എഫ് ഐ ആറിന്റെ കോപ്പി ചോദിച്ചതിന് പോലീസിന്റെ മർദ്ദനവും പ്രതിയാക്കും എന്ന ഭീഷണിയും

ശരത് സംസാരിച്ചത് ന്യായമാണ്.പക്ഷെ പോലീസുകാർക്ക് അത് ഇഷ്ടപ്പെട്ടില്ല.എന്റെ മുൻപിൽ വെച്ചാണ് പോലീസ് ശരത്തിനെ തല്ലിയത്.


പാലക്കാട് ഇ എം ഐ അടയ്ക്കാൻ വൈകിയതിനെ തുടർന്നുണ്ടായ ബജാജ് മൈക്രോ ഫിനാൻസിന്റെ പീഢനം മൂലം പത്മാവതി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. പത്മാവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തതിട്ടുള്ള എഫ്ഐആറിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും പകർപ്പ് വാങ്ങാൻ പത്മാവതിയുടെ മകൻ അരുണിനൊപ്പം ഹേമാംബിക നഗർ പോലീസ് സ്‌റ്റേഷനിൽ എത്തിയ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകനായ ശരത് കുമാറിനാണ് പോലീസ് മർദ്ദനവും ഭീഷണിയും നേരിടേണ്ടി വന്നത്.

അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ മാർച്ച് 21ന് ബജാജ് മൈക്രോ ഫിനാൻസിന്റെ പീഢനം മൂലമാണ് പത്മാവതി അമ്മ മരണപ്പെട്ടത് എന്ന് ഞാൻ പരാതി നൽകീരുന്നു.പക്ഷെ, ആ പരാതിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും പോലീസ് എടുത്തില്ല.

അരുൺ അറോറയോട് പറഞ്ഞത്…..

അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ മാർച്ച് 21ന് ബജാജ് മൈക്രോ ഫിനാൻസിന്റെ പീഢനം മൂലമാണ് പത്മാവതി അമ്മ മരണപ്പെട്ടത് എന്ന് ഞാൻ പരാതി നൽകീരുന്നു.പക്ഷെ, ആ പരാതിയുമായി ബന്ധപ്പെട്ട് ഒരു നടപടിയും പോലീസ് എടുത്തില്ല.എന്ന് മാത്രമല്ല പരാതി നൽകിയ എന്നെ കുറിച്ചാണ് ഇവർ കൂടുതൽ അന്വേഷണം നടത്തിയത് എന്നതാണ് വേദനയുണ്ടാക്കുന്നത്. 24ന് അമ്മയുടെ മരണ ശേഷം പ്രകാശൻ (പത്മാവതിയുടെ മരുമകൻ) കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. നിലവിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന കേസിന്റെ എഫ് ഐ ആറിന്റെ കോപ്പി ചോദിച്ചപ്പോൾ പോലീസ് പറഞ്ഞത് നിനക്ക് തരില്ല പരാതിക്കാരനെ കോപ്പി നൽകു എന്ന്.അപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ശരത് പറഞ്ഞു മകന് എഫ് ഐ ആറിന്റെ കോപ്പി നൽകാൻ കഴിയില്ല എന്ന് ഒരു വെള്ളപേപ്പറിൽ എഴുതി തരാൻ പറഞ്ഞു.അപ്പോഴേയ്ക്കും എസ് ഐ യോട് പോയി സംസാരിയ്ക്കാൻ പറഞ്ഞു. എസ് ഐ യോട് ഞാൻ വിവരങ്ങൾ മുഴുവനും പറഞ്ഞു.ഞാൻ ആദ്യം കൊടുത്ത പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ല,നിങ്ങൾ പണമുള്ളവരുടെ കൂടെയാണ് എന്ന് മനസിലായി.എനിയ്ക്ക് എഫ് ഐ ആറിന്റെ കോപ്പിവേണം.ഞാൻ കോടതി വഴി മുന്നോട്ട് പൊയ്ക്കൊള്ളാം.നിങ്ങളിൽ എനിയ്ക്ക് വിശ്വാസമില്ല എന്ന് പറഞ്ഞു.എന്റെ കൂടെ ഉണ്ടായിരുന്ന ശരത്തിനെ എസ് ഐ പുറത്ത് പോകാൻ പറഞ്ഞു. ശരത് അപ്പോൾ ഞാൻ എന്തിന് പുറത്തു പോകണം എന്ന് ചോദിച്ചു. പിന്നീട് ശരത്തും എസ് ഐയും വാക്ക് വാദം നടന്നു.ശരത് സംസാരിച്ചത് ന്യായമാണ്.പക്ഷെ പോലീസുകാർക്ക് അത് ഇഷ്ടപ്പെട്ടില്ല.എന്റെ മുൻപിൽ വെച്ചാണ് പോലീസ് ശരത്തിനെ തല്ലിയത്.

പോലീസ് മർദ്ദനത്തിനെതിരെ പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ ഓൺലൈൻ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.ഞാനും എഴുതുന്നു” എന്നാണ് ക്യാമ്പയിനിന്റെ തലക്കെട്ട്. സ്വന്തം അനുഭവങ്ങൾ എഴുതി സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തു പ്രചരിപ്പിച്ചു കൊണ്ട് പങ്കാളികളാവാനും പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനുമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്ന് പ്രസ്ഥാനം പത്രക്കുറിപ്പിൽ പറയുന്നു.

പോലീസ് മർദ്ദനമേറ്റ ശരത് കുമാർ

ശരത് കുമാർ “ഞാനും എഴുതുന്നു” എന്ന ക്യാമ്പയിനിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പോസ്റ്റിന്റെ പൂർണരൂപം

ഞാനും എഴുതുന്നു “
സുഹൃത്തുക്കളെ
ഇഎംഐ അടക്കാൻ കഴിയാത്തതിന്റെ പേരിൽ ഫിനാൻസ് ഏജൻസികൾ ഭീഷണിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിട്ട പത്മാവതി അമ്മയുടെ മകൻ അരുണിന്റെ ആവശ്യപ്രകാരം എഫ്ഐആർ റിപ്പോർട്ടിന്റെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും പകർപ്പ് വാങ്ങാൻ ഇന്നലെ കാലത്ത് 9 മണിക്ക് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിൽ ചെന്നിരുന്നു, റിപ്പോർട്ട് മകനെ നൽകാൻ പറ്റില്ല എന്ന് പറയുകയും, മകൻ കൊടുത്ത പരാതിയിൽ കേസെടുക്കാതെ, മറ്റൊരു ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തതിൽ ഞങ്ങൾ സംശയം പ്രകടിപ്പിച്ചിരുന്നു, വിവരങ്ങൾ അന്വേഷിക്കാൻ കൂട്ട് പോയ എന്നോട് സ്റ്റേഷനിൽ നിന്നും പുറത്തു പോകുവാൻ പറഞ്ഞു.


മണിക്കൂറുകൾ കഴിഞ്ഞിട്ടും അരുണിനെ എസ് ഐ വിടാതെ ആയപ്പോൾ, റിപ്പോർട്ടിന്റെ കോപ്പി തരൂ ബാക്കി കാര്യങ്ങൾ ഞങ്ങൾ വക്കീലുമായി സംസാരിച്ചോളാം എന്നു മാത്രമാണ് ഞങ്ങൾ പറഞ്ഞത്. തുടർന്ന് നീ ആരാടാ, നീ എന്തിന്റെ നേതാവായാലും ഞങ്ങൾക്ക് ഒരു ചുക്കും ഇല്ല, ഞങ്ങൾക്ക് തോന്നുന്ന പോലെ കേസ് അന്വേഷിക്കുമെടാന്നു ആക്രോശിച്ചുകൊണ്ട്, എന്റെ സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോടാ എന്ന് എസ് ഐ റെനീഷ് പറയുകയും, മർദ്ദിക്കാൻ മുൻകൂട്ടി തീരുമാനിച്ചത് പോലെ, പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ച് റിപ്പോർട്ട് കോപ്പി മാത്രം ആവശ്യപ്പെട്ട് അതു തന്നാൽ പോകാമെന്ന് പറയുകയും എന്നാൽ റിപ്പോർട്ട്‌ നൽകാൻ ഉദ്ദേശമില്ലെന്ന് മനസ്സിലായപ്പോൾ സ്റ്റേഷനിൽ നിന്നും തിരിച്ചിറങ്ങുകയായിരുന്ന എന്നെ എസ് ഐ യുടെ ക്യാബനിൽ നിന്നും ഇറങ്ങി വന്ന് “നീ ചെയ്യാൻ പറ്റുന്നത് ചെയ്യടാ, എസ്പി ഓഫീസിലോ കോടതിയിലോ കൊണ്ട് കേസ് കൊടുക്ക് എനിക്കൊരു ചുക്കും സംഭവിക്കില്ല,”എന്ന് ആക്രോഷിക്കുകയാണ് ഉണ്ടായത്.

“അത് ശരിയാണ് ഈ സ്റ്റേഷനിൽ എനിക്കെതിരെ ഉണ്ടാക്കിയ വ്യാജ കേസ് ഉദാഹരണമാണെന്നും അതിൽ എനിക്ക് നീതി കിട്ടിയിട്ടില്ല എന്നും, നിങ്ങളിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. നിങ്ങളെ ജനം തിരിച്ചറിയും ” എന്ന മറുപടി കേട്ടതും, ഞാൻ എന്തെങ്കിലും ഒന്ന് പറയാൻ കാത്തിരുന്നതുപോലെ എന്നെ മുതുകിലും ഷോൾഡറിലും കുത്തി കൂടിനിന്ന പോലീസുകാരുടെ ഇടയിലേക്ക് തള്ളി ഇടുകയും മറ്റു പോലീസുകാർ കൂടി കൂട്ടമായി നിന്ന് ഷോൾഡറിലും മുതുകിലുമായി കൂട്ടമായി അടിക്കുകയും ഇടിക്കുകയും ആണ് ചെയ്തത്. “നിങ്ങൾ അധികാരത്തിന്റെ ആളുകളല്ലേ, നിങ്ങൾക്ക് കൂലിപ്പണിക്കാരനായ എന്നെ എന്തു വേണമെങ്കിലും ഈ സ്റ്റേഷനിൽ വച്ച് ചെയ്യാം, കേരളത്തിലെ മുഴുവൻ പോലീസ്റ്റേഷനുകളിലെയും അവസ്ഥ ഇതുതന്നെയാണ്, ചെയ്യാൻ പറ്റുന്നത് ചെയ്യ്, പേടിച്ചു പോകും എന്ന് കരുതണ്ട”. അതോടെ എസ് ഐ, അരുണിനെ നോക്കി ” നീ ശബ്ദിച്ചു പോകരുത്, അവനെയും നിന്നെയും ഒക്കെ ഇതേ കേസിലെ ഒന്നും രണ്ടും പ്രതികളാക്കും ഞങ്ങളോട് ആരും ചോദിക്കാൻ വരില്ല, കോടതിക്കുപോലും ഞങ്ങളെ ചോദ്യം ചെയ്യാൻ അധികാരമില്ല, പിന്നെയാണ് ഞാഞ്ഞുള്ള പോലത്തെ ഇവനെയും കൂട്ടി നീ സ്റ്റേഷനിലേക്ക് വന്നത്, ഇനി ഇവനെ ഈ സ്റ്റേഷൻ കോമ്പൗണ്ടിൽ ഒരു കാര്യത്തിലും കണ്ടു പോകരുത് എന്നൊക്കെയായിരുന്നു ഒച്ച വെച്ചുകൊണ്ടിരുന്നത്. ഞാൻ ചോദിച്ചു “അതു പറയാൻ താങ്കൾക്ക് എന്താണ് അധികാരം, ഇനിയും ആവശ്യങ്ങൾ വന്നാൽ ഇനിയും ആരെങ്കിലും ഞങ്ങളോട് നിയമ സഹായങ്ങൾ ആവശ്യപ്പെട്ടാൽ, ഞാൻ സ്റ്റേഷനിലേക്ക് വീണ്ടും വരും, ചെയ്യാൻ കഴിയുന്നത് ചെയ്തോളൂ. ജനം നിങ്ങളെ വിലയിരുത്തും”. പിന്നീട് എന്റെ പേരും അഡ്രസ്സും ബലംപ്രയോഗിച്ച് എഴുതിയെടുത്തതിനുശേഷം, ഞങ്ങളെ സ്റ്റേഷന് പുറത്തേക്ക് പറഞ്ഞയച്ചു. തുടർന്ന് ഞാൻ ജില്ലാ ഹോസ്പിറ്റലിൽ ചികിത്സ തേടുകയാണ് ഉണ്ടായത്.

ഇത് എന്റെ മാത്രം അവസ്ഥയല്ല,ഏതെങ്കിലും ആവിശ്യങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ പോകുന്ന ഓരോ സാധാരണക്കാരനെയും പോലീസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ എസ്ഐ അടങ്ങുന്ന ഗുണ്ടാ സംഘം. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടികൾ സ്വീകരിക്കാതെ, പോലീസിന്റെ മനോവീര്യം തകർക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിച്ച സർക്കാറും ആഭ്യന്തര വകുപ്പും പോലീസിന്റെ അഴിഞ്ഞാട്ടത്തിനുള്ള ലൈസൻസ് പതിച്ചു നൽകുകയാണ്.
ഇവർ എത്ര ഭയപ്പെടുത്തിയാലും എത്ര കള്ള കേസുകളിൽ കുടുക്കിയാലും നീതിയുടെ പക്ഷത്ത് അവസാന ശ്വാസം വരെ നിലയുറപ്പിക്കും , അനീതിക്കെതിരെ മുഷ്ടികൾ ഉയർത്തി കലാപം ചെയ്യും..

“ചൂഷണം അവസാനിക്കാത്ത കാലം വരെയും കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റ് കലാപകാരികളും ഉണ്ടായിക്കൊണ്ടിരിക്കും, ഒരാൾ പോയാൽ മറ്റൊരാൾ നിങ്ങൾക്കെതിരെ മുഷ്ടി ചുരുട്ടും..”
ഇൻക്വിലാബ് സിന്ദാബാദ്
പോലീസ് രാജ് തുലയട്ടെ..


Join