കടൽക്കയറ്റത്തിന്റെ ദുരന്തമുഖത്ത് മാനാശ്ശേരിയിലെ ജനങ്ങൾ

ചെല്ലാനം-കൊച്ചി തീരത്തെ അതിരൂക്ഷമായ കടൽക്കയറ്റ പ്രശ്‌നത്തിന്റെ പ്രധാന കാരണങ്ങളില്ലൊന്ന് കൊച്ചിന്‍ പോർട്ടിലെ എക്കല്‍ നീക്കം ചെയ്യലാണെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരസംരക്ഷണ പദ്ധതിക്ക് വേണ്ടി പഠനം നടത്തിയ എന്‍.സി.സി.ആറിന്റെ റിപ്പോർട്ടിൽ പറയുന്നത്.


മാനാശ്ശേരിയിലെ മഹാഭൂരിപക്ഷം ജനങ്ങളും കടലില്‍ മത്സ്യബന്ധനത്തിനു പോയോ അല്ലെങ്കില്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട അനുബന്ധ ജോലികളില്‍ ഏർപ്പെട്ടോ ഉപജീവനം കഴിക്കുന്നവരാണ്. അതി രൂക്ഷമായ കടൽ ക്ഷോഭം നേരിടുന്ന ചെല്ലാനം-കൊച്ചി തീരത്തെ ഒരു പ്രദേശം കൂടിയാണ് മാനാശ്ശേരി. ഈ പ്രദേശം നേരിടുന്ന കടല്‍ കയറ്റ ഭീഷണി മൂലം ഒരു ദുരന്തമുഖത്താണ് മാനാശ്ശേരിയിലെ ജനങ്ങള്‍ ഇപ്പോൾ ജീവിക്കുന്നത്.

മാനാശ്ശേരിയിലെ കടല്‍ കയറ്റ ഭീഷണിക്ക് ദീർഘകാല ചരിത്രമുണ്ട്. മാനാശ്ശേരിയിലെ ദേവാലയം കടൽക്കയറ്റത്തെ തുടർന്ന് രണ്ടു തവണ കിഴക്കോട്ടു മാറ്റി പണിയേണ്ടി വന്നതായി ചരിത്ര രേഖകളിൽ പറയുന്നു.ഞങ്ങളുടെ പൂർവികർ താമസിച്ചിരുന്ന പ്രദേശങ്ങള്‍ ഇന്ന് കടലിനടിയില്‍ ആയി കഴിഞ്ഞിരിക്കുന്നു എന്നാണ് ജനങ്ങൾ പറയുന്നത്.ചെല്ലാനം മുതൽ ഫോർട്ട് കൊച്ചി വരെ കടലാക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയ വേദി 2019 ഒക്ടോബർ 28 – ന് ആരംഭിച്ച സമരം ഇന്ന് 774 ദിവസം പിന്നിടുന്നു.

1970 കളുടെ അവസാനം കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിക്കപ്പെട്ടതിനു ശേഷമാണ് ചെല്ലാനം കൊച്ചി തീരത്തെ കടല്‍ കയറ്റ പ്രശ്നത്തിന് താൽക്കാലികമായ ഒരു ശമനം ഉണ്ടായത്. എന്നാല്‍ കടൽഭിത്തികളും പുലിമുട്ടുകളും അറ്റകുറ്റ പണികള്‍ നടത്തി ബലപ്പെടുത്തുന്നതിനു കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരള സർക്കാർ കാണിച്ച അനാസ്ഥയും കൊച്ചിന്‍ പോർട്ട് നടത്തുന്ന ട്രെഡ്ജിങ്ങും ചെല്ലാനം-കൊച്ചി തീരത്തെ തീരക്കടലിന്റെ ആഴം ക്രമാതീതമായി കൂടുകയും അതുമൂലം ഉണ്ടാകുന്ന ശക്തമായ തിരകള്‍ കടൽഭിത്തിയെയും പുലിമുട്ടുകളെയും ദുർബലപ്പെടുത്തുകയും തകർക്കുകയും ചെയ്തു. ഓരോ വർഷവും കടൽക്കയറ്റം ശക്തമായി കൊണ്ടിരിക്കുകയാണെന്നാണ് ചെല്ലാനം കൊച്ചി ജനകീയവേദിയിലെ പ്രവർത്തകർ പറയുന്നത്.

ഈ സാഹചര്യത്തില്‍ ചെല്ലാനം-കൊച്ചി തീരത്തെ കടൽക്കയറ്റം നേരിടാന്‍ 344.2 കോടി രൂപയുടെ തീര സംരക്ഷണ പദ്ധതി നടപ്പാക്കുന്നു എന്ന കേരള സർക്കാർ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് മാനാശ്ശേരിയിലെ ജനങ്ങൾ നോക്കിക്കണ്ടത്. എന്നാല്‍ നിര്ദ്ദിഷ്ട പദ്ധതിയുടെ വിശദാംശങ്ങള്‍ അറിഞ്ഞപ്പോള്‍ മുതല്‍ അവരുടെ ആശങ്കയും അപകട ഭീതിയും പതിന്മടങ്ങ് വര്‍ദ്ധിച്ചിരിക്കുകയാണ്. ചെല്ലാനം ഹാർബറിന് തെക്കുവശം മുതല്‍ ചെറിയകടവ്, കമ്പനി പടി വരെയുള്ള പ്രദേശത്ത് ടെട്രാപോഡ് കൊണ്ടുള്ള കടല്‍ ഭിത്തിയുടെ നിർമ്മാണവും ബസാര്‍-വേളാങ്കണ്ണി പ്രദേശത്തും, പുത്തൻത്തോട്-കണ്ണമാലി പ്രദേശത്തുമായി 2 കി.മി ദൈർഘ്യത്തില്‍ 15 പുലിമുട്ടുകളുടെ നിർമ്മാണവുമാണ് സർക്കാർ 344 .2 കോടിയുടെ നിര്ദിഷ്ട്ട പദ്ധതിയില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. അതി രൂക്ഷമായ കടൽ കയറ്റ ഭീഷണി നേരിടുന്ന ചെറിയകടവ്,സിഎംഎസ്, കാട്ടിപ്പറമ്പ്,കൈതവേലി തുടങ്ങിയ ചെല്ലാനം പഞ്ചായത്തിലെ പ്രദേശങ്ങളും മാനാശ്ശേരി,സൗദി തുടങ്ങിയ കൊച്ചിന്‍ കൊർപ്പറേഷനിലെ പ്രദേശങ്ങളും സർക്കാരിന്റെ നിർദിഷ്ട്ട തീര സംരക്ഷണ പദ്ധതിയില്‍ ഇല്ല. അത് കൂടാതെ നിരന്തരം ആഴം കൂടി വരുന്ന ചെല്ലാനം-കൊച്ചി തീരത്തെ തീരക്കടലിന്റെ ആഴം കുറക്കാനുള്ള യാതൊരു നടപടിയും പദ്ധതിൽ ഇല്ലാത്തത് ചെല്ലാനം-കൊച്ചി തീരനിവാസികളുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

ചെല്ലാനം-കൊച്ചി തീരത്തെ അതിരൂക്ഷമായ കടൽക്കയറ്റ പ്രശ്‌നത്തിന്റെ പ്രധാന കാരണങ്ങളില്ലൊന്ന് കൊച്ചിന്‍ പോർട്ടിലെ എക്കല്‍ നീക്കം ചെയ്യലാണെന്നാണ് സംസ്ഥാന സർക്കാരിന്റെ തീരസംരക്ഷണ പദ്ധതിക്ക് വേണ്ടി പഠനം നടത്തിയ എന്‍.സി.സി.ആറിന്റെ റിപ്പോർട്ടിൽ പറയുന്നത്. കൊച്ചിന്‍ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി തീരത്തെ സമ്പുഷ്ടീകരണം നടത്തുന്നത് സംബന്ധിച്ച നിർദ്ദേശവും എന്‍.സി.സി.ആര്‍ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നു. തീരക്കടലിന്റെ ആഴംകുറക്കുന്നതിനും തീരം പുന: നിർമ്മിക്കുന്നതിനും നടപടി ഉണ്ടാകാത്ത പക്ഷം ചെല്ലാനം-കൊച്ചി തീരത്തെ കലക്കയറ്റ ഭീഷണി എന്നും നിലനിക്കും.

കേരള സർക്കാർ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 344.2 കോടി രൂപയുടെ തീരാ സംരക്ഷണ പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂർത്തികരിക്കണമെന്നും, തീരാ സംരക്ഷണ പദ്ധതിയില്‍ പ്രഖ്യാപിച്ച ടെട്രാപോഡ് കടൽഭിത്തി നിർമ്മാണം ചെറിയകടവ്,ചെറിയകടവ്,സിഎംഎസ്, കാട്ടിപ്പറമ്പ്,കൈതവേലി,മാനാശ്ശേരി,സൗദി, ബീച്ച് റോഡ്‌ വരെയുള്ള പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ജനകീയവേദി ആവശ്യപ്പെടുന്നു.

കൊച്ചിന്‍ പോർട്ടിൽ നിന്നും എക്കല്‍ ലഭ്യമാക്കി ചെല്ലാനം-കൊച്ചി തീരത്തെ തീരക്കടലിന്റെ ആഴം കുറയ്ക്കുന്നതിനും, തീരം പുന:നിര്മ്മി ക്കുന്നതിനും വേണ്ട നടപടി യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുക, തീരാ സംരക്ഷണ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള കാലാവധിക്കിടയില്‍ ഉണ്ടാകുന്ന കടൽക്കയറ്റം പ്രതിരോധിക്കുന്നതിനായി മുൻപ് പ്രഖ്യാപിച്ചിരുന്നതും നടപ്പിലാക്കാന്‍ കഴിയാതിരുന്നതുമായ ജിയോട്യൂബ് കടൽഭിത്തി നിർമ്മാണത്തിനായി എത്തിച്ച ജിയോ ട്യൂബുകള്‍ ഉപയോഗിച്ചു കൊണ്ട് ചെല്ലാനം-കൊച്ചി തീരത്തുടനീളം താൽക്കാലിക പുലിമുട്ടുകള്‍ സ്ഥാപിക്കുക,
എന്നീ ജനകീയ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കിയാൽ മാത്രമേ ദുരന്തമുഖത്തു ജീവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകുകയുള്ളു .

മാനാശ്ശേരിയിലെ ജനങ്ങൾ ചെല്ലാനം-കൊച്ചി തീരത്തെ കടൽക്കയറ്റ പ്രശ്നം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിസംബർ 1 ന് കേരള സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് ചെല്ലാനം-കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ ഭീമ ഹര്ജി നൽകിയിരുന്നു.

ചെല്ലാനം കൊച്ചി ജനകീയവേദിയുടെ മാനാശ്ശേരി നോർത്ത് യൂണിറ്റിലെ മർക്കോസ് സ്റ്റാൻലി, പ്രിൻസ് അത്തിപ്പൊഴി, സെവ്യർ ഇളയേടത്ത്, സുജാഭാരതി, വി റ്റി സെബാസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഇറിഗേഷൻ മന്ത്രി റോഷി അഗസ്റ്റിന് ഹർജി നൽകിയത്.