താലിബാന്റെ തിരിച്ചുവരവ്

അമേരിക്കൻ സാമ്രാജ്യത്വവുമായി ധാരണയിലെത്തിയാണ് താലിബാൻ ഇപ്പോൾ അധികാരത്തിൽ വന്നതെങ്കിലും, അമേരിക്കയുടെ പരാജയമായി, അതിന്റെ പാവ ഭരണത്തിന്റെ പരാജയമായി തന്നെ ആയിരിക്കും അഫ്ഗാൻ ബഹുജനങ്ങൾ അത് മനസ്സിലാക്കുക. അമേരിക്കൻ വിരുദ്ധ വികാരത്തെ ഇത് ഒന്നുകൂടി ശക്തമാക്കും.


കെ മുരളി

ഞങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ സാധ്യമായത് കൊണ്ടാണ് പട്ടാളത്തെ പിൻവലിച്ചത് എന്നാണ് അമേരിക്കൻ ഭരണകൂടം ഇപ്പോൾ അവകാശപ്പെടുന്നത്. എന്താണ് വാസ്തവം? അഫ്ഗാനിസ്ഥാനനെതിരെ കടന്നാക്രമണം നടത്തിയപ്പോൾ ഭീകരവാദത്തിനെതിരെയള്ള യുദ്ധം എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചത്. യഥാർത്ഥത്തിൽ അതായിരുന്നില്ല ലക്ഷ്യം. അൽ ഖായ്ദയും മറ്റും വെറുമൊരു നിമിത്തം മാത്രമായിരുന്നു. മധ്യേഷ്യയിലും പശ്ചിമേഷ്യയിലും നിലവിലുണ്ടായിരുന്ന ഭരണങ്ങളെ ഇളക്കി പ്രതിഷ്ഠിച്ച് അമേരിക്കൻ ആധിപത്യം മുറുക്കുക, എണ്ണയ്ക്കു മേൽ കുത്തകാധിപത്യം നേടുക, ലോകത്തിലെ ഏക വൻശക്തി എന്ന സ്ഥാനം ഉറപ്പിക്കുക, അഥവാ ഒരു ‘പുതിയ അമേരിക്കൻ നൂറ്റാണ്ട്’ എന്ന ആശയം യാഥാർഥ്യമാക്കുക — ഇതിന്റെ തുടക്കമായിരുന്നു അഫ്ഗാനിസ്താനു നേരെയുള്ള കടന്നാക്രമണം. ബുഷ് സിദ്ധാന്തം എന്നപേരിൽ അറിഞ്ഞിരുന്നത് ഇതിനെയാണ്. തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചതുകൊണ്ടാണ് പിൻവാങ്ങിയത് എന്ന അവകാശവാദം തീർത്തും അഹാസ്യമാകുന്നത് അതുകൊണ്ടുതന്നെയാണ്. ഏക വൻശക്തി സ്ഥാനം ഉറപ്പിക്കാൻ അതിന് കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല കടുത്ത വെല്ലുവിളികളാണ് ചൈനീസ് സോഷ്യൽ സാമ്രാജ്യത്വത്തിന്റെയും റഷ്യൻ സാമ്രാജ്യത്വത്തിന്റെയും ഭാഗത്തുനിന്നും അതിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

source : Mullah Abdul Ghani Baradar, the leader of the Taliban delegation, and Zalmay Khalilzad, U.S. envoy for peace in Afghanistan, shake hands after signing an agreement at a ceremony between members of Afghanistan’s Taliban and the U.S. in Doha, Qatar, February 29, 2020. REUTERS/Ibraheem al Omari/File Photo

അഫ്ഗാനിസ്ഥാനിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു അമേരിക്ക. ട്രംപ് തുടങ്ങിവച്ച ആ പിൻമാറ്റം ബൈഡൻ പൂർത്തിയാക്കി. ഈ പരാജയത്തിന്റെ സാ‍ർവ്വദേശീയ മാനം, അതിന്റെ പ്രത്യാഘാതങ്ങൾ, തീർച്ചയായും വലുതാണ്. സാമ്രാജ്യത്വം കടലാസുപുലിയാണെന്ന മാവോയുടെ നിരീക്ഷണത്തെ അത് വീണ്ടും ശരിവയ്ക്കുന്നു. ഇതോടൊപ്പം ശ്രദ്ധിയ്‌ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. താലിബാനുമായി നടന്ന ചർച്ചയുടെ വെളിച്ചത്തിലാണ് പട്ടാളപിൻമാറ്റത്തെ കുറിച്ച് അമേരിക്ക തീരുമാനത്തിലെത്തിയത്. ആ ചർച്ചയിൽ ഒരു നീണ്ടകാലത്തേക്ക് അഫ്ഗാൻ സർക്കാരിനെ പങ്കാളിയാക്കിയിരുന്നില്ല. ചർച്ച തുടങ്ങി ഒരു നിശ്ചിത ഘട്ടത്തിനു ശേഷം മാത്രമാണ് അവരെ പങ്കെ‍ടുപ്പിച്ചത്. അതായത് താലിബാനുമായി ഒരു ധാരണയിൽ എത്തുകയായിരുന്നു അമേരിക്ക. അമേരിക്കൻ മാധ്യസ്ഥതയിൽ അഫ്ഗാനിസ്ഥാനിലെ ഇരു ചേരികളും തമ്മിലല്ല അത് നടന്നത്. വെറുതെയല്ല അമേരിക്കൻ പട്ടാളം പിൻവാങ്ങിയതോടെ താലിബാന് പെട്ടെന്നുതന്നെ മുന്നേറാനായത്. അമേരിക്കയുടെ പിന്തുണയും സഹായവും ഇല്ലാതായതോടെ അഫ്ഗാനിസ്ഥാനിലെ പാവഭരണകൂടം ചീട്ടുകൊട്ടാരം പോലെ തവിടുപൊടിയായി. ഇത് സംഭവിക്കുമെന്ന് അമേരിക്കൻ ഭരണാധികാരികൾക്ക് അറിയാമായിരുന്നു. താലിബാൻ വന്നതോടെ ഉണ്ടായിരിയ്ക്കുന്ന ഭീകരതയെ കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ പ്രചരണം നടക്കുന്നുണ്ടെങ്കിലും, താലിബാനെ അധികാരത്തിൽ എത്തിക്കുന്നതിന് പരോക്ഷ സഹായം ചെയ്തുകൊടുക്കുന്ന തരത്തിലായിരുന്നു അമേരിക്കൻ നീക്കം.

എന്തായിരിക്കാം ഇതിനു പിന്നിൽ? അമേരിക്കൻ സാമ്രാജ്യത്വവുമായി ധാരണയിലെത്തിയാണ് താലിബാൻ ഇപ്പോൾ അധികാരത്തിൽ വന്നതെങ്കിലും, അമേരിക്കയുടെ പരാജയമായി, അതിന്റെ പാവ ഭരണത്തിന്റെ പരാജയമായി തന്നെ ആയിരിക്കും അഫ്ഗാൻ ബഹുജനങ്ങൾ അത് മനസ്സിലാക്കുക. അമേരിക്കൻ വിരുദ്ധ വികാരത്തെ ഇത് ഒന്നുകൂടി ശക്തമാക്കും. വിപ്ലവശക്തികൾ ദുർബലമായ അവസ്ഥയിൽ മതമൗലികവാദ സായുധശക്തികൾക്ക് ഇത് മുതലെടുക്കാനാകും. അത്തരം സംഘടനകൾക്ക് പുതിയൊരു സ്വീകാര്യതയും പിന്തുണയും ലഭിക്കും. വ്യക്തമായ കേന്ദ്രീകരണം ഉള്ള ഒരു ശക്തി ആയിരുന്നില്ല താലിബാൻ, ഒരിക്കലും. അതിൽ പല ധാരകളുമുണ്ട്. അതിന്റെ നേതൃത്വം എന്തുതന്നെ ഔദ്യോഗികമായി ആഗ്രഹിച്ചാലും ഇതെല്ലാം ഉപയോഗപ്പെടുത്തി മതമൗലികവാദികളായ സായുധശക്തികൾ പുതിയ സുരക്ഷാ കേന്ദ്രങ്ങൾ കണ്ടെത്തുമെന്ന് ഉറപ്പാണ്. ഇതിൽ ചിലതിനെ, ചൈനയിലും ഉസ്ബെക്കിസഥാനിലും താജിക്കിസ്ഥാനിലും പ്രവർത്തിക്കുന്നവയെ, അമേരിക്ക തന്നെ സഹായിച്ചേക്കും.ട്രംപിന്റെ ഭരണകാലത്ത് തന്നെ ചൈനയുടെ സിൻജ്യാങ്ങ് പ്രവിശ്യയിൽ സജീവമായ ഈസ്റ്റേൺ തുർക്കിസ്ഥാൻ ഇസ്ലാമിക് പ്രസ്ഥാനത്തെ ‘ഭീകരവാദ’ ലിസ്റ്റിൽ നിന്നും അമേരിക്ക ഒഴിവാക്കിയിരുന്നു.അൽ ഖായ്ദയ്ക്കും ഐഎസ്ഐഎസിനും അതാണല്ലോ ആദ്യ ഘട്ടത്തിൽ പിന്തുണ നല്കിയത്. അതിന്റെ ഒത്താശയോടെയാണ് താലിബാൻ തന്നെ രൂപംകൊണ്ടത്. ഈ പ്രദേശങ്ങളിൽ സായുധപ്രവർ‍ത്തനങ്ങൾ ഉത്തേജിപ്പിച്ച് ചൈനയെയും റഷ്യയെയും അതിലേക്ക് കൂടുതലായി വലിച്ചിടുന്നതാകും ഇതിന്റെ ലക്ഷ്യം. അതായത് പുതിയ സംഘർഷ കേന്ദ്രങ്ങൾ ഉണ്ടാക്കി, അതിൽ ചൈനയെയും റഷ്യയെയും കുടിക്കിയിട്ട്, അമേരിക്കയെ വെല്ലുവിളിച്ചുള്ള അവരുടെ വളർച്ച തടയാൻ, ചുരുങ്ങിയപക്ഷം ദുർബലപ്പെടുത്താനുമാകാം ലക്ഷ്യം.

പക്ഷെ ആകെ മൊത്തത്തിലുള്ള തന്ത്രപരമായ താല്പര്യങ്ങളെ മുൻനിർത്തി ചൈനയെ വളഞ്ഞിടുന്ന ലക്ഷ്യം വെച്ച് അമേരിക്കൻ സാമ്രാജ്യം നടത്തുന്ന നീക്കങ്ങളെ തന്നെ ഇത് എങ്ങനെ ബാധിക്കും എന്ന് പറയാൻ പറ്റില്ല. ഒരു കാര്യം തീർച്ചയായും പറയാം. അമേരിക്കൻ സാമ്രാജ്യത്വം ആഗ്രഹിക്കുന്നത് പോലെയാവില്ല വികാസഗതി. കണക്കുകൂട്ടലുകളെ തെറ്റിച്ച് അതിനപ്പുറം പ്രത്യാഘാതങ്ങളുണ്ടാകും. അവർ ആഗ്രഹിച്ച പോലെ അല്ല ഒരിക്കലും കാര്യങ്ങൾ നടന്നിട്ടുള്ളത്.എവിടെയായാലും ശരി സൈനികമായ അവരുടെ ഇടപെടലുകൾ ആത്യന്തികമായി മറ്റു തരത്തിലുള്ള പല പ്രത്യാഘാതങ്ങൾക്കും പ്രതീക്ഷിക്കാത്ത പല തിരിച്ചടികൾക്കും സങ്കീർണതകൾക്കും ആണ് വഴിവെച്ചിട്ടുള്ളത്. ചൈനയിലും മധ്യേഷ്യൻ രാജ്യങ്ങളിലും സായുധ പ്രസഥാനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് അത് ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഇന്ത്യയിലും, പാക്കിസ്ഥാനിൽപോലും, ഇതിന്റെയൊക്കെ പ്രതിഫലനങ്ങൾ ഉണ്ടാകും. സാമ്രാജ്യത്വം ജനങ്ങളുടെ മേൽ ഇടാനായി പൊക്കിയെടുക്കുന്ന പാറക്കല്ലുകൾ സ്വന്തം കാലിലാകും ഇടുക.

അഫ്ഗാനിസ്ഥാനിൽ ഭരിച്ചിരുന്ന വർഗ്ഗങ്ങളുടെ താല്പര്യങ്ങളെ തന്നെയാണ് താലിബാനും അടിസ്ഥാനപരമായി പ്രതിനിധീകരിക്കുന്നത്. അതിലൊന്നും ഒരു മാറ്റവും വരാൻ പോകുന്നില്ല. അതിന്റെ വ്യത്യസ്തമായ രൂപം മാത്രമായിരിക്കും താലിബാൻ ഭരണം. പക്ഷേ അഫ്ഗാൻ ജനങ്ങളെ സംബന്ധിച്ചിടത്തോളം അമേരിക്കയുടെ പരാജയം അവരുടെ സാമ്രാജ്യത്വവിരുദ്ധ വികാരത്തെ ഒന്നുകൂടി ബലപ്പെടുത്തും. അതേസമയം ഇത്രയും കാലം താലിബാൻ പ്രകടിപ്പിച്ചിരുന്ന അമേരിക്കൻവിരുദ്ധ നിലപാടുകൾ അധികാരത്തിൽ വന്നശേഷം മയപ്പെടും. അഫ്ഗാനി ദേശീയ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു എന്ന അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാവുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഒരു യഥാർത്ഥ സാമ്രാജ്യത്വവിരുദ്ധ നിലപാട് ഉയർത്തിപിടിക്കുന്ന വിപ്ലവകരമായ ജനാധിപത്യ മുന്നേറ്റത്തിനുള്ള സാഹചര്യം കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ അവിടെ വളർന്നു വന്നിരിക്കുന്ന പുതിയ തലമുറയെ, പുതിയ അനുഭവങ്ങളും അറിവും ഉള്ള ഈ തലമുറയെ, അത്ര എളുപ്പം അടിച്ചമർത്തി ഇല്ലാതാക്കാൻ കഴിയില്ല. രണ്ടായിരത്തി ഒന്നിൽ അധികാരഭൃഷ്ടമായ താലിബാൻ തിരിച്ച് അധികാരത്തിൽ വന്നിരിക്കുമ്പോൾ അന്നുണ്ടായിരുന്ന സാഹചര്യമല്ല ഇന്നുള്ളത്. ശരിയായ വിപ്ലവ ദിശയിലേക്ക് ജനങ്ങളുടെ വികാരങ്ങളും താല്പര്യങ്ങളും നയിക്കാൻ അനുവദിക്കുന്ന ഒരു സാഹചര്യം തീർച്ചയായും ഉയർന്നുവരും. ഇതിൽ ഫലപ്രദമായി ഇടപെട്ട് അതിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ വിപ്ലവശക്തികൾക്ക് എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചിരിക്കും ആ രാജ്യത്തിന്റെ ഭാവി.

അഫ്ഗാൻ സംഭവവികാസങ്ങൾ ഇന്ത്യൻ ഭരണാധികാരികൾക്ക് വലിയ തിരിച്ചടിയാണ്. ആർഎസ്എസ്സിന്റെ അക്രമാസക്ത ബ്രാഹ്മണ്യം അവരുടെ വിദേശനയത്തിന് ശരിക്കും കൂച്ചുവിലങ്ങിട്ടിരിക്കുന്നു. മാധ്യമത്തിലെ ലേഖനത്തിൽ ഞാൻ ചൂണ്ടികാട്ടിയപ്പോലെ “അമേരിക്കയുമായുള്ള ബാന്ധവത്തിൽ എല്ലാ പ്രതീക്ഷകളും അർപ്പിക്കുന്ന സമീപനം തീർത്തും അപകടകരമാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള കിട മത്സരത്തിൽ ഇന്ത്യയെ കരുവാക്കുന്ന,ഇന്ത്യൻ ജനങ്ങളെ കരുവാക്കുന്ന,അങ്ങേയറ്റം ഭീതിദമായ ഇടത്തേക്കാണ് അത് നമ്മളെ തള്ളിവിടുന്നത്.” ഇതിന്റെ ആദ്യ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിൽ കാണുന്നത്.തങ്ങളുടെ താല്പര്യത്തിന് അനുയോജ്യമായി അമേരിക്ക പെരുമാറി. അഫ്ഗാൻ ഭരണം തകരും എന്നറിഞ്ഞുകൊണ്ടു തന്നെ ധൃതിയിൽ അവിടെ നിന്നും പിന്മാറി.തങ്ങളുടെ ആവശ്യപ്രകാരം അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന ഇന്ത്യൻ താല്പര്യങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് അന്വേഷിക്കാൻ അവർ മെനക്കെട്ടില്ല. കടുത്ത മുസ്ലിം വിരോധം മുഖമുദ്രയായ ദില്ലിയിലെ സംഘി ഭരണത്തിന് ഇന്ത്യൻ താല്പര്യങ്ങൾ സംരക്ഷിക്കാൻ സഹായകമായ രീതിയിൽ താലിബാനുമായി വേണ്ടും വിധം നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കാനുമായില്ല.


<span class="has-inline-color has-vivid-red-color">കെ.മുരളി(അജിത്)</span>
കെ.മുരളി(അജിത്)

മാവോയിസ്റ്റ് രാഷ്ട്രീയ സൈദ്ധാന്തികൻ. ദീർഘകാലം രാഷ്ട്രീയ തടവുകാരനായിരുന്നു. ഭൂമി ജാതി ബന്ധനം, ബ്രാഹ്മണ്യ വിമർശം, പരിഷ്കരണമല്ല വിപ്ലവം, പരികല്പനകളും രീതിശാസ്ത്രവും തുടങ്ങിയ രാഷ്ട്രീയ വിശകലന സമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta