പുരോഗമന കേരളം ബിന്ദു അമ്മിണിക്കൊപ്പം നിൽക്കേണ്ടതുണ്ട്…

കേവലം ഒരു വാർത്ത എന്നതിൽ കവിഞ്ഞ് സാമൂഹ്യ പൊതുബോധത്തെ ഒരു തരത്തിലും പോറലേൽപ്പിക്കാത്ത ഒന്നായി ഇത്തരം ആക്രമണങ്ങൾ സാമാന്യവൽക്കരിക്കപ്പെട്ടു എന്നത് തീർത്തും ഭീതിജനകമാണ്.


മണിരത്നം

മാറുമറയ്ക്കാൻ അവകാശമില്ലാതെ, മറക്കുടയെടുക്കാതെ പുറത്തിറങ്ങാൻ പറ്റാതെ, സ്ത്രീകളെ അശുദ്ധരായും കേവലം ലൈംഗിക വസ്തുക്കളായും ചുരുക്കുകയും നാലുകെട്ടിന്റെ അകത്തളങ്ങളിൽ അടച്ചിടപ്പെടുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിൽ. പ്രത്യേകിച്ച് സവർണ വിഭാഗങ്ങളിൽ ഇങ്ങനെ സാമൂഹ്യപരമായ ആൺകോയ്മാ വിപത്തിൽ പൊലിഞ്ഞു പോയ സ്ത്രീകൾ നിരവധിയാണ്. തുടർന്ന് സ്ത്രീകളുടെ തന്നെ മുൻകൈയ്യിൽ നടന്ന സമരങ്ങളിലൂടെയും നിരന്തര പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾക്ക് ഇപ്പോഴുള്ള വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും അധികാരസ്ഥാനങ്ങളും ഒക്കെ നേടാനായത്.

സ്ത്രീകളെ അടിമകളാക്കാൻ ഉപയോഗിച്ച, ജാതി വ്യവസ്ഥയുടെ അടിസ്ഥാനമായ, നൂറ്റാണ്ടുകൾക്ക് മുൻപേ കുഴിച്ചു മൂടപ്പെടേണ്ട, മ്യൂസിയത്തിലെ ചില്ലിൻ കൂട്ടിലിരിക്കാൻ പോലും അർഹതയില്ലാത്ത വിഷലിപ്തമായ അതേ വേദങ്ങളും പുരാണങ്ങളും ആശയശാസ്ത്രമാക്കി സംഘപരിവാരം സ്ത്രീകൾക്കും, ദളിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇന്നും ആക്രമണങ്ങൾ അഴിച്ചു വിടുകയാണ്. കേവലം ഒരു വാർത്ത എന്നതിൽ കവിഞ്ഞ് സാമൂഹ്യ പൊതുബോധത്തെ ഒരു തരത്തിലും പോറലേൽപ്പിക്കാത്ത ഒന്നായി ഇത്തരം ആക്രമണങ്ങൾ സാമാന്യവൽക്കരിക്കപ്പെട്ടു എന്നത് തീർത്തും ഭീതിജനകമാണ്. ചില മൗനങ്ങൾ കൊണ്ടുപോലും ഫാസിസത്തെ നമ്മൾ സ്വാംശീകരിക്കുകയാണ്.

തീർത്തും ജൈവിക പ്രക്രിയയായ ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അശുദ്ധരായി കണക്കാക്കുന്നതിനെതിരെ സമരം ചെയ്ത ബിന്ദു അമ്മിണി രണ്ട് വർഷങ്ങൾക്കിപ്പുറവും സംഘപരിവാറുകാരാൽ ആക്രമിക്കപ്പെടുന്നു എന്ന വാർത്ത തീർത്തും നിസംഗതയോടെ കേട്ടിരിക്കാനാവുന്നു എന്നത് തന്നെയാണ് അതിൻ്റെ ഏറ്റവും വലിയ ഉദാഹരണം.

കഴിഞ്ഞ ആഴ്ച കോഴിക്കോട് പൊയിൽക്കാവ് എന്ന സ്ഥലത്തു നിന്നും വെസ്റ്റ് ഹില്ലിലേക്കുള്ള യാത്രാമധ്യേ അഭിഭാഷകയും പ്രൊഫസറും ആക്ടിവിസ്റ്റുമായ ബിന്ദു അമ്മിണിക്കു നേരെ സംഘപരിവാറുകാരായ ബസ് ജീവനക്കാരിൽ നിന്നും അധിക്ഷേപകരമായ പെരുമാറ്റം ഉണ്ടായത് പലരും അറിഞ്ഞിരിക്കാനിടയില്ല. രാത്രിയിൽ താൻ ഇറങ്ങേണ്ട സ്‌ഥലത്ത്‌ ബസ് നിർത്താതെ, രണ്ടു വർഷം മുൻപ് ശബരിമലയിൽ കയറിയതിനെ കുറിച്ച് ചോദ്യം ചെയ്തും തെറി വിളിച്ചും കൊണ്ടായിരുന്നു ബസ് ഡ്രൈവർ അവർക്ക് നേരെയുള്ള ‘പക’ പുറത്തെടുത്തത്. ഒരു സ്ത്രീയെ പുരുഷ കേസരികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ നിശബ്ദരായി നോക്കിനിന്ന മറ്റ് യാത്രക്കാരും, വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിഞ്ഞിട്ടും പൊടുന്നനെ സെലക്ടീവ് അംനീഷ്യ ബാധിക്കപ്പെട്ട സൈബർ പോരാളികളും പ്രബുദ്ധ കേരളത്തിൽ ഫാസിസത്തിന് പരവതാനി വിരിക്കുന്നവർ തന്നെയാണ്. ഒരു ദളിത് വനിതയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സ്വത്വവാദികൾ പോലും മുന്നിട്ടിറങ്ങിയില്ല എന്നതും ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്.

ഉറവിടം : ബിന്ദു അമ്മിണി ഫേസ്‍ബുക്ക് പേജ്

രണ്ടു വർഷം മുൻപ് 2019 ജനുവരി 2 നാണ് വരേണ്യ ശുദ്ധി സങ്കൽപ്പങ്ങളെ വെല്ലുവിളിച്ചു കൊണ്ട് ബിന്ദു അമ്മിണി, കനക ദുർഗ എന്നീ രണ്ടു സ്ത്രീകൾ ഭരണഘടന മൂല്യങ്ങളെയും സ്ത്രീകളുടെ ആത്മാഭിമാനത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ശബരിമല ദർശനം നടത്തിയത്. ഇതിനു ശേഷം ഇരുവർക്കും ആചാര സംരക്ഷകരാലും സംഘപരിവാറുകാരാലും മാനസികവും ശാരീരികവുമായ നിരവധി ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്. കനക ദുർഗ സ്വന്തം വീട്ടിൽ വെച്ച് പോലും ആക്രമിക്കപ്പെട്ടു. ബിന്ദു അമ്മിണി, കുപ്രസിദ്ധ ഹിന്ദു വർഗീയവാദിയായ പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിനു മുൻപിൽ വെച്ച് കുരുമുളക് സ്പ്രേ ഉപയോഗിച്ചുള്ള ആക്രമക്കണത്തിന് വിധേയമാക്കപ്പട്ടു. ‘സ്വാമിയേ ശരണമയ്യപ്പാ..’ എന്നു വിളിച്ചുകൊണ്ടായിരുന്നു സംഘ പരിവാരത്തിൻ്റെ ആക്രമണം. വിവിധ തരത്തിൽ നേരിട്ടും അല്ലാതെയും സോഷ്യൽ മീഡിയയിലും ഇരുവർക്കുമെതിരെ ഉപദ്രവം തുടരുന്നു.

ശബരിമലയിൽ വിളറി പിടിച്ച വർഗീയ ഫാസിസ്റ്റുകളുടെ ആക്രമണങ്ങൾക്ക് മുൻപിൽ “എന്റെ ഗർഭപാത്രം നീക്കം ചെയ്തതാണ്” എന്നു പറഞ്ഞു കരയുന്ന ഒരു സ്ത്രീയെ ചിലരെങ്കിലും മറന്നിട്ടുണ്ടാവില്ല. സർവ്വവും ചുട്ടെരിക്കുന്ന ഫാസിസത്തിന് ദയയുടെ മുഖമില്ലെന്നോർക്കുക.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് ഫാസിസത്തിനെതിരെ ഐക്യപ്പെടുക.

പുരോഗമന കേരളം ബിന്ദു അമ്മിണിക്കൊപ്പം നിൽക്കേണ്ടതുണ്ട്..

“അവർ എന്നെ ആക്രമിച്ചേക്കാം, അവർ എന്നെ കൊന്നേക്കാം, പക്ഷേ എനിക്ക് ഭയമില്ല. ഞാൻ നിലനിൽപ്പിനായി പോരാടുകയാണ്”-ബിന്ദു അമ്മിണി.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal