ഇസ്ലാമും സ്ത്രീകളും

സ്ത്രീപുരുഷ സമത്വം ഇസ്ലാമിൽ ഒരിക്കലും അനുവദിക്കാനാവാത്ത ഒരു പാശ്ചാത്യാശയമാണ് എന്ന ധാരണയെ ചരിത്രസാമഗ്രികളുടെ പിൻബലത്തോടെ ശക്തമായി ചോദ്യം ചെയ്യുന്ന പുസ്തകമാണ് മൊറോക്കൻ എഴുത്തുക്കാരി ഫാത്തിമ മെർനിസിയുടെ ‘ദി വെയ്ൽ ആൻഡ് മെയിൽ എലൈറ്റ്’.1987-ൽ പുറത്തിറങ്ങിയ പ്രസ്തുത പുസ്തകത്തിന് ആമുഖമായി ഗ്രന്ഥകാരി തന്നെ എഴുതിയ ലേഖനത്തിൻ്റെ സ്വതന്ത്ര്യ പരിഭാഷ.


പരിഭാഷ: കെ എം വേണുഗോപാലൻ

ഇസ്ലാം മതം,സ്ത്രീകളുടെ അവകാശങ്ങൾക്ക് എതിരാണോ? ആരാണ് യഥാർത്ഥത്തിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരു നിൽക്കുന്നത്? വസ്തുതകൾ അറിയാൻ നാം സാർവ്വദേശീയ സാഹചര്യങ്ങളിലേക്കൊന്ന് കണ്ണോടിക്കേണ്ടി വരും.

1990കൾ അസാധാരണമായ ഒരു ദശാബ്ദമാണ്. ലോകം മുഴുവൻ മനുഷ്യാവകാശങ്ങൾക്ക് വേണ്ടി കാഹളം മുഴക്കുന്നു. സ്ത്രീകളും പുരുഷന്മാരും കുട്ടികളും അവരുടെ അപ്പൂപ്പനമ്മൂമ്മമാരും ഒരുപോലെ, വ്യത്യസ്ത ഭാഷകളുടെയും മതവിശ്വാസങ്ങളുടെയും പശ്ചാത്തലത്തിൽ, ബീജിങ് മുതൽ അമേരിക്ക വരെ, മനുഷ്യാവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തിക്കൊണ്ടിരിക്കുമ്പോൾ ഒരു മതം മാത്രം ജനാധിപത്യത്തിന്റെ എതിർപ്പക്ഷത്തായി കരുതപ്പെടുന്നത് വിചിത്രമല്ലേ? സ്ത്രീകളുടെ അവകാശങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്നത് ഇസ്ലാം ആണെന്ന് പല പാശ്ചാത്യരും കരുതുന്നു. ക്രിസ്ത്യാനിറ്റിയോ യഹൂദമതമോ ലിംഗസമത്വത്തിന് വേണ്ടി യാതൊരു സംഭാവനയും നൽകിയിട്ടില്ലെന്ന വസ്തുത നിലനിൽക്കേ തന്നെ ദശലക്ഷക്കണക്കിന് യഹൂദ-ക്രിസ്ത്യൻ സ്ത്രീകൾ, ഒരു വശത്ത് പൂർണ്ണമായ മനുഷ്യാവകാശങ്ങളുടെയും, മറുവശത്ത് പ്രചോദനാത്മകമായ മതപാരമ്പര്യത്തിലുള്ള അഭിഗമ്യതയുടേയും ഇരട്ടനേട്ടം അനുഭവിക്കുന്നു.

ആധുനികലോകത്തിലെ ജനങ്ങൾ അവരുടെ ഭൂതകാലത്തെ കൈകാര്യം ചെയ്യുകയും സ്വായത്തമാക്കുകയും ചെയ്യുന്ന രീതികളിൽ ആകൃഷ്ടരായ ഒരു അറബ് സ്ത്രീ എന്ന നിലയിൽ ഞാൻ യൂറോപ്പും അമേരിക്കയും സന്ദർശിച്ചപ്പോഴൊക്കെ അത്ഭുതം കൂറിയിട്ടുണ്ട്. അത്യാധുനിക സമൂഹങ്ങൾ എന്ന നിലയിൽ യൂറോപ്പിലെയും അമേരിക്കയിലെയും സമൂഹങ്ങൾ അവയെ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ സമൂഹങ്ങളുടെ സാംസ്കാരികാന്തരീക്ഷം യഥാർത്ഥത്തിൽ എത്രത്തോളം യഹൂദ-ക്രൈസ്തവമാണ് എന്ന് പരിശോധിക്കാൻ എനിക്ക് താത്പര്യം തോന്നിയിട്ടുണ്ട്. ഒരുപക്ഷേ, യഥാർത്ഥത്തിൽ അങ്ങനെയല്ലെങ്കിൽപ്പോലും മതപരമായ സ്വാധീനങ്ങളും മിത്തുകളും പഴങ്കതകളും പാരമ്പര്യങ്ങളും നിറഞ്ഞു നിൽക്കുന്ന പ്രദേശങ്ങളാണ് പുറമെ നിന്ന് നോക്കുന്ന ഒരാൾക്ക് യൂറോപ്പും അമേരിക്കൻ ഐക്യനാടുകളും. ജോർജ് പുണ്യവാളൻ, ഡ്രാഗൺ(വ്യാളി) എന്നൊക്കെപ്പറഞ്ഞാൽ എന്തെന്നറിയാത്തതിനാൽ, സാധാരണസംഭാഷണങ്ങൾപോലും മനസ്സിലാക്കാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ കുഴങ്ങിയിട്ടുണ്ട്.

പാശ്ചാത്യരുടെ ദൈനംദിനപ്രവർത്തനങ്ങളിൽ, അവരുടെ സൃഷ്ടിപരമായ ചിന്തയിൽ, ബാഹ്യലോകവുമായുള്ള അവരുടെ ഇടപഴകലിൽ, ഒക്കെത്തന്നെ അബോധമായിട്ടെങ്കിലും മതപരമായ സൂചനകൾ സ്ഥിരമായി ഉണ്ട്. നീൽ ആംസ്ട്രോങ്, തന്റെ സഹബഹിരാകാശചാരികളോടൊപ്പം 1969 ജൂലൈ 20 ന് ചന്ദ്രനിൽ ആദ്യമായി കാൽവെച്ചയവസരത്തിൽ, ആ കൃത്യം വീക്ഷിച്ചുനിന്ന മുസ്‌ലിങ്ങളടക്കമുള്ള ലോകജനതയ്ക്ക് മുന്നിൽ ഉല്പത്തിപ്പുസ്തകത്തിന്റെ ഒന്നാമധ്യായം വായിച്ചു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു…”

ആധുനികരെപ്പോലെയായിരുന്നില്ല അവർ സംസാരിച്ചത്… തങ്ങളുടെ ശൂന്യാകാശ ഗവേഷണങ്ങൾക്കുള്ളിലും അവർ തികഞ്ഞ മതവിശ്വാസികളായിരുന്നു. 1986ൽ ഞാൻ യു.എസിലെ സാറ്റലൈറ്റ് ടെലിവിഷനിൽ ദിവസം മുഴുവൻ വേദപുസ്തകം ഉരുവിട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യൻമാതൃകയിലുള്ള മുല്ലമാരെക്കണ്ട് അമ്പരന്നിട്ടുണ്ട്. ചില ബാങ്കുകളും ബിസിനസ്സ് സ്ഥാപനങ്ങളും അമേരിക്കൻ കുടുംബങ്ങൾക്കു വേണ്ടി സൗജന്യമായി മതപ്രക്ഷേപണം നടത്തിവരുന്നുണ്ട്. മുസ്ലിമിന് മാത്രം ആധുനികതയെ അതിജീവിക്കാനാവില്ല എന്ന് വാദിക്കുന്നവർക്കുള്ള വ്യക്തമായ ഒരു സന്ദേശം ഇതിലുണ്ട്. യഹൂദമതവും ക്രിസ്ത്യാനിറ്റിയും ആധുനികതയെ വിജയകരമായി അതിജീവിക്കുന്നുവെങ്കിൽ ഇസ്‌ലാമിന് മാത്രം എന്തുകൊണ്ട് അതിന് കഴിയുകയില്ല എന്ന് വ്യക്തമാക്കാൻ അവരോട്‌ ഇത് ആവശ്യപ്പെടുന്നു.

മുകളിൽ സൂചിപ്പിച്ച യൂറോ-അമേരിക്കൻ സന്ദർഭത്തിൽനിന്ന്,സ്ത്രീകൾ എന്ന നിലക്ക് എന്ത് നിഗമനത്തിലാണ് നമുക്ക് എത്തിച്ചേരാൻ കഴിയുക? ഒന്നാമതായി മതത്തെ പണ്ടമുണ്ടാക്കാനുള്ള ഉപാധിയായി ആർക്കുവേണമെങ്കിലും ആധുനികലോകത്ത് ഉപയോഗിക്കാൻ കഴിയും. രണ്ടാമത്തെ കാര്യം ജൂതമതത്തിലോ ക്രിസ്ത്യാനിറ്റിയിലോ ഉള്ളതിലപ്പുറം പീഡാത്മകമായ ഒന്നും ഒരു മതമെന്ന നിലക്ക് ഇസ്ലാമിൽ ഇല്ല എന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണ്. ഈ വെളിച്ചത്തിൽ നോക്കുമ്പോൾ, മുസ്ലിംസമൂഹങ്ങളിൽ സ്ത്രീകളുടേ അവകാശങ്ങൾ തടയുന്നതിൽ സ്ഥാപിതതാല്പര്യങ്ങളുള്ളവരാണ്, സ്ത്രീകൾക്ക് ദു:സ്ഥിതി വരുത്തിവെയ്ക്കുന്നതെന്ന് കാണാം. സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ലാക്കാണ് വീണ്ടും നമുക്ക് അതിന് കാരണമായി കണ്ടെത്താൻ കഴിയുക. മതപരമായി ആധികാരികതയുടെ പരിവേഷത്തിൽ മുക്കിയെടുത്ത ചില യുക്തികൾ വെച്ച് സ്ത്രീകളെ ചൂഷണം ചെയ്യാൻ മതത്തെ ഉപകരണമാക്കാൻ കഴിയുന്നതെങ്ങനെ എന്നും എവിടെയാണ് കുഴപ്പമെന്നുമുള്ളതാണ് പ്രശ്നം.

സാധാരണ നാടൻവ്യാപാരിയായാലും ബഹുരാഷ്ട്രക്കമ്പനിയുടെ മേധാവിയായ പുരുഷനായാലും ഇക്കാര്യത്തിൽ ഒരുപോലെയാണ്. ഇത്തരത്തിൽ ആധികാരികതയുടെ പരിവേഷം ലഭിക്കാൻ തീർച്ചയായും വർത്തമാനകാലമല്ല ഉപയുക്തമാകുന്നത്; ഭൂതകാലമാണ്. സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെ ന്യായീകരിക്കാൻ ഭൂതകാലത്തിന്റെ നിഴലുകൾ പരതിപ്പോകുന്നു. കിഴക്കാവട്ടെ, പടിഞ്ഞാറാവട്ടെ; എവിടെയായാലും സ്ത്രീകൾക്ക് ജനാധിപത്യത്തിന്മേലുള്ള അവകാശവാദങ്ങളെ തടയാൻ ആളുകൾ ചെയ്യുന്നത് ഒന്നുതന്നെ.

നമുക്ക് ജനാധിപത്യമോ ഇസ്ലാമോ, ഏതെങ്കിലും ഒന്നുമാത്രമേ സാക്ഷാത്കരിക്കാനാവൂ. രണ്ടും ഒരേ സമയം ഒരിക്കലും സാധ്യമല്ല എന്ന വാദത്തെ സ്വന്തം സ്ഥാപിതതാൽപ്പര്യങ്ങൾക്കുള്ള മറയായിട്ടാണ് ഇവർ ഉപയോഗിക്കുന്നത്.സാർവ്വദേശീയരംഗം വിട്ട് നാം മദീനയുടെ ഇരുണ്ട പിന്നാമ്പുറത്തെ രാവുകളിലേക്ക് ഒന്ന് കണ്ണോടിക്കുക. മുസ്ലിംരാജ്യങ്ങളിലെ സ്ത്രീകൾക്ക് പൂർണമനുഷ്യാവകാശങ്ങൾ അനുഭവിക്കാൻ പാടില്ലെന്ന് അവിടങ്ങളിലെ ചില പുരുഷന്മാർ എന്തുകൊണ്ടാണ് പറയുന്നത്? ഇങ്ങനെയൊരവകാശവാദത്തിന് ഉപോദ്ബലകമായി എന്താണ് അവരുടെ കൈയിലുള്ളത്? ഒന്നുമില്ല എന്നതാണ് സത്യം. അവർ ഭൂതകാലത്തെക്കുറിച്ചുള്ള നമ്മുടെ വിവരമില്ലായ്മയെ ചൂഷണം ചെയ്യുകയാണ്. ഇസ്‌ലാമിന്റെ ചരിത്രത്തെക്കുറിച്ച് പ്രാഥമികമായ ധാരണയെങ്കിലുമുള്ള ഏതൊരാൾക്കും അവരുടെ വാദങ്ങൾ സ്വീകരിക്കാനാവില്ല. അന്തസ്സിനും പൗരത്വത്തിനുള്ള അവകാശങ്ങൾക്കും വേണ്ടി പോരാടുന്ന ഏത് മുസ്ലിം സ്ത്രീയുടെയും സ്ഥാനം സമൂഹത്തിന് പുറത്താണെന്ന് വാദിക്കുന്ന മുസ്ലിംപുരുഷൻ സ്വന്തം മതപാരമ്പര്യത്തെയും സാംസ്കാരികത്തനിമയെയും മനസ്സിലാക്കാത്ത, പാശ്ചാത്യരുടെ പ്രചാരണത്താൽ മസ്‌തിഷ്‌ക്കപ്രക്ഷാളനത്തിന് വിധേയനായവനാണ്. ഇബ്നു ഹിഷാം, ഇബ്നു ഹജർ, ഇബ്നു സആദ്, ത്വബരി തുടങ്ങിയ ധിഷണാശാലികളായ പണ്ഡിതർ നമ്മുടെ മുൻപിൽ അനാവൃതമാക്കുന്ന ചരിത്രരേഖകളുടെ വിപുലമായ സഞ്ചയമുണ്ട്. ആവേശം പകരുന്നവയാണ് അവ. അഭിമാനത്തിന് വേണ്ടി, നമ്മുടെ രാജ്യത്തിലെ രാഷ്ട്രീയവും സാമൂഹ്യവുമായ കാര്യങ്ങളിൽ തുല്യപങ്കാളിത്തത്തിനുവേണ്ടിയുള്ള നമ്മുടെ അന്വേഷണം യഥാർത്ഥമായ മുസ്ലിംപാരമ്പര്യമൂല്യങ്ങളിൽ നിന്നാണുത്ഭവിക്കുന്നത്. അതിനാൽ ഈ അറിവ് മുസ്ലിംസ്ത്രീകൾ എന്ന നിലയ്ക്ക് ആധുനികലോകത്തിലേക്ക് അഭിമാനപൂർവ്വം നടന്നെത്താൻ നമുക്ക് കരുത്ത് പകരുന്നു. നേരത്തെ സൂചിപ്പിച്ച നിരവധി പണ്ഡിതരുടെ കൃതികൾ പഠിച്ചപ്പോൾ ഈ കാര്യത്തിൽ കൂടുതൽ ശുഭാപ്തിവിശ്വാസം ഞാൻ നേടിയിട്ടുണ്ട്. പരിഷ്കൃത ലോകത്തിന്റെ ഏറ്റവും വിലമതിക്കപ്പെടുന്ന സംഭാവനകളായ മനുഷ്യാവകാശങ്ങളെയും പൂർണ്ണപൗരത്വാവകാശത്തെയും എന്റെ മുസ്ലിംഭൂതകാലത്തിൽ കണ്ടെത്തുന്നതിൽ അഭിമാനം കൊള്ളാനും അവയെ മൂല്യവത്തായി കരുതുന്നതിന് നീതീകരണം നേടാനും എനിക്ക് കഴിയുന്നു.

പ്രവാചകന്റെ മദീനയിൽ സ്ത്രീകൾ അടിമത്തത്തിൽനിന്നും അക്രമങ്ങളിൽനിന്നും തലയുയർത്തി അറബ് ലോകത്തിന്റെ ചരിത്രനിർമ്മിതിക്കായി തുല്യപങ്കാളിത്തത്തോടെ മുന്നോട്ട് വന്നതിന്റെ സാക്ഷ്യങ്ങൾ ചരിത്രത്തിൽ ധാരാളമുണ്ട്. മക്കയിലെ കുലീനഗോത്രാധിപത്യത്തിൽ നിന്ന് ഏഴാം ശതാബ്ദത്തിൽ ആയിരകണക്കിന് സ്ത്രീകൾ പ്രവാചകന്റെ നഗരമായ മദീനയിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തത് സ്ത്രീകൾക്കും പുരുഷന്മാർക്കും, യജമാനന്മാർക്കും ഭൃത്യന്മാർക്കും ഇസ്ലാം ഒരുപോലെ അന്തസ്സും സമത്വവും വാഗ്ദ്ദാനം നല്കിയതുമൂലമായിരുന്നു. മുസ്ലിങ്ങളുടെ രാഷ്ട്രീയനേതാവായി പ്രവാചകൻ അവരോധിതനായതോടെ ഓരോ സ്ത്രീക്കും പൂർണ്ണപൗരത്വത്തിനുള്ള അർഹതയും, പ്രവാചകന്റെ സഹപ്രവർത്തക എന്ന സ്ഥാനം സൂചിപ്പിക്കുന്ന സഹാബി പദവിയും ലഭിച്ചു. മുസ്ലിം ഉമ്മത്തിൽ അംഗങ്ങളാകാനും പ്രവാചകനുമായി സ്വതന്ത്രമായി ആശയവിനിമയം നടത്താനും പുരുഷന്മാരോട് തർക്കങ്ങൾ ഉന്നയിക്കാനും സൈനികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ പങ്കാളികളായി സ്ത്രീകളുടെ സന്തോഷത്തിനു വേണ്ടി സമരം ചെയ്യാനും അക്കാലത്തെ മുസ്ലിം സ്ത്രീകൾക്ക് കഴിഞ്ഞിരുന്നു. സഹാബിയ്യത് എന്ന പദത്തിന്റെ സ്ത്രീലിംഗശബ്ദം(സഹാബി) മുസ്ലിങ്ങളുടെ ഭാഷയിൽ ഉണ്ട് എന്നതുതന്നെ അഭിമാനത്തിന് വക നൽകുന്ന ഒരു സംഗതിയാണ്. പുരുഷന്മാരോട് തോളോടുതോൾ ചേർന്ന് മുസ്ലിംസമുദായം കെട്ടിപ്പടുത്ത ആയിരക്കണക്കിന് സ്ത്രീകളുടെ ജീവചരിത്രരേഖകൾ സഹാബിയ്യത്തിന്റെ വിശദാംശങ്ങൾ വെളിവാക്കുന്ന ഇസ്ലാമികചരിത്രഗ്രന്ഥങ്ങളിൽ ലഭ്യമാണ്.

ലോകത്തിലെ ആദ്യത്തെ മുസ്ലിംനഗരത്തിന്റെ അത്ഭുതകരവും സുന്ദരവുമായ നിമിഷങ്ങൾ പുനരാവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥത്തിലൂടെ ഞാൻ നടത്തുന്നത്. ക്രി.വി. 622-ൽ (മുസ്ലിംകലണ്ടറിലെ ആദ്യവർഷം) കുലീനഗോത്രവർഗ്ഗങ്ങളിൽപ്പെട്ട നിരവധി ചെറുപ്പക്കാരായ സ്ത്രീകളും അടിമകളും ഒരുപോലെ പുതിയ മതത്തിലേക്ക് ആകർഷിക്കപ്പെട്ടു. ഈ മതത്തിന്റെ പ്രവാചകൻ, വ്യവസ്ഥാപിതത്വത്തിന് ആപൽക്കരമായ വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് മനുഷ്യന്റെ അന്തസ്സിനെപ്പറ്റിയും തുല്യ അവകാശങ്ങൾക്ക് വേണ്ടിയും സംസാരിക്കുകയും മക്കയിലെ അധികാരികൾക്ക് പേടിസ്വപ്നമാവുകയും ചെയ്തു. ഈ മതത്തിന്റെ പേര് ഇസ്ലാം എന്നും പ്രവാചകന്റെ പേര് മുഹമ്മദ് എന്നുമാണ്.

എന്നാൽ, അദ്ദേഹം ഉയർത്തിയ സാർവത്രിക സമത്വത്തിന്റെ സന്ദേശം ഇന്ന് പല മുസ്ലിംസമൂഹങ്ങളിലും പുറംലോകത്തുനിന്നുള്ള ഇറക്കുമതിയായി വീക്ഷിക്കപ്പെടുന്നു എന്നതാണ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രഹേളിക. നല്ല മുസ്ലിങ്ങൾ എന്ന നിലക്ക് ഓർമ്മകൾ പുനർജ്ജനിപ്പിക്കാൻ നാം ബാധ്യസ്ഥരായിരിക്കുന്നു. ‘ഇന്നഫ അതി ദിക്റ’ എന്ന് ഖുർആൻ പറയുന്നു (ഓർമ്മകൾ പ്രയോജനമുള്ളവയാണ്). ഈ ഗ്രന്ഥരചന പൂർത്തിയാക്കിയപ്പോൾ ഒരു കാര്യം ഞാൻ മനസ്സിലാക്കി.സ്ത്രീകളുടെ അവകാശങ്ങൾ ആധുനിക മുസ്ലിംപുരുഷന്മാർക്ക് പ്രശ്നമാകുന്നുവെങ്കിൽ അതിന് കാരണം ഖുർആനോ പ്രവാചകനോ അല്ല, മറിച്ച് അവ വരേണ്യപുരുഷന്മാരുടെ താൽപ്പര്യങ്ങളുമായി സംഘർഷത്തിലാണെന്നുള്ളതാണ്. ഈ വരേണ്യവിഭാഗം അവരുടെ ആത്മനിഷ്ടവും ഔദ്ധത്യപൂർണ്ണവും നിലവാരം കുറഞ്ഞതുമായ ചരിത്ര-സാമൂഹ്യവീക്ഷണങ്ങൾക്ക് വിശുദ്ധിയുടെ അടിസ്ഥാനമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ, ചരിത്രത്തെക്കുറിച്ച് ആസ്വാദ്യകരമായ അറിവ് പങ്കിടുന്ന സ്ത്രീപുരുഷന്മാർക്ക് ഉറപ്പായി പറയാൻ കഴിയുന്ന ഒരുകാര്യം, അഹന്തയും അല്പത്തവും വളർത്താൻ വേണ്ടി സ്വർഗ്ഗത്തിൽ നിന്ന് അയക്കപ്പെട്ട ഒരു മതമല്ല ഇസ്ലാം എന്നാണ്. ശക്തരും ദുർബ്ബലരും തമ്മിൽ നടക്കുന്ന എല്ലാ ദൈനംദിന സംഘട്ടനങ്ങൾക്കും കടുത്ത ദാരിദ്രത്തിനും നടുവിൽ പോലും അറേബ്യൻ മരുഭൂമികളിൽ അധിവാസിച്ച ജനസമൂഹങ്ങൾക്ക് തുല്യതയിലധിഷ്ഠിതമായ ഉയർന്ന ആത്മീയലക്ഷ്യങ്ങൾ നേടാനുള്ള പ്രചോദനമായിട്ടാണ് ഇസ്ലാം ആവിർഭവിച്ചത്. ആദ്യകാല മുസ്‌ലിംകൾക്ക് ജനാധിപത്യമെന്നത് ഒരസാധാരണ കാര്യമായിരുന്നില്ല. ഉണർവ്വിലും ഉറക്കത്തിലും അവർ കൊണ്ടുനടന്ന അത്ഭുതകരമായ ഒരു സ്വപ്നവും, ഭക്ഷണവും പാനീയവുംപോലെ ഒഴിവാക്കാനാവാത്ത ഒരു കാര്യമായിരുന്നു അത്. ആ സ്വപ്നത്തെ നിങ്ങളുടെ മുമ്പിൽ ആവിഷ്കരിക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. ഈ പുസ്തകത്തിലൂടെ കടന്നുപോവുമ്പോൾ നിങ്ങൾക്ക് ആഹ്‌ളാദം പകർന്നു കിട്ടുന്നുവെങ്കിൽ മഹനീയമായ ഒരു കാലഘട്ടത്തിന്റെ ആർജ്ജവം നിങ്ങളുടെ മുമ്പിൽ ആവിഷ്ക്കരിക്കാനുള്ള എന്റെ ശ്രമത്തിൽ ചെറുതായി വിജയിച്ചതായി ഞാൻ കരുതട്ടെ..


<strong><span class="has-inline-color has-vivid-red-color">ഫാത്തിമ മെർനിസി(1940-2015)</span></strong>
ഫാത്തിമ മെർനിസി(1940-2015)

മൊറോക്കൻ എഴുത്തുക്കാരിയും സാമൂഹിക ശാസ്ത്രജ്ഞയും. ഇസ്ലാമിക് ഫെമിനിസത്തിൻ്റെ ഉപജ്ഞതാവ്.’ഇസ്ലാം ആൻഡ് ഡെമോക്രസി’,’ ബിയോണ്ട് ദി വെയ്ൽ’,’ദി ഫോർഗോറ്റൻ ക്വീൻസ് ഓഫ് ഇസ്ലാം’ എന്നിവയാണ് പ്രശസ്തമായ മറ്റു പുസ്തകങ്ങൾ.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal