സഖാവ് ഇബ്രാഹിമിനെ ജനങ്ങൾക്ക് തിരികെ നൽകുക

“തടവുകാരുടെ അവകാശങ്ങളുടെ കാര്യത്തിൽ രാഷ്ടീയ തടവുകാർക്ക് പ്രഥമസ്ഥാനം നൽകണമെന്ന് ആവശ്യപ്പെടുന്നതിന്റെ കാരണം അവർ കുറ്റവാളികൾ അല്ല എന്നതുകൊണ്ടാണ്.ആ അർത്ഥത്തിൽ നാം സഖാവ് ഇബ്രാഹിമിനെ കൂടുതൽ അടുത്തറിയേണ്ടിയിരിക്കുന്നു”

ഷാൻ്റോലാൽ(ജന.കൺവീനർ, പോരാട്ടം)

കഴിഞ്ഞ 6 വർഷമായി UAPA എന്ന ജനവിരുദ്ധ നിയമം ചുമത്തപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ അന്യായ തടങ്കലിൽ കഴിയുന്ന സഖാവ് ഇബ്രാഹിമിന്റെ മോചനം ആവശ്യപ്പെട്ട് പൊതുസമൂഹത്തിന്റെ ശക്തമായ പ്രതികരണം ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്.കവി സച്ചിദാനന്ദനും, മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി.ഭാസ്കറും ഉൾപ്പെടെ നിരവധിയാളുകൾ ഇബ്രാഹിമിന്റെ മോചനം ആവശ്യപ്പെടുകയും കേരള മുഖ്യമന്ത്രിക്ക് സംയുക്ത നിവേദനം നൽകിയിരിക്കുകയുമാണ്.
67 വയസുള്ള, പ്രായാധിക്യത്തിന്റെയും വിവിധ രോഗങ്ങളുടെയും അസ്വസ്ഥതകളുമായാണ് സഖാവ് ഇബ്രാഹിം കഴിഞ്ഞ 6 വർഷമായി ജയിലിൽ കഴിഞ്ഞുവരുന്നത്.കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ജയിലറകൾക്കുള്ളിൽ പോലും രോഗവ്യാപനമുണ്ടായപ്പോൾ തടവുകാരുടെ സുരക്ഷയെയും ജീവനെയും കരുതി നിരവധിയാളുകൾക്ക് താത്കാലിക മോചനം നൽകാൻ വിവിധ കോടതികളും സർക്കാരുകളും തീരുമാനം എടുക്കുകയുണ്ടായി.ഇതിന്റെ അടിസ്ഥാനത്തിൽ നിരവധിയായ കുറ്റവാളികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യവും ഉണ്ടായി.എന്നാൽ രാഷ്ട്രീയ തടവുകാരെ പ്രത്യേകമായി പരിഗണിച്ച് വിട്ടയക്കുന്നതിനോ കുറഞ്ഞപക്ഷം ഇക്കാര്യത്തിൽ വിവേചനരഹിതമായി ഇടപെടുന്നതിനോ രോഗവ്യാപനത്തിന്റെ കാര്യത്തിൽ തടവുകാരെ തുല്യരായെങ്കിലും പരിഗണിക്കാനോ ഭരണകൂട സംവിധാനങ്ങൾക്കോ, വിവിധ സർക്കാരുകൾക്കോ,അതിനെ നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

ഭരണകൂട ശക്തികൾക്ക് അനഭിമതരായവരോ,ഏതെങ്കിലും രാഷ്ട്രീയ ആശയങ്ങളിൽ വിശ്വസിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടവരോ, സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിന് സമരങ്ങളിൽ ഏർപ്പെട്ടതിന്റെ പേരിൽ തടവിലാക്കപ്പെട്ടവരോ, അവർ കടുത്ത രോഗാവസ്ഥയിലുള്ളവരാണെങ്കിൽ പോലും കോവിഡ് കാല ജയിൽ മോചനത്തിന് പരിഗണിക്കപ്പെട്ടിട്ടില്ല എന്നത് ഈ വസ്തുതയെ ഉറപ്പിക്കുന്നതാണ്.സഖാവ് ഇബ്രാഹിമിന്റെ ജയിൽവാസം ഇതിന്റെ ഉത്തമ ഉദാഹരണവുമാണ്.കടുത്ത പ്രമേഹ രോഗിയും ഹൃദ്രോഗിയുമാണ് സഖാവ് ഇബ്രാഹിം. പ്രമേഹരോഗം അധികരിച്ചതിന്റെ ഭാഗമായി പല്ലുകൾ കേടുവന്നതിനാൽ മുഴുവൻ പല്ലുകളും എടുത്തു മാറ്റിയിരിക്കുകയാണ്. പുതിയ പല്ലുകൾ വക്കാൻ കഴിയാത്തതിനാൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കാനും കഴിയാതെ വന്നിരിക്കുന്നു. ഇതു മൂലം കഴിഞ്ഞ ഒരാഴ്ച്ചക്കിടെ സഖാവിന്റെ തൂക്കം അപകടകരമാം വിധം ഏഴ് കിലോയോളം കുറഞ്ഞത് കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്.ജനങ്ങളുടെ ശക്തമായ അഭിപ്രായം ഉയർന്നു വന്നതിന്റെ അടിസ്ഥാനത്തിൽ യു.പി യിൽ തടവിലാക്കപ്പെട്ട മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിന് വേണ്ടി കേരള മുഖ്യമന്ത്രി ഇടപെടുകയുണ്ടായി.എന്നാൽ തന്റെ തന്നെ ആഭ്യന്തര വകുപ്പിന് കീഴിൽ ഇബ്രാഹിമിനെ പോലെ തടവിലാക്കപ്പെട്ട നിരവധി രാഷ്ടീയ പ്രവർത്തകരുടെ കാര്യം അദ്ദേഹം അറിഞ്ഞില്ലെന്ന് ഭാവിക്കുന്നത് കേരളീയ സമൂഹത്തിന് അപമാനമാണെന്ന അഭിപ്രായം ഇവിടെ ഉയർന്നു കഴിഞ്ഞു.

തടവുകാരുടെ അവകാശങ്ങളുടെ കാര്യത്തിൽ രാഷ്ടീയ തടവുകാർക്ക് പ്രഥമസ്ഥാനം നൽകണമെന്ന് ആവശ്യപ്പെടുന്നതിന്റെ കാരണം അവർ കുറ്റവാളികൾ അല്ല എന്നതുകൊണ്ടാണ്.ആ അർത്ഥത്തിൽ നാം സഖാവ് ഇബ്രാഹിമിനെ കൂടുതൽ അടുത്തറിയേണ്ടിയിരിക്കുന്നു.പതിറ്റാണ്ടുകളായി രാഷ്ടീയ പ്രവർത്തന രംഗത്ത് പ്രത്യേകിച്ച് തോട്ടം തൊഴിലാളികളുടെ ഇടയിൽ അവരുടെ അവകാശ സമരങ്ങളിലുമൊക്കെ സജീവ സാന്നിധ്യമായി നിലകൊണ്ട വ്യക്തിത്വത്തിനുടമയാണ് ഇബ്രാഹിം.അതിലുപരിയായി ഒരു തൊഴിലാളിയുമാണ്.വയനാട് മേപ്പാടി നെടുങ്കരണയിലെ സഖാവിന്റെ വീട്ടിൽ പോയ ദിവസത്തെ ഒരനുഭവം പറഞ്ഞ് ഈ കുറിപ്പവസാനിപ്പിക്കാം.

സഖാവിന്റെ ഭൂമിയുടെ പേരിൽ ഉള്ള ഒരു ലോൺ അടക്കാതെ നടപടിയാകുന്ന പ്രശ്നം അന്വേഷിക്കാൻ ചെന്നതാണ്.വളരെ സാധാരണമായ വീടും തൊഴിലാളികളായ കുടുംബാഗങ്ങളും. ഇപ്പോഴും കൂലിപ്പണിക്ക് പോകുന്ന ഭാര്യ ജമീലയും മകനും. ഉപ്പയോട് അങ്ങേയറ്റം സ്നേഹ ബഹുമാനങ്ങൾ കാണിച്ച മകന്റെ ഭാര്യയും.വിഷയം സംസാരിച്ചപ്പോൾ സ്വന്തം ആവശ്യത്തിന് എടുത്ത ലോണല്ല. മറ്റൊരാൾക്ക് 5 സെന്റ് സ്ഥലം തീറാധാരമെഴുതി നൽകി അതിൻമേൽ ഉള്ള ലോണാണ്. ലോണെടുത്ത ഇബ്രാഹിമിന്റെ സുഹൃത്ത് ഞങ്ങൾ വിളിച്ചത് പ്രകാരം അവിടെ വന്നിരുന്നു.സഖാവിനെ വഞ്ചിച്ചതൊന്നുമല്ല, സാമ്പത്തിക പ്രതിസന്ധിയാണ് തിരിച്ചടവ് മുടങ്ങിയതെന്ന് മനസിലായി.തീറാധാരം എഴുതി നൽകിയത് അദ്ദേഹത്തിന് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ലോൺ ലഭിക്കാൻ മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാലാണ്.ലോൺ എടുത്ത് ലോണടവ് കഴിഞ്ഞാൽ ഭൂമി തിരികെ എഴുതി നൽകുമെന്നാണ് ധാരണ.ഇത് വാക്കാലുള്ള ധാരണയാണ്.ഉറച്ച പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലും.! ലോണെടുത്ത സുഹൃത്ത് പോയിക്കഴിഞ്ഞപ്പോൾ ഭാര്യ ഒരു കെട്ട് ആധാരങ്ങളുമായി ഞങ്ങളുടെ അടുത്ത് വന്നു. അതിശയകരമായിരുന്നു ജമീലയുടെ വിവരണം.ഒരു 30 ലേറെ ആധാരങ്ങൾ ഉണ്ട്.35 സെന്റിനടുത്ത് വരുന്ന തന്റെ ഭൂമി, ലയങ്ങളിൽ കഴിയുന്നവരും സ്വന്തമായി ഭൂമിയില്ലാത്തവരുമായ തൊഴിലാളികൾക്ക് ലോണെടുക്കാനാവശ്യം വന്നപ്പോൾ തുണ്ടുകളാക്കി ആധാരം ചെയ്തു കൊടുത്തത് തിരികെ എഴുതികിട്ടിയിരിക്കുന്ന ആധാരങ്ങളായിരുന്നു അവയെല്ലാം.ആ ആധാരങ്ങളെല്ലാം ലയിപ്പിച്ച് ഒറ്റ ആധാരമാക്കുക എന്ന വലിയ ജോലി എങ്ങനെ പൂർത്തിയാക്കും എന്ന ആശങ്കയാണ് കുടുംബം ഞങ്ങളോട് പങ്ക് വച്ചത്.തുണ്ടുകളാക്കപ്പെട്ട ഈ ഭൂമി താമസം എന്നതൊഴികെ മറ്റൊരാവശ്യത്തിന്, കുടുംബത്തിന് സങ്കീർണതകളില്ലാതെ ഉപയോഗിക്കാനാവാതെ കിടക്കുകയാണ്. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇതാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞ സഖാവ് ഇബ്രാഹിം. കുടുംബത്തോടും സ്വകാര്യ സ്വത്തിനോടും അതിന്റെ മൂല്യങ്ങളോടും സഖാവ് എന്തു സമീപനം എടുത്തു എന്നും തൊഴിലാളി വർഗ മൂല്യങ്ങളോട് എങ്ങിനെയെല്ലാം സഖാവ് കൂറ് പുലർത്താൻ ശ്രമിച്ചു എന്നതും ഇക്കാര്യം മാത്രം പരിശോധിച്ചാൽ ആർക്കും മനസിലാക്കാവുന്നതേയുള്ളൂ..

സഖാവിന്റെ മോചനം ആവശ്യപ്പെടുന്ന ഈ വേളയിൽ ഈ ചെറു കുറിപ്പ് അതിനൊരു പ്രചോദനമാകട്ടെ എന്ന് കരുതുന്നു.ജനങ്ങളുടെ പ്രിയങ്കരനായ സഖാവാണ് ഇബ്രാഹിം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.പരിയയപ്പെട്ട നാട്ടുകാരെല്ലാം അത്രയും സ്നേഹവായ്പോടെയാണ് സഖാവിനെക്കുറിച്ച് സംസാരിച്ചത്. അധികമാരാലും അറിയപ്പെടാതെ അങ്ങിനെ അറിയപ്പെടാനുള്ള ഒരാഗ്രഹവും, ഉള്ളിലൊളിപ്പിക്കാതെ തന്റെ പ്രവർത്തനം അഭംഗുരം ആ സഖാവ് ഇക്കാലമത്രയും തുടർന്നു എന്നും ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞു.വാർദ്ധക്യത്തിൽ രോഗശയ്യയിൽ സഖാവിനോട് കാണിക്കുന്ന ക്രൂരതകൾ അവസാനിപ്പിച്ച് അദ്ദേഹത്തെ ജനങ്ങൾക്ക് തിരികെ നൽകുക എന്ന് മാത്രമാണ് ഭരണകൂട സംവിധാനങ്ങളോട് പറയാനുള്ളത്.