വേണം നമുക്ക് കെട്ടുറപ്പുള്ള യുഎപിഎ വിരുദ്ധവേദി

അഭിലാഷ് പടച്ചേരി(മാധ്യമപ്രവർത്തകൻ)

ആഗസ്ത് ഒന്നിനകം കൊവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ ഒരു ദശലക്ഷം മരണങ്ങള്‍ ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ റിപോര്‍ട്ടുകള്‍ നമ്മളില്‍ അതിഭീകരമാംവിധം ഭയം ജനിപ്പിച്ചേക്കാം. സമ്പന്നര്‍ക്കും അതി സമ്പന്നര്‍ക്കും സ്വകാര്യ ജറ്റുകള്‍ വഴി രാജ്യം വിടാം. സമൂഹത്തിലെ മെച്ചപ്പെട്ട സ്ഥാനത്തുള്ളവര്‍ക്കും സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്കും മെച്ചപ്പെട്ട ചികില്‍സ ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല, അതേസമയം മെച്ചപ്പെട്ട സ്ഥാനത്തുള്ളവര്‍പോലും പ്രാണവായുകിട്ടാതെ മരിക്കുന്ന വിരളമായ സാഹചര്യവും ഉണ്ടായിട്ടുണ്ട്. ആപേക്ഷികമായി നോക്കുമ്പോള്‍ ഇവിടെ മരിച്ചുവീണുകൊണ്ടിരിക്കുന്നതില്‍ ഭൂരിഭാഗവും രാജ്യത്തെ അടിസ്ഥാനവര്‍ഗ്ഗ ജനതയാണ്. ഇത് ശരാശരി ജനങ്ങള്‍ ഇപ്പോള്‍ ചിന്തിക്കുന്ന കാര്യമാണ്. എന്നാല്‍ ഈ ഭീതികള്‍ക്കിടയില്‍ ഇന്ത്യയില്‍ 1350 തടവറകളിലായി നാലരലക്ഷത്തോളം തടവുകാര്‍ ഓരോ ദിവസവും കഴിച്ചുകൂട്ടുകയാണ്. നമുക്ക് വേണമെങ്കില്‍ ആവശ്യത്തിന് ചികില്‍സ ലഭിക്കും, എന്നാല്‍ തടവുകാരോട് എങ്ങിനെയാണ് ഭരണകൂടത്തിന്റെ സമീപനമെന്നത് യുഎപിഎ തടവുകാരനായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അനുഭവിക്കേണ്ടി വന്ന പീഢനങ്ങളില്‍ നിന്ന് വ്യക്തമാണ്.

2018ല്‍ ആഭ്യന്തര മന്ത്രാലയം പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ത്യ (പിഎസ്‌ഐ) 2018 റിപോര്‍ട്ട് പുറത്തിറക്കിയിരുന്നു. 2018 ല്‍ 1,845 തടവുകാര്‍ കസ്റ്റഡിയില്‍ മരണപ്പെട്ടുവെന്ന് ആ റിപോര്‍ില്‍ പറയുന്നു, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യന്‍ ജയിലുകളില്‍ ഉണ്ടായ കസ്റ്റഡി മരണത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മഹാമാരി ഒന്നുമില്ലാത്ത കാലത്ത് തന്നെ മതിയായ ചികില്‍സ കിട്ടാതെയും പീഢനങ്ങള്‍ കാരണവും ഇത്രപേര്‍ തടവറകളില്‍ കൊല്ലപ്പെടുന്നുണ്ടെങ്കില്‍ എന്തായിരിക്കാം മഹാമാരി കാലത്ത് കാണേണ്ടി വരുന്നതെന്ന് നമ്മള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. മുംബൈയിലെ ആദിവാസി പ്രവര്‍ത്തക കാഞ്ചന്‍ നാനാവരെ ജയിലില്‍ മതിയായ ചികില്‍സ കിട്ടാതെ കൊല്ലപ്പെട്ടിട്ട് അധിക മാസങ്ങളൊന്നും ആയിട്ടില്ല. ലോകമെമ്പാടുമുള്ള തടവുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ 20 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് 71 ശതമാനമാണ്. കൂടാതെ, 2000 മുതല്‍ വനിതാ തടവുകാരുടെ എണ്ണത്തില്‍ 111.7 ശതമാനവുമാണ് വര്‍ധനവുണ്ടായിട്ടുള്ളത്, ഇതാകട്ടെ ലോകനിരക്കിനേക്കാള്‍ ഇരട്ടിയിലധികമാണ്. തടവുകാരുടെ എണ്ണത്തിലുള്ള ഭയാനകമായ വര്‍ധനവ് സൂചിപ്പിക്കുന്നത് രാജ്യത്തെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ തോത് തന്നെയാണ്.

2015 നെ അപേക്ഷിച്ച് 2019 ല്‍ യുഎപിഎ പ്രകാരം അറസ്റ്റിലായവരുടെ എണ്ണത്തില്‍ 72 ശതമാനം വര്‍ധനയുണ്ടായതായി ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 2019 ല്‍ മാത്രം രാജ്യത്തുടനീളം രജിസ്റ്റര്‍ ചെയ്ത 1226 യുഎപിഎ കേസുകളില്‍ 1948 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2015 മുതല്‍ 2018 വരെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകള്‍ 897, 922, 901, 1182 എന്നിങ്ങനെയായിരുന്നു. അതായത് രാജ്യത്തെ തടവുകാരുടെ എണ്ണത്തില്‍ വന്ന കുതിച്ചുചാട്ടം, രാഷ്ട്രീയ അടിച്ചമര്‍ത്തലുകളുടെ ഭാഗമായി ഉയര്‍ന്നുവന്ന യുഎപിഎ കേസുകളിലെ തടവുകാരുടേതാണെന്ന് അനുമാനിക്കാതിരിക്കാന്‍ വേറെ തരമില്ല. അതേസമയം വിചാരണത്തടവുകാരുടെ എണ്ണത്തിലുള്ള വര്‍ധനയും പരിശോധിക്കപ്പെടേണ്ടതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയ്ക്ക് 25.4 ശതമാനം വര്‍ധനവാണ് വിചാരണാത്തടവുകാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

വിചാരണ കാലയളവുകള്‍ ബോധപൂര്‍വം നീട്ടുന്നതാണ് രാജ്യത്തെ തടവറകളിലെ തടവുകാരുടെ എണ്ണം ഇത്രയേറെ വര്‍ധിക്കുന്നതിന് മറ്റൊരു കാരണം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ വിചാരണത്തടവുകാരുടെ എണ്ണം 140 ശതമാനം കൂടിയിട്ടുണ്ട്. ദീര്‍ഘകാലം വിചാരണത്തടവുകാരായി കഴിഞ്ഞിരുന്നവരാകട്ടെ എട്ടും പത്തും വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിത്വം തെളിയിച്ച് പുറത്തിറങ്ങുന്ന കാഴ്ചയും നമ്മള്‍ കാണുന്നുണ്ട്. ജയിലിലെ ജനസംഖ്യ വര്‍ധിക്കുന്നത് പരിതാപകരമായ അവസ്ഥയിലേക്ക് തടവുകാരെ തള്ളിയിടുന്നു, ഇത് തീര്‍ത്തും മനുഷ്യാവകാശ ലംഘനമാണ്. തടവുകാരെ എങ്ങനെ പരിചരിക്കണമെന്നതിന് അന്താരാഷ്ട്ര മാനദണ്ഡമായ ‘നെല്‍സണ്‍ മണ്ടേല റൂള്‍സ് 2015’ നിലവിലുണ്ട്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഇന്ത്യയിലെ ജയിലുകള്‍ നിലകൊള്ളുന്നത്. ജയില്‍ ഭരണസംവിധാനം ജയിലിലെ ജീവിതവും സ്വതന്ത്ര ജീവിതവും തമ്മിലുള്ള വ്യത്യാസങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കണം. അതുവഴി തടവുകാരുടെ ഉത്തരവാദിത്തം കുറയ്ക്കാനും മനുഷ്യരെന്ന നിലയിലുള്ള അവരുടെ ആത്മാഭിമാനം സംരക്ഷിക്കുവാനും ശ്രമിക്കണമെന്നാണ് ‘നെല്‍സണ്‍ മണ്ടേല റൂള്‍സ് 2015’ പറയുന്നത്.

നാഷണൽ ക്രൈം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട ജയില്‍ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം തടവിലാക്കപ്പെട്ട മുസ്‌ലിംകള്‍, ദലിതര്‍, ആദിവാസികള്‍ എന്നിവരുടെ എണ്ണം ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതലാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 14.2 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. എന്നാല്‍ 16.6 ശതമാനം കുറ്റവാളികളും 18.7 ശതമാനം വിചാരണത്തടവുകാരും ഉള്‍പ്പെടെ ഇന്ത്യന്‍ ജയിലുകളില്‍ 35.8 ശതമാനം പേരും മുസ്‌ലിംകളാണ്. 13.6 ശതമാനം ആദിവാസികള്‍ വിവിധ കേസുകളിലായി ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്നുണ്ട്. 10.5 ശതമാനം വിചാരണത്തടവുകാരായ ആദിവാസികളുമുണ്ട് എന്നാല്‍ ജനസംഖ്യയില്‍ രാജ്യത്ത് 8.6 ശതമാനം മാത്രമാണ് ആദിവാസികളുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തടവുകാര്‍ അതും വിചാരണത്തടവുകാര്‍ ദലിത് വിഭാഗമാണ്. ഇന്ത്യന്‍ തടവറകളിലെ പകുതിയോളം തടവുകാര്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ളവരാണെന്നതാണ് യാഥാര്‍ത്ഥ്യം.

യുഎപിഎ എത്രയേറെ ഭീകരത സൃഷ്ടിക്കുന്നതാണ്, എത്രമാത്രം സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതാണ് എന്നൊക്കെ മനസിലാക്കാന്‍ ഛത്തീസ്ഗഡിലെ ബസ്തറിലെ സംഭവം ഉദാഹരണമാക്കാവുന്നതാണ്. ഒരൊറ്റ കേസില്‍ യുഎപിഎ പ്രകാരം 120 ആദിവാസികള്‍ 3 വര്‍ഷമായി വിചാരണയില്ലാതെ തടവില്‍ കഴിയുന്നുണ്ട് ബസ്തറില്‍. 2017 ഏപ്രിലില്‍ ബുര്‍കപാലില്‍ 25 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന് പിന്നാലെയാണ് ബസ്തര്‍ മേഖലയിലെ ആറു ഗ്രാമങ്ങളില്‍ നിന്നായി 120 ആദിവാസികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു തടവിലാക്കിയത്. ചിന്താഗുഫ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബുര്‍കപാല്‍, ഗൊണ്ടപ്പള്ളി, ചിന്താഗുഫ, ടാല്‍മെറ്റ്‌ല, കൊരൈഗുണ്ടം, തോങ്കുഡ എന്നീ ആറു ഗ്രാമങ്ങളിലെ 120 ആദിവാസികളാണ് കുറ്റാരോപിതര്‍. ഏഴ് കുട്ടികളേയും ഇതേ കേസില്‍ പ്രതിചേര്‍ക്കുകയും പതിനെട്ട് മാസം ദന്തേവാഡ ജയിലില്‍ തടവിലിട്ട ശേഷം വിട്ടയക്കുകയുമായിരുന്നു. എന്തിനേറെ പറയുന്നു പൗരത്വ പ്രക്ഷോഭത്തിന് ഭക്ഷണം വിളമ്പിയവര്‍ പോലും യുഎപിഎ കേസില്‍ പ്രതിയാണ്. ‘ജനാധിപത്യ’ ഇന്ത്യയിലെ പൗരസ്വാതന്ത്ര്യത്തിന്റെ തോതളക്കാന്‍ ഇതിലപ്പുറമൊന്നും വേണ്ട.

എന്നാല്‍ യുഎപിഎ വിരുദ്ധ പ്രക്ഷോഭം രാജ്യത്ത് അത്ര ശക്തമല്ല എന്നതാണ് വസ്തുത. ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും കേന്ദ്രത്തില്‍ ഒരുമിച്ച് ഭരിച്ചപ്പോഴാണ് 1967ലെ യുഎപിഎ നിയമം 2008ല്‍ ഭേദഗതി ചെയ്തത്. അന്ന് സിപിഎമ്മും ഈ നിയമത്തെ പിന്തുണച്ചു. 2008ല്‍ ചിദംബരം കൊണ്ടുവന്ന ഭേദഗതി ബില്ലിനെ സെബാസ്റ്റ്യന്‍ പോള്‍ ഒഴികെ എല്ലാ ഇടതുപക്ഷ എംപിമാരും പിന്തുണച്ചിരുന്നു… തുടര്‍ന്ന് സിപിഎം യുഎപിഎയെ നേരിടേണ്ടി വന്നത് കതിരൂര്‍ മനോജ് വധത്തില്‍ സിബിഐ പി ജയരാജനെതിരേ യുഎപിഎ ചുമത്തിയപ്പോഴായിരുന്നു. അന്ന് യുഎപിഎ ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു സിപിഎം വാദിച്ചത്. എന്നാല്‍ കേന്ദ്ര നേതൃത്വം യുഎപിഎക്ക് എതിരാണെന്ന കാഴ്ച്ചപ്പാട് തരുന്ന ചില നിലപാടുകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം വെറും പ്രസ്താവനകള്‍ എന്നല്ലാതെ വിശ്വസിക്കാന്‍ വേറെ വഴിയില്ല. കാരണം പൗരത്വ പ്രക്ഷോഭ കേസില്‍ സിതാറാം യച്ചൂരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടപ്പോള്‍ വീണ്ടും യുഎപിഎ വിരുദ്ധ സ്തുതിഗീതവുമായി വന്നു എന്നല്ലാതെ യുഎപിഎ പിന്‍വലിക്കുക എന്ന മുദ്രാവാക്യവുമായി സിപിഎം ഇതുവരെ മുന്നോട്ട് വന്നിട്ടില്ല.

ഇന്ത്യയില്‍ യുഎപിഎ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കി എന്ന് പറയാന്‍ കഴിയുക ഇവിടത്തെ മാവോയിസ്റ്റ്-ഇസ്ലാമിസ്റ്റ് റാഡിക്കൽ-അംബേദ്കര്‍ രാഷ്ട്രീയ ധാരകള്‍ക്ക് മാത്രമാണ്. ചില പ്രത്യക കേസുകളിലെ ഐക്യപ്പെടലുകളല്ലാതെ, യുഎപിഎ പിന്‍വലിക്കുക എന്ന മുഖ്യ ആവശ്യത്തിലൂന്നിയ ഒരു ഐക്യമുന്നണി സാധ്യതകള്‍ ഉണ്ടായിട്ടും അത് രൂപപ്പെട്ടില്ല എന്ന് വേണം കരുതാന്‍. അത്തരമൊരു ഐക്യമുന്നണി സംവിധാനത്തിന്റെ പതിപ്പായി കേരളത്തില്‍ രൂപപ്പെടുകയും പിന്നീട് പിരിച്ചുവിടപ്പെടുകയും ചെയ്ത ‘യുഎപിഎ വിരുദ്ധ വേദി’യെ കാണാം. ആ സമിതിയുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ അമ്പതിലധികം യുഎപിഎ പുനപ്പരിശോധിക്കുമെന്ന നിലപാടിലേക്ക് പിണറായി നേതൃത്വത്തിലുള്ള സര്‍ക്കാരിനെ എത്തിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അങ്ങോട്ട് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതിരുന്നത് ഐക്യത്തിനിടയിലെ അനൈക്യമാണ്. ഈ അനൈക്യം ചെന്നെത്തിച്ചിരിക്കുന്നത് രാജ്യത്തിനകത്ത് ഏറ്റവും കൂടുതല്‍ യുഎപിഎ ചുമത്തപ്പെടുന്ന സംസ്ഥാനമെന്ന പേര് കേരളം നേടിയിരിക്കുന്നു എന്നതിലേക്കാണ്. അത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വിജയമായല്ല, മറിച്ച് വിപ്ലവപുരോഗമനജനാധിപത്യ ശക്തികളുടെ പോരായ്മയായാണ് ഞാന്‍ കരുതുന്നത്.

യുഎപിഎ വിരുദ്ധ കാംപയിനുകളില്‍ നിന്ന് കഴിഞ്ഞ കുറച്ചുകാലമായി ഉയര്‍ന്നുവരുന്ന വാക്കാണ് ‘സെലക്ടീവ് അംനേഷ്യ’. യുഎപിഎ വിരുദ്ധതയിലെ സെലക്ടീവ് അംനേഷ്യ എന്ന രാഷ്ട്രീയ പ്രതിഭാസം യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ചും മുസ്‌ലിം വിചാരണത്തടവുകാരുടെ വിഷയത്തില്‍ അത് അനുഭവിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. മുസ്‌ലിം രാഷ്ട്രീയത്തടവുകാരുടെ വിഷയങ്ങള്‍ പൊതുസമൂഹം വലിയരീതിയില്‍ ചര്‍ച്ച ചെയ്യുന്നില്ല എന്നതിന് വ്യത്യസ്തമായ തലങ്ങളാണുള്ളത്. രാജ്യത്ത് ഇന്ന് ദേശീയ മുസ്‌ലിം, ദേശവിരുദ്ധ മുസ്‌ലിം എന്ന നിലയിലേക്ക് മുസ്‌ലിംകളെ ഇതിനകം തന്നെ ഭരണകൂടവും ഹിന്ദുത്വ പൊതുബോധവും ചേര്‍ന്ന് വിഭജിച്ചിട്ടുണ്ട്. ഹിന്ദുത്വ പൊതുബോധം പേറുന്ന വരേണ്യ മുസ്‌ലിം സംഘടനകള്‍ ഇതിന് ആക്കം കൂട്ടിയിട്ടുണ്ട് എന്നതില്‍ തര്‍ക്കംവേണ്ട. അത്തരം വരേണ്യ മുസ്‌ലിം സംഘടനകളെ പിന്‍പറ്റുന്നവരാണ് ഇടത് ലിബറലുകളും. യുപിയില്‍ മലയാളികളായ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും മഅ്ദനി വിഷയത്തിലും ഇവര്‍ ഭീകരവാദികളെന്ന് ആക്രാശേിക്കുന്ന പൊതുഭാഷകള്‍ രണ്ടുപേരിലും ഒരേപോലെ കാണാം. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന് ഭക്ഷണം വിളമ്പിക്കൊടുത്തിട്ടുണ്ടെങ്കില്‍ അത് രാജ്യദ്രോഹ കുറ്റവും ഭീകരവാദ പ്രവര്‍ത്തനവുമാകുന്ന കാലത്ത് നിന്നാണ് ഇതിനെക്കുറിച്ച് പറയേണ്ടി വരുന്നതെന്ന് ഖേദകരമായ കാര്യമാണ്. പക്ഷേ അതിനെ സ്പര്‍ശിക്കാതെ പോകുന്നത് ശരിയല്ല താനും.

മാവോയിസ്റ്റുകള്‍ക്ക് പ്രിവിലേജ് ഉണ്ടെന്നും അവരുടെ മോചനാവശ്യം ലെഫ്റ്റ് ലിബറലുകള്‍ ഉയര്‍ത്തുമെന്നും അതിനാല്‍ അംബേദ്കറേറ്റ് മുസ്‌ലിം സംഘടനകള്‍ അവരുടെ യുഎപിഎ വിഷയം ചര്‍ച്ചയ്‌ക്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ചില ഗവേഷക ബുദ്ധിജീവികളുടെ തിട്ടൂരം. പക്ഷേ ഈ പ്രസ്താവനകള്‍ യുഎപിഎ വിരുദ്ധ ഐക്യപ്പെടലിന് കൃത്യമായി തടസം നില്‍ക്കുന്നതാണ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഭരണകൂടം തടവിലാക്കിയ അരയ്ക്കു താഴെ ചലന ശേഷിയില്ലാത്ത നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനായ ഡോ. ജിഎന്‍ സായിബാബയാകട്ടെ ബംഗളൂരു സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ഇടക്കാല ജാമ്യത്തില്‍ കഴിയുന്ന മഅ്ദനിയാകട്ടെ രണ്ടുപേര്‍ക്കെതിരേയും ചുമത്തിയിരിക്കുന്നത് യുഎപിഎ ആണ്. ജേണലിസം വിദ്യാര്‍ത്ഥിയായ താഹാ ഫസലിനും വിദ്യാര്‍ത്ഥി നേതാവായ റഊഫ് ശരീഫിനും ചുമത്തിയിരിക്കുന്നത് രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ ഭാഗമായ ഭീകരമുദ്ര തന്നെയാണ്.

നമ്മുടെ സമൂഹം ഇസ്‌ലാമോഫോബിക്ക് ആണെന്നതില്‍ തര്‍ക്കമില്ല. അതേസമയം മാവോയിസ്റ്റ് ഫോബിക്കുമാണ്. യുഎപിഎ തടവുകാര്‍ ഏത് ജാതിയില്‍ നിന്നും മതത്തില്‍ നിന്നും വര്‍ഗ്ഗത്തില്‍ നിന്നുമായാലും ഭരണകൂടം ആരോപിക്കുന്നത് ‘ഭീകരത’യാണ്. അത്രയേറെ ദുസ്സഹമായ സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോള്‍ നിരവധി ഗുരുതര രോഗങ്ങള്‍ പിടിപെട്ട് കൊവിഡ് ഭീതിയില്‍ തടവില്‍ കഴിയുന്ന സായിബാബയുടെ മോചനം അന്താരാഷ്ട്ര സമൂഹം തന്നെയിടപെട്ടിട്ടും ഭരണകൂടത്തില്‍ നിന്ന് എന്തെങ്കിലും പ്രിവിലേജ് ലഭിച്ചോ?, സമൂഹത്തില്‍ നിന്നുണ്ടായ സമീപനമാണെങ്കില്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന് സമൂഹം നല്‍കുന്ന ഇടമാണ്. ദേശീയതകളെയും ഉപദേശീയതകളേയും അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയമാണ് അത്. ബാബരി തകര്‍ത്ത അതേ സ്ഥാനത്ത് തന്നെ ബാബരി പുനര്‍നിര്‍മിക്കണമെന്നും ഉയരുന്ന സവര്‍ണ്ണ താഴിക കുടങ്ങള്‍ തകര്‍ക്കണമെന്നും ഹിന്ദുത്വ പൊതുബോധത്തിന് മുന്നില്‍ ഉറക്കെ വിളിച്ചുപറയുന്നതുകൊണ്ടാണ്. രൂപപ്പെട്ട കാലം മുതല്‍ എല്ലാ അടിച്ചമര്‍ത്തലിലും ഒരു മാറ്റവുമില്ലാതെ ഉറച്ച മര്‍ദ്ദിതപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് കശ്മീരിലെ സായുധ പ്രസ്ഥാനങ്ങള്‍ മാവോയിസ്റ്റുകളാണ് കശ്മീരികളുടെ സ്വതന്ത്ര കശ്മീര്‍ വാദത്തെ എല്ലാക്കാലവും അംഗീകരിച്ച എക ഇന്ത്യന്‍ രാഷ്ട്രീയ പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കുന്നതും. ബുര്‍ഹാന്‍ വാനിയെന്ന കശ്മീര്‍ സ്വാതന്ത്ര്യ പോരാളിയെ സൈന്യം വെടിവച്ച് കൊന്നപ്പോള്‍ ലക്ഷക്കണക്കിന് ജനതയാണ് അദ്ദേഹത്തിന്റെ മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തത്. ത്യാഗനിര്‍ഭരമായ പോരാട്ടമാണ് വാനിയെ ഇന്നും കശ്മീരി ജനതയുടെ ഉള്ളില്‍ സ്ഥാനമുള്ള പോരാളിയായി മാറ്റിയത്. ലക്ഷക്കണക്കിന് നേതാക്കളെയും പ്രവര്‍ത്തകരെയും നഷ്ടപ്പെട്ട, നിസ്വാര്‍ത്ഥമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നു എന്ന ഒറ്റക്കാരണമാണ് സമൂഹത്തില്‍ നിന്ന് മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്ന സഹാനുഭൂതിയുടേയും അടിസ്ഥാനം എന്ന് മനസിലാക്കാതെയാണ് ഗവേഷക ബുദ്ധിജീവികളുടെ അസ്ഥാനത്തുള്ള വെടിപൊട്ടിക്കല്‍.

ഇങ്ങനെ വിമര്‍ശിക്കുന്നവരാകട്ടെ സ്വന്തം നിലയ്‌ക്കെങ്കിലും ഈ വിഷയത്തില്‍ തെരുവിലിറങ്ങാത്ത വരാണെന്ന കാര്യം മറന്നുപോകരുത്. നേരത്തെ അതത് സംസ്ഥാനങ്ങളിലായിരുന്നു വിവിധ മാവോയിസ്റ്റ്-ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടിച്ചമര്‍ത്തലിന് വിധേയമായതെങ്കില്‍ ഇന്നത് തീര്‍ത്തും മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെ സ്വഭാവം മാറിയതിന് തെളിവാണ് മലയാളികളായ ഫിറോസിന്റേയും അന്‍ഷാദിന്റേയും റഊഫ് ശരീഫിന്റേയും അറസ്റ്റ്. അതുപോലെ ചേര്‍ത്തുവായിക്കേണ്ടതാണ് കോയമ്പത്തൂരെ ഉക്കടത്ത് ചെന്ന് കേരള ഭീകരവിരുദ്ധ സേന ഡോ. ദിനേശിനെ അറസ്റ്റ് ചെയ്ത സംഭവവും. ഇങ്ങനെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കാലങ്ങളായി നിരന്തരം പീഢിപ്പിക്കപ്പെടുന്നവരാണ് മലയാളി മുസ്ലീം രാഷ്ടീയത്തടവുകാരായ ശിബിലിയും ശാദുലിയും. പരപ്പനങ്ങാടിയിലെ സക്കരിയയുടെ അനുഭവവും വ്യത്യസ്തമല്ല. എന്നാല്‍ ഹൃദ്‌രോഗിയായ അറുപത് കഴിഞ്ഞ ഇബ്രാഹിം എന്ന മാവോയിസ്റ്റ് തടവുകാരന്‍ കഴിഞ്ഞ ആറുവര്‍ഷമായി തടവിലാണെന്നതും അദ്ദേഹം നീതിനിഷേധത്തിന് ഇരയാകുന്നുണ്ടെന്നും ഈ വിമര്‍ശകര്‍ ആരും തന്നെ ഉയര്‍ത്തിയതായി കണ്ടിട്ടില്ല. ഇത്തരം വിമര്‍ശകര്‍ ഇതൊന്നും കാണുന്നില്ല എന്നിടത്താണ് യുഎപിഎ വിരുദ്ധതയിലെ ഇവരുടെ കാപട്യം പുറത്തുചാടപ്പെടുന്നത്. ഇതേ വിഭാഗം ഉയര്‍ത്തിയ മറ്റൊരു വാദം താഹ മുസ്‌ലിം നാമധാരിയായതിനാലാണ് ജാമ്യം നിഷേധിച്ചതെന്നാണ്, എന്നാലോ അതേ കേസില്‍ അതിനു ശേഷം അറസ്റ്റ് ചെയ്യപ്പെട്ട ട്യൂഷന്‍ അധ്യാപകന്‍ വിജിത്ത് വിജയനെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്നതാണ് മറ്റൊരു വസ്തുത.

വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസൺ

ഈ വസ്തുതകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇതിനെയെല്ലാം വെള്ളത്തില്‍ വരച്ച വരപോലെ ചിത്രീകരിച്ച് പ്രിവിലേജ് വാദവും സെലക്ടീവ് അംനേഷ്യയും തകര്‍ത്താടുന്നത്. തെലങ്കാനയില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് പതിനേഴ് സംഘടനകളെ നിരോധിക്കും മുമ്പ് രണ്ട് കേസുകളിലായി 76 പേര്‍ക്കെതിരേ യുഎപിഎ ചുമത്തിയതും കഴിഞ്ഞ മാസങ്ങളിലാണ്. ദലിതരും ആദിവാസികളും ആ കേസുകളില്‍ പ്രതിയായിരുന്നു. എന്നിട്ടും മൗനം നടിക്കുകയായിരുന്നില്ലെ?. സമാനതകളില്ലാത്ത രാഷ്ട്രീയ അടിച്ചമര്‍ത്തലിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന യാഥാര്‍ത്ഥ്യം നമുക്കോരോരുത്തര്‍ക്കും വേണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ യുഎപിഎ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംസ്ഥാനമെന്ന നിലയ്ക്ക്, ശക്തവും ഐക്യപ്പെട്ടതുമായ രാജ്യവ്യാപക യുഎപിഎ വിരുദ്ധ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതും കേരളത്തില്‍ നിന്ന് തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ അത്തരമൊരു ഐക്യം ഉയര്‍ന്നിട്ടില്ല എന്നത് ആശങ്കാജനകമാണ്. മൂക്കുമുട്ടെ വെള്ളം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ അതിനെ കാണാതെ ആരാണ് ആദ്യം മുങ്ങുകയെന്ന് തര്‍ക്കിക്കാതെ കൈകോര്‍ത്ത് കരയടുക്കാനാണ് നമ്മള്‍ മനുഷ്യര്‍ ശ്രമിക്കേണ്ടത്. വരുംകാലത്തെങ്കിലും ഹിന്ദു ഫാസിസ്റ്റ് ഭരണകൂടത്തിനെതിരേ പോരാട്ടത്തിന്റെ ഐക്യനിര ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാം…