തീരജനതയുടെ അതിജീവന സമരത്തിന്റെ ആയിരം ദിനങ്ങൾ

എത്രതന്നെ അടിച്ചമർത്താനും അവഗണിക്കാനും ശ്രമിച്ചാലും കൊടിയ വഞ്ചനകളും, വാഗ്ദാനങ്ങളും, വാഗ്ദാന ലംഘനങ്ങളും കൊണ്ട് സമരത്തെ വഴിതെറ്റിക്കാനും തകർക്കാനും ശ്രമിച്ചാലും തീരസംരക്ഷണം ഉറപ്പാക്കാതെ ഇനി പിന്നോട്ടില്ല എന്ന അഭിമാനകരമായ രാഷ്ട്രീയ പ്രഖ്യാപനമാണ് ചെല്ലാനം-കൊച്ചി തീരജനത ഈ സമരത്തിലൂടെ നടത്തുന്നത്.

ചെല്ലാനം-കൊച്ചി തീരത്തിൻ്റെ സംരക്ഷണത്തിനായി ജനകീയവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജനകീയ സമരം ജൂലായ് 23 ന് ആയിരം ദിവസത്തിലേയ്ക്ക്. തീരസംരക്ഷണത്തിനു വേണ്ടി ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഇന്ത്യയിൽ തന്നെ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സമരമായി മാറിക്കഴിഞ്ഞതാണ്. ജനകീയ പങ്കാളിത്തം കൊണ്ടും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കൊണ്ടും ഇന്ന് തീരമേഖലയിൽ നടന്നു വരുന്ന സമരങ്ങളിൽ സ്വന്തമായ മുദ്ര പതിപ്പിക്കാൻ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.

കൊച്ചിൻ പോർട്ടിൽ നിന്നും മണ്ണ് ലഭ്യമാക്കി ചെല്ലാനം-കൊച്ചി തീരം പുനർ നിർമ്മിക്കുക, നിലവിൽ സർക്കാർ നടപ്പിലാക്കുന്ന ടെട്രാപോഡ് കടൽഭിത്തി-പുലിമുട്ട് നിർമ്മാണ പദ്ധതി ചെല്ലാനം- കൊച്ചി തീരത്തുടനീളമായി വിപുലമാക്കി നടപ്പിലാക്കുക, പദ്ധതി പൂർത്തിയാക്കുന്നതിനിടക്കുള്ള കാലയളവിൽ കടൽകയറ്റ പ്രതിരോധത്തിനായി ജനകീയ പങ്കാളിത്തത്തോടെ താൽക്കാലിക പ്രതിരോധ നടപടികൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ നേടിയെടുക്കും വരെ ഈ സമരത്തിൽ നിന്നും പിന്നോട്ടില്ല എന്ന ഉജ്ജ്വലമായ പ്രഖ്യാപനത്തിനുള്ള അവസരമായി ആയിരം ദിവസങ്ങൾ പിന്നിടുന്ന സാഹചര്യം ഉപയോഗിക്കുവാൻ ജനകീയവേദി തീരുമാനിച്ചിരിക്കുകയാണ്. അത് കൊണ്ട് 2022 ജൂലൈ 24 നു ജനകീയവേദിയുടെ സമരത്തിൻ്റെ ആയിരത്തിഒന്നാമത്തെ ദിവസം മാനാശ്ശേരി തൊള്ളെ കടപ്പുറത്ത് കടൽസമാധി സമരം സംഘടിപ്പിക്കുകയാണ്. തീരം സംരക്ഷിക്കപ്പെടുന്നത് വരെ തീരാ ജനതയുടെ ഈ അഭിമാന പോരാട്ടത്തിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അന്നേ ദിവസം പ്രതിജ്ഞയെടുത്തു കൊണ്ട് അന്നേ ദിവസം വൈകീട്ട് 4 മണിക്ക് സൗദി പള്ളിയങ്കണത്തിൽ നിന്നും ദീപശിഖയേന്തി തൊള്ളെ കടപ്പുറത്തേക്ക് മാർച്ച് ചെയ്തു കൊണ്ടാണ് കടൽസമാധി സമരം സംഘടിപ്പിക്കുന്നത്.

ഒരു ജനകീയ സമരം ആയിരം ദിവസം നീണ്ടു നിൽക്കുന്നു എന്നത് രണ്ടു വസ്തുതകളാണ് തുറന്നുകാണിക്കുന്നത്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ എന്തുമാത്രം പരാജയമാണെന്ന വസ്തുതയാണ് ഒന്നാമത്തേത്. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ പരാജയപ്പെട്ട എല്ലാ സംവിധാനങ്ങൾക്കുമെതിരെ പ്രശ്‌നപരിഹാരത്തിനായി ഉയർന്നുവന്ന ജനകീയപ്രക്ഷോഭത്തിൻ്റെ തകർക്കാനാകാത്ത ഇച്‌ഛാശക്തിയാണ് രണ്ടാമത്തെ വസ്തുത എന്ന് ചെല്ലാനം-കൊച്ചി ജനകീയവേദിപ്രവർത്തകർ പറയുന്നു.

എത്രതന്നെ അടിച്ചമർത്താനും അവഗണിക്കാനും ശ്രമിച്ചാലും കൊടിയ വഞ്ചനകളും, വാഗ്ദാനങ്ങളും, വാഗ്ദാന ലംഘനങ്ങളും കൊണ്ട് സമരത്തെ വഴിതെറ്റിക്കാനും തകർക്കാനും ശ്രമിച്ചാലും തീരസംരക്ഷണം ഉറപ്പാക്കാതെ ഇനി പിന്നോട്ടില്ല എന്ന അഭിമാനകരമായ രാഷ്ട്രീയ പ്രഖ്യാപനമാണ് ചെല്ലാനം-കൊച്ചി തീരജനത ഈ സമരത്തിലൂടെ നടത്തുന്നത്. ഒരു സമയത്ത് ജനകീയവേദിയുടെ സമരത്തെ ഭീകരവാദമുദ്ര ചുമത്തി തകർക്കാൻ കിണഞ്ഞു പരിശ്രമിച്ച പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി എന്ന സംഘടനാ പിന്നീട് സ്വയം ഇല്ലാതായതും ചരിത്രം എന്ന് തീരജനത.

2019 ഒക്ടോബറിൽ ചെല്ലാനം കമ്പനിപ്പടിയിൽ മറിയാമ്മ ജോർജ്ജ് കുരിശിങ്കൽ എന്ന അമ്മച്ചിയുടെ നേതൃത്വത്തിൽ ഏതാനും സ്ത്രീകൾ കടൽകയറ്റത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് തുടക്കം കുറിച്ച പോരാട്ടമാണ് ഇന്ന് ചെല്ലാനം-കൊച്ചി തീരജനതയുടെ നിലനിൽപ്പിനായുള്ള അഭിമാന പോരാട്ടമായി മാറിയിരിക്കുന്നത്. അന്നുമുതൽ ഇന്ന് വരെ നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ടാണ് സമരം മുന്നോട്ട് പോകുന്നത്. തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും ഉള്ള സ്ത്രീപങ്കാളിത്തം ഈ സമരത്തിൻ്റെ കരുത്താണ്. ജനകീയമായ കടലറിവുകൾ ശേഖരിച്ചു കൊണ്ട് തങ്ങളുടെ തീരം നേരിടുന്ന പ്രശനമെന്താണെന്നും അതിനു പരിഹാരമെന്താണെന്നും വ്യക്തവും കൃത്യവുമായ നിലപാടുകൾ രൂപീകരിച്ചു കൊണ്ടാണ് ഈ സമരം മുന്നോട്ട് നീങ്ങുന്നത്.

ലോകാമാകെ നിശ്ചലമായ 2020 ലെ ലോക് ഡൌൺ സമയത്തു പോലും സമരത്തിൽ നിന്ന് പിന്മാറാതെയാണ് തീരജനത മുന്നോട്ട് പോയത്. ഇപ്പോൾ കേരള സർക്കാർ കൊട്ടിഘോഷിക്കുന്ന ടെട്രാപോഡ് കൊണ്ടുള്ള കടൽഭിത്തിയും പുലിമുട്ടുകളും നിർമ്മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വച്ചതും ചെല്ലാനം-കൊച്ചി ജനകീയവേദിയാണ്. എന്നാൽ അന്ന് ജിയോ ട്യൂബ് കൊണ്ടുള്ള കടൽഭിത്തി എന്ന അപ്രായോഗിക നിർദേശവുമായി മുന്നോട്ട് പോവുകയാണ് കേരള സർക്കാർ ചെയ്തത്. പിന്നീട് അതെ സർക്കാർ തന്നെ തങ്ങളുടെ തീരുമാനം മാറ്റാൻ നിർബന്ധിതരായി. പക്ഷെ ചെല്ലാനം-കൊച്ചി ജനകീയവേദി പറഞ്ഞ തീരത്തുടനീളം ടെട്രാപോഡ് കടൽഭിത്തിയും പുലിമുട്ട് പാടങ്ങളും നിർമ്മിക്കണമെന്ന നിർദ്ദേശം അട്ടിമറിച്ചു കൊണ്ട് ഇപ്പോൾ തീരത്തെ മുഴുവനുമായി സംരക്ഷിക്കാത്ത തിരുനമാനവുമായാണ് ഇടത് സർക്കാർ കൈക്കൊള്ളുന്നത് .

“ജനകീയവേദിയുടെ സമരങ്ങൾ അനാവശ്യമാണെന്നും പഞ്ചായത്തിൽ അധികാരത്തിൽ വന്നാൽ പ്രശ്നം പരിഹരിക്കാമെന്നും വ്യാമോഹം വിളമ്പി കൊണ്ട് വന്ന ചെല്ലാനം 20-20യും ഇപ്പോൾ തീരസംരക്ഷണ പ്രവർത്തനങ്ങളിൽ കുറ്റകരമായ വീഴ്ച വരുത്തി ജനങ്ങളുടെ മുന്നിൽ സ്വയം പരിഹാസ്യരാകുന്നതും നമ്മൾ ഈ കാലയളവിൽ കണ്ടു. വ്യാപകമായ കള്ളാ പ്രചരണങ്ങൾ അഴിച്ചു വിട്ടു കൊണ്ടും കപട സമരങ്ങൾ സംഘടിപ്പിച്ചും തങ്ങളുടെ വീഴ്ച മറച്ചു വെക്കാനുള്ള ശ്രമത്തിലാണ് അവർ.”ജനകീയവേദിയുടെ വർക്കിങ് ചെയർമാൻ ജയൻ കുന്നേൽ.

കേരളസർക്കാരിൻ്റെയും, കൊച്ചിൻ പോർട്ടിൻ്റെയും ജനവിരുദ്ധത തുറന്നുകാണിക്കുന്നതിൽ ജനകീയവേദിയുടെ സമരം വിജയിച്ചിട്ടുണ്ട്. അത് പോലെ തന്നെ കടൽകയറ്റം പരിഹരിക്കുന്നതിൽ ചെല്ലാനം പഞ്ചായത്ത് അംഗങ്ങൾ, കൊച്ചി എംഎൽഎ, എറണാകുളം എം.പി തുടങ്ങി എല്ലാ ജനപ്രതിനിധികളുടെയും കുറ്റകരമായ അനാസ്ഥയെ ജനസമക്ഷം വെളിപ്പെടുത്താനും ദീർഘമായ ഈ കാലയളവിൽ ജനകീയവേദിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് ജയൻ കുന്നേൽ .

“സംരക്ഷിക്കുന്നു എന്ന വ്യാജേന തീരജനതയെ കുടിയിറക്കാനുള്ള പുനർഗേഹം പദ്ധതിയുടെ പിന്നിലെ വഞ്ചന ആദ്യമായി തുറന്നു കാട്ടിയത് ജനകീയവേദിയാണ്. ജനകീയവേദിയുടെ പ്രവർത്തനഫലമായി സംസ്ഥാനവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഇപ്പോഴും പുനർഗേഹം പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. അതു കൊണ്ട് തന്നെ ജനകീയവേദി സമരത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഉയർത്തിയ കുടിയിറക്കലും പുനരധിവാസവുമല്ല തീരസുരക്ഷയാണ് വേണ്ടത് എന്ന മുദ്രാവാക്യം ഇപ്പോഴും പ്രസക്തമായി തുടരുന്നു.”എന്ന് ജനറൽ കൺവീനറായ വി ടി സെബാസ്റ്റ്യൻ പറയുന്നു.

കേരളത്തിലെ തീരസംരക്ഷണത്തിനായി നടക്കുന്ന ജനകീയസമരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും പ്രസക്തവുമായ സമരമാണ് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജനകീയസമരം. വ്യാജ പ്രചരണങ്ങളും കപട സമരങ്ങളും കൊണ്ട് എല്ലാ ജനവിരുദ്ധരും ഈ സമരത്തെ പരാജയപ്പെടുത്താൻ ഇന്ന് ഒറ്റകെട്ടായി ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈ സമരം പരാജയപ്പെടുക എന്നതിനർത്ഥം ചെല്ലാനം-കൊച്ചി തീരം ഇല്ലാതാകുക എന്നതാണെന്ന് തിരിച്ചറിഞ്ഞ തീരജനതയാണ് ഇന്ന് ഈ സമരത്തിനു പിന്നിൽ അണിനിരക്കുന്നത്. അത് കൊണ്ട് തന്നെ പട്ടിക്ക് എല്ലിൻ കഷ്ണം എറിഞ്ഞു കൊടുത്ത് പാട്ടിലാക്കാൻ ശ്രമിക്കുന്ന പോലെ ഭാഗികമായ തീരസംരക്ഷണ പദ്ധതി നടപ്പിലാക്കി ജനങ്ങളെ ഭിന്നിപ്പിച്ചു സമരത്തെ തകർക്കാനുള്ള ശ്രമത്തെ ചെറുത്തു കൊണ്ട് സമരം തുടരുക തന്നെയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ജനകീയവേദി പ്രവർത്തകർ പറയുന്നു.

ചെല്ലാനം-കൊച്ചി തീരം സംരക്ഷിക്കപ്പെടണമെന്നും തീരജനതക്ക് ജീവിത സുരക്ഷ ഉറപ്പു വരുത്തണമെന്നും ആഗ്രഹിക്കുന്നവർ ഈ സമരത്തിൽ പങ്കാളികളാകണം. ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ അതിജീവന സമരത്തോട് അറോറയും ഐക്യപ്പെടുന്നു.


Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn

Join us on Telagram https://t.me/aroraonlinenewsportal