അന്തർസംസ്ഥാന തൊഴിലാളികൾ ജയിലിൽ നരകിക്കുന്നു

കഴിഞ്ഞ ക്രിസ്മസ് ദിവസം രാത്രിയാണ് കിഴക്കമ്പലം കിറ്റെക്സിലുണ്ടായ തൊഴിലാളി സംഘർഷത്തിനിടെ പോലീസ് ജീപ്പിനു തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തൊഴിലാളി വേട്ടയുടെ ഭാഗമായി 174 തൊഴിലാളികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്.


ജെയ്സൺ സി കൂപ്പർ

നോക്കൂ, ഇന്ത്യയിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന പ്രദേശത്ത് നിന്നും വരുന്ന, അടിമസമാനരായ 174 അന്തർസംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ഒന്നര മാസത്തോളമായി കേരളത്തിൽ തടവറയിലാണ്. അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്തവരെന്ന് സാബു മുതലാളിയും സാബു മുതലാളിയുടെ ഗുണ്ടകൾ എന്ന് സിപിഎമ്മും കോൺഗ്രസ്സും ബിജെപിയും വംശവെറിയരായ മലയാളികളും വിശേഷിപ്പിച്ച പാവം പിടിച്ച തൊഴിലാളികൾ, ഏതാണ്ട് 99 ശതമാനവും ആദിവാസികൾ. ആരും അവരെയോർത്ത് വേവലാതിപ്പെടുന്നില്ല…

കഴിഞ്ഞ ക്രിസ്മസ് ദിവസം രാത്രിയാണ് കിഴക്കമ്പലം കിറ്റെക്സിലുണ്ടായ തൊഴിലാളി സംഘർഷത്തിനിടെ പോലീസ് ജീപ്പിനു തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തൊഴിലാളി വേട്ടയുടെ ഭാഗമായി 174 തൊഴിലാളികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് തന്നെ പുറത്ത് വിട്ടിട്ടുണ്ടെങ്കിലും പോലീസ് വാഹനം കത്തിക്കുന്ന വീഡിയോ മാത്രം ഇന്നേവരെ പുറത്ത് വന്നിട്ടുമില്ല. കേരളത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്ന അക്രമവുമായി തട്ടിച്ചുനോക്കുമ്പോൾ കിഴക്കമ്പലത്തുണ്ടായത് നിസാര സംഭവമായിരുന്നെങ്കിലും വളരെ പെട്ടെന്ന് തന്നെ ഈ പാവം പിടിച്ച തൊഴിലാളികളെ ഗുണ്ടകളായി ചിത്രീകരിക്കാൻ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും മത്സരത്തിലായിരുന്നു. സാബു ജോർജ്ജിനെ രാഷ്ട്രീയമായി നേരിടാൻ തയ്യാറല്ലാത്ത, അതിന് കഴിവില്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ അണികളും പ്രാദേശിക നേതൃത്വങ്ങളും സാബു ജോർജ്ജിനെതിരെ ഉപയോഗിക്കാൻ കഴിയുന്ന സംഭവമെന്ന നിലയിൽ ഇതിനെ കണ്ടുകൊണ്ട് തൊഴിലാളികൾക്കെതിരേ ശക്തമായ വംശവെറി അഴിച്ചുവിട്ടപ്പോൾ മുതലാളി സാബു ജോർജ്ജാകട്ടെ ലഹരിക്ക് അടിപ്പെട്ട തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കിയതെന്നും ലഹരിയടിച്ചാൽ അവർക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ കഴിയില്ലെന്നും പറഞ്ഞു കൈ കഴുകി. രാഷ്ട്രീയ പാർട്ടികളുടെ അണികളും പ്രാദേശിക നേതൃത്വങ്ങളും എതിരാണെങ്കിലും പാർട്ടികളുടെ ഉന്നത നേതാക്കളുമായി ഊഷ്മള സൗഹൃദം സൂക്ഷിക്കുന്ന സാബു ജോർജ്ജിനെതിരെ പ്രത്യേകിച്ച് കേസൊന്നൂമില്ല. അണികൾ വെറുതെ മോങ്ങിയത് മിച്ചം. പക്ഷെ തൊഴിലാളികൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ട തൊഴിലാളികളെ കണ്ണിൽ മുളക് തേച്ച് വരെ മർദ്ദിച്ചതായി അന്തർസംസ്ഥാന തൊഴിലാളി മേഖലയിൽ പ്രവർത്തിക്കുന്ന ജോർജ്ജ് മാത്യു പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണം നടത്തിയ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ തുഷാർ നിർമൽ ഇവരെ ജാമ്യത്തിലെടുക്കാൻ ശ്രമം നടത്തിയെങ്കിലും അഡ്വ ആളൂർ ഇടപെട്ട് തൊഴിലാളികളിൽ നിന്നും വക്കാലത്ത് ഒപ്പിട്ടു വാങ്ങിയതായാണ് അറിഞ്ഞത്. എന്നാൽ അതിനപ്പുറം ഒന്നും ചെയ്യാൻ അഡ്വ ആളൂർ തയ്യാറായിട്ടുമില്ല. മിക്കവാറും തൊഴിലാളികളുടെ നാട്ടിൽ തന്നെ ഇവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല. അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ലംഘിച്ച് പ്രബുദ്ധ കേരളം അതിഥി തൊഴിലാളികൾ എന്ന് കാപട്യത്തോടെ വിളിക്കുന്ന ഒരുകൂട്ടം മനുഷ്യരെ ദ്രോഹിക്കുകയാണ്. വംശവെറിയൻ ആഘോഷങ്ങൾ നടത്തിയവർ പുതിയ വിഷയങ്ങൾക്ക് പിന്നാലെ പോയി കൊലവിളി തുടരുമ്പോൾ ഇവിടെ ഈ കേരളത്തിൽ മലയാളികളുടെ പ്രബുദ്ധതാ നാട്യങ്ങളെ ഒരിക്കൽക്കൂടി തുറന്നു കാട്ടിക്കൊണ്ട് ഈ തൊഴിലാളികൾ തടവറകളിൽ നരകിക്കുന്നു…

കടപ്പാട് : ജെയ്സൺ സി കൂപ്പർ ഫേസ്ബുക്ക് പോസ്റ്റ്


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal