ചെല്ലാനം-കൊച്ചി തീരവാസികളെ മരണത്തിലേയ്ക്ക് വലിച്ചെറിഞ്ഞ് കൊച്ചിന്‍ കോര്‍പ്പറേഷന്‍

കപ്പല്‍ ചാല്‍ ഡ്രഡ്ജ്‌ ചെയ്ത് പോര്‍ട്ട്‌ പുറംകടലില്‍ കൊണ്ടുപോയി തള്ളുന്ന മണ്ണ്‌ ചെല്ലാനം-കൊച്ചി തീരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷനു ബാധ്യതയുണ്ട്‌.


ചെല്ലാനം കൊച്ചി തീരം നേരിടുന്ന കടല്‍കയറ്റത്തിനും തീരശോഷണത്തിനും ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്‌ ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ജനകീയസമരം രണ്ടാം ഘട്ടത്തിലേക്ക്‌ കടന്നു.അതിന്റെ ഭാഗമായി കൊച്ചിൻ കോർപറേഷന് മുന്നിലേക്ക് സംഘടന മാർച്ച് സംഘടിപ്പിച്ചു .ചെല്ലാനം-കൊച്ചി തീരത്തെ കൈതവേലി മുതല്‍ വടക്കോട്ടുള്ള പ്രദേശങ്ങള്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന പ്രാദേശങ്ങള്‍ ആണ്‌. അതീവഗുരുതരമായ കടല്‍കയറ്റ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ആണ്‌ ഇവ. എന്നാല്‍, ഈ പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനമായ കൊച്ചിന്‍ കോര്‍പ്പറേഷന്‍ കടല്‍കയറ്റ പ്രശ്നത്തില്‍ പരിഹാരത്തിനായി നാളിതുവരെ ഗൗരവമുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സംരക്ഷണം നല്‍കാനും ആരോഗ്യകരമായ ജീവിതസാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും കൊച്ചിന്‍ കോര്‍പ്പറേഷനും ബാധ്യതയുണ്ട്‌. ഈ പ്രദേശം നേരിടുന്ന കടല്‍കയറ്റത്തിനും തീരശോഷ ണത്തിനും പ്രധാന കാരണം കൊച്ചിന്‍ പോര്‍ട്ട്‌ നടത്തുന്ന എക്കല്‍ നീക്കം ചെയ്യലാണ്‌ എന്ന വസ്തൂത ഇന്ന്‌ കൂടുതല്‍ കൂടുതല്‍ വൃക്തമായിക്കൊണ്ടിരിക്കുകയാണ്‌.

കപ്പല്‍ ചാല്‍ ഡ്രഡ്ജ്‌ ചെയ്ത് പോര്‍ട്ട്‌ പുറംകടലില്‍ കൊണ്ടുപോയി തള്ളുന്ന മണ്ണ്‌ ചെല്ലാനം-കൊച്ചി തീരത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കൊച്ചിന്‍ കോര്‍പ്പറേഷനു ബാധ്യതയുണ്ട്‌. എന്നാല്‍ തങ്ങളുടെ അധികാര പരിധിയിലെ കിലോമീറ്ററുകള്‍ ദൈര്‍ഘ്യമുള്ള പ്രദേശങ്ങള്‍ കടലെടുത്തു പോയിക്കൊണ്ടിരിക്കുന്ന കാര്യം ഇപ്പോഴും കൊച്ചിന്‍ കോര്‍പ്പറേഷന്‍ അറിഞ്ഞ മട്ടില്ല. ഈ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി കൊച്ചിന്‍ കോര്‍പ്പറേഷന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട കൊണ്ട്‌ കൊച്ചിന്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്താന്‍ ചെല്ലാനം- കൊച്ചി ജനകീയവേദി തീരുമാനിച്ചത്. ഡിസംബര്‍ 14 നു രാവിലെ 1 മണിക്ക്‌ എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്‌ കോര്‍പ്പറേഷന്‍ ഓഫീസിലേയ്ക്ക് മാർച്ച് നടന്നത്.

രണ്ടുവര്‍ഷം നീണ്ട റിലേ നിരാഹാര സമരത്തിന്റെ കൂടി ഫലമായി കേരള സര്‍ക്കാര്‍ ഭാഗികമായ ചില തീര സംരക്ഷണ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. അവ നടപ്പാക്കാനുള്ള ചില ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ ചെല്ലാനം-കൊച്ചി തീരം നേരിടുന്ന കടല്‍കയറ്റ ഭീഷണിയുടെ ഗൗരവം വച്ച്‌ പരിശോധിക്കുമ്പോള്‍ നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി തീര്‍ത്തും അപര്യാപ്തമാണ്‌. ആകെ 17.5 കി.മി നീളത്തില്‍ കിടക്കുന്ന ചെല്ലാനം മുതല്‍ ബീച്ച്‌ റോഡ്‌ വരെയുള്ള പ്രദേശങ്ങള്‍ രൂക്ഷമായ കടല്‍കയറ്റ ഭീഷണി നേരിടുന്നുണ്ട്‌.

എന്നാല്‍ ചെല്ലാനം ഹാര്‍ബറിന്റെ തെക്കുവശം മുതല്‍ വടക്കോട്ടുള്ള 10 കി.മി പ്രദേശത്തു മാത്രമാണ്‌ കടല്‍ഭിത്തി നിര്‍മ്മാണം പ്രഖ്യാപിച്ചിരിക്കുന്നത്‌. ബസാര്‍ കണ്ണമാലി പ്രദേശങ്ങളില്‍ ആയി നിര്‍മ്മിക്കുന്ന രണ്ടു പുലിമുട്ട്‌ പാടങ്ങള്‍ ആണ്‌ മറ്റൊരു പ്രഖ്യാപനം. ഇത്‌ കൂടി കണക്കിലെടുത്താല്‍ 12 കി.മി പ്രദേശത്തേക്കുള്ള തീരസംരക്ഷണ പദ്ധതിയാണ്‌ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നാണ്‌ സര്‍ക്കാര്‍ പറയുന്നത്‌. അതായത്‌ രൂക്ഷമായ കടല്‍കയറ്റ ഭീഷണി നേരിടുന്ന 5.5 കി.മി പ്രദേശത്തേക്ക്‌ യാതൊരു സംരക്ഷണ പദ്ധതിയും നിലവിലില്ല. ചെറിയക്കടവ്‌, സിഎംഎസ്‌, കാട്ടിപ്പറമ്പ്‌, കൈതവേലി, മാനാശ്ശേരി, സൌദി, ബീച്ച്‌ റോഡ്‌ തുടങ്ങിയ പ്രദേശങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച തീരസംരക്ഷണ പദ്ധതിക്ക്‌ പുറത്താണ്‌. ഇവിടെ അടുത്തഘട്ടത്തില്‍ തീരസംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന്‌ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത്‌ എപ്പോള്‍ നടപ്പിലാക്കുമെന്ന്‌ പ റയാന്‍ സര്‍ക്കാരിന്‌ കഴിയുന്നുമില്ല. സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്‌ വരെ ഈ പ്രദേശങ്ങളും ഇവിടത്തെ ജനങ്ങളും നിലനില്‍ക്കുമോ എന്ന അതീവ ഗൗരവതരമായ ചോദ്യമാണ്‌ ഈ തീരവും ജനങ്ങളും ഉയര്‍ത്തുന്നത്‌.

പദ്ധതിയില്‍ നിന്നും മാറ്റി നിറുത്തപ്പെട്ട പ്രദേശങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ ഇനി പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളടെ അവസ്ഥയെന്താണെന്ന് പരിശോധിക്കാം. പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്‌ മുതല്‍ വലിയ പ്രതീക്ഷയിലാണ്‌ ചെല്ലാനത്തെ ജനങ്ങള്‍. പക്ഷെ, ആ പ്രതീക്ഷയോട്‌ നീതി പുലര്‍ത്തുന്ന ഒരു സമീപനമല്ല പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്‌. നവംബറില്‍ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ച കടല്‍ഭിത്തി-പൂലിമുട്ട്‌ നിര്‍മ്മാണം ഡിസംബര്‍ മാസമായിട്ടും ആരംഭിച്ചിട്ടില്ല. 10 കി.മി കടല്‍ഭിത്തിയാണ്‌ പ്രഖ്യാപിച്ചതെങ്കിലും പദ്ധതി നടത്തിപ്പിനായി ടെന്‍ഡര്‍ വിളിച്ചപ്പോള്‍ 7 കി.മി പ്രദേശത്തെ കടല്‍ ഭിത്തി നിര്‍മ്മാണത്തിന്‌ മാത്രമേ ടെന്‍ഡര്‍ വിളിച്ചിട്ടുള്ളു. ബാക്കിയുള്ള 3 കി.മി എന്ത്‌ കൊണ്ട്‌ ഒഴിവാക്കി, ബസാറിലും കണ്ണമാലിയിലും പ്രഖ്യാപിച്ച പുലിമുട്ട്‌ പാടം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തത്‌ എന്തുകൊണ്ടാണ്‌ തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ ഇപ്പോഴും ഉത്തരമില്ല. ഫലത്തില്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ പ്രതീക്ഷ ഇപ്പോള്‍ വീണ്ടും ആശങ്കയായി മാറിയിരിക്കുകയാണ്‌. പാഴായ പ്രഖ്യാപനങ്ങള്‍ പലതും കണ്ട ചെല്ലാനം-കൊച്ചി തീരത്തെ ജനതയെ സംബന്ധിച്ചിടത്തോളം ഈ ആശങ്ക അടിസ്ഥാനരഹിതമായ ഒന്നല്ല.

ഈ സാഹചര്യത്തില്‍ തീരജനതയുടെ അതിജീവന പോരാട്ടത്തെ മുന്നോട്ട കൊണ്ട്‌ പോവുകയല്ലാതെ മറ്റു വഴികള്‍ ഇല്ല എന്ന തിരിച്ചറിവില്‍ നിന്നാണ്‌ ചെല്ലാനം-കൊച്ചി ജനകീയവേദി മാനാശ്ശേരിയില്‍ സ്ഥിരം സായാഹ്ന ധര്‍ണ്ണ ആരംഭിച്ചു കൊണ്ട്‌ രണ്ടാംഘട്ട സമരത്തിന്‌ തുടക്കം കുറിച്ചത്‌. തുടര്‍ന്ന്‌ സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ച ടെട്രാപോഡ്‌ കടല്‍ഭിത്തി നിര്‍മ്മാണവും ബസാറും കണ്ണമാലിയിലും ഉള്ള പുലിമുട്ട്‌ പാട നിര്‍മ്മാണവും സമയബന്ധിതമായി പൂര്‍ത്തിയാക്കണം എന്നും നിലവില്‍ പ്രഖ്യാപിച്ച തീരസംരക്ഷണ പദ്ധതി ബീച്ച്‌ റോഡ്‌ വരെ നീട്ടണമെന്നും, ചെല്ലാനം- കൊച്ചി തീരത്തിന്റെ ശോഷണത്തിനു കാരണമായ കൊച്ചിന്‍ പോര്‍ട്ടിന്റെ ഡ്രെഡ്ജിങ്‌ വഴി നീ ക്കം ചെയ്യന്ന എക്കല്‍ ഉപയോഗിച്ച്‌ ചെല്ലാനം കൊച്ചി തീരം പുനര്‍നിര്‍മ്മിക്കണമെന്നും, പദ്ധതി നടപ്പിലാക്കുന്ന കാലയളവില്‍ ഉണ്ടാകുന്ന കടല്‍കയറ്റ ഭീഷണി നേരിടാനായി ചെല്ലാനം-കൊച്ചി തീരത്തുടനീളം ജിയോട്യബ്‌ കൊണ്ടുള്ള താല്‍ക്കാലിക കടല്‍ഭിത്തികള്‍ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഇറിഗേഷന്‍ വകുപ്പ്‌ മന്ത്രി റോഷി അഗസ്റ്റിനു നേരിട്ട നിവേദനം ചെല്ലാനം കൊച്ചി ജനകീയവേദി നല്‍കുകയുണ്ടായി. അടുത്ത നടപടിയായി മന്ത്രിക്കു നിവേദനം നല്‍കിയതിനോടൊപ്പം എല്ലാ അധികാരകേന്ദ്രങ്ങള്‍ക്കും പ്രശ്നപരിഹാരം ആവശ്യപ്പെട്ടു കൊണ്ട്‌ നിവേദനങ്ങള്‍ നല്‍കാന്‍ ജനകീയവേദി തീരുമാനിച്ചിരിക്കുകയാണ്‌.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal