അംബേദ്കർക്കെതിരെയുള്ള ആദ്യകാല ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ‘അടങ്ങാത്ത വിമർശനം’
-ആനന്ദ് തെൽതുംബ്‌ദെ

ലെഫ്റ്റ് വേർഡ്‌ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയും കമ്മ്യൂണിസവും’ എന്ന പുസ്തകത്തിന് ആനന്ദ് തെൽതുംബ്ദെ എഴുതിയ ആമുഖം. അംബേദ്കർ മാർക്സിസത്തെ എതിർത്തിരുന്നു എന്ന ആഖ്യാനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അങ്ങനെ വിശ്വസിക്കുന്ന ഏതൊരാളും ‘അങ്ങേയറ്റം മുൻവിധി’ ഉള്ളവരാണ് എന്ന് തെൽതുംബ്ദെ വാദിക്കുന്നു.


മൊഴിമാറ്റം : ശംഭു

1950 കളുടെ തുടക്കത്തിൽ തന്നെ ‘ഇന്ത്യയും കമ്മ്യൂണിസവും’ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന ഒരു പുസ്തകരചനക്ക് അംബേദ്കർ തുടക്കമിട്ടു. അദ്ദേഹത്തിനത് പൂർത്തിയാക്കാൻ ആയില്ലെങ്കിലും 63 പേജുകളും ഉള്ളടക്ക പട്ടികയും ടൈപ്പ് ചെയ്തു തയ്യാറാക്കിയിരുന്നു. അതോടൊപ്പം ‘എനിക്കൊരു ഹിന്ദുവാകാൻ കഴിയുമോ?’എന്ന ശീർഷകത്തിലുള്ള ഒരു പുസ്തകത്തിൻ്റെ ഒരു ഭാഗത്തിന്റെ രൂപരേഖയും തയ്യാറാക്കിയിരുന്നു.ഈ വർഷം ലെഫ്റ്റ് വേർഡ് ബുക്സ്, പൗരാവകാശ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ആനന്ദ് തെൽതുംബ്ദെയടെ ആമുഖത്തോടെ ഇവ പ്രസിദ്ധീകരിച്ചു. ഈ ആമുഖത്തിൽ അംബേദ്കർ മാർക്സിസത്തെ എതിർത്തിരുന്നു എന്ന ആഖ്യാനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അങ്ങനെ വിശ്വസിക്കുന്ന ഏതൊരാളും ‘അങ്ങേയറ്റം മുൻവിധി’ ഉള്ളവരാണ് എന്ന് തെൽതുംബ്ദെ വാദിക്കുന്നു. കമ്മ്യൂണിസത്തെ കുറിച്ചുള്ള അംബേദ്കറുടെ ചിന്താഗതിയും, ഇന്ത്യയിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകളും അംബേദ്കറും തമ്മിലുള്ള വിള്ളലിലേക്ക് നയിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനുബന്ധ സംഭവങ്ങളും അദ്ദേഹം അക്കമിട്ട് നിരത്തുന്നു. ആമുഖത്തിൽ ”ഈ ‘കമ്മ്യൂണിസ്റ്റുകൾക്ക്’ അംബേദ്കറോട് ഉണ്ടായിരുന്ന ധിക്കാരവും വെറുപ്പും ഒരിക്കലും ജാതി വ്യവസ്ഥയോട് ഉണ്ടായിരുന്നില്ല” എന്ന് എഴുതിക്കൊണ്ട്, അംബേദ്കറും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (സിപിഐ) തമ്മിലുള്ള പരുഷമായ ബന്ധത്തെക്കുറിച്ചും തെൽതുംബ്ദെ ചർച്ച ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് പ്രയോഗത്തിനോടുള്ള അംബേദ്കറുടെ അലോസരം കാലക്രമേണ കൂടിവരുകയാണ് ചെയ്തത്. സിപിഐയുടെ അംബേദ്കർ വിമർശനങ്ങൾ അഭിനന്ദിക്കപ്പെടണമെങ്കിൽ അവർ പറയുന്നത് പ്രയോഗിക്കുക കൂടി ചെയ്യണമായിരുന്നു. എന്നാൽ ജാതിക്കെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയെ പ്രത്യയശാസ്ത്രപരമായി നിരാകരിച്ചുകൊണ്ട്, മറ്റ് തരത്തിലുള്ള (സാമ്പത്തികേതര) ചൂഷണങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു എന്ന ആശയപരമായ അടിത്തറയെ അവഗണിച്ച്, ജാതിയുമായി ബന്ധപ്പെട്ട് അശ്രദ്ധമായ കീഴ്‌വ‌ഴക്കങ്ങൾ തുടരുന്നതും, ഈ വിമർശനങ്ങളെ പൊള്ളയാക്കി. സ്വതന്ത്ര ദലിത് മുന്നേറ്റങ്ങളുടെ നായകനെന്ന നിലയിൽ അദ്ദേഹം ശ്രദ്ധേയനായത് മുതൽ സി.പി.ഐ.ക്ക് അദ്ദേഹത്തോട് അമർഷമുണ്ടായിരുന്നു. അംബേദ്കറുമായി ചങ്ങാത്തം കൂടുന്നതിനുപകരം, തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കുന്നവനായും ദലിത് ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവനായും ദേശീയ പ്രസ്ഥാനത്തിന്റെ എതിരാളിയായും സാമ്രാജ്യത്വത്തിന്റെ ശിങ്കിടി, എന്നെല്ലാം പറഞ്ഞ് അവർ അദ്ദേഹത്തെ ആക്രമിക്കാൻ തുടങ്ങി.”പൊതുജനാധിപത്യ വ്യവഹാരങ്ങളിൽ നിന്ന് അസ്‌പർശ്യ ജനവിഭാഗങ്ങളെ അകറ്റിനിർത്തുകയും സാമ്രാജ്യത്വത്തെ ആശ്രയിക്കുന്നതിലൂടെ അസ്‌പർശ്യരുടെ നില മെച്ചപ്പെടുത്താമെന്ന മിഥ്യാധാരണ വളർത്തുകയും ചെയ്ത ‘പരിഷ്കരണവാദിയും വിഘടനവാദി നേതാവും’ എന്ന് അവർ അദ്ദേഹത്തെ പരിഹസിച്ചു.

ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ

1952 മാർച്ചിൽ, സിപിഐ കേന്ദ്രകമ്മിറ്റി എസ്‌സിഎഫി (SCF)നെക്കുറിച്ച് ഒരു പ്രത്യേക പ്രമേയം അംഗീകരിച്ചു[1942-ൽ അംബേദ്കർ സ്ഥാപിച്ച ഒരു രാഷ്ട്രീയ ഗ്രൂപ്പായിരുന്നു ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ]. അത് പക്ഷേ കൃത്യമായും അംബേദ്കർക്ക് എതിരെ ഉള്ളതായിരുന്നു. അതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങൾ വായിക്കുന്നത് രസകരമാണ്.”സാമ്പത്തികമായി ഏറ്റവും ചൂഷണം ചെയ്യപ്പെടുന്നവരും സാമൂഹികമായി ഏറ്റവും അടിച്ചമർത്തപ്പെട്ടവരുമായ,പട്ടികജാതി ബഹുജനങ്ങളെ സാമ്രാജ്യത്വവാദിയും അവസരവാദിയുമായ അംബേദ്‌കറിന്റെ നേതൃത്വത്തിൽ,വർഗീയതയുടെയും ജാതിഹിന്ദു വിരുദ്ധതയുടെയും അടിസ്ഥാനത്തിൽ എസ്‌സിഎഫിൽ സംഘടിപ്പിക്കുന്നത് സാമ്പത്തിക പുരോഗതിക്കും സാമൂഹിക സമത്വത്തിനും വേണ്ടിയുള്ള അവരുടെ ത്വരയെ വികലവും വിഘടിപ്പിക്കുന്നതുമായ രൂപത്തിലാക്കി”
[പ്രസ്താവന].

“അംബേദ്കറുടെ നയങ്ങളെ നിശിതമായി തുറന്നുകാട്ടുകയും പട്ടികജാതി ജനവിഭാഗങ്ങളുടെ ജനാധിപത്യ ആവശ്യങ്ങൾക്ക് വേണ്ടി ധീരമായി പൊരുതുകയും, അവർക്കെതിരായ ജാതി-ഹിന്ദു അടിച്ചമർത്തലുകൾക്കെതിരെ പോരാടുകയും, അവരെ പൊതു ബഹുജന സംഘടനകളിലേക്ക് ആകർഷിക്കുകയും ചെയ്തുകൊണ്ട് ജനങ്ങളെ അദ്ദേഹത്തിന്റെ സ്വാധീനത്തിൽ നിന്ന് അകറ്റണം.

എന്നിരുന്നാലും, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എസ്‌സി‌എഫിന്റെ എല്ലാ യൂണിറ്റുകളോടും ഒരേ മനോഭാവം സ്വീകരിക്കുന്നത് തെറ്റാണ്. എസ്‌സിഎഫിന്റെ പല യൂണിറ്റുകളും അതിന്റെ പ്രാദേശിക നേതാക്കളിൽ പലരും ഡോ. ​​അംബേദ്കറുടെ കാഴ്ചപ്പാടുകളും നയങ്ങളും അംഗീകരിക്കുന്നില്ല. പട്ടികജാതി ജനവിഭാഗങ്ങൾക്കിടയിലെ പരിഷ്കരണ പ്രക്രിയയെ (radicalisation) സഹായിക്കുന്നതിന് ഈ യൂണിറ്റുകളെയും വ്യക്തികളെയും ആകർഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തണം.”

സിപിഐയുടെ ഈ പ്രമേയം വ്യക്തമായും അംബേദ്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും താഴെത്തട്ടിലുള്ള എസ്‌സി‌എഫ് പ്രവർത്തകരും തമ്മിൽ വിള്ളൽ വീഴ്ത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഈ ‘കമ്മ്യൂണിസ്റ്റുകൾക്ക്’ അംബേദ്കറോട് ഉണ്ടായിരുന്ന ധിക്കാരവും വെറുപ്പും ഒരിക്കലും ജാതി വ്യവസ്ഥയോട് ഉണ്ടായിരുന്നില്ല.

തന്നെ രാഷ്ട്രീയമായി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന തന്റെ അടുത്ത അനുയായികളിലൊരാളായ ആർ ബി മോറെക്കെതിരെ പോലും അംബേദ്കർ ഒരിക്കലും നീങ്ങിയിട്ടില്ല. മോറെ തന്നെ നന്ദിപൂർവ്വം സ്മരിക്കുന്നപോലെ, അവരുടെ വ്യക്തിബന്ധം തകരാതെ നിലകൊള്ളുക മാത്രമല്ല, അവർ കണ്ടുമുട്ടിയപ്പോഴെല്ലാം അംബേദ്കർ അദ്ദേഹവുമായി രാഷ്ട്രീയ വിഷയങ്ങൾ ആദരപൂർവം ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതി ഇതായിരുന്നില്ല. അവർ ദലിതുകളുടെ സ്വതന്ത്ര സംഘടനയോട് അതൃപ്തി കാണിക്കുക മാത്രമല്ല, എസ്‌സി‌എഫിനെ പിളർത്താനും ഗൂഢാലോചന നടത്തി. 1949 ജനുവരി 23-24 തീയ്യതികളിൽ ബോംബെയിൽ വച്ച് ഡെമോക്രാറ്റിക് ഷെഡ്യൂൾഡ് കാസ്റ്റ് യൂത്ത് കോൺഫറൻസ് എന്ന ദളിത് യുവ തൊഴിലാളികളുടെ ഒരു സംഘടനയ്ക്ക് അവർ വിത്തുപാകി.”ഏറ്റവുമധികം ചൂഷണവും പിന്നോക്കവസ്ഥയും നേരിടുന്ന വിഭാഗത്തിൽ നിന്നുള്ള യുവ തൊഴിലാളികളുടെ ആദ്യ സംഗമമായ ഇത്, മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയും ചൂഷണത്തിന് എതിരായും ബോംബെയിലെ അസ്‌പർശ്യരായ യുവാക്കൾ നടത്തുന്ന പോരാട്ടത്തിലെ ഒരു സുപ്രധാന സംഭവമാണ്”
എന്നെല്ലാം വിശേഷിപ്പിച്ചാണ് സിപിഐ ഇതിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയത്.

ഒരു തൊഴിലാളി നേതാവായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അംബേദ്കർ ഒരു സഖ്യകക്ഷിയെന്ന നിലയിൽ യോജിച്ചവനായിരുന്നിട്ടും, യഥാർത്ഥത്തിൽ പുത്തൻ ബൂർഷ്വാസിയുടെ താൽപര്യങ്ങളെ സംരക്ഷിക്കുന്ന പാർട്ടിയായ കോൺഗ്രസ്സിന്റെ മറവിൽ നിന്നുകൊണ്ട് പ്രവർത്തിച്ചിരുന്ന കമ്മ്യൂണിസ്റ്റുകൾ അദ്ദേഹത്തെ ഒരു ശത്രുവായി കണ്ടു. കൗതുകകരമെന്നു പറയട്ടെ, 1930കളിൽ അംബേദ്കറുടെ വർഗ രാഷ്ട്രീയ ശ്രമത്തെ സിപിഐ അഭിനന്ദിച്ചില്ല, എന്നാൽ 1940കളിൽ എസ്‌.സി.എഫിലൂടെ പ്രത്യക്ഷത്തിൽ ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിലേക്ക് അദ്ദേഹം മാറിയപ്പോൾ, സിപിഐ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിഞ്ഞു. സിപിഐ കേന്ദ്ര ഘടകമായ പീപ്പിൾസ് വാറും, എസ്‌സി‌എഫിനും അതിലൂടെ പാർട്ടി സാഹിത്യത്തിലെ ജാതി ചോദ്യത്തിനും വിപുലമായ കവറേജ് നൽകി. ഇന്ത്യയിലെ പട്ടികജാതിക്കാരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷന്റെയും പങ്കിന്റെ വ്യക്തമായ ചരിത്ര വിശകലനം എഴുതാൻ പാർട്ടി ചുമതലപ്പെടുത്തിയത് ബി ടി രണദിവെയെയാണ് [ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും രാഷ്ട്രീയ നായകനും]. തന്റെ പത്ത് പേജുള്ള വിശകലനത്തിൽ, തൊട്ടുകൂടാത്തവരോടുള്ള കോൺഗ്രസ് പാർട്ടിയുടെ നയങ്ങളെ രണദിവെ നിശിതമായി വിമർശിച്ചു. 1942-ൽ പട്ടികജാതി ഫെഡറേഷന്റെ നാഗ്പൂർ സെഷൻ മുന്നോട്ടവെച്ച അവകാശ പത്രികയെ അദ്ദേഹം പിന്തുണയ്ക്കുകയും “തൊട്ടുകൂടാത്ത ജനങ്ങളുടെ പ്രശ്നങ്ങൾക്ക് യഥാർത്ഥ പരിഹാരത്തിനായി… സമ്പൂർണ സ്വാതന്ത്ര്യം, ദ്രുതഗതിയിലുള്ള വ്യവസായവൽക്കരണം, ഭൂപ്രഭുത്വത്തിന്റെ നശീകരണം” മുതലായ ആവശ്യങ്ങളും മുദ്രാവാക്യങ്ങളായി ചേർക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഈ തിരിച്ചറിവുണ്ടായിട്ടും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ലക്ഷ്യം വയ്ക്കുന്നതിൽ പരാജയപ്പെട്ടതിന് അംബേദ്കറിനെയും അദ്ദേഹത്തിന്റെ സംഘടനയെയും രണദിവെ രൂക്ഷമായി വിമർശിച്ചു.

“ഹിന്ദു-ഇന്ത്യ വർഷങ്ങളായി അവരെ അടിച്ചമർത്തുകയാണ്, ഈ അടിച്ചമർത്തൽ അവസാനിപ്പിക്കുകയും വേണം” എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം, “അസ്പർശ്യർ അവരുടെ ആവശ്യങ്ങൾ സ്വാതന്ത്ര്യ സമരത്തിന്റെ അവിഭാജ്യ ഘടകമാക്കുകയും അധികാരം നേടിയെടുക്കാൻ മറ്റ് പാർട്ടികളുമായി ചേരുകയും ചെയ്യുന്നില്ലെങ്കിൽ ഇത് സാധ്യമാവില്ല” എന്നും നിരീക്ഷിച്ചു. “രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വ്യാവസായികവൽക്കരണം, ഭൂപ്രഭുത്വത്തിന്റെ നശീകരണം, ഉൽപ്പാദനരീതിയിലെ സമഗ്രമായ മാറ്റം… എന്നിവ മാത്രമേ അസ്പർശ്യ ജനതക്ക് സ്വച്ഛന്ദം ഉപജീവനമാർഗ്ഗം കണ്ടെത്താനും അതുവഴി തൊട്ടുകൂടായ്മ നിർമ്മാർജ്ജനത്തിലേക്ക് നയിക്കാനുമുള്ള അവസരം നൽകൂ” എന്ന രണദിവെയുടെ നിരീക്ഷണം ശരിയാണെന്ന് കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളുടെ അനുഭവം വ്യക്തമായി തെളിയിക്കുന്നു.

അംബേദ്കർ കമ്യൂണിസ്റ്റുകാർക്കെതിരെ തന്റെ പ്രസ്താവനകൾ കർക്കശമാക്കിയപ്പോഴും, മാർക്സിസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹം അങ്ങനെയായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ യജമാനനായി താൻ ആരാധിച്ച ബുദ്ധനെയും മാർക്‌സിനെയും അവരവരുടെ ലക്ഷ്യങ്ങളെക്കുറിച്ചു പറയുവാനാണെങ്കിലും ഒരേ തലത്തിൽ പ്രതിഷ്ഠിക്കുന്നത് ഒരു വിമർശകന്റെ ഏറ്റവും വലിയ പരിപൂർണ്ണതയാണ്. വാസ്തവത്തിൽ, അംബേദ്കർ ഒരിക്കലും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രത്തെ ചോദ്യം ചെയ്തിട്ടില്ല. അതിന്റെ തത്വങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ഗൗരവമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതിനെ പ്രശംസിച്ചു. അംബേദ്കറും ആദ്യകാല കമ്മ്യൂണിസ്റ്റുകാരും സ്വീകരിച്ച സമര തന്ത്രങ്ങളിൽ ഒരു സംവാദത്തിന് നേരിയ ഇടം നൽകിയിട്ടുണ്ടെന്ന് നിരീക്ഷിക്കാമെങ്കിലും, അത്തരമൊരു ഇടം സൃഷ്ടിക്കാൻ കമ്മ്യൂണിസ്റ്റുകൾ യഥാർത്ഥത്തിൽ ശ്രമിച്ചുവെന്നതിന് തെളിവുകളൊന്നുമില്ല.

സമ്പൂർണ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള അംബേദ്കറുടെ വൈമനസ്യത്തെ നിരന്തരമായി വിമർശിക്കുന്നത് സിപിഐ തുടർന്നു. സാമ്രാജ്യത്വ ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടണമെന്ന് ദേശീയവാദികൾ ശഠിക്കുകയാണെങ്കിൽ, ബ്രാഹ്മണ്യത്തിന്റെ ചങ്ങലകളിൽ നിന്ന് സ്വാതന്ത്ര്യത്തിനായുള്ള ദലിതുകളുടെ പോരാട്ടത്തെ വിലമതിക്കണമെന്ന അദ്ദേഹത്തിന്റെ വാദം അവർ ഒരിക്കലും പരിഗണിച്ചില്ല. 1946 മാർച്ച് 31 ന് ബോംബെയിലെ പിഡബ്ല്യുഡിയുടെ മിക്സഡ് വർക്കിംഗ് ക്ലാസ് ഏരിയയിലെ ഒരു കുടിൽ സന്ദർശിക്കാൻ വന്ന ഗാന്ധിജിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചതിന് എസ്‌സി‌എഫ് പ്രവർത്തകർക്ക് നേരെയുണ്ടായ ദയാരഹിതമായ ആക്രമണങ്ങളെ അപലപിച്ചപ്പോഴും, “ഇതുമൂലം അംബേദ്കറെപ്പോലുള്ള പരിഷ്‌കരണവാദികളും വിഘടനവാദികളുമായ നേതാക്കൾക്ക്, അസ്പർശ്യ ജനവിഭാഗങ്ങളെ പൊതു ജനാധിപത്യ പ്രസ്ഥാനത്തിൽ നിന്ന് അകറ്റി നിർത്താനും, സാമ്രാജ്യത്വത്തെ ആശ്രയിച്ചാൽ അസ്പർശ്യരുടെ അവസ്ഥ മെച്ചപ്പെടുത്താമെന്ന മിഥ്യാധാരണ വളർത്താനും കാരണമായി” എന്ന് പറഞ്ഞുകൊണ്ട് അംബേദ്കറെ ആക്രമിക്കാൻ സിപിഐ മറന്നതേയില്ല.

1951-ൽ അംബേദ്കർ കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനം രാജിവച്ചതാണ് ഈ സമയത്ത് പാർട്ടി ഉടനടി പ്രതികരിച്ച ഒരു ശ്രദ്ധേയമായ സംഭവം. “പട്ടിക ജാതിയിലുള്ളവരുടെ മനസ്സിൽ ഒരു സാമൂഹ്യ പരിഷ്കർത്താവിന്റെ സ്ഥാനം നേടാൻ വേണ്ടിയാണ്” ഇത്തരമൊരു ‘നാടകീയമായ’ രാജി എന്നാണ് സിപിഐ യുടെ പൊളിറ്റിക്കൽ കറസ്പോണ്ടന്റ് ഇതിനെ പരിഹസിച്ചത്. ഹിന്ദു കോഡ് ബില്ല് ഉപേക്ഷിച്ചതിന് അംബേദ്കർ സർക്കാരിനെ കുറ്റപ്പെടുത്തി പറഞ്ഞത് , ”ഇത് പട്ടിക ജാതിക്കാരോടുള്ള വഞ്ചന” യാണെന്നാണ്. ജനങ്ങളെ, മറ്റാരെക്കാളും, ഏറ്റവും പിന്നോക്കവും അധഃസ്ഥിതവുമായ വിഭാഗങ്ങൾ ഉൾപ്പെടുന്ന പട്ടികജാതിക്കാരെ വലിയ കഷ്ടപ്പാടുകളിലേക്ക് നയിച്ച കോൺഗ്രസിന്റെ കഴിഞ്ഞ നാല് വർഷത്തെ വൃത്തികെട്ട രാഷ്ട്രീയ മുഖം ലേഖകൻ ഉയർത്തിക്കാട്ടികൊണ്ട് പറയുന്നത്,ഇക്കാലത്തെല്ലാം കോൺഗ്രസിന്റെ ദുർഭരണം സഹിച്ചശേഷം എസ്‌സി അനുകൂല പ്രതിച്ഛായ വീണ്ടെടുക്കാനുള്ള അംബേദ്കറുടെ ശ്രമമായി ഇതിനെ സംശയിക്കാം എന്നാണ്. “കോൺഗ്രസിനെതിരെയുള്ള അവരുടെ ന്യായമായ ആവലാതികൾ മുതലെടുത്ത് ഫെഡറേഷന്റെ നേതാക്കൾ, വർഗീയവാദികളായ മുസ്ലീം ലീഗ് നേതാക്കൾക്കൊപ്പം, പട്ടികജാതിക്കാരെ ദേശീയ പ്രസ്ഥാനത്തിൽ നിന്ന് അകറ്റിനിർത്തി, അവർക്കിടയിൽ വിഘടനവാദ പ്രവണത വളർത്തിയെടുക്കുകയും അവരുടെ സമൂലപരിഷ്‌ക്കരണം തടയുകയും ചെയ്യുക വഴി വിഭജിച്ച് ഭരിക്കുക എന്ന പൈശാചിക കളി കളിക്കുന്നതിൽ മിടുക്കരായ, ബ്രിട്ടീഷ് സാമ്രാജ്യത്വവാദികളെ സഹായിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ വിമോചനത്തിനോ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കോ കാരണമാകുന്ന ഒന്നും അവർ മുന്നോട്ട് വച്ചില്ല” എന്നും നിശിതമായ വിമർശനത്തിൽ ലേഖകൻ വായനക്കാരെ ഓർമ്മിപ്പിച്ചു. വിമർശനത്തിന്റെ മുഖ്യമുഖം ഉൾക്കൊള്ളുന്ന -പട്ടികജാതിക്കാരെ ഇടതുപക്ഷത്തിൽ നിന്ന് വേർപെടുത്താനുള്ള അംബേദ്കറുടെ നീക്കം- എന്ന ഈ ലേഖനത്തിന്റെ അടിക്കുറുപ്പിൽ പട്ടികജാതിക്കാരെ ബോധവൽക്കരിക്കാൻ രാഷ്ട്രീയ ലേഖകൻ കഠിനമായി പരിശ്രമിക്കുന്നു.

“കമ്മ്യൂണിസ്റ്റുകൾ അവർക്കുവേണ്ടി പോരാടി”, എന്നാൽ എസ്‌സിഎഫ് “കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുമായി ഒരു തിരഞ്ഞെടുപ്പ് സഖ്യത്തിലും ഏർപ്പെടേണ്ടതില്ലെന്ന് തീരുമാനിച്ചു”. “പട്ടികജാതിക്കാരുടെ ആവശ്യങ്ങൾക്കായി തുടർച്ചയായി പോരാടിയിട്ടുള്ള സി.പി.ഐ.ക്ക്, അവർക്കായി ഒരു പരിപാടിയുണ്ട്, രാജ്യത്തിന്റെ സാമ്പത്തിക പുനർനിർമ്മാണത്തിനുള്ള പരിപാടിയുണ്ട്, അതിന് മാത്രമേ എല്ലാ പിന്നാക്ക വിഭാഗങ്ങളുടെയും പുരോഗതി ഉറപ്പാക്കാൻ കഴിയൂ” എന്ന് അദ്ദേഹം അവകാശപ്പെട്ടു.

ദളിതരുടെ സമരങ്ങളോട് അനുഭാവം പ്രകടിപ്പിച്ചപ്പോഴും അംബേദ്കറുടെ നേതൃത്വത്തെ ആക്രമിക്കാനുള്ള ഒരവസരവും സിപിഐ പാഴാക്കിയില്ല. ദലിതുകളെ ന്യൂനപക്ഷ സമുദായമായി അംഗീകരിക്കാൻ കാബിനറ്റ് മിഷൻ വിസമ്മതിച്ചതിനെതിരെ പൂനെയിലെയും ലഖ്‌നൗവിലെയും എസ്‌സിഎഫ് യൂണിറ്റുകൾ പ്രതിഷേധിച്ചപ്പോൾ, 1946 ജൂലൈ 15 ന് പോലീസ് അവരെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു. പീഡനത്തെയും അറസ്റ്റിനെയും അപലപിച്ചുകൊണ്ട്, പീപ്പിൾസ് ഏജ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലും ‘ബ്രിട്ടീഷുകാരെ ആശ്രയിക്കുന്നത്’ വഴി തൊട്ടുകൂടാത്തവർക്ക് വലിയ ദോഷം വരുത്തിയതിന് കാരണമായി അംബേദ്കറിനെതിരെ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടു. ദശലക്ഷക്കണക്കിന് അസ്പൃശ്യരുടെ വിമോചനത്തിലേക്കുള്ള വഴി, “ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരെ, നിലവിലുള്ള പദ്ധതിക്കും ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിക്കുമെതിരായ തൊഴിലാളികളുടെയും കർഷകരുടെയും പൊതുവായ പോരാട്ടത്തിലൂടെ മാത്രമേ കൈവരിക്കാനാകൂ” എന്ന് അത് ഉറപ്പിച്ചു പറഞ്ഞു.

(ലെഫ്റ്റ് വേർഡ്‌ ബുക്ക്സ് പ്രസിദ്ധീകരിച്ച ‘ഇന്ത്യയും കമ്മ്യൂണിസവും’ എന്ന പുസ്തകത്തിന് ആനന്ദ് തെൽതുംബ്ദെ എഴുതിയ ആമുഖത്തിൽ നിന്നുമുള്ള ഭാഗങ്ങളെ സംഗ്രഹിച്ചു ‘ദി കാരവൻ’ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം)


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal