ഇന്ത്യൻ ഭരണകൂടം ജാതി സെൻസസിനെ ഭയപ്പെടുന്നോ?

മൊഴിമാറ്റം : മണിരത്നം


സെൻസസിൽ ജാതി കണക്കാക്കുന്നത് മൂലം സ്വതന്ത്ര ഇന്ത്യയിൽ ഒരിക്കലും കണക്കാക്കപ്പെടാത്ത ഒരേയൊരു സാമൂഹിക വിഭാഗമായ “ഉയർന്ന” ജാതികൾ എന്ന് വിളിക്കപ്പെടുന്നവരുടെ എണ്ണം ദൃശ്യമാകുമെന്ന പേടി ഭരണകൂടത്തിനുണ്ട്.


ജാതി കണക്കിലെടുക്കാത്തതിന്റെ പ്രധാന കാരണം രാഷ്ട്രീയമാണ്, യുപിഎയിൽ നിന്നും എൻഡിഎയിൽ നിന്നും ഇതിൽ സമാനമായ പ്രതികരണങ്ങളാണ് ഉണ്ടാവുന്നത്. ദേശീയ സെൻസസിൽ ജാതി കണക്കാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ കേൾക്കുന്ന ബഹളം വളരെ പ്രധാനപ്പെട്ടതാണ്.

ഇന്ന്, അധികാരം ഡാറ്റയാണ്.ഒപ്പം വിവരങ്ങളുടെ അഭാവവും അധികാരത്തിന്റെ ഫലമാണ്. ഇന്ത്യൻ സെൻസസ് പോലുള്ള ഭീമാകാരമായ വിവരശേഖരണ യജ്ഞം എപ്പോഴും നിയന്ത്രിക്കപ്പെടുന്നത് എണ്ണപ്പെടുന്നവരാലോ എണ്ണുന്നവരാലോ അല്ല എന്നതാണ് സത്യം.

സ്വന്തം സാമൂഹിക ദൃശ്യപരത(Social Visibility) നിയന്ത്രിക്കുന്നത് അധികാരത്തിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്. അശക്തരെ അദൃശ്യരാക്കാനും സാമൂഹികമായി തുടച്ചുനീക്കാനും അതിന് കഴിയും. അല്ലെങ്കിൽ അവരെ വ്യത്യസ്ത രീതികളിൽ അടയാളപ്പെടുത്താനോ ബ്രാൻഡ് ചെയ്യാനോ അപമാനകരമായോ വൈകാരികമായോ പ്രദർശിപ്പിക്കാനും അധികാരത്തിനു സാധിക്കും.

അധികാരശക്തി ഉള്ളവർക്ക് അവർ സമൂഹത്തിന് ദൃശ്യരാകണമോ, അല്ലെങ്കിൽ എങ്ങനെ ദൃശ്യരാകണം എന്ന് തീരുമാനിക്കാൻ കഴിയും. സെൻസസിൽ ജാതി കണക്കാക്കുന്നത് മൂലം സ്വതന്ത്ര ഇന്ത്യയിൽ ഒരിക്കലും കണക്കാക്കപ്പെടാത്ത ഒരേയൊരു സാമൂഹിക വിഭാഗമായ “ഉയർന്ന” ജാതികൾ എന്ന് വിളിക്കപ്പെടുന്നവരുടെ എണ്ണം ദൃശ്യമാകുമെന്ന പേടി ഭരണകൂടത്തിനുണ്ട്.

ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും ശക്തരും അതിനാൽ തന്നെ കൂടുതൽ സൗകര്യം അനുഭവിക്കപ്പെടുന്നതുമായ ന്യൂനപക്ഷം സവർണ്ണ വിഭാഗങ്ങളിൽപ്പെട്ടവരാണെന്ന വസ്തുത ഇന്ന് മുൻപത്തേക്കാൾ ഏറെ വ്യക്തമാണ്. നമ്മുടെ നാനാ മതങ്ങളിലും നാനാ പ്രദേശങ്ങളിലും രാഷ്ട്രീയ സ്പെക്ട്രത്തിൽ ഇടത് വലത് വ്യത്യാസമില്ലാതെയും ഇത് തുടരുന്നു. ചെറിയ പ്രാദേശിക അപവാദങ്ങൾ മാറ്റിനിർത്തിയാൽ ഇന്ത്യയിൽ, ഉയർന്ന ജാതികൾ ഭരിക്കുന്നു എന്ന നിയമം തെളിഞ്ഞു കാണാം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചു എന്നത് ശരിയാണെങ്കിലും, ഈ മാറ്റങ്ങൾ കൂടുതലും മധ്യവർഗ്ഗത്തിൽ ഒതുങ്ങി. കൂടാതെ, ജാതി വിഭാഗങ്ങൾക്കുള്ളിലെ വേർതിരിവ് – ഉയർന്ന ജാതിയിലെ ഉപ വിഭാഗങ്ങൾക്ക് പ്രത്യേകവകാശമില്ല. എന്നാൽ, താഴ്ന്ന ജാതിയിലെ പല അംഗങ്ങൾക്കും ഇപ്പോൾ താരതമ്യേന പദവികൾ ഉണ്ടെന്നതും- സാമൂഹിക വരേണ്യ വിഭാഗത്തിന്റെയും അരക്ഷിതരായ അധഃസ്ഥിത വിഭാഗത്തിന്റെയും മൊത്തത്തിലുള്ള ഘടനയെ മാറ്റുന്നതിൽ നിന്ന് വളരെ പിന്നിലാണ്. അങ്ങനെ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്ക് കടക്കുമ്പോൾ, ഇന്ത്യൻ സമൂഹത്തിന്റെ മേൽത്തട്ട് ഉയർന്ന ജാതിയായി തുടരുമ്പോഴും അതിന്റെ അടിത്തട്ട് ഏതാണ്ട് താഴ്ന്ന ജാതിയിൽ തന്നെ തുടരുകയാണ്.

ഇത് ഒരു സുപ്രധാന കണ്ടുപിടിത്തമൊന്നുമല്ല. മിക്ക ഇന്ത്യക്കാരും, പ്രത്യേകിച്ച് താഴെയും മുകളിലുമുള്ളവർ, ഇത് എല്ലായ്പ്പോഴായും അറിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷമുള്ള പതിറ്റാണ്ടുകളിൽ നെഹ്രുവിയൻ നിഷ്കളങ്കതയുടെയും “കോൺഗ്രസ് സംവിധാനത്തിന്റെയും” കീഴിൽ വികസിച്ച രാഷ്ട്രീയ ഭാഷ വഴി ഇത് പൊതുവായി അറിയപ്പെടുന്നതും എന്നാൽ ഒരിക്കലും അംഗീകരിക്കപ്പെടാത്തതുമായ ഒരു പരസ്യമായ രഹസ്യമായി മാറി. ഒരു രാഷ്ട്രീയ രൂപകമെന്ന നിലയിൽ ദാരിദ്ര്യത്തെ അതിരുകടന്ന വൈകാരികതയുമായി കൂട്ടിക്കലർത്തിയത് നമ്മുടെ അസമത്വങ്ങളുടെ മൂലകാരണമായ വിനാശകരമായ ജാതി മാനം മറയ്ക്കാൻ സഹായിച്ചു. ഒരു ജാതി സെൻസസ് ഈ മാനത്തെ തുറന്നു കാണിക്കും എന്ന ഭീഷണി ഉയർത്തുന്നു.

ദേശീയ രാഷ്ട്രീയത്തിൽ ജാതിയെ ചുറ്റിപ്പറ്റിയുള്ള മൗനം മണ്ഡൽ കാലത്താണ് ആദ്യമായി ലംഘിക്കപ്പെട്ടുന്നത്. 1990കൾ ജാതിയെക്കുറിച്ചുള്ള നമ്മുടെ കൂട്ടായ ധാരണയ്ക്ക് നിർണായകമായ ഒരു കാലഘട്ടമായിരുന്നു, അതിന്റെ നേരിട്ടുള്ള ഫലങ്ങളിലൊന്ന് ഒരു ജാതി സെൻസസ് എന്ന ആവശ്യം ഊർജിതമാക്കി എന്നതാണ്. 2001 ലെ സെൻസസ് ആദ്യത്തെ കലഹങ്ങൾക്ക് കാരണമായി, പക്ഷേ എതിർ ശക്തികൾ താരതമ്യേന എളുപ്പത്തിൽ വിജയിച്ചു. 2011 ലെ സെൻസസ് കൂടുതൽ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു, ആത്യന്തികമായി യു‌പി‌എ സർക്കാർ, പരാജയപ്പെടാൻ രൂപകൽപ്പന ചെയ്‌ത, സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് എന്ന പദ്ധതി വഴി ഒരു പിൻവാതിൽ രക്ഷപ്പെടൽ നടത്തി.പക്ഷെ ശക്തി വിവരമാണ് എന്ന് തെളിയിക്കുന്നത്പോലെ ആ പദ്ധതിയിൽ ശേഖരിച്ച അപൂർണ്ണ വിവരങ്ങൾ പോലും രഹസ്യമായി സൂക്ഷിച്ചു.

ഭരണകക്ഷിയുടെ (അല്ലെങ്കിൽ ചില വിഭാഗങ്ങളുടെയെങ്കിലും) പൊരുത്തമില്ലാത്ത പ്രതികരണങ്ങൾ കാണിക്കുന്നത് 2021-ൽ സൂചികകൾ ഇതിലും കൂടുതലാണെന്നാണ്. വിപണിയുടെയും പകർച്ചവ്യാധിയുടെയും സംയോജിത ഫലങ്ങൾ ഈ സമീപകാലത്ത് രാജ്യത്ത് അസമത്വം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് കാണാൻ വലിയ ഉൾക്കാഴ്ച ആവശ്യമില്ല. വാസ്തവത്തിൽ, കഴിഞ്ഞ നൂറ്റാണ്ടുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ നൂറ്റാണ്ടിന്റെ വ്യത്യസ്തത ഇതാണ്. 1970 കൾ വരെ, ഇന്ത്യൻ സാമ്പത്തിക, സാമൂഹിക നയങ്ങളുടെ മൊത്തത്തിലുള്ള ധാർമ്മികത ദാരിദ്ര്യം പങ്കിടുന്നതായിരുന്നു എന്ന് പറയുന്നത് ഒരു തരത്തിൽ ശരിയായിരുന്നു. എന്നാൽ നവലിബറൽ കാലഘട്ടത്തിൽ, ഡോളർ ശതകോടീശ്വരന്മാരെ സൃഷ്ട്ടിക്കുന്നതിൽ ഇന്ത്യ വികസിത രാജ്യങ്ങളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ദാരിദ്ര്യ നിർമാർജനത്തിലെ പ്രകടനം ന്യായമാണെങ്കിലും അതിശയകരമല്ല. പുതുതായി ഉരുത്തിരിഞ്ഞു വന്ന സാമൂഹിക ക്രമത്തിൽ, അസമത്വങ്ങൾ ദയയുള്ള-സൗമ്യമായ ഭൂതകാലത്തേക്കാൾ കൂടുതൽ അസംതൃപ്തിയാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല, ഈ അസംതൃപ്തി ലോകം കണ്ട ഏറ്റവും വലിയ വോട്ട് ബാങ്കിനെ തകർക്കാൻ സാധ്യതയുണ്ട്.

ചുരുക്കത്തിൽ, ജാതി കണക്കാക്കാത്തതിന്റെ പ്രധാന കാരണം രാഷ്ട്രീയമാണ്, യുപിഎയിൽ നിന്നും എൻഡിഎയിൽ നിന്നും (ഇതുവരെ) വളരെ സമാനമായ പ്രതികരണങ്ങൾ ഉണ്ടാക്കാൻ മാത്രം ശക്തവുമാണ്. രസകരമെന്നു പറയട്ടെ, ജാതി കണക്കിലെടുക്കരുത്,അങ്ങനെ ചെയ്യുന്നത് ജാതി സ്വത്വങ്ങളെ ശക്തിപ്പെടുത്തും, അവയെ ഇല്ലാതാക്കുക എന്ന ഔദ്യോഗിക ലക്ഷ്യത്തിന് വിരുദ്ധമാണത് എന്ന നെഹ്രുവിയൻ വാദം വറ്റാത്ത ധാർമ്മിക-രാഷ്ട്രീയമായിരുന്നു. ഈ വാദത്തിൽ അൽപ്പം സത്യമുണ്ട്, എന്നാൽ അതിന്റെ സത്യസന്ധയില്ലായ്‌മ അതിന്റെ സൂചനകളിലാണ്. അല്ലെങ്കിൽ അത് കണക്കാക്കാത്തത് ജാതിയെ ദുർബലപ്പെടുത്തുമെന്ന അവകാശവാദത്തിലാണ്. തീർച്ചയായും, ഇത് സംഭവിച്ചില്ല – നമ്മുടെ സമൂഹത്തിന്റെ പ്രവർത്തനരീതി കണക്കിലെടുക്കുമ്പോൾ അതെങ്ങനെ സാധിക്കും?

ജാതി കണക്കെടുപ്പിനെ എതിർക്കുന്നതിനായി, ജാതി പോലെ സങ്കീർണ്ണവും വ്യത്യസ്തവുമായ എന്തെങ്കിലും കണക്കാക്കുന്നത് അസാധ്യമാണ് എന്നുള്ള സാങ്കേതിക-പ്രായോഗിക കാരണങ്ങൾ അധികവും വ്യാജമാണ്.

2001, 2011 സെൻസസുകളിൽ, ഇന്ത്യയിലെ ജനങ്ങൾ തങ്ങൾ ആയിരക്കണക്കിന് തൊഴിലുകളെക്കുറിച്ച് പറയാതെതന്നെ 1700 -ഓളം മതങ്ങളിൽ വിശ്വസിക്കുന്നതായി അവകാശപ്പെട്ടിരുന്നുവെന്നും 19,500 -ഓളം ഭാഷകൾ സംസാരിച്ചിരുന്നുവെന്നും കണക്കുകൾ പറയുന്നു. നമ്മുടെ സെൻസസിന്,കഠിനാധ്വാനത്തിലൂടെ, വളരെ സങ്കീർണ്ണമായ ഈ ഡാറ്റ മനസ്സിലാക്കാൻ കഴിയുമെങ്കിൽ, ജാതി കൈകാര്യം ചെയ്യുന്നത് വലിയ ബുദ്ധിമുട്ടായിരിക്കില്ല.പ്രത്യേകിച്ച് ഡിജിറ്റൽ ഡാറ്റ ശേഖരണം ഇത്ര വികസിച്ചു നിൽക്കുന്ന ഈ കാലത്ത്.

വികസനത്തിനു വേണ്ടി വിവരശേഖരണം എന്ന വാദം ജാതി സെൻസസിനു അനുകൂലമാണ് . എന്നാൽ അവ ഒരിക്കലും വിജയിച്ചിട്ടില്ല, കാരണം അതിനോടുള്ള എതിർപ്പ് അടിസ്ഥാനപരമായി രാഷ്ട്രീയമാണ്. ഇവിടെ വിരോധാഭാസം എന്തെന്നാൽ, ഇനി എന്നെങ്കിലും ഒരു ജാതി സെൻസസ് ശരിക്കും സംഭവിക്കുകയാണെങ്കിൽ അതൊരിക്കലും അഭിമാനിക്കാവുന്ന ഒന്നായിരിക്കില്ല . അത് നമ്മുടെ സമൂഹത്തെ കൂടുതൽ വ്യക്തമാക്കാനുള്ള മറ്റൊരു ഉപാധി മാത്രമായിരിക്കും. പക്ഷേ, നമ്മുടെ ഭരണാധികാരികൾക്ക് അത് സാധ്യമാക്കുന്നതിനുള്ള രാഷ്ട്രീയ ധീരതയും ധാർമ്മിക ബോധ്യവും ഇല്ലെന്ന വസ്തുത ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരനേയും ലജ്ജിപ്പിക്കുന്നതാണ്.


സതീഷ് ദേശ്പാണ്ഡെ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ലേഖകൻ ഡൽഹി സർവകലാശാലയിൽ സാമൂഹ്യശാസ്ത്രം അധ്യാപകനാണ്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal