സി ദാവൂദും ഭരണവർഗ സേവയും

ചരിത്രത്തിൽ വാരിയംകുന്നനെപ്പോലുള്ള ധീര പോരാളികൾക്കെതിർവശം ഷൂ നക്കികളും മാപ്പുസാക്ഷികളുമായ സവർക്കർമാർ മാത്രമല്ല ചേക്കുട്ടി അധികാരിമാരും മിർ ജാഫർമാരുമുണ്ടായിരുന്നു.


ഷാൻ്റോലാൽ(ജന.കൺവീനർ, പോരാട്ടം)

ഈ സമുദായം ഒരു അപലപന തൊഴിലാളി യൂണിയനല്ല എന്ന തലക്കെട്ടിൽ മാധ്യമം ദിനപത്രത്തിന്റെ “നിലപാട് പേജിൽ” 2021 സെപ്റ്റംബർ 6 ന് പ്രസിദ്ധീകരിച്ച ലേഖനവും അതിൽ മാർക്സിസത്തിനെതിരായും സ്റ്റാലിനും പോൾപ്പോട്ടും ഉൾപ്പെടെ മാവോയെയും മാർക്സിനെയും വരെ അവഹേളിക്കുന്ന തരത്തിൽ വന്ന ലേഖനം, തലക്കെട്ടിൽ പറഞ്ഞ അപലപന തൊഴിൽ പ്രശ്നവും മറികടന്ന് തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധതയിലേക്കും അതുവഴി കമ്മ്യൂണിസ്റ്റുകളും മുസ്ലിംങ്ങളും സമര പോരാട്ടങ്ങളിലൂടെ ഊട്ടിയുറപ്പിച്ച സാഹോദര്യത്തിന്റെ കടക്കൽ ആഞ്ഞു വെട്ടുന്നതിലേക്കുമാണ് കടന്നിട്ടുള്ളത്.ഒരു അപലപന തൊഴിലാളി അല്ലാതിരിക്കാനോ ഒരു കമ്മ്യൂണിസ്റ്റ് വിരോധിയാകാനോ നിങ്ങൾക്ക് ജനാധിപത്യപരമായ അവകാശമുണ്ട്. പക്ഷെ മാനവ സാഹോദര്യത്തിന്റെ മേൽ കത്തിവയ്ക്കാൻ നിങ്ങൾ കാണിച്ച നിർലജ്ജത ചോദ്യം ചെയ്യപ്പെടാതെ പോകുന്നത് അപകടമാണ്.

രണ്ടാം ലോകയുദ്ധകാലത്തെ ചെച്ചിനിയൻ പ്രശ്നത്തെ ചൂണ്ടിക്കാട്ടിയാണ് നിങ്ങൾ കടുത്തതും അശ്ലീലം നിറഞ്ഞതുമായ പരാമർശങ്ങൾ മാർക്സിസത്തിനെതിരെയും, താത്വിക ആചാര്യൻമാർക്കെതിരെയും അഴിച്ചുവിട്ടത്. (ചെച്ചിൻ പ്രശ്നത്തിന്റെ വസ്തുതകൾ അവിടെ നിൽക്കട്ടെ.)മാർക്സ് ഒരു ബാലസാഹിത്യകാരനാണെന്നും അദേഹത്തിന്റെ അമർ ചിത്രകഥയായിരുന്നു മാർക്സിയൻ ദർശനമെന്നുമ്മുള്ള താങ്കളുടെ വിലയിരുത്തൽ സമൂഹം പരിശോധിക്കട്ടെ! സ്റ്റാലിനും മാവോയും ഉൾപ്പെടെയുള്ളവർ രക്തദാഹികൾ മാത്രമല്ല ചലദാഹികളും ശുക്ലദാഹികളും വരെയായിരുന്നു എന്ന നിങ്ങളുടെ പരാമർശം എന്തുദ്യേശത്തോടെ നടത്തിയതാണ് എന്നതാണ് ഗൗരവ പ്രശ്നം.അഫ്ഗാനിൽ നിന്ന് അമേരിക്ക തോറ്റോടുകയും താലിബാൻ അധികാരം പിടിച്ചെടുക്കുകയും ചെയ്തപ്പോൾ മാധ്യമം ദിനപത്രം നൽകിയ “സ്വതന്ത്ര അഫ്ഗാൻ” എന്ന തലക്കെട്ടിനെ വിമർശിച്ചും അമേരിക്കൻ പക്ഷപാതത്തിന്റെ പേരിൽ അല്ലെങ്കിലും താലിബാനോടുള്ള വിമർശനത്തിൽ ഊന്നൽ നൽകി മാധ്യമത്തിന്റെ സമീപനത്തെ വിമർശിച്ചവരോടുള്ള, അതിന്റെ അടിസ്ഥാനത്തിൽ മാധ്യമം ബഹിഷ്കരിക്കാൻ തീരുമാനിച്ചവരോടുള്ള പകയും ലക്ഷണമൊത്ത മത യാഥാസ്ഥിതികത്വത്തിന്റെയും ഭരണവർഗ സേവയുടെയും അതിലൂടെ സാമ്രാജ്യത്വ-സംഘി സേവയുടെയും ബഹിർസ്പുരണമാണ് നിങ്ങളുടെ ലേഖനത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിയുന്നത്.കാരണം ജമാഅത്തെ ഇസ്ലാമിയും മാധ്യമവും താങ്കളുൾപ്പെടെയുള്ളവരും കഴിഞ്ഞ കാലങ്ങളിൽ സ്വീകരിച്ച സമീപനങ്ങൾ അതിലേക്കാണ് വിരൾചൂണ്ടുന്നത്.

മുസ്ലിംങ്ങളുടെ പ്രശ്നം പറഞ്ഞാണല്ലോ നിങ്ങൾ നിലകൊള്ളുന്നത്.ഇന്ത്യൻ മുസ്ലിംങ്ങൾ ഈയടുത്ത കാലത്ത് നേരിട്ട നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും കടുത്ത പ്രശ്നം അവരുടെ പൗരത്വ പ്രശ്നമാണ്.പാർലമെന്റ് പാസാക്കിയ സിഎഎ, എൻആർസി വിഷയത്തിൽ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ അലയടിക്കുകയുണ്ടായി.സിഎഎ ആദ്യം ലക്ഷ്യമിട്ടത് മുസ്ലിംങ്ങളെയാണെങ്കിലും ഒന്നാമതത് മുസ്ലിംങ്ങളുടെ പ്രശ്നമെന്ന തിരിച്ചറിവോടെയും അതിലുപരി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും രാജ്യത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും പ്രശ്നം എന്ന നിലക്ക് മുസ്ലിംങ്ങളല്ലാത്ത അനേകായിരം മനുഷ്യർ അതിൽ പങ്കെടുക്കുകയുണ്ടായി. അതിൽ കമ്മ്യൂണിസ്റ്റ്കാരും ജനാധിപത്യവാദികളും സാഹോദര്യം കാത്തു സൂക്ഷിക്കുന്ന വകതിരിവുള്ളവരുമായ അനേകർ ഉണ്ടായിരുന്നു.

സിഎഎ പ്രഖ്യാപനം വന്നയുടൻ നിങ്ങളുടെ വെൽഫയർ പാർട്ടിയുടെ മുൻകയ്യിലായിരുന്നല്ലോ കേരളത്തിൽ ഒരു സംയുക്ത സമിതി രൂപം കൊണ്ടത്.സാംസ്കാരിക പ്രവർത്തകരും മനുഷ്യാവകാശ-പൗരാവകാശ പ്രവർത്തകരും, എസ് ഡി പി ഐ,പോരാട്ടം അങ്ങനെ എല്ലാവരും ഉൾപ്പെടുന്ന ഒരു വിശാല മുന്നണിയായിരുന്നല്ലോ അന്ന് രൂപപ്പെട്ടത്.സിഎഎയ് ക്കെതിരായ പ്രക്ഷോഭത്തിൽ അറച്ച് നിന്ന് മുൻകൈ നഷ്ടപ്പെട്ട് സിപിഎമ്മും കോൺഗ്രസ്സും സിപിഐയും, ലീഗുമെല്ലാം ഉറക്കം നടിക്കുന്ന ഘട്ടത്തിലുമായിരുന്നു ഇതിന്റെ രൂപീകരണം.എല്ലാ ജില്ലകളിലും അതിന്റെ ജില്ലാ സമിതികളും രൂപം കൊണ്ടു.ആ സംയുക്ത സമിതിയാണ് ആദ്യത്തെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തത്.ആ ഹർത്താൽ കേരളത്തിന്റെ ചരിത്രത്തിൽ ഇടം നേടി വിജയിച്ച ഒരു ജനകീയ ഹർത്താലായി മാറി. മേൽപ്പറഞ്ഞ വല്യേട്ടൻ സംഘടനകൾക്ക് ഞെട്ടൽ ഉണ്ടായി. അവരുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമോ എന്നതായിരുന്നു ഞെട്ടലിന്റെ അടിസ്ഥാനം. പിന്നീട് കണ്ടത് കേരളത്തിൽ ആദ്യമായി ഹർത്താൽ പ്രകടനങ്ങൾ പോലിസ് തടയുന്നതും പങ്കെടുക്കുത്തവർക്കെതിരെ കേസെടുക്കുന്നതുമാണ്.(ഈ ലേഖകനെതിരെയും മാനന്തവാടി പോലീസ് സ്റ്റേഷനിൽ അതിന്റെയൊരു കേസ് നിലവിലുണ്ട്.)ദാവൂദിനെയൊന്നും ഒരു തെരുവിലും കണ്ടതുമില്ല.ജമാഅത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐ യുടെയും കൂടെ സമരം ചെയ്തതിന് “പോരാട്ടവും” മറ്റ് പുരോഗമനവാദികളും കേൾക്കാത്ത കേട്ടുകൊണ്ടിരിക്കുന്ന പഴികളില്ല.വർഗീയ വാദികളുമായുള്ള ചങ്ങാത്തമാണ് പഴിക്കുന്നവരുടെ പ്രശ്നം. അതുമവിടെ നിൽക്കട്ടെ.ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണല്ലോ അവിടെ കർതൃത്വത്തേക്കാൾ ജനങ്ങളുടെ മുന്നിൽ നിൽക്കുന്ന സംഘടനകളുടെ ജനാധിപത്യപരമായ ഏകോപനമാണ് പ്രധാനം.എന്നാൽ ആ സംയുക്ത സമിതിക്ക് എന്തു സംഭവിച്ചു എന്ന് നോക്കാം.ഹർത്താൽ വിജയിച്ചതിന് ശേഷം ഇന്നുവരെയത് വിളിച്ച്കൂട്ടിട്ടില്ല.ഞങ്ങൾ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിട്ടു പോലും.! ചാർജ്ജ് ചെയ്യപ്പെട്ട കേസിന്റെ കാര്യത്തിൽ കേസ് നടത്തണോ, ഫൈൻ അടക്കണോ എന്ന കാര്യം കൂട്ടായി ചർച്ച ചെയ്യാൻ പോലും വീണ്ടുമത് കൂടിയില്ല. മനപ്പൂർവ്വം ആ സമിതിയെ കൊന്നുകളഞ്ഞു ഇവർ എന്നു വേണം കരുതാൻ.

പിന്നീടുള്ള സംഭവങ്ങളും അതിനെ ഉറപ്പിക്കുന്നതാണ്.കൂട്ടായ പല പ്രവർത്തനങ്ങളും നടത്തിയിട്ടുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സിഎഎ, എൻആർസി വിഷയത്തിൽ ഒരു നിസ്സഹകരണ നിയമലംഘന പ്രസ്ഥാനത്തിന്റെ രൂപീകരണ ആവശ്യം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഗ്രോ വാസുവും പ്രൊഫസർ കോയയും ഞാനും ജമാഅത്തെ ഇസ്ലാമിയുടെ ആളുകളെ കണ്ട് സംസാരിക്കാൻ ഒരു അപ്പോയിന്റ്മെൻറിന് ശ്രമിച്ചിട്ട് ഇന്നേ വരെ തരപ്പെട്ടില്ല എന്ന യാഥാർത്ഥ്യവുമുണ്ട്.അതേസമയം അതുമായി ബന്ധപ്പെട്ട യോഗങ്ങളിൽ വെൽഫയർ പാർട്ടിയുടെ പ്രതിനിധികൾ സാന്നിധ്യമറിയിച്ച് പോവുകയും ചെയ്തിട്ടുമുണ്ട്. സ്വന്തം മുൻകയ്യിൽ രൂപം കൊണ്ടതും വിജയകരമായി മുന്നോട്ടു പോയതുമായ ഒരു പ്രസ്ഥാനത്തെ കയ്യൊഴിഞ്ഞവർ,ഇത്തരം കൂട്ടായ്മകളെ അവഗണിച്ചവർ പിന്നീട് വിവിധങ്ങളായ മറ്റ് കൂട്ടായ്മകൾ രൂപീകരിക്കുന്നതാണ് കണ്ടത്.അതിനായി കോഴിക്കോട് വിളിച്ചുകൂട്ടിയ യോഗത്തിൽ ഞാനുൾപ്പെടുന്ന സഖാക്കൾ പങ്കെടുത്തിരുന്നു.

“വിജയകരമായതിനെ”കയ്യൊഴിഞ്ഞു എന്ന് പറഞ്ഞത് ബോധപൂർവ്വമാണ്.അത്ര വിജയകരമല്ലാത്തതും തങ്ങളുടെ യാഥാസ്ഥിതികത്വവും തങ്ങളുടെ വോട്ട് ബാങ്ക് താത്പര്യങ്ങളും അതിലൂടെ തങ്ങളുടെ ഭരണവർഗ സേവയുമെല്ലാം സമ്മേളിക്കുന്ന നീക്കങ്ങളായിരുന്നു അവർക്ക് വേണ്ടിയിരുന്നത്.ഈ നീക്കം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെയായിരുന്നു ലക്ഷ്യം വച്ചത്.അത് കോൺഗ്രസ് വോട്ട് ബാങ്ക് താത്പര്യങ്ങളോടാണ് ഒട്ടിനിന്നത്.എസ്ഡിപിഐ ആകട്ടെ സ്വന്തം നിലക്ക് നിന്നപ്പോൾ തന്നെ സിപിഎം വോട്ട് ബാങ്ക് താത്പര്യത്തിനൊപ്പവും നിൽക്കുന്നത് കണ്ടു.അതുകൊണ്ടാണ് സിപിഎമ്മിന്റെ എസ്ഡിപിഐ വിമർശനം തെരഞ്ഞെടുപ്പ് കാലത്ത് പൊടുന്നനെ മയപ്പെടുകയും ജമാഅത്തെ ഇസ്ലാമി-ലീഗ് വിമർശനം ശക്തമാകുന്നതും നാം കണ്ടത്.

ഈ വോട്ട് ബാങ്ക് കിടമത്സരത്തിന്റെ ഭാഗമായതും അതിന്റെ തുടർച്ചയിലുള്ളതുമായ അസ്വാരസ്യങ്ങളും വൈരുദ്ധ്യങ്ങളുമാണ് സി ദാവൂദിന്റെ ലേഖനത്തിൽ നിഴലിക്കുന്ന ഒരു കാര്യം. ഈ വോട്ട് ബാങ്ക് രാഷ്ടീയത്തിന്റെ ഉള്ളടക്കമെന്താണ്? എല്ലാ ഭരണകൂടങ്ങളും താഹൂത്തികൾ (അനിസ്ലാമികം) എന്നാണ് മൗദൂദി നിലപാട്. അങ്ങിനെയെങ്കിൽ ഇന്ത്യൻ ഭരണകൂടം എങ്ങിനെയാണ്, മൗദൂദിയുടെ ആശയങ്ങൾ പിൻതുടരുന്ന ജമാഅത്തെ ഇസ്ലാമിക്ക് ജനാധിപത്യ ഇന്ത്യ ആകുന്നത്? അവർ എങ്ങിനെയാണ് തിരെഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നത്? സിപിഎം എങ്ങിനെയാണോ മാർക്സിസത്തിന്റെ പേരിൽ ചുവന്ന കൊടിയുടെ മറവിൽ ഭരണത്തിൽ പങ്കെടുത്ത് സാമ്രാജ്യത്വ സേവ ചെയ്യുന്നത് അതിന്റെ ജമാഅത്തെ പതിപ്പാണിവരും.ഇവർ യഥാർത്ഥത്തിൽ മുസ്ലിംങ്ങൾക്കിടയിൽ മറ്റൊരു ലീഗിനെ വളർത്തുകയാണ്.അതുകൊണ്ടാണവർക്ക് പാലത്തായി കേസ് അട്ടിമറിച്ച ഐ ജി ശ്രീജിത്തിനെ പോലൊരാളെഎസ്ഡിപിഐ വിരോധത്തിന്റെ പേരിൽ സ്വീകരിച്ചാനയിക്കാൻ കഴിയുന്നത്. അതുകൊണ്ടാണവർക്ക് സിഎഎ സമരം വോട്ട് ബാങ്ക് കച്ചവടത്തിന് വേണ്ടി ഉപയോഗിക്കാൻ കഴിയുന്നതും. മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര സങ്കൽപത്തിലേക്ക് വഴി നടത്താനല്ല ഇത് പറഞ്ഞത്.മറിച്ച് ഭരണ വർഗ പാർട്ടികളുടേതിന് സമാനമായ നിലപാടുകൾ വിശകലനം ചെയ്തെന്ന് മാത്രം.ജമാഅത്തെ ഇസ്ലാമിയുടെ ഈ നിലപാടുകളിലെല്ലാം കാണുന്നത് ഇങ്ങനെ ചുരുക്കാം.

   1. തങ്ങൾക്കും തങ്ങളുടെ താത്പര്യങ്ങൾക്കും മേൽ വളരുന്ന കൂട്ടായ്മകൾ ഉണ്ടാവരുതെന്ന മത യാഥാസ്തിതികത്വം.

   2. അതിൽതന്നെ ജനകീയമായി ഒരു സമരവും വളരരുതെന്ന വിഭാഗീയത.ഇത് സാമ്രാജ്യത്വ താത്പര്യങ്ങൾക്ക് ഒത്ത് പോകുന്നതുമാണ്.ഇന്ത്യയിലിപ്പോൾ സംഘികൾക്കുള്ളതും ഈ ആഗ്രഹമല്ലാതെ മറ്റെന്താണ്?

   3. വോട്ട് ബാങ്ക് രാഷ്ടീയത്തിലൂടെ ഇന്ത്യൻ ഭരണവർഗങ്ങൾക്കിടയിൽ സ്വീകാര്യരായി അതിൽ ഇടമുറപ്പിക്കാനുള്ള ഭരണവർഗ സേവ.

മാധ്യമം ബഹിഷ്കരണം തത്കാലം സ്വീകാര്യമായ കാര്യമല്ലെങ്കിലും താലിബാൻ വിഷയത്തിൽ സിപിഎം അനുഭാവികളും സമൂഹത്തിലെ വിവിധയാളുകളും പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളോട് എന്തിനിത്ര അസഹിഷ്ണുത എന്നതാണ്.അഫ്ഗാനിൽ നിന്ന് അമേരിക്ക തോറ്റോടി എന്നത് ശരി തന്നെ അവരെ തോൽപ്പിച്ചത് താലിബാൻ എന്നതും ശരി. പക്ഷെ അഫ്ഗാൻ സ്വതന്ത്രമായിട്ടില്ല എന്ന അഭിപ്രായം ഉള്ളവർക്കത് പറയരുത് എന്നുണ്ടോ? ബ്രിട്ടീഷുകാർ തോറ്റോടിയ ഇന്ത്യ സ്വതന്ത്രമായിട്ടില്ല എന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെയും അഭിപ്രായം ഇതെല്ലാം ശക്തമായ അഭിപ്രായങ്ങളും തർക്കറ്റ വസ്തുതകളും തന്നെയാണ്.

റഷ്യൻ പാവ സർക്കാരിനെ താഴെയിറക്കിയാണല്ലോ താലിബാൻ ആദ്യം അധികാരത്തിലെത്തുന്നത്. അതേ താലിബാനെ താഴെയിറക്കിയ അമേരിക്ക അവിടെ അവരുടെ പാവകളായ ഹമീദ് കർസായി, അഷറഫ് ഖനി സർക്കാരുകളെ വാഴിച്ചു. ഇപ്പോൾ യുദ്ധവിജയമുള്ളപ്പോൾ പോലും അമേരിക്കയുമായുള്ള ധാരണകൾ താലിബാൻ ഉണ്ടാക്കിയിട്ടുമുണ്ട്. അമേരിക്കയുടെ താത്പര്യങ്ങൾക്കും അഫ്ഗാനിലെ വസ്തുവകകൾക്കും നാശമുണ്ടാവില്ല എന്നതാണത്.താലിബാനികളും അമേരിക്കയെ സഹായിച്ചവരും അടങ്ങുന്ന രണ്ട് പക്ഷം മാത്രമല്ല അഫ്ഗാൻ ജനത എന്ന് ഓർക്കണം.ഈ ജനതക്ക് മുന്നിൽ താലിബാന്റെ ഇപ്പോഴത്തെ നിലപാടുകൾ പഴയ പാവകളുടെ നിലപാടുകളുടെ സ്വാംശീകരണമുള്ളതാണെന്ന് വന്നാൽ അഫ്ഗാൻ സ്വതന്ത്രമെന്ന് അവർ പോലും പറയാൻ ഇടയില്ല.

ഇനി ദാവൂദിന്റെ ഹീനമായ പരാമർശങ്ങളിലേക്ക് വരാം സ്റ്റാലിനും മാവോയും ഉൾപ്പെടെയുള്ളവർ രക്ത ദാഹികളും ചല ദാഹികളും ശുക്ല ദാഹികളുമായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഈ ആക്ഷേപം ഉയർത്തുക വഴി അണികളിലെ യാഥാസ്ഥിതികത്വം ഈട്ടിയുറപ്പിച്ച്, ഇവിടെയുള്ള മാർക്സിസ്റ്റ് ലെനിനിസ്റ്റ് മാവോയിസ്റ്റ് ആശയഗതിക്കാരിൽ നിന്നും അവരുമായുള്ള സാഹോദര്യത്തിൽ നിന്നും മുസ്ലിം സമൂഹത്തെയും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരെയും അകറ്റുക എന്ന ദുരുദ്യേശമാണുള്ളത് എന്ന് വ്യക്തമാണ്.

സി ദാവൂദും ഈ നിലപാടുകളോട് യോജിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളും ഈ ലേഖനത്തിന് പ്രസിദ്ധീകരണാനുമതി നൽകിയ മാധ്യമത്തിന്റെ അധികാരികളും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്. ബിജെപി ഭരണകാലത്ത് ഗുജറാത്ത് വംശഹത്യയിൽ മുസ്ലിംങ്ങൾ ചുട്ടെരിക്കപ്പെട്ടപ്പോൾ, ഗർഭിണിയുടെ വയർ പിളർന്ന് ഗർഭസ്ഥ ശിശുവിനെ ശൂലത്തിൽ കുത്തിയെടുത്ത് ചുട്ടെരിച്ചെന്ന വാർത്ത വന്നപ്പോൾ, ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ, കോൺഗ്രസ് ഭരണകാലത്തുപോലും യുപിയിൽ മുസ്ലിം വിരുദ്ധ കലാപങ്ങളിൽ നൂറ് കണക്കിന് മുസ്ലിംങ്ങൾ കൊല ചെയ്യപ്പെട്ടപ്പോൾ, പൗരത്വ ഭേദഗതി സമരത്തിനെതിരായി ഡൽഹിയിൽ വംശഹത്യ നടന്നപ്പോൾ, അവിടെ മുസ്ലിംങ്ങളുടെ ജഢങ്ങൾ ഓടയിലൊഴുകിയപ്പോൾ, ഓവുചാലുകളിൽ നിന്ന് കണ്ടെടുക്കപ്പെട്ടപ്പോൾ ഞങ്ങളീ നിങ്ങൾ പറഞ്ഞ ദാഹങ്ങളുമായി നടക്കുകയായിരുന്നില്ല.നിങ്ങൾ ജനാധിപത്യമെന്നു വാഴ്ത്തുന്ന ഇന്ത്യൻ സർക്കാരിന്റെ പട്ടാളാം കാശ്മീരിൽ മുസ്ലിം സ്ത്രീകൾക്കെതിരെ പീഡനങ്ങൾ നടത്തുമ്പോഴും ഞങ്ങളീ ദാഹങ്ങളുമായി നടക്കുകയായിരുന്നില്ല.പട്ടാളക്കാരുടെ ബലാത്സംഘങ്ങളിൽ നിന്ന് രക്ഷനേടാൻ സ്വന്തം ശരീരത്തിലും മുഖത്തും മലംവാരി തേക്കേണ്ടിവന്ന അമ്മയുടെ ചിത്രം ഞങ്ങളെ കരയിക്കാതിരുന്നില്ല.അലിയുടെ കവിത ഞങ്ങളും ഷെയർ ചെയ്തിരുന്നു.പെല്ലറ്റ് തോക്കുകൾ കൊണ്ട് മുഖം മുറിഞ്ഞ, കണ്ണ് മുറിഞ്ഞ കുഞ്ഞുങ്ങളുടെ രോധനം കണ്ട് മനസ്സ് നുറുങ്ങി എത്ര രാത്രികൾ ഞങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്കറിയുമോ? ഈ രാജ്യത്ത് നിന്ന് മുസ്ലിംങ്ങളെ ആട്ടിപ്പായിക്കാൻ അവരെ കോൺസൺട്രേഷൻ ക്യാമ്പുകളിലടക്കാൻ സംഘപരിവാരം നിയമങ്ങൾ ചുട്ടെടുക്കുമ്പോൾ കമ്മ്യൂണിസ്റ്റ്കാരായ ഞങ്ങളുടെയും ചോരവീഴാതെ ഒരു മുസ്ലിമിന്റെയും ചോര ഈ മണ്ണിൽ വീഴാൻ അനുവദിക്കില്ലെന്ന് തെരുവിൽ പലകുറി ശപതം ചെയ്തവരാണ് ഞങ്ങൾ.ഇത് ഏതെങ്കിലും സംരക്ഷക വേഷധാരികളായവരുടെ മാനസിക നിലയിൽ നിന്നു കൊണ്ടുള്ള ഐക്യപ്പെടലായിരുന്നില്ല. മറിച്ച് വിവിധ ധാരകൾ ഒരു പൊതുശത്രുവിനെതിരെ എങ്ങിനെ ഐക്യപ്പെടണം എന്ന ധാരണയുടെയും നിലപാടിന്റെയും അടിസ്ഥാനത്തിൽ തന്നെയായിരുന്നു.

അന്ന് മുസ്ലിംങ്ങൾക്കൊപ്പം ഞങ്ങളും പോലീസിനാൽ തെരുവിൽ വലിച്ചിഴക്കപ്പെട്ടിരുന്നു.അത് മാധ്യമത്തിന്റെ എയർക്കണ്ടീഷൻ സംസ്കാരത്തിലിരിക്കുന്ന പേനയുന്തികൾക്കറിയില്ലെങ്കിൽ വെൽഫയർ പാർട്ടിയുടെയും സോളിഡാരിറ്റിയുടെയും തെരുവിലിറങ്ങിയിട്ടുള്ള സമരവാളണ്ടിയർമാരോടൊന്ന് ചോദിച്ചറിയണം. പരസപരം തടവറയെക്കുറിച്ചും വിശപ്പിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. കാണുമ്പോഴാദ്യം സഖാക്കളുടെ വിശപ്പിനെപ്പറ്റി അന്വേഷിക്കുന്ന പ്രവർത്തകരവിടെയുണ്ട് മിസ്റ്റർ.രക്തസാക്ഷികളായ സഖാക്കൾക്ക് വേണ്ടി നിങ്ങളുടെ പ്രസ്ഥാനം തന്നെ രംഗത്ത് വന്നതും മറക്കുന്നില്ല. ഇത് സമരങ്ങളാൽ ഊട്ടിയുറപ്പിക്കപ്പെട്ട സാഹോദര്യമാണ്.പലകുറി നിങ്ങളെഴുതിയ ആ പത്രത്തിന് തീ കൊളുത്തണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയത് ഊട്ടിയുറപ്പിക്കപ്പെട്ട ഈ സാഹോദര്യത്തിന്റെ കരുത്തിലാണ്‌. ഒരു പക്ഷെ നിങ്ങളിത് (ഒരു തീകൊളുത്തൽ) ആഗ്രഹിച്ചിരിക്കും എന്നു തന്നെ കരുതുന്നു.കാരണം ചരിത്രത്തിൽ വാരിയംകുന്നനെപ്പോലുള്ള ധീര പോരാളികൾക്കെതിർവശം ഷൂ നക്കികളും മാപ്പുസാക്ഷികളുമായ സവർക്കർമാർ മാത്രമല്ല ചേക്കുട്ടി അധികാരിമാരും മിർ ജാഫർമാരുമുണ്ടായിരുന്നു.

മനുഷ്യ സാഹോദര്യത്തിനുമേൽ വിള്ളൽ വീഴ്ത്തുന്ന ഇതുപോലുള്ള വിഭജനവാദികളെ തിരുത്താൻ, അല്ലെങ്കിൽ പഠിക്ക് പുറത്തെറിയാൻ ജമാഅത്തിന്റെ അണികളെങ്കിലും തയ്യാറായാൽ അത്രയും നല്ലത്.
എ അയ്യപ്പന്റെ ഒരു കവിത ദാവൂദിനെ ഓർമ്മിപ്പിക്കാം “കാറപകടത്തിൽപ്പെട്ട് മരിച്ച വഴിയാത്രക്കാരന്റെ ചോരയിൽ ചവിട്ടി ആൾക്കൂട്ടം നിൽക്കെ മരിച്ചവന്റെ പോക്കറ്റിൽ നിന്നും പറന്നുവീണ അഞ്ച് രൂപ നോട്ടിലായിരുന്നു എന്റെ കണ്ണ് “എന്ന് അദ്ദേഹമെഴുതിയിട്ടുണ്ട്. പൗരത്വ ഭേദഗതി വിഷയത്തിലും വംശഹത്യകളിലുംപ്പെട്ട് മുസ്ലിംങ്ങൾ മരിച്ചു വീഴുമ്പോൾ അവരുടെ തളം കെട്ടിനിൽക്കുന്ന ചോരയിൽ ജനത വിറങ്ങലിച്ച് നിൽക്കുമ്പോൾ മുസ്ലിംങ്ങളുടെ വിരൽതുമ്പുകൾ കൊണ്ട് കുത്താനിരിക്കുന്ന വോട്ടുകളിലായിരുന്നു നിങ്ങളുടെ കണ്ണ് എന്നതാണ് ഇവിടെ വെളിപ്പെട്ടത്.ഇത് എത്ര ക്രൂരമാണ്‌ മിസ്റ്റർ? ഇവിടെ യഥാർത്ഥത്തിൽ രക്തവും ചലവും (നിങ്ങളുപയോഗിച്ച ആ വാക്ക് വീണ്ടും ഉപയോഗിക്കുന്നില്ല). ദാഹിച്ചതും മോഹിച്ചതും നിങ്ങൾ തന്നെയാണ്. നിങ്ങളുടെ വോട്ട് ദാഹത്തിൽ നിന്ന് നിങ്ങൾ രക്ഷപ്പെട്ടാലേ ഈ വിഷമവൃത്തത്തിൽ നിന്ന് നിങ്ങളും രക്ഷ നേടൂ..


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal