യൂബർ,സൊമാറ്റോ താൽക്കാലിക തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി


“കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ പ്രസ്തുത തൊഴിലാളികളെ രജിസ്റ്റർ ചെയ്തിട്ടില്ല, അവർക്കായി ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടുമില്ല. ഇത് സാമൂഹിക സുരക്ഷയും മാന്യമായ തൊഴിൽ സാഹചര്യത്തേയും അവർക്ക് നിഷേധിക്കുന്നു.”


യൂബർ, ഓല ക്യാബ്സ്,സ്വിഗി, ,സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് വേണ്ടി ജോലി ചെയ്യുന്ന താൽക്കാലിക തൊഴിലാളികൾ, കരാർ തൊഴിലാളികൾ എന്നിവർക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി.

തൊഴിലാളികൾക്ക് സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയുടെ അനുച്ഛേദം 14 (തുല്യത), 21 (ജീവിക്കാനുള്ള അവകാശം), 23 (നിർബന്ധിത തൊഴിലിൽ ഏർപ്പെടാതിരിക്കാനുള്ള അവകാശം) എന്നിവയ്ക്കെതിരാണെന്ന് അപ്പീൽ ചൂണ്ടിക്കാണിച്ചു.

ആപ്പ് അധിഷ്ഠിത ട്രാൻസ്പോർട്ട്-ഡെലിവറി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഒരു രജിസ്റ്റർഡ് യൂണിയനും ട്രേഡ് യൂണിയനുകളുടെ ഫെഡറേഷനും, ഓല ക്യാബ്സ്, യൂബർ എന്നിവയ്ക്കൊപ്പം പ്രവർത്തിച്ച രണ്ട് ഡ്രൈവർമാരും സംയുക്തമായാണ് അപ്പീൽ നൽകിയത്.

ഒരു വികസ്വര രാജ്യത്തിൻ്റെ ആഭ്യന്തര ഉൽപാദനത്തിൻ്റെ നാലിൽ മൂന്ന് ഭാഗവും തൊഴിൽ മേഖലയുടെ 70 ശതമാനവും ഈ അനൗപചാരിക സമ്പത്ത് വ്യവസ്ഥയുടെ ഭാഗമാണ്.

2008 ലെ അസംഘടിത തൊഴിലാളി സാമൂഹ്യ ക്ഷേമ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ കരാർ തൊഴിലാളികൾ “അസംഘടിത തൊഴിലാളികൾ” അല്ലെങ്കിൽ “വേതന തൊഴിലാളികൾ” ആണെന്ന് കോടതിയിൽ നിന്ന് ഒരു പ്രഖ്യാപനം ഹർജി ആവശ്യപ്പെടുന്നു.

*അഗ്രഗേറ്റർമാരും താത്ക്കാലിക തൊഴിലാളികളും തമ്മിലുള്ള ബന്ധം തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം ആയതിനാൽ നിലവിലുള്ള സാമൂഹിക സുരക്ഷാ സംവിധാനങ്ങളുടെ ആനുകൂല്യങ്ങൾ താൽക്കാലിക തൊഴിലാളികൾക്കും ലഭ്യമാക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

തൊഴിലുടമകൾ തങ്ങളെ അഗ്രഗേറ്റർമാർ എന്നു വിളിക്കുകയും പങ്കാളിത്ത ഉടമ്പടികളിൽ ഏർപ്പെടുകയും ചെയ്യുന്നു എന്ന വസ്തുത തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള ബന്ധത്തെ ഇല്ലാതാക്കുന്നില്ല എന്ന് ഹർജി വ്യക്തമാക്കുന്നു.

പ്രസ്തുത കരാറുകൾ ഈ ബന്ധത്തിന്റെ സ്വഭാവം മറച്ചുവയ്ക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ഇവിടെയുള്ളത് തൊഴിലുടമയുടെയും തൊഴിലാളിയുടെയും ഒരു ബന്ധവും ഇത് തൊഴിൽ കരാറുമാണ്.

നിലവിൽ ഈ തൊഴിലാളികൾക്ക് ഒരു തൊഴിൽ നിയമനിർമ്മാണത്തിന് കീഴിലും സാമൂഹിക സുരക്ഷയുടെ ആനുകൂല്യം ലഭ്യമാകുന്നില്ല. ഇത്, ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം തൊഴിലാളികൾക്കുള്ള മാന്യമായ തൊഴിൽ സാഹചര്യങ്ങളിൽ ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശത്തിന്റെ അടിസ്ഥാനത്തിലുള്ള സാമൂഹ്യ സുരക്ഷ ഉറപ്പാക്കാൻ ശ്രമിക്കുന്ന സാമൂഹ്യക്ഷേമ നിയമനിർമ്മാണത്തിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്നു.

സംഘടിതമായതോ അസംഘടിതമായതോ മറ്റേതെങ്കിലും മേഖലകളിലുള്ളതോ ആയ എല്ലാ ജീവനക്കാർക്കും തൊഴിലാളികൾക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും ഏകീകരിക്കുന്നതിനുമായി കഴിഞ്ഞ വർഷം പാർലമെന്റിൽ സാമൂഹ്യ സുരക്ഷ സംബന്ധിച്ച കോഡ് നിലവിൽ വന്നിരുന്നു. അസംഘടിത തൊഴിലാളികൾക്കായി സ്കീമുകൾ രൂപപ്പെടുത്തുന്നതിനുള്ളതായിരുന്നു ഈ കോഡ്. എന്നിരുന്നാലും, കോഡ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.

സംഘടിത മേഖലയ്ക്കും അസംഘടിത മേഖലയ്ക്കും ബാധകമായ നിയമങ്ങൾക്കനുസൃതമായി സാമൂഹിക സുരക്ഷയുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു എന്നതാണ് താത്ക്കാലിക തൊഴിലാളികളുടെ ദുരന്തം. ഇത് അവരുടെ തൊഴിൽ സാഹചര്യങ്ങളുടെ നിലവാരം കുറയുവാനും അപമാനിക്കപ്പെടാനും അവരുടെ തൊഴിലുകൾ ഭരണഘടനയുടെ ആർട്ടിക്കിൾ 23ൽ പറയുന്ന നിർബന്ധിത തൊഴിലുകളായി മാറാനും ഇടയാക്കുന്നു എന്ന് ഹർജിയിൽ പറയുന്നു.

കേന്ദ്രസർക്കാരുകളായാലും സംസ്ഥാന സർക്കാരുകളായാലും അസംഘടിത തൊഴിലാളികളുടെ സാമൂഹിക ക്ഷേമ സുരക്ഷാ നിയമപ്രകാരം വിവിധ വിഭാഗങ്ങളിലുള്ള തൊഴിലാളികൾക്കായി സാമൂഹ്യ സുരക്ഷാ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട് എന്ന് ഹർജി കൂട്ടിച്ചേർക്കുന്നു.

“കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരുകളോ പ്രസ്തുത തൊഴിലാളികളെ രജിസ്റ്റർ ചെയ്തിട്ടില്ല, അവർക്കായി ഒരു പദ്ധതിയും ആവിഷ്കരിച്ചിട്ടുമില്ല. ഇത് സാമൂഹിക സുരക്ഷയും മാന്യമായ തൊഴിൽ സാഹചര്യത്തേയും അവർക്ക് നിഷേധിക്കുന്നു.” എന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നിലവിലുള്ള പകർച്ചവ്യാധി ഈ തൊഴിലാളികളെ പ്രതികൂലമായി ബാധിച്ചുവെന്നും പ്രധാനമായും അവരെ സംരക്ഷിക്കുന്ന നിയമങ്ങളുടെ അഭാവം മൂലമാണ് അവർ അനുഭവിക്കുന്ന അസമത്വം കൂടുതൽ വഷളാകുന്നതെന്നും ഹർജിയിൽ പറയുന്നു.

ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ് അധിഷ്ഠിത-ബേസ്ഡ് വർക്കേഴ്സിന്റെ റിപ്പോർട്ട് ഉദ്ധരിച്ച്, ആപ്പ് അധിഷ്ഠിത ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ശരാശരി പ്രതിമാസ വരുമാനത്തിൽ (25,000 മുതൽ 5,000 രൂപ വരെ) 80% ഗണ്യമായ കുറവുണ്ടായതായി ഹർജിയിൽ പറയുന്നു. അവരുടെ അവസ്ഥകൾ മെച്ചപ്പെടുത്തുന്നതിൽ സംസ്ഥാനത്തിന്റെയോ അഗ്രഗേറ്ററുകളുടെയോ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചിട്ടില്ല.

മോശമാകുന്ന തൊഴിൽ സാഹചര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച രണ്ട് ഗവേഷണ പഠനങ്ങൾ ഹർജിയിൽ പരാമർശിക്കുന്നു. പകർച്ചവ്യാധി സമയത്ത് ആപ്പ് അധിഷ്ഠിത തൊഴിലാളികളുടെ വരുമാനത്തിലെ കുറവും പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നിഷേധിക്കുന്നത് തൊഴിൽ സാഹചര്യങ്ങളിൽ ഉണ്ടാക്കിയ മാറ്റങ്ങളുമാണ് പഠനനങ്ങളുടെ വിഷയം.

അവരെ “അസംഘടിത തൊഴിലാളികൾ” എന്ന് രജിസ്റ്റർ ചെയ്യുന്നതിലും നിലവിലുള്ള നിയമപ്രകാരം അവർക്ക് സാമൂഹിക സുരക്ഷ നൽകുന്നതിലുമുള്ള ഭരണകൂടത്തിന്റെ പരാജയം ഭരണഘടനയുടെ ആർട്ടിക്കിൾ 21 (ജോലി ചെയ്യാനുള്ള അവകാശം, ഉപജീവനത്തിനുള്ള അവകാശം; മാന്യവും ന്യായവുമായ തൊഴിൽ സാഹചര്യങ്ങൾക്കുള്ള അവകാശം) പ്രകാരം അവരുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിക്കാർ വാദിക്കുന്നു.

കൂടാതെ, ഹർജിക്കാർ അന്താരാഷ്‌ട്ര കൺവെൻഷനുകളെ, പ്രധാനമായും മനുഷ്യാവകാശങ്ങളുടെ സാർവലൗകിക പ്രഖ്യാപനം, സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര കൺവെൻഷനുകളെ, ഉദ്ധരിച്ചുകൊണ്ട് എല്ലാവർക്കും അവരുടെയും അവരുടെ കുടുംബത്തിൻ്റെയും ആരോഗ്യത്തിനും ക്ഷേമത്തിനും വൈദ്യസഹായത്തിനും അതുവഴി ജീവിതനിലവാരം മെച്ചപ്പെടുത്തതുന്നതിനുമുള്ള അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നു.


*അഗ്രഗേറ്റർ – തൊഴിലാളികളെയും സംരംഭകരേയും കുട്ടിയോജിപ്പിക്കുന്ന കണ്ണി.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal