അരാഷ്ട്രീയവത്കരിക്കപ്പെടുന്ന ജനത

സാമൂഹിക കാഴ്ച്ചപ്പാടും രാഷ്ട്രീയ ബോധവുമില്ലാത്ത ജനതക്ക് സമൂഹത്തിനെ ബാധിച്ചിരിക്കുന്ന രോഗത്തെ തിരിച്ചറിയാനും കഴിയില്ല.


മണിരത്നം

കഴിഞ്ഞ ജൂലൈ 20 ന് കോതമംഗലത്ത്, ഹൗസ് സർജനായിരുന്ന ഡോ.പി വി മാനസ എന്ന പെൺകുട്ടിയെ ‘പ്രണയനൈരാശ്യ’ത്തിൽ കൊലപ്പെടുത്തുകയും ഘാതകൻ സ്വയം നിറയൊഴിക്കുകയും ചെയ്ത സംഭവത്തിനു ശേഷം പാലായിൽ നിതിന എന്ന പെൺകുട്ടി കൂടി കൊലചെയ്യപ്പെട്ടിരിക്കുന്നു.ജാതി അതിക്രമങ്ങൾ, സ്ത്രീധന അതിക്രമങ്ങൾ, ദുരഭിമാനക്കൊല, ആദിവാസികൾക്കെതിരെയുള്ള ആക്രമണങ്ങൾ, കുട്ടികൾക്കുനേരെയുള്ള ആക്രമണങ്ങൾ, ആത്മഹത്യകൾ, ലൈംഗികാതിക്രമങ്ങൾ ഇങ്ങനെ ദിനംപ്രതി നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ ഓരോന്നും നമ്മുടെ സമൂഹത്തിന് സംഭവിച്ചിരിക്കുന്ന മൂല്യച്യുതിയെയും ജീർണ്ണതയെയും വ്യക്തമാക്കുന്നു. കുട്ടികൾ, ലൈംഗിക ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ചെറുകിട കർഷകർ, കൂലിതൊഴിലാളികൾ ഉൾപ്പടെയുള്ളവർ ഇന്ന് വലിയ അവഗണനയും അരക്ഷിതാവസ്ഥയും അഭിമുഖീകരിക്കുമ്പോൾ, ഇവരോട് ഐക്യപ്പെടുകയും മുന്നോട്ട് നയിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ പാർട്ടികളിൽ മിക്കവാറും ചാരിറ്റി പ്രവർത്തനങ്ങളിലും പാർലമെന്ററി രാഷ്ട്രീയത്തിന്റെ ചളിക്കുണ്ടിൽ പന്നികളെ പോലെ ഉരുളുന്നതിലും വ്യാപൃതരായിരിക്കുന്നു. ഇതിനു ബദലായി ഉയരുന്ന ജനകീയ സമരങ്ങളെയും അവയുടെ പ്രവർത്തകരെയും തീവ്രവാദി മുദ്രകുത്തി ജയിലിൽ അടക്കുന്നു, വിപ്ലവ രാഷ്ട്രീയം പറയുന്നവരെ വെടി വെച്ചു കൊല്ലുന്നു.

കൊറോണ കാരണം രണ്ട് വർഷത്തോളം ജനങ്ങൾ അടച്ചിടപ്പെട്ടപ്പോൾ ഇത്രയും കാലമായി നമ്മൾ നേടിയെടുത്ത എല്ലാ മനുഷ്യാവകാശങ്ങളും കവർന്നെടുക്കാനുള്ള തിടുക്കത്തിലായിരുന്നു ഭരണകൂടം. ഈ ദുരിതകാലത്തെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ്‌ സർക്കാരും അവരുടെ സ്പോൺസർമാർക്കും അഴിഞ്ഞാടാനുള്ള അവസരമാക്കുന്നതാണ് നമ്മൾ കണ്ടത്. വിവാദ കാർഷികനിയമങ്ങൾ ഉൾപ്പടെ ജനവിരുദ്ധ നിയമങ്ങൾ ഒന്നൊന്നായി നടപ്പിലാക്കി. പകർച്ചവ്യാധിയുടെ കാലഘട്ടത്തിൽ ഇന്ത്യയിൽ 40 ശതകോടീശ്വരന്മാർ കൂടി ഉണ്ടായതായി ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തീർച്ചയായും ഇത് ഇന്ത്യയിലെ ദരിദ്രജനങ്ങളിൽ നിന്നും പിഴിഞ്ഞെടുക്കപ്പെട്ടതാണ്. ‘സാമൂഹിക അകലം’ എല്ലാത്തിനും സൗകര്യമായി. എതിർക്കുന്നവർക്കെതിരെ ‘പാൻഡെമിക് ആക്റ്റ് ‘ ചുമത്തപ്പെട്ടു. പാചകവാതകം, പെട്രോൾ-ഡീസൽ, ബസ്-ടാക്സി നിരക്കുകൾ വരെ കണക്കില്ലാതെ വർദ്ധിച്ചു. ഓൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിൽ നിന്നും ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ സൗകര്യമില്ലാത്തവർ പുറത്താക്കപ്പെട്ടു. ഇവിടെ ഇന്റർനെറ്റ് ഒരു മൗലിക അവകാശമാണത്രെ! ലോക്ക് ഡൗൺ കാലത്ത് പുറത്താക്കപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികളെ സർക്കാർ, കിറ്റിൽ ഒതുക്കിയപ്പോൾ ജോലി ഇല്ലാതെ വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം എത്തിച്ചു.

source : .goodreturns

കണ്ണു തുറന്ന് കാണുന്നവർക്ക് തങ്ങളുടെ ശത്രുവിനെ ഇന്ന് വ്യക്തമായി കാണാം. അതുകൊണ്ടുതന്നെ ആ കാഴ്ച്ച ഇല്ലാതാക്കുകയാണ് ചൂഷകരുടെയും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ചൂഷക ഭരണകൂടത്തിന്റെയും ആവശ്യം. സാമൂഹിക കാഴ്ച്ചപ്പാടും രാഷ്ട്രീയ ബോധവുമില്ലാത്ത ജനതക്ക് സമൂഹത്തിനെ ബാധിച്ചിരിക്കുന്ന രോഗത്തെ തിരിച്ചറിയാനും കഴിയില്ല. സാമൂഹിക അകലമല്ല ശാരീരിക അകലമാണ് കൊറോണക്കെതിരെ വേണ്ടത്. സമൂഹത്തെ പിന്നോട്ടടിക്കുന്നവർക്കെതിരെ സാമൂഹിക ഐക്യമാണ് ഇന്നിന്റെ ആവശ്യം. എല്ലാ കക്ഷി രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളെ വഞ്ചിക്കുന്നതായി തിരിച്ചറിയുന്ന പ്രതീക്ഷയറ്റ ജനതക്ക് ഇനിയും മുന്നോട്ടു പോകാൻ, ഒരു നല്ല ഭാവിയെ സ്വപ്നം കാണാൻ പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal