“നിങ്ങളവരെ തോൽപ്പിക്കുകയല്ല ചെയ്യുന്നത്. കൊന്നു കളയുകയാണ്.”

“പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത ഉണ്ടാവണമെന്നില്ല. പക്ഷേ ദരിദ്രർക്കിടയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള ആർജ്ജവത്തിന് തീർച്ചയായും സ്വീകാര്യതയുണ്ട്.”

മൊഴിമാറ്റം : സി പി നൂർജഹാൻ

വിപ്ലവം, നക്സൽ എന്നതിനെല്ലാം ഒരു കാല്‍പനിക ഭാവുകത്വം ഉണ്ട്. ഒരു വിപ്ലവകാരി എന്നതിൻ്റെ അർത്ഥം എന്താണ്? അവരെ സംബന്ധിച്ച് ദൈനംദിന ജീവിതം എങ്ങനെ ഉള്ളതാണ്?

ദൈനംദിന ജീവിതം ഒട്ടും കാല്‍പ്പനികത നിറഞ്ഞതല്ല. പാവപ്പെട്ട മനുഷ്യർക്കിടയിൽ ജീവിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

ഒളിവിൽ പോകേണ്ട സാഹചര്യം എന്തായിരുന്നു?

1990-2000 വരെയുള്ള കാലയളവിൽ ഞാൻ മിക്കവാറും നാഗ്പൂരിൽ ഉണ്ടായിരുന്നു. പിന്നെ അനു ബസ്തറിലേക് പോയി തിരിച്ചു വന്നു. അതുകൊണ്ട് തന്നെ ജീവിതത്തിലെ കൂടുതൽ സമയവും ഞങ്ങൾ അവൈലബിൾ ആയിരുന്നു. ഞങ്ങൾ ഒളിവിൽ പോയി എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ്.

താങ്കൾ ബസ്തറിലേക്ക് പോയിരുന്നോ?

ബസ്തറിലെ ഒരു ഗ്രാമത്തിൽ ഞങ്ങൾ ജോലി ചെയ്തിരുന്നു എന്ന് എല്ലാവരും പറഞ്ഞിരുന്നു. ഞങ്ങൾ ഒരിക്കലും അവിടെ ഒരുമിച്ചു ജോലി ചെയ്തിട്ടില്ല. അനു രണ്ടു വർഷത്തോളം അവിടെ ഉണ്ടായിരുന്നു. നാഗ്പൂരിനടുത്ത്, ഇൻഡോറയിലെ ഒരു ദളിത് ബാസ്തിയിലാണ് ഞങ്ങൾ ജീവിച്ചിരുന്നത് എന്ന് എല്ലാവർക്കുമറിയാം.മറ്റു ഇമേജുകൾ സൃഷ്ടിച്ചത് മീഡിയയാണ്. ജീവിതം പ്രയാസകരമായിരുന്നു എന്നതിൽ സംശയമില്ല. ഞങ്ങൾ രണ്ടുപേരും പ്രിവിലേജ്ഡ് ബാക്ക്ഗ്രൗണ്ടിൽ നിന്നും വന്നവരായതുകൊണ്ട് തന്നെ ബുദ്ധിമുട്ടേറെയായിരുന്നു. അനു സാഹചര്യങ്ങളുമായി വളരെ പെട്ടെന്ന് പൊരുത്തപ്പെട്ടു.

ആളുകൾ ചോദിക്കാറുണ്ട് നിങ്ങൾ ഖേദിക്കുന്നുണ്ടോ, ഉദ്ദേശിച്ച ഫലം കിട്ടിയില്ലല്ലോ, എന്നൊക്കെ. ഫലം അല്ലെങ്കിൽ സംതൃപ്തി എന്നത് സ്വന്തം ജീവിതത്തിലും അതിലുപരി ജനസേവനത്തിലും കണ്ടെത്തുന്നതിനാൽ അത്തരം ചോദ്യങ്ങളെ ഞാൻ കാര്യമാക്കാറില്ല. മറിച്ചായിരുന്നെങ്കിൽ ഞാൻ ഒരു കോർപ്പറേറ്റ് ജോലി ചെയ്തു പൈസ സമ്പാദിച്ചിരുന്നേനെ. എന്താണ് ബദൽ എന്നതുമാത്രമായിരുന്നു ചിന്ത. അനു അക്കാദമിക മികവും എന്നെക്കാൾ സർഗവാസനയും ഉള്ള ആളായിരുന്നു.

ആ ജീവിതം എങ്ങനെയുള്ളതായിരുന്നു?

മിതമായ ഒരു ജീവിതം എന്നു പറയാം. സാധാരണ ബസ്സുകളിലും, ട്രെയിനുകളിലെ രണ്ടാം ക്ലാസ് മൂന്നാം ക്ലാസ് കമ്പാർട്ട്മെന്‍റുകളിലും യാത്ര ചെയ്ത്, നാഗ്പൂരിലെ കടുത്തചൂട് സഹിച്ച് ,ഇടുങ്ങിയ ബസ്തികളിൽ താമസിച്ചിരുന്ന കാലം.അന്ന് ടെലിഫോണും ഉണ്ടായിരുന്നില്ല.

താങ്കൾ ഒരു ഭക്ഷണ പ്രേമിയായിട്ടാണല്ലോ അറിയപ്പെടുന്നത്.

അതെ നല്ല ഭക്ഷണം എനിക്കിഷ്ടമാണ്, പ്രത്യേകിച്ച് പാഴ്സി ഫുഡ്. എന്നുകരുതി ഭക്ഷണ കാര്യത്തിൽ അത്തരമൊരു ആസ്വാദനമൊന്നും ഉണ്ടായിരുന്നില്ല. അനുവിന്‍റെ വീട്ടിൽ പോകുമ്പോഴും, അച്ഛൻറെ അടുത്തു പോകുമ്പോഴുമെല്ലാം(അച്ഛൻ 1996 ൽ മരിച്ചുപോയി )ഞങ്ങൾ നല്ല ഭക്ഷണം ഉണ്ടാക്കുമായിരുന്നു. ബാക്കി ദിവസങ്ങളിൽ ദാലും റൊട്ടിയും സബ്ജിയുമൊക്കെയായിരുന്നു.

കോഴിയുടെ (ശത്രുക്കളുടെ) കഴുത്ത് ഞെരിക്കണമെന്ന് താങ്കൾ പറഞ്ഞതായി ഒരു ലേഖനത്തിൽ ഉദ്ധരിക്കുന്നുണ്ടല്ലോ?അങ്ങിനെയല്ലെങ്കിൽ,ശരിക്കും വിപ്ലവം വരുമ്പോൾ താങ്കൾ എന്താണ് ചെയ്യുക?

അതെല്ലാം വെറും കാൽപ്പനിക കഥകളാണ്.

അപ്പോൾ താങ്കൾ കോഴിയുടെ കഴുത്ത് ഞെരിക്കാൻ ആഗ്രഹിക്കുന്നില്ലേ?

ഇല്ല,.. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ആരെങ്കിലും ചിക്കൻ മുറിക്കുന്നത് കാണുന്നത് പോലും എനിക്കിഷ്ടമല്ല, പക്ഷേ അത് കഴിക്കാൻ എനിക്കിഷ്ടമാണ്.


അഭിമുഖത്തിന്റെ ഒന്നാം ഭാഗം

താങ്കളുടെ സഹോദരി താങ്കളെ സ്നേഹിച്ചിരുന്നെങ്കിലും അവർ ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്നില്ല, എന്ന് താങ്കൾ തന്നെ പറയുന്നു. അവർ പിന്തുണച്ചിരിക്കാം, പക്ഷേ നിങ്ങളോട് യോജിച്ചിരിക്കില്ല.

അവർക്ക് അതിനെപ്പറ്റി അറിയാം എന്ന് ഞാൻ കരുതുന്നു. എന്‍റെ മാതാപിതാക്കൾ രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും എന്നെ സപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സഹോദരിക്ക് തന്‍റേതായ കാഴ്ചപ്പാടുകളും ജീവിതവുമുണ്ട്. അവൾ ഉൾപ്പെടെ ധാരാളം ആളുകൾ എന്നെ പിന്തുണക്കുന്നു. ഞാൻ ജയിൽ വിമുക്തനായി വന്നപ്പോൾ പാഴ്സി സമൂഹത്തിലെ ഒരു വലിയ വിഭാഗം എന്നെ പിന്തുണക്കുന്നതായി ശ്രദ്ധിച്ചു. അവരാരും തന്നെ രാഷ്ട്രീയ ലക്ഷ്യമുള്ളരായിരുന്നില്ല. ഞാൻ ഒരു നല്ല ജീവിതം ഉപേക്ഷിച്ച് ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു എന്നതിനെയാണ് അവർ ബഹുമാനിക്കുന്നത്. ഞാൻ കണ്ടുമുട്ടിയ മാന്യരായ ചില പോലീസ് ഉദ്യോഗസ്ഥർക്കും ഉന്നത ഉദ്ദ്യോഗസ്ഥർക്കും ഇതേ സമീപനം തന്നെയായിരുന്നു. ദില്ലിയിൽ ഒഴികെ മറ്റ് സ്ഥലങ്ങളിൽ ഞാൻ അത്തരം ആളുകളെ കണ്ടിട്ടുണ്ട്. അവർ ആശയപരമായി എന്നോട് യോജിക്കുന്നില്ലായിരിക്കാം, പക്ഷേ ഈ കാലഘട്ടത്തിലും ഒരാൾക്ക് ജീവിതത്തിലെ എല്ലാ സുഖ സൗകര്യങ്ങളും ഉപേക്ഷിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയും എന്നതിനെ അവർ മാനിക്കുന്നു.

ധാരണയുണ്ട്, പക്ഷേ സ്വീകാര്യതയില്ല.

പ്രത്യയശാസ്ത്രത്തിന് സ്വീകാര്യത ഉണ്ടാവണമെന്നില്ല. പക്ഷേ ദരിദ്രർക്കിടയിൽ നിന്നുകൊണ്ട് പ്രവർത്തിക്കാനുള്ള ആർജ്ജവത്തിന് തീർച്ചയായും സ്വീകാര്യതയുണ്ട്

അനുവിനെ കുറിച്ച് ഞാൻ താങ്കളോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. താങ്കൾ ഈ പുസ്തകം എഴുതാൻ കാരണം അനു ആണ്. എപ്പോഴാണ് നിങ്ങൾ അവരെ ആദ്യമായി കണ്ടത്? അവൾ എങ്ങനെ ഉള്ള വ്യക്തി ആയിരുന്നു?

അനു മാത്രമല്ല ഈ പുസ്തകത്തിനു കാരണം. എന്‍റെ ജീവിതാനുഭവങ്ങൾ വരുംതലമുറയ്ക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ക്രോഡീകരിക്കാൻ ഉള്ള എന്‍റെ ആഗ്രഹമായിരുന്നു പ്രധാന കാരണം. പിന്നെ അനുവിൽ നിന്നാണ് ഞാൻ മൂല്യ വ്യവസ്ഥയുടെ അടിസ്ഥാനം പഠിച്ചത് .

ഞാൻ ലണ്ടനിൽനിന്നും തിരിച്ചുവന്ന നാളുകളിലാണ് അനുവിനെ പരിചയപ്പെടുന്നത്. 1972 ൽ അവൾ ‘എൽഫിൻസ്റ്റണ്‍ ‘കോളേജിലെ വിദ്യാർത്ഥി നേതാവായിരുന്നു . ക്രമേണ അവർ കൂടുതൽ ക്രിയേറ്റീവ് ആയി പ്രമുഖ തീയേറ്റർ ആർട്ടിസ്റ്റ് വിജയ് തെണ്ടുൽക്കർ ഉൾപ്പെടെ പലരും ഞങ്ങളെ പിന്തുണച്ചു. അതൊരു വല്ലാത്ത കാലമായിരുന്നു. ലോകമെമ്പാടും സായുധവും നിരായുധവുമായ റാഡിക്കൽ മൂവ്മെന്‍റുകൾ ഉണ്ടായിരുന്നു.

കാര്യങ്ങൾ വളരെ വേഗത്തിൽ മാറുമെന്ന് ഞങ്ങലെല്ലാവരും കരുതിയിരുന്നു. അവൾക്ക് ധാരാളം മാനുഷിക ഗുണങ്ങൾ ഉണ്ടായിരുന്നു. ഇടതു സർക്കിളുകളിലും സാധാരണ സമൂഹത്തിലും ഇത്തരം ഗുണങ്ങൾ പരിഗണിക്കപ്പെടുന്നില്ല എന്നതാണ് പ്രശ്നം. ‘നിങ്ങളുടെ വ്യക്തിത്വത്തിലുപരി, നിങ്ങൾക്ക് ഉണ്ടാകുന്ന ഫലമാണ് നിങ്ങളുടെ ഉയർച്ചയ്ക്ക് ആധാരമായി പരിഗണിക്കപ്പെടുന്നത് ‘. പക്ഷേ അനുവിന് ഇത്തരം ഗുണങ്ങളോടൊപ്പം മികച്ച മൂല്യബോധവുമുണ്ടായിരുന്നു. ഈ ഗുണങ്ങളെല്ലാം തന്നെ സ്വാഭാവികമായി അവളിലുണ്ടായിരുന്നവയാണ്. സംഘടനാപരമായും ബൗദ്ധികവുമായ അവളുടെ ശേഷി തന്നെയാണ് അവളെ നേതൃത്വ നിരയിലേക്ക് കൊണ്ടുവന്നത്.

അനു മരിച്ചദിവസം താങ്കളുടെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമായിരുന്നുവെന്ന് താങ്കൾ പറയുന്നു.

അവൾ ജാർഖണ്ഡിൽ നിന്നും മഹിളാ ക്ലാസ് കഴിഞ്ഞ് വന്നതായിരുന്നു . അവൾക്ക് സിസ്റ്റമിക് സ്ക്ലിറോസിസ് ബാധിച്ചിരുന്നതിനാൽ ഞാൻ അവളോട് ജാര്‍ഖണ്ഡിലേക്ക് പോകേണ്ട എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. വിരലുകൾ പോലും അനക്കാൻ പറ്റാത്ത അവസ്ഥയോടൊപ്പം അവളുടെ അമ്മയിൽ നിന്നും പാരമ്പര്യമായി കിട്ടിയ ആർത്രൈറ്റിസും .അവളുടെ ഉത്തരവാദിത്തബോധം വളരെ വലുതായിരുന്നു, അതിനാൽ തന്നെ അവൾ പോയി. അവൾ സുഖമില്ലാതെ തിരികെ വന്ന സമയം ഞാൻ ഡൽഹിയിലായിരുന്നു. അവൾ ലാബിൽ പോയി ടെസ്റ്റ് ചെയ്തപ്പോൾ ഫലം നെഗറ്റീവായി, അത്തരം ലാബുകളുമായി ബന്ധപ്പെട്ട് എനിക്കും മോശം അനുഭവങ്ങൾ ഉണ്ടായിരുന്നതിനാൽ, അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷേ വൈകിയിരുന്നു. ഞങ്ങൾ ആശുപത്രിയിൽ എത്തുന്നതിനു മുൻപേ അവൾ കോമ സ്റ്റേജിലേക്ക് പോയിരുന്നു . അതെന്നെ തളർത്തി .അതിനു തൊട്ടു മുൻപ് വരെ അവൾ താരതമ്യേന മെച്ചപ്പെട്ട അവസ്ഥയിലായിരുന്നു. അവളെ സംബന്ധിച്ച മറ്റൊരു കാര്യം , തനിക്ക് സുഖമില്ല എന്നുള്ളത് അവൾ ഒരു കാലത്തും അറിയിച്ചില്ല. ഞാൻ കരുതിയിരുന്നത് ഞങ്ങൾ ആശുപത്രിയിൽ പോയി ഉടൻ തിരിച്ചു വരും എന്നതായിരുന്നു, പക്ഷേ അവൾ ഒരിക്കലും കോമയിൽ നിന്ന് പുറത്ത് കടന്നില്ല .അവളെ വെന്‍റിലേറ്ററിലേക് മാറ്റി, പകലും രാത്രിയും അങ്ങനെ തന്നെ തുടർന്നു.

താങ്കൾ അവിടെ ഉണ്ടായിരുന്നില്ലേ?

ഞാൻ ആശുപത്രിയിൽ തന്നെ ഉണ്ടായിരുന്നു .പക്ഷേ ഒരു തരത്തിലുള്ള ഇടപെടലുകളും അവർ അനുവദിച്ചിരുന്നില്ല. അവിടെ തുടരാൻ ആഗ്രഹിക്കാത്തതിനാൽ ഞാനും മാറി നിന്നു .അനുവിന്‍റെ അമ്മ അടുത്തിടെ ആണ് മരണപ്പെട്ടത്, ആദ്യമായാണ് ഒരു ജീവനില്ലാത്ത ശരീരത്തോട് ഇത്ര അടുത്തിടപഴകിയതെന്ന് തോന്നുന്നു. എനിക്ക് അത്തരം സാഹചരവുമായി പൊരുത്തപ്പെടാൻ ഇപ്പോഴും അറിയില്ല.

വേദനകൾ താങ്കളെ പലവിധത്തിലാണ് ബാധിച്ചത്. ഇതിനൊക്കെ ശേഷവും നിങ്ങൾ പഴയതുപോലെ തന്നെയായിരുന്നുവെന്ന് കരുതുന്നുണ്ടോ?

എന്നെ സംബന്ധിച്ച കാര്യങ്ങൾ പഴയതുപോലെ തന്നെയാണെന്ന് കരുതുന്നില്ല. അതേ സമയം അവളുടെ ആരോഗ്യസ്ഥിതി വെച്ച് അധിക കാലം അറസ്റ്റ് ചെയ്യപ്പെടാതെ മുന്നോട്ട് പോകാൻ കഴിയുമായിരുന്നു എന്നുമില്ല. ഒരു പക്ഷേ പ്രായമാകുമ്പോൾ അവളുടെ അവസ്ഥ കൂടുതൽ സങ്കീർണമായേക്കാമായിരുന്നു. അതുകൊണ്ടു തന്നെ കാര്യങ്ങളെ പോസിറ്റീവായി കാണേണ്ടതായുണ്ട്. സ്ക്ലീറോസിസുമായി ജീവിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്. അവളുടെ വിരലുകൾ നിശ്ചലമായി, ഒന്നും പിടിക്കാൻ പോലും പറ്റാത്ത അവസ്ഥ വരെ എത്തിയിരുന്നു. ഒരു പക്ഷേ അവൾ തകർന്നു പോയേനെ.

ഭാവി എങ്ങനെയുള്ളതാണ്. ചുവപ്പന്‍ വിപ്ലവം ഇല്ലാതാക്കാൻ സർക്കാറിനു കഴിഞ്ഞു എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ ?

ഭരണകൂടത്തിന് ഇതുവരെ അതിന് കഴിഞ്ഞിട്ടില്ല. പ്രസ്ഥാനങ്ങളുടെ ഊർജസ്വലത കുറഞ്ഞു എന്നത് ശരിയാണ്. ചുവന്ന വിപ്ലവം മുന്നേറിയിട്ടില്ല. ജയിലിലായിരുന്നപ്പോൾ ഉന്നത ഉദ്ദ്യോഗസ്ഥരുൾപ്പെടെ ഒരുപാട് ആളുകൾ എന്നെ കാണാൻ വന്നിട്ടുണ്ട്. ബസ്തർ പോലുള്ള സ്ഥലങ്ങളിൽ മാവോയിസ്റ്റുകളുടെ സമീപനം വളരെ മികച്ച രീതിയിലാണെന്ന് ഞാൻ അവരോട് പറഞ്ഞു. അതേസമയം ജാർഖണ്ഡിൽ അവർ മാഫിയകളെ പോലെയാണെന്നും ഞാൻ കണ്ടെത്തി. ഇരുകൂട്ടർക്കുമിടയിലെ സമാധാനത്തിനായി ചർച്ച നടത്താൻ ഞാൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. ക്രിയാത്മകമായ രീതിയിൽ അവരുടെ വികസന പ്രവർത്തനങ്ങൾ തുടരാൻ കഴിയുമെന്ന ഒരു തരം വിശ്വാസം അവരിൽ ഉണ്ടാകട്ടെ . നിങ്ങളവരെ തോൽപ്പിക്കുകയല്ല ചെയ്യുന്നത്. കൊന്നു കളയുകയാണ്. പ്രത്യേക രാഷ്ട്രം ആവശ്യപ്പെടുന്ന നാഗൻമാരുമായി നിങ്ങൾക്ക് കരാറുകളുണ്ടാക്കാം. പക്ഷേ വ്യത്യസ്ഥമായൊരു വികസന ബദൽ ആഗ്രഹിക്കുന്നവരുമായി സമാധാനം പുലർത്താൻ നിങ്ങൾ തയ്യാറല്ല. നിങ്ങളുടെ ഖനന പ്രവർത്തനങ്ങൾ എല്ലാം തന്നെ പരിസ്ഥിതിയെ തകർക്കുന്നതാകണമെന്ന് നിങ്ങൾ വാശി പിടിക്കുന്നു. അവർ അടിസ്ഥാന വികസന സൂചികകളായി ജനങ്ങളുടെ സന്തോഷത്തേയും വന സന്തുലനത്തേയും പരിസ്ഥിതി സംരക്ഷണത്തേയും കാണുന്നു. യഥാർത്ഥത്തിൽ അതു തന്നെയാണ് ഗാന്ധിയൻ സമീപനം.

താങ്കൾ സജീവമായി തിരികെ വരാൻ ആഗ്രഹിക്കുന്നുണ്ടോ?

എവിടേക്ക്? ഈ പണിയിലേക്കോ? ഇല്ല. ഈ പ്രായത്തിൽ ഗ്രാസ് റൂട്ട് ലെവലിൽ ജോലി ചെയ്യാനുള്ള മാനസിക ശാരീരിക ആർജ്ജവം എനിക്കില്ല. അതിനപ്പുറം ഇതുവരെയുള്ള എന്‍റെ ജീവിതാനുഭവങ്ങൾ മാറ്റത്തിനുള്ള ലക്ഷ്യത്തിനായി ആഗ്രഹിക്കുന്ന, വരും തലമുറയ്ക്ക് ഗുണപ്രദമാക്കുന്ന രീതിയിൽ പകർന്നു കൊടുക്കുന്നതിലാണ് എന്‍റെ ശ്രദ്ധ.

ജയിലിലായിരുന്നപ്പോൾ താങ്കളുടെ ആരോഗ്യത്തെ കുറിച്ച് CPI ജനറൽ സെക്രട്ടറി ഡി. രാജ അന്വേഷണം നടത്തിയതിനെ പറ്റി താങ്കൾ എഴുതിയിട്ടുണ്ട്. താങ്കൾക്കും പാർട്ടിക്കും ഇടയിൽ ഒരു വലിയ വിള്ളലുള്ളതായാണ് എന്‍റെ നിഗമനം. അത് ശരിയായിരുന്നോ?

എനിക്കറിയില്ല. എല്ലായ്പ്പോഴും എനിക്ക് എന്‍റേതായ ഒരു ചിന്താമണ്ഡലമുണ്ട്. കുറേ വർഷങ്ങളായി ഞാനതിൽ വ്യത്യസ്തനാണ്.

താങ്കൾ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ അംഗമായിരുന്നോ?

ആയിരുന്നില്ല .രാജ അദ്ദേഹത്തിന്റെ വ്യക്തിപരമായ കഴിവ് ഉപയോഗിച്ച് എന്നെ സഹായിച്ചു. വ്യത്യസ്ഥ മാക്സിസ്റ്റ് ധാരകളുണ്ട്. എല്ലാവരും അവരവരുടെതായ രീതിയിൽ പ്രവർത്തിക്കുന്നു.

താങ്കൾ പാർട്ടി അംഗത്വം ഉപേക്ഷിച്ചോ? എപ്പോഴായിരുന്നു അത്?

ഇടതു പാർട്ടികൾ എല്ലാം നിരോധിക്കപ്പെട്ടവയല്ല. ചില പാർട്ടികളിലുള്ള നിങ്ങളുടെ അംഗത്വം മാത്രം മതി ജീവപര്യന്തം തടവ് ലഭിക്കാൻ. എനിക്കെതിരെയുള്ള എല്ലാ കേസുകളിലും ഒരു നിരോധിത പാർട്ടിയിലെ അംഗം എന്ന നിലക്ക് തന്നെയാണ് കുറ്റാരോപണം. പക്ഷേ നാല് സംസ്ഥാനങ്ങളിലെ കേസുകളിൽ നിന്നും എന്നെ കുറ്റവിമുക്തനാക്കി. എന്നിരുന്നാലും കോടതികളുടെ തീരുമാനത്തിന് വിരുദ്ധമായി റിപ്പോർട്ട് ചെയ്യുന്നത് മാധ്യമങ്ങൾ തുടർന്നു. മിക്ക മാധ്യമങ്ങളും ,കോടതികളിൽ വിശ്വാസ്യത ഇല്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു, ഭരണകൂടത്തിന്‍റേയും പോലീസിന്‍റേയും അഭിപ്രായങ്ങളാണ് പറയുന്നത്. കൂടാതെ ഞാൻ അംഗമാണെന്ന് ആരോപിക്കപ്പെടുന്ന പാർട്ടിയെ, എന്‍റെ അറസ്റ്റിനും മുന്ന് മാസം മുൻപ് മാത്രമാണ്, നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയത്.

താങ്കളുടെ ജീവിതത്തിലെ അടുത്ത അദ്ധ്യായം എഴുത്തില്‍ കേന്ദ്രീകരിക്കുമോ?

അതെ. സമ്പദ് വ്യവസ്‌ഥയെ സംബന്ധിച്ചും കൂടി എഴുതണം.ലോക സാമ്പത്തികാവസ്ഥ, 1930 കളിലെ മഹാമാന്ദ്യത്തിന് സമാനവും, ഭയാനകവുമായ ഒരു സാഹചര്യത്തിലേക്കാണ് നീങ്ങുന്നത് എന്നെനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ, ഈ പുസ്തകമെഴുതുന്നതിന് കുടുതൽ പഠനങ്ങൾ ആവശ്യമില്ല. എന്‍റെ വായനാ ശീലം അതായത്, മൂർച്ചയുള്ള അത്തരം വായനാശീലം നഷ്ട്ടപ്പെട്ടു പോയി. വളരെ മന്ദഗതിയിലാണ് ഞാൻ ഇപ്പോൾ വായിച്ച് നോട്ടുകൾ തയ്യാറാക്കുന്നത്. ഈ വേഗതയിലാണ് ചെയ്യുന്നതെങ്കിൽ മരണത്തിന് മുൻപ് ഒന്നും ചെയ്തു തീർക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ഇത് സാധ്യമാക്കുന്നതിനായി പുതിയ സാങ്കേതിക വിദ്യകൾ പഠിക്കേണ്ടതായുണ്ട്.

താങ്കളുടെ മോചനത്തിന് ശേഷമുള്ള ദിവസങ്ങൾ എങ്ങനെയുള്ളതാണ്?

കോവിഡ് വന്നതിനാൽ മോചനത്തിന് ശേഷവും ആറ് മാസത്തോളം ലോക്ക്ഡൗണിൽ ആയിരുന്നു. പുറത്തിറങ്ങിയതിന് ശേഷം പോകാൻ ഒരിടവുമുണ്ടായിരുന്നില്ല. ഭാഗ്യവശാൽ എന്‍റെ സഹോദരി അഭയം തന്നു. അവളോടും ഭർത്താവിനോടുമൊപ്പം താമസിക്കുന്നു. ആദ്യത്തെ മൂന്ന് നാല് മാസങ്ങളിൽ കോടതിയിൽ പോവേണ്ടിയിരുന്നു. ജാർഖണ്ഡിൽ കേസുമുണ്ടായിരുന്നു. കൂടാതെ ആധാറും മറ്റു രേഖകളും തയ്യാറാക്കുന്നതിന് ഒരു പാട് സമയം ചിലവഴിക്കേണ്ടതായി വന്നു. വളരെ നാളുകളായി സമൂഹത്തിൽ നിന്ന് മാറിനിന്നതിനാൽ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിനെ പറ്റി പഠിക്കേണ്ടതുണ്ടായിരുന്നു. എനിക്ക് ഒരു ലൈസൻസ് നേടി ലീഗൽ ഡോക്യുമെന്‍റേഷൻ ചെയ്യേണമായിന്നു. ഈ പുസ്തകം എഴുതുന്നതിനെ പറ്റി ആലോച്ചിച്ച് തുടങ്ങിയപ്പോഴേക്കും കോവിഡും വന്നു.

(മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായിരുന്ന കൊബാഡ് ഗാണ്ടിയുമായി ‘ദി വീക്കി’ലെ മന്ദിര നയ്യാർ നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ.)

അവസാനിച്ചു.


Join us on Telagram https://t.me/aroraonlinenewsportal

Join us on whatsapp https://chat.whatsapp.com/ECIzb8MCG7n7wztRztDtpn