ഇന്ത്യൻ സർവകലാശാലകളിൽ ദളിത് ശാസ്ത്രജ്ഞന്മാർ നേരിടുന്ന ജാതീയത

2020ൽ ഐഐടി ബോംബെയിലും ഐഐടി ഡൽഹിയിലും മേൽജാതി ഹിന്ദുക്കളും മുസ്ലീമുകൾ ഉൾപ്പെടെ,ചില മത ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനറൽ വിഭാഗത്തിൽ നിന്നും യഥാക്രമം 324 ഉം 218 ഉം പ്രൊഫസർമാർ ഉള്ളിടത്ത് ഒരു ദളിത് പ്രൊഫസർ പോലുമില്ല.


മൊഴിമാറ്റം : പാർത്ഥിപൻ

1976ലെ വേനൽക്കാലത്ത് ഏകദേശം 34 ഓളം ഡോക്ടറൽ വിദ്യാർത്ഥികളോടൊപ്പം 26കാരനായ റാവോസാഹെബ് കാലെ ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സ്കൂൾ ഓഫ് ലൈഫ് സയൻസസിൽ പ്രവേശിച്ചു. സ്കൂളിലെ അധ്യാപകരുടെ സമിതി ഓരോ വിദ്യാർഥിയുടെയും അതുവരെയുള്ള പഠനങ്ങളും പ്രവർത്തനങ്ങളും അടങ്ങുന്ന റിപ്പോർട്ട് അവലോകനം ചെയ്ത് അവരുടെ ബിരുദ പഠനത്തിൽ അവർക്ക് മാർഗ്ഗദർശനം നൽകുന്നതിനായി ഒരു പിഎച്ച്ഡി സൂപ്പർവൈസറെ നിർണയിക്കും. അസൈൻമെൻറ് പട്ടിക പുറപ്പെടുവിച്ചപ്പോൾ കാലെ ഓരോ കടലാസുകഷണത്തിലൂടെയും വളരെ സൂക്ഷ്മതയോടെ കണ്ണോടിച്ചു: ഓരോ വിദ്യാർത്ഥിക്കും ഒരു സൂപ്പർവൈസർ ലഭിച്ചു, അദ്ദേഹത്തിന് ഒഴികെ. “ആർക്കും എന്നെ വേണ്ട” ഇപ്പോൾ 71 വയസ്സായ കാലെ പടിഞ്ഞാറെ ഇന്ത്യയിൽ പൂനെയിലെ അദ്ദേഹത്തിൻറെ അപ്പാർട്ട്മെൻറ് ബാൽക്കണിയിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

അദ്ദേഹത്തിൻറെ പേര് എന്തുകൊണ്ട് ഇല്ലായിരുന്നു എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു: അദ്ദേഹത്തിൻറെ ക്ലാസ്സിൽ അസ്പൃശ്യർ എന്നറിയപ്പെടുന്ന ദളിത് വിഭാഗത്തിൽ പെട്ട ഒരേയൊരാൾ അദ്ദേഹം മാത്രമായിരുന്നു. ദളിതർ നന്നായി പ്രവർത്തിക്കില്ല എന്നൊരു മുൻധാരണ ഉള്ളതിനാൽ അധ്യാപകർക്ക് ദളിതർക്ക് മാർഗ്ഗദർശനം നൽകാൻ താൽപര്യമില്ലായിരുന്നു എന്ന് കാലെ പറയുന്നു.

ചരിത്രപരമായി പുരാതന ഹിന്ദു നിയമ ഗ്രന്ഥങ്ങൾ പ്രകാരം ഒരു ദൃഢമായ സാമൂഹിക അധികാര ക്രമമായ ജാതിവ്യവസ്ഥയുടെ പുറത്തുള്ളവരായ ദളിതരെ അങ്ങേയറ്റം താഴ്ന്നവരായിട്ടാണ് കരുതപ്പെട്ടിരുന്നത്. ശ്രേണിയുടെ ഏറ്റവും മുകളിൽ ബ്രാഹ്മണർ (പുരോഹിതർ) തുടർന്ന് ക്ഷത്രിയർ (യോദ്ധാക്കൾ) വൈശ്യർ (കച്ചവടക്കാർ) പിന്നെ ശൂദ്രർ (അടിമകൾ) ഏറ്റവും താഴെ. എന്നും ജാതി ഇന്ത്യൻ സംസ്കാരത്തിലെ എക്കാലവും നിലനിന്നിരുന്ന ഒരു യാഥാർത്ഥ്യമായി തന്നെ തുടരുകയും അമേരിക്കയിലെ വർണ്ണ വ്യവസ്ഥയ്ക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.

പടിഞ്ഞാറേ ഇന്ത്യയിലെ വരൾച്ച ബാധിതമായ ബീട് ജില്ലയിൽ ജനിച്ചുവളർന്ന കാലെ തൻറെ മാതാപിതാക്കളും 4 സഹോദരങ്ങളോടൊപ്പം തകരം കൊണ്ട് നിർമ്മിച്ച മേൽക്കൂരയുള്ള ഒരു മൺകുടിലിലാണ് ജീവിച്ചത്.

ദളിതരെ പൊതുവഴികൾ വൃത്തിയാക്കുക വിറകു കഷണങ്ങൾ എത്തിച്ചു നൽകുക, കത്തുകൾ എത്തിച്ചു നൽകുക, പരുത്തി ശേഖരിക്കുക തുടങ്ങിയ ജോലികളാണ് ഏൽപ്പിച്ചിരുന്നത്. അതിനു പകരമായി ഓരോ ദിവസവും അവർക്കു ധാന്യങ്ങൾ, എച്ചിൽഭക്ഷണം, ചില അപൂർവ സന്ദർഭങ്ങളിൽ ഒരു രൂപ അതായത് ഒരു ദിവസം ജീവിക്കാനാവശ്യമായതിൽ നിന്നും ഒരുപാട് കുറഞ്ഞ കൂലി ലഭിച്ചിരുന്നു.

റാവോസാഹെബ് കാലെ, Source : Undark

ദളിതർ ഹിന്ദു ജാതി അധികാരഘടന പിന്തുടർന്നിടത്തോളം കാലം ഗ്രാമം ശാന്തമായി തന്നെ പോയിരുന്നു. “നിങ്ങൾക്ക് നിങ്ങളുടെ പരിമിതികൾ അറിയാമല്ലോ” കാലെ ഓർമിച്ചു. “അറിഞ്ഞോ അറിയാതെയോ കീഴ്ജാതിക്കാർ അതിരുകടന്നാൽ എന്തും സംഭവിക്കാം” അദ്ദേഹം പറഞ്ഞു. ഒരിക്കൽ കാലെ ചെറുപ്പകാലത്ത് ഗ്രാമത്തിലെ ഒരു പുഴ കടക്കുന്നതിനായി ഒരു ഉയർന്ന ജാതിക്കാരനായ ബാലൻ്റെ കൈ പിടിച്ചത് ഓർമ്മിക്കുന്നു. ഒരു ഭൂകമ്പം പൊട്ടിപ്പുറപ്പെട്ടു. ഗ്രാമത്തിലെ ഒരു വൃദ്ധനായ മേൽജാതി കാരൻ രണ്ടു ബാലന്മാരുടെയും മാതാപിതാക്കളോട് ഇനി മേലിൽ ഇത്തരത്തിലുള്ള ഉള്ള ബന്ധപ്പെടലുകൾ ഉണ്ടാവാൻ പാടില്ലെന്ന് താക്കീത് നൽകി.

ഈ അസമത്വങ്ങൾക്കെതിരെ പോരാടി കാലെ പഠനത്തിൽ മികവ് തെളിയിച്ചു. മേൽ ജാതികൾ ആധിപത്യം പുലർത്തിയിരുന്ന സ്കൂൾ ഓഫ് ലൈഫ് സയൻസസിൽ പോരടിച്ച് അദ്ദേഹം അതിൻറെ ഡീനായി, റേഡിയേഷനിലും ക്യാൻസർ ബയോളജി ഗവേഷണത്തിലും അദ്ദേഹത്തിൻറെ സംഭാവനയ്ക്ക് ആദരണീയമായ അവാർഡും കരസ്ഥമാക്കി. 2014-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന അക്കാദമിക് പദവിയായ സർവകലാശാല വൈസ് ചാൻസലർ പദവിയിൽ അദ്ദേഹം കാലയളവ് പൂർത്തിയാക്കി.

പക്ഷേ അദ്ദേഹത്തിൻറെ കഥ അപൂർവ്വമാണ്. 2011-ൽ ഇന്ത്യയുടെ 130 കോടിയിൽ 17% ജനസംഖ്യ സർക്കാർ രേഖകളിൽ പട്ടിക ജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദളിതർ ആണ്. ജാതി വിവേചനം നിയമവിരുദ്ധമാണ്. 1950 മുതലുള്ള അഫിർമേറ്റിവ് ആക്ഷനായ ഇന്ത്യയുടെ സംവരണ നയം നിലവിൽ സർക്കാർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 15 ശതമാനം വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ദളിത് വിഭാഗത്തിൽ നിന്നുള്ളവരായിരിക്കണമെന്ന് നിർബന്ധം പറയുന്നു. പക്ഷേ രാജ്യത്തെ പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നും വിവരാവകാശ നിയമം വഴി ശേഖരിച്ച റെക്കോർഡുകളും സര്ക്കാര് സ്ഥാപനങ്ങളിലും വിദ്യാർത്ഥി സംഘടനകളിൽ നിന്നും ലഭിച്ച വിവരങ്ങളും മറ്റൊരു ചിത്രമാണ് കാണിക്കുന്നത്.

ഏറ്റവും ഒടുവിലത്തെ വർഷം (2019), അണ്ടാർക്കിന് ലഭിച്ച കണക്കുകൾ പ്രകാരം ഉന്നത ഡൽഹി, മുംബൈ, കാൺപൂർ, ഖരഗ്‌പൂർ, മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികളിൽ ഡോക്ക്ടറൽ പരിപാടികൾക്കായി പ്രവേശനം നേടുന്ന ദളിത് ഗവേഷകരുടെ അനുപാതം 6 ശതമാനം (ഐഐടി ഡൽഹി) മുതൽ 14 ശതമാനം (ഐഐടി ഖരഗ്പൂർ) വരെയാണ്. ബാംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ അഥവാ ഐ.ഐ.എസ്.സിയിൽ 2020-ൽ ഡോക്ടറൽ പരിപാടികൾക്ക് പ്രവേശനം നെടിയവരിൽ 12 ശതമാനം ദളിതരാണ്. ഒരു പ്രധാന സർക്കാർ ഗവേഷണ സ്ഥാപനമായ കൗൺസിൽ ഒഫ് സയൻ്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിൽ അണ്ടാർക്ക് വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ പ്രതികരിച്ച 33 ലബോറട്ടറികളിൽ 12 പേർ മാത്രമേ 15 ശതമാനം എന്ന കടമ്പ കടന്നുള്ളു.

മുതിർന്ന അക്കാദമിക്കുകളിൽ സംഖ്യ ഇനിയും കുറവാണ്. 2020ൽ ഐഐടി ബോംബെയിലും ഐഐടി ഡൽഹിയിലും മേൽജാതി ഹിന്ദുക്കളും മുസ്ലീമുകൾ ഉൾപ്പെടെ,ചില മത ന്യൂനപക്ഷങ്ങളും അടങ്ങുന്ന ജനറൽ വിഭാഗത്തിൽ നിന്നും യഥാക്രമം 324 ഉം 218 ഉം പ്രൊഫസർമാർ ഉള്ളിടത്ത് ഒരു ദളിത് പ്രൊഫസർ പോലുമില്ല.(ഇന്ത്യയിൽ പ്രൊഫസർ എന്നാൽ അസിസ്റ്റൻ്റ്, അസോസിയേറ്റ് പ്രൊഫസറിന് മുകളിലായി ഉയർന്ന സ്ഥാനങ്ങളെ അടയാളപ്പെടുത്തുന്നു). 2020-ൽ ഐ.ഐ.എസ്.സിയിൽ 2 ദളിത് പ്രൊഫസറുമാരും 205 ജനറൽ വിഭാഗം പ്രൊഫസറുമാരുമാണ് ഉള്ളത്. കഴിഞ്ഞ വർഷം ഒരൊറ്റ ഡിപ്പാർട്ട്മെൻ്റ് മേധാവികളും ദളിതരായിരുന്നില്ല. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ എഴിൽ അഞ്ച് സയൻസ് സ്കൂളുകളിലും ഒരൊറ്റ ദളിത് പ്രൊഫസർ പോലും ഇല്ലായിരുന്നു.

ഇന്ത്യയിലെ മറ്റ് തൊഴിലുകളിലും സമാനമായ അസാമാനതകൾ ഉണ്ട്. രാജ്യത്ത് ഉടനീളം ദലിതർ സവർണ്ണരിൽ നിന്നും തുടർച്ചയായി വിവേചനവും അക്രമവും നേരിടുന്നു. എന്നാൽ സയൻസിലെ ജതീയതയെ പഠിക്കുന്ന ഗവേഷകർ പറയുന്നു ദലിതർ അവകാശങ്ങൾ നേടാനായി സംഘടിച്ചെങ്കിലും സംവരണ നയത്തിനും മറ്റു പരിഷ്കാരങ്ങൾക്കും ഇപ്പോഴും തടയിടുന്ന ശാസ്ത്ര സ്ഥലങ്ങളിൽ അവർ അനവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കുന്നു. ആഗോള ശാസ്ത്ര മേഖലയിലെ അസമത്വങ്ങൾ കൂടുതലായി ശ്രദ്ധ നേടുന്ന സമയത്ത് ഈ പ്രതിബന്ധങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ പ്രധാന ഗവേഷക അക്കാദമിക സ്ഥാപനങ്ങളിൽ ദളിതരുടെ പ്രാതിനിധ്യം കുറഞ്ഞ് നില്കുന്നു.

ഐ.ഐ.എസ്.സിയിലെയും മുൻനിര അഞ്ച് ഐഐടികളിലെയും ഡയറക്ടർമാരോട് അണ്ടാർക്ക് തുടർച്ചയായി അഭിമുഖത്തിന് അപേക്ഷിച്ചു. ഒരാൾ മാത്രം പ്രതികരിച്ചു. പക്ഷേ അഭിമുഖം നൽകാൻ വിസമ്മതിച്ചു. യോഗ്യരായ ദളിത് ഗവേഷകരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ചില സവർണ്ണ ഗവേഷകർ അഭിമുഖങ്ങളിൽ പറഞ്ഞു. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ സയൻസസിലെ ഡീൻ ആയ സർവർണ്ണനായ ഉമേഷ് കുൽശ്രേഷ്ഠ പറയുന്നു, “നിങ്ങൾ അഭിമുഖത്തിൻ്റെ ബോർഡിൽ ഇരിക്കുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും. ചില ദളിത് വിദ്യാർഥികൾക്ക് എളുപ്പമുള്ള ചോദ്യങ്ങൾക്ക് പോലും ഉത്തരം പറയാൻ സാധിക്കില്ല”. സ്കൂളിൽ ചില യോഗ്യരായ ദളിത് ഗവേഷകർ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചില സവർണ്ണ ഗവേഷകർ തങ്ങൾ ജാതിയിൽ വിശ്വസിക്കുന്നില്ല എന്ന് പറഞ്ഞ് ഇന്ത്യൻ ശാസ്ത്ര സ്ഥാപനങ്ങളിൽ പതിവായ ജാതീയതയെ നിഷേധിക്കുന്നു.

പക്ഷേ ദളിത് ശാസ്ത്രജ്ഞരും പണ്ഡിതരുമായി നടത്തിയ അഭിമുഖം മറ്റൊരു ചിത്രം കാണിക്കുന്നു – വ്യവസ്ഥാപിതമായ വിവേചനവും പ്രതിബന്ധങ്ങളും നിരന്തരമായ അവഹേളനവും അവരെ അവരുടെ പരിശീലനത്തിൻ്റെ ഓരോ ഘട്ടവും ദുസ്സഹമാക്കുന്നു.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും സ്വതന്ത്രമായി 3 വർഷങ്ങൾക്ക് ശേഷം, ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന അതെ വർഷമായ 1950ലാണ് കാലെ ജനിച്ചത്. ഭരണഘടന തൊട്ടുകൂടായ്മ നിരോധിക്കുകയും ജാതി വിവേചനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തു. അത് ദളിതരും തദ്ദേശീയരായ ആദിവാസികളും അടക്കമുള്ള പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് പൊതുമേഖലാ തൊഴിലിലും രാഷ്ട്രീയത്തിലും വിദ്യാഭ്യാസത്തിലും സംവരണ നയം കൊണ്ടുവന്നു. 1970ൽ സർക്കാർ ദളിതർക്ക് 15 ശതമാനം കോട്ട പ്രഖ്യാപിച്ചത് ഇന്നും നിലവിലുണ്ട്.

Source : Undark

ജാതിവിവേചനം എന്നിരുന്നാലും തുടർന്നു. തൻ്റെ ഉന്നത വിദ്യാഭ്യാസ പാതയിൽ ജാതീയത എങ്ങനെ തന്നെ പിന്തുടർന്നു എന്ന് കാലെ വിശദീകരിച്ചു. ചെറു പ്രായത്തിൽ ഒരൊറ്റ അധ്യാപകൻ മാത്രമുണ്ടായിരുന്ന ഒരു പൊതു വിദ്യാലയത്തിലാണ് അദ്ദേഹം പഠിച്ചത്. അധ്യാപകൻ കോളറ ബാധിച്ച് മരിച്ചപ്പോൾ സ്കൂൾ അടച്ചുപൂട്ടി. തൊട്ടടുത്ത ഗ്രാമത്തിലെ കുറെ കൂടി വലിയ സ്കൂളിലെ ഹെഡ് മാസ്റ്റേറെ കണ്ട് പുതിയ അധ്യാപകൻ എപ്പോൾ വരുമെന്ന് ചോദിച്ചറിയാൻ കാലെ എല്ലാ ഞായറാഴ്ചയും അവിടേക്ക് നടക്കുമായിരുന്നു. ഒടുവിൽ, ദളിതനായിരുന്ന ഹെഡ് മാസ്റ്റർ കാലെയെ അദ്ദേഹത്തിൻ്റെ സ്കൂളിൽ ചേരാനും അദ്ദേഹത്തോടൊപ്പം താമസിക്കാനും ക്ഷണിച്ചു. “അദ്ദേഹം എന്നെ സ്വന്തം മകനെ പോലെ കരുതി”, കാലെ പറഞ്ഞു. അദ്ദേഹം പിന്നീട് ഹെഡ് മാസ്റ്റർക്ക് അദ്ദേഹത്തിൻ്റെ പി.എച്ച്.ഡി പ്രബന്ധം വായിച്ച് കേൾപ്പിച്ചിരുന്നു.

കാലെ ആറാം ക്ലാസ്സിൽ പുതിയ സ്കൂളിൽ ചേർന്നപ്പോൾ ഒരു അധ്യാപകൻ സ്പെഷ്യൽ ക്ലാസ്സ് എടുക്കാൻ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചു. കാലെ എത്തിയപ്പോൾ അധ്യാപകൻ്റെ ഭാര്യ തൊഴിലാളികൾ മണ്ണ് കൊണ്ടുപോകുന്ന ഇരുമ്പ് പാത്രത്തിൽ അദ്ദേഹത്തിന് ഭക്ഷണം നൽകി. കാലെ ഭക്ഷണവും ക്ലാസ്സും രണ്ടും നിരസിച്ചു.

പിന്നീട് അദ്ദേഹം ഉയർന്ന ഗ്രേഡ് നേടി വിജയിച്ചു. അദ്ദേഹത്തിന് ഒടുവിൽ മാർട്ടിൻ ലൂഥർ കിങിന് സമാനമായ ദളിത് നേതാവും അഭിഭാഷകനുമായ ഭിംറാവു റാംജി അംബേദ്കർ സ്ഥാപിച്ച കോളേജുകളുടെ ഭാഗമായ മിലിന്ദ് കോളേജ് ഓഫ് സയൻസിൽ അഡ്മിഷൻ ലഭിച്ചു.

1940കളുടെ അവസാനം മിലിന്ദ് കോളേജ് തുറന്നു പ്രവർത്തിക്കുന്നതിന് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന എൻജിനീയർമാരെയും ശാസ്ത്രജ്ഞരെയും പരിശീലിപ്പിക്കാനായി സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങുന്നതിനെ കുറിച്ച് ഇന്ത്യൻ സർക്കാർ ആലോചിക്കാൻ തുടങ്ങി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി അഥവാ ഐഐടികളുടെ ആദ്യത്തെ ശാഖ 1951ൽ ഖരഗ്പൂറിൽ ആരംഭിക്കുകയും സർക്കാർ അപ്പോൾ തന്നെ അതിനെ “ദേശീയ പ്രാമുഖ്യമുള്ള സ്ഥാപനങ്ങൾ” എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ആ സമയം ഒരു സർക്കാർ സമിതി ഉന്നത ശാസ്ത്രീയ ഗവേഷണങ്ങളെ “നല്ല കഴിവുള്ള ചില വ്യക്തികളുടെ” പ്രവർത്തനങ്ങൾ എന്ന് വിശേഷിപ്പിച്ചു, “ദി കാസ്റ്റ് ഒഫ് മെറിറ്റ്” എന്ന ജാതിയെയും ഇന്ത്യയിലെ എൻജിനീയറിങ് വിദ്യാഭ്യാസത്തെയും കുറിച്ചുള്ള പഠനത്തിൽ ഹാർവാർഡ് സർവകലാശാലയിലെ നരവംശ ശാസ്ത്രജ്ഞ അജന്ത സുബ്രമണ്യൻ എഴുതുന്നു. ഐഐടികൾ തികച്ചും സെലക്ടീവാണ്. ഔദ്യോഗിക സംവരണ നയങ്ങൾ ഉണ്ടായിട്ടും സവർണ്ണ ഇന്ത്യക്കാർക്ക് വളരെ പെട്ടന്ന് ഉയർന്ന സ്ഥാനങ്ങളിൽ ആധിപത്യം നേടാനാകും.

1970കളുടെ തുടക്കത്തിൽ കാലെ ബിരുദ പഠനത്തിന് അപേക്ഷിക്കുമ്പോൾ അദ്ദേഹം “അടഞ്ഞ ഇടം” പോലെ കരുതിയിരുന്ന ഐഐടികളെ കണക്കിലെടുത്തില്ല. പകരം അദ്ദേഹം മഹാരാഷ്ട്രയിലെ മറാത്വഡാ സർവകലാശാലയിൽ ചേർന്നു. കൂടുതൽ ജനാധിപത്യപരമായ സർക്കാർ സ്ഥാപനങ്ങളുടെ പുതിയ കാറ്റലകളുടെ ഭാഗമായി സർവകലാശാല വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണായി മാറി. (അന്ന് മുതൽ അത് അംബേദ്കറുടെ പേരിലാണ് അറിയപ്പെട്ടത്.) അതിവേഗം വ്യാവസായികവൽക്കരിച്ചുകൊണ്ടിരുക്കുന്ന രാജ്യത്ത് ഒരു കെമിക്കൽ എൻജിനീയറായി ജോലി ലഭിച്ചേക്കുമെന്ന് പ്രതീക്ഷിച്ച് കാലേ കെമിസ്ട്രി പഠിക്കാൻ തീരുമാനിച്ചു. ഏറ്റവും മുതിർന്ന സഹോദരൻ എന്ന നിലയിൽ കാലേക്ക് എത്രയും പെട്ടന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിന് താങ്ങാകണമായിരുന്നു. “പക്ഷേ അതേ സമയം എനിക്ക് കഴിയാവുന്ന അത്രയും വിദ്യാഭ്യാസം നേടി ഏറ്റവും ഉയർന്ന ബിരുദം നേടണം എന്ന് ഉള്ളിൽ ഒരാഗ്രഹം ഉണ്ടായിരുന്നു”, എന്ന് കാലേ. നേരെ ജോലിയിലേക്ക് പ്രവേശിക്കും മുൻപ് അദ്ദേഹം ഡോക്ടറൽ പരിപാടികളെ കുറിച്ച് ചിന്തിച്ചു.

വിദ്യാർഥികളെ വളരെയേറെ ആകർഷിച്ച ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ പി.എച്ച്.ഡി പ്രവേശന പരീക്ഷ എഴുതാൻ അത്രയും നാൾ സ്വരുക്കൂട്ടി വെച്ച സ്കോളർഷിപ് പണവുമായി അദ്ദേഹം ന്യൂ ഡൽഹിക്ക് ട്രെയിൻ കയറി. ജെ.എൻ.യുവിൽ നിന്നാണ് സ്ഥാപന വൽകൃത ജാതീയതയോടുള്ള അദ്ദേഹത്തിൻ്റെ പോരാട്ടം തുടങ്ങുന്നത്.

കാലെക്ക് ഒരു പി. എച്ച്.ഡി സൂപ്പർവൈസറെ കണ്ടെത്താൻ സാധിക്കാതെ ആഴ്ചകൾ കഴിഞ്ഞ് അദ്ദേഹം പഠിക്കൻ ആഗ്രഹിച്ച മേഖലയിൽ നിന്നും മറ്റൊരു മാർഗദർശകനെ നിയോഗിച്ചു. അദ്ദേഹം ഭാവി കാര്യങ്ങളെ കുറിച്ച് ചിന്തിച്ചു. റേഡിയേഷൻ ബയോളജി ഗവേഷകനായ അരഗ രമേശ റാവു കാലെ പഠിക്കാൻ ആഗ്രഹിച്ച മേഖലയായ ക്യാൻസർ ഗവേഷണ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നതായി അദ്ദേഹം മനസ്സിലാക്കി. കാലെ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചക്ക് ഏർപാടുണ്ടാക്കി. നിരവധി ചർച്ചകൾക്ക് ഒടുവിൽ പിൽക്കാലത്ത് മരണമടഞ്ഞ റാവു ഒരു ഭാവി ശാസ്ത്രജ്ഞന് മാർഗദർശനം നൽകാൻ തീരുമാനിച്ചു. ഒരു ദളിത് വിദ്യാർത്ഥിക്ക് മാർഗദർശനം നൽകരുതെന്ന് പറഞ്ഞ ഒരു സവർണ്ണ സഹപ്രവർത്തകൻ്റെ ഉപദേശം നിരസിച്ചുകൊണ്ട് അദ്ദേഹം അത് ചെയ്തു എന്ന് കാലെ പറയുന്നു.

കാലെക്കു ഉണ്ടായ അനുഭവം അസാധാരണമല്ല എന്ന് പിൽക്കാലത്ത് അസോസിയേറ്റ് പ്രൊഫസറായി സ്ഥാപനത്തിൽ ചേർന്ന സവർണനായ അലോക് ഭട്ടാചാര്യ പറയുന്നു. കീഴ് ജാതിയിൽ നിന്നുള്ള വിദ്യാർഥികൾക്ക് സൂപ്പർവൈസറെ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നു, ” അവരെ ഏറ്റവും അവസാനം മാത്രമേ തിരഞ്ഞെടുക്കു” എന്ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കണ്ട് മനസ്സിലാക്കി.

1980ൽ കാലേ പി.എച്ച്.ഡി പൂർത്തിയാക്കി. അടുത്ത വർഷം അദ്ദേഹത്തെ അസിസ്റ്റൻ്റ് പ്രൊഫസറായി നിയമിച്ചു. പക്ഷേ പ്രൊഫസറാകാൻ അദ്ദേഹത്തിന് 17 വർഷം, മറ്റ് സവർണ്ണ സുഹൃത്തുക്കളെ അപേക്ഷിച്ച് വളരെയേറെ കാലം കാത്തിരിക്കേണ്ടി വന്നു.

1990 കളുടെ അവസാനത്തിൽ, കാലെ ജെഎൻയുവിൽ പ്രൊഫസറായപ്പോൾ, ന്യൂ ഡൽഹിയിലെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു മൈൽ അകലെയുള്ള ന്യൂക്ലിയർ സയൻസ് സെന്ററിലെ ജൂനിയർ ഗവേഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു. സ്ഥാനാർത്ഥികളിൽ രാജേന്ദ്ര സോങ്കവാഡെ എന്നൊരു ദളിത് ഗവേഷകനും ഉണ്ടായിരുന്നു. “അവൻ ഏറ്റവും മികച്ചവനായിരുന്നു,” കാലെ ഓർത്തു. സോങ്കവാഡെക്ക് ജോലി ലഭിച്ചു.

കാലെയെപോലെ, സോങ്കവാഡെ പടിഞ്ഞാറൻ സംസ്ഥാനമായ മഹാരാഷ്ട്രയിൽ വളരുകയും എഞ്ചിനീയറാകാൻ അഗ്രഹികുകയും ചെയ്തിരുന്നു. ഹൈസ്കൂളിനുശേഷം, ചില എഞ്ചിനീയറിംഗ് കോളേജുകളിൽ അദ്ദേഹം അപേക്ഷിച്ചെങ്കിലും പ്രവേശനം നേടാൻ വേണ്ടത്ര ഉയർന്ന സ്കോർ നേടാനായില്ല. പകരം അദ്ദേഹം മറാത്ത്വാഡ സർവകലാശാലയിൽ ചേർന്നു, അവിടെ അദ്ദേഹം ഭൗതികശാസ്ത്രത്തിൽ മികവ് പുലർത്തി.

രാജേന്ദ്ര സോങ്കവാഡെ

സോങ്കവാഡെ ഗ്രാജ്വേറ്റ് സ്കൂളിലൂടെ കടന്നുപോയപ്പോൾ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ദളിത് പ്രസ്ഥാനം ശക്തി പ്രാപിച്ചു, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ ദളിത് അനുകൂല രാഷ്ട്രീയ പാർട്ടിയായ ബഹുജൻ സമാജ് പാർട്ടി അധികാരത്തിൽ വന്നു.

അതേസമയം, സംവരണ നയങ്ങൾക്കെതിരെ സവർണ ഹിന്ദുക്കളുടെ പുതിയ എതിർപ്പിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. 1990 ൽ, ഇന്ത്യൻ സർക്കാർ മറ്റ് പിന്നോക്ക വിഭാഗങ്ങളെ ഉൾപ്പെടുത്തി(ഒ.ബി.സി.) സംവരണ നയങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഒരു കമ്മീഷന്റെ ശുപാർശ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു, ഇത് (ഒ. ബി. സി.) മറ്റ് പാർശ്വവത്കരിക്കപ്പെട്ട ജാതികളുടെ ഔദ്യോഗിക പദവിയാണ്. നിലവിലുള്ള ക്വാട്ടകളോടൊപ്പം, പുതിയ നയം അർത്ഥമാക്കുന്നത് ഇപ്പോൾ 49.5 ശതമാനം സീറ്റുകൾ ഔദ്യോഗികമായെങ്കിലും താഴ്ന്ന ജാതിയിലുള്ള സ്ഥാനാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു എന്നാണ്. “ഒരു വരേണ്യ സമൂഹത്തിലെ മെറിറ്റ് അന്തർലീനമായ ഒന്നല്ല,” കമ്മീഷൻ അതിന്റെ റിപ്പോർട്ടിൽ വാദിച്ചു, “എന്നാൽ ഉയർന്ന ജാതിയിലെ അംഗങ്ങൾ അനുഭവിക്കുന്ന പാരിസ്ഥിതിക അവകാശങ്ങളുടെ അനന്തരഫലമാണിത്.”

അത് “ഒരു തീപ്പൊരി ജ്വലിപ്പിച്ചു,” സുബ്രഹ്മണ്യൻ ” ദി കാസ്റ്റ് ഓഫ് മെറിറ്റിൽ” എഴുതി. “ഉയർന്ന ജാതിയിലുള്ള വിദ്യാർത്ഥികൾ തെരുവിലിറങ്ങി, കുത്തിയിരിപ്പ് സമരം നടത്തി; റോഡ് ഉപരോധിച്ചു; ഭാവിയിൽ താഴ്ന്ന ജാതിയിലുള്ള തൊഴിലാളികളായി കുറയുന്നതിന്റെ ഗ്രാഫിക് ചിത്രീകരണത്തിൽ വഴിയോര കച്ചവടക്കാർ, തൂപ്പുകാർ, ഷൂ ഷൈനർമാർ എന്നിവരുടെ വേഷങ്ങൾ. 60-ൽ അധികം സവർണ വിദ്യാർത്ഥികൾ, അതിൽ പലരും പുതിയ നയത്തിൽ പ്രതിഷേധിക്കുന്നുവെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്തു.

വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിൽ ഈ പിരിമുറുക്കം പ്രകടമായിരുന്നു. ന്യൂക്ലിയർ സയൻസ് സെന്ററിൽ (പിന്നീട് ഇന്റർ-യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെന്റർ അഥവാ ഐയുഎസി-സോങ്കവാഡെ എന്ന് പുനനാമകരണം ചെയ്തു) റേഡിയേഷൻ സുരക്ഷ പഠിക്കാൻ തുടങ്ങി. പലപ്പോഴും, തന്റെ ചില സവർണ്ണ സഹപ്രവർത്തകർ ദലിതർ കഴിവില്ലാത്തവരാണെന്ന് പറയുന്നത് കേൾക്കാറുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നിരാശനായ അദ്ദേഹം സാധാരണ ജീവനക്കാരുടെ പ്രൊബേഷണറി കാലാവധി അവസാനിക്കുന്നതുവരെ കാത്തിരുന്നു. തുടർന്ന് സോങ്കവാഡെ ദലിത്, ആദിവാസി ഗവേഷകരുമായി ചേർന്ന് അവരുടെ അവകാശങ്ങൾ പ്രതിനിധീകരിക്കാൻ ഒരു അസോസിയേഷൻ രൂപീകരിച്ചു.

“ഞങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഞങ്ങൾ കൂടുതൽ സജീവമായി,” സോങ്കവാഡെ പറഞ്ഞു, പടിഞ്ഞാറൻ ഇന്ത്യൻ നഗരമായ കോലാപ്പൂരിലെ ശിവാജി സർവകലാശാലയിലെ ഓഫീസിലെ മേശപ്പുറത്ത് കൈപ്പത്തി തട്ടിക്കൊണ്ട് അദ്ദേഹം ഇപ്പോൾ ഭൗതികശാസ്ത്രം പഠിപ്പിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തെ ചുമരിൽ സോങ്കവാഡെ തന്റെ റോൾ മോഡൽ എന്ന് വിളിക്കുന്ന അംബേദ്കറുടെ ഒരു ഫോട്ടോ ഉൾപ്പെടെ ചില ഫോട്ടോഗ്രാഫുകൾ ഉണ്ടായിരുന്നു, .

അസോസിയേഷൻ രൂപീകരിച്ചതിനുശേഷം, സംവരണ നയം നടപ്പാക്കുന്നത് ഉറപ്പാക്കാൻ ദളിത്, ആദിവാസി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ സോങ്കവാഡെ IUAC- നെ പ്രേരിപ്പിക്കാൻ തുടങ്ങി-സർക്കാർ ധനസഹായമുള്ള സ്ഥാപനങ്ങൾക്കാവശ്യമായ ഒന്ന്, പക്ഷേ സ്കൂൾ അവർ സ്ഥാപിച്ചിട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതികളിൽ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യവും അദ്ദേഹത്തിന്റെ സംഘം ആവശ്യപ്പെട്ടു.

സ്ഥാപനപരമായ ജാതീയതയെ നിയന്ത്രിക്കുന്നതിൽ കാലെ തന്ത്രപരമായിരുന്നപ്പോൾ, സോങ്കവാഡെ കൂടുതൽ ആക്രമണാത്മകമായിരുന്നു. അദ്ദേഹത്തിന്റെ വാദങ്ങൾ ഉടൻ തന്നെ IUAC അഡ്മിനിസ്ട്രേഷനുമായി തർക്കത്തിലേർപ്പെട്ടു, അദ്ദേഹത്തിന്റെ നിരവധി സഹപ്രവർത്തകർ പറഞ്ഞു. “അദ്ദേഹം വളരെ അപ്രിയനായി,” ഐയുഎസിയിലെ ശാസ്ത്രജ്ഞനായ ദേബാശിഷ് ​​സെൻ അനുസ്മരിച്ചു. തന്റെ സമുദായത്തിന്റെ ഉന്നമനത്തിനുപകരം സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ചാണ് സോങ്കവാഡെ പ്രവർത്തിക്കുന്നതെന്ന് മറ്റുള്ളവർക്ക് തോന്നിയെന്നും സെൻ പറഞ്ഞു.

അഭിമുഖങ്ങളിൽ, സോങ്കവാഡെയുടെ സഹപ്രവർത്തകരിൽ പലരും അദ്ദേഹത്തെ കഠിനാധ്വാനിയെന്ന് വിശേഷിപ്പിച്ചു. പക്ഷേ, 2000ത്തിന്റെ മധ്യത്തിൽ, സോങ്കവാഡെയുടെ വാർഷിക പ്രകടന റിപ്പോർട്ടുകളിലെ സ്‌കോറുകൾ (പ്രമോഷന് അത്യാവശ്യമായത്) കുറയാൻ തുടങ്ങി. സോങ്കവാഡെ ലാബിലെ തന്റെ ഉത്തരവാദിത്തങ്ങൾ അവഗണിക്കുകയായിരുന്നെന്ന് സോങ്കവാഡെയുടെ പ്രകടനങ്ങൾ വിലയിരുത്തുന്നവരിൽ ഒരാളായ മുതിർന്ന ശാസ്ത്രജ്ഞൻ ദേവേഷ് കുമാർ അവസ്തി പറഞ്ഞു. എന്നാൽ, സോങ്കാവാഡെ പ്രവർത്തിച്ചിരുന്ന ലാബിന്റെ മേൽനോട്ടം വഹിക്കുകയും മൂല്യനിർണ്ണയങ്ങളിൽ പങ്കെടുക്കുകയും ചെയ്ത സത്യ പാൽ ലോചാബ് തന്റെ “സ്ഥാപന വിരുദ്ധ പ്രവർത്തനങ്ങൾ” തന്റെ സ്കോറുകളെ ബാധിച്ചുവെന്ന് പറഞ്ഞു. ഒടുവിൽ, പിന്നാക്കം നിൽക്കുന്ന സ്കോറുകൾ അദ്ദേഹത്തിൻ്റെ പ്രൊമോഷൻ വൈകിപ്പിച്ചു.

ഐയുഎസിയുടെ മുൻ ഡയറക്ടർമാരായ ദിനകർ കാഞ്ഞിലാലും അമിത് റോയിയും പ്രമോഷൻ വൈകുന്നതിന് ജാതിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. ദേശീയ ലാബുകളിൽ, “ജാതിയെക്കുറിച്ച് ആരും വേവലാതിപ്പെടുന്നത് ഞാൻ കാണുന്നില്ല,” ഉയർന്ന ജാതിക്കാരനായ കാഞ്ഞിലാൽ പറഞ്ഞു. “നിങ്ങളുടെ സംഭാവന അവർ കാണുന്നു.”

ശല്യം അനുഭവപ്പെട്ട്, സോങ്കവാഡെ രാജിവെച്ച് ശിവാജി സർവകലാശാലയിൽ ചേർന്നു. തന്റെ പുതിയ പോസ്റ്റിൽ പോലും, IUAC യെ തനിക്ക് ഒരു പ്രൊമോഷൻ നൽകാൻ ബാധ്യതയുണ്ട് എന്ന് തിരിച്ചറിയാൻ അദ്ദേഹം പ്രേരിപ്പിച്ചു. IUAC ഒടുവിൽ വഴങ്ങിയെങ്കിലും തനിക്ക് ഭാഗികമായി മുൻ സേവനത്തിൻ്റെ നഷ്ടപരിഹാരം ലഭിച്ചെങ്കിലും ആ ഘട്ടത്തിൽ, പ്രമോഷൻ തന്റെ കരിയറിന് “പ്രയോജനപ്പെട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു. “മുഴുവൻ സിസ്റ്റവും എനിക്ക് എതിരായിരുന്നു,” അദ്ദേഹം പറഞ്ഞു. “സംസാരിച്ചതിന് ഞാൻ വില നൽകി.” വിവേചന പരാതികൾ കേട്ടിരുന്ന ഒരു IUAC ജീവനക്കാരൻ, ദലിതർക്ക് പ്രകടന അവലോകന സ്കോറുകൾ പ്രമോഷന്റെ ആവശ്യകതയ്ക്ക് താഴെ ഏതാനും ദശാംശ പോയിന്റുകൾ ലഭിച്ച നിരവധി കേസുകൾ കണ്ടതായി സ്ഥിരീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പ്രതികാരം ഭയന്ന് ആ വ്യക്തി അജ്ഞാതത്വം അഭ്യർത്ഥിച്ചു.

2018 നും 2020 നും ഇടയിൽ, മഹാരാഷ്ട്രയിലെ മൂന്ന് സർവകലാശാലകളിൽ വൈസ് ചാൻസലർ തസ്തികയിലേക്കും ഐയുഎസിയിൽ ഡയറക്ടർ സ്ഥാനത്തേക്കും സോങ്കവാഡെ അഭിമുഖത്തിന് ക്ഷണിക്കപ്പെട്ടു. ആ നാല് കേസുകളിൽ മൂന്നിലെങ്കിലും ഒരു ഉയർന്ന ജാതിക്കാരനെ തിരഞ്ഞെടുത്തു.

സോങ്കവാഡെ, കാലെ തുടങ്ങിയ ദളിത് ഗവേഷകർ ജാതീയതയ്‌ക്കെതിരായ പോരാട്ടത്തെക്കുറിച്ച് വിവരിക്കുമ്പോഴും, പല സവർണ ഗവേഷകരും തങ്ങളെ ജാതിയില്ലാത്തവർ എന്നോ ജാതിക്കതീതർ എന്നൊക്കെയാണ് വിശേഷിപ്പിക്കുക. ഇത് ഉയർന്ന ശാസ്ത്ര സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന അസമത്വങ്ങൾ പരിഹരിക്കുന്നത് കൂടുതൽ പ്രയാസകരമായൊരു പ്രതിഭാസമാണെന്ന് വിമർശകർ പറയുന്നു.

സ്ഥാപനങ്ങളിലെ ജാതി വിഭജനത്തെ കുറിച്ച് പഠിക്കാനായി സാമൂഹിക നരവംശ ശാസ്ത്രജ്ഞനായ റെന്നി തോമസ് 2012 ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശാസ്ത്ര സർവകലാശാലയായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിൻ്റെ കെമിസ്ട്രി ലാബിൽ ചേർന്നു. ആ വർഷം അദ്ദേഹം 80 ഗവേഷകരുമായി അഭിമുഖം നടത്തി പിന്നീട് സ്ഥാപനത്തിലെ ഒരു സാംസ്കാരിക ആഘോഷം ശ്രദ്ധിച്ചു. ബ്രാഹ്മണ ഗവേഷകർ തങ്ങളുടെ ജീവിതത്തിലോ ക്യാമ്പസിലോ ജാതി നിലനിൽക്കുന്നതിനെ വീണ്ടും വീണ്ടും നിഷേധിക്കുന്നതായി തോമസ് കണ്ടെത്തി. “ജാതിയോ???? എനിക്ക് ജാതിയില്ല”, ബ്രാഹ്മണ കുടുംബത്തിൽ നിന്നുള്ള ഒരു മോളികുലാർ ബയോളജിസ്റ് തോമസിനോട് പറഞ്ഞു. “പക്ഷേ എൻ്റെ മനസ്സിൽ അത് സത്യമായി തോന്നിയില്ല”, തോമസ് പറയുന്നു.

അത്തരം അവകാശവാദങ്ങൾ അക്കാദമിക ശാസ്ത്രത്തിൽ മാത്രമായി പരിമിതപ്പെടുന്നില്ല. 2013-ലെ ഒരു പ്രബന്ധത്തിൽ, ഡൽഹി സർവകലാശാലയിലെ സാമൂഹ്യശാസ്ത്രജ്ഞനായ സതീഷ് ദേശ്പാണ്ഡെ പറയുന്നു, “പല സവർണ ഇന്ത്യക്കാർക്കും ജാതി എന്നത് ഉയർന്ന ജാതി ആനുകൂല്യങ്ങൾ “സ്വത്ത്, ഉന്നത വിദ്യാഭ്യാസ യോഗ്യത, ഉയർന്ന തൊഴിലുകളിലെ കുത്തക” എന്നിവ പോലുള്ള മറ്റ് ആനുകൂല്യങ്ങളിലേക്ക് പരിവർത്തനം ചെയ്തതിനുശേഷം മാത്രം “ഇപ്പോൾ സുരക്ഷിതമായി മാറ്റി വയ്ക്കാൻ കഴിയുന്ന ഒരു ബാധ്യത” ആണ്. പല ദളിതരും അവരുടെ ജാതി മറക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാലെ പറയുന്നു. എന്നാൽ സവർണ്ണർ, “ഞങ്ങളെ അനുവദിക്കില്ല” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യുവ ദളിത് ശാസ്ത്രജ്ഞരുമായുള്ള അഭിമുഖങ്ങളിൽ, അക്കാദമിക് ഉയർച്ചയ്ക്ക് ഒപ്പം, ശാസ്ത്രീയ പരിശീലനത്തിൻ്റെ പാതയിൽ ദലിതർ ഇപ്പോഴും നേരിടുന്ന പ്രതിബന്ധങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ആ പ്രതിബന്ധങ്ങൾ വളരെ നേരത്തേ തന്നെ തുടങ്ങുന്നു: ശാസ്ത്ര -എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിൽ പ്രവേശിക്കുന്നത് തന്നെ ദളിത് വിദ്യാർത്ഥികൾക്ക് വെല്ലുവിളി നിറഞ്ഞതും അസാധാരണവുമാണെന്ന് വിദ്യാഭ്യാസ സാമൂഹ്യശാസ്ത്രജ്ഞനായ വാങ്കഡെ അഭിപ്രായപ്പെടുന്നു. “ശാസ്ത്ര വിദ്യാഭ്യാസം വളരെ ചെലവേറിയതും ദുഷ്പ്രാപ്യവുമാണ്” അദ്ദേഹം പറഞ്ഞു. പരീക്ഷണങ്ങൾ നടത്താൻ അധിക ക്ലാസുകൾ എടുക്കേണ്ടതുള്ളതിനാൽ വിദ്യാർത്ഥികൾ മറ്റ് മേഖലകളേക്കാൾ സയൻസ് കോഴ്സുകൾക്ക് ഉയർന്ന ട്യൂഷൻ ഫീസ് നൽകേണ്ടി വരുന്നു. കൂടാതെ അവരുടെ കോഴ്‌സ് നന്നായി പഠിക്കാൻ സയൻസ് വിദ്യാർത്ഥികൾ പലപ്പോഴും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉയർന്ന ഫീസ് നൽകി പഠിക്കേണ്ടതായി വരും. പല ദളിത് കുടുംബങ്ങൾക്കും ഇത് താങ്ങാനാവില്ല.

ഉന്നത ശാസ്ത്രീയ സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്ന ദളിതർക്ക്, സാംസ്കാരിക പ്രതിബന്ധങ്ങൾ ജാതി വിഭജനത്തെക്കുറിച്ച് അവരെ ഓർമ്മപ്പെടുത്തുന്നു. ഐ‌ഐ‌എസ്‌സിയിൽ പഠിക്കുമ്പോൾ, തൻ്റെ താഴ്ന്ന ജാതിക്കാരും ദളിത് വിഭാഗക്കാരുമായ സഹപാഠികൾ സ്ഥാപനത്തിൽ ഉടനീളം സവർണ്ണ സംസ്കാരത്തിന്റെ അവഹേളനം അനുഭവിച്ചതായി തോമസ് കണ്ട് മനസ്സിലാക്കി. ബ്രാഹ്മണ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കർണാടക സംഗീത കച്ചേരികളിൽ തോമസ് ശ്രദ്ധിച്ചു. പരമ്പരാഗത ശാസ്ത്രീയ സംഗീതമായ കർണ്ണാടക സംഗീതം ദക്ഷിണേന്ത്യയിലെ ബ്രാഹ്മണരുടെ കുത്തകയാണ്. ഐഐഎസ്‌സിയിലെ ഒരു സന്ദർഭത്തിൽ ഗായിക തന്റെ ഗാനം പൂർത്തിയാക്കിയതിനുശേഷം ബ്രാഹ്മണ പ്രേക്ഷകർ പാട്ട് തുടർന്നത് അവരുടെ പരിചയം പ്രകടിപ്പിച്ചതായി തോമസ് എഴുതുന്നു. എന്നാൽ അത്തരം പരിപാടികൾ ബ്രാഹ്മണരല്ലാത്ത ഗവേഷകരെ അകറ്റി നിർത്തി. ഒരാൾ കർണ്ണാടക സംഗീതത്തെ “ആധിപത്യത്തിന്റെ പ്രതീകമായി” കാണുകയും “ദളിത് പരിഷ്കർത്താക്കളുടെ നാടൻ പാട്ടുകളും പ്രതിരോധത്തിന്റെ പാട്ടുകളും” ഇഷ്ടപ്പെടുന്നുവെന്നും പറഞ്ഞു.

“ഈ ഉന്നത സ്ഥാപനങ്ങളിലെ മാനസികാവസ്ഥ ബ്രാഹ്മണ്യമായി തന്നെ തുടരുന്നു” ഇന്ത്യൻ ശാസ്ത്രത്തിലെ ജാതിയും ലിംഗവും സംബന്ധിച്ച് എഴുതിയ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്ര ചരിത്രകാരിയായ അബ സുർ പറഞ്ഞു. മാനസികാവസ്ഥ ജാതി ശ്രേണിയുമായി സ്വാഭാവികമായി ഇഴകിചേരുന്നു. “നിരന്തരമായി ആളുകളുടെ ആത്മാഭിമാന ബോധത്തെ ഇല്ലാതാക്കുന്ന പരോക്ഷമായ താഴ്തിക്കെട്ടലുകൾ ഉണ്ട്”, അവർ കൂട്ടിച്ചേർത്തു.

തങ്ങളുടെ ഭാവിക്ക് ദോഷമാം വിധം സ്ഥാപനങ്ങൾ പ്രതികാരം ചെയ്യുമെന്നോ എന്ന് ഭയന്ന് പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത പുതിയ തലമുറയിലെ ദലിത് സയൻസ് ഗവേഷകരിൽ എട്ടുപേരുമായി അണ്ടാർക്ക് സംസാരിച്ചു. അവർ അവിടെ പഠിക്കുന്നത് അവരുടെ സ്വന്തം കഴിവിൽ അല്ലെന്ന ഭാവത്തിൽ സംവരണ അവകാശങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഉയർന്ന ജാതിയിലുള്ള വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും അപമാനങ്ങൾ നേരിട്ടതായി മിക്കവരും വിവരിക്കുന്നു. ജാതീയതയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ തങ്ങളുടെ സ്ഥാപനങ്ങൾ ഒരു ശ്രമവും നടത്തുന്നില്ലെന്നും അത് അവഗണിക്കുകയാണെന്നും പലരും പറഞ്ഞു. “തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുണ്ട്, പക്ഷേ മറ്റൊരു രൂപത്തിൽ”, ഐഐഎസ്‌സിയിൽ എഞ്ചിനീയറിംഗിൽ പിഎച്ച്ഡി ചെയ്യുന്ന ഒരു വിദ്യാർത്ഥി പറഞ്ഞു.

ഈ പിരിമുറുക്കങ്ങൾ ചിലപ്പോൾ പൊതുജനങ്ങളുടെ കണ്ണിലും കാണാം. ഉദാഹരണത്തിന്, 2007 -ൽ ദില്ലിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ദളിത് ആദിവാസി വിദ്യാർത്ഥികൾക്കെതിരെ വ്യാപകമായ വിവേചനവും പീഡനവും സർക്കാർ സമിതി കണ്ടെത്തി. ഉയർന്ന ജാതിയിലുള്ള വിദ്യാർത്ഥികളുടെ അപമാനവും പീഡനവും വളരെ ദുസ്സഹമായിരുന്നു. ദലിത് ആദിവാസി വിദ്യാർത്ഥികൾ സുരക്ഷക്കായി അവരുടെ ഹോസ്റ്റലുകൾ രണ്ട് നില മുകളിലേക്ക് ഒരുമിച്ച് മാറേണ്ടി വന്നെന്ന് കമ്മിറ്റി റിപ്പോർട്ട് ചെയ്തു.

2016 ൽ രോഹിത് വെമുല എന്ന ഹൈദരാബാദ് സർവകലാശാലയിലെ ദളിത് പിഎച്ച്ഡി ഗവേഷകൻ ആത്മഹത്യ ചെയ്തു. യൂണിവേഴ്സിറ്റിയിലെ വിവേചനമാണ് വെമുലയുടെ മരണത്തിന് കാരണമായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ മരണം ഇന്ത്യയിലുടനീളമുള്ള നിരവധി കാമ്പസുകളിൽ പ്രക്ഷോഭങ്ങൾ ഉയർന്നു വരികയും ദളിതർക്കും മറ്റ് അടിച്ചമർത്തപ്പെട്ട ജാതികൾക്കും പിന്തുണ നൽകുന്ന അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ പോലുള്ള കൂടുതൽ വിദ്യാർത്ഥി സംഘടനകൾ രൂപം കൊള്ളുകയുമുണ്ടായി.

അണ്ടാർക്കിന് ലഭിച്ച 2019 ലെ ഒരു വിവേചനത്തെ കുറിച്ചുള്ള പരാതിയുടെ പകർപ്പിൽ ഐഐഎസ്‌സിയിലെ ഒരു ദലിത് പി.എച്ച്.ഡി. വിദ്യാർത്ഥി ജാതി വിവേചനത്തിന്റെ നിരവധി അനുഭവങ്ങൾ വിവരിക്കുന്നു. വിദ്യാർത്ഥിയുടെ സൂപ്പർവൈസർ അവനെ “വൃത്തിയില്ലാത്തവൻ” എന്ന് പറഞ്ഞ്, സൂക്ഷ്മതയോടെ നിയന്ത്രിതമായ അന്തരീക്ഷത്തിൽ കോശങ്ങൾ വളർത്തുന്ന ഒരു ലാബിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവം റിപ്പോർട്ടിൽ വിവരിക്കുന്നു. വിദ്യാർത്ഥി ചിലപ്പോൾ അവന്റെ ശരീരം മാന്താറുണ്ടെന്ന് പറഞ്ഞ് പിന്നീട് സൂപ്പർവൈസർ തന്റെ പ്രവർത്തിയെ ന്യായീകരിച്ചു. പിഎച്ച്ഡി ആരംഭിച്ച് രണ്ട് വർഷത്തിനുള്ളിൽ നടത്തേണ്ട ഒരു നിർണായക പരീക്ഷ വിദ്യാർത്ഥി വേണ്ടത്ര ഡാറ്റ ശേഖരിച്ചില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥിയുടെ സൂപ്പർവൈസർമാർ വൈകിപ്പിച്ചതായി റിപ്പോർട്ട് ആരോപിക്കുന്നു. എന്നാൽ, അതേ ലാബിൽ നിന്നുള്ള മറ്റ് വിദ്യാർത്ഥികൾ വളരെ കുറച്ച് ഡാറ്റ ശേഖരിച്ചിട്ടും പരീക്ഷയെഴുതിയതായി വിദ്യാർത്ഥി പരാതിയിൽ പറഞ്ഞു. വിദ്യാർത്ഥി തന്നെ മറ്റൊരു ലാബിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അവിടെ അവൻ പരീക്ഷ ജയിച്ച് ഒരു സീനിയർ ഫെലോ സ്ഥാനത്തേക്ക് ഉയർന്നു.

അത്തരം ഔപചാരിക പരാതികൾ താരതമ്യേന അപൂർവ്വമായിരിക്കാം. വിദ്യാർത്ഥികളോട് അവരുടെ മേൽജാതിക്കാരായ സൂപ്പർവൈസർമാർ പ്രതികാരം ചെയ്യുമെന്ന് ഭയന്ന് വിവേചന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് ഐഐടി ബോംബെയിലെ വിദ്യാർത്ഥി സംഘടനയായ അംബേദ്കർ പെരിയാർ ഫുലെ സ്റ്റഡി സർക്കിളിലെ സവർണ അംഗമായ അക്ഷയ് സാവന്ത് പറയുന്നു. ബോംബെ ഐഐടിയിലെ പ്രത്യേക ദലിത് ആദിവാസി കാര്യ സമിതിക്ക് 2019 നും 2020 നും ഇടയിൽ ഒരു പരാതി മാത്രമേ ലഭിച്ചിട്ടുള്ളൂ. മെയിൽ പറയുന്നത് അത് അന്വേഷിക്കുന്നു എന്നാണ്. 2020 ൽ ഐഐഎസ്‌സിക്ക് മൂന്ന് പരാതികൾ ലഭിച്ചു. അതിൽ രണ്ടെണ്ണം ഏപ്രിൽ അവസാനത്തിലും പരിഹരിക്കപ്പെട്ടിട്ടില്ല.

ജാതിയുടെ വേർതിരിവ് ഇന്ത്യയുടെ അതിരുകൾക്കപ്പുറത്തുള്ള ശാസ്ത്ര സമൂഹങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. ഉദാഹരണത്തിന്, 1960കളുടെ മധ്യം മുതൽ, വിദഗ്ദ്ധരായ സ്റ്റെം പ്രൊഫഷണലുകളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത യുണൈറ്റഡ് സ്റ്റേറ്റ്സ് നയങ്ങൾ ലക്ഷക്കണക്കിന് ശാസ്ത്രജ്ഞരെയും എഞ്ചിനീയർമാരെയും അതിൽ ഭൂരിപക്ഷവും സവർണ്ണരെ ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കൊണ്ടുപോയി. ജൂൺ 2020ൽ രണ്ട് സവർണ്ണ സൂപ്പർവൈസർമാർ ഒരു ദളിത് ജീവനക്കാരനെ ഉപദ്രവിക്കുകയും വിവേചനം കാണിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് സ്റ്റേറ്റ് റെഗുലേറ്റർമാർ ടെക്നോളജി കമ്പനിയായ സിസ്കോ സിസ്റ്റമിനെതിരെ കേസെടുത്തു. പരാതി പ്രകാരം സൂപ്പർവൈസർമാരിൽ ഒരാൾ എഞ്ചിനീയറുടെ ജാതി സഹപ്രവർത്തകരോട് വെളിപ്പെടുത്തുകയും രാജ്യത്തെ സംവരണ നയത്തിലാണ് അയാൽ ഇന്ത്യയിലെ ഐഐടിയിൽ പഠിച്ചതെന്നും പറഞ്ഞു. എഞ്ചിനീയർ തന്റെ ജാതിയുടെ അടിസ്ഥാനത്തിൽ പ്രതികൂലമായ തൊഴിൽ സാഹചര്യത്തിനും വേതനത്തിൽ വിവേചനത്തിനും വിധേയനായിരുന്നുവെന്നും പരാതിയിൽ പറയുന്നു. (ഈ വർഷം സെപ്റ്റംബറിലേക്ക് വാദം കേൾക്കൽ മാറ്റിവച്ചു.)

പുരോഗമന ദലിത് പൗരാവകാശ സംഘടനയായ ഇക്വാലിറ്റി ലാബ്സ് 2016ൽ നടത്തിയ സർവേയിൽ, യുഎസിലെ ഇന്ത്യൻ പ്രവാസികളിലെ 67 ശതമാനം ദളിതരും ജോലിസ്ഥലത്ത് ജാതി അടിസ്ഥാനത്തിലുള്ള പീഡനവും വിവേചനവും നേരിടുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിലിക്കൺ വാലിയിൽ, ഭൂരിഭാഗം ഇന്ത്യക്കാരും “ജാതി വിവേചനം നിലനിൽക്കുന്ന” സ്ഥാപനങ്ങളിൽ നിന്നാണ് വരുന്നതെന്ന് സുബ്രഹ്മണ്യൻ അണ്ടാർക്കിന് ഇമെയിൽ എഴുതി. “അതുകൊണ്ട് അമേരിക്കൻ ടെക് മേഖലയിലേക്ക് ജാതി വിവേചനത്തിന്റെ കടന്നുകയറ്റം ഒട്ടും അത്ഭുതകരമല്ല.”

1970 കളിൽ കാലെ ബിരുദ വിദ്യാലയത്തിൽ പ്രവേശിച്ചപ്പോൾ ശാസ്ത്രത്തിൽ അദ്ദേഹത്തിന് ദളിത് മാതൃകകളൊന്നുമുണ്ടായിരുന്നില്ല. അമ്പത് വർഷങ്ങൾക്ക് ശേഷം, ഔദ്യോഗികജീവിതത്തിൽ ആദ്യകാല ദളിത് ഗവേഷകർ ഇത് തന്നെയാണ് പറയുന്നത്.

ഇന്ത്യയിലെ മുൻനിര സർവകലാശാലകളിലൊന്നായ ഹൈദരാബാദ് സർവകലാശാലയിൽ ന്യൂറൽ ആൻഡ് കോഗ്നിറ്റീവ് സയൻസസിൽ ഡോക്ടറേറ്റ് നേടിയ ഗവേഷകയായ ശാലിനി മഹാദേവ് ആണ് തന്റെ അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ തയ്യാറായ ഒരു ആദ്യകാല ദളിത് ശാസ്ത്രജ്ഞ. ഒരു അഭിമുഖത്തിൽ, മഹാദേവ് തന്റെ സമുദായത്തിൽ നിന്നുള്ള കൂടുതൽ മുതിർന്ന ശാസ്ത്രജ്ഞരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും തന്നെപ്പോലുള്ള വിദ്യാർത്ഥികളുടെ ജീവിതാനുഭവങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്ന അധ്യാപകരുണ്ടെന്നും പറഞ്ഞു. “നിങ്ങളുടെ ക്ലാസ് മുറിയിൽ, നിങ്ങളുടെ ഗവേഷണത്തിൽ, നിങ്ങളുടെ ലാബിൽ ഒക്കെ അവർ ഉണ്ടാകുന്നത്, അത് മറ്റൊന്നാണ്, കാരണം നിങ്ങൾ വളരെയധികം ഉത്കണ്ഠകളോടെയാണ് വരുന്നത്, നിങ്ങൾക്കറിയാമോ,” അവൾ പറഞ്ഞു. “നിങ്ങൾക്ക് എല്ലായ്പ്പോഴും അയോഗ്യരായി തോന്നും.”

ശാലിനി മഹാദേവ് 30 കളുടെ അവസാനത്തിൽ ഹൈദരാബാദിലാണ് വളർന്നത്. സ്കൂളിൽ പോകുന്ന കുടുംബത്തിലെ ആദ്യ തലമുറയുടെ ഭാഗമായ അവളുടെ അച്ഛന് ഒരു ജോലി വേഗത്തിൽ ലഭിക്കുന്നതിന് ഒരു ബിരുദത്തേക്കാൾ ചെറിയ ഒരു കോഴ്സ് – ഒരു എഞ്ചിനീയറിംഗ് ഡിപ്ലോമ ലഭിച്ചിരുന്നു. ചെറുപ്പത്തിൽ വിവാഹിതയായ ശേഷം അവളുടെ അമ്മ പഠനം നിർത്തി. കുടുംബത്തിന് മിതമായ വിഭവങ്ങൾ ഉണ്ടായിരുന്നു, പഠിക്കാനും പ്രകടനം നടത്താനും കടുത്ത സമ്മർദ്ദം അനുഭവപ്പെട്ടതായി ശാലിനി ഓർക്കുന്നു. തനിക്ക് കൂടുതൽ പഠിക്കാനാകില്ലെന്ന നൊമ്പരത്തോടെയാണ് താൻ എപ്പോഴും ജീവിച്ചിരുന്നതെന്നും, അവൾക്കും അങ്ങനെ തോന്നുന്നത്, ആഗ്രഹിക്കുന്നില്ലെന്നും അവളുടെ പിതാവ് പറഞ്ഞതായി, ശാലിനി മഹാദേവ് ഓർത്തു.

ഹൈസ്കൂളിനുശേഷം, ശാലിനി ഒരു ഡോക്ടറാകാനുള്ള ദേശീയ പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ഒരു ഇടവേള എടുത്തു. ഇന്ത്യയിലെ പല വിദ്യാർത്ഥികളെയും പോലെ, പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന കോച്ചിംഗ് സ്ഥാപനങ്ങളിലേക്ക് അവൾ തിരിഞ്ഞു. ഈ സ്ഥാപനങ്ങളിലെ അന്തരീക്ഷം അങ്ങേയറ്റം മത്സരാധിഷ്ഠിതമാണ്. ക്ലാസുകളുടെ ആദ്യ ദിവസം, അധ്യാപകർ ദളിത് വിദ്യാർത്ഥികളോട് എഴുന്നേൽക്കാൻ ആവശ്യപ്പെടുമെന്നും ഉയർന്ന ജാതിയിലുള്ള വിദ്യാർത്ഥികൾ അവരുടെ കസേരയിൽ ഇരിക്കുമെന്നും അവർ പറഞ്ഞു.കഠിനമായി പഠിക്കേണ്ട ഉയർന്ന ജാതി വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി- കഠിനമായി പഠിക്കുകയോ മികച്ച മാർക്ക് നേടുകയോ ചെയ്തില്ലെങ്കിലും, റിസർവേഷൻ പോളിസികൾ കാരണം അവർക്ക് മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടാൻ സാധ്യതയുണ്ടെന്ന് ദളിത് വിദ്യാർത്ഥികളോട് അധ്യാപകർ പറയുമായിരുന്നു.

ശാലിനി മഹാദേവ്

ക്ലാസ്സിൽ നിൽക്കുമ്പോൾ ശാലിനിക്ക് അവളുടെ മേൽജാതി സഹപാഠികളുടെ നോട്ടങ്ങൾ അനുഭവപ്പെട്ടു. അധ്യാപകർ “ഇതിനകം ആളുകൾ എന്നെ വെറുക്കുന്നു,” അവൾ ചിന്തിച്ചിരുന്നതായി ഓർക്കുന്നു. അപമാനകരമായ സംഭവങ്ങൾ വർദ്ധിച്ചപ്പോൾ, ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുന്നത് ഒഴിവാക്കാൻ തുടങ്ങിയെന്ന് ശാലിനി പറഞ്ഞു. ഒടുവിൽ, അവൾ ഒരു ഡോക്ടറാകുന്നില്ലെന്ന് തീരുമാനിച്ചു. പകരം, അവൾ ജീവശാസ്ത്രം പഠിക്കാൻ തീരുമാനിച്ചു, കാരണം അവൾ ജീനുകളെക്കുറിച്ച് പഠിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട്, അവൾ ന്യൂറോണുകളിൽ ആകൃഷ്ടയായി. ഇന്ന്, അവൾ ന്യൂറോണുകൾ തമ്മിലുള്ള ബന്ധം, വെട്ടുക്കിളികളുടെ കേൾവി ബോധം എന്നിവയാണ് പഠിക്കുന്നത്.

ജാതിയുടെ ഓർമ്മപ്പെടുത്തലുകൾ അവളെ അലട്ടിക്കൊണ്ടിരുന്നു . കാമ്പസിൽ, അവർ പറഞ്ഞു, ഉയർന്ന ജാതിക്കാർ അവരുടെ പദവി സൂക്ഷ്മമായ വഴികളിലൂടെ ഉറപ്പിക്കും-അവർ ധരിച്ചിരുന്നവയിലൂടെ, സംസാരരീതിയിലൂടെ , നടക്കുന്നരീതിയിലൂടെ . ഒരു ഘട്ടത്തിൽ,ശാലിനി മഹാദേവ് ജൂനിയർ റിസർച്ച് ഫെലോ ആയിരുന്നപ്പോൾ, മറ്റൊരാൾ ശാസ്ത്രം പാവപ്പെട്ടവർക്കുള്ളതല്ലെന്ന് അവളോട് പറഞ്ഞതായി അവൾ ഓർത്തു. അത് ശാലിനിയുടെ ഹൃദയത്തെ തകർത്തു, കാരണം അത് അവൾക്കും ശരിയാണെന്ന് തോന്നി. അവളുടെ വീക്ഷണത്തിൽ, ചരിത്രപരമായി, “ശാസ്ത്രം സമ്പന്നർ മാത്രമാണ് ചെയ്തത്,” അവൾ പറഞ്ഞു – അത് പിന്തുടരാൻ സമയവും വിഭവങ്ങളും ഉള്ള ആളുകൾ. ശാലിനിക്ക് പലപ്പോഴും സമയം കുറവായി തോന്നി: ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു അയൽപക്കത്ത് താമസിക്കുന്ന അവൾ, ഒടുവിൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഇടം നേടുന്നതുവരെ ഓരോ ദിവസവും അവളുടെ വീട്ടിൽനിന്നു സർവകലാശാലയിലേക്ക് ബസ് കയറിയാണ് എത്തിയിരുന്നത്.

പല ഉന്നത സ്ഥാപനങ്ങളും മാറ്റത്തെ ചെറുത്തു. 2020 ഏപ്രിലിൽ, ഐഐടികളിൽ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ പ്രാതിനിധ്യം കുറവാണെന്ന ഇന്ത്യൻ മാധ്യമങ്ങളിൽ വർദ്ധിച്ചുവരുന്ന വിമർശനത്തെ തുടർന്ന്, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒരു റിസർവേഷൻ നയം നടപ്പിലാക്കുന്നതിനുള്ള മാർഗങ്ങൾ നിർദ്ദേശിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. “റിസർവ്ഡ് വിഭാഗത്തിൽ” നിന്നുള്ള കുറച്ച് വിദ്യാർത്ഥികൾക്ക് പിഎച്ച്ഡി ലഭിക്കുന്നു എന്നതിനാൽ, കുറച്ചുപേർ മാത്രമേ അധ്യാപകരോ ഗവേഷകരോ ആയി നിയമിക്കാനാകൂ എന്ന് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. അധ്യാപകരെ നിയമിക്കുന്നതിൽ സംവരണ നയം പിന്തുടരുന്നതിൽ നിന്ന് “ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ” എന്ന നിലയിൽ ഐഐടികളെ ഒഴിവാക്കണമെന്നും സമിതി ശുപാർശ ചെയ്തു.

അഭിമുഖങ്ങളിൽ നിരവധി സവർണ്ണ ശാസ്ത്രജ്ഞർ സംവരണ നയത്തെ കുറിച്ച് സമാനമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. പാർശ്വവൽകരിക്കപ്പെട്ട വിഭാഗങ്ങൾക്ക് സംവരണം ഡോക്ടറൽ പരിപാടികളിലെ പ്രവേശനം പോലെ ചില നിർദിഷ്ട സ്ഥാനം വരെയേ പാടുള്ളൂ, മറിച്ച് ഉന്നത സ്ഥാനങ്ങൾക്ക് ബാധകമാക്കരുതെന്നാണ് അവരുടെ വാദം. “പ്രൊഫസറുമാരുടെ പദവികൾക്ക് സംവരണം ബാധകമാക്കിയാൽ രാജ്യത്തിൻ്റെ മുഴുവൻ അക്കാദമിക മേഖലക്ക് ഹാനികരമാണ്”, ഐ.ഐ.എസ്.സിയിലെ ഒരു സവർണ്ണ ഫിസിസ്റ്റായ അരിന്ദം ഘോഷ് പറയുന്നു. ഏത് സമുദായത്തിൽ നിന്നായാലും കഴിവുള്ളവൻ ഗവേഷണങ്ങൾ നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എന്നാൽ സംവരണം മാത്രമാണ് തങ്ങൾക്ക് പലപ്പോഴും ഉയർന്ന പദവിയിൽ എത്താൻ ഒരേ ഒരു ആശ്രയമെന്ന് ചില ദളിത് ഗവേഷകര് പറയുന്നു. ദളിതർക്ക് വേണ്ടി സംവരണം ചെയ്ത് വെച്ചതുകൊണ്ട് മാത്രമാണ് തനിക്ക് സവിത്രിഭായ് ഫൂലെ പൂനെ സർവകലാശാലയിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെൻ്റിലെ നിലവിലെ പ്രൊഫസർ പദവി ലഭിച്ചതെന്ന് ക്യാൻസർ ബയോളജിസ്റ്റായ രാജു നിവർതി ഗാചെ പറയുന്നു. ഓൺകോജെനിസിസ് ഉൾപ്പടെയുള്ള ഉന്നത ജേർണലുകളിൽ ഗാചെ എഴുതിയിട്ടുണ്ട്. എന്നിട്ടും ഒരു സംവരണേതര പദവിക്ക് അപേക്ഷിക്കുമ്പോൾ അദ്ദേഹത്തെ നിരസിക്കുന്നതായി അദ്ദേഹം പറയുന്നു.

“സംവരണം കഴിവിനെ താഴ്ത്തിക്കെട്ടുമെന്നത് ഈ സ്ഥാപനങ്ങളിലെ സവർണ്ണ മേധാവിത്വത്തെ നിലനിർത്താനുള്ള വാദമാണ്”, സുബ്രമണ്യൻ പറയുന്നു. “ഞാൻ ജാതി നോക്കാതെ കഴിവുറ്റ വ്യക്തിയെ തിരഞ്ഞെടുക്കുമെന്ന് പറയാനുള്ള പക്വതയും അങ്ങനെയൊരു വ്യവസ്ഥയും നമുക്കായിട്ടില്ല”, ജാതിയെ കുറിച്ച് എഴുതുന്ന ശാസ്ത്രജ്ഞൻ സുന്ദർ സരുക്കായി പറയുന്നു.

ശാസ്ത്രത്തെ കുറിച്ച് പുത്തൻ ചിന്തകൾ വാർത്തെടുക്കുന്നതിനായി ശാസ്ത്ര മേഖലയെ കൂടുതൽ തുല്യനീതിയെ കുറിച്ച് ബോധ്യമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഇടമായി മാറ്റണമെന്ന് സരുക്കായി വാദിക്കുന്നു. “ചിന്തകളിലെ വൈവിധ്യം” ശാസ്ത്രീയ അന്വേഷണങ്ങളുടെ ചക്രവാളത്തെ വികസിപ്പിക്കും” ഐ.ഐ.എസ്.സിയിലെ സവർണ്ണ ഫിസിസ്റ്റായ രോഹിണി ഗോഡ്ബോൽ പറയുന്നു. തങ്ങളുടെ ജാതീയമായ അനുഭവങ്ങൾ ശാസ്ത്രീയ കാഴ്ചപ്പാടുകളെ വാർത്തെടുക്കുന്നു എന്ന് ചില ഗവേഷകർ പറയുന്നു. തൻ്റെ ദളിത് വിഭാഗത്തിൽ നിന്നുള്ള പരിസ്ഥിതി ശാസ്ത്രജ്ഞർ ജാതിയുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ – ഉദാഹരണത്തിന് പാർശ്വവൽകൃത വിഭാഗങ്ങളുടെ ജീവിതമാർഗ്ഗം മെച്ചപ്പെടുത്താൻ ഫിഷറീസ് സയൻസ് വികസിപ്പിക്കുക – ഗവേഷണം നടത്തണമെന്ന് ആഗ്രഹിക്കുന്നതായി കോയമ്പത്തൂരിലെ സലിം അലി സെൻ്റർ ഫോർ ഓർണിതോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ വിദ്യാധർ അക്തോർ പറയുന്നു. പക്ഷേ അതിനായി അവരുടെ വിഷയത്തെ കുറിച്ച് അറിവുള്ള സൂപ്പർവൈസറുമാരെയും അതിനുള്ള അക്കാദമിക സാഹചര്യങ്ങളും വേണം. അത് എല്ലായ്പ്പോഴും ലഭ്യമായിരിക്കില്ല.

ഉന്നത ഇന്റർ ഡിസിപ്ലിനറി ശാസ്ത്രം പഠിക്കാനുള്ള ഇടത്ത് എത്തിച്ചേർന്നതിന് ശേഷവും തൻ്റെ ജാതി കാരണം അതൊരു ഉറച്ച തീരുമാനമായി ശാലിനി മഹാദേവിന് തോന്നുന്നു. സവർണ്ണ കുടുംബങ്ങൾ നൽകുന്ന അന്തരീക്ഷത്തിൽ നിന്നും വലിയ വിജയങ്ങൾ കൈവരിക്കാനാകും എന്ന് ശാലിനി പറയുന്നു. ഉദാഹരണത്തിന് വായനയും പാഠ്യേതരമായ പ്രവർത്തനങ്ങളും കൂടുതലായി പ്രോത്സാഹിപ്പിക്കുക, സുഹൃത്തുക്കളും ബന്ധുക്കളും ഭാവി പഠന കാര്യങ്ങളിൽ ശെരിയായ ഉപദേശം നൽകുക തുടങ്ങിയവ. “പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നുള്ള മാതാപിതാക്കൾക്ക് അത് സാധിക്കുമോ?” അവർ ചോദിക്കുന്നു. കൂടാതെ വീടിന് പുറത്ത് ശാസ്ത്ര സ്ഥാപനങ്ങളിലെ വിവേചനം ഒരു ദളിത് ഗവേഷകൻ്റെ യാത്ര നിരന്തരമായ പോരാട്ടമാക്കി തീർക്കും. ഇതൊരു പോരാട്ടമാണ്,എന്ന് അവർ കൂട്ടിച്ചേർക്കുന്നു.

കഴിഞ്ഞ വർഷം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്ഥാനത്തിൻ്റെ മാറ്റൊലികൾ #ShutDownSTEM എന്ന രൂപത്തിൽ ശാസ്ത്ര മേഖലയിലും അരങ്ങേറിയപ്പോൾ അത് ബാഹ്യമായ സാമൂഹിക സമ്മർദ്ദമാണ് ശാസ്ത്ര മേഖലയിലെ മാറ്റത്തിന് കാരണമായത് എന്ന് എം.ഐ.ടിയിലെ ശാസ്ത്ര ചരിത്രകാരനായ സുർ ചൂണ്ടിക്കാട്ടി. ഇന്ത്യയിലും നിലവിലെ സാഹചര്യം മാറണമെങ്കിൽ ശാസ്ത്രജ്ഞന്മാർ വിശാലമായ മറ്റ് ദളിത് പ്രസ്ഥാനങ്ങളോടൊപ്പം ചേർന്ന് ശക്തിപ്പെടണമെന്ന് അവർ പറയുന്നു.

നേരത്തെ അണ്ടാർക്കിനോട് സംസാരിക്കുമ്പോൾ അദ്ദേഹം ഇന്ത്യയിലെ ജാതി വ്യവസ്ഥയും, അമേരിക്കയിലെ വർണ്ണ വിവേചനവും, നാസി ജർമ്മനിയിലെ നയങ്ങളും തമ്മിലുള്ള സമാനതകളെ വിവരിക്കുന്ന കറുത്ത വർഗക്കാരനായ അമേരിക്കൻ എഴുത്തുകാരൻ ഇസബെൽ വിൽക്കർസണിന്റെ ന്യൂ യോർക്ക് ടൈംസ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട “കാസ്റ്റ്” എന്ന പുസ്തകം വായിക്കുകയായിരുന്നു. “ഞങ്ങളുടെ വിഭജനത്തിൻ്റെ ഘടന ജാതിയാണ്”, അദ്ദേഹം പറഞ്ഞു. കാലെ ജനുവരിയിൽ ഈ വിഷയങ്ങൾ സംസാരിക്കുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ 2020 സെപ്റ്റംബറിൽ വടക്കേ ഇന്ത്യയിൽ സവർണ്ണർ ദളിത് പെൺകുട്ടിയെ ബലാൽസംഘം ചെയ്തത് ഉൾപടെ ദളിതർക്ക് നേരെ തുടർന്ന് കൊണ്ടിരിക്കുന്ന അതിക്രമങ്ങളെ കുറിച്ച് റിപ്പോർട്ട് ചെയ്യുകയാണ്.

കാലെ തൻ്റെ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ അസ്തമയ സൂര്യൻ അദ്ദേഹത്തിൻ്റെ ബാൽക്കണിക്ക് പുറത്ത് അപ്പാർട്ട്മെൻ്റിൻ്റെ പിൻവശത്തുകൂടെ താഴേക്ക് മറയുന്നു. “സമൂഹം പിന്നോട്ട് പോവുകയാണെന്ന് എനിക്ക് തോന്നുന്നു”, അദ്ദേഹം പറഞ്ഞു. “ഞാൻ ഭയക്കുന്നു”, ദളിതരും അവരെ പിന്തുണക്കുന്നവരും കഠിനമായി പോരാടി പക്ഷേ ചെറിയ മാറ്റങ്ങൾ മാത്രമാണ് ഉണ്ടായത്.

ഒരു വലിയ മാറ്റത്തിന് ദേശീയ തലത്തിൽ ഒരു മുന്നേറ്റം ഉയർന്ന് വരണം. “ഒരു കൊടുങ്കാറ്റ് തന്നെ വേണം” അദ്ദേഹം പറഞ്ഞു.

ഉറവിടം : അൺ ഡാർക്ക്


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal