കൃഷി ഭൂമിയും ഉപയോഗപ്രദമായ വീടും അടിയന്തിരമായി അനുവദിക്കണം : മല്ലികപ്പാറ ഊര് നിവാസികൾ

“ആദിവാസികളല്ലേ, അവർക്ക് ഇത്രയൊക്കെ മതി” എന്ന വംശീയ ചിന്തയാണ്. ഞങ്ങൾ തിരിച്ചു ഈ അധികാരികളോട് ചോദിക്കുകയാണ് നിങ്ങളിൽപ്പെട്ടവർ ഇത്തരം സാഹചര്യത്തിൽ ജീവിക്കുമോ എന്ന്? അപ്പോൾ ഇവരീ ചെയ്യുന്നത് വംശീയ അതിക്രമമല്ലാതെ മറ്റെന്താണ്?


കൃഷി ഭൂമിക്കും ഉപയോഗപ്രഥമായ വീടും അനുവദിക്കണമെന്നാവശ്യപ്പെട്ട് മല്ലികപ്പാറ ഊര് നിവാസികൾ ഇന്നലെ രാവിലെ 10 മണി മുതൽ കളക്ട്രേറ്റിൽ കഞ്ഞി വെപ്പ് സമരം സംഘടിപ്പിച്ചു. കുറുക്കൻ മൂല ആക്ഷൻ കൗൺസിൽ പ്രവർത്തകരും സമരത്തിൽ ഐക്യപ്പെട്ട് പങ്കെടുത്തു.

വയനാട് തിരുനെല്ലി മല്ലികപ്പാറ ഊര് നിവാസികളായ ഞങ്ങൾ ഒൻപത് കുടുംബങ്ങൾ ഒരു നൂറ്റാണ്ടോളം ഇവിടെ സ്ഥിര താമസക്കാരായിരുന്നു.ഇപ്പോൾ മക്കളും മരുമക്കളുമായി ഞങ്ങളുടെ കുടുംബം വികസിച്ചു കഴിഞ്ഞു.ഞങ്ങൾക്ക് ഒരേക്കർ വീതം കൈവശരേഖയോടു കൂടിയ ഭൂമിയും, അതിൽ കാപ്പി, കുരുമുളക് മുതലായ കൃഷിയും ഉണ്ടായിരുന്നു. കാട്ടുമൃഗങ്ങളുടെ ഉപദ്രവത്തിൽ ജീവനും,വീടുകളും തകർക്കുകയും ഞങ്ങൾ വർഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരുന്ന ഏക വഴി നാഗമന എസ്റ്റേറ്റുകാർ അന്യായമായി തടഞ്ഞു വെക്കുകയും ചെയ്തതോടെ ഞങ്ങളുടെ സഞ്ചാരവും ജീവിതവും അസാധ്യമാവുകയും, 2015 ഓടു കൂടി വീടും സ്ഥലവും ഉപേക്ഷിച്ചിറങ്ങാൻ നിർബ്ബന്ധിതരാവുകയും ചെയ്തു എന്ന് മല്ലികപ്പാറ ഊര് ആദിവാസികൾ പറയുന്നു.

ഞങ്ങൾ ഇവിടം വിട്ടിറങ്ങുന്നതിന് മുൻപ് അധികാര സ്ഥാനങ്ങളിൽ ഉള്ളവർ ഞങ്ങളെ സമീപിക്കുകയും ഇവിടം വിട്ട് പുറത്ത് വന്നാൽ നിങ്ങൾക്ക് വീടും സ്ഥലവും പകരം തരാമെന്ന് അറിയിച്ചിരുന്നതുമാണ്. എന്നാൽ അന്നുമുതൽ ഈ ആവശ്യമുന്നയിച്ച് പരാതികളും അപേക്ഷകളും നൽകി അധികാര സ്ഥാപനങ്ങളിൽ കയറി ഇറങ്ങിയതല്ലാതെ നാളിതുവരെയായിട്ടും യാതൊരു ഗുണവുമുണ്ടായിട്ടില്ല എന്നും മല്ലികപ്പാറ നിവാസികൾ ആരോപിക്കുന്നു.

ഞങ്ങൾക്കും ഇവിടെ ജീവിക്കണം. വാസയോഗ്യമായ വീടും ഒരേക്കറിൽ കുറയാത്ത കൃഷി ഭൂമിയും കിട്ടിയേ മതിയാകൂ.ഇത് ഞങ്ങളേപ്പോലുള്ള ആയിരങ്ങളുടെ പ്രശ്നമാണ്.തിരുനെല്ലി പഞ്ചായത്തിൽ മാത്രം 183 കോളനികളിലായി 14,472 അംഗങ്ങൾ ഉള്ളടങ്ങിയ 4120 കുടുംബങ്ങളാണ് ഉള്ളത്. ഞങ്ങൾക്ക് ആവശ്യമായത്ര ഉപയോഗപ്രദമായ കൃഷി ഭൂമിയും, വീടും തരാൻ ഈ പഞ്ചായത്തിൽത്തന്നെ സാധ്യതകൾ ഉണ്ടെന്നിരിക്കേ, ലൈഫ് മിഷൻ, സ്വപ്ന പദ്ധതി എന്നിങ്ങനെ പല പേരിലും 4 സെന്റ് ഭൂമിയും ചോർന്നോലിക്കുന്ന വീടും തന്ന് കോളനികളിൽ തളച്ചിടുകയാണ്. ഉറവ വറ്റാത്ത ഇടങ്ങളിൽ വീടും കക്കൂസും പണിതാൽ എന്താണ് സംഭവിക്കുക എന്നത് ഞങ്ങളുടെ രക്ഷക വേഷം ചമഞ്ഞുവരുന്ന ഇക്കൂട്ടർക്ക് അറിയാഞ്ഞിട്ടല്ല എന്ന് ഊര് നിവാസികൾ.

“ആദിവാസികളല്ലേ, അവർക്ക് ഇത്രയൊക്കെ മതി” എന്ന വംശീയ ചിന്തയാണ്. ഞങ്ങൾ തിരിച്ചു ഈ അധികാരികളോട് ചോദിക്കുകയാണ് നിങ്ങളിൽപ്പെട്ടവർ ഇത്തരം സാഹചര്യത്തിൽ ജീവിക്കുമോ എന്ന്? അപ്പോൾ ഇവരീ ചെയ്യുന്നത് വംശീയ അതിക്രമമല്ലാതെ മറ്റെന്താണ്? ആയതിനാൽ ഞങ്ങൾ സമരത്തിന് നിർബന്ധിതരായിരിക്കുന്നു.ഞങ്ങൾക്ക് കൃഷി ഭൂമിയും വാസയോഗ്യമായ വീടും അനുവദിച്ചു തന്നേ മതിയാകൂ എന്ന് കളക്ട്രേറ്റ് പടിക്കലിൽ സംഘടിപ്പിക്കുന്ന കഞ്ഞിവെപ്പ് സമരത്തിൽ മല്ലികപ്പാറ ഊര് ആദിവാസികൾ ആവശ്യപ്പെട്ടു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal