ആരുടെ റിപ്പബ്ലിക്ക് ?

2020 ക്രിക്കറ്റ് മേള പോലെ തിരഞ്ഞെടുപ്പുകൾ നടക്കുന്ന നമ്മുടെ രാജ്യത്ത് കേവല ജനാധിപത്യം ഉയർത്തിപ്പിടിക്കുകയും ജനാധിപത്യ റിപ്പബ്ലിക്കിനെ തിരസ്കരിക്കുകയും ചെയ്യുന്നതിന് കൃത്യമായ രാഷ്ട്രീയം ഉണ്ട്. അത് സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ജനവിരുദ്ധരായ മറ്റെല്ലാ ശക്തികളുടെയും അജണ്ടയുടെ ഭാഗം കൂടിയാണ്.

ഫെർണാണ്ടസ്

ഇന്ന് ഇന്ത്യൻ ഭരണകൂടം അതിന്റെ 73 ആം റിപ്പബ്ലിക്കൻ ദിനം ആഘോഷിക്കുകയാണ്. 1950 ജനുവരി 26 ന് ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്ക് ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിവസമാണ് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കപ്പെടുന്നത്. ഇതിനു പുറമെ, 1949 നവംബർ 26 നു ഡോ. അംബേദ്ക്കർ ചെയർമാനായി നിയമിക്കപ്പെട്ട ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസം ഭരണഘടനാ ദിനമായും ആഘോഷിക്കപ്പെടുന്നുണ്ട്. ആഗസ്ത് 15 അടക്കമുള്ള ഇത്തരം ദേശീയാ ആഘോഷങ്ങളിൽ എല്ലാം തന്നെ നിരന്തരം ചർച്ച ചെയ്യപ്പെട്ടു വരുന്നത് ഇത്യൻ ജനാധിപത്യത്തെക്കുറിച്ചാണ് . അതിന്റെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പുറംമൂടിയെ കുറിച്ചാണ്. ജനാധിപത്യവും റിപ്പബ്ലിക്കും തമ്മിൽ എന്താണ് വ്യത്യാസം എന്ന് സൈദ്ധാന്തികമായും പ്രായോഗികമായും തിരിച്ചറിഞ്ഞാൽ മാത്രമേ ഇന്ന് നാം ജീവിക്കുന്നത് ആരുടെ റിപ്പബ്ലിക്കിൽ ആണ് എന്നത് തിരിച്ചറിയാനും, ഇന്ത്യ എന്റേതാണെന്ന് ആത്മവിശ്വാസത്തോടെ പറയാനും അതിന്റെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി നിലകൊള്ളാനും നമുക്ക് സാധിക്കുകയുള്ളു . അല്ലെങ്കിൽ കണ്ണുകെട്ടപ്പെട്ടവരായി ചിലരുടെ കളിപ്പാട്ടങ്ങളായി നമ്മുടെ ജീവിതം പാരതന്ത്ര്യത്തിൽ ഇല്ലാതാവുകയാണ് ചെയ്യുക.

റിപ്പബ്ലിക്ക് എന്ന സങ്കല്പം ജനാധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും മതേതരത്വത്തിന്റെയും സമത്വത്തിന്റെയും അന്തസത്തയെ പ്രായോഗികവൽക്കരിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് പരമാധികാര, സോഷ്യലിസ്റ്റ് , സെക്കുലർ , ജനാധിപത്യ ‘റിപ്പബ്ലിക്കാണ് ‘ ഇന്ത്യ എന്ന് ഭരണഘടനയിൽ എഴുതിവെച്ചിരിക്കുന്നത് എന്നുകാണണം. നാല് മൂല്യങ്ങളെയും ഉൾക്കൊള്ളുന്ന ഒന്നാണ് ഇന്ത്യൻ റിപ്പബ്ലിക്ക് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കാവുന്നത്. ജനാധിപത്യം ജനങ്ങളുടെ കേവലാധിപത്യത്തെ പ്രതിനിധീകരിക്കുമ്പോൾ ഭരണകൂട രൂപമായ സാംസ്കാരിക ജനാധിപത്യമാണ് ജനാധിപത്യ റിപ്പബ്ലിക്ക് മുന്നോട്ടുവെക്കുന്നത്. മുകളിൽ പറഞ്ഞ മൂല്യങ്ങളെ പ്രയോഗവൽക്കരിക്കാൻ ഭരണകൂടത്തെ ജനാധിപത്യ റിപ്പബ്ലിക്ക് ചുമതലപ്പെടുത്തുന്നു. ഇതിൽ നിന്നും ഭരണകൂടത്തെ സാംസ്കാരികവൽക്കരിക്കുന്ന ഒന്നായി മറ്റുമൂല്യങ്ങൾക്കു മുകളിൽ റിപ്പബ്ലിക്ക് പ്രവർത്തിക്കേണ്ടതാണ് എന്ന് നമുക്ക് മനസ്സിലാക്കാം.

അതുകൊണ്ടു തന്നെ രാജ ഭരണത്തിൽ നിന്നും വ്യത്യസ്തമായി കേവലം തിരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ ഭരണകൂടത്തെയല്ല റിപ്പബ്ലിക്ക് മുന്നോട്ടുവെക്കുന്നത്. മറിച്ച്, ജനാധിപത്യം രാഷ്ട്രീയ ജനാധിപത്യത്തെ (വോട്ടെടുപ്പും അധികാരത്തിലേറലും) മുന്നോട്ടുവെക്കുമ്പോൾ റിപ്പബ്ലിക്ക് ഒരു സമൂഹത്തിന്റെ ബോധപൂർവ്വം ജനാധിപത്യ സംസ്കാരം ഉയർത്തിപ്പിടിക്കുന്ന ദേശാഭിമാനമുള്ള ഒരു പുതിയ സാംസ്കാരികമൂല്യമുള്ള സമൂഹത്തിന്റെ വിശേഷണമാണ് . ജനാധിപത്യത്തിലെ പൗരൻ അവകാശങ്ങൾ വഹിക്കുകയാണെങ്കിൽ റിപ്പബ്ലിക്കിലെ പൗരൻ ആ ജനാധിപത്യത്തിന്റെ നടത്തിപ്പുകാരൻ കൂടിയാണ്. വോട്ടെടുപ്പുകാലത്ത് ദൃശ്യത കൈവരുന്ന പ്രത്യേകതയല്ല റിപ്പബ്ലിക്കിലെ പൗരനുള്ളത്. നിരന്തരമായ ജാഗ്രതയും പരസ്പര സാഹോദര്യവും ന്യുനപക്ഷങ്ങളുടെ സംരക്ഷണവും നിലനിൽപ്പിനു അനിവാര്യമാണെന്നും ജനാധിപത്യ റിപ്പബ്ലിക്കിലെ പൗരൻ തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന ഞങ്ങൾ ജനങ്ങൾ ഇന്ത്യയെ നാല് അടിസ്ഥാന മൂല്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുന്നു എന്ന് പറഞ്ഞത് . അതുകൊണ്ടുതന്നെ ഇത്തരം മൂല്യങ്ങൾ നിലനിർത്താനും വികസിപ്പിക്കാനും ജനങ്ങൾ ചുമതലപ്പെടുത്തിയ ഭരണകൂടം പരാജയപ്പെടുകയാണെങ്കിൽ അതിനെ തിരുത്താൻ ജനാധിപത്യ റിപ്പബ്ലിക്ക് ജനങ്ങളെ ചുമതലപ്പെടുത്തുന്നുണ്ട്.

ഭരണഘടനാ നിർമ്മാണ കാലത്ത് ഇത്തരം ഒരു സമൂഹം എത്രത്തോളം അഭിലക്ഷണീയമായിരുന്നോ അതിൽ നിന്നും ഒട്ടും പുറകിലേക്ക് പുരോഗമന ചിന്താഗതിക്ക് പോകേണ്ടി വന്നിട്ടില്ല എന്നും വർത്തമാനകാലത്ത് നമുക്ക് കാണാം. അതിനു അടിസ്ഥാനപരമായ കാരണം പൂർണ്ണമായ ഒരു ജനാധിപത്യ വിപ്ലവം ഇന്ത്യയിൽ ഇതുവരെയും നടന്നിട്ടില്ല എന്നുള്ളതുകൊണ്ട് തന്നെ ഇവിടെ തുടരുന്ന അർദ്ധ ഫ്യുഡൽ അർദ്ധകോളോണിയൽ വ്യവസ്ഥിതിയാണെന്നു നാം തിരിച്ചറിയണം. അത്തരം ഒരു വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം ഒരു പുരോഗമന മൂല്യവും അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ജനങ്ങൾക്ക് ലഭ്യമാവുകയില്ല. 2020 ക്രിക്കറ്റ് മേള പോലെ തിരഞ്ഞെടുപ്പുകൾ നടക്കുന്ന നമ്മുടെ രാജ്യത്ത് കേവല ജനാധിപത്യം ഉയർത്തിപ്പിടിക്കുകയും ജനാധിപത്യ റിപ്പബ്ലിക്കിനെ തിരസ്കരിക്കുകയും ചെയ്യുന്നതിന് കൃത്യമായ രാഷ്ട്രീയം ഉണ്ട്. അത് സാമ്രാജ്യത്വത്തിന്റെയും ഫാസിസ്റ്റുകളുടെയും ജനവിരുദ്ധരായ മറ്റെല്ലാ ശക്തികളുടെയും അജണ്ടയുടെ ഭാഗം കൂടിയാണ്. റിപ്പബ്ലിക്കിനെ കൃത്യമായി പ്രായോഗികാവൽക്കരിക്കപ്പെടാത്തതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പ് എന്നുള്ളത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തിമവിധിയായി മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ജനങ്ങൾ കളിക്കാരാവുകയല്ല കളിയിലെ പന്തായി ഉപയോഗിക്കപ്പെടുകയാണ്.

ഈ റിപ്പബ്ലിക്കിലാണ് ഭരണകൂട വിമർശകരായ സാമൂഹിക-സാംസ്‌ക്കാരിക-രാഷ്ട്രീയ പ്രവർത്തകരെ, ബുദ്ധിജീവികളെ അന്യായമായി ജയിലിലടച്ച കൊറേഗാവ് കേസ് മൂന്ന് വർഷം പിന്നിടുന്നത്. ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോയിസ്‌റ്റുകളാണെന്നാരോപിച്ച് സുധീര്‍ ധാവ്‌ലെ, ഷോമ സെന്‍, റോണ വില്‍സണ്‍, സുരേന്ദ്ര ഗാഡ്‌ലിങ്,സുധാഭരധ്വാജ് ഉൾപ്പടെ 16 ഓളം പേരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് പൊലീസ് ഹിന്ദുത്വവാദികളോടൊപ്പം കൂട്ടുപിടിച്ച് ദലിതർക്ക് നേരെ അവർ നടത്തിയ അക്രമങ്ങളെയും ന്യായീകരിക്കുകയുണ്ടായത്.

വിയോജിപ്പിന്‍റെ ശബ്ദം ദലിത് ആദിവാസി മർദിതരിൽ ‍നിന്നാണെങ്കില്‍ മാവോയിസ്‌റ്റുകളെന്നും മുസ്‌ലിംകളില്‍ നിന്നാണെങ്കില്‍ ഇസ്‌ലാമിക ഭീകരവാദവുമാരോപിച്ച് അടിച്ചമർത്തുക എന്ന ഹിന്ദുത്വ-ബ്രഹ്മണ്യ മൂല്യങ്ങൾ ഉയർത്തിപിടിക്കുകയാണ് ഇന്ത്യയിലെ ഭരണവർഗം.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയും അവരുമായി അടുത്ത ബന്ധം പുലർത്തുന്ന ബുദ്ധിജീവികളെയുമാണ് പ്രധാനമായി ആർ.എസ്.എസ് ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുന്നത്.

പൗരത്വ നിഷേധത്തിനെതിരായ പ്രക്ഷോഭങ്ങൾ, കർഷകമാരണ ബില്ലുകൾക്കെതിരായ പ്രക്ഷോഭങ്ങൾ അടക്കം രാജ്യത്തുടനീളം ഹിന്ദുത്വ-കോർപ്പറേറ്റ് ഫാസിസ്റ്റ് ജനവിരുദ്ധ നയങ്ങൾക്കെതിരെ ഉയർന്ന് വരുന്ന ജനകീയ പ്രതിരോധങ്ങളിലെ സജീവ പങ്കാളികളെയും ആശയപരമായി അനുകൂലിക്കുന്ന മാധ്യമ പ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയുമെല്ലാം കള്ളകേസുകൾ ചുമത്തി നിശ്ശബ്ദരാക്കാനും ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിയിലുമാണ് മോദി സർക്കാർ.

കെട്ടിച്ചമച്ച കേസുകൾക്കും അന്യായ തടവുകൾക്കും ഇരയാക്കപ്പെടുന്ന രാഷ്ട്രീയ പോരാട്ട പ്രവർത്തകരുടെ വിശാലസഖ്യവും നിയമങ്ങൾ പ്രയോഗിച്ചുള്ള അടിച്ചമർത്തലിനെതിരായ ജനകീയ പ്രക്ഷോഭവും സമാന്തരമായി ഉയർത്തിപ്പിടിക്കുകയും ചെയ്താൽ മാത്രമേ ഇന്നത്തെ ഹിന്ദുത്വ റിപ്പബ്ലിക്കിനെ നമുക്ക് മറികടക്കാൻ കഴിയു.