ഇന്ത്യയിലെ വാക്സിൻ ക്ഷാമത്തിന് കാരണം ബഹുരാഷ്ട്രകമ്പനികൾ

ആഗോള വാക്സിൻ നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും അവകാശം ബഹുരാഷ്ട്ര കമ്പനികൾ കുത്തകയായി വച്ചിരിക്കുകയാണ്. മഹാമാരിക്കാലത്തും ലാഭം കൊയ്യാനുള്ള ഈ ബഹുരാഷ്ട്രകമ്പനികളുടെ ശ്രമമാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വാക്സിൻ ക്ഷാമത്തിന് കാരണമാവുന്നത്.

മൊഴിമാറ്റം : വിനയ്

ജനങ്ങളിൽ ഏറിയ പങ്കിനെയും വാക്സിനേഷൻ പ്രക്രിയയിൽ ഉൾപ്പെടുത്തുകയും അതുവഴി ആർജിത പ്രതിരോധശേഷി കൈവരിക്കുകയും ചെയ്യുക എന്നതാണ് നിലവിൽ കോവിഡ് മഹാമാരിയെ തടഞ്ഞുനിത്താനുള്ള ഏറ്റവും നല്ല വഴി. അല്ലാത്ത പക്ഷം ഓരോ തരംഗം അവസാനിക്കുമ്പോഴും വൈറസ്സിന് പുതിയ വകഭേദങ്ങൾ ഉണ്ടാവുകയും, കൂടുതൽ തരംഗങ്ങൾ ഉണ്ടാവുകയും അത് ഒരുപാടാളുകളുടെ ജീവനെടുക്കുന്ന സഹചര്യത്തിലേക്ക് പോവുകയും ചെയ്യും.

പക്ഷേ നിർഭാഗ്യവശാൽ രാജ്യത്തെ പ്രധാന വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെയും സിറം ഇൻസ്റ്റിറ്റ്യൂട്ട്ന്റെയും മൊത്തം ഉല്പ്പാദനം 3 ലക്ഷം ഡോസ് എന്ന ദൈനംദിന ആവശ്യത്തിന്റെ അടുത്തെവിടെയും എത്തുന്നില്ല. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ ഈ വർഷം അവസാനിക്കുമ്പോഴും ജനസംഖ്യയുടെ ഏതാണ്ട് 30% മാത്രമേ പൂർണ്ണമായി വാക്സിൻ ലഭിച്ചവരിൽ പെടുകയുള്ളൂ എന്നതാണ് വസ്തുത. ഇന്ത്യയിൽ രണ്ടാം തരംഗം ഉണ്ടാവാനുള്ള സാധ്യതയെ പറ്റി ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടും രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ അത് പാടെ അവഗണിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. വാക്സിൻ ഉല്പ്പാദനം കൂട്ടാൻ യാതൊരു പദ്ധതിയും തയ്യാറാക്കിയില്ല എന്നു മാത്രമല്ല, വിദേശ വാക്സിൻ നിർമ്മാതാക്കളുമായി യാതൊരു ചർച്ചയും നടത്തിയതുമില്ല. പല കോണുകളിൽ നിന്നുള്ള സമ്മർദം ഏറിയപ്പോഴാണ് മാർച്ച് മാസം അവസാനം സർക്കാർ വിപണിയിൽ ഇടപെടാൻ തയ്യാറായതും അമേരിക്ക അടക്കമുള്ള രാജ്യങ്ങളോട് അസംസ്കൃത വസ്തുക്കൾ ആവശ്യപ്പെട്ടതും. 1878 ദശലക്ഷം ഡോസ് വാക്സിൻ 939 ദശലക്ഷം മുതിർന്നവർക്ക് 2021 അവസാനത്തോടെയെങ്കിലും നല്കിയാൽ മാത്രമേ ഇന്ത്യയിൽ സമ്പൂർണ്ണ വാക്സിനേഷൻ സാധ്യമാവൂ.

ആഭ്യന്തര വാക്സിൻ നിർമ്മാതാക്കൾ ഉല്പാദനം വൻതോതിൽ കൂട്ടുന്നതിനൊപ്പം മോഡേണ, ഫൈസർ,സ്പുട്നിക് മുതലായ വിദേശ വാക്സിന്റെ ലഭ്യതയും ഉറപ്പുവരുത്താൻ സർക്കാരിനാവണം. പക്ഷേ ആഗോള വാക്സിൻ നിർമ്മാണത്തിന്റെയും വിതരണത്തിന്റെയും അവകാശം ബഹുരാഷ്ട്ര കമ്പനികൾ കുത്തകയായി വച്ചിരിക്കുകയാണ്. മഹാമാരിക്കാലത്തും ലാഭം കൊയ്യാനുള്ള ഈ ബഹുരാഷ്ട്രകമ്പനികളുടെ ശ്രമമാണ് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വാക്സിൻ ക്ഷാമത്തിന് കാരണമാവുന്നത്. ലോക ജനസംഖ്യയുടെ 16% മാത്രം വരുന്ന സമ്പന്ന യൂറോപ്പ്യൻ രാജ്യങ്ങൾ കഴിഞ്ഞ ജനുവരി പകുതിയോടെ തന്നെ ലഭ്യമായ വാക്സിൻ ശേഖരത്തിന്റെ 60% ത്തോളം കയ്യിലാക്കി. തങ്ങളുടെ മൊത്തം ജനസംഖ്യയുടെ അഞ്ചിരട്ടി ഡോസുകൾ അമേരിക്കയും ശേഖരിച്ചു വച്ചിട്ടുണ്ട് എന്നാണ് കണക്ക്. അതിൽ 60 ദശലക്ഷം ഡോസുകൾ ഇന്ത്യയിലേക്ക് അയക്കണം എന്ന സമ്മർദം ശക്തമാണ്. 1985 ലെ ഡബ്ല്യൂ ടി ഓ (വേൾഡ് ട്രെയ്ഡ് ഓർഗനൈസേഷൻ)ട്രിപ്പ്സ് ഉടമ്പടിയനുസരിച്ചാണ് മരുന്നു നിർമ്മാണ കമ്പനികൾ പ്രവർത്തിക്കുന്നത്.ഫൈസർ ഈ വർഷം മൊത്തം ഉല്പാദിപ്പിക്കാൻ പോവുന്ന 250 കോടി ഡോസ് വാക്സിനിൽ 2 % മാത്രമാണ് വികസ്വര രാജ്യങ്ങളിലേക്ക് കൊടുക്കുവാൻ അവർ ബാധ്യസ്ഥരായിട്ടുള്ളത്.ഫൈസറും മോഡേണയും 34 ദശലക്ഷം ഡോസ്, വിപണി വിലയിൽ വിൽക്കാൻ തയ്യാറാണെങ്കിലും വാക്സിൻ നിർമ്മാണത്തിന്റെ രഹസ്യങ്ങൾ പുറത്തുവിടാൻ തയ്യാറല്ല. ഉഗാണ്ട ഒരു ഡോസിന് 17 ഡോളർ എന്ന നിരക്കിൽ ഒരു ദശലക്ഷം വാക്സിൻ അടുത്തിടെ വാങ്ങുകയുണ്ടായി.അമേരിക്ക നൽകുന്നതിന്റെ ഇരട്ടിവിലയാണ് ഫൈസർ ഇവിടെ ഈടാക്കിയിരിക്കുന്നത്. ഫൈസർ അടക്കമുള്ള കമ്പനികൾ വാക്സിൻ കച്ചവടം വഴി കോടികണക്കിന് ഡോളർ ലാഭമുണ്ടാക്കുമ്പോഴും വാക്സിൻ നിർമാണത്തിന്റെ രഹസ്യങ്ങൾ പൊതു വേദിയിൽ നല്കാൻ തയ്യാറല്ല. ഈ വർഷത്തിന്റെ ആദ്യപാദത്തിൽ മാത്രം 350 കോടി ഡോളറാണ് ഫൈസറിന്റെ ലാഭം. ബൈയോൻറ്റെക് എന്ന ജർമൻ കമ്പനിയുമായി ചേർന്ന് 2600 കോടി ഡോളർ ലാഭമുണ്ടാക്കാനാണ് ഈ വർഷത്തെ അവരുടെ പ്രഖ്യാപിത ലക്ഷ്യം.

പൊതുമേഖലാ സ്ഥാപനങ്ങൾ ഗവേഷണം നടത്തി നിർമ്മിച്ചെടുത്ത വാക്സിൻ വിറ്റ് ബഹുരാഷ്ട്ര കമ്പനികൾ കൊള്ളലാഭം നേടുന്നു. ഫൈസർ വാക്സിൻ നിർമിച്ച യൂ എസ്സ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തും കോവാക്സിൻ നിർമ്മിച്ച ഒക്സ്ഫോർഡ് യൂണിവേർസിറ്റിയും ഐസിഎംആറും പൊതുമേഖലയിലെ സ്ഥാപനങ്ങളാണ്. എന്നാൽ വമ്പിച്ച ഉല്പാദനത്തിനായി വാക്സിൻ ഫോർമുലകൾ കൈമാറ്റം ചെയ്യപ്പെട്ടതോടെ കമ്പനികൾ സ്വന്തം നിലയിൽ വിലയിടുന്ന സ്ഥിതിയുണ്ടായി. ഭാരത് ബയോടെക് എന്ന സ്ഥാപനം എത്രയും പെട്ടന്ന് വാക്സിൻ ഫോർമുലകൾ ഇന്ത്യയിലെ പൊതുമേഖലയിലെ മരുന്നു നിർമ്മാണ കമ്പനികളായ ഹിമാചൽ പ്രദേശിലെ സെൻട്രൽ റിസേർച് ഇൻസ്റ്റിറ്റ്യൂട്ട്(CRI),ബിസിജി വാക്‌സിൻ ലബോറോട്ടോറി (BCGVL), തമിഴ്നാട്ടിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് (PII), ഉത്തർ പ്രദേശിലെ ഭാരത് ഇമ്മ്യൂണോളജിക്കൽ ആൻഡ് ബിയോളോജിക്കൽ കോർപറേഷൻ ലിമിറ്റഡ്, മഹാരാഷ്ട്രയിലെ ഹാഫ്ക്കയിൻ ബയോ -ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ ലിമിറ്റഡ് നൽകാൻ തയ്യാറാവണം. അതിനായി കേന്ദ്ര സർക്കാർ സമ്മർദ്ദം ചെലുത്തണം. ദി സ്റ്റേറ്റ് ഓഫ് ദി ആര്ട്ട് ഇന്റർഗ്രേറ്റഡ് വാക്‌സിൻ കോംപ്ലക്സ് ബേസ്ഡ് ഇൻ ചെങ്കൽപെട്ട് എന്ന തമിഴ്നാട്ടിലെ സ്ഥാപനവും 2016 ഇൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം വെറുതെ കിടപ്പാണ്.

വികസ്വര രാജ്യങ്ങളായ ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും വാക്സിൻ ഗവേഷണത്തിനും വലിയ തോതിലുള്ള നിർമ്മാണത്തിനുമുള്ള എല്ലാ നൂതന സൗകര്യങ്ങളും ലഭ്യമാണ്. വാക്സിന്റെ കാര്യത്തിൽ പേറ്റന്റ് ചട്ടങ്ങൾക്ക് മാറ്റം വരുത്താൻ 2020 ഒക്ടോബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്തമായി ഡബ്ല്യൂ ടി ഓ യോട് ആവശ്യപ്പെട്ടിരുന്നു. ജനകീയ സംഘടനകളായ പീപ്പിൾ വാക്സിൻ അലൈൻസ്,ആൾ ഇന്ത്യ പ്രോഗ്രസീവ് ഫോറം,ഇന്ത്യൻ ഡോക്ടർസ് ഫോർ പീസ് ആൻഡ് ഡെവലപ്മെന്റ്,ആൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‌വർക്ക് മുതലായവർ ഇന്ത്യയിലേയ്ക്കുള്ള വാക്സിൻ നിർമ്മാണ അസംസ്കൃതവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താൻ അമേരിക്കൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇനി നടക്കാനിരിക്കുന്ന ഡബ്ല്യൂ ടി ഓ സമ്മേളനത്തിൽ പേറ്റന്റ് നിയമങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കാമെന്ന് ബൈഡനും പുടിനും യൂറോപ്പ്യൻ യൂണിയനും ഉറപ്പ് തന്നത് ശ്ലാഘനീയമാണ്.

അതേ സമയം ഇന്ത്യയ്ക് സ്വന്തം നിലയിൽ ചെയ്യാവുന്ന കാര്യം ഇന്ത്യൻ പേറ്റന്റ് ആക്ട്, സെക്ഷൻ 81 പ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് വാക്സിൻ നിർമ്മാണം ഏറ്റെടുക്കാം എന്നതാണ്.1985 ഇൽ ലോക വ്യാപാര സംഘടനയിൽ ചേരുമ്പോൾ ഇന്ത്യയുടെ ആവശ്യപ്രകാരം ഈ വകുപ്പ് ഡബ്ല്യൂ ടി ഓ ഐപിആർ റെഗുലേഷൻ (ബൌദ്ധിക സ്വത്ത് നയം) ലും ഉൾപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ട് തെന്നെ 1970 ലെ പേറ്റന്റ് ആക്ട് സെക്ഷൻ 84(1) പ്രകാരവും രാജ്യത്തെ ഏതൊരു മരുന്നും ഏതൊരു കമ്പനിക്കും നിർമിക്കാനുള്ള അവകാശം നൽകാവുന്നതാണ് (ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യത്തിൽ). അതു വഴി വാക്സിൻ ലഭ്യതക്കുറവ് ഒരു പരിധി വരെ കുറക്കാവുന്നതുമാണ്.

ജാതി-മത-വർണ്ണ-വർഗ്ഗ ഭേദമന്യേ എല്ലാവർക്കും സൗജന്യമായി എളുപ്പം ലഭിക്കാവുന്ന രീതിയിൽ വാക്സിൻ ലഭ്യമാക്കിയാൽ മാത്രമേ സമ്പൂർണ്ണ വാക്സിനേഷൻ എന്ന ലക്ഷ്യവും അതു വഴി കോവിഡ് മഹാമാരിയെ തുടച്ചുനീക്കാനും കഴിയൂ. കോവിഡിനെതിരെ നമ്മുടെ കയ്യിൽ നിലവിലുള്ള ഒരേയൊരു ആയുധമായ സമ്പൂർണ്ണ വാക്സിനേഷനെ കുറിച്ച് ഗവൺമെന്റ് അടിയന്തരമായി ഗവേഷകരുമായും മരുന്നുകമ്പനികളുമായും രാഷ്ട്രീയ പാർട്ടികളുമായും ചർച്ച നടത്തി വാക്സിൻ ഉല്പാദനത്തെയും വിതരണത്തെയും സംബധിക്കുന്ന വ്യക്തവും ശക്തവുമായ ഒരു പദ്ധതിക്ക് രൂപം കൊടുക്കേണ്ടതാണ്.

(മെയിൻ സ്ട്രീം വീക്കിലിയിൽ ഡോ.സോമസുന്ദരം എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

<strong><span class="has-inline-color has-vivid-red-color">ഡോ.സോമസുന്ദരം</span></strong>
ഡോ.സോമസുന്ദരം

ഡോ.സോമസുന്ദരം ഡൽഹിയിലെ നാഷണൽ ബ്യുറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസിലെ ശാസ്ത്രജ്ഞനാണ്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal