ഞങ്ങളുടെ മക്കളും വായിക്കട്ടെ…

വായന ദിന ആഘോഷത്തിനു വേണ്ടി വർഷാവർഷം കോടികൾ ചിലവാക്കുന്ന കേരളത്തിൽ കൂലിപ്പണിക്കാരായ ദരിദ്ര്യ-ദളിത് ജനങ്ങൾ അവരുടെ കൂലി മിച്ചം പിടിച്ചു കുറച്ച് പട്ടിക കഷ്ണങ്ങളും ടർപ്പാളയും വലിച്ച് കെട്ടി ഒരു വായനശാല ഒരുക്കുകയാണ്.ഇതിൽ ഒരു അധികാര വർഗത്തിനും പങ്കു പറ്റുവാനില്ല.

മറിയം സഫീറ

ജാതിയതയുടെ പേരിൽ അവകാശങ്ങളൊക്കെയും നിഷേധിക്കപെട്ട ഒരു നാട്… നിഷേധിക്കപെട്ടവയുടെ കണക്കെടുത്താൽ കുടിവെള്ളം മുതൽ വായനശാലകൾ വരേയുണ്ട്…

ഇങ്ങനെയൊരു നാടോ എന്ന് ചോദിച്ചു നിങ്ങൾ അത്ഭുതത്തോടെ നെറ്റി ചുളിച്ചേക്കാം അതല്ലങ്കിൽ പ്രബുദ്ധ കേരളത്തിനു പുറത്ത് ഏതെങ്കിലുമൊരു പ്രദേശമായിരിക്കും എന്ന് പറഞ്ഞേക്കാം. എന്നാൽ ഞാൻ പറയുന്ന നാട് കേരളത്തിന്റെ അതിർത്തിക്കു അകത്താണ്. വിദ്യാ സമ്പന്നതയുടെ നാട് എന്ന് പുളകം കൊള്ളുന്ന തിരുവനന്തപുരം ജില്ലയിൽ. കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ നിന്ന് 35 ഓളം കി.മീ. യാത്രചെയ്‌താൽ ഈ നാട്ടിലെത്താൻ കഴിയും. കിളിമാനൂർ തോപ്പിൽ കോളനി. നൂറിൽ അധികം കുടുംബങ്ങൾ ജീവിക്കുന്ന ഒരു ദളിത് കോളനി. ഭരണകൂടങ്ങൾ കണ്ടില്ലന്ന് നടിക്കുന്ന ജനങ്ങളാണവർ. എന്നാൽ അവർ ഒതുങ്ങുവാൻ തയ്യാറല്ല. അവർക്ക് നിഷേധിക്കുന്നതൊക്കെയും നേടുവാൻ പ്രതിഞ്ജയെടുത്ത് പോരാടുന്നവർ. അവർക്ക് വേണ്ടി മാത്രമല്ല അവരുടെ തലമുറക്കു വേണ്ടി സമരം നടത്തുകയാണ്. നിഷേധനങ്ങൾക്കു ബദലുകൾ തീർത്തു മുന്നേറാൻ തയ്യാറായ ഒരു ജനതയുടെ കൂട്ടായ്മ നിങ്ങൾക്ക് തോപ്പിൽ കോളനിയിൽ കാണാൻ സാധിക്കും. ഒരു വോട്ട് രാഷ്ട്രീയ പാർട്ടിയും താങ്കൾക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന ബോധത്തിൽ നിന്ന് കക്ഷി രാഷ്ട്രീയമില്ലാതെ ഒരു ജനകീയ കൂട്ടായ്മ അവിടെ ഉയർന്നു വന്നിട്ടുണ്ട്. ജനകീയ മുന്നേറ്റ സമിതി എന്നവർ അതിന് പേരിട്ടു.

ജാതിയുടെ പേരിൽ അവർക്ക് വിലക്ക് കല്പിച്ച ഭരണകൂടത്തോട് പൊരുതികൊണ്ടുതന്നെയാണ് അവരുടെ ദൈന്യം ജീവിതം മുന്നോട്ടു പോകുന്നത്. വായന ദിന ആഘോഷത്തിനു വേണ്ടി വർഷാവർഷം കോടികൾ ചിലവാക്കുന്ന കേരളത്തിൽ കൂലിപ്പണിക്കാരായ ദരിദ്ര്യ-ദളിത് ജനങ്ങൾ അവരുടെ കൂലി മിച്ചം പിടിച്ചു കുറച്ച് പട്ടിക കഷ്ണങ്ങളും ടർപ്പാളയും വലിച്ച് കെട്ടി ഒരു വായനശാല ഒരുക്കുകയാണ്.ഇതിൽ ഒരു അധികാര വർഗത്തിനും പങ്കു പറ്റുവാനില്ല. ഇത് അവരുടെ ആഗ്രഹത്തിനു മേൽ അവരുടെ സ്വയം വിയർപ്പ് കൊണ്ട് പണിയുന്നതാണ്.

സർക്കാർ രേഖകളിൽ കോടിക്കണക്കിന് രൂപ ചിലവഴിച്ചു വികസനം അതിന്റെ പൂർണതയിൽ എത്തി നിൽക്കുന്നു എന്ന് പറയപ്പെടുന്ന ദളിത് കോളനിയിലാണ് ഇത്തരമൊരു വായനശാല ഉയർന്നു വരുന്നത്.പ്രാഥമിക വികസനങ്ങൾ പോലും സാധ്യമാക്കാത്ത തോപ്പിൽ കോളനിക്കകത്താണ് ഏ.കെ.ആർ ക്വാറിയും ക്രഷറും പ്രവർത്തിക്കുന്നത്. കോളനിയിലെ ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുകയും അതേ സമയം തന്നെ കുത്തക മുതലാളിമാർക്ക് വേണ്ടി ആ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി അവരുടെ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യാൻ ഭരണകൂടം ഒത്താശ ചെയ്യുന്നത്.

തോപ്പിൽ കോളനിയിൽ അംഗനവാടിയോ,ജനങ്ങൾക്ക് ഒരുമിച്ച് കൂടാനുള്ള കമ്മ്യൂണിറ്റി ഹാളുകളോ മറ്റു സൗകര്യങ്ങളോയില്ല. ആരോഗ്യവും അറിവുമുള്ള പൗരൻമാരാണ് രാജ്യത്തിന്റെ ആസ്തിയെന്ന് പറഞ്ഞു വെക്കുന്ന അധികാര വർഗങ്ങൾ ദളിത് ജീവിതങ്ങളെ രാജ്യത്തിന്റെ പൗരൻമാരായി പോലും കണക്കാക്കുന്നില്ല എന്നതാണ് വാസ്തവം. ജാതിയമായും സാമ്പത്തികമായും അടിച്ചമർത്തപ്പെടുന്ന ദാരിദ്ര്യ-ദളിത് ജനങ്ങളുടെ ആരോഗ്യവും അറിവും ഭരണകൂടത്തിനു ബാധ്യതയാകുന്നില്ല അതല്ലങ്കിൽ അവരുടെ വളർച്ച അവർക്ക് പ്രാധാന്യമുള്ളതാകുന്നില്ല.

തങ്ങളുടെ അധികാര പരിധിയിൽ ഇങ്ങനെയൊരു സംരംഭം ഉയർന്നു വരുന്നത് നാട്ടിൽ ചർച്ചയായിട്ടും വേണ്ടപെട്ട പഞ്ചായത്ത്‌ അധികാരികൾ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്. അതോടൊപ്പം ഈ വായനശാലയുടെ നിലനിൽപ്പിനെ കുറിച്ചും ജനകീയ സമതിക്ക് ആശങ്കയുണ്ട്.കാരണം, മുൻപ് കോളനിയിൽ നടന്നിട്ടുള്ള കുടിവെള്ള സമരം മുതൽ ക്വാറി മാഫിയയ്ക്കെതിരെ വരെ നടന്നിട്ടുള്ള സമിതിയുടെ പ്രതിഷേധങ്ങളോട് അധികാരികളുടെ പിൻബലത്തോടെ, സി പി എം-ക്വാറി മാഫിയ ഗുണ്ടകളുടെ ആക്രമണവും അടിച്ചമർത്തലും സമരത്തിൽ പങ്കെടുത്തവർക്ക് ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്.

ഭരണവർഗങ്ങൾക്കു പിന്തള്ളികളയാനാണ് തീരുമാനമെങ്കിൽ ഇവർ അങ്ങനെ പിന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. വരും തലമുറക്കു വേണ്ടിയാണ് ഇവിടെയൊരു വായനശാല ഉയരുന്നത് തന്നെ. വായനാ ശീലമുള്ള പ്രതികരണ ശേഷിയുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് അവരുടെ ലക്ഷ്യം. 2022 ജൂലൈ 3 ന് കവി അജിത് എം പച്ചനാടൻ വായനശാല ഉദ്ഘാടനം ചെയ്യുന്നു.

ജനകീയ വായനശാല പുസ്തക സമാഹരണം നടത്തുന്നത് ജനകീയമായിതന്നെയാണ്. തീർച്ചയായും അവരുടെ ഈ പ്രവർത്തനത്തെ വിജയിപ്പിക്കുക തന്നെവേണം.ഇത്തരം ജനകീയ കൂട്ടായ്മകളോട് പങ്കുചേരണം. ഒരു വലിയ മുന്നേറ്റമാണ് നടക്കുന്നത്.അഞ്ചുവർഷം മുൻപേ ജാതിയില്ലാ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികമാഘോഷിച്ച സി പി എം പാർട്ടിയുടെ ഭരണകാലത്താണ് ജാതീയതയുടെ പേരിൽ വിലക്ക് കല്പിച്ചത് അവർ നേടിയെടുക്കുന്നത്..

ജനകീയ വായന ശാലയിലേക്ക് നിങ്ങളും പുസ്തകങ്ങൾ നൽകുക.നിങ്ങളുടെ പുസ്തകങ്ങൾ ഒരു അടയാളപെടുത്തലാണ്. ഇവിടുത്തെ അധികാര – സവർണ വർഗത്തോടുള്ള പ്രതിഷേധത്തിന്റെയും പോരാട്ടത്തിന്റെയും അടയാളപെടുത്തൽ..

ജനകീയ മുന്നേറ്റ സമിതിയുടെ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർ സമിതിയുടെ കൺവീനർ സേതുസമരത്തെ ബന്ധപ്പെടാവുന്നതാണ്.

സേതുസമരം – 92 07 80 78 98

സേതുസമരം
ജിത്തു ഭവൻ,
തോപ്പിൽ കോളനി,
മുളക്കാലത്തുകാവ്,
തട്ടത്തുമല – 695614
തിരുവനന്തപുരം.

(ബുക്കുകൾ പോസ്റ്റൽ വഴിയും എത്തിച്ചു കൊടുക്കാവുന്നതാണ്)


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal