ഇന്ത്യൻ പാഠ്യപദ്ധതികളിൽ ഭഗവത്ഗീത പഠിപ്പിക്കുന്നതിന്റെ അപകടങ്ങൾ

ഇന്ത്യയിൽ മത – മുതലാളിത്ത വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിൽ ഭഗവത്ഗീത സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അഞ്ചാം ക്ലാസ്മുതലുള്ള പാഠ്യപദ്ധതിയിൽ ഭഗവത്ഗീത പോലുള്ള മത ഗ്രസ്ഥങ്ങൾ ഉൾപ്പെടുത്തുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.


പരിഭാഷ : ശ്രുതി (മലയാള സർവകലാശാല മാധ്യമ പഠന വിഭാഗം വിദ്യാർത്ഥി)


ഭഗവത്ഗീതയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് ഇന്ത്യയെന്ന ജനാധിപത്യ മതേതരത്ത രാഷ്ട്രത്തെ ഹിന്ദുത്വരാഷ്ട്രമാക്കിമാറ്റുക എന്ന ചിരകാല സ്വപ്നത്തിലേക്ക് ചുവടുകൾവെക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയിലെ വലതുപക്ഷ ഹിന്ദുത്വശക്തികൾ. ഇന്ത്യൻ ഭരണഘടനക്കും, ശാസ്ത്രത്തിനും, യുക്തിക്കുമെല്ലാം എതിരായി ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രഖ്യാപനത്തെ അതിന്റെ ആദ്യപടിയായി വേണം കാണാൻ. 2022 – 23 അധ്യയന വർഷം മുതൽ ഭഗവത് ഗീതയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ വേണ്ടി അപകടകരമായ രീതിയിലുള്ള ഇടപെടലുകൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കാണാം.

ഇന്ത്യയിൽ നിലനിൽക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമോ പാഠ്യപദ്ധതിയോ ഒന്നും തന്നെ വിദ്യാർത്ഥികളിലെ സർഗ്ഗശേഷിയെ വളർത്തുന്നതിനോ, വിമർശനബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുന്നതിനോ ഉതകുന്നതരത്തിലുള്ളതല്ല. അത്തരമൊരു സന്ദർഭത്തിലാണ് വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുവാനോ, വിമർശനാത്മക സമീപനങ്ങളെ പ്രോൽസാഹിപ്പിക്കാനോ സഹായിക്കാത്ത ഇത്തരത്തിലുള്ള ആത്മീയഗ്രന്ഥങ്ങളെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നത്.

വിദ്യാഭ്യാസം എന്നത്, യഥാർത്ഥത്തിൽ തൊഴിൽ സാധ്യത വർധിപ്പിക്കുവാനും പ്രകൃതിയെയും, സമൂഹത്തെയും, തന്റെ സഹജീവിയെയും അറിയുന്നതിനും മനസ്സിലാക്കുന്നതിനുമുള്ള ഒരു മാർഗമാണ്. അത് അടിമത്തത്തിൽനിന്നുമുള്ള വിമോചനമാണ് പ്രദാനം ചെയ്യുന്നത്. അതുകൊണ്ട്തന്നെ ജാതി, മതം, ലിംഗം മുതലായ പ്രാകൃത വ്യവസ്ഥകളോട് വിദ്യാഭ്യാസത്തെയും പാഠ്യപദ്ധതികളെയും കൂട്ടികെട്ടുക എന്നത് അനാവിശ്യമാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുതലാളിത്ത വലതുപക്ഷ സമീപനങ്ങളെയും അതിന്റെ സാമ്പ്രദായിക രീതികളെയും തിരിച്ചറിയുകയും അതിനെതിരെ പ്രതികരിക്കാനുള്ള ശേഷി ഉണ്ടാക്കുകയുമെന്നത്.

അധ്വാനം, ഉൽപ്പാദനം, ഉപഭോഗം എന്നിവയാണ് ഏതൊരു സാമ്പത്തിക വ്യവസ്ഥയെയും താങ്ങിനിർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങൾ. സാമ്പത്തിക വ്യവസ്ഥയിലെ മൂന്നു തൂണുകളാണിവ. മതത്തിലൂന്നിക്കൊണ്ടുള്ള ധർമ്മാധിഷ്ഠി വിദ്യാഭ്യാസം (Moral Education) വ്യക്തികളുടെ അധ്വാനത്തെയും, ഉൽപ്പാദനത്തെയും, ഉപഭോഗത്തെയും നിയന്ത്രിക്കുന്നതിലും അതിൽ കൈകടത്തുന്നതിലും കാരണമാകുന്നു. അത് മുതലാളിത്തത്തെ സേവിക്കുവാൻ വേണ്ടി വ്യക്തികളെ രൂപപ്പെടുത്തുന്നതിൽ ശ്രദ്ധകൊടുക്കുന്നു. തൽഫലമായി സമൂഹത്തിൽ പട്ടിണി, ആരോഗ്യപ്രതിസന്ധി, സാമ്പത്തിക അസമത്വം, ദാരിദ്ര്യം എന്നിവയുടെ ക്രമാതീതമായ വളർച്ചയുണ്ടാകും. മുതലാളിത്തം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് അസാധ്യമാണ്. മുതലാളിത്തം അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായഘട്ടത്തിലൂടെ കടന്നുപോകുന്ന ഈ സന്ദർഭത്തിൽ മതാധിഷ്ഠിതമായിട്ടുള്ള വിദ്യാഭ്യാസരീതി മുതലാളിത്തത്തിന്റെ വളർച്ചക്കു വേണ്ടിയുള്ള ഒരു ചാലകശക്തിയായി വർത്തിക്കും. അതോടൊപ്പം ജാതി, മത, വംശ, ലിംഗ, വർണ്ണാധിഷ്ഠിതമായ സാമ്പ്രദായിക ചട്ടക്കൂടിൽനിന്നുകൊണ്ട് ഏകാത്മകമായ സംസ്കാരത്തെയും അനുസരണയുള്ള ജനങ്ങളെയും നിർമ്മിച്ചെടുക്കുവാൻ മതപരമായവിദ്യാഭ്യാസം ശ്രമിച്ചുകൊണ്ടിരിക്കും.

ഇന്ത്യയിൽ മത – മുതലാളിത്ത വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിൽ ഭഗവത്ഗീത സുപ്രധാനമായ പങ്കുവഹിക്കുന്നുണ്ട്. അതുകൊണ്ടാണ് അഞ്ചാം ക്ലാസ്മുതലുള്ള പാഠ്യപദ്ധതിയിൽ ഭഗവത്ഗീത പോലുള്ള മത ഗ്രസ്ഥങ്ങൾ ഉൾപ്പെടുത്തുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്തെന്നാൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം മുതൽ മതത്തിലൂന്നിക്കൊണ്ടുള്ള വിദ്യാഭ്യാസം (ഹൈന്ദവമതം) മുന്നോട്ടുവെച്ചാൽ ഭാവിയിലേക്ക് ഒരു മത സമൂഹത്തെ വാർത്തെടുക്കുക എന്നത് എളുപ്പമാണ്. അതുകൊണ്ടാണ് ഭഗവത്ഗീതയിൽ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളും തത്വങ്ങളും പരിചയപ്പെടുത്തുക എന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഗാനി അഭിപ്രായപ്പെട്ടത്. മതേതരത്ത ജനാധിപത്യ ഇന്ത്യയെ ഹിന്ദുത്വ –മുതലാളിത്ത ഇന്ത്യയാക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ നേതൃത്തത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രവൃത്തികളോട് യോജിക്കുന്നതാണ് ഗുജറാത്ത് സർക്കാരിന്റെ ഈ തീരുമാനം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിന് മോദി സർക്കാർ മുന്നോട്ടുവെക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് സ്കൂൾ പാഠ്യപദ്ധതികളിൽ മതപരവും പരമ്പരാഗതവുമായ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. അറിവധിഷ്ഠിതമായ ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ ആപ്തവാക്യം തന്നെ ‘ യാതൊരു വിദ്യയുണ്ടോ അത് മോക്ഷത്തിനു (വിമുക്തി, വിമോചനം) വേണ്ടിയാണ് (Sa Vidya Ya Vimuktye) ’ എന്നതാണ്. കേന്ദ്ര സർക്കാർ വിദ്യാഭ്യാസരംഗത്തും പാഠ്യപദ്ധതികളിലും നടത്തുന്ന ഹൈന്ദവാത്മകമായ ഇടപെടലുകൾ വിദ്യാഭ്യാസത്തിന്റെ മൗലികമായ ഈ ലക്ഷ്യത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

അറിവിലെ യൂറോകേന്ദ്രിത സമീപനത്തെ മുൻനിർത്തിയാണ് നരേന്ദ്രമോദി ഇന്ത്യയിൽ ഇന്ന് ഭഗവത്ഗീതയെ ഉയർത്തിപ്പിടിക്കുന്നത്. അതിനായി അദ്ദേഹം ജർമ്മൻ ചിൻന്തകനായ ആർതർ ഷീഫൻ ഹൗറിന്റെ (Arthur Schopenhauer) ഭഗവത്ഗീത പരാമശങ്ങളെയാണ് കൂട്ടുപിടിക്കുന്നത്.

ഇന്ത്യൻ സാഹിത്യത്തിലെ സുന്ദരമായ കാവ്യംതന്നെയാണ് ഭഗവത്ഗീത. പക്ഷേ ഈ പുരാണസാഹിത്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയെന്താണ് എന്ന് ചിന്തിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഹിന്ദുത്വ – മുതലാളിത്ത അജണ്ടകളെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കും. ഭഗവത്ഗീതയെ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കുകയോ, പ്രാവർത്തികമാക്കുകയോ ചെയ്യുകയാണെങ്കിൽ അതുപ്രകാരം കർമ്മ സിദ്ധാന്തമനുസരിച്ച് ടാറ്റയും, അമ്പാനിയും, അദാനിയുമൊന്നും ശത / സഹസ്ര കോടീശരൻമാരായും, അരികുവൽക്കരിക്കപ്പെട്ട / പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ, ദളിത് മുതലായവർ ദരിദ്രൻമാരായും പാർശ്വവൽക്കരിക്കപ്പെട്ടവരായും നിലനിൽക്കില്ലായിരുന്നു. അതുകൊണ്ടെല്ലാമാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവായ ഡോ. ഭീമറാവു അംബേദ്കർ ഹിന്ദുയിസത്തെയും ഭഗവത്ഗീതയെയും വിമർശിച്ചത്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യഘടനയെയും, അധികാരശ്രേണീകരണത്തെയും, സാമൂഹിക അസമത്വത്തെയും ചേർത്തുപിടിച്ചുകൊണ്ട് ബ്രാമണിക്കലായ ഒരു സാമൂഹിക വ്യവസ്ഥയെയാണ് അത് ഊട്ടി ഉറപ്പിക്കുന്നത്.

യഥാർത്ഥത്തിൽ ഭഗവത്ഗീത ഏകശിലാത്മകമായ ദർശനമാണ് മുന്നോട്ടുവെക്കുന്നത്. മനുഷ്യന് അവൻ ജീവിച്ചുകൊണ്ടിരിക്കുന്ന കാലങ്ങളിൽ ഒന്നും തന്നെ ചെയ്യാനില്ല. വരും ജന്മങ്ങൾക്കും, മോക്ഷത്തിനും വേണ്ടിയാണ് അവൻ പരിശ്രമിക്കേണ്ടത് എന്ന് പറയുന്ന, കർമ്മത്തിലും ധർമ്മാർത്ഥ മോക്ഷത്തിലും (ബ്രാഹ്മണ ദർശനപ്രകാരം) അധിഷ്ഠിതമായ സാമൂഹികക്രമത്തെ അടയാളപ്പെടുത്തുന്ന ഒരു മതഗ്രന്ഥത്തെയാണ് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിലെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്.

ഭരണകൂടത്തിന്റെ മുതലാളിത്ത –മത താൽപ്പര്യങ്ങളെ സംരക്ഷിക്കാനോ, വളർത്തുവാനോ ഉള്ള ഇടമല്ല വിദ്യാഭ്യാസകേന്ദ്രങ്ങൾ. മനുഷ്യനിൽ യുക്തിബോധം ഉണർത്തുവാനും, സ്വതന്ത്രമായി ചിന്തിക്കാനുമുള്ള ശേഷിയാണ് വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാകേണ്ടത്. വിദ്യാഭ്യാസം നേടാനുള്ള അവകാശത്തെ മൗലികാവകാശമായി പരിരക്ഷിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് അക്കാദമിക് വിദഗ്ദരും ഗവേഷകരും വിദ്യാഭ്യാസ പാഠപദ്ധതികൾ രൂപപ്പെടുത്തട്ടെ. എന്നാൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ മൗലികമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കുകയുള്ളു.


കടപ്പാട് : ഭബാനി ശങ്കർ നായക്, ഗ്ലാസ്‌ഗോ സർവകലാശാല, യുകെ / countercurrents.org


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal