ലക്ഷദ്വീപിൽ വംശഹത്യക്കുള്ള കോർപറേറ്റ് ഹിന്ദുത്വ പദ്ധതി സമ്മതിക്കരുത്

“ജയിലിൽ ആളില്ലാത്ത നാട്ടിൽ, ഒരൊറ്റ സംഘടിത കുറ്റകൃത്യമോ ഗുണ്ടയോ ഇല്ലാത്ത നാട്ടിൽ മറുചോദ്യം ഉയർത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനെയും കൂച്ചുവിലങ്ങിടാൻ ഗുണ്ടാനിയമം നിർമിച്ചു നടപ്പാക്കുകയാണ്.”

എ എം നദ്‌വി (ജനറൽ സെക്രട്ടറി,മൈനോരിറ്റി റൈറ്റ്സ് വാച്ച്)

വികസനത്തിന്റെ കള്ളപ്പേരു പറഞ്ഞ് വൻകിട കോർപറേറ്റുകൾക്ക് ഭൂമി തട്ടിയെടുത്തു വിൽക്കാൻ ശ്രമിക്കുന്ന ഭരണകൂട നയങ്ങൾക്കെതിരെ നിലനിൽപ്പിനായി സന്ധിയില്ലാ സമരം ആരംഭിച്ചിരിക്കുകയാണ് ലക്ഷദ്വീപ് നിവാസികൾ.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ സ്വേച്ഛാധിപത്യ നയങ്ങൾക്കെതിരെ, മോഡിയുടെ കോർപറേറ്റ് ഫാസിസ്റ്റ് ഹിന്ദുത്വ അജണ്ടയുമായി ദ്വീപിലിറങ്ങിയ പ്രഫുൽ കെ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ദ്വീപ് സമൂഹം സാമൂഹ്യ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നുള്ള പോരാട്ടം തുടങ്ങിയത്.

പത്രമാധ്യമങ്ങൾ ഒന്നുമില്ലാത്ത ദ്വീപുകാരുടെ ശബ്ദവും വിവരങ്ങളും തുടർച്ചയായി പുറംലോകത്തെത്തിച്ചു കൊണ്ടിരിക്കുന്ന പ്രതിബദ്ധരായ മാധ്യമപ്രവർത്തകർ, ദീപുകാർക്ക് വേണ്ടി ധീരമായ നിലപാട് എടുക്കാൻ സന്നദ്ധത കാണിച്ച സിനിമാതാരങ്ങൾ, സംവിധായകർ, ദ്വീപിലെ നേരനുഭവങ്ങൾ പങ്കുവെച്ചും കള്ളക്കഥകളെ തുറന്നുകാട്ടിയും അവരെ ചേർത്തു പിടിക്കുന്ന മലയാളക്കരയിലെ എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ, അവിടെ തൊഴിലെടുത്ത അധ്യാപകർ, ദ്വീപിനു വേണ്ടി പാട്ടും കവിതയും നാടകവും വീഡിയോകളും ട്രോളും നിർമ്മിച്ചുകൊണ്ടേയിരിക്കുന്ന കലാകൃത്തുക്കൾ, ദീപുകാർക്ക് വേണ്ടി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പതിനായിരക്കണക്കിനു മനുഷ്യർ… തുടങ്ങി ഫാസിസ്റ്റ് അജണ്ടയോടുള്ള ചെറുത്ത് നില്പ് നാൾക്ക് നാൾ ശക്തിപ്രാപിക്കുകയാണ്.

അപകടകരമായ വൻ പ്രതിസന്ധിയിലാണ് ദ്വീപുകാർ അകപ്പെട്ടിരിക്കുന്നത്. ഇത്രയും കാലം സമാധാനത്തോടെ ജീവിച്ചു വന്ന തദ്ദേശീയ ജനങ്ങളുടെ ഭൂമി തട്ടിപ്പറിക്കുന്നതിന്റെ ഔദ്യോഗിക പേരാണ് വികസനം. ജയിലിൽ ആളില്ലാത്ത നാട്ടിൽ, ഒരൊറ്റ സംഘടിത കുറ്റകൃത്യമോ ഗുണ്ടയോ ഇല്ലാത്ത നാട്ടിൽ മറുചോദ്യം ഉയർത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനെയും കൂച്ചുവിലങ്ങിടാൻ ഗുണ്ടാനിയമം നിർമിച്ചു നടപ്പാക്കുകയാണ്.

സർക്കാർ ജോലിക്കാരായ ദ്വീപ് നിവാസികളുടെ കൂട്ട പിരിച്ചുവിടലുകൾ, പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനം അസാധ്യമാക്കുന്ന തരത്തിലുള്ള ജനദ്രോഹ പ്രവർത്തനങ്ങൾ, ജനങ്ങളുടെ സാംസ്കാരിക തനിമയിലും ഭക്ഷണശീലത്തിലുമുള്ള വംശീയ കൈകടത്തലുകൾ, കേരളവുമായുള്ള ബന്ധത്തെ തകർക്കാനുള്ള നിഗൂഢ തീരുമാനങ്ങൾ എന്നുതുടങ്ങി ദ്വീപുകാരുടെ വംശീയ ഉന്മൂലനം മാത്രം ലക്ഷ്യം വെക്കുന്നതും കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കാൻ വേണ്ടിയുള്ളതുമായ ക്രൂരമായ തന്നിഷ്ടങ്ങളാണ് കേന്ദ്ര ഭരണകൂടം അഡ്മിനിസ്ട്രേറ്ററിലൂടെ നടപ്പിൽ വരുത്തിത്തുടങ്ങിയത്. ഇതിനെതിരെ ദ്വീപ് സമൂഹമാരംഭിച്ച ചെറുത്തുനിൽപ്പും പോരാട്ടവും വിജയം കാണുംവരെ സമര ഊർജ്ജവും ആശയങ്ങളും വിഭവങ്ങളും ലഭ്യമാക്കേണ്ട ബാധ്യത കേരളത്തിലെ ജനകീയ രാഷ്ട്രീയ പ്രവർത്തകർക്കുണ്ട്.

ദ്വീപിലെ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ നിയമപോരാട്ടമുൾപ്പെടെ അവർക്ക് സാധ്യമാകുന്ന പ്രതിഷേധങ്ങളുമായി മുന്നോട്ട് തന്നെയാണ്. അതേസമയം ഭരണകൂടത്തിന്റെ പിണിയാളുകളും രാഷ്ട്രീയ ഒറ്റുകാരും ജനവഞ്ചകരും ഭരണകൂട പിൻബലത്തോടെ അവരുടെ പണികളും എടുക്കുന്നുമുണ്ട്. ഒന്നുരണ്ടാഴ്ച കൊണ്ട് പ്രതിഷേധം കെട്ടടങ്ങുമെന്നും ഉദ്ദേശിച്ചതെല്ലാം സ്വേച്ഛാധിപത്യപരമായി നടപ്പിലാക്കി കളയാമെന്നും വിചാരിച്ച അഡ്മിനിസ്ട്രേഷന് മുന്നിൽ അത് വ്യാമോഹമാണെന്ന് തെളിയിച്ച് ദ്വീപ് ജനതയുടെ സമരാവേശം ശക്തിപ്പെട്ട് വരികയാണ്. “ഞങ്ങളുടെ പൂർവികർ കടൽകൊള്ളക്കാരെ പലവുരു നേരിട്ടവരാണ്. അധിനിവേശക്കാരും ,ക്രൂരന്മാരുമാരായ പറങ്കികളോട് ചെറുത്തുനിന്നവരാണ്. കപ്പലോട്ടത്തിന്റെയും മത്സ്യബന്ധനത്തിന്റെയും തെങ്ങുകൃഷിയുടെയും സൂഫി ആധ്യാത്മികതയുടെയും സമ്പന്നമായ പാരമ്പര്യമുള്ള ജനതയാണ് ദ്വീപുകാർ. ഞങ്ങൾ തോൽക്കാൻ ഉദ്ദേശിച്ചിട്ടില്ല. ” എന്നാണവർ നൽകുന്ന വ്യക്തമായ സന്ദേശം.

കേരളക്കരയുമായി ദ്വീപിനുള്ളത് പൊക്കിൾകൊടി ബന്ധമാണ്. അതു മുറിച്ചുമാറ്റാൻ ഏതെങ്കിലും വരത്തന്മാരോ അവരുടെ ഉദ്യോഗസ്ഥശിങ്കിടികളോ ആശിച്ചിട്ടു കാര്യമില്ല, എന്നവർ ഉറപ്പിച്ചു പറയുന്നു. നൂറ്റാണ്ടുകളുടെ വാണിജ്യ ബന്ധങ്ങളിലൂടെ, രാജാക്കന്മാർ തൊട്ടു സാധാരണക്കാർ വരെയുള്ളവരുടെ വിവാഹ ബന്ധങ്ങളിലൂടെ, വിവിധ സൂഫീധാരകളിലെ ഗുരു-ശിഷ്യ പാരസ്പര്യങ്ങളിലൂടെ, ജൈവികമായി കണ്ണിചേർക്കപ്പെട്ടതാണത്.

കാലവർഷക്കാറ്റുകളോട് കലഹിച്ചും കാറ്റുകളുടെ ഗതി പിന്തുടർന്നും അവർ പണ്ട് മുതൽ പായക്കപ്പലുകളിൽ അറിവും അന്നവും തേടിവന്നത് മലയാളക്കരയിലേക്കായിരുന്നു. ഇന്നും ദ്വീപിലെ കുട്ടികൾ അറിവിന്റെ ഔന്നത്യങ്ങൾ തേടിയെത്തുന്നത് കേരളത്തിലെ പട്ടണങ്ങളിലും നഗരങ്ങളിലുമാണ്. അവരുടെ മാതാപിതാക്കൾക്കോ വയോധികർക്കോ ഒരു മാറാരോഗം വന്നാൽ, കടുത്ത അസുഖങ്ങൾ വന്നാൽ അവരെയും ചുമന്നോടിവരുന്നത് സമീപസ്ഥമായ കേരളത്തിലെ ആതുരാലയങ്ങളിലേക്കാണ്.

അറബിക്കടലിൽ പലയിടങ്ങളിലായി അനേകം മൈലുകൾക്കകലെ ചിതറിക്കിടക്കുന്ന തുരുത്തുകളാതുകൊണ്ട് ദ്വീപുകാർക്ക് പെട്ടെന്ന് സംഘടിക്കാനും തീരുമാനങ്ങളെടുക്കാനും വെല്ലുവിളികളുണ്ട്. സ്വേഛാധിപത്യ ക്രൂരതയുടെ പാരമ്പര്യമുള്ള ഹിന്ദുത്വ ഭരണകർത്താക്കൾക്ക് അതറിയാം.ആശയവിനിമയത്തിനും ഗതാഗതത്തിനും ചരക്കുനീക്കത്തിനും ആഹാരത്തിനും വരെ ഭരണ സംവിധാനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാണ് ദ്വീപിലെ ജനത.

ഇപ്പോഴത്തെ അഡ്മിനിസ്ട്രേഷൻ കേന്ദ്രത്തിലെ BJP നോമിനികളായ കോർപ്പറേറ്റുകളുടെ ടൂറിസം അജണ്ട നടപ്പിൽ വരുത്താനുള്ള ദുഷ്ടലാക്കോടെയാണ് പ്രവർത്തിക്കുന്നത് എന്നത് പകൽ പോലെ വ്യക്തമാണ്. സമാന്തരമായി ദ്വീപ് ജനത കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന സാംസ്കാരികത്തനിമയും സ്വയം നിർണയാവകാശങ്ങളും നശിപ്പിച്ച് നിയന്ത്രണം പൂർണമായി കൈക്കലാക്കുകയും എതിർക്കുന്നവരെ അടിച്ചമർത്തുകയും ചെയ്യുകയാണ് പദ്ധതി. ഇത് നടപ്പാക്കിത്തുടങ്ങിയ മോഡിയുടെ വലംകൈയായ പ്രഫുൽ കെ പട്ടേലിനെ മാറ്റുകയും ജനവിരുദ്ധ പദ്ധതികൾ പിൻവലിക്കുകയും ചെയ്യും വരെ ജനകീയസമരം തുടരേണ്ടതുണ്ട്. ജനദ്രോഹ നിയമങ്ങളെ രാഷ്ട്രീയപരമായും നിയമപരമായും എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്. തദ്ദേശീയ ദ്വീപ് ജനതക്ക് ലക്ഷദ്വീപ് ഭരിക്കാനും നയപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാനും ഉതകുന്ന തരത്തിലുള്ള ഭരണ പരിഷ്കരണങ്ങൾ – നിയമസഭ ഉൾപ്പെടെ – ഭാവിയിൽ ഉണ്ടാകുന്ന വിധത്തിൽ സമൂലമായ ജനപക്ഷ മാറ്റങ്ങൾ ഉണ്ടാകണം.

സേവ് ലക്ഷദ്വീപിനായി നിയമപരവും രാഷ്ട്രീയപരവും മാധ്യമപരവുമായ സഹായങ്ങൾക്കും നയരൂപീകരണങ്ങൾക്കുമായി കേരളത്തിലും ദേശീയതലത്തിലും ഐക്യദാർഢ്യ കൂട്ടായ്മകൾ രൂപപ്പെടുത്തി ദ്വീപുകാരുടെ അതിജീവന പോരാട്ടത്തെ പിന്തുണക്കാൻ മുൻകയ്യെടുക്കുകയാണ് നീതിയിലും മനുഷ്യാവകാശങ്ങളിലും വിശ്വാസമുള്ള പൗരസമൂഹത്തിന്റെ കടമ. ഇത് ഇന്ത്യയെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരായ, കോർപ്പറേറ്റ് കൊള്ളക്കെതിരായ, ജനാധിപത്യ ചെറുത്തുനിൽപ്പ് കൂടിയാണ്. ജനകീയ ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും ജനക്ഷേമ വികസനത്തിലും വിശ്വസിക്കുന്ന പൗര സമൂഹം ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി ദ്വീപുകാർക്കൊപ്പം നിൽക്കേണ്ട സമയമാണിത്. ഭരണകൂടത്തിന് ആശയ വിനിമയം തടയാൻ അനുകൂല സാധ്യതകളുള്ള,മാധ്യമങ്ങൾ പരിമിതമായ, ദ്വീപിലെ പ്രതിഷേധങ്ങൾക്കെതിരെ കള്ളക്കഥകൾ പ്രചരിപ്പിക്കപ്പെടുമ്പോൾ അതിന്റെ സത്യാവസ്ഥയെന്തെന്ന് അന്വേഷിച്ചറിയുകയും പ്രചാരം നല്കുകയും ചെയ്യേണ്ടത് ഈ സമരത്തിന് ലഭ്യമാവേണ്ട അനിവാര്യ പിന്തുണയാണ്.

സമരക്കാർക്കെതിരെ അറസ്റ്റും മറ്റു പ്രതികാര നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഭയപ്പെടുത്തി പിന്തിരിപ്പാക്കാനുള്ള നീക്കങ്ങളെയും ഭരണകൂട അതിക്രമങ്ങളെയും പുറം ലോകത്തെത്തിച്ചും പ്രതിഷേധങ്ങൾ ശക്തമാക്കിയും ചെറുക്കുന്നതിലൂടെ ലക്ഷദ്വീപ് സമൂഹത്തിന് ആത്മവിശ്വാസവും പിൻബലവും നല്കേണ്ട ബാധ്യത കേരള സമൂഹത്തിനുണ്ട്. പൗരത്വ നിഷേധ നിയമത്തിനെതിരെയും കർഷക മാരണ ബില്ലുകൾക്കെതിരെയും രാജ്യമെമ്പാടും ഉയർന്നുവന്ന ചെറുത്ത് നില്പുകളെ അടിച്ചമർത്തിയും അവഗണിച്ചും പരാജയപ്പെടുത്താനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ ഭീകര നയത്തെ മുട്ടുകുത്തിക്കാൻ കോർപറേറ്റ് ഫാസിസത്തിനെതിരായ പുതിയ പുതിയ സമര മുഖങ്ങൾ തുറക്കേണ്ടതാവശ്യമാണ്. അതിന്റെ തുടക്കമായി മാറട്ടെ ലക്ഷദ്വീപ് ജനതയുടെ അതിജീവന സമരം എന്ന് നമുക്കാശിക്കാം.