അടിച്ചമർത്തലിനായുള്ള ഇമ്മ്യൂണിറ്റി പാസ്സ്പോർട്ടിനെ തിരിച്ചറിയുക

ഇപ്പോഴത്തെ സാഹചര്യത്തിൽ വിശദമായ വിവരങ്ങളുടെയും അറിവിന്റെയും സാങ്കേതികതയുടെയും പോരായ്മകൾ മാത്രമല്ല ഇമ്മ്യൂണിറ്റി പാസ്സ്പോർട്ടിനെ അപ്രയോഗികമാക്കുന്നത്. അവ പരിഹരിക്കപ്പെട്ടാലും അത് ഉയർത്തുന്ന അസമത്വങ്ങളും നിയമപരമായ അവകാശ നിഷേധങ്ങളും കൂടിയാണ് ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് സംവിധാനം ജനവിരുദ്ധമാക്കുന്നത്.


ശ്രീകാന്ത് (പ്രസിഡന്റ്, പുരോഗമന യുവജന പ്രസ്ഥാനം)

കോവിഡ് വ്യാപനത്തിന്റെ കണക്കുകളിൽ ഇന്ന് രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ഒന്നാം തരംഗത്തിൽ കേരള ജനത എല്ലാ പ്രതിരോധ പ്രവർത്തനങ്ങളോടും ഐക്യപ്പെടുകയും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു ഫലപ്രദമായി കേരള ജനതയ്ക്ക് ഒന്നാം തരംഗത്തെ കുറച്ചു കാലമെങ്കിലും പിടിച്ചു നിർത്താനും സാധിച്ചിരുന്നു. അന്ന് ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചറെ പലരും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാൽ ആ വാഴ്ത്തലുകൾക്ക് അടിസ്ഥാനമില്ലെന്ന് പിന്നീട്ടുള്ള നമ്മുടെ അനുഭവം തെളിയിച്ചു കഴിഞ്ഞു. കേരള ജനതയുടെ ആരോഗ്യ വിദ്യാഭ്യാസ അവബോധങ്ങൾക്ക് ചരിത്രപരമായ പശ്ചാത്തലമുണ്ട് . അത് കമ്യുണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെ മാത്രം വികസിച്ച ഒന്നല്ല. ആ അവബോധത്തിന്റെ അടിത്തറ രാജഭരണ കാലത്തിനും അപ്പുറം മുതൽ ആരംഭിക്കുന്നതാണ്. കേരള ജനതയുടെ ആരോഗ്യ സാക്ഷരതയെ ഏതെങ്കിലും ഒരു ടീച്ചറുടെ കൈകളിലോ മറ്റു വ്യക്തികളിലോ വച്ചു കെട്ടിയവർ ബോധപൂർവം മറന്നത് ബ്രിട്ടീഷുകാർ നടത്തിയ ആദ്യ സെൻസസ്സിൽ പോലും വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളം ഒന്നാം സ്ഥാനത്തായിരുന്നു എന്നതാണ്. ഇത് ബിആർപി ഭാസ്കറിനെ പോലുള്ളവർ മുമ്പ് ചൂണ്ടിക്കാണിക്കുകയുണ്ടായി.

എന്നാൽ ഇപ്പോൾ രണ്ടാം തരംഗം പകുതിയോടടുക്കുമ്പോൾ, മൂന്നാം തരംഗ ഭീഷണി ഒഴിയാതെ നിൽക്കുമ്പോൾ തന്നെ കോവിഡ് കണക്കുകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ആയി കേരളം മാറിയതെങ്ങനെ എന്നും നാം പരിശോധിക്കേണ്ടതുണ്ട്. ഒന്നാം തരംഗ കാലഘട്ടത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ജനങ്ങൾ സ്വയം ഏറ്റെടുത്തു എങ്കിലും കമ്യുണിസ്റ്റുകാർ എന്ന് പറയുന്ന പിണറായി സർക്കാർ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനു പകരം വ്യവസ്ഥാപിതമായ ആധുനിക സുരക്ഷാ ഭരണകൂട നയം അനുസരിച്ച് സർക്കാർ സൈന്യത്തെ ഉപയോഗിച്ച് ജനങ്ങളുടെ മേലിൽ കയറി ഇരുന്ന് തോക്കിൻ കുഴൽ വെച്ച് കോവിഡ് വൈറസിനെ പിടിച്ചു നിർത്താനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത് ഇപ്പോഴും തുടരുകയാണ്. പ്രദേശികമായി പാർട്ടി-സർക്കാർ സംവിധാനങ്ങൾ ഏകീകരിച്ചുകൊണ്ട് ജനങ്ങൾക്കൊപ്പം നിന്ന് അവരെ വിശ്വാസത്തിലെടുത്ത് ഐക്യപ്പെടുത്തി ബോധവൽക്കരണ പ്രതിരോധ പ്രവർത്തനങ്ങളെ വികേന്ദ്രീകരിക്കുകയും മുന്നേറുകയും ചെയ്യുക എന്നതിന് പകരം ജനങ്ങളെ പാർട്ടി-സർക്കാർ സംവിധാനങ്ങൾ വെച്ച് ഭീഷണിപ്പെടുത്തി വികലമായ വികേന്ദ്രീകൃത പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആഴ്ചയിൽ രണ്ടു ദിവസം കടകൾ തുറക്കുന്നതും ബ്ളാങ്ക് സാമ്പിളിൽ കാസർഗോഡ് കൊറോണ പോസിറ്റീവായതും പോലുള്ള നിരവധി രസകരമായ സംഭവങ്ങളും നമുക്ക് കാണാൻ കഴിയും. ഇതിനെല്ലാം മേലെ ഒരു വഴിപാട് പോലെ ആറുമണിക്കുള്ള വെല്ലുവിളി വാർത്താ സമ്മേളനവും. ഇതാണ് നമ്മൾ തുടരുന്ന പ്രതിരോധ പരിപാടികൾ. അത് തന്നെയാണ് പുതിയ മാനദണ്ഡങ്ങളിലും കാണാനാവുക.

കേരളത്തിൽ ആകെ കോവിഡ് പ്രതിരോധമെന്ന പേരിൽ പോലീസ് മർദ്ദനങ്ങളുടെ താണ്ഡവം തുടർന്നു കൊണ്ടിരിക്കുകയാണ്. നൂറുകണക്കിനാളുകൾക്കാണ് പോലീസ് മർദ്ദനം ലോക്കപ്പിനകത്തും പുറത്തുമായി ഏൽക്കേണ്ടി വന്നത്. പോലീസിന്റെ ഗുണ്ടാ പിരിവിലൂടെ പിഴയായി ചുമത്തി പിരിച്ചെടുത്തത് മൊത്തം കോടിക്കണക്കിന് വരും. ബോംബെയിൽ ബാറുടമകളെ കണ്ട് കോടികൾ പിരിച്ചെടുക്കാൻ അവിടുത്തെ ആഭ്യന്തര മന്ത്രി നിർദ്ദേശം കൊടുത്തെങ്കിൽ ഇവിടെ ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കാൻ പിരിവ് നടത്തുകയാണ് കേരള പോലീസ്. ഇതിന്റെ എല്ലാം ഫലമായി ഒന്നാം തരംഗ സമയത്തിൽ നിന്നും വ്യത്യസ്തമായി പോലീസിനെതിരെ, പിണറായിക്കെതിരെ ചൂണ്ടു വിരലുകൾ ഉയർന്നു വരുന്നു എന്നത് പ്രതീക്ഷ നൽകുന്നതാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതുക്കിയ കോവിഡ് മാനദന്ധങ്ങൾ കൂടുതൽ ഭീകരമായ പോലീസ് സ്റ്റേറ്റിലേക്ക് കാര്യങ്ങൾ പോകുന്നതിനെ തുറന്നു കാണിക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒന്ന് ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് സംവിധാനമാണ്. വാക്സിൻ മുഖേനയോ, രോഗം വന്നുപോയത് വഴിയോ, രോഗമില്ലെന്നുള്ള പരിശോധനാഫലമോ അടങ്ങിയ രേഖകളാണ് പൊതു സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനു നിർദ്ദേശിച്ചിരിക്കുന്ന നിർബന്ധമായും കൈയ്യിൽ കരുതേണ്ട ‘ഇമ്മ്യൂണിറ്റി പാസ്സ്പോർട്ടുകൾ’. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തുന്നതിന് പതിവുപോലെ പോലീസിന് തന്നെയാണ് ചുമതല. അതാണ്‌ പിണറായിയുടെ ജനങ്ങൾക്കുമേലുള്ള വിശ്വാസം. ഈ പാസ്സ്പോർട്ടുകൾ കൈവശം ഉള്ള വ്യക്തികൾക്കെ ശാരീരിക നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കി വ്യാപരസ്ഥാപനങ്ങൾ, ജോലി സ്ഥലങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ,ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങിയവ ഉപയോഗിക്കാൻ സാധാരണ ഗതിയിൽ അനുവാദം ഉള്ളൂ. അത്യാവശ്യ സാഹചര്യങ്ങളിൽ മറ്റുള്ളവർക്കും പുറത്തിറങ്ങാം എന്നും ഉത്തരവ് പറയുന്നു. വരും ദിവസങ്ങളിൽ സ്കൂൾ, സിനിമ തുടങ്ങിയ മറ്റു മേഖലകളിലും ഈ നയം നടപ്പിലാക്കാനാണ് സാധ്യത. ലോകത്തിന്റെ പലഭാഗത്തും ഇത്തരം നയത്തിനെതിരെ വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ‘ഇമ്മ്യൂണിറ്റി പാസ്സ്പോർട്ടുകൾ ‘ സൃഷ്ടിക്കാൻ പോകുന്നത് നിയമപരമായതും സാമൂഹികവും പ്രായോഗികവും ശാസ്ത്രീയവുമായ വലിയ വെല്ലുവിളികളാണ്.അവയാണ് ഇവിടെ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നത്.

Loader Loading…
EAD Logo Taking too long?

Reload Reload document
| Open Open in new tab

Download [229.88 KB]

2020 ഏപ്രിൽ 24 ന്, ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോർട്ടിലൂടെ നിലവിലെ കോവിഡിനെ സംബന്ധിച്ച മനുഷ്യരുടെ അറിവും സാങ്കേതിക പരിമിതികളും ഊന്നിപ്പറഞ്ഞു, ”ഇപ്പോൾ കോവിഡ് -19 യിൽ നിന്ന് സുഖം പ്രാപിക്കുകയും ശരീരത്തിൽ ആന്റിബോഡികൾ ഉള്ള ആളുകൾ രണ്ടാമത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കപ്പെടുന്നു എന്നതിന് നിലവിൽ തെളിവുകളില്ല.” പിന്നീട് വന്ന റിപ്പോർട്ടുകളിൽ രോഗബാധ വന്നു പോയാൽ ഒരുതരം പ്രതിരോധം ശരീരത്തിൽ 8 മാസം വരെ ഉണ്ടാകുന്നതായും യുകെയിലും യുഎസ്സിലും നടന്ന പഠനങ്ങൾ മുൻനിർത്തി ഡബ്ല്യു എച്ച് ഒ പറയുന്നുണ്ടെങ്കിലും പലരിലും അത് വ്യത്യസ്തമാണെന്നും തുടർ പഠനങ്ങൾ ആവശ്യമാണെന്നും പറയുന്നു. ഇന്ത്യൻ ജനതയിൽ അത്തരം പഠനങ്ങൾ കൃത്യമായി നടന്നതായി അറിവില്ല. എന്നാൽ ആന്റിബോഡിയെ മുൻനിർത്തിയുള്ള പ്രതിരോധശേഷിയെ അടിസ്ഥാനമാക്കി ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് ഏർപ്പെടുത്തുന്നതിൽ കൃത്യതയുടെ കാര്യത്തിൽ തെളിവുകൾ ഇല്ലെന്നും ഡബ്ല്യു എച്ച് ഒ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ ഇപ്പോഴും സുപ്രധാനമായ ഒരു നിരീക്ഷണം ആണിത്. രോഗം വന്നൊരാൾക്ക്, വാക്സിൻ സ്വീകരിച്ചൊരാൾക്ക് രോഗവാഹകനാകാതിരിക്കാൻ കഴിയുമോ, ഒരാൾക്ക് കോവിഡ് 19 യെ പ്രതിരോധിക്കാൻ ശരീരത്തിൽ എത്രത്തോളം ആന്റിബോഡി സൃഷ്ടിക്കപ്പെടേണ്ടതുണ്ട്, നിർമ്മിക്കപ്പെട്ട ആന്റിബോഡി എത്രകാലം നിലനിൽക്കും തുടങ്ങിയ കാര്യങ്ങളിൽ യാതൊരു ഉറപ്പുമില്ല. ഒരിക്കൽ രോഗം ബാധിച്ച ആൾക്ക് തന്നെ പിന്നെയും പലതവണ രോഗം വരികയും മരിച്ചു പോവുകയുമൊക്കെ ചെയ്യുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും ഈ സംവിധാനത്തിന്റെ അശാസ്ത്രീയത വ്യക്തമാവുന്നു. രോഗം ബാധിച്ചതും, വാക്സിൻ എടുത്തവരുമായ ഒരു വലിയ വിഭാഗം ജനങ്ങളെയും വ്യക്തിപരമായ സവിശേഷതകളെയും വിശദമായ പഠനം നടത്തിയല്ലാതെ ശാരീരിക അകലം പാലിക്കുന്നതിനും പ്രതിരോധത്തിനുമായി ‘ ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് ‘ ഏർപ്പെടുത്തുന്ന സംവിധാനം ശാസ്ത്രീയമാവുകയില്ല . ഇപ്പോഴത്തെ സാഹചര്യത്തിൽ വിശദമായ വിവരങ്ങളുടെയും അറിവിന്റെയും സാങ്കേതികതയുടെയും പോരായ്മകൾ മാത്രമല്ല ഇമ്മ്യൂണിറ്റി പാസ്സ്പോർട്ടിനെ അപ്രയോഗികമാക്കുന്നത്. അവ പരിഹരിക്കപ്പെട്ടാലും അത് ഉയർത്തുന്ന അസമത്വങ്ങളും നിയമപരമായ അവകാശ നിഷേധങ്ങളും കൂടിയാണ് ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് സംവിധാനം ജനവിരുദ്ധമാക്കുന്നത്.

സാമൂഹ്യ സാംസ്കാരിക സാമ്പത്തിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിന് വ്യക്തികൾക്ക് മേൽ ഒരു അദൃശ്യമായ കൃത്രിമ നിയന്ത്രണം കൊണ്ട് വരികയാണ് ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് ചെയ്യുന്നത്. അത് മാത്രമല്ല, എങ്ങനെയെങ്കിലും രോഗം വന്നു പോകുന്നതിനും വാക്സിൻ കരസ്ഥമാക്കുന്നതിനുമായി വ്യക്തികളിൽ ഒരു വികൃതമായ ത്വര ഈ സംവിധാനം വളർത്തി കൊണ്ട് വരികയാണ് ചെയ്യുക, പ്രത്യേകിച്ചും തൊഴിൽ, ഉപജീവന രംഗങ്ങളിൽ നിന്നും പുറത്താക്കപ്പെടുന്ന മനുഷ്യർക്കുള്ളിലും വംശീയവും ജാതീയവും ദേശീയവും ലിംഗപരവുമായ വേർതിരിവുകൾ അനുഭവിക്കേണ്ടി വരുന്ന വിഭാഗങ്ങൾക്കിടയിലും ഇത് വലിയ രീതിയിൽ ദോഷം ചെയ്യും. അത്തരം വ്യക്തികൾക്ക് മാത്രമല്ല സമൂഹത്തിനു ആകെ തന്നെയും അതൊട്ടും ഗുണകരമായിരിക്കുകയില്ല. നിലവിലുള്ള കഷ്ടപ്പാടുകളും ദാരിദ്രവും സാമ്പത്തിക അസമത്വവും ഒന്നുകൂടി മൂർച്ഛിക്കുന്ന സ്ഥിതിയിലെക്ക് കാര്യങ്ങൾ മാറുകയാണ്.

വാക്സിൻ ക്ഷാമം നേരിടുന്ന ഈ കാലത്ത് സാമ്പത്തികമായ ചൂഷണങ്ങൾക്കും അസമത്വങ്ങൾക്കും ഈ രീതി വഴിയൊരുക്കും. ജാതീയവും വംശീയവും ദേശീയവും ലിംഗപരവുമായ വേർതിരിവുകൾ നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഭരിക്കുന്നവരുടെ ബന്ധുക്കൾക്കും സമ്പന്നർക്കും മറ്റു ഉന്നത ശ്രേണിയിൽ ഉള്ളവർക്കും യഥേഷ്ടം ലഭ്യമാവുകയും പാർശ്വവൽക്കരിക്കപ്പെട്ടവർ കൂടുതൽ അരികുവൽക്കരിക്കപ്പെടുകയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും, ലൈംഗിക ന്യുനപക്ഷങ്ങൾക്കും, ആദിവാസി ജനവിഭാഗങ്ങൾക്കും മറ്റു അടിച്ചമർത്തപ്പെട്ടവർക്കും പുതിയ ഒരു കടമ്പയായും ഇത് മാറിയിരിക്കുന്നു . വാർദ്ധക്യത്തിലുള്ളവർക്ക് ഉള്ള വാക്സിനേഷൻ പോലും പൂർത്തീകരിച്ചിട്ടില്ലാത്ത സംസ്ഥാനത്ത് യുവാക്കൾ വീട്ടു തടങ്കലിൽ ആകുന്ന അവസ്ഥയിലേക്കാണ് ഈ പരിഷ്ക്കാരം ചെന്നെത്തുന്നത്.

ഇത്തരം ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് രേഖകൾ കൈവശം ഇല്ലാത്തവരെ നിയമപരമായി കൈകാര്യം ചെയ്യുന്നതിന്, പോലീസ് സംവിധാനം തന്നെ ആണ് പുതിയ പരിഷ്കാരം വഴിയും മുന്നിൽ നിൽക്കുന്നത്. ഇമ്മ്യൂണിറ്റി പാസ്സ്പോർട്ട് ഉണ്ടാക്കുന്ന നിയമപരമായ അസമത്വത്തിന്റെ പ്രത്യാഘാതത്തെ ഇവിടെ ആരും ചർച്ച ചെയ്തു കാണുന്നില്ല. രോഗത്തിൽ നിന്നുള്ള ശാരീരിക പ്രതിരോധശേഷി, അതിന്റെ അഭാവം നിയമപരമായ പരിരക്ഷയ്ക്കുള്ള ഒരു ഉപാധിയാകുന്നത് ഇപ്പോഴാണ്. ഏതെങ്കിലും തരത്തിൽ ഇമ്മ്യൂണിറ്റി തെളിയിക്കാൻ സർട്ടിഫിക്കറ്റുകൾ കൈവശം ഇല്ലാത്തവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും നിയമത്തിനു മുന്നിൽ കുറ്റവാളികൾ ആയി തീരുകയും ചെയ്തേക്കാം.നിയമത്തിനു മുന്നിലെ വിവേചനത്തിന് രോഗപ്രതിരോധശേഷി ഒരു ഘടകമായി മാറുകയും പുതിയ അസമത്വവും അടിച്ചമർത്തലും അത് സൃഷ്ടിക്കുകയും ചെയ്യും.

നിർബന്ധിത വാക്സിനേഷൻ പോലെ തന്നെ വ്യക്തിയുടെ ശരീരത്തിന് മേലുള്ള നിർണ്ണായവകാശത്തെ ഇമ്മ്യൂണിറ്റി പാസ്സ്പോർട്ടുകൾ കവർന്നെടുക്കുകയാണ് ചെയ്യുന്നത്. നിലവിൽ ഉള്ള വാക്സിനുകളുടെ ഫലപ്രാപ്തി, രോഗം വന്നു പോയവരുടെ പ്രതിരോധശേഷിയെ കുറിച്ചുള്ള വിശദമായ പഠനം എന്നിങ്ങനെ ഉള്ള വിവരങ്ങളുടെ അഭാവത്തിൽ ഇത്തരം സംവിധാനങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒട്ടും ശാസ്ത്രീയമല്ലെന്നു മാത്രമല്ല കടുത്ത അസമത്വങ്ങൾക്കും ഭീകരമായ പോലീസ് രാജിനുമാണ് ഇവ വഴി തുറക്കുന്നത്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta