റഷ്യയിലെയും കിഴക്കൻ രാജ്യങ്ങളിലേയും മുസ്ലീങ്ങളോട് ലെനിനും സ്റ്റാലിനും

“റഷ്യയുടെയോ അവളുടെ വിപ്ലവ സർക്കാരിന്റെയോ ഭാഗത്തുനിന്ന് നിങ്ങൾക്ക് ഒരുതരത്തിലുമുള്ള അടിമത്തം അനുഭവിക്കേണ്ടി വരില്ല. യൂറോപ്യൻ സാമ്രാജ്യത്വ കൊള്ള സംഘങ്ങളാണ് നമ്മുടെ മാതൃ രാജ്യങ്ങളെ അവർക്ക് അപമാനപ്പെടുത്തുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ‘കോളനി’കളായി പരിവർത്തനപ്പെടുത്തിയത്.”

മൊഴിമാറ്റം : വിഷ്ണു


ഒക്ടോബർ വിപ്ലവ സമയത്ത് സഖാവ് ലെനിനും സഖാവ് സ്റ്റാലിനും റഷ്യയിലെയും കിഴക്കൻ രാജ്യങ്ങളിലെയും മുസ്ലിങ്ങളോട് നടത്തുന്ന അഭ്യർത്ഥനയുടെ മലയാള പരിഭാഷ. മാർക്സിനെ ബാലസഹിത്യകാരനും അമർചിത്ര കഥ രചയിതാവുമായി പുനർവ്യാഖ്യാനം ചെയ്യുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധർ കളം നിറയുന്ന കാലത്ത് ഈ വായന തികച്ചും രാഷ്ട്രീയപരമായ ഒന്നാണ്.

(കമ്മിസാർമാരുടെ കൗൺസിൽ 7 ഡിസംബർ 1917)

സഖാക്കളെ ! സഹോദരരേ !

റഷ്യയിൽ മഹത്തായ സംഭവവികാസങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഭൂമി വിഭജിച്ചെടുക്കുന്നതിനു വേണ്ടി നടത്തിയ രക്തരൂക്ഷിതമായ യുദ്ധത്തിന്റെ അന്ത്യം അടുക്കുകയാണ്. ഭൂമിയിലെ മുഴുവൻ ജനങ്ങളെയും അടിമയാക്കി, കൊള്ളയടിച്ചിരുന്നവരുടെ ഭരണം അവസാനിക്കാൻ പോവുകയാണ്. റഷ്യൻ വിപ്ലവത്തിന്റെ ഇടി കൊണ്ട് അടിമത്തത്തിന്റെയും ദാസ്യവേലയുടെയും ലോകം നുറുങ്ങിയില്ലാതാവുകയാണ്. ഒരു പുതിയ ലോകം ജനിക്കാൻ പോകുന്നു , അദ്ധ്വാനിക്കുന്നവരുടെയും സ്വതന്ത്രമനുഷ്യരുടെയും ലോകം. ഈ വിപ്ലവത്തിന്റെ തലപ്പത്ത് തൊഴിലാളികളുടെയും കർഷകരുടെയും സർക്കാരാണ് , ജനകീയ കമ്മിസാർ സോവിയറ്റുകളാണ്.

തൊഴിലാളികളുടെയും സൈനികരുടെയും കർഷക മുഖ്യൻമാരുടയും വിപ്ലവകരമായ സോവിയറ്റുകളാൽ റഷ്യ നിറഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ അധികാരം ജനങ്ങളുടെ കൈകളിലാണുള്ളത്. റഷ്യയിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഏറ്റുവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് അഭിമാനപൂർണ്ണമായ സമാധാനം കൈവരിക്കുകയും , സ്വാതന്ത്ര്യത്തിനായി പൊരുതുന്ന ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും സഹായം നൽകുകയെന്നതുമാണ്.

ഈ മഹത്തായ ദൗത്യം നിറവേറ്റുന്നതിൽ റഷ്യ ഒറ്റക്കല്ല. റഷ്യൻ വിപ്ലവം സ്വാതന്ത്ര്യത്തിന് വേണ്ടി ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ അലയൊലികൾ പടിഞ്ഞാറും കിഴക്കുമുള്ള മുഴുവൻ തൊഴിലാളികൾക്കിടയിലേക്കും എത്തുന്നുണ്ട്. യൂറോപ്പിലെ യുദ്ധം ചെയ്തു തളർന്ന തൊഴിലാളികൾ ഞങ്ങളുമായി കൈകോർക്കുകയും സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. പടിഞ്ഞാറിലെ തൊഴിലാളികളും സൈനികരും ഇതിനോടകം സോഷ്യലിസത്തിന്റെ ബാനറിനു കീഴിൽ അണിനിരക്കുകയും സാമ്രാജ്യത്വ കോട്ടക്കു നേരെ കടന്നാക്രമണം നടത്തുകയും ചെയ്യുന്നു. അങ്ങുദൂരെ ഇന്ത്യയിൽ , നൂറ്റാണ്ടുകളായി യൂറോപ്പിലെ “ജ്ഞാനോദയം സംഭവിച്ച ” കൊള്ളക്കാരാൽ മർദ്ദനം അനുഭവിക്കുന്ന ഇന്ത്യക്കാർ കലാപക്കൊടി ഉയർത്തി കഴിഞ്ഞു. അവർ കാർഷിക കൂട്ടായ്മകൾ രൂപീകരിക്കുകയും , അവരുടെ ചുമലിൽ നിന്ന് അടിമത്തത്തിന്റെ ഭാരം ഇറക്കി വയ്ക്കുകയും , കിഴക്കിലെയാകെ ജനങ്ങളെ വിമോചനത്തിനു വേണ്ടിയുള്ള സമരത്തിലേക്ക് സ്വരുക്കൂട്ടുകയും ചെയ്യുന്നു.

ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ , ഞങ്ങൾ റഷ്യയിലെയും കിഴക്കിലെയും മണ്ണിൽ പണിയെടുക്കുന്നവരും തഴയപ്പെട്ടവരുമായ മുസ്ലീങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു.

റഷ്യയിലെ മുസ്ലീംങ്ങൾ, ക്രൈമിയയിലെയും വോൾഗയിലെയും ടാർട്ടാറുകൾ , സൈബീരിയയിലെയും തുർക്കിസ്ഥാനിലെയും കിർഗ്ഗിസ്സുകളും സാർതുക്കളും, ട്രാൻസ്കൗകാസിയയിലെ തുർക്കുകളും താർത്താറുകളും , കൗകാസനിലെ ചെച്ചനികളും പർവ്വതവാസികളും – ഇവരുടെയെല്ലാം പള്ളികളും പ്രാർത്ഥനാമന്ദിരങ്ങളും തകർക്കപെട്ടു. ഇവരുടെ വിശ്വാസങ്ങളും ആചാരങ്ങളും റഷ്യയിലെ മർദ്ദകരുടെയും സാർച ക്രവർത്തിമാരുടെയും കാൽക്കീഴിൽ ചവിട്ടിയരക്കപ്പെട്ടു!

ഇനിയങ്ങോട്ട് നിങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും,നിങ്ങളുടെ ദേശീയവും സാംസ്കാരികവുമായ സ്ഥാപനങ്ങളും, സ്വതന്ത്രവും ആക്രമിക്കപ്പെടാത്തതുമാണ്. തടസ്സം കൂടാതെയും സ്വതന്ത്രമായും നിങ്ങൾ നിങ്ങളുടെ ദേശീയ ജീവിതത്തെ കെട്ടിപ്പടുക്കുക. നിങ്ങൾക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങളുടേയും അതുപോലെതന്നെ റഷ്യയിലെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ തൊഴിലാളികളുടെയും കർഷകരുടെയും സൈനികരുടെയും സോവിയറ്റുകളാലാണ് സംരക്ഷിക്കപ്പെടുന്നത് എന്ന് തിരിച്ചറിയുക.

ഈ വിപ്ലവത്തെയും അതിന്റെ പരിപൂർണ്ണാധികാരമുള്ള സർക്കാരിനെയും സംരക്ഷിക്കുക.

കിഴക്കിലെ മുസ്ലീംങ്ങളുടെ, പേർഷ്യക്കാരുടെ, അറബികളുടെ, ഹിന്ദുക്കളുടെ – ഈ ജനവിഭാഗങ്ങളുടെയെല്ലാം തന്നെ ജീവിതവും, സമ്പത്തും, സ്വാതന്ത്ര്യവും, ഭൂമിയുമെല്ലാം യൂറോപ്പിലെ കള്ളമാർ നൂറ്റാണ്ടുകളോളം തങ്ങളുടെ വിഭജിക്കുക എന്ന ലക്ഷ്യം വച്ചുള്ള യുദ്ധത്തിന് വേണ്ടി അപഹരിച്ചു.

കോൺസ്റ്റാന്റിനേപ്പിൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്, സാർ ഭരണകൂടത്തിന്റെ രഹസ്യ കരാറുകൾ – അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട കെറൻസ്കി ഭരണകൂടത്താൽ സ്ഥിരീകരിക്കപ്പെട്ടത് – അസാധുവാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. റഷ്യൻ റിപബ്ലിക്കും അവളുടെ സർക്കാരും, ജനകീയ കമ്മീസ്സാർമാരുടെ സോവിയറ്റുകളും വിദേശ പ്രവശ്യകൾ പിടിച്ചടക്കുന്നതിനെതിരാണ് . കോൺസ്റ്റാന്റിനോപ്പിൾ മുസ്ലീംങ്ങളുടെ കൈവശം തന്നെ തുടരുന്നതായിരിക്കും.

പേർഷ്യയുടെ വിഭജനത്തെ സംബന്ധിച്ചുള്ള ഉടമ്പടി അസാധുവാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. സൈനിക ഓപ്പറേഷനുകൾ അവസാനിക്കുന്ന മുറക്ക് സൈനിക ട്രൂപ്പുകളെ പേർഷ്യയിൽ നിന്നും പിൻവലിക്കുന്നതായിരിക്കും. പേർഷ്യക്കാർക്ക് അവരുടെ ഭാഗദേയം സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഉറപ്പുനൽകും.

തുർക്കിയെ വിഭജിക്കുന്നതും അർമേനിയയെ അവളിൽ നിന്നും തട്ടിയെടുക്കുന്നതുമായ ഉടമ്പടി അസാധുവാണെന്ന് ഞങ്ങൾ പ്രഖ്യാപിക്കുന്നു. സൈനിക ഓപ്പറേഷനുകൾ അവസാനിക്കുന്ന മുറക്ക് , അർമേനിയക്കാർക്ക് അവരുടെ രാഷ്ട്രീയ ഭാഗദേയം സ്വതന്ത്രമായി തീരുമാനിക്കുന്നതിനുള്ള അവകാശം ഉറപ്പുനൽകും.

റഷ്യയുടെയോ അവളുടെ വിപ്ലവ സർക്കാരിന്റെയോ ഭാഗത്തുനിന്ന് നിങ്ങൾക്ക് ഒരുതരത്തിലുമുള്ള അടിമത്തം അനുഭവിക്കേണ്ടി വരില്ല. യൂറോപ്യൻ സാമ്രാജ്യത്വ കൊള്ള സംഘങ്ങളാണ് നമ്മുടെ മാതൃ രാജ്യങ്ങളെ അവർക്ക് അപമാനപ്പെടുത്തുന്നതിനും കൊള്ളയടിക്കുന്നതിനുമുള്ള ‘കോളനി’കളായി പരിവർത്തനപ്പെടുത്തിയത്.

അപമാനപ്പെടുത്തുന്നവരും കീഴ്പ്പെടുത്തുന്നവരുമായ ഇത്തരക്കാരെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക. പഴയ ലോകക്രമത്തെ യുദ്ധവും നിർജ്ജനീകരണവും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്ത കൊള്ളക്കാർക്കെതിരെ ലോകം നിശ്ചയദാർഢ്യത്തോടുകൂടിയ രോഷത്താൽ കത്തിജ്വലിക്കുമ്പോൾ, കലാപങ്ങൾ സൃഷ്ടിക്കുന്ന തീപ്പൊരികൾ എല്ലാം വിപ്ലവത്തിന് ശക്തിമത്തായ ജ്വാലകൾ ആയി മാറുമ്പോൾ, ഇന്ത്യയിലെ മുസ്ലീങ്ങൾ പോലും വിദേശ ചൂഷകരുടെ കീഴിൽ അനുഭവിക്കുന്ന തിക്താനുഭവങ്ങൾ സഹിക്കവയ്യാതെ മർദ്ദകർക്കെതിരായ കലാപങ്ങൾ ആരംഭിക്കുമ്പോൾ മൗനമായിരിക്കുക എന്നത് അസാധ്യമായ ഒരു വിഷയമാണ്. നിങ്ങളെ കാലങ്ങളായി കീഴ്പ്പെടുത്തി വെച്ചിരിക്കുന്ന ഞങ്ങടെ രാജ്യത്തെ ചൂഷകരെ നിങ്ങളുടെ ചുമലുകളിൽ നിന്നും ആട്ടിപ്പായിക്കുന്നതിന് ഇനിയും ഒട്ടും കാത്തിരിക്കേണ്ടതില്ല. ഇനിയും നിങ്ങളെ കൊള്ള ചെയ്യാൻ ഒരു നിമിഷം പോലും അവരെ അനുവദിക്കരുത്. നിങ്ങൾ സ്വയം നിങ്ങളുടെ രാജ്യത്തിൻ്റെ അധിപന്മാർ ആകണം . നിങ്ങൾ നിങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസരിച്ച് , സ്വന്തം മാർഗ്ഗത്തിൽ സ്വജീവിതം കെട്ടിപ്പടുക്കണം. നിങ്ങൾക്ക് അതിനുള്ള അവകാശമുണ്ട്. നിങ്ങളുടെ വിധി നിങ്ങളുടെ കൈകളിൽ തന്നെയാണ്.

സഖാക്കളെ ! സഹോദരരേ !

ദൃഢതയോടെയും നിശ്ചയദാർഢ്യത്തോടെയും, അഭിമാന പൂർണ്ണവും ജനാധിപത്യപരവുമായ സമാധാനത്തിനു വേണ്ടിയുള്ള വിജയത്തിന് ഞങ്ങളെ അനുവദിക്കുക!

ഞങ്ങളുടെ കൊടിക്കീഴിൽ ലോകത്തെ മുഴുവൻ മർദ്ദിത ജനതയുടെയും വിമോചനം ഞങ്ങൾ ഉദ്ഘോഷിക്കുന്നു.

റഷ്യയിലെ മുസ്ലീങ്ങളേ

കിഴക്കൻ ഏഷ്യയിലെ മുസ്ലീങ്ങളേ

പുതിയ ലോകത്തിന്റെ നിർമ്മിതിക്ക് വേണ്ടിയുള്ള ഈ പ്രയത്നത്തിൽ നിങ്ങളുടെ അനുഭാവത്തിനും പിന്തുണയ്ക്കും വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.

ദ്ഴുഗാഷിവിലി (സ്റ്റാലിൻ ) – പീപ്പിൾസ് കമ്മീസ്സാർ ഓഫ് നാഷനാലിറ്റീസ്

വി. ഉല്യനോവ് (ലെനിൻ) – പ്രസിഡന്റ് ഓഫ് ദ സോവിയറ്റ് പീപ്പിൾസ് കമ്മിസ്റ്റാർസ്.

ഉറവിടം : USSR, Sixty Years of the Union, 1922-1982 (Moscow: Progress Publishers, 1982), p. 35.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsporta