ഇ എം ഐ അടയ്ക്കാൻ വൈകി; ബാങ്കുകാരുടെ ശല്യം മൂലം വീട്ടമ്മ ജീവനൊടുക്കി

“അമ്മയെ തോളിൽ താങ്ങി ഉമറത്ത് കൊണ്ട് കിടത്തിയപ്പോൾ ഏജന്റ് പറഞ്ഞത് അമ്മ അഭിനയിക്കുകയാണ് എന്നാണ്”


മുഹമ്മദ് ഹനീൻ

പാലക്കാട് ഇ എം ഐ അടയ്ക്കാൻ വൈകിയതിനെ തുടർന്നുണ്ടായ മൈക്രോഫിനാൻസുകാരുടെ ശല്യം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് പാലക്കാട് ജില്ലയിലെ അകത്തേതറ മരുതക്കോടുള്ള പത്മാവതി(55) ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടു മാസം മുമ്പ് ബജാജ് മൈക്രോ ഫിനാൻസിന്റെ ഇ എം ഐ വഴി 14000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പത്മാവതിയുടെ പേരിൽ മകൻ വാങ്ങിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം മകന് ഈ മാസത്തെ ലോൺ അടക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ നിരന്തരമായി ഫിനാൻസ് സ്ഥാപനത്തിന്റെ ഏജന്റ് വീട്ടിൽ വന്ന് കുടുംബത്തെ ശല്യപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പത്മാവതി കുളിമുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.

ഗുരുതരമായി പരുക്കേറ്റ പത്മാവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും നാലാം ദിവസം മരണം സംഭവിക്കുകയായിരുന്നു. മകൻ അരുൺ മൈക്രോ ഫൈനൻസിനെതിരെ പാലക്കാട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ പത്മാവതി മരിക്കുന്നതിന് മുമ്പ് പരാതി നൽകിയിരുന്നെങ്കിലും പോലീസ് കേസെടുത്ത് അന്വേഷിക്കാൻ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. 2014 രൂപ നിരക്കിൽ 5 മാസം കൊണ്ട് അടയ്ക്കുന്ന സ്കീമിലാണ് മകൻ അരുൺ അമ്മയുടെ പേരിൽ ലോൺ എടുത്തത്. ആദ്യമാസം കൃത്യമായി ലോൺ അടയ്ക്കാൻ പറ്റിയിരുന്നെങ്കിലും കച്ചവടത്തിൽ നേരിട്ട തകർച്ചയും ആരോഗ്യ പ്രശ്‌നങ്ങളും കാരണം ഈ മാസം ഇ എം ഐ അടവ് മുടങ്ങുകയായിരുന്നു. പത്മാവതിയുടെ അസ്വാഭാവിക മരണത്തിൽ പോലീസ് വെള്ളിയാഴ്ച(24/3/2023) കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മകൻ അരുൺ അറോറയോട് പറഞ്ഞത്.

ബജാജിൽ നിന്ന് ഒരു ഫോൺ ഇ എം എ വഴി അമ്മയുടെ പേരിൽ എടുത്തിട്ടുണ്ടായിരുന്നു. 14000 രൂപയുടെ ഫോൺ ആയിരുന്നു എടുത്തത്. രണ്ടാമത്തെ അടവ് ഈ മാസം രണ്ടാം തീയതി അടയ്ക്കേണ്ടതായിരുന്നു. കണ്ണിനു വയ്യാത്തോണ്ട് ഈ മാസം എനിക്ക് പണിക്കൊന്നും പോകാൻ പറ്റിയില്ല. അത് ഞാൻ മാനേജറെ വിളിച്ചു പറഞ്ഞിരുന്നു. ഈ മാസം ജോലി ഇല്ലായിരുന്നു. അടുത്ത മാസം ശമ്പളം കിട്ടുമ്പോൾ ഞാൻ അടയ്ക്കാം. നിങ്ങളുടെ കയ്യിൽ വല്ലതും ഉണ്ടെങ്കിൽ ഒന്ന് അടയ്ക്കുമോ എന്ന് ഞാൻ മാനേജറോട് ചോദിച്ചിരുന്നു. പൈസ റോൾ ചെയ്യാൻ എനിക്ക് മറ്റ് വഴികൾ ഇല്ലെന്നും ഞാൻ അവരോട് പറഞ്ഞിരുന്നു. ഇതേ കാര്യം തന്നെ ഞാൻ വീട്ടിൽ വന്ന ബാങ്കിന്റെ പ്രിയ എന്ന ഏജന്റിനോടും പറഞ്ഞെങ്കിലും അവർ അത് കേൾക്കാൻ കൂട്ടാക്കിയില്ല. മാത്രമല്ല, എനിക്ക് നിങ്ങളോട് സംസാരിക്കാൻ താല്പര്യം ഇല്ല പത്മാവതി എവിടെ അവരോട് ആണ് എനിക്ക് സംസാരിക്കേണ്ടത് എന്ന് പറഞ്ഞു എന്നോട് ദേഷ്യപ്പെട്ടു.പത്മാവതിയുടെ പേരിലാണ്‌ ഫോൺ എടുത്തിരിക്കുന്നത് അത് കൊണ്ട് പത്മാവതി എന്നോട് സംസാരിച്ചാൽ മതിയെന്നാണ് അവർ പറഞ്ഞത്. പൈസ കിട്ടാതെ പോകില്ലെന്ന പിടി വാശിയിൽ അവർ വീടിനു മുന്നിൽ ഇരിന്നു.

അമ്മക്ക് നല്ല പേടിയുള്ള കൂട്ടത്തിലാണ്. ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ പോലും അമ്മയ്ക്ക് പേടിയാണ് . ഞാൻ അവരോട് പറഞ്ഞതാണ് എന്റെ പേരിൽ പോലീസിൽ കേസ് കൊടുക്കാൻ. ഞാൻ ഇത് ഏറ്റെടുത്തോളാം…അമ്മയ്ക്ക് ഇതൊന്നും പറ്റില്ല. ഞാൻ ഇതെല്ലാം പറയുമ്പോഴും അവർ പറയുന്നത് എന്റെ ഓഫീസിൽ നിന്നും ലോൺ എടുത്തത് പത്മാവതിയാണ് നിന്നോട് സംസാരിക്കേണ്ട ആവശ്യം എനിക്ക് ഇല്ല നീ പത്മാവതി(അമ്മ)യെ വിളിക്ക് എന്നാണ്. ഇത് കേട്ട അമ്മ പേടിച്ചു കുളിമുറിയിൽ കയറി തൂങ്ങുകയായിരുന്നു. പ്ലാസ്റ്റിക്ക് കയറിലാണ് തൂങ്ങിയത്. ഞാൻ കുറേ വിളിച്ചു അമ്മയെ ‘അമ്മാ വാതിൽ തുറക്ക് അമ്മാ’ ന്നും പറഞ്ഞു.അമ്മ വാതിൽ തുറന്നില്ല. കുളിമുറി ആയത് കൊണ്ട് ഞാൻ ആദ്യം തള്ളി തുറന്നില്ല. കുറെ നേരം വിളിച്ചിട്ടും ശബ്ദം ഒന്നും കേൾക്കാതെ വന്നതോടെ രണ്ടും കല്പിച്ചു ഞാൻ കതകിൽ ആഞ്ഞു തള്ളി. നോക്കിയപ്പോ ,അമ്മ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ജീവൻ പോയിട്ടില്ലായിരുന്നു. അപ്പോഴും ബാങ്കിന്റെ ഏജന്റ് വീടിനു മുന്നിൽ തന്നെ ഉണ്ടായിരുന്നു. അമ്മയെ തോളിൽ താങ്ങി ഉമറത്ത് കൊണ്ട് കിടത്തിയപ്പോൾ ഏജന്റ് പറഞ്ഞത് അമ്മ അഭിനയിക്കുകയാണ് എന്നാണ്. അവർ ഒരു സ്ത്രീ അല്ലായിരുന്നെങ്കിൽ ഞാൻ അടിച്ചേനെ. ഇവിടുന്നു പോയില്ലെങ്കിൽ കല്ലെടുത്ത് എറിയും എന്ന് അച്ഛൻ പറഞ്ഞതോടെയാണ് അവർ വീട്ടിൽ നിന്നും പോയത്.

ആശുപത്രിയിൽ കൊണ്ട് പോയി നാലാം ദിവസമാണ്(24/3/2023) അമ്മ മരിക്കുന്നത്. ഞാൻ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് വന്നതിന്റെ പിറ്റേന്ന് തന്നെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിരുന്നു. പോലീസ് ഞാൻ പറയുന്നതൊന്നും കേൾക്കാൻ തയ്യാറായില്ല. പൈസ ഇല്ലാത്തവർ എന്തിനാണ് ലോൺ എടുക്കുന്നത് എന്നാണ് അവർ എന്നോട് ചോദിച്ചത്. ബജാജിനെ കുറിച്ചോ, അന്ന് ഉണ്ടായ സംഭവത്തെ കുറിച്ചോ ഒന്നും അവർ ചോദിച്ചില്ല.. വേറെ എന്തൊക്കെയോ കാര്യങ്ങൾ ആണ് പോലീസ് എന്നോട് ചോദിച്ചത്. വേറെ ലോൺ ഉണ്ടോ ,അതൊക്കെ അടയ്ക്കാറുണ്ടോ എന്നൊക്കെയാണ്. സഹകരണ ബാങ്കിൽ ഒക്കെ എനിക്ക് ലോൺ ഉണ്ട്. അതൊക്കെ ഞാൻ കൃത്യമായി അടയ്ക്കാറും ഉണ്ടായിരുന്നു.

ബജാജിന്റെ കയ്യിൽ നിന്നും പോലീസ് പൈസ വാങ്ങിയാണോ എന്നോട് ഇങ്ങനെ സംസാരിച്ചത് എന്ന് എനിക്ക് സംശയം ഉണ്ട്. പോലീസ് യാതൊരു തരം അന്വേഷണവും ഞാൻ കൊടുത്ത പരാതിയിൽ അന്ന് നടത്തിയിട്ടില്ല. അമ്മ മരിച്ചതിനു ശേഷമാണ് അവർ അന്വേഷിക്കാൻ തയ്യാറായത്. ഞാൻ ബജാജിന്റെ മാനേജരോട് പറഞ്ഞതായിരുന്നു നിങ്ങൾ വേണമെങ്കിൽ എന്റെ ഫോൺ എടുത്തോണ്ട് പോകാൻ…ഉള്ളത് കൊണ്ട് അടയ്ക്കാത്തത് അല്ല ഇല്ലാത്തത് കൊണ്ടാണ്. സാറിനു പറ്റുമെങ്കിൽ ഈ മാസത്തെ ഒന്ന് അടയ്ക്കുമോ…ഞാൻ 500രൂപ പലിശ തരാം എന്നുവരെ പറഞ്ഞു നോക്കി.എന്നിട്ടും അവർ അതൊന്നും കേൾക്കാൻ തയ്യാറായില്ല.ബ്ലെയ്ഡ്കാരെ പോലെയാണ് അവർ പെരുമാറിയത്.


Join