കെ ബാലഗോപാൽ: സചേതനമായ അറിവിൻ്റെ പ്രചോദിപ്പിക്കുന്ന മാതൃക

കെ.ബാലഗോപാലിൻ്റെ ‘കർഷക വർഗ്ഗത്തിൻ്റെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലേക്കുള്ള ഒരു അന്വേഷണം’ എന്ന പുസ്തകത്തിന് ഴാങ് ദ്രസ് (Jean Drèze) എഴുതിയ ആമുഖം.


മൊഴിമാറ്റം : സാബീർ സാപിയൻസ്

നാൽപ്പത് വർഷം മുമ്പ് ഞാൻ അവിടെ പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നപ്പോൾ ന്യൂഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവിതം ശാന്തമായിരുന്നു. ഒഴിവ് സമയങ്ങളിൽ ഞങ്ങൾ കൂടുതലും വായിക്കുകയോ കാരംസ് കളിക്കുകയോ ദൂരദർശൻ കാണുകയോ ആയിരുന്നു പതിവ്. ഞങ്ങളുടെ ഇടയിൽ ഒരു പോസ്റ്റ്-ഡോക്ടറൽ ഫെലോ ഉണ്ടായിരുന്നു. അയാൾ മിക്കപ്പോഴും ആഴത്തിലുള്ള ചിന്തയിൽ മുഴുകിയിരുന്നു (അദ്ദേഹത്തിന്റെ സാന്നിധ്യവും സാമ്രാജ്യത്വ വിരുദ്ധ പോസ്റ്ററുകളും ഞാൻ ശരിക്കും മിസ് ചെയ്യുന്നുണ്ട്). കെ. ബാലഗോപാൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്.

ബാലഗോപാൽ മിടുക്കനായിരുന്നു, ഇന്ത്യയിലെ ഏതെങ്കിലും മികച്ച ഗവേഷണ സ്ഥാപനങ്ങളിൽ ഗണിതശാസ്ത്ര പ്രൊഫസറായി അദ്ദേഹത്തിന് അറിയപ്പെടാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാൽ, 1981 ൽ അദ്ദേഹം നേരത്തെ പഠിച്ചിരുന്ന വാറങ്കലിലേക്ക് മടങ്ങി. അദ്ധ്യാപനത്തിന്റെ ഒരു ഹ്രസ്വ എപ്പിസോഡിന് ശേഷം, അവിടത്തെ പൗരസ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ അദ്ദേഹം മുഴുകി. 1983 മുതൽ 1998 വരെ അദ്ദേഹം ആന്ധ്രാപ്രദേശ് സിവിൽ ലിബർട്ടീസ് കമ്മിറ്റിയായ APCLC യുടെ ജനറൽ സെക്രട്ടറിയായിരുന്നു. (പിന്നീട് അദ്ദേഹം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ സ്ഥാപക അംഗമായിത്തീർന്നു, അതിൽ 2009 ഒക്ടോബറിൽ മരിക്കുന്നതുവരെ അദ്ദേഹം സജീവമായിരുന്നു).

ഈ പുസ്തകത്തിലെ ഉപന്യാസങ്ങൾ എപിസിഎൽസിയിലെ ബാലഗോപാലിന്റെ ആദ്യ വർഷങ്ങളിൽ എഴുതിയതാണ്, അതായത് അദ്ദേഹത്തിൻ്റെ മുപ്പതുകളുടെ തുടക്കത്തിൽ. പുസ്തകത്തിന്റെ ആദ്യ ഭാഗം നക്സലൈറ്റ്- അല്ലെങ്കിൽ നക്സലൈറ്റ് എന്ന് സംശയിക്കപ്പെടുന്ന- ആക്ടിവിസ്റ്റുകളുമായുള്ള “ഏറ്റുമുട്ടലുകൾ” ഉൾപ്പെടെ, അവിഭക്ത ആന്ധ്രയിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പരമ്പരയുടെ തന്നെ കണ്ണുതുറപ്പിക്കുന്ന വിവരണമാണ്. എല്ലാ കേസുകളിലും രംഗം സമാനമാണ്: ആക്ടിവിസ്റ്റുകളെ പോലീസ് നിർദാക്ഷിണ്യം കൊല്ലുന്നു, തുടർന്ന് സ്വയം പ്രതിരോധത്തിനായി പോലീസ് വെടിവച്ചപ്പോൾ മരിച്ചതാണെന്ന് പറയപ്പെടുന്നു. ഈ ടെക്നിക് ആന്ധ്രയിൽ കണ്ടുപിടിക്കപ്പെട്ടതോ അല്ലാത്തതോ ആയിരിക്കാം, പക്ഷേ പതിറ്റാണ്ടുകളായി അവിടെ ചോദ്യം ചെയ്യപ്പെടാത്ത രീതിയിൽ ഇത് നടന്നു വരുന്നുണ്ട്, കൂടാതെ മുംബൈ മുതൽ ചത്തീസ്ഗഡ് വരെയും കാശ്മീർ , ഉത്തർപ്രദേശ് തുടങ്ങിയ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് പതിവായിരുന്നു. പതിവുപോലെ പ്രതിഫലം നൽകപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നതിന് പുറമേ, നിരവധി “ഏറ്റുമുട്ടൽ വിദഗ്ധർ” ഇപ്പോൾ ഫോക് ഹീറോകളാണ്. ചിലരൊക്കെ സിനിമകൾക്കും വീഡിയോ ഗെയിമുകൾക്കും പ്രചോദനമായിട്ടുണ്ട് (അതിൽ ഒന്നാണ് അബ് തക് ചപ്പൻ).

ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ തുടർച്ച ഇന്ത്യയിലെ പൗരസ്വാതന്ത്ര്യത്തിന്റെ ബോധപൂർവമായ തകർച്ചയുടെ ഒരു ഭാഗമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് ഇന്ത്യ അഭിമാനിക്കുന്നു, എന്നാൽ പോലീസിന്റെ പതിവ് കൊലപാതകങ്ങൾ മാധ്യമങ്ങളുടെയും കോടതികളുടെയും പാർലമെന്റിന്റെയും അല്ലെങ്കിൽ ജനാധിപത്യ മൂല്യങ്ങളുടെയും മനസ്സാക്ഷിയെ ഇളക്കിവിടുന്നില്ല. പീഡനങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. വിചാരണ തടവുകാരുടെ കാര്യം ഒരു ഉദാഹരണമാണ്: കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധികളായിരിക്കാനുള്ള പ്രാഥമിക അവകാശം ലക്ഷക്കണക്കിന് ദുർബലരായ ആളുകൾക്ക് നഷ്ടപ്പെടുകയും അവരുടെ വിചാരണ പുരോഗതിയുടെ യാതൊരു സൂചനയും കൂടാതെ വർഷങ്ങളോളം ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഈ ജനാധിപത്യ ധ്വംസനങ്ങളൊക്കെയും അരങ്ങേറുന്നത് “ക്രമസമാധാനം” നിലനിർത്തുന്നതിന് ഭരണവർഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഒരു ധാരണമൂലമാണെന്ന് എന്ന് ഞാൻ സംശയിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ആളുകളെ അവരവരുടെ സ്ഥാനത്ത് നിർത്താനുള്ള ഒരു ധാരണ.

ആന്ധ്രാപ്രദേശിലെ ഏറ്റുമുട്ടലുകളുടെ സാമൂഹിക പശ്ചാത്തലം വിശ്വസനീയാതീതമാണ്. ഗ്രാമീണ ഇന്ത്യയിലെ ഉൽപ്പാദന രീതിയെക്കുറിച്ചും അതിന്റെ “അർദ്ധ ഫ്യൂഡൽ” സ്വഭാവത്തെക്കുറിച്ചും ചർച്ചകൾ നടക്കുന്ന സമയത്ത്, ബാലഗോപാൽ തെലങ്കാനയിൽ തലങ്ങും വിലങ്ങും സഞ്ചരിച്ച് “അതിശയകരമാം വിധം വൈവിധ്യമാർന്ന രൂപങ്ങളിൽ” ഫ്യൂഡൽ അടിച്ചമർത്തലുകളെ കാണുന്നുണ്ട് (പേജ് 21). ആവശ്യമെങ്കിൽ അക്രമത്തിലൂടെയും ‘ വെട്ടി ‘ (സ്വതന്ത്ര തൊഴിൽ) എന്ന ഭീകരമായ സമ്പ്രദായം ഉൾപ്പെടെ അവരുടെ പഴയ പദവികളോട് പറ്റിനിൽക്കാൻ ‘ ഡോറകൾ ‘ (ഭൂവുടമകൾ) തീവ്രമായി ശ്രമിക്കുന്നുണ്ടായിരുന്നു. അക്രമത്തിലൂടെയാണ് ആധുനിക കൃഷിയിൽ താൽപര്യങ്ങളോടെ, റിയൽ എസ്റ്റേറ്റ്, ഗതാഗതം, സിനിമ, കരാർ ജോലികൾ എന്നിവയിലേക്കെല്ലാം വ്യാപിക്കുന്ന ഒരു “പ്രൊവിൻഷ്യൽ പ്രോപ്പർട്ടിഡ് ക്ലാസിലേക്ക്” ഏകീകരിക്കാൻ ഭൂപ്രഭുക്കളെ പ്രാപ്തരാക്കിയത്. അതേസമയം, ആദിവാസികളും ദളിതരും മറ്റ് പുറത്താക്കപ്പെട്ട വിഭാഗങ്ങളും സാധാരണ തൊഴിലാളികളുടെ ഒരു റിസർവ് സൈന്യമായി ചുരുങ്ങി. ഈ കഠിനവും അക്രമാസക്തവുമായ അന്തരീക്ഷത്തിലാണ് നക്‌സലൈറ്റുകൾ ആളുകളെ അവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും ‘വെട്ടി’ സമ്പ്രദായത്തെ പ്രതിരോധിക്കാനും ഉയർന്ന വേതനം ആവശ്യപ്പെടാനും കൈവശപ്പെടുത്തിയ ഭൂമി വീണ്ടെടുക്കാനും മറ്റും സഹായിച്ചത്. തീർച്ചയായും, ഇത് അടിച്ചമർത്തൽ അക്രമത്തിന്റെ പുതിയ തരംഗങ്ങളിലേക്ക് നയിച്ചു. ഏറ്റുമുട്ടലുകളും അറസ്റ്റുകളും പീഡനങ്ങളും വർഷങ്ങളായി ആന്ധ്രയെ വിഴുങ്ങിയിരിക്കുകയാണ്.

പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത്, ബാലഗോപാൽ ആന്ധ്രാപ്രദേശിന്റെ രാഷ്ട്രീയ സമ്പദ്ഘടനയുടെ വിവിധ വശങ്ങളെക്കുറിച്ച് സമകാലിക സംഭവങ്ങളുടെ വെളിച്ചത്തിൽ ചർച്ച ചെയ്യുന്നു. തുടർന്ന് മുഖ്യമന്ത്രി എൻ.ടി. രാമറാവു (എൻടിആർ എന്നറിയപ്പെടുന്നു) നക്‌സലൈറ്റുകളെ കൊല്ലാൻ പോലീസിന് സ്വാതന്ത്ര്യം നൽകിയതിനും അനധികൃത സ്വത്ത് സമ്പാദിക്കാൻ തന്റെ പദവി ഉപയോഗിച്ചതിനും സംവരണ വിരുദ്ധ സവർണ പ്രക്ഷോഭങ്ങൾക്ക് വഴങ്ങിയതിനും നിരന്തരമായ വിമർശനത്തിന് പാത്രമാകുന്നു. ഒരു ലേഖനത്തിൽ (“ബലപ്രയോഗത്തിലൂടെ സെൻസർഷിപ്പ്”), ബാലഗോപാലിന്റെ അസാധാരണമായ ചിന്താ ശേഷിയെ നമുക്ക് ദർശിക്കാം. ഇവിടെ അദ്ദേഹം ആന്ധ്രയിലെ മഞ്ഞ പത്രങ്ങളുടെ പ്രാധാന്യത്തെ ചർച്ചയ്‌ക്ക് വിധേയമാക്കുന്നുണ്ട്. പല ചരിത്രകാരന്മാരും പണ്ഡിതന്മാരും മഞ്ഞ പത്രങ്ങളെ അവരുടെ ശ്രദ്ധ അർഹിക്കുന്നതായി കണക്കാക്കാൻ സാധ്യതയില്ല, പക്ഷേ ബാലഗോപാലിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൽ കൂടുതൽ സ്പഷ്ടമായിരുന്നു.

പുസ്തകത്തിന്റെ ഈ ഭാഗത്ത് തന്നെ മറ്റൊരു ഉപന്യാസത്തിൽ (“റിസർവേഷൻ വിരുദ്ധത, ഇനിയും ഒരിക്കൽ കൂടി”) ബാലഗോപാൽ “പിന്നോക്ക വിഭാഗക്കാർ”ക്ക് (ബിസി) തൊഴിൽ സംവരണം വിപുലീകരിക്കുന്നതിനെതിരായ സവർണ പ്രക്ഷോഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നു. ഈ വിഷയം വളരെയധികം ആശയക്കുഴപ്പവും സംശയവും സൃഷ്ടിക്കുന്നു, പക്ഷേ വിപുലീകരിച്ച സംവരണത്തിന്റെ ആവശ്യത്തിന് അനുകൂലമായി ബാലഗോപാൽ വ്യക്തമായ നിലപാട് എടുക്കുന്നു. സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രതിലോമകരമായ സ്വഭാവം അദ്ദേഹം എടുത്ത് കാട്ടുകയും നീണ്ട പോരാട്ടത്തിലൂടെ അധസ്ഥിതർ നേടിയ പരിമിതമായ നേട്ടങ്ങൾക്കെതിരായ ഒരു വലിയ പ്രത്യാക്രമണമായി അത് വികസിക്കാനുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഇതൊരു മുന്നറിയിപ്പായിരുന്നു: പിന്നീടുള്ള ദശകങ്ങളിൽ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ വികാസത്തിന് ജനാധിപത്യത്തിന്റെ സമത്വപരമായ ആവശ്യങ്ങൾക്കെതിരായ സവർണരുടെ ഈ നീരസവുമായി വളരെയധികം ബന്ധമുണ്ടായിരുന്നതായി കാണാം.

ഈ ലേഖനങ്ങളെല്ലാം ആന്ധ്രാപ്രദേശിലെ സമൂഹത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള ബാലഗോപാലിന്റെ മൂർച്ചയുള്ള ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രഥമ തത്വങ്ങളിൽനിന്നുള്ള (first principle) മുൻകൂട്ടി തയ്യാറാക്കിയ സിദ്ധാന്തങ്ങളും യുക്തിയും അദ്ദേഹം ഇവിടെ നിരാകരിക്കുന്നു. ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ രചനകൾ പലപ്പോഴും എന്നെ നോം ചോംസ്കിയെ ആണ് ഓർമ്മിപ്പിക്കുന്നത്. ആക്ഷേപ ഹാസ്യത്തിൻ്റെ സമർത്ഥമായ ഉപയോഗം പോലും രണ്ടുപേരിലും സമാനമാണ്. ഈ പുസ്തകം സചേതനമായ അറിവിന്റെ (living knowledge)- ദൂരെ നിന്ന് നിരീക്ഷിക്കുന്നതിനുപകരം ലോകവുമായുള്ള സജീവമായ ഇടപെടലുകളെ അടിസ്ഥാനമാക്കിയുള്ള അറിവ്- ഒരു പ്രചോദനാത്മകമായ ഉദാഹരണമാണ്. ബാലഗോപാൽ തന്നെ പറയുന്നതുപോലെ, “ലോകത്തെ മാറ്റുന്നതിനിടയിൽ മാത്രമേ നിങ്ങൾക്ക് അതിനെ ശരിയായി വ്യാഖ്യാനിക്കാൻ കഴിയൂ” (പേജ്. 117).

സ്വാഭാവികമായ നിർഭയത്വത്തോടെ, ബാലഗോപാൽ അധികാരത്തോട് മാത്രമല്ല, സ്വന്തം സുഹൃത്തുക്കളോടും സത്യം സംസാരിക്കുന്നു. ഈ പുസ്തകത്തിൽ ഭൂവുടമകൾക്കും പോലീസിനും നേരെയുള്ള കഠിനമായ വിമർശനങ്ങൾ പോലെ തന്നെ ബുദ്ധിജീവികൾക്ക് നേരെയും- ഇടത് ബുദ്ധിജീവികൾ ഉൾപ്പടെ- അദ്ദേഹം വിമർശനത്തിൻ്റെ കൂരമ്പുകൾ പായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ജാതിപ്രശ്നത്തെ സംബന്ധിച്ചുള്ള അവരുടെ കുതറിമാറലുകളെ ചോദ്യം ചെയ്യാൻ അദ്ദേഹം മടിച്ചില്ല: “ഒരു പ്രത്യേക ജാതി അന്ധത ഇന്ത്യൻ ബുദ്ധിജീവികളെ, പ്രത്യേകിച്ച് മാർക്സിസ്റ്റുകളെ ബാധിച്ചിരിക്കുന്നു, തങ്ങൾക്ക് ജാതിയില്ലെന്ന് അവർ നടിക്കുകയും ചെയ്യുന്നു.” ബുദ്ധിജീവികളെ അദ്ദേഹം തള്ളിക്കളയുന്നു എന്ന് ഇതിന് അർത്ഥമില്ല, പക്ഷേ അവർ എവിടെ നിന്നാണ് വരുന്നതെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം നമ്മെ ഓർമ്മിപ്പിക്കുന്നു: “ഓരോ എഴുത്തുകാരനും സാമൂഹികമായി നിർവചിക്കപ്പെട്ട ഒരു ജനുസ്സിലെ അംഗമാണ്, കൂടാതെ ബുദ്ധിജീവികളുടെ വർഗ്ഗീകരണം സാമൂഹികവും ചരിത്രപരവുമായ പഠനത്തിന് ആവശ്യമാണ്, മൃഗങ്ങളുടേത് സുവോളജിക്ക് വേണ്ടിയുള്ളത് പോലെ “(പേജ് 116). ക്ലാസിക് ബാലഗോപാൽ!

പുസ്തകത്തിൽ നിന്ന് എന്നെ വളരെയധികം ആകർഷിച്ച കാര്യങ്ങൾ ഇവയൊക്കെയാണ്, ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ടെങ്കിലും. കർഷിക വർഗ്ഗങ്ങളുടെ സവിശേഷതയെക്കുറിച്ച് ആയാലും, വർഗ്ഗശക്തി പുനർനിർമ്മിക്കുന്നതിൽ ജാതിക്കുള്ള പങ്കിനെ കുറിച്ച് ആണെങ്കിലും, ഗോത്രങ്ങളുടെ ജാതിയിലേക്കുള്ള പരിവർത്തനത്തെ കുറിച്ചാണെങ്കിലും, “ബഹുസംസ്കാര വർഗീയത” എന്ന നിലയിലേക്കുള്ള സെക്കുലറിസത്തിൻ്റെ പതനത്തെക്കുറിച്ചാണെങ്കിലും, മിച്ചമൂല്യം കവർച്ച ചെയ്യുന്ന ഒരു സ്ഥാപനം എന്ന നിലയിലുള്ള സ്റ്റേറ്റിൻ്റെ പ്രവർത്തനത്തെ കുറിച്ചാണെങ്കിലും ബാലഗോപാൽ പഴയ വാദങ്ങൾക്കുമേൽ നിസ്സംശയം പുതിയ വെളിച്ചം വീശുന്നുണ്ട്. അദ്ദേഹത്തിന്റെ ഉപന്യാസങ്ങൾ നിരവധി വർണ്ണാഭമായ വ്യക്തിത്വങ്ങളെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ട് വരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ ഹൃദയത്തോട് അടുപ്പമുള്ള സഖാക്കളെ.

നക്സലൈറ്റുകളുടെ ലക്ഷ്യം, “ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രവർത്തിക്കുക” മാത്രമല്ല, “ജനങ്ങളുടെ പേരിൽ ഭരണകൂട അധികാരം പിടിച്ചെടുക്കുക” എന്നതും കൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നീതിയുടെയും മാനവികതയുടെയും തത്വങ്ങളില്ലാതെ പ്രയോഗിക്കപ്പെടുന്ന “സമൂഹത്തിന്മേലുള്ള ആധിപത്യത്തിന്റെ” (dominance over society) ഒരു ഉപാധിയായി അക്രമം മാറുമ്പോൾ അനിവാര്യമായും വികസിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെകുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. വർഷങ്ങളായി ആന്ധ്രയിലെ നക്സലൈറ്റ് അതിക്രമങ്ങളുടെ വിസ്മയകരമായ ഒരു പട്ടികയോടെ അദ്ദേഹം തന്റെ വാദത്തെ ഉറപ്പിക്കുന്നു. പ്രശ്നം ഈ ക്രൂരതകളുടെ മനുഷ്യക്കുരുതി മാത്രമല്ല (അത് തന്നെ അസഹനീയമാണെങ്കിലും) മറിച്ച്, തത്വരഹിതമായ അക്രമം പ്രസ്ഥാനത്തിന്റെ സമഗ്രതയും വിശ്വാസ്യതയും നശിപ്പിക്കുന്നു: “ഞങ്ങൾ ഉപയോഗിക്കുന്ന മാർഗ്ഗം ലക്ഷ്യങ്ങൾ നേടാനുള്ള ഉപകരണങ്ങൾ മാത്രമല്ല. അവ നമ്മിൽ സ്വാധീനം ചെലുത്തുന്നുണ്ട്. അവ മുഴുവൻ സമൂഹത്തിലും സ്വാധീനം ചെലുത്തുന്നുണ്ട്.” അതേ ഉപന്യാസത്തിൽ, വിഭാഗീയത, അധികാരത്തോടുള്ള ആർത്തി, ഏത് എതിർപ്പിനോടുമുള്ള അസഹിഷ്ണുത തുടങ്ങിയ അനുബന്ധ വിഷയങ്ങളും അദ്ദേഹം ചർച്ച ചെയ്തു. ബാലഗോപാലിന്റെ ധീരമായ ഇടപെടൽ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സ്വഭാവത്തെയും ഭാവിയെയും കുറിച്ചുള്ള വിശാലമായ ചർച്ചകൾക്ക് ഇടയാക്കാതെ പോയത് ഖേദകരമാണ്.

ഈ പുസ്തകത്തിലെ ഉപന്യാസങ്ങൾ ബാലഗോപാലിന്റെ ജീവിതത്തിന്റെയും ചിന്തയുടെയും ഒരു പ്രത്യേക ഘട്ടത്തെ പ്രതിഫലിപ്പിക്കുന്നു, 1980 കളുടെ ഭൂരിഭാഗവും. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, അക്കാലത്ത് അദ്ദേഹത്തിന് ഒരു പ്രത്യേക “രാഷ്ട്രീയ ചട്ടക്കൂട്” ഉണ്ടായിരുന്നു: “സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനും കമ്മ്യൂണിസത്തിന്റെ ഘട്ടത്തിലേക്ക് സമൂഹത്തെ പരിവർത്തനം ചെയ്യുന്നതിനുമായി തൊഴിലാളികൾ രാഷ്ട്രീയാധികാരം കൈയ്യാളാൻ കൈമുതലാക്കിയതാണ് ആ ചട്ടക്കൂട്” (പേജ് 284). എന്നാൽ ബാലഗോപാൽ പിന്നീട് ഈ ചട്ടക്കൂട് ഉപേക്ഷിച്ചിരുന്നുവോ എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ ജനകീയ മുന്നേറ്റങ്ങളുടെ വെളിച്ചത്തിൽ തീർച്ചയായും അദ്ദേഹം അതിൽ മാറ്റങ്ങൾ വരുത്തുകയും വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കാലം ഒരുപാട് കടന്നുപോയിട്ടും ഈ ലേഖനങ്ങൾക്ക് അവയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. അതിൻറെ ഒരു കാരണം, ഈ ലേഖനങ്ങൾ പരിശോധിക്കുന്ന വിഷയങ്ങൾ നമുക്കിടയിൽ ഇന്നും സജീവമായി നിലനിൽക്കുന്നുണ്ട് എന്നുള്ളതാണ്. 40 വർഷം മുമ്പുള്ളതുപോലെതന്നെ ബാലഗോപാലൻ്റെ ലേഖനങ്ങൾ ഇന്നും ഇന്ത്യൻ സമൂഹത്തിൻറെ പ്രകൃതത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്.

ഇന്ന് അപൂർവമായിക്കൊണ്ടിരിക്കുന്ന നിർഭയമായ രാഷ്ട്രീയ എഴുത്തിൻറെ ഒരു മാതൃകയായി ഈ ലേഖനങ്ങൾ വിലമതിക്കപ്പെടേണ്ടതുണ്ട്. അക്കാദമിക വാചോടാപങ്ങൾക്കോ അധികാരത്തിലിരിക്കുന്നവരുടെ മനോഭാവത്തിനോ അത് ചെവി കൊടുക്കുന്നില്ല. സാമൂഹ്യശാസ്ത്രം പഠിക്കുന്നതിനു പകരം ഗണിതശാസ്ത്രം തിരഞ്ഞെടുത്തത് ബാലഗോപാലന് ഏതെങ്കിലും വിധത്തിൽ പ്രയോജനകരമായിട്ടുണ്ടോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ഒരുപക്ഷേ അത് അവനെ വ്യക്തമായി ചിന്തിക്കാൻ മാത്രമല്ല, നിർഭയമായി സംസാരിക്കാനും സഹായിച്ചിട്ടുണ്ടാവാം.

കടപ്പാട് : ദി വയർ


<strong><span class="has-inline-color has-vivid-red-color">ഴാങ് ദ്രസ് (Jean Drèze)</span></strong><br>ബെൽജിയത്തിൽ ജനിച്ച ഇന്ത്യൻവംശജനായ സാമ്പത്തികശാസ്ത്രജ്ഞനാണ് ഴാങ് ദ്രസ്(Jean Drèze). സാമൂഹികപ്രവർത്തകൻ കൂടിയായ അദേഹം റാഞ്ചി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിസിറ്റിംഗ് പ്രൊഫസറുമാണ് .
ഴാങ് ദ്രസ് (Jean Drèze)
ബെൽജിയത്തിൽ ജനിച്ച ഇന്ത്യൻവംശജനായ സാമ്പത്തികശാസ്ത്രജ്ഞനാണ് ഴാങ് ദ്രസ്(Jean Drèze). സാമൂഹികപ്രവർത്തകൻ കൂടിയായ അദേഹം റാഞ്ചി സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ വിസിറ്റിംഗ് പ്രൊഫസറുമാണ് .

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal