ഇദ്ര

“എപ്പോഴോ തളർന്നുറങ്ങിയ ഇദ്ര, മഴവില്ലിലിരുന്ന് ചിരിക്കുന്ന ഒസ്‌മേരയെ സ്വപ്നം കണ്ടു, ഒസ്‌മേര അവളോട് സ്വർഗത്തിലെ കഥകൾ മന്ത്രിച്ചുക്കൊണ്ടേയിരുന്നു..”


അഡ്വ.വിമൽ റെനോദ്

ഇരുളിൽ ഇറങ്ങി നടക്കുന്നതു പോലും തെരുവ് വിളക്കിനെ ഭയന്ന് തന്നെയാകണം,തന്റെ മുന്നോക്കം പായുന്ന നിഴലിനൊപ്പം ഇരുണ്ട യുഗങ്ങളെയും താണ്ടി കാലുകൾ അതിവേഗം ചലിച്ചുക്കൊണ്ടിരുന്നു.

പകൽ വെളിച്ചം ഉദിക്കാതിതിരിക്കട്ടെ.

ഇപ്പോഴും അതിക്രമിച്ചു ഓടിയടുക്കുന്ന അധികാരത്തിന്റെ, നിറത്തിന്റെ പേരിൽ കൈയൂക്കിന്റെ പേശിബലം കൊണ്ട് അടിമകളുടെ ഫാക്ടറി സ്ഥാപിക്കുന്ന ഇരുകാലി മൃഗങ്ങൾ, അവർ സ്മാരകങ്ങളാക്കുന്ന സംഹാരത്തിന്റെ വിചിത്രകഥകൾ ഉറക്കെ പാടി പഠിപ്പിച്ച ഒറ്റമുറി ക്ലാസ്സിലെ നിശ്ചലനായ അവരുടെ വെളുത്ത ദൈവം.

സർവരുടെയും പാപഭാരമേറ്റെടുത്ത ത്യാഗത്തിന്റെ പ്രതീകം.

മനുഷ്യപുത്രനായ ദൈവം.

അദ്ദേഹത്തിന്റെ വചനമൊഴികളുടെ ആവർത്തന വിരസത കൊണ്ട് ഞങ്ങളുടെ യമയ ദേവതയുടെ തൊണ്ട വരണ്ടുണങ്ങിക്കാണും.

എപ്പോഴോ തളർന്നുറങ്ങിയ ഇദ്ര, മഴവില്ലിലിരുന്ന് ചിരിക്കുന്ന ഒസ്‌മേരയെ സ്വപ്നം കണ്ടു,ഒസ്‌മേര അവളോട് സ്വർഗത്തിലെ കഥകൾ മന്ത്രിച്ചുക്കൊണ്ടേയിരുന്നു..

ഇദ്രയുടെ ചുണ്ടിൽ മാരിഗോൾഡ് പൂവുകൾ വിരിഞ്ഞിരുന്നു.

വിദൂരതയിലിരുന്നു കഥകൾ മെനഞ്ഞ ടോണിയിലൂടെയാണവൾ മാരിഗോൾഡിനെപ്പറ്റിയറിഞ്ഞത്.

അപ്രതീക്ഷിതമായി അവൾക്കു ചുറ്റിലും എവിടെ നിന്നോ അപ്രതിരോധമാംവിധം ചിരിയൊച്ചകൾ ഒഴുകിയെത്തി….

എവിടെ നിന്നാണതിന്റെ ഉറവ പൊട്ടിയൊലിച്ചത്.?

ആ വെള്ളപ്പന്നികളുടെ കൈത്തോക്കിൽ നിന്നുള്ള വെടിയൊച്ചകൾ അന്തരീക്ഷത്തെ പൊതിഞ്ഞു പുകമറ സൃഷ്ടിക്കയാവണം.

അവരുടെ ആട്ടവും പാട്ടും തെരുവുകളെ കൈയേറുന്നുണ്ടാവും.

അത്രയേറെ ഘോഷത്തോടെ അലർച്ച മുഴങ്ങികേൾക്കുന്നുണ്ട്…

രാത്രികൾ അവർക്കു ആഘോഷങ്ങളുടെതാണ്.

ബോധം മറയ്ക്കുന്ന പാനീയങ്ങൾ തൊള്ള നിറയ്ക്കുന്നുണ്ടാവും.

പകലുകളിൽ അവർ പാലിക്കുകയും പുലർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ചിട്ടയായതിന്റെ അണിഞ്ഞൊരുങ്ങലിനു പരിഷ്കാരത്തിന്റെ തുറന്നു കാട്ടാലെന്നാണവർ തലയുയർത്തി പറയാറ്.

അവർ കൈയേറി വെട്ടി വെളുപ്പിച്ച ഇരുണ്ട വൻകരയ്‌ക്കെന്റെ നിറമുള്ള വാൻഗാരി, പച്ചനട്ടിരുന്ന വീഥികളെ തേടി പായണം.

അവരുടെ കുസൃതികൾ ഭയാനകമായിരുന്നു.

അതുകണ്ടു പേടിച്ചു ഓടിയകന്ന ഷെല്ലിയുടെ കാലുകളെ ഇദ്ര കൊതിച്ചിരുന്നു.

ഒടുവിലവളുടെ ഇരുൾ അഭയത്തിനെ വെള്ളപ്പന്നികളുടെ ടോർച്ചുലൈറ്റുകൾ മുറിച്ചിരിക്കുന്നു.

അധികാരത്തിന്റെ നിറമാണതിന്..

വെള്ളിവെളിച്ചം.

അതേറ്റവളുടെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു.

മഞ്ഞപല്ലുകൾ കാട്ടിയുള്ള ചിരിയൊച്ചകൾ അടുത്തുകൊണ്ടേയിരിക്കുന്നു.

ഒസ്‌മേര അവളെ വിട്ടുപ്പോയിരിക്കുന്നു.

കണ്മുന്നിലെ വിദൂരതയെ താണ്ടാൻ കഴിയാതെ കാലുകൾ തളർന്നു പോയിരിക്കുന്നു.

അവർക്കൊപ്പം നീങ്ങുന്ന തോക്കിൻ കുഴലിലെ വെടിയൊച്ചകൾക്കപ്പുറം മാരിഗോൾഡ് പൂവിൽ നിന്നും ചുവപ്പ് നീരൊഴുകി പടർന്നു.

ഇദ്രയുടെ ചുമലിലെ ചാപ്പകുത്തടയാളം തിരിച്ചറിഞ്ഞതോടെ വെള്ളപ്പന്നികളുടെ ചിരിയൊച്ചകൾ വെള്ളിവെളിച്ചത്തെ കടന്നുപ്പോയിരിക്കുന്നു.

അവരുടെ വെളുത്ത ദൈവം നിശ്ചലനായി തന്നെയിരിക്കുന്നു….!


ഷെല്ലി (ഷെല്ലി ആൻ ഫ്രെയ്സർ) – ജമൈക്കൻ അത്‌ലെറ്റ്
ടോണി (ടോണി മോറിസൺ‌) – ആഫ്രോ അമേരിക്കൻ എഴുത്തുകാരി
(യമയ, ഒസ്‌മേര) – ആഫ്രിക്കൻ ദൈവങ്ങൾ..
മാരിഗോൾഡ് – ആഫ്രിക്കൻ പൂവ്
വാൻഗാരി- (വാൻഗാരി മാതായി) ആഫ്രിക്കൻ പരിസ്ഥിതി പ്രവർത്തക


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal