുൽക്കർണി ഉൾപ്പെടെയുള്ള ‘2ജി’ ആളുകൾ വന്നു. ഞാൻ അദ്ദേഹവുമായി സംവദിച്ചു. അഫ്സൽ ഗുരുവും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം ഒരു ബുദ്ധിജീവി ആയിരുന്നു. ഇവരിൽ നിന്നെല്ലാം നിങ്ങൾക്ക് പല തരത്തിലുള്ള ആശയങ്ങൾ ലഭിക്കും, എല്ലാം അറിയാനും എഴുതാനും പ്രതിഫലിപ്പിക്കുവാനുമുള്ള ഊർജ്ജസ്വലമായ അന്തരീക്ഷമായിരുന്നു അത്. ജയിലിൽ മറ്റു ഇടതുപക്ഷക്കാർ ഉണ്ടായിരുന്നില്ല.

ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാനികളും കർക്കശ സ്വഭാവമുള്ളവരും ഇടുങ്ങിയ ചിന്താഗതിക്കാരുമായിരുന്നു മറ്റുള്ളവർ. അവരെന്നെ മാറ്റിനിർത്തി.എനിക്കുണ്ടായ മറ്റൊരു ഭാഗ്യം ബീഹാറിലെ ലൈബ്രറി ആയിരുന്നു. ഹൈ റിസ്ക്ക് വാർഡിലെ ഒരു യുവാവ് വഴി എനിക്ക് ലിറ്ററേച്ചർ പുസ്തകങ്ങൾ കിട്ടിയിരുന്നു.

തുടരും…..