പശ്ചിമഘട്ടത്തെ ആരു സംരക്ഷിക്കും ?

അധ്വാനവും മൂലധനവും തമ്മിലുള്ള ബന്ധവും ഇതുമായി പ്രകൃതിയെ സംബന്ധിച്ച കാഴ്ചപ്പാടും ആഴത്തില്‍ വിശകലനം ചെയ്യുന്നതിലൂടെയാണ്‌ വികസനവാദികളുടേയും സിപിഎം അടക്കമുള്ള കപട മാര്‍ക്സിസ്റ്റുകളുടേയും പൊള്ളത്തരങ്ങള്‍ തിരിച്ചറിയപ്പെടുകയുള്ളൂ.


രൂപേഷ്

സൈലന്റ്‌ വാലി-പൂയംകുട്ടി പദ്ധതികളുടെ പശ്ചാത്തലത്തിലാണ്‌ കേരളത്തില്‍ വിപുലമായ വിധത്തില്‍ പരിസ്ഥിതിയെക്കുറിച്ചുള്ള സംവാദം രൂപം കൊള്ളുന്നത്‌. നിര്‍ഭാഗ്യവശാല്‍ വികസനം-പരിസ്ഥിതി എന്നീ വിഷയങ്ങളെ വിരുദ്ധ ധ്രുവങ്ങളില്‍ നിര്‍ത്തിക്കൊണ്ടാണ്‌ ഈ ചര്‍ച്ചകള്‍ സജീവമായത്‌. തുടര്‍ന്ന്‌ പ്രകൃതിയേയും പരിസ്ഥിതിയേയും ദോഷകരമായി ബാധിക്കുന്ന വിവിധ പദ്ധതികള്‍ക്കെതിരെ ഉയര്‍ന്നു വന്ന നിരവധി ഒറ്റപ്പെട്ട ജനകീയ മുന്നേറ്റങ്ങളുടെ ഭാഗമായി വികസനം-പരിസ്ഥിതി എന്നീ വിപരീതധ്രുവങ്ങ ളില്‍ നിന്നു കൊണ്ട്‌ അനുകൂല, പ്രതികൂല ചര്‍ച്ചകളും സംവാദങ്ങളും കേരളത്തില്‍ വിവിധയിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റിയുടെ പശ്ചിമഘട്ട സംരക്ഷണറിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിനു നല്‍കിയതോടെ ഈ ഒറ്റപ്പെട്ട ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ഒരു ക്രേന്ദീകൃത സ്വഭാവം കൈവരുന്ന കാഴ്ചയാണ്‌ നാം കണ്ടത്‌. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ വികസന വിരുദ്ധമാണെന്ന വാദവുമായി മലനാട്‌-ഹൈറേഞ്ച്‌ ഭാഗങ്ങളിലെ ഇടതു-വലതു വ്യത്യാസമില്ലാതെ മുന്നണികളും വിവിധ ക്രിസ്ത്യന്‍ സഭകളും രംഗത്തു വന്നു. ഗുജറാത്തിലെ തപ്തി നദി മുതല്‍ കന്യാകുമാരി വരെ ആറു സംസ്ഥാനങ്ങളിലായി ഏകദേശം 1500 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പശ്ചിമഘട്ടത്തിന്റെ അതിസമ്പന്ന വിഭവസമൃദ്ധിയെ കൊള്ള ചെയ്യുന്ന കോര്‍പറേറ്റ്‌- ഖനന കുത്തകകളുടെ ബഹുജനരൂപമായി ഈ കൂട്ടായ്മ മാറുന്ന കാഴ്ചയാണ്‌ തുടര്‍ന്ന്‌ നാം കണ്ടത്‌. മഹാരാഷ്ട്രയിലെ കോര്‍പറേറ്റ്‌ വ്യവസായ ലോബികളുടേയും ഗോവയിലേയും കര്‍ണ്ണാടകയിലേയും ഖനന ലോബിയുടേയും കേരളത്തിലെ റിയല്‍ എസ്റ്റേറ്റ്‌ ഭൂമാഫിയ ലോബികളുടേയുമെല്ലാം സമ്മര്‍ദ്ദത്തിന്റേയും കേരളത്തിലെ വോട്ടുബാങ്കു രാഷ്ട്രീയത്തിന്റേയുമൊക്കെ ഭാഗമായി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ നിര്‍വ്വീര്യമാക്കാന്‍ ആസൂത്രണ കമ്മീഷന്‍ അംഗമായ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. പ്രതീക്ഷിച്ചതു പോലെ തന്നെ ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന പശ്ചിമഘട്ടത്തെ മൂന്നു മേഖലകളായി തിരിച്ചുകൊണ്ടുള്ള പ്രത്യേക വികസന കാഴ്ചപ്പാടും പ്രാദേശിക ജനങ്ങള്‍ക്കുള്ള പ്രാധാന്യവും ജൈവകൃഷി വ്യാപനം തുടങ്ങിയ കാതലായ നിര്‍ദ്ദേശങ്ങളെല്ലാം ഇതിലൂടെ നീക്കം ചെയ്തു. പശ്ചിമഘട്ടത്തെ 63% വരുന്ന ജനസാന്ദ്രതയുള്ള സാംസ്കാരിക ഭൂപ്രദേശമെന്നും 37% വരുന്ന വനപ്രദേശം നിറഞ്ഞ പാരിസ്ഥിതിക ഭൂപ്രദേശമെന്നും വേര്‍തിരിക്കുകയും 37% വരുന്ന മേഖലയെ പാരിസ്ഥിതിക വിലോല പ്രദേശമായി കണക്കാക്കുകയും ബാക്കി വരുന്ന മേഖലയില്‍ മറ്റ്‌ പദ്ധതികള്‍ നിര്‍ബാധം തുടരാവുന്ന സാഹചര്യമൊരുക്കുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടും അരിശം തീരാതെ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷം വയനാട്‌, ഇടുക്കി, അട്ടപ്പാടി, കോഴിക്കോടിന്റെ മലയോര മേഖല എന്നിവിടങ്ങളില്‍ (ക്രിസ്ത്യന്‍ കുടിയേറ്റം കൂടുതലുള്ള സ്ഥലങ്ങളില്‍) ഹര്‍ത്താലുകള്‍ നടത്തി യുഡിഎഫ്‌ സഭാ നേതൃത്വങ്ങളില്‍ നിന്നൊക്കെ ഒരു പടി മുന്നിലാണ്‌ തങ്ങളെന്ന്‌ സ്ഥാപിച്ചു. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിലെ കുടിയേറ്റ വോട്ടുകളില്‍ കുറേ പെട്ടിയിലാക്കാമെന്ന പ്രതീക്ഷയേറുകയും ചെയ്തു. മുമ്പൊക്കെ സൈലന്റ്‌ വാലി-പൂയം കുട്ടി- അതിരപ്പള്ളി -പെരിങ്ങോം- എക്സ്പ്രസ്‌ വേ എന്നിങ്ങനെയുള്ള സമരങ്ങളില്‍ ജലസേചന- വൈദ്യുത-പൊതുമരാമത്തു വകുപ്പുകളും മന്ത്രിമാരും സിഐടിയുമൊക്കെ വികസന വിരോധികള്‍ക്കെതിരെ ആഞ്ഞടിക്കാറുണ്ടെങ്കിലും പാര്‍ട്ടിയെന്ന നിലയില്‍ സിപിഎമ്മിന്‌ ഇങ്ങനെ ഒരു തുറന്ന നിലപാടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട്‌ പല്ലുകൊഴിഞ്ഞ കസ്തൂരിരംഗന്‍ കമ്മിറ്റിക്കെതിരെ പോലും ക്രേന്ദ്രീകൃതമായ നിലപാടെടുക്കാന്‍ സിപിഎമ്മിനു കഴിഞ്ഞു. പതിവു പോലെ കയ്യടി നേടാനായി അച്യുതാനന്ദന്റെ എതിര്‍പ്പും പരിഷത്തിന്റെ എതിര്‍ പ്രസ്താവനകളും ഇതോടൊപ്പമുണ്ടായിരുന്നു.

Source : മലയാള മനോരമ

എന്തുകൊണ്ടായിരിക്കും ഗാഡ്ഗില്‍ കമ്മിറ്റിക്കെതിരെ സിപിഎം പ്രമേയം പാസാക്കുകയും അതിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ വെട്ടിക്കളഞ്ഞ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പോലും പ്രത്യക്ഷമായി രംഗത്തു വരികയും ചെയ്യുന്നത്‌? ഒരു ഉത്തരവാദിത്വമുള്ള പ്രസ്ഥാനമെന്ന നിലയില്‍ ജനങ്ങളെ രാഷ്ട്രീയവത്കരിക്കേണ്ടതിനു പകരം വോട്ടുബാങ്കിനു വേണ്ടി ജനപ്രിയതയുടെ പിറകില്‍ പോകുന്നതിന്റെ പ്രശ്നത്തെ എങ്ങിനെ കാണണം? ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ സാധ്യതയെന്ത്‌?- ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്തേണ്ടത്‌ അത്യാവശ്യമാണ്‌. പതിറ്റാണ്ടുകളായുള്ള പരിസ്ഥിതി-വികസനം എന്നിവയെ വിരുദ്ധ ചേരിയില്‍ നിര്‍ത്തുന്നതിന്റെ അടിസ്ഥാന്രപ്രശ്നം തന്നെയാണ്‌ പശ്ചിമഘട്ട സംരക്ഷണത്തിലും അഭിപ്രായ ധ്രുവീകരണത്തിന്റെ അടിത്തറ. പരിസ്ഥിതിയെ സംബന്ധിച്ച ലിബറല്‍ ജനാധിപത്യ ചിന്തകളും വികസനത്തിനെ സംബന്ധിച്ച കോര്‍പറേറ്റ്‌ വികസന കാഴ്ചപ്പാടും മൂലധനത്തിന്റെ അനിയന്ത്രിത ക്രേന്ദീകരണം സൃഷ്ടിക്കുന്ന മുതലാളിത്ത ഉത്പാദനത്തിന്റെ അടിത്തറയില്‍ നിന്ന്‌ കൊണ്ടു തന്നെയാണ്‌ ഈ പ്രശ്നത്തെ പരിശോധിക്കുന്നത്‌. അധ്വാനവും മൂലധനവും തമ്മിലുള്ള ബന്ധവും ഇതുമായി പ്രകൃതിയെ സംബന്ധിച്ച കാഴ്ചപ്പാടും ആഴത്തില്‍ വിശകലനം ചെയ്യുന്നതിലൂടെയാണ്‌ വികസനവാദികളുടേയും സിപിഎം അടക്കമുള്ള കപട മാര്‍ക്സിസ്റ്റുകളുടേയും പൊള്ളത്തരങ്ങള്‍ തിരിച്ചറിയപ്പെടുകയുള്ളൂ.

മുതലാളിത്ത പരിസ്ഥിതി കാഴ്ചപ്പാടിന്റെ പ്രശ്നങ്ങള്‍

ആശയവാദത്തേയും അശാസ്ത്രീയതയേയും എതിര്‍ത്തുകൊണ്ടായിരുന്നു നവോത്ഥാന ചരിത്ര വഴികളിലൂടെ മുതലാളിത്തം രംഗപ്രവേശം ചെയ്തത്‌. ഇതിനിടയില്‍ ശാസ്ത്രത്തിന്റെ രക്തസാക്ഷിയായി ബ്രൂണോവിനെ രേഖപ്പെടുത്തിയിട്ടുണ്ട്‌. എപിക്യൂറസിന്റേയും ഡമോക്രീറ്റസിന്റേയും പൗരാണിക ഭൗതികവാദ ദര്‍ശനങ്ങളുടെ അടിത്തറയില്‍ 17-ാംനൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ബെക്കോണ്‍ മുന്നോട്ടു വെച്ച യാന്ത്രിക ഭൗതികവാദ ദര്‍ശനം തന്നെയായിരുന്നു മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയായ ദാര്‍ശനിക സംഹിത. ഫ്യൂഡല്‍ കാലഘട്ടത്തിലെ പ്രകൃതിയ്ക്കു കീഴ്‌പ്പെടുകയെന്ന ആശയത്തിനു പകരമായ ശാസ്ത്ര മുന്നേറ്റങ്ങളെ പിന്‍പറ്റി പ്രകൃതിയെ മെരുക്കിയെടുക്കുകയും കീഴടക്കുകയും ചെയ്യുകയെന്ന കാഴ്ചപ്പാടിനും ബെക്കോണിന്റെ ദാര്‍ശനിക പിന്തുണയുണ്ട്‌. അതുകൊണ്ടാണ്‌ ബെക്കോണിനെ ശാസ്ത്രത്തിന്റെ പിതാവ്‌ എന്ന്‌ ഫോയര്‍ബാഹ്‌ വിശേഷിപ്പിച്ചിത്‌. സോക്രട്ടീസിനു മുമ്പുള്ള ദാര്‍ശനികനായ എംപെ ഡോക്ലസിന്റെ “കരുത്തുള്ളവന്‍ അതിജീവിക്കും” എന്ന വീക്ഷണം ഇക്കാലത്ത്‌ മുന്നോട്ടു വെയ്ക്കപ്പെട്ടു. പ്രകൃതിയെ ചൂഷണം ചെയ്ത്‌ കീഴടക്കുകയെന്ന ആധുനിക പാരിസ്ഥിതിക വിരുദ്ധ കാഴ്ചപ്പാടിന്റെ ദാര്‍ശനിക പിന്‍ബലം ബെക്കോണിയന്‍ വീക്ഷണമാണ്‌. ഭൂമി നമുക്കു ലഭിച്ചിരിക്കുന്ന സൗജന്യ സമ്മാനമാണെന്ന മാല്‍ത്യൂസിയന്‍ കാഴ്ചപ്പാട്‌ പിന്നീട്‌ പ്രകൃതിയ്ക്കു മേലുള്ള മുതലാളിത്ത ചൂഷണത്തിനായി ഉപയോഗപ്പെടുത്തുന്നതിനെ ക്കുറിച്ച്‌ കാമ്പല്‍ മാക് വെല്ലിന്റെ പുസ്തകത്തിനെ അധികരിച്ച്‌ ബെല്ലാമി ഫോസ്റ്റര്‍ നിരീക്ഷിക്കുന്നുണ്ട്‌*1. ഇന്നു കാണുന്ന പാരിസ്ഥിതിക ചൂഷണത്തിന്റെ അടിവേരു കിടക്കുന്നത്‌ ഇവയിലാണ്‌. ഇത്‌ മുതലാളിത്ത വികാസത്തിന്റെ നേരിട്ടുള്ള ഉത്പന്നമാണ്‌ എന്ന്‌ വ്യക്തമാണ്‌. പരിസ്ഥിതി പ്രശ്നത്തെക്കുറിച്ച്‌ യൂറോപ്യന്‍ ഗ്രീന്‍ പ്രസ്ഥാനങ്ങള്‍ കൊണ്ടു നടക്കുന്ന പോസ്റ്റ്‌- മെറ്റീരിയലിസ്റ്റ്‌ വീക്ഷണത്തെക്കുറിച്ച്‌ ഡാനിയല്‍ ഫെബര്‍ *2 വിശദീകരിക്കുന്നുണ്ട്‌. ഉത്തര ഫോഡിസ്റ്റ്‌ കാലഘട്ടത്തില്‍ വളര്‍ന്ന ഭേദപ്പെട്ട സേവന മേഖലയിലെ പുത്തന്‍ മധ്യവര്‍ഗ്ഗത്തിന്റെ വീക്ഷണമായാണ്‌ ഇത്‌ അവതരിപ്പിക്കപ്പെടുന്നത്‌.

പാരിസ്ഥിതിക പ്രശ്നത്തിന്റെ സാമ്പത്തിക-രാഷ്ട്രീയാടിത്തറ

മുതലാളിത്ത പൂര്‍വ്വ ലളിത ചരക്കുത്പാദനത്തില്‍ ഉപയോഗമുല്യത്തിനനുസൃതമായി ചരക്ക്‌ പണത്തിനായി വിനിമയം ചെയ്യപ്പെടുമ്പോള്‍ [ചരക്ക്‌- പണം- ചരക്ക്‌ (C-M-C)] മുതലാളിത്തത്തില്‍ പണം അധ്വാനശക്തിക്കും ചരക്കിനുമായി (M-C-M’) വിനിമയം ചെയ്യപ്പെടുകയാണുണ്ടാകുന്നത്‌. ഇവിടെ ഉപയോഗമുല്യത്തിനല്ല വിനിമയ മൂല്യത്തിനാണ്‌ പ്രാധാന്യം. ഇത്‌ മുതലാളിത്തത്തിനാവശ്യമായ ലാഭം നേടിക്കൊടുക്കുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ ഉത്പാദിക്കപ്പെടുന്ന ചരക്ക്‌ അതുത്പാദിപ്പിക്കുന്ന തൊഴിലാളിയില്‍ നിന്ന്‌ അന്യവ ത്കരിക്കപ്പെടുന്നു. അധ്വാനത്തിലൂടെ രൂപപ്പെടുന്ന മിച്ചമൂല്യം ചേര്‍ന്ന അധിക പണം (M’) മൂലധനത്തിനോട്‌ ചേരുന്നു. ഇത്തരത്തില്‍ മുതലാളിത്തോത്പാദനം ലാഭത്തെ ക്രേനദ്രമാക്കിയിരിക്കുന്നതുകൊണ്ടുതന്നെ അധ്വാനത്തേയും പ്രകൃതിയേയും ചൂഷണം ചെയ്യുക എന്ന തലത്തിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

എന്നാല്‍ ഈ അധികപണം നേടിയെടുക്കുന്നതോടെ ഈ പ്രക്രിയ അവസാനിക്കുന്നില്ല. മുതലാളിത്ത വ്യവസ്ഥിതിയുടെ ആണിക്കല്ലായ ഈ അധികപണം പുനര്‍നിക്ഷേപിക്കപ്പെടുന്നതിലൂടെ കൂടുതല്‍ അധ്വാനത്തിനും ചരക്കിനുമായി വിനിമയം ചെയ്യപ്പെടുകയും കൂടുതല്‍ മിച്ചമുല്യത്തോടെയുള്ള അധികപണമായി മാറുകയും വീണ്ടും ഇത്‌ പുനര്‍നിക്ഷേപിക്കപ്പെടുകയും ഈ പ്രക്രിയ അനന്തമായി തുടരുന്നു. ഇത്‌ കൊള്ളയ്ക്കും കുത്തകവത്കരണത്തിനും വഴിവെയ്ക്കുന്നു. കൂടുതല്‍ ലാഭമുണ്ടാക്കുനുള്ള ഈ ത്വരയില്‍ പ്രകൃതി വിഭവങ്ങളേയും ഊർജ്ജസമ്പത്തിനേയും കൂടുതല്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുകയും അങ്ങനെ വിഭവ ധൂര്‍ത്തിനോടൊപ്പം സാമൂഹിക ഉത്പാദനവും ഏതാനും രാജ്യാന്തര കുത്തകകളുടെ കൊള്ളക്കിരയാകുകയാണ്‌.

കുത്തവത്കരണത്തിലേക്കും ഫിനാന്‍സ്‌ മൂലധനത്തിലേക്കും വികസിച്ച മുതലാളിത്ത മൂലധന കേന്ദ്രീകരണം അധ്വാനത്തെ നിരുത്പാദനപരമാക്കി (Unproductive), സമൂഹത്തിന്റെ സാമ്പത്തിക മിച്ചത്തിലേക്ക്‌ മുതല്‍ക്കൂട്ടാകാത്തതായി, മാറ്റുകയുണ്ടായി. പകരം സാമൂഹികമായ ഉപയോഗമൂല്യത്തെ വിനിമയ മൂല്യത്തിന്റെ വികാസം മാത്രം ലക്ഷ്യമാക്കിയ മുതലാളിത്ത ഉപയോഗമൂല്യമാക്കി (CK) ചുരുക്കുകയും ചെയ്തുവെന്ന്‌ ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍ നിരീക്ഷിക്കുന്നു*3 . സാമൂഹിക ക്ഷേമത്തിനുതകാത്ത വിനിമയ മൂല്യത്തിലുണ്ടായ ഈ അളവുപരമായ മാറ്റമാണ്‌ ഇതിലൂടെയുണ്ടായത്‌. ഈ മൂലധന ക്രേന്ദീകരണവും കുത്തകവത്കരണവും മൂലം ലോകത്തിലെ വിഭവസമ്പത്ത്‌ ചെറു ന്യൂനപക്ഷം വരുന്ന അതിസമ്പന്നരുടെ കൈപ്പിടിയിലാകുകയുണ്ടായി. ലോകത്തിലെ പത്തുശതമാനം പേര്‍ 60% വരുന്ന വിഭവങ്ങള്‍ ഉപയോഗിക്കുകയും 60% മലിനീകരണത്തിന്‌ കാരണമാകുകയും ചെയ്യുന്നുവെന്ന്‌ ലോകബാങ്കിന്റെ കണക്കുകളെ ഉദ്ധരിച്ചുകൊണ്ട്‌ ഫ്രെഡ്മഗ്ഡാഫ്‌ വിശദീകരിക്കുന്നുണ്ട്‌ *4. ലോകത്തിലെ 2% വരുന്നവര്‍ ലോകത്തിലെ പകുതി യോളം വരുന്ന ഉപഭോഗവസ്തുക്കള്‍ സ്വന്തമാക്കുകയും ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നര്‍ 40 ശതമാനം സമ്പത്ത്‌ മൊത്തം കയ്യടക്കിവെച്ചിരിക്കുകയുമാണ്‌. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്തിലെ പകുതി ജനങ്ങള്‍ക്കെല്ലാം ചേര്‍ന്ന്‌ കേവലം ഒരു ശതമാനം മാത്രം വിഭവസമ്പത്തേ ഉപയോഗിക്കാനാവുന്നുള്ളൂ എന്ന മഗ്ഡോഫ്‌ വിശദീകരിക്കുന്നു. ലോകത്തിലെ നഗരങ്ങളില്‍ താമസിക്കുന്നവരില്‍ മൂന്നിലൊന്നും ചേരികളിലാണ്‌ പാര്‍ക്കുന്നത്‌ എന്നത്‌ ഈ അസന്തുലിതത്വത്തെ ഉദാഹരിക്കുന്നു.

സാമ്രാജ്യത്വ മൂലധന വികാസവും പരിസ്ഥിതി വിനാശവും

ഫിനാന്‍സ്‌ മൂലധനത്തിന്റേതായ ഘട്ടത്തിലേക്ക്‌ മുതലാളിത്തം വികസിക്കുന്നതോടെ മുതലാളിത്ത ഉത്പാദനത്തില്‍ ചരക്കിന്റെ ഉപയോഗമൂല്യവും വിനിമയ മൂല്യവും തമ്മിലുള്ള വൈരുദ്ധ്യം അസമാനമാകുകയും വിനിമയ മുല്യത്തിന്‌ വികാസമുണ്ടാകുകയും ചെയ്യുന്നത്‌ നമ്മള്‍ കണ്ടു. ഇത്‌ ഉത്പാദനത്തേയും വിതരണത്തിനേയും ഉപഭോഗത്തിനേയും വിപണിക്കനുസൃതമായ വിധത്തില്‍ പുനഃസംഘടിപ്പിക്കുന്നു. വിരോധ(˛-ve ) വിനിമയ മൂല്യം പര്‍വ്വതീകരിക്കപ്പെടുന്നതും സാമ്രാജ്യത്വ ഉത്പാദനത്തിന്റെ മറുവശമാണ്‌. അമേരിക്കയുടെ യുദ്ധ സംവിധാനത്തിന്റെ വാര്‍ഷിക ചിലവ്‌ ഒരു ട്രില്യണ്‍ വരുന്നതും ചരക്കേതര ഉത്പാദനം (വേയ്സ്റ്റ്‌) വന്‍തോതിലാകുന്നതും ഈ വിധത്തില്‍ എതിരായ ഉപയോഗമുല്യത്തിന്റെ ഉദാഹരണമാണ്‌. അമേരിക്കയിലെ വമ്പന്‍ രാജ്യാന്തര കുത്തകകള്‍ അമിതോത്പാദനം നടത്തുകയും ഇതിനോടൊപ്പം ഏകപക്ഷീയമായി വിലയിടലും ചേര്‍ന്ന്‌ സാമ്പത്തിക പാഴാക്കല്‍ നടത്തുകയാണ്‌ എന്ന്‌ അമേരിക്കന്‍ സാമൂഹിക ശാസ്ത്രജ്ഞനായ തേഴ്സ്റ്റിന്‍ വെബ്ലറെ ഉദ്ധരിച്ചുകൊണ്ട്‌ ഫോസ്റ്റര്‍ വിശദീകരിക്കുന്നു*5. പോള്‍ എം സ്വീസിയും പോള്‍ ബാരനും കുത്തക മൂലധന വളര്‍ച്ചയെപ്പറ്റി നടത്തിയ പഠനത്തില്‍ 1950-നു ശേഷം കാര്‍ നിര്‍മ്മാണ കമ്പനികള്‍ ചെറിയ വൃത്യാസങ്ങളോടെ തങ്ങളുടെ മോഡലുകള്‍ മാറ്റിക്കൊണ്ടുള്ള ഹോഴ്‌സ്പവര്‍ മത്സരത്തില്‍ 25% വില വര്‍ദ്ധിപ്പിക്കുകയും ആസൂത്രിതമായി എണ്ണയും റിപ്പയറിംഗ്‌ വസ്തുക്കളും വ്യാപകമായി പാഴാക്കുകയും ചെയ്യുന്നുവെന്ന്‌ കണ്ടെത്തുന്നു. അവര്‍ ഇതിലൂടെ 40% ലാഭം വര്‍ദ്ധിപ്പിക്കുന്നുവെന്ന്‌ കണക്കുകള്‍ വെളിപ്പെടുത്തുന്നു*6. ലോകത്ത്‌ ഭക്ഷണത്തിന്റേയും ഊര്‍ജ്ജത്തിന്റേയും കഴിഞ്ഞാല്‍ ലോകത്തെ മുന്നാമത്തെ ഏറ്റവും വലിയ വ്യവസായമായി പാക്കിങ്‌ വ്യവസായം മാറുകയുണ്ടായി. ഭക്ഷണേതര വസ്തുക്ക ളുടെ പാക്കിങ്ങിനാണ്‌ 40%- ചിലവും വരുന്നത്‌! സൗന്ദര്യ വര്‍ധക വസ്തുക്കളുടെ പാക്കിങ്‌ ചിലവ്‌ മൊത്തം വസ്തുവിന്റെ ഉത്പാദനച്ചെലവിന്റെ മൂന്നിരട്ടി വരുമത്രെ! ലോകത്ത്‌ ഒരു വര്‍ഷം മൊത്തം 3,000 ലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ ഉത്പാദിപ്പിക്കുന്നതില്‍ മൂന്നില്‍ രണ്ടു ഭാഗം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതായത്‌, ആയിരം ലക്ഷം ടണ്‍ പ്ലാസ്റ്റിക്‌ വര്‍ഷം തോറും പാഴാക്കുകയാണ്‌. സോപ്പിന്റേയും ബീയറിന്റേയും കളിപ്പാട്ടങ്ങളുടേയും പരസ്യങ്ങള്‍ക്കായി ഉല്‍പ്പന്നത്തിന്റെ വിലയുടെ പതിനഞ്ചു ശതമാനം വരെ ചിലവു വരുന്നുണ്ട്‌. വില്‍പന വര്‍ദ്ധനവിനായി പരസ്യത്തിന്റെ മൂന്നിരട്ടിയാണ്‌ ചിലവാക്കുന്നത്‌. 2005-ല്‍ മാത്രം അമേരിക്കയില്‍ ഒരു ട്രില്യണിലധികം ഡോളര്‍ മാര്‍ക്കറ്റിംഗിനായി ചിലവഴിച്ചിരുന്നു.

ഉത്പന്നങ്ങളുടെ ഉപയോഗ കാലാവധി ആസൂത്രിതമായി വെട്ടിക്കുറച്ചു കൊണ്ട്‌ ഉപയോഗിക്കുക, വലിച്ചെറിയുക എന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര കുത്തക്കള്‍ വന്‍തോതില്‍ ലാഭമുണ്ടാക്കുന്നുണ്ട്‌. വളരെ ആസൂത്രിതമായി അമേരിക്കയില്‍ മൊബൈല്‍ ഫോണിന്റേയും മറ്റും ഉപയോഗ കാലാവധി (Durability) ഏതാനും വര്‍ഷങ്ങളാക്കി ചുരുക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി 2007-ല്‍ മാത്രം 1400 ലക്ഷം മൊബൈല്‍ ഫോണുകളും 2500 ലക്ഷം കമ്പ്യൂട്ടറുകളും ഉപയോഗശുന്യമായതായി (End of life- EOL) അവിടത്തെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി ഏജന്‍സി വെളിപ്പെടുത്തി. ഇന്ത്യയിലും ഇതിനേക്കാള്‍ ഭീകരമായ അവസ്ഥയാണ്‌ വരുന്നത്‌. ഒരോ വര്‍ഷവും 15,000 കോടി മദ്യക്കുപ്പികളും ഒരോ ദിവസവും 3500 ലക്ഷം കപ്പുകളും ശീതള പാനീയങ്ങളുടെ കുപ്പികളുടെ 99 ശതമാനവും തെരുവില്‍ വലിച്ചെറിയപ്പെടുകയാണ്‌. അമേരിക്കക്കാര്‍ 2010-ല്‍ മാത്രം മൂന്നു ട്രില്യണ്‍ മൈലുകളാണ്‌ കാറോടിച്ചത്‌. ഓയില്‍ മുതല്‍ ചെമ്പും, സിങ്കും, അപൂര്‍വ്വ ധാതുമണലുമടക്കം ലോകത്തിലെ സുപ്രധാന വിഭവ സമ്പത്താണ്‌ അമേരിക്കന്‍ സേന ഉപയോഗിച്ചു തീര്‍ക്കുന്നതെന്ന്‌ ഫ്രെഡ്‌ മഗ്ഡോഫ്‌ നിരീക്ഷിക്കുന്നുണ്ട്‌. ലോകത്തിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉപഭോക്താവും അമേരിക്കന്‍ സേന തന്നെയാണ്‌. ഈ വിധത്തില്‍ സാമ്പത്തിക പാഴാക്കലും പരസ്യങ്ങളും സൈനിക ചെലവുകളുമായി സാമൂഹ്യോത്പാദനേതരമായ ചെലവ്‌ അമേരിക്കന്‍ ആഭ്യന്തരോത്പാദനത്തിന്റെ 50 ശതമാനത്തിലധികം വരുമെന്ന്‌ ബ്രെട്ട്‌ ക്ലാര്‍ക്കും ഫോസ്റ്ററും വിശദീകരിക്കുന്നു. ഈ വിധത്തില്‍ ഏതാനും മുതലാളിമാരുടെ നേട്ടത്തിനായി മുതലാളിത്തോത്പാദനം മനുഷ്യവിഭവങ്ങളേയും അസംസ്കൃത വസ്തുക്കളേയും പാഴാക്കുകയാണ്‌ എന്ന മാര്‍ക്സിന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ലോകത്തിന്റെ പാരിസ്ഥിതിക വ്യവസ്ഥയ്ക്ക്‌ വമ്പിച്ച വെല്ലുവിളി സൃഷ്ടിക്കുന്നത്‌ മുതലാളിത്ത വ്യവസ്ഥയാണെന്ന്‌ നാം കാണുകയുണ്ടായി. ഇതിന്റെ ഭീകരമായ ദുരന്തങ്ങളാണ്‌ നമ്മുടെ പ്രകൃതി അനുഭവിക്കുന്നത്‌.

പ്രകൃതിക്കു മേലുള്ള താണ്ഡവം

അമേരിക്ക ഒരു വര്‍ഷം 510 ലക്ഷം ടണ്‍ ഹരിതഗൃഹവാതകങ്ങളാണ്‌ പുറത്തു വിടുന്നത്‌. ഇന്നത്തെ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ മറ്റു സാമ്രാജ്യത്വ രാജ്യങ്ങളുടെ സംഭാവന കൂടി ചേര്‍ത്താല്‍ അത്‌ 2018-ല്‍ 750 ബില്ല്യണ്‍ ടണ്ണും 2043-ല്‍ അത്‌ ഒരു ട്രില്യണ്‍ ടണ്ണുമായി തീരുമെന്ന്‌ കണക്കാക്കപ്പെടുന്നു. ഇത്‌ ആഗോള താപനത്തിനെ രണ്ടു ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ദ്ധിപ്പിക്കും. നിലവില്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ്‌ താപം വര്‍ദ്ധിച്ചാല്‍ അത്‌ പിന്നീട്‌ ഒരിക്കലും പിറകോട്ട്‌ വരില്ല. ഇത്‌ ആഗോള കാലാവസ്ഥ സന്തുലനത്തിന്റെ പ്രതീകവും ലോകത്തിന്റെ എയര്‍ കണ്ടീഷണറുമായ ആര്‍ട്ടിക്കിനെ പ്രതികൂലമായി ബാധിക്കും. 2012-ല്‍ റെക്കോഡ്‌ തലത്തിലാണ്‌ ആര്‍ട്ടിക്കിലെ മഞ്ഞുരുക്കമുണ്ടായത്‌. അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലാന്റിലുമായി 4 ട്രില്യയണ്‍ മെട്രിക് ടണ്‍ ഐസ്‌ രണ്ടു പതിറ്റാണ്ടിനിടയില്‍ ഇല്ലാതായത്രെ. 1970-നെ വെച്ചു നോക്കുമ്പോള്‍ ആര്‍ട്ടിക്‌ സമുദ്രത്തിലെ മഞ്ഞുപാളികള്‍ പകുതിയും ഇല്ലാതായിരിക്കുന്നു. 2016 -20-ല്‍ ഏറെക്കുറെ പൂര്‍ണ്ണമായും ആര്‍ട്ടിക്കിലെ മഞ്ഞുപാളികള്‍ ഈരുകിയില്ലാതാകുമെന്ന്‌ പ്രവചിച്ച ലോകത്തിലെ പ്രധാന കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജേയിസ്‌ ഹാന്‍സണ്‍ ഇതിനെ പ്രാപഞ്ചിക അടിയന്തിരാവസ്ഥ (Planetary Emergency) എന്നു വിശേഷിപ്പിച്ചതായി ഫോസ്റ്റര്‍ വിശദീകരിക്കുന്നു. ആര്‍ട്ടിക്കിലെ മഞ്ഞുരുക്കത്തോടെ വീണ്ടും പല മടങ്ങായി ആഗോള താപം വര്‍ധിക്കുമെന്ന അതിഭീകരമായ അപകടാവസ്ഥയിലേക്കാണ്‌ നിലവില്‍ മുന്നോട്ടു പോകുന്നത്‌.

ഭൂഗോളത്തില്‍ കഴിഞ്ഞ 6000 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും കൂടിയ താപനമാണ്‌ നിലവിലുള്ളതെന്ന്‌ ഇയാന്‍ ആന്‍ഗുസ്‌*7 വെളി പ്പെടുത്തുന്നു. ഗ്രീന്‍ലാന്റിലേയും ആര്‍ട്ടിക്കിലേയും മഞ്ഞുപാളികള്‍ ഉരുകിത്തീരുന്നതോടെ ആഗോളതാപനം രൂക്ഷമാകുക മാത്രമല്ല ഏകദേശം നൂറുകോടി ജനങ്ങള്‍ അധിവസിക്കുന്ന ലോകത്തിലെ തീരപ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറി യിപ്പാണ്‌ അദ്ദേഹം നല്‍കുന്നത്‌. 2013 ലോകത്തിലെ ഏറ്റവും ചൂടുകൂടിയ പത്തു വര്‍ഷങ്ങളിലൊന്നാകുമെന്ന്‌ WMO (World Meterological Organisation) പ്രവചനം ഇതിനോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. ഇതു കൂടാതെ അതിതീവ്രമായ കാലാവസ്ഥാ വൃതിയാനങ്ങളായ വന്‍കൊടുങ്കാറ്റുകളും വരള്‍ച്ചയും ചുടുവാത-താപതരംഗങ്ങളും (Heat Waves) തുടര്‍ച്ചയായി ഉണ്ടാകുകയും ഇതുമൂലം ഭൂമിയിലെ പല ജീവജാലങ്ങളും നാമാവശേഷമാകാനുമുള്ള സാധ്യതയുണ്ട്‌. 660 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദിനോസറുകളടക്കം അന്നു ഭൂമിയിലുണ്ടായിരുന്ന 75% ജീവജാലങ്ങള്‍ ഇല്ലാതായതിനോടാണ്‌ ഈ പ്രതിഭാസത്തെ ശാസ്ത്രജ്ഞന്‍മാര്‍ താരതമ്യപ്പെടുത്തുന്നത്‌ എന്നു മനസ്സിലാക്കുമ്പോഴാണ്‌ ഇതിന്റെ തീവ്രത നമുക്കു മനസ്സിലാകുക. ഇത്‌ ഒരു കൂട്ടിപ്പറച്ചിലാണോ എന്നാലോചിക്കുന്നതിനു മുമ്പ്‌ ചില കണക്കുകള്‍ പരിശോധിക്കുന്നത്‌ നന്നായിരിക്കും. 2010 ഒക്ടോബറിനും 2012 ഏപ്രിലിനുമിടയില്‍ സോമാലിയയിലു ണ്ടായ അതിരൂക്ഷമായ വരള്‍ച്ചയില്‍ ഒരു ലക്ഷത്തി അമ്പതിനായിരം പേര്‍ മരിച്ചു പോയി. ഈയവസ്ഥയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ 2050-ല്‍ 300കോടി ജനങ്ങള്‍ അതികഠിനമായ ദാരിദ്രയത്തിലാകുമെന്നും ഇയാന്‍ ആന്‍ഗുസ്‌ വിശദീകരിക്കുന്നു. 2003-ല്‍ യുറോപ്പില്‍ വീശിയടിച്ച ചുടുകാറ്റിനും 2011-ലെ ടെക്സാസിലേയും ഒക്ലഹോമയിലേയും വരള്‍ച്ചക്കും 2012-ല്‍ ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും വന്‍നാശം വിതച്ച സാന്‍ഡി ചുഴലിക്കാറ്റിനും ഒറീസ്സയിലും ആന്ധ്രയിലും വീശിയടിച്ച ഫയലിനും ഫിലിപ്പീന്‍സില്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയ ഹെയിന്‍സ്‌ കൊടുങ്കാറ്റിനുമൊക്കെ ഈ കാലാവസ്ഥാ വ്യതിയാനങ്ങളുമായി എത്ര ബന്ധമുണ്ടെന്ന്‌ പരിശോധിക്കപ്പെടേണ്ടതാണ്‌.

പാരിസ്ഥിതിക ബദല്‍ അന്വേഷണങ്ങള്‍

മുതലാളിത്തോത്പാദനം വന്‍തോതില്‍ അധ്വാനത്തേയും വിഭവ ശേഷിയേയും കൊള്ളയടിച്ച്‌ ചെറുന്യൂനപക്ഷത്തിന്റെ കയ്യില്‍ സമ്പത്ത്‌ കുന്നുകൂട്ടുകയും അതിന്റെ ലാഭേച്ഛ അമിതോല്‍പാദനവും വിഭവങ്ങളുടെ പാഴാക്കലും വഴി വന്‍ തോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമാണ്‌. ഇത്‌ ഭൂമിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്നു. സാമ്രാജ്യത്വ ഘട്ടത്തില്‍ മുതലാളിത്ത വ്യവസ്ഥിതിയ്ക്കകത്തുള്ള ഏതൊരു നിയ്രത്രണവും ക്രമീകരണവും ദരിദ്ര രാജ്യങ്ങളുടേയും ജനങ്ങളുടേയും നേരേയുമുള്ള കടന്നുകയറ്റമാണുണ്ടാക്കുക. ഈ സാഹചര്യത്തില്‍ മുതലാളിത്ത വ്യവസ്ഥിതിയെ എതിര്‍ത്തുകൊണ്ടു തുല്യതയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായ ഒരു സാമൂഹിക വ്യവസ്ഥയ്ക്കു മാത്രമേ പാരിസ്ഥിതിക പ്രശ്നങ്ങളേയും ഇല്ലായ്മ ചെയ്യാന്‍ സാധിക്കുകയുള്ളൂ. മാര്‍ക്സിന്റെ കൃതികളേയും മാര്‍ക്സിസത്തേയും ഈ കാഴ്ചപ്പാടില്‍ പുനര്‍വായിച്ചെടുക്കുന്നതിനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്‌.

പ്രകൃതിയെ ഇണക്കി കീഴ്പ്പെടുത്താമെന്ന ബെക്കോണിയന്‍ വീക്ഷണം മാര്‍ക്സിലും ഏംഗല്‍സിലും സ്വാധീനം ചെലുത്തിയിരുന്നു. എന്നാല്‍ മുതലാളിത്തത്തിലെ പ്രകൃതിയെ കീഴടക്കല്‍ പ്രകൃതിയെ അന്യവത്കരിക്കുകയും ചൂഷണം ചെയ്യുകയുമാണെന്ന്‌ അവര്‍ മനസ്സിലാക്കിയിരുന്നു. മുതലാളിത്തം ആത്യന്തികമായി നഗരവും നാട്ടിന്‍പുറങ്ങളും തമ്മിലുള്ള വിടവ്‌ കൂട്ടുകയാണ്‌ ചെയ്യുന്നതെന്ന തിരിച്ചറിവില്‍ ഈ പ്രശ്‌നത്തിന്‌ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോയിലൂടെ ഉത്തരം കണ്ടെത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. മൂലധനം എഴുതുന്നതോടെ പ്രകൃതിയേയും പരിസ്ഥിതിയേയും കുറിച്ചുള്ള അവബോധം കൂടുതല്‍ വ്യക്തമായി മാര്‍ക്സില്‍ പ്രതൃക്ഷപ്പെടുന്നതായി ഫോസ്റ്റര്‍ നിരീക്ഷിച്ചിട്ടുണ്ട്‌.

മാര്‍ക്സ്‌ അധ്വാന പ്രക്രിയയെ “മനുഷ്യനും പ്രകൃതിക്കും ഇടയിലുള്ള ഒരു പ്രകിയയാണെന്നും ഈ പ്രകിയയിലൂടെ മനുഷ്യന്‌ സ്വന്തം പ്രവര്‍ത്തിയിലൂടെ പ്രകൃതിക്കും അവനുമിടയിലുള്ള ഉപചയത്തില്‍ (metabolism) മാധ്യസ്ഥം വഹിക്കാനും ക്രമീകരിക്കാനും നിയന്ത്രിക്കാനും കഴിയും” എന്ന്‌ നിര്‍വ്വചിക്കുന്നുണ്ട്‌. “എന്നാല്‍ മുതലാളിത്ത ഉത്പാദനബന്ധങ്ങള്‍ മൂലവും നഗരപ്രദേശവും ഗ്രാമ പ്രദേശവും തമ്മിലുള്ള വൈരുദ്ധ്യമാര്‍ന്ന വേര്‍തിരിവിലൂടേയും ഈ ഉപചയത്തില്‍ അപരിഹാര്യമായ ഒരു വിള്ളല്‍ സംഭവിച്ചിട്ടുണ്ട്‌. അതിനാല്‍ സഹ ഉത്പാദകരെന്ന നിലയില്‍ പ്രകൃതിയുമായുള്ള മാനുഷിക ഉപചയത്തെ ഒരു യുക്തിപൂര്‍ണ്ണമായ രീതിയില്‍ ക്രമീകരിക്കുകയെന്നത്‌ ബൂര്‍ഷ്വാ സമൂഹത്തിന്റെ കഴിവുകള്‍ക്കപ്പുറത്താണ്‌.”

മാര്‍ക്സിന്റെ കാലത്തു നടന്ന കാര്‍ഷിക മേഖലയിലെ ശാസ്ത്രപുരോഗതിയെക്കുറിക്കുന്ന രണ്ടാം കാര്‍ഷിക വിപ്ലവം മുതലാളിത്തത്തിന്റെ ലാഭക്കൊള്ളയ്ക്കു വേണ്ടി അധ്വാനത്തെ മാത്രമല്ല പ്രകൃതിയേയും എങ്ങിനെ ചൂഷണം ചെയ്യുന്നതെന്ന്‌ ഇവിടെ വിശദീകരി ക്കുന്നുണ്ട്‌. 1844-ലെ ഇക്കണോമിക്‌ ആന്റ്‌ ഫിലോസഫിക്കല്‍ മാനുസ്ക്രിപ്റ്റിലും മനുഷ്യന്‍ പ്രകൃതിയിലാണ്‌ ജീവിക്കുന്നതെന്നും പ്രകൃതിയാണ്‌ അവന്റെ ശരീരമെന്നും മരിക്കാത്തിടത്തോളം കാലം അതുമായി സംവദിച്ചുകൊണ്ടേയിരിക്കണമെന്നും മനുഷ്യന്റെ ഭാതികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടു കിടക്കുന്നുവെന്നും, ലളിതമായി പറഞ്ഞാല്‍ മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമാണ്‌ എന്ന്‌, മാര്‍ക്‌സ്‌ നിര്‍വ്വചിച്ചിട്ടുണ്ട്‌. ഇംഗ്ലണ്ടിലെ തൊഴിലാളികളെക്കുറിച്ചുള്ള ഏംഗല്‍സിന്റെ നിരീക്ഷണത്തില്‍ തൊഴിലാളികളുടെ ജീവിത സാഹചര്യം മാത്രമല്ല മുതലാളിത്തത്തിന്റെ പാരിസ്ഥിതിക നശീകരണവും അത്‌ ജനങ്ങളെ ബാധിക്കുന്ന തെങ്ങിനെയെന്നും എടുത്തു പറയുന്നുണ്ട്‌. ഈ വിധത്തില്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തെ ഇല്ലാതാക്കിക്കൊണ്ട്‌ സോഷ്യലിസം കെട്ടിപ്പുടുക്കുന്നതില്‍ പ്രകൃതിയേയും പരിസ്ഥിതിയേയും മുഖ്യസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിന്റെ പ്രശ്‌നം മാര്‍ക്സിസം വിശദമാക്കുന്നുണ്ട്‌. രാസവളങ്ങള്‍ ഭൂമിയുടെ ഫലഭൂയിഷ്ഠത നഷ്ടപ്പെടുത്തുന്നതും നദികളേയും വ്യവസായജില്ലകളേയും മലിനീകരിക്കുന്നതിനേയും കുറിച്ച്‌ കാര്‍ഷിക പ്രശ്നത്തില്‍ (1901-ല്‍) ലെനിന്‍ വിശദീകരിക്കുന്നുണ്ട്‌. ജര്‍മ്മനിയിലെ മുതലാളിത്ത കൃഷി ഘട്ടം ഘട്ടമായി സസ്യജീവജാലങ്ങളെ ഇല്ലാതാക്കുന്നതിനെക്കുറിച്ചും കുരുവികള്‍ക്ക്‌ കൂടുകൂട്ടാനായി പൊള്ളയായ മരങ്ങളും കുറ്റിക്കാടുകളുമില്ലാതെ അവയുടെ പാട്ടുകേള്‍ക്കുന്നത്‌ ഇല്ലാതായതിനെക്കുറിച്ചും വായിച്ച്‌ കണ്ണീര്‍ വാര്‍ത്തതിനെക്കുറിച്ച്‌ റോസാലക്സംബര്‍ഗ്ല്‌ ജയിലില്‍ നിന്ന്‌ ലിബ്കിനെഴുതിയ കത്ത്‌*8 ഫോസ്റ്റര്‍ ഉദ്ധരിക്കുന്നുണ്ട്‌. 1920-ലെ പുത്തന്‍സാമ്പത്തിക നയ ത്തിന്റെ സമയത്തു തന്നെ ദക്ഷിണ യുറാള്‍സ്‌ മേഖലയെ സംരക്ഷിതമേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ട്‌ പ്രകൃതിയെ സംരക്ഷിക്കുന്നതിലുള്ള സോവിയറ്റ്‌ പ്രതിബദ്ധത ലെനിന്‍ വ്യക്തമാക്കിയിരുന്നു.

സ്റ്റാലിന്റെ അര്‍ത്ഥശാസ്ത്രത്തിന്‌ ഒരു നിരൂപണത്തിനെ വിമര്‍ശിച്ചുകൊണ്ട്‌ സാങ്കേതിക വിദ്യയും വന്‍കിട ഉത്പാദനവുമല്ല രാഷ്ട്രീയവും കേഡര്‍മാരുമാണ്‌ മുഖ്യസ്ഥാനത്ത്‌ എന്ന്‌ തിരുത്തിക്കൊണ്ട്‌ വികസനത്തെക്കുറിച്ചുള്ള സ്റ്റാലിന്റെ അതിഭാതിക ധാരണകളെ മാവോ വിമര്‍ശിച്ചിരുന്നു*9. ഉത്പാദന സിദ്ധാന്തമെന്ന പേരില്‍ ഈ വികലമായ കാഴ്ചപ്പാട്‌ ലീഷാവോചിയും സംഘവും ചൈനയില്‍ നടപ്പിലാക്കാനായി മുന്നോട്ടു വന്നിരുന്നു. താവോയുവാന്‍ പ്രദേശത്ത്‌ വന്‍കിട സാങ്കേതിക വിദ്യയും യന്ത്രങ്ങളും വ്യാപകമായ രാസവളങ്ങളുമുപയോഗിച്ചുള്ള ആധുനിക കൃഷിരീതികളുടെ പ്രശ്നം മാവോ തുറന്നു കാട്ടുകയും പിന്നോക്ക പ്രദേശമായിരുന്ന താച്ചിങ്‌ പര്‍വ്വത മേഖലയില്‍ കേഡര്‍മാരെ രാഷ്ട്രീയമായി പ്രചോദിപ്പിച്ച്‌ പ്രകൃതിക്കിണങ്ങിയ കൃഷി വികസിപ്പിക്കുകയും ചെയ്തു. താവോ യുവാനിലെ ആദ്യ കുതിപ്പിനു ശേഷം സൃഷ്ടിക്കപ്പെട്ട അസമാനതകളും അസന്തുലിതത്വവും വൈകല്യങ്ങളും പിന്നീട്‌ സ്വയം തുറന്നു കാട്ടപ്പെടുകയും താച്ചിംഗിലെ ചിട്ടയായ വികസനത്തിലൂടെ സാമൂഹ്യമുന്നേറ്റം സൃഷ്ടിക്കപ്പെടുകയും ചെയ്തു*10. പൊതുവില്‍ മലിനീകരണത്തിനു പേരുകേട്ട റിഫൈനറിക്കടിയില്‍ വ്യാപകമായി കൃഷി വികസിപ്പിച്ചുകൊണ്ട്‌ കൃഷിയും വൃവസായവും തമ്മിലുള്ള പൂരകം വ്യക്തമാക്കിയ മാവോയുടെ താച്ചായ്‌ മാതൃകയും മാവോയിസ്റ്റ്‌ പരിസ്ഥിതി കാഴ്ചപ്പാടിനെ അടയാളപ്പെടുത്തുകയുണ്ടായി.

സോഷ്യലിസ്റ്റ്‌ നിര്‍മ്മാണഘട്ടത്തിലെ പ്രകൃതിചൂഷണം മുതലാളിത്ത വൃതിയാനത്തിന്റെ ഭാഗമാണെന്ന സുപ്രധാനമായ ആശയ ശാസ്ത്ര കണ്ടെത്തലായിരുന്നു മാവോയുടെ ഒരു സുപ്രധാന സംഭാവന. ലീഷാവോചിയുടേയും ഡെങ്സിയാവോ പിങ്ങിന്റേയും മുതലാളിത്ത വ്യതിയാനത്തെ തുറന്നെതിര്‍ത്തുകൊണ്ട്‌ മഹത്തായ സാംസ്‌കാരിക വിപ്ലവത്തിനു തിരികൊളുത്തുന്നതില്‍ ഈ വീക്ഷണ ത്തിനു മുഖ്യപങ്കുണ്ട്‌. വിപ്ലവാനന്തര സമൂഹത്തിലെ പ്രധാന വൈരുദ്ധ്യം അധ്വാനവും മൂലധനവും തമ്മിലാണെന്ന കാഴ്ചപ്പാട്‌ മാവോ മുന്നോട്ടു വെച്ചു. വിപ്ലവാനന്തര സമൂഹത്തില്‍ ഇതിന്റെ സമൂര്‍ത്ത പ്രതിഫലനമായ നഗരങ്ങളും നാട്ടിന്‍പുറങ്ങളും തമ്മിലും കൃഷിയും വ്യവസായവും തമ്മിലും വന്‍കിട വ്യവസായവും ചെറുകിട വ്യവസായവും തമ്മിലുമടക്കമുള്ള പത്തു വൈരുദ്ധ്യങ്ങളെ മാവോ ചൂണ്ടിക്കാട്ടി*11. സാംസ്‌കാരിക വിപ്ലവ കാലത്തെക്കുറിച്ചുള്ള തന്റെ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ദ അണ്‍നോണ്‍ ദി അൺനോൺ കൾച്ചറൽ റെവല്യൂഷൻ (The Unknown Cultural Revolution) എന്ന പഠനത്തിൽ ഡോങ്പിങ്‌ ഹാന്‍ ചൈനയിലെ ഉത്പാദക കൂട്ടായ്മകള്‍ ഹൈസ്കൂുളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിരുന്നതായും അവിടത്തെ വിദ്യാര്‍ത്ഥികള്‍ കൂട്ടുകൃഷിക്കളത്തിലും ഗ്രാമീണ ഫാക്ടറിയിലും ജോലി ചെയ്തിരുന്നതായും ഉദ്പാദനത്തേയും കൃഷിയേയും സാമൂഹികജീവിതവുമായി ഇതിലൂടെ ബന്ധിപ്പിച്ചിരുന്നതായും രേഖപ്പെടുത്തുന്നുണ്ട്‌ *12. അനിവാരൃതയെക്കുറിച്ചുള്ള മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും നിലപാടുകളെ തിരുത്തിക്കൊണ്ട്‌ അനിവാര്യയതയേയും മാറ്റിത്തീര്‍ക്കാമെന്ന്‌ വിശദീകരിക്കുന്ന മാവോ പ്രകൃതിയെക്കുറിച്ച്‌ മനുഷ്യന്‌ വളരെ കുറച്ചേ അറിയുകയുള്ളൂ എന്ന്‌ വിനയാന്വിതനാകുന്നുമുണ്ട്‌ *13. പ്രകൃതിയേയും പാരിസ്ഥിതിക സന്തുലിതത്വത്തേയും കുറിച്ചുള്ള മാര്‍ക്സിസ്റ്റ്‌ നിലപാടുകള്‍ മാവോയുടെ കാലത്ത്‌ സമ്പുഷ്ടമാക്കപ്പെടുകയും ആശയശാസ്ത്ര തലത്തിലും പ്രായോഗികമായും ഇതിന്‌ ഉത്തരം കണ്ടെത്തുകയും ചെയ്തു. ബോളീവിയന്‍ സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടിന്റെ പ്രശ്നങ്ങളെ തുറന്നു കാണിച്ചുകൊണ്ട്‌; അമേരിക്കന്‍ കമ്പനികളെ വന്‍തോതില്‍ എണ്ണഖനനം ചെയ്യാന്‍ അനുവദിച്ചുകൊണ്ട്‌ അതിലൂടെ ലഭിക്കുന്ന ആദായത്തിന്റെ ഒരുഭാഗം സാമൂഹിക സുരക്ഷയക്കായി നീക്കിവെയ്ക്കുന്ന ഷാവേസിന്റെ മാതൃകയെ അമേരിക്കന്‍ മാവോയിസ്റ്റായ റെയ്മണ്ട്‌ ലോട്ട വിമര്‍ശിക്കുന്നുണ്ട്‌ *14. ഭക്ഷ്യകൃഷിയിലൂടെ സ്വയം പര്യാപ്തത കൈവരിച്ചുകൊണ്ടുള്ള സുസ്ഥിര വികസനത്തിലൂടെയല്ലാതെ സോഷ്യലിസം കെട്ടിപ്പടുക്കാനാകില്ലെന്ന്‌ ലോട്ട വിശദീകരിക്കുന്നുണ്ട്‌.

സിപിഎം എന്തുകൊണ്ട്‌ പരിസ്ഥിതി വിരുദ്ധരാകുന്നു?

മുന്‍കാലങ്ങളിലെല്ലാം തന്നെ കേരളത്തില്‍ ഉയര്‍ന്നു വന്നിരുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ജനവിരുദ്ധ നിലപാട്ടെടുത്ത അനുഭവമാണ്‌ സിപിഎമ്മിന്റേത്‌. സൈലന്റ്‌ വാലി മുതല്‍ പൂയം കുട്ടി, അതിരപ്പള്ളി വരെ യുള്ള പദ്ധതികള്‍ എടുത്താല്‍ അത്‌ തുടരുന്നതായി മനസ്സിലാക്കാം. പലപ്പോഴും മലിനീകരണത്തിന്റെ നേരിട്ടുള്ള ഇരകളായ തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട്‌ ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ എന്ന പരമ്പരാഗത ന്യായത്തെ കൂട്ടുപിടിച്ച്‌ തൊഴിലുടമകളുടെ വക്താക്കളാവുകയാണ്‌ സിപിഎം ചെയ്യാറ്‌, അതുകൊണ്ട്‌ തന്നെ പെരിയാര്‍ മലിനീകരണം, കാതികൂടം നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മലിനീകരണം, മുമ്പ്‌ മാവൂര്‍ റയോണ്‍സിന്റെ ചാലിയാര്‍ മലിനീകരണം പോലുള്ള സുപ്രധാന മലിനീകരണ വിഷയങ്ങളിലും പെരിങ്ങോം ആണവ നിലയം, ഇരണാവ്‌, എന്‍റോണ്‍ എന്നിവയിലൊക്കെ തൊഴിലാളികളേയും സിപിഎം അനുഭാവികളായ പ്രദേശവാസികളേയുമൊക്കെ വികസനത്തിന്റെ പേരുപറഞ്ഞ്‌ പ്രകൃതിയ്ക്കും മനുഷ്യനും പരിസ്ഥിതിക്കും ദുരന്തമുണ്ടാക്കുന്ന കമ്പനികളുടെ ഗുണ്ടാപടയായിട്ടു പോലും പ്രവര്‍ത്തിക്കുന്ന നിലയിലേക്കെത്തിച്ചിട്ടുണ്ട്‌. തൊഴിലാളികളേയും പ്രദേശിക ജനങ്ങളേയുമൊക്കെ പരിസ്ഥിതിയുടേയും ബദല്‍ വികസനത്തിന്റേയും പേരില്‍ രാഷ്ട്രീയം ബോധ്യപ്പെടുത്താവുന്നതായ ഈ സന്ദര്‍ഭങ്ങളെയെല്ലാം അതിനെതിരായി ഉപയോഗപ്പെടുത്തുന്നതിലൂടെ തെറ്റായ വികസന നയങ്ങള്‍ ജനങ്ങളിലേക്ക്‌ സ്വാംശീകരിക്കപ്പെടുകയാണുണ്ടായത്‌. പേരില്‍ മാര്‍ക്സിസമുണ്ടെങ്കിലും തികഞ്ഞ സോഷ്യല്‍ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയായ സിപിഎമ്മിന്റെ തിരുത്തല്‍വാദ രാഷ്ട്രീയമാണ്‌ ഇതിന്റെ പിന്‍ബലം. പാര്‍ല മെന്ററി ജീര്‍ണ്ണത, സാമ്പത്തികവാദം, പ്രയോഗമാത്രവാദം എന്നിങ്ങനെ മറ്റേതു വലതുപക്ഷ ശക്തികളേക്കാള്‍ തുറന്ന മുതലാളിത്ത നിലപാടുകള്‍ സിപിഎം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ്‌ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ ഇത്തരം നയങ്ങള്‍ കൈക്കൊള്ളുന്നതിന്റെ പിന്നില്‍. സാമ്രാജ്യത്വ ആഗോളവത്കരണത്തെ ഉപയോഗപ്പെടുത്തുന്നതിന്‌ തീരുമാനമെടുത്ത ഇക്കൂട്ടര്‍ മന്‍മോഹന്‍സിംഗിന്റെ യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. കേരളത്തില്‍ എ.ഡി.ബിയും ലോകബാങ്ക് പദ്ധതികളും നടപ്പിലാക്കുന്നതില്‍ മിടുക്കുകാട്ടിയ ഇവര്‍ ജനമൈത്രി, സ്റ്റുഡന്റ്‌ കേഡറ്റ്‌ എന്നീ പോലീസിംഗ്‌ സംവിധാനങ്ങള്‍ ആരംഭിച്ചുകൊണ്ട്‌ ബഹുജന സംഘടനകളുടെ സാധ്യതയെ ഫാസിസ്റ്റ്‌ രാഷ്ദ്രീയ ഘടനയ്ക്ക്‌ അനുയോജ്യമാക്കി. കേഡര്‍മാരെ നിലനിര്‍ത്താന്‍ സഹകരണബാങ്കുകളും നിരവധി ജനവിരുദ്ധ സംരഭങ്ങളുമായി ഏതൊരു വലതുപക്ഷ ശക്തികളേക്കാളും വലതുപക്ഷത്താണെന്നു തെളിയിച്ചു.

വന്‍നിര്‍മ്മാണ കുത്തക സ്ഥാപനമായി വളര്‍ന്ന ഊരാളുങ്കൽ സൊസൈറ്റി മലബാര്‍ മേഖലയിലെ പശ്ചിമഘട്ടത്തെ തകര്‍ക്കുന്നതില്‍ വലിയ പങ്കാണ്‌ വഹിക്കുന്നത്‌. വികസനമെന്നാല്‍ റോഡുകളും അംബരചുംബികളുമാണെന്ന സമ്രാജ്യത്വ വീക്ഷണത്തില്‍ നിന്നാണ്‌ ഊരാളുങ്കൽ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്‌. നിരവധി ക്വാറികളിലൂടെ വന്‍തോതില്‍ പാറപൊട്ടിച്ചും ചെമ്മണ്ണിനായി നിരവധി കുന്നു കള്‍ ഇടിച്ചു നിരത്തിയും വനവും നീര്‍ച്ചാലുകളും വന്യമൃഗങ്ങളും സസ്യജാലങ്ങളും ഇല്ലാതാകുന്നതിന്‌ വഴിവെക്കുകയാണിത്‌. സാധാരണ ജനങ്ങള്‍ക്ക്‌ ഒട്ടും നേട്ടമില്ലാത്ത ഈ പദ്ധതികള്‍ (നാലുവരി പാതകളും പുതിയ ഐ.ടി.പാര്‍ക്കുമെല്ലാം) കുടിവെള്ളമില്ലാതാക്കിയും വരള്‍ച്ച സൃഷ്ടിച്ചുമൊക്കെ കാര്‍ഷിക മേഖലയെ താറുമാറാക്കി സുസ്ഥിരമായ ആവാസവ്യവസ്ഥയെയാണ്‌ തകിടം മറിക്കുന്നത്‌. ജയരാജനെപ്പോലുള്ള കേന്ദ്രനേതാക്കള്‍ ക്വാറി ഉടമ സംഘടനയുടെ നേതൃത്വമാകുന്നതും ഇതേ രാഷ്ട്രീയ കാഴ്ചപ്പാടിലാണ്‌. പശ്ചിമഘട്ടസംരക്ഷണത്തിന്റെ ഗൌരവമായ രാഷ്ട്രീയ പ്രാധാന്യത്തേക്കാള്‍ ജനപ്രിയ നയങ്ങള്‍ മുന്നോട്ടുവെച്ച്‌ മല്‍ത്യൂസിയന്‍ നിലപാടുകാരായ ക്രിസ്ത്യന്‍ സഭകളേക്കാള്‍ ബഹുദൂരം മുന്നിലാണ്‌ തങ്ങളെന്ന്‌ സ്ഥാപിക്കുന്നു. താത്കാലിക വോട്ടുബാങ്കു രാഷ്ര്ട്രീയത്തേക്കാള്‍ ജനങ്ങളെ ശക്തമായി അരാഷ്ട്രീയവത്കരിക്കുന്നതിലുള്ള സിപിഎമ്മിന്റെ പങ്ക് ഒരിക്കല്‍ കൂടി വെളിവാക്കുന്നതായി മലയോര ഹര്‍ത്താലുകള്‍. സോഷ്യല്‍ ഡമോക്രസിയില്‍ നിന്ന്‌ സംഘടിത സ്വയം സഹായക സംഘത്തിലേക്കുള്ള സിപിഎമ്മിന്റെ രൂപാന്തരമാണിത്‌.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പരിഹാരമോ?

പശ്ചിമഘട്ടം നേരിടുന്ന പ്രശ്നങ്ങളെ പുറത്തുകൊണ്ടുവരുന്നതിന്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ വലിയ പങ്കു വഹിച്ചിട്ടുണ്ട്‌. സി.പി.എം അടക്ക മുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെ തുറന്നെതിര്‍ക്കുകയുണ്ടായെങ്കിലും കോണ്‍ഗ്രസ്സിലെ ഹരിതഗ്രൂപ്പും അച്യുതാനന്ദനും പരിഷത്തുമൊക്കെ ഇതിനെ പിന്തുണച്ച്‌ പരസ്യമായി രംഗത്തു വന്നിട്ടുണ്ട്‌. പശ്ചിമഘട്ട മേഖലയിലും പുറത്തും നിരവധി പരിസ്ഥിതി പ്രവര്‍ത്തകരും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുകയുണ്ടായി. ഈ ധ്രുവീകരണം പരിസ്ഥിതിയെക്കുറിച്ചുള്ള അവ ബോധം ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്‌ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പശ്ചിമഘട്ടത്തിന്റെ നില നില്‍പ്പിന്റെ അടിസ്ഥാനപ്രശ്നങ്ങളെ സമീപിച്ചിട്ടില്ലെന്നതാണ്‌ വസ്തുത. കൊളോണിയല്‍ തോട്ടവത്കരണം സൃഷ്ടിച്ച വനനശീകരണം, ആദിവാസികളുടെ ഭൂമി നഷ്ടപ്പെടല്‍, ഭക്ഷ്യവിളകളുടെ നാശം, നിയമവിരുദ്ധവും അല്ലാതേയും ഭൂമി കുത്തകകളുടെ നിയന്ത്രണത്തിലായത്‌ തുടങ്ങിയ വിഷയങ്ങള്‍ പശ്ചിമഘട്ട മേഖലയിലെ സമ്പദ്‌ വ്യവസ്ഥയേയും പാരിസ്ഥിതിക നിലനില്‍പ്പിനേയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങളാണ്‌. ആദിവാസികളുടെ വനത്തിന്റെ മേലുള്ള അധികാരവും പാരമ്പര്യ കൃഷിരീതികളും തിരികെ സ്ഥാപിക്കു പ്പെടാത്തതിന്റെ പ്രശ്നം ഗൗരവ പ്രാധാന്യമുള്ളതായി കണക്കാക്കപ്പെട്ടില്ല. മറ്റേതൊരു സാമൂഹികക്ഷേമ നിയമങ്ങളും പോലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പഞ്ചായത്ത്‌ ഗ്രാമസഭകളിലും സംസ്ഥാന, ജില്ലാ അതോറിറ്റികളിലൂടേയും ഇവ നടപ്പിലാക്കപ്പെടുമെന്നാണ്‌ വ്യാമോഹിക്കുന്നത്‌. ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നിയമങ്ങളിലൂടെ നടപ്പിലാക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പോലും (അതിന്‌ വിദൂര സാധ്യത പോലുമില്ല) രാജ്യത്ത്‌ നിലവിലുള്ള വിവിധ സാമൂഹികക്ഷേമ നിയമങ്ങളുടെ ഗതി തന്നെയായിരിക്കും അതിനുണ്ടാകുക. ദളിത്‌, ആദിവാസി സരക്ഷണത്തിനായി സംവരണങ്ങളും, പീഡന നിരോധന നിയമവും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും പട്ടിക പ്രദേശങ്ങളും പെസോ പോലുള്ള നിയമങ്ങളുമുണ്ടായിട്ടും ഇവയൊന്നും നടപ്പിലാക്കപ്പെടാനുള്ള രാഷ്ട്ട്രീയ- സാമുഹിക സഹാചര്യമില്ലായ്മ മൂലം ഇതൊന്നും നടപ്പിലാക്കപ്പെടുന്നില്ല. മധ്യ-കിഴക്കന്‍ ഇന്ത്യയിലെ ആദിവാസിഗ്രാമങ്ങള്‍ കുത്തകകളുടെ വിഭവക്കൊള്ള യ്ക്കായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതും (ലോഹാണ്ടിഗുഡയില്‍ സായുധ സേനയുടെ തോക്കിന്‍ മുനയില്‍ ജനങ്ങള്‍ ടാറ്റയ്ക്കായി സമ്മതിപത്രങ്ങള്‍ നല്‍കുകയുണ്ടായി) രാജ്യത്തെമ്പാടും ദളിതുകള്‍ പീഡിപ്പിക്കപ്പെടുന്നതും ദളിത്‌ ആദിവാസി സംവരണ ക്വാട്ടകള്‍ പൂര്‍ത്തീകരിക്കപ്പെടാതെ ജനറല്‍ വിഭാഗത്തിനു പോകുന്നതും ഇതുകൊണ്ടാണ്‌. ഗാഡ്ഗിലും ഈ വിധത്തില്‍ ഭരണ നിര്‍വ്വഹണ സംവിധാനങ്ങളിലൂടെ പശ്ചിമഘട്ട സംരക്ഷണം നടപ്പിലാക്കപ്പെടുമെന്നു വ്യാമോഹിക്കുന്നത്‌. സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുണ്ടായ വനമേഖല പുതിയ സംവിധാനത്തില്‍ കേന്ദ്രത്തിന്റെ അധികാര പരിധിയിലേക്ക്‌ എത്തിപ്പെടും*15. സന്നദ്ധ സംഘടനകളുടെ സമ്മര്‍ദ്ദ രാഷ്ട്രീയ കാഴ്ചപ്പാടിലെ തലത്തിലേക്ക്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ ചുരുങ്ങുകയാണ്‌ ചെയ്യുന്നത്‌.

വനസംരക്ഷണവും കോര്‍പറേറ്റ്‌ അജണ്ട

ലോകത്തിലെ ഹരിതഗൃഹ വാതകങ്ങളുടേയും കാര്‍ബണിന്റേയുമൊക്കെ പുറന്തള്ളലിനു കാരണക്കാരായ അമേരിക്കയും മറ്റു സാമ്രാജൃത്വ രാജ്യങ്ങളും തങ്ങളുടെ മേഖലയില്‍ ഇത്‌ കുറയ്ക്കുന്നതിനായി വലിയ താല്‍പര്യമെടുക്കുന്നില്ല. അമേരിക്ക ഇത്‌ വെട്ടിക്കുറയ്ക്കാനുള്ള ക്യോട്ട്യോ ഉടമ്പടിയില്‍ പേരിനെങ്കിലും ഒപ്പിടാന്‍ പോലും സന്നദ്ധമല്ല. ഇന്ത്യയടക്കമുള്ള ദരിദ്ര രാജ്യങ്ങളില്‍ വന്‍തോതില്‍ വനവത്കരണം നടത്തിക്കൊണ്ട്‌ കാര്‍ബണ്‍ അളവ്‌ നിയന്ത്രിക്കാനാണിവര്‍ പദ്ധതിയിടുന്നത്‌. ഇതിന്റെ ഭാഗമായി വനസംരക്ഷണത്തിനായി സാമ്രാജ്യത്വ രാജ്യങ്ങള്‍ ഫണ്ട്‌ നീക്കിവെക്കാന്‍ കേപ്പന്‍ഹാഗില്‍ ധാരണയായിട്ടുണ്ട്‌. നിലവിലുള്ള വനമേഖലയില്‍ നിന്ന്‌ ആദിവാസികളേയും മലയോരവാസികളേയും കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്ന ദേശീയ പാര്‍ക്കുകള്‍, വന്യജീവി സങ്കേതങ്ങള്‍, സംരക്ഷിത വനങ്ങള്‍ എന്നീ പദ്ധതികളുമായി ഒരു വശത്ത്‌ മുന്നോട്ടു പോകുകയാണ്‌. 70 വയസ്സ്‌ പ്രായമുള്ള ഒരു മരം ഏകദേശം 55 ലക്ഷം രൂപ വിലമതിക്കുന്ന വിധം കാര്‍ബണിന്റെ അളവ്‌ കുറയ്ക്കുമെന്ന്‌ കണക്കാക്കുന്നുണ്ട്‌. ഇതുകൂടാതെ സമ്പന്നമായ സസ്യ, ജന്തുജാലങ്ങളും വൈവിധ്യപൂര്‍ണ്ണമായ ആവാസവ്യവസ്ഥകളും നാട്ടറിവുകളും ജനിതക വ്യവസായത്തിന്റെ സംരക്ഷണത്തിനായുള്ള കോര്‍പറേറ്റ്‌ അജണ്ടയെ മുന്നോട്ടുവെയ്ക്കുന്നു.

രണോത്സുക ബദല്‍

തുല്യതയിലും സാമൂഹിക നീതിയിലും അധിഷ്ഠിതമായി മധ്യ-കിഴക്കന്‍ ഇന്ത്യയില്‍ ജനാതന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ജനകീയ ഭരണരൂപങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്‌. ഇവിടങ്ങളില്‍ വനത്തിന്റേയും വനവിഭവങ്ങളുടേയും സസൃജീവജാലങ്ങളുടേയും വര്‍ദ്ധന വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സര്‍വ്വോപരി ഇവിടത്തെ ജനത പ്രകൃതിയ്ക്കിണങ്ങിയ വിധത്തിലു ള്ള കാര്‍ഷിക-അനുബന്ധ വ്യവസായ വികസന പദ്ധതികളിലൂടെ പുതിയ ജനാധിപത്യ സംസ്കാരം സൃഷ്ടിച്ചെടുത്തുകൊണ്ടിരക്കുകയാണ്‌. ഇതുതന്നെയാണ്‌ പരിസ്ഥിതി സംരക്ഷണത്തിന്റെ ഉത്തമ മാതൃകയും. ഈ കാഴ്ചപ്പാടിലാണ്‌ കോഴിക്കോട്‌ കിഴക്കന്‍ മല യോര മേഖലയെ അനധികൃത ഖനനത്തിലൂടെ കൊള്ള ചെയ്തുകൊണ്ടിരിക്കുന്ന ചൂരണിയിലെ മുക്കം ഗ്രാനേറ്റ്‌ എന്ന ക്വാറിസ്ഥാപനം മാവോയിസ്റ്റുകളുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ടത്. ജനങ്ങളുടെ മുന്‍കയ്യില്‍ വരും നാളുകളില്‍ ഇത്തരം രണോത്സുക മുന്നേറ്റങ്ങള്‍ ശക്തിപ്പെടേണ്ടതുണ്ട്‌.

കുറിപ്പുകള്‍

  1. ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍- Marx’s Ecology
  2. ഡാനിയേല്‍ ഫെബര്‍ അലിസണ്‍ ഗ്രോസ്മാന്‍ – പൊളിറ്റിക്കല്‍ ഇക്കോളജി ഓഫ്‌ മാര്‍ക്സിസം
    3, ജോണ്‍ ബെല്ലാമി ഫോസ്റ്റര്‍- The Epochal Crisis
    4, Fred Magdoff – Harmony and Ecological Civilization : Beyond the Capitalist Alienation of Nature 5. John Bellamy Foster : The Planetary Emergency
  3. Paul .A. Baran, Paul.M.Sweezy- Last Letters: Correspondence on ‘Some Theoretical Implications,” 7. Monthly Review 64, no. 3
  4. Ian Angus The Myth of Environmental Catasrophism5 John Bellamy Foster, Marx’s Ecology
  5. Mao, Selected Works Vol-9
  6. William Henston Cultural Revolution The unfinished Battle
  7. Raymond Lotta (Ed) The Shanghai Text book : Towards Maoist Economy
  8. Dongping Han, The Unknown Cultural Revolution
  9. Mao, Selected Works Vol-9
  10. Raymond Lotta – Hugo Chavez Has An Oil Strategy… But Can This lead to Liberation?
  11. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌- നേരും നുണയും

(2014 ൽ ‘മലയാളം വാരിക’യിൽ പ്രസിദ്ധീകരിച്ചത്)


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal


<strong><span class="has-inline-color has-vivid-red-color">രൂപേഷ്</span></strong><br>
രൂപേഷ്

മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരൻ. സമൂഹത്തിലെ മർദ്ദിത ജനവിഭാഗങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തി. 2015 ൽ കോയമ്പത്തൂരിൽ വെച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു. നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവിൽ കഴിയുന്ന ലേഖകൻ്റേതായി ‘വസന്തത്തിലെ പൂമരങ്ങൾ’ എന്ന നോവൽ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.