മലയാള സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്കെതിരെ സദാചാര കമ്മിറ്റി

“പരാതി ലഭിച്ചിട്ടുണ്ട്…രജിസ്ട്രാർ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. നാട്ടുകാരുടെ കയ്യിൽ നിന്നും ഒരു പരാതി ലഭിച്ചിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.”


നേഹ

തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്കെതിരെ തുടർച്ചയായ് സദാചാര ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നാട്ടുകാർ പെൺകുട്ടികളുടെ വസ്ത്രധാരണത്തിനെതിരെ യൂണിവേഴ്‌സിറ്റിയിൽ പരാതി നൽകി. 56 ഓളം പേരാണ് പരാതിയിൽ പേരും ഒപ്പും രേഖപ്പെടുത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർക്കാണ് നാട്ടുകാരുടെ പ്രതിനിധികൾ പരാതി നൽകിയിരിക്കുന്നത്.

വിദ്യാർഥിനികൾക്ക് എതിരെയുള്ള പരാതിയിൽ പ്രധാനമായും ഉന്നയിക്കുന്നത് ട്രൗസറിട്ട് പുറത്തിറങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. പെൺകുട്ടികൾ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രങ്ങൾ ഇട്ട് പുറത്തിറങ്ങുകയും അത് നാട്ടുകാരുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നു എന്നുമാണ് പരാതിക്കാരായ നാട്ടുകാർ പറയുന്നത്. എന്നാൽ നാട്ടുകാരുടെ ഇത്തരം ആരോപണങ്ങളെ വിദ്യാർത്ഥിനികൾ തള്ളി കളയുന്നുണ്ട്. “ഞങ്ങളുടെ ശരീരം ഞങ്ങളുടെ സ്വതന്ത്ര്യമാണ്…ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഭരണഘടനാപരമായി സ്വാതന്ത്ര്യമുള്ള ഒരു നാട്ടിൽ ഇത്തരം പരാതികൾ ഉന്നയിക്കുന്നത് ആണത്വ ബോധത്തിൽ നിന്നും മാത്രമാണ്. സ്ത്രീകളെ മൂടി പൊതിഞ്ഞു വെക്കുന്ന മത- സദാചാര ബോധമാണ് ഈ പരാതിക്ക് പിന്നിലെന്നാണ്.”എന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്.

യൂണിവേഴ്‌സിറ്റിയുടെ വനിതാ ഹോസ്റ്റൽ പ്രവർത്തിക്കുന്നത് പ്രധാന ക്യാമ്പസിൽ നിന്നും 2 കിലോമീറ്റർ ദൂരെയുള്ള ആലിശ്ശേരിയിലെ വാടക കെട്ടിടത്തിലാണ്. കാലങ്ങളായി ഹോസ്റ്റലിലെ വിദ്യാർത്ഥിനികളോട് നാട്ടുകാർ വളരെ മോശമായാണ് ഇടപെടുന്നത്. 9 മണിവരെ ഹോസ്റ്റലിൽ കയറാൻ സാധിക്കുമെങ്കിലും വിദ്യാർത്ഥിനികൾ നാട്ടുകാരായ ചില സദാചാര വാദികളുടെ ശല്യം സഹിക്കാൻ സാധിക്കാതെ വളരെ നേരത്തെ ഹോസ്റ്റലിൽ കയറാൻ നിർബന്ധിതരാകാറുണ്ട് എന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. രാത്രി പുറത്തിറങ്ങുന്ന വിദ്യാർത്ഥിനികളോട് നാട്ടുകാരുടെ ഭാഗത്ത് നിന്നും ലൈംഗിക ചുവയുള്ള അസഭ്യവർഷം സ്ഥിരം സംഭവമാണെന്നാണ് വിദ്യാർത്ഥിനികൾ സാക്ഷ്യപ്പെടുത്തുന്നത്.പകൽ സമയത്ത് സർവ്വകലാശാലയ്ക്ക് പുറത്തേക്കിറങ്ങുന്ന വിദ്യാർത്ഥിനികളും പ്രദേശ വാസികളായ യുവ ബൈക്ക് യാത്രക്കാരുടെ ലൈംഗിക അസഭ്യ വർഷത്തിന് ഇരയാകാറുണ്ട്.

നാട്ടുകാരുടെ പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മലയാള സർവ്വകലാശാല വീ. സി അനിൽ വള്ളത്തോൾ അറോറയോട് പറഞ്ഞത് ഇത്തരത്തിൽ ഒരു പരാതി നാട്ടുകാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും പരാതിയുടെ സത്യാവസ്ഥയെ കുറിച്ചു പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചെന്നുമാണ് . അതേ സമയം സർവ്വകലാശാല രജിസ്ട്രാറോട് ഇത്തരത്തിലുള്ള പരാതി ലഭിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മലയാള സർവ്വകലാശാല വൈസ് ചാൻസലർ അറോറയോട് പറഞ്ഞത് “പരാതി ലഭിച്ചിട്ടുണ്ട്…രജിസ്ട്രാർ ആണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. നാട്ടുകാരുടെ കയ്യിൽ നിന്നും ഒരു പരാതി ലഭിച്ചിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ഥ മനസ്സിലാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ ഡിസ്കഷൻ ആവുന്നതെ ഉള്ളു. അതിന്റെ നടപടികളിലേക്ക് ഒന്നും കടന്നിട്ടില്ല. നേരത്തെ ഉള്ള ഹോസ്റ്റൽ മേട്രൻ മാറിയിട്ടുണ്ട് . ഇപ്പോൾ പുതിയ ആളാണ്, അത് കൊണ്ട് പരാതിയുടെ സത്യാവസ്ഥ അറിയേണ്ടത് ഉണ്ട് . കുട്ടികളുടെ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കമ്മിറ്റിയിൽ ഉണ്ടാവും. യൂണിവേഴ്‌സിറ്റി രജിസ്ട്രാർ,ഹോസ്റ്റൽ വാർഡൻ, കുട്ടികളുടെ ഡീൻ എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയുടെ ഫസ്റ്റ് സിറ്റിങ് ഉടൻ നടത്തും. പരാതിയിൽ പറയുന്നത് കുട്ടികളുടെ പൊതുവേ ഉള്ള പെരുമാറ്റത്തെ പറ്റിയാണ്. പബ്ലിക് ഇന്ററാക്ഷനെ കുറിച്ചാണ് പരാതി. യൂണിവേഴ്‌സിറ്റിക്ക് സ്വന്തമായി ഹോസ്റ്റൽ സൗകര്യം ഇല്ല. വാടക കെട്ടിടങ്ങൾ ആണ്. അത് കൊണ്ട് വിദ്യാർത്ഥികൾക്ക് പുറത്തുള്ള നാട്ടുകാരുമായി സ്വാഭാവികമായും ഇടപെടേണ്ടി വരും. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പെൺകുട്ടികളെ കാണുമ്പോൾ
നാട്ടുകാർക്കുണ്ടാകുന്ന വിഷമങ്ങളും പ്രയാസങ്ങളും എന്ന നിലയിൽ ഫ്രൻഡ്‌ലി രീതിയിൽ അവർ എന്നോട് വന്ന് പറഞ്ഞിരുന്നു. അപ്പൊ ഞാൻ ആണ് പറഞ്ഞത് ഇങ്ങനെ പറഞ്ഞാൽ പോര, നിങ്ങളുടെ പ്രശ്നങ്ങൾ എന്താണെന്ന് വെച്ചാൽ എനിക്ക് എഴുതി തരാൻ. അങ്ങനെ അവർ പരാതി എഴുതി തന്നിട്ടുണ്ട്. വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ മാത്രമല്ല അവർ പൊതുവെ ഉള്ള പെരുമാറ്റത്തിന്റെ കാര്യവും സൂചിപ്പിച്ചിട്ടുണ്ട്.”

എന്നാൽ ഇതിന് നേരെ വിപരീതമായ കാര്യങ്ങളാണ് സർവ്വകലാശാല രജിസ്‌ട്രാറായ ഡോ. റെജിമോൻ പറയുന്നത്. നാട്ടുകാരിൽ നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും അത് വെറും റൂമറാണെന്നുമാണ് അദ്ദേഹം പറയുന്നത്. അതേ സമയം പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്ട്രാർ സർവകലാശാല ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികളുടെ യോഗം സർവ്വകലാശാലയിൽ വിളിച്ചു കൂട്ടിയിരുന്നു. ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ചു വനിതാ ഹോസ്റ്റൽ പരിസരത്ത് കണ്ടാൽ വീഡിയോ എടുത്തു പ്രചരിപ്പിക്കുമെന്ന് നാട്ടുകാർ പറഞ്ഞതായും ഹോസ്റ്റൽ വാർഡൻ ഇതേ യോഗത്തിൽ വിദ്യാർത്ഥിനികളോട് പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ സർവ്വകലാശാല രജിസ്‌ട്രാർ ആ യോഗത്തിൽ നടത്തിയ “ഇല വന്ന് മുള്ളിൽ വീണാലും.. മുള്ള് വന്ന് ഇലയിൽ വീണാലും ഇലക്ക് തന്നെയാണ് ദോഷം, നിങ്ങളൊക്കെ കല്യാണം കഴിക്കേണ്ട സ്ത്രീകൾ അല്ലേ ഇങ്ങനൊക്കെ വസ്ത്രം ധരിക്കാമോ” തുടങ്ങിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ വനിതാ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടിയും വന്നിരുന്നു.

രജിസ്‌ട്രാർ ഡോ.റെജിമോൻ അറോറയോട് പറഞ്ഞത്. “നാട്ടുകാരുടെ ഭാഗത്ത് നിന്നും പരാതികൾ ഒന്നും തന്നിട്ടില്ല. അവർ വെറുതെ സൂചിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇതൊരു ഗ്രാമ പ്രദേശത്തുള്ള യൂണിവേഴ്‌സിറ്റി ആണ്. അവിടെ ചില പ്രശ്നങ്ങൾ ഉണ്ടാകും. നാട്ടുകാർക്ക് ഇഷ്ടമില്ലാത്ത വസ്ത്രങ്ങൾ ധരിക്കുന്ന പെൺകുട്ടികളുടെ വീഡിയോ എടുത്തു നാട്ടുകാർ പ്രചരിപ്പിക്കും എന്നുള്ളത് വെറും റൂമർ മാത്രമാണ്.അതിൽ നമുക്ക് വസ്തുതകൾ ഒന്നും ലഭിച്ചിട്ടില്ല. റൂമറുകളുടെ അടിസ്ഥാനത്തിൽ ഒരു ചർച്ച വിളിച്ചിരുന്നു.”

ആൺകുട്ടികൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നു, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നു, ഹോസ്റ്റലിൽ പെറ്റിക്കോട്ട് ധരിച്ച് അടുത്തുള്ള ഇരുനില വീട്ടുകാരെ പ്രകോപിപ്പിക്കുന്നു ,ഹോസ്റ്റലിനു പുറത്തു വെച്ചു ബെഡ് റൂം സീനുകൾ അനുകരിക്കുന്നു തുടങ്ങിയവയാണ് ആലിശ്ശേരി വനിതാ ഹോസ്റ്റലിനടുത്തെ സദാചാര കമ്മിറ്റി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

തികച്ചും സ്ത്രീവിരുദ്ധമായ പെരുമാറ്റമാണ് തുടർച്ചയായി പെൺകുട്ടികൾക്കെതിരെ ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നാട്ടുകാരുടെ പരാതിക്കെതിരെ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. “ഒരു യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്ന പ്രദേശത്തെ ജനങ്ങൾ ആ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോടു വളരെ മോശം രീതിയിൽ പെരുമാറുകയും അവരുടെ വസ്ത്രസ്വാതന്ത്ര്യമുൾപ്പടെയുള്ള കാര്യങ്ങളിൽ ഇടപെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് മറ്റെങ്ങും നടക്കാനിടയില്ലാത്തതാണ്, ജനാധിപത്യബോധമോ സ്വാതന്ത്ര്യബോധമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സാമൂഹികദ്രോഹികളായ ഇത്തരം ആൾക്കാരുടെ ഭീഷണിക്കു മുന്നിൽ മുട്ടുമടക്കാനും അവകാശങ്ങൾ സദാചാര ഗുണ്ടകളെ പേടിച് ഉപേക്ഷിക്കാനും വിദ്യാർത്ഥികൾ തയ്യാറാല്ലാ, നിയമപരമായി ഇത്തരം ആളുകളെ നേരിടണമെന്നാണ്” സർവ്വകലാശാലയിലെ റോസാലക്സം ബെർഗ് വനിതാ വേദി കൺവീനർ മിശ്രിയ പറയുന്നത്.

കൃഷ്ണപ്രിയ എന്ന പെൺകുട്ടിയെ ഒരു സദാചാര പോലീസുകാരൻ പച്ചക്ക് കത്തിച്ചു കളഞ്ഞിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളൂ. അതിന്റെ ഞെട്ടലിൽ നിന്നും മോചിതരാവും മുന്നെയാണ്, സദാചാര പോലീസിങ്ങിന്റെ അഭിനവ ഡിജിപിമാർ നമ്മുടെ ചുറ്റും റോന്ത്‌ ചുറ്റുന്നത്. രണ്ടായിരത്തി ഇരുപത്തിരണ്ടിലിരുന്നുകൊണ്ട് നമുക്കിനിയും മനുഷ്യന്റെ പേർസണൽ ലിബേർട്ടിക്ക് വേണ്ടി വാദികേണ്ടി വരുന്നത് ഇത്തരത്തിലുള്ള മനുഷ്യരുള്ളത് കൊണ്ട് കൂടിയാണ്. ഇവരെ സമൂഹത്തിന് മുൻപിൽ ചൂണ്ടിക്കാണിക്കേണ്ടതുണ്ട്, ഒറ്റപ്പെടുത്തേണ്ടതുണ്ട്, കുറ്റപ്പെടുത്തേണ്ടതുണ്ട്,തിരുത്തപ്പെടുത്തേണ്ടതുണ്ട്. പേർസണൽ ലിബർട്ടി, ജെൻഡർ, മനുഷ്യൻ തുടങ്ങിയ പദ ങ്ങളെ കുറിച്ച് തുടർ വിദ്യഭ്യാസം നൽകേണ്ടതുണ്ട്. സർവ്വകലാശാലകൾക്കല്ലാതെ മറ്റാർക്കാണ് അതിലിടപെടാനാവുക എന്നും മിശ്രിയ കൂട്ടിച്ചേർത്തു.

നാട്ടുകാർ തന്ന സദാചാര പരാതിക്ക് മേൽ എന്തെങ്കിലും വസ്തുതകൾ ഉണ്ടോ എന്ന് അന്വേഷണം നടത്താൻ യൂണിവേഴ്‌സിറ്റിക്ക് ഉള്ളിൽ രൂപീകരിച്ച കമ്മിറ്റിക്കെതിരെയും വിദ്യാർത്ഥികൾക്കിടയിൽ രോഷമുയരുന്നുണ്ട്. ഇത്തരത്തിൽ ഉള്ള ഒരു പരാതി ഒരു തരത്തിലുള്ള മറുപടിയും അർഹിക്കുന്നില്ലെന്നും ചവറ്റ് കുട്ടയിലാണ് അതിന്റെ സ്ഥാനമെന്നുമാണ് ഒരു വിദ്യാർത്ഥി പ്രതികരിച്ചത്.സർവകലാശാല ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥിനികൾക്കെതിരെ നാട്ടുകാരായ സദാചാര വാദികളിൽ നിന്നും പരസ്യമായ അക്രമാഹ്വാനം ഉണ്ടായിട്ടും യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തത് വിദ്യാർത്ഥികൾക്ക് ഇടയിൽ വ്യാപകമായ എതിർപ്പിന് ഇടയാക്കിയിട്ടുണ്ട്.

വനിതാ ഹോസ്റ്റൽ നിൽക്കുന്ന പ്രദേശത്തെ വാർഡ് മെമ്പറായ സി പി ഐ (എം) പ്രതിനിധി രാധാ സതീശനോട് സദാചാര പരാതിയെ കുറിച്ചു അറോറ പ്രതിനിധി ചോദിച്ചപ്പോൾ താൻ ഇത്തരത്തിൽ ഉള്ള ഒരു പരാതിയെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് മറുപടി പറഞ്ഞത്.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal